” അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു”
സംഖ്യാപുസ്തകം 13:33
മല്ലൻ എന്ന് പറഞ്ഞാൽ ബലവാൻ, ഭയപ്പെടുത്തുന്നവൻ
എന്നർത്ഥം. പന്ത്രണ്ട് ഗോത്രത്തിൽ നിന്നും
ഓരോരുത്തരായി കനാൻ ദേശം ഒറ്റു നോക്കുവാൻ പോയ 12 പേരിൽ 10 പേരും, കനാൻ നാടിനെ കുറിച്ച്
ദുർവർത്തമാനം പറഞ്ഞു. എന്നാൽ കാലേബും, യോശുവായും ഇങ്ങനെ പറഞ്ഞു.
” യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു”
സംഖ്യാ 14:8,9
നമുക്കു ചുറ്റും മല്ലന്മാർ ഉണ്ട്. സാത്താനാണ് വലിയ മല്ലൻ. അവൻ പതിയിരിക്കുന്നു. അവൻ അലറുന്ന സിംഹം. വീഴ്ത്തുവാൻ കെണികൾ ഒരുക്കുന്നു. അപവാദം പറയുന്നു.
കലഹം ഉണ്ടാക്കുന്നു.
മോഹങ്ങൾ ജനിപ്പിക്കുന്നു. ഭയപ്പെടുത്തുന്നു.
മല്ലന്മാരെ കണ്ട് പത്തുപേർ ദുർ വർത്തമാനം പറഞ്ഞു.
നാം ഇതുപോലെ ദുർ വർത്തമാനം പറഞ്ഞിട്ടുണ്ടോ? ലോകം നിനക്ക് രക്ഷയില്ലെന്ന് പറയുമ്പോൾ തളർന്നുപോകുമോ?
മല്ലന്മാർ ഉണ്ടെങ്കിലും
നമുക്ക് ഒരു രക്ഷകൻ കൂടെ ഉണ്ട്. ക്ഷീണിച്ചു
പോകുമ്പോൾ സർവ്വത്തിനും അധികാരം ഉള്ളവൻ
കൂടെയുണ്ട്.
ദുർവർത്തമാനം കേൾക്കുമ്പോൾ
ഭയപ്പെടേണ്ട. സദ്വർത്തമാനം പറയുന്നവൻ അരികിലുണ്ട്. രോഗാവസ്ഥയിൽ ആണോ? ബലം തരുന്നവൻ നമ്മോടു കൂടെ.
മല്ലന്മാരെ കുറിച്ച് കേട്ടപ്പോൾ ജനം ഭയന്നു.മിസ്രയീമിലേക്ക്
മടങ്ങി പോകുവാൻ പോലും അവർ ആഗ്രഹിച്ചു.
പ്രതിസന്ധികളിൽ ജനം ദൈവത്തെ തള്ളിപറഞ്ഞു.ദൈവം അവരിൽ ചെയ്ത സകല നന്മകളേയും അവർ മറന്നു. ഫലമോ?
“ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി
എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല”
സംഖ്യാ 14:29,30
മല്ലന്മാർ പുറത്തും കൂടാരത്തിനകത്തും
ഉണ്ട്.ശത്രു അകത്താണെങ്കിലും
പുറത്താണെങ്കിലും
രക്ഷപ്പെടാൻ ഒരേ മാർഗ്ഗം മാത്രം.
ഉപവസിക്കുക,
പ്രാർത്ഥിക്കുക,
ഇടവിടാതെ സ്തോത്രം
ചെയ്യുക. യേശു പറഞ്ഞു.
” പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു”
മത്തായി 17:21
ജീവിതത്തിൽ ചെങ്കടലുകളും
കരകവിഞ്ഞ്
ഒഴുകുന്ന യോർദ്ദാനും
ഉണ്ടാകാം. അതിലൂടെ കടക്കുവാൻ പാലമില്ല.
പടക് ഇല്ല. പാതയില്ല.
എന്നാൽ കണ്ണീർ ഫലമണിയും. ദൈവത്തിൻ്റെ കരുണ നമ്മെ പുറപ്പെടുവിക്കും. ജീവിതത്തിൽ ഉയർന്നു
നിൽക്കുന്ന യരീഹോ
മതിലുകൾ ഉണ്ടാകാം.
നിശ്ശബ്ദമായ യാത്ര കൊണ്ടും,
അധരത്തിലെ വിശ്വാസത്തിൻ്റെ
ഉച്ചശബ്ദം കൊണ്ടും കോട്ടകൾ വീഴും.ജീവിതത്തിലെ
നിശ്ശബ്ദയാത്രകൾക്ക്
പ്രതിഫലം നൽകുന്നവനാണ് ദൈവം.
പ്രതിസന്ധികളിൽ ആരും കാണാതെ ചൊരിയുന്ന കണ്ണീരിന് നിശ്ചയമായും ദൈവം മറുപടി നൽകും. ഭൂമിയിലെ സകല കാര്യങ്ങൾക്കും ദൈവത്തിന് ഒരു തക്കസമയം ഉണ്ട്. നമ്മുടെ ചിന്തകൾ അല്ല ദൈവത്തിൻ്റെ ചിന്തകൾ. നാം നിനെക്കുന്നതിലും
ചിന്തിക്കുന്നതിലും
അത്യന്തപരമായാണ്
ദൈവം ചെയ്യുക.
അതിനാൽ മല്ലന്മാരെ കണ്ട് ഭയപ്പെടേണ്ട. യോശുവായും കാലേബും പറഞ്ഞപോലെ
ദൈവം നമ്മോടു കൂടെ ഉള്ളതിനാൽ അവരെ ഭയപ്പെടേണ്ട. സ്വർഗ്ഗീയകനാൻ
നാട് നമുക്കുവേണ്ടി
ദൈവം ഒരുക്കുന്നുണ്ട്.
കണ്ണീരെല്ലാം ദൈവം തുടക്കും. പ്രാർത്ഥനക്ക്
മറുപടിയുണ്ട്. ഭയപ്പെടേണ്ട.
” ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല”
ഹബക്കൂക്‍ 2:3
Leave a Reply