മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായം 24 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ കള
വിതെക്കുന്ന ശത്രുവിനെ കുറിച്ചു
പ്രതിപാദിച്ചിരിക്കുന്നു. യേശു പറഞ്ഞു.
“സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു.
മത്തായി 13:24-28
നല്ല വിത്താണു വിതെച്ചതു. പക്ഷേ വിതെച്ച വിത്തിനെ വേണ്ടപോലെ പരിപാലിക്കാൻ
കഴിഞ്ഞില്ല. കാരണം വിതെക്കുന്നവൻ ഉറങ്ങിപ്പോയി. ഉറങ്ങിപോയപ്പോൾ ശത്രു വന്നു
വയലിൽ കള വിതെച്ചു പോയി.
നല്ല വിത്തിനെ വിതെച്ചു കഴിഞ്ഞാൽ അതിനെ വെള്ളവും വളവും നൽകി പരിപാലിക്കേണ്ടതു വിതെക്കുന്നവൻ്റെ കർത്തവ്യമാണു. ഉറങ്ങി പോയാൽ ശത്രു കടന്നുവരും. കളയെ വിതെക്കും. കള വിതെച്ചുകഴിഞ്ഞാൽ ആരും പരിപാലിക്കേണ്ട കാര്യമില്ല. അതു തനിയെ വളരും. നല്ല വിത്തിന്റെ വളർച്ചയെ നശിപ്പിക്കും.
ഭൗതീക ജീവിതത്തിൽ ഉറക്കം ആവശ്യമാണു. ശരിയായി ഉറങ്ങിയില്ലെങ്കിൽ അനേകം രോഗങ്ങൾ കടന്നുവരും. എന്നാൽ ആത്മീയമായ ഉറക്കം
മൂലം ശത്രുവായ സാത്താൻ കളയെ വിതെക്കാൻ ഇടവരും.
ദൈവവുമായി നിരന്തരമായ ബന്ധത്തിലുള്ളവരാണു ഉണർവ്വുള്ളവർ. ദൈവവുമായി ബന്ധം വിച്ഛേദിച്ചാൽ സാത്താൻ
പ്രവേശിക്കും. ജീവിതത്തിൽ പ്രാർത്ഥനയും ആരാധനയും മുടക്കിയാൽ ആത്മീയമായ ഉറക്കത്തിലേക്കു വഴുതി വീഴും. കുട്ടികളെ വചനത്താൽ അധിഷ്ഠിതമായ
ഒരു ജീവിതചര്യ അഭ്യസിപ്പിച്ചില്ലെങ്കിൽ ആ കുഞ്ഞുങ്ങളിലേക്കു സാത്താനാകുന്ന ശത്രു വന്നു
കളകളെ വിതെച്ചു കടന്നുപോകും. നമ്മുടെ നല്ല വിത്തായ കുഞ്ഞുങ്ങളെ അവ
നശിപ്പിക്കും..
ശിംശോൻ ആത്മീയ ജീവിതത്തിൽ ഉറങ്ങിപ്പോയി.
ശത്രു കളവിതെച്ചു അവനെ നശിപ്പിച്ചു. ദാവീദും ആത്മീയജീവിതത്തിൽ ഒരല്പസമയം ഉറങ്ങിപ്പോയി.
അതു ദാവീദിനെ വ്യഭിചാരത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചു. ജീവിതത്തിൽ നമ്മുടെ വളർച്ച ഘട്ടം ഘട്ടമായാണു.
” ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു”
മർക്കൊസ് 4:28
നമ്മെ വളർത്തുന്നതു ദൈവമാണു.
” ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. 1കൊരിന്ത്യർ 3:7
നാമാകുന്ന വിത്തു ശത്രു വിതെക്കുന്ന കളയാൽ നശിച്ചുപോകാതിരിപ്പാൻ നമ്മെ
കാത്തു പരിപാലിക്കുന്ന യേശുവിനോടു കൂടെ ഉണർന്നിരിക്കാം..
” നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
1പത്രൊസ് 5:8
ഉറങ്ങാതെ ഉണർന്നിരിക്കാം..ശത്രു കളവിതെക്കാതെ നാമാകുന്ന വിത്തിനെ കാത്തു
സൂക്ഷിക്കാം..
Leave a Reply