“കൊള്ളാമായിരുന്നു” എന്ന പദം എട്ടു തവണ ഇയ്യോബ് പറഞ്ഞതായി
നാം ഇയ്യോബിൻ്റെ പുസ്തകത്തിൽ വായിക്കുന്നു.
1) “അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 19:23
2) “അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 19:24
3) “അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു”
ഇയ്യോബ് 23:3
4) “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 29:2
5) “എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെ
പ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 29:5
6) ” അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു”.
ഇയ്യോബ് 31:35-ാം വാക്യം ആദ്യഭാഗം
7) “എന്റെ പ്രതിയോഗി എഴുതിയ അന്യായരേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു”.
ഇയ്യോബ് 31:35-ാം വാക്യം അവസാനഭാഗം
8) “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും
ചെയ്തുവെങ്കിൽ കൊള്ളായിരുന്നു”
ഇയ്യോബ് 14:13
തീവ്രമായ കഷ്ടപ്പാടുകളിലൂടെ
കടന്നുപോയ ഇയ്യോബ്
തൻ്റെ ശോധനകൾക്ക്
അവസാനമില്ലേ എന്നാലോചിച്ച് ഇപ്രകാരം
എട്ട് കാര്യങ്ങൾ പറഞ്ഞു.
ഇവയെല്ലാം ആഴമേറിയ അർത്ഥങ്ങൾ ഉൾകൊള്ളുന്നവയാണ്.
ഇയ്യോബിൻ്റെ വേദനകൾക്ക് ഒരവധി ഉണ്ടാകുകയില്ലേ എന്ന് ഇയ്യോബ് ചിന്തിക്കുന്നു.
തീർച്ചയായും സകല കഷ്ടപ്പാടുകൾക്കും
ദൈവം ഒരവധി വച്ചിട്ടുണ്ട്. ദൈവത്തിൻ്റെ
വാഗ്ദത്തങ്ങൾക്ക് ഒരവധി ഉണ്ട്. എന്നാൽ
ദൈവമക്കൾ അറിയേണ്ട ഒരു സത്യം വാഗ്ദത്തം ദൈവം നിശ്ചയിച്ച അവധിക്കു ശേഷം സംഭവിക്കും എന്നതാണ്. അബ്രാഹാമിന് നൽകിയ
വാഗ്ദത്തത്തിനും ഒരവധി
ദൈവത്തിന് ഉണ്ടായിരുന്നു.
” അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു”ഉല്പത്തി 21:2
ജീവിതത്തിൽ വേദനകളിലൂടെ കടന്നുപോയപ്പോൾ ഇയ്യോബ് പറയുകയാണ്
കഷ്ടങ്ങൾക്ക് ഒരവധി
നിശ്ചയിച്ച്, തന്നെ ഓർക്കേണമേ എന്ന്.
ജീവിതത്തിലെ കഷ്ടങ്ങൾക്ക് ഒരു അവസാനമില്ലേ എന്ന് പറഞ്ഞു നാം ആകുലപ്പെടാറുണ്ടോ?
” അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശു ആയിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു”
ഗലാത്യർ 4:1,2
നാം ആത്മീയമായ ശിശുത്വം വിട്ട്
ആത്മീകമായ പക്വതയിലേക്ക്
കടക്കുന്നതുവരെയാണ് ദൈവത്തിൻ്റെ അവധി. നാം വാഗ്ദത്തം പ്രാപിക്കണം എങ്കിൽ നാം പൂർണ്ണരാകണം. ആയതിന് ദൈവം ചില അവധികൾ നമ്മുടെ ജീവിതത്തിൽ നൽകും. പിതാവിൻ്റെ അവകാശത്തിലേക്ക്
ഒരു കുഞ്ഞിനെ പിതാവ് കടത്തിവിടുന്നത് അത് കൈകാര്യം ചെയ്യുവാനുള്ള പക്വത അവൻ കൈവരിക്കുമ്പോഴാണ്.
ദൈവം നിശ്ശബ്ദനായി
ഇരിക്കുന്നതും അവധി
വയ്ക്കുന്നതും നാം ക്രമീകരിക്കപ്പെടുവാനും
ശക്തീകരിക്കപ്പെടുവാനും ആണ്. കഷ്ടങ്ങൾക്കും
പ്രയാസങ്ങൾക്കും നിശ്ചയമായും ദൈവം ഒരവധി വച്ചിട്ടുണ്ട്.
ദാവീദിൻ്റെ കാലത്ത് ദൈവം പാപത്തിൻ്റെ ശിക്ഷയായി രാജ്യത്ത് നിശ്ചയിച്ച അവധിവരെ ഒരു മഹാമാരി അയച്ചു. ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.ആ മഹാമാരിക്ക് ദൈവം
ഒരവധി വച്ചിരുന്നു.
“ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈനീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു”
2 ശമുവേൽ 24:16
എത്ര വലിയ പ്രതികൂലങ്ങൾ നേരിട്ടാലും പരീക്ഷകൾക്കും ശോധനകൾക്കും, കഷ്ടപ്പാടുകൾക്കും
വേദനകൾക്കും ദൈവം ഒരവധി വച്ചിരിക്കുന്നു.
ഇയ്യോബിൻ്റെ കഷ്ടങ്ങൾക്കു ദൈവം വച്ച അവധി ദൈവത്തിൻ്റെ തക്കസമയത്ത് മാറ്റി. ഇരട്ടി അനുഗ്രഹങ്ങൾ ദൈവം ഇയ്യോബിന് നൽകി. ജീവിതത്തിലെ സകല കഷ്ടപ്പാടുകളും മാറും. ദൈവവാഗ്ദത്തം നിറവേറപ്പെടുക തന്നെ ച്ചെയും. ദൈവത്തിൻ്റെ തക്കസമയത്തിനായി കാത്തിരിക്കുക.
” ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല”
ഹബക്കൂക്‍ 2:3