പല സ്ഥലത്തും മാതാവ് പ്രത്യക്ഷപ്പെട്ടതായിപ്പറയുന്നു. അതു പല പേരുകളിലാണ്. വഴിപാട് മാതാവ്, കാണിക്കമാതാവ്, ആരോഗ്യമാതാവ്, വിദ്യവിജയ മാതാവ്, ലൂര്‍ദ്ദ്മാതാവ്, വേളാങ്കണ്ണി മാതാവ്, ഉപദേശമാതാവ്, ലൊറേറ്റൊ മാതാവ്, സിസ്റ്റോക്കോവാ മാതാവ്, കാശുരൂപ മാതാവ്, ഓസ്ട്രാ ബ്രാമാ മാതാവ്, ക്നോക്കിലെ മാതാവ്, കൊരട്ടിമുത്തി ഇങ്ങനെ പോകുന്നു പട്ടിക.

ഈ പ്രത്യക്ഷതകള്‍ എല്ലാം സഭ മലിനപ്പെട്ടതിനുശേഷം ഉണ്ടായതാണ്. ഒന്നുപോലും അപ്പൊസ്തലിക കാലത്തിലൊ സമയത്തൊ പ്രത്യക്ഷപ്പെട്ടവയല്ല. അന്നു മിണ്ടാതിരുന്ന ഇവര്‍ പിന്നീട് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് എന്തിന്? ഇത് പിശാചിന്‍റെ കളികളാണ്. ചതിക്കപ്പെടരുത്. സാത്താന്‍ വെളിച്ച ദൂതന്‍റെ വേഷം ധരിക്കുമെന്ന് (2 കൊരി 11:14) ബൈബിളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ പ്രത്യക്ഷതകളും വ്യത്യസ്ഥ രീതികളിലാണ്. മാതാവ് ആള്‍മാറാട്ടക്കാരിയോ? യേശു എന്തേ ഇങ്ങനെ പ്രത്യക്ഷപ്പെട്ട് ഓരോ വിവരക്കേട് കാണിക്കാത്തത് അവന്‍ ദൈവമാണ്. സഹോദരരേ ഈ നീചപ്രവൃത്തിയില്‍ നിന്നും ഒഴിഞ്ഞിരിക്കുക. യഥാര്‍ത്ഥ മാതാവ് ഒരിക്കലും വരില്ല. ഇതു വ്യാജമാതാവാണ്. മനുഷ്യനെ ചതിച്ച പിശാചിന്‍റെ പ്രവൃത്തി. അന്യമതദേവതയെ മാതാവായി വ്യാജമായി ചിത്രീകരിച്ച് സത്യത്തില്‍ നിന്നും അകറ്റിക്കളയുന്ന കൊടുംചതി. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. കര്‍ത്താവേ ഈ മാതാവിന്‍റെ തനിരൂപം ഒന്നു കാട്ടിത്തരണമേ എന്ന് അപ്പോള്‍ ശരിക്കുള്ള രൂപം വെളിപ്പെട്ടുവരും.

കൂടുതല്‍ പ്രത്യക്ഷതകളും 1800-ന് ശേഷമാണ് അതിനുമുമ്പ് ഇവര്‍ എവിടെ ആയിരുന്നു? പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ എല്ലാം തന്നെ ഇന്ന് വലിയ പള്ളികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി വരുമാനവും കോടികളാണ്. പ്രത്യക്ഷപ്പെടലിന്‍റെ ഗുണം മനസ്സിലായപ്പോള്‍ കേരളത്തിലും പ്രത്യക്ഷപ്പെടലുകള്‍ തുടങ്ങി. ജനത്തെ അന്ധകാരത്തിലും അന്ധവിശ്വാസത്തിലും തളച്ചിടാനുള്ള തന്ത്രമാണിത്. സാത്താന്‍ ഇതിലും വലിയ അത്ഭുതം കാണിക്കുമെന്ന് ബൈബിളില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായം നോക്കുക.

വ്യത്യസ്ഥ ശക്തിയുള്ള മാതാവുമാര്‍

പല പേരുകളില്‍ പല സ്ഥലത്തിരിക്കുന്ന മാതാവ് ഒരാളല്ലേ അങ്ങനെ എങ്കില്‍ എല്ലായിടത്തുമുള്ള മാതാവിന് ശക്തിയും ഒരുപോലെ ആയിരിക്കേണ്ടെ? എന്നാല്‍ സ്ഥിതി അതല്ല. എല്ലായിടത്തുമുള്ള മാതാവിന്‍റെ ശക്തി ഒരുപോലല്ല. അതുകൊണ്ടല്ലേ വേളാങ്കണ്ണിയിലും, മണര്‍കാടും, കൊരട്ടിയിലും തീര്‍ത്ഥാടകര്‍ കാര്യസാധ്യത്തിനായി പോകുന്നത്. എല്ലായിടത്തുമുള്ള മാതാവിന് ഒരേ ശക്തിയെങ്കില്‍ അതിന്‍റെ ആവശ്യമുണ്ടോ? സ്ഥലമനുസരിച്ചാണോ ശക്തി കൂടുന്നതും കുറയുന്നതും? പല സ്ഥലങ്ങളില്‍ മാതാവിനെയും, പുണ്യവാളന്മാരെയും, വില്പനചരക്കാക്കി വെച്ച് കീശ വീര്‍പ്പിക്കുന്നു എന്നു മാത്രം.