ഈ ലോക ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം അനുഭവങ്ങൾ വന്നുചേരാം. എവിടെയാണ് ഒരു ആശ്വാസം കിട്ടുക എന്ന് പറഞ്ഞ് അലയുന്നവരാണ് മിക്കവരും. ദൈവത്തോട് അടുക്കുംതോറും ദൈവം വാഗ്ദത്തം ചെയ്യുന്ന ഒന്നാണ് വിശ്രമം അഥവാ സ്വസ്ഥത അഥവാ സമാധാനം.
ഇസ്രയേൽ മക്കളെ അത്ഭുതകരമായി ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ചു. ഇസ്രയേലിലെ പത്ത് ബാധകൾ, തുടർന്ന് ചെങ്കടൽ വിഭജിച്ചു കൊണ്ടുള്ള അവരുടെ യാത്ര, മരുഭൂമിയിൽ രാവും പകലുമുള്ള ദൈവീക സംരക്ഷണം ഇവയെല്ലാം യഹോവ ഭയങ്കരനും അത്ഭുതവാനും ആണ് എന്ന് തെളിയിച്ചു.
ഈ ജനത്തെ വിട്ടുപിരിഞ്ഞ് മോശ ദൈവസന്നിധിയിൽ നാല്പത് ദിവസം ഇരുന്നപ്പോൾ ജനം ദൈവത്തെ മറന്നു. അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു മോശ മടങ്ങി വന്നപ്പോൾ ഈ കാഴ്ച കണ്ട് തകർന്നുപോയി. രോഷത്തിൽ അവൻ കൽപ്പനകളെ എറിഞ്ഞുടച്ചു. ആകെ മനസ്സ് തകർന്ന് ദൈവസന്നിധിയിൽ മുട്ടുകുത്തി. അപ്പോൾ ദൈവം വലിയൊരു വാഗ്ദത്തം മോശയ്ക്ക് നൽകി.
“എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാട് 33:14
ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം സന്ദർഭങ്ങൾ കടന്നു വരാം. എന്നാൽ പൂർണ്ണവിശ്രമം കണ്ടെത്താൻ ഒരേ ഒരു സ്ഥാനമേയുള്ളൂ. അത് അവിടത്തെ പാദപീഠമാണ്.
എത്ര വലിയ പ്രതിസന്ധികളും കടന്നുവന്നുകൊള്ളട്ടെ. ആ സാഹചര്യങ്ങളിൽ കൈവിടാത്ത
ദൈവസാന്നിധ്യം നിനക്ക് സ്വസ്ഥത നൽകും.
പലപ്പോഴും പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യർ പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കുന്നു. മനുഷ്യർ ഈ ദൈവസാന്നിധ്യം
വിട്ട് ഓടിയകലുന്നു. ഇതുപോലെ ഒരു സന്ദർഭം ദാവീദിന് ഉണ്ടായി ദാവീദിന്റെ മകൻ പിതാവിനെതിരെ കലാപ കൊടി ഉയർത്തുകയും അനുഗാമികളെ സംഘടിപ്പിച്ച്, അധികാരം അവകാശപ്പെടുകയും ചെയ്തു.
മാത്രമല്ല വലിയ പ്രതികൂലങ്ങളിലൂടെ ദാവീദ് കടന്നുപോയി. മന്ത്രിയായിരുന്ന അഹിഥോഫെൽ കൂറുമാറി അബ്ശാലോമിന്റെ പക്ഷം ചേർന്നു. ഉറ്റസ്നേഹിതനും വിശ്വസ്ത സഹചാരിയും ആയിരുന്ന അർഖ്യനായ ഹൂശായി പോലും മറുവശത്തായി. അങ്ങനെ സ്നേഹിതരും
ആത്മമിത്രങ്ങളും ദാവീദിനെ ഉപേക്ഷിച്ച് വിപ്ലവം നയിക്കുന്നു. പ്രതികൂലങ്ങളിൽ എവിടെയെങ്കിലും ഓടി ഒളിക്കുവാൻ ദാവീദ് ആഗ്രഹിച്ചു.
“എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
55-ാം സങ്കീ 5-8
പ്രശ്നങ്ങൾ ഒഴിവാക്കിയിട്ട് ഒരിക്കലും ആർക്കും ജീവിക്കുവാൻ സാദ്ധ്യമല്ല ദുഷ്ടനായ സാത്താൻ ഭരിക്കുകയും വാഴുകയും ചെയ്യുന്ന ഈ ലോകത്തിൽ, മൺമയമായ ശരീരത്തിൽ നാം വസിക്കുമ്പോൾ, പ്രശ്നങ്ങളും പ്രയാസങ്ങളും കടന്നു വരും. എന്നാൽ അവയിൽ നിന്ന് ഒളിച്ചോടി പോകുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ആ മതിൽ ചാടി കടക്കുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. പ്രശ്നങ്ങളുടെ നടുവിൽ ഓടിയൊളിക്കുവാൻ ദാവീദ് ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ദാവീദ് ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നതായി 55-ാം സങ്കീർത്തനത്തിൽ നാം കാണുന്നു.
“ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും”
55-ാം സങ്കീ 15,16 വാക്യങ്ങൾ
വീണ്ടും 22-ാം വാക്യത്തിൽ ദാവീദ്
ഒരു പരമാർത്ഥം കണ്ടെത്തി. നീതിമാൻ ഒരിക്കലും വീണുപോകാൻ ദൈവം സമ്മതിക്കില്ല എന്ന സത്യം. അതിനാൽ ദാവീദ് ഇങ്ങനെ ആഹ്വാനം ചെയ്തു.
“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം
ഏലീയാവ്പോലും മരണഭീതി
വന്നപ്പോൾ പ്രശ്നങ്ങളിൽ നിന്നും
ഓടി ചൂരച്ചെടിയുടെ തണലിൽ അഭയം കണ്ട് മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ യഹോവ അവനെ എഴുന്നേല്പിച്ച് നിനക്ക് ദൂരയാത്രചെയ്യാനുണ്ട് എന്നു പറഞ്ഞ് അവനെ കൊണ്ടുപോകുകയും നിത്യമായ സ്വസ്ഥത നൽകുകയും ചെയ്തു.
നാം ജീവിതത്തിൽ ഓരോ നിമിഷവും ദൈവത്തിൽ സ്വസ്ഥത കണ്ടെത്തേണ്ടതാണ്.
എത്രയോ വീഴ്ച്ചകളിൽ നിന്നും ദൈവം നമ്മെ കാത്ത് സൂക്ഷിച്ചു.
നമ്മുടെ ഓട്ടം തികക്കണമെങ്കിൽ
കാലിന് ബലം വേണം. ഈ ബലം
തരുന്നത് ദൈവമാണ്. കണ്ണീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ
അതിനെ ജലാശയമാക്കുന്നത്
ദൈവമാണ്. ഉള്ളിലേക്ക് വലിക്കുന്ന വായു പുറത്തേക്ക് വിടുന്നത് ദൈവക്യപയാണ്.
നമ്മുടെ കാൽ ഒരടി മുന്നോട്ട് വെയ്ക്കണം എങ്കിൽ അവിടത്തെ ക്യപ വേണം.
ഓരോ നിമിഷവും ദൈവം നമ്മുടെ ജീവിതത്തിൽ ക്യപ ചൊരിയുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിനെ സ്വസ്ഥമാക്കുവാൻ നമുക്ക് കഴിയും. അതിനാൽ നമുക്ക്
വിശ്വസിച്ച് പറയാം.
“എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
116-ാം സങ്കീ 7-9
ജീവിതത്തിലുടനീളം കർത്താവിൽ വിശ്രമം കണ്ടെത്തിയവരുടെ അന്ത്യവും വിശ്രമം നിറഞ്ഞതായിരിക്കും. അവർ കർത്താവിൽ മരിക്കുന്നു. അവർ ഭാഗ്യവാന്മാരാണ്. അവർക്ക് മരണം ഒരു ഭയം അല്ല. പിന്നെയോ പ്രാണപ്രിയനോട് കൂടെ പാർക്കാനായി സ്വർഗീയ ഭവനത്തിലേക്ക് പോകാനുള്ള ഒരു വാതിൽ മാത്രമാണ്. നമ്മുടെ നാഥൻ മരണത്തെ ജയിച്ചവനാണ്. മരണത്തെയും പാതാളത്തിന്റെയും താക്കോൽ അവിടത്തെ കരങ്ങളിൽ ആണ്. കർത്താവിൽ മരിക്കുന്ന ഭാഗ്യവാന്മാർക്കുവേണ്ടി ദൈവം നിത്യമായ ഒരു വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ പ്രയാസങ്ങളെല്ലാം മാറി ദൈവം നമുക്ക് നിത്യമായ സ്വസ്ഥത നൽകുന്ന സമയം എത്രയും വേഗം സമാഗതമാകും. അവിടെ
ദു:ഖമില്ല, കണ്ണീരില്ല. ആനന്ദഘോഷങ്ങൾ മാത്രം. ആ വിശ്രമസ്ഥലം സ്വന്തമാക്കുവാൻ
ഈ ഭൂമിയിൽ വസിക്കും കാലം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താം.
” ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു”
വെളിപ്പാട് 14:13