യേശുവിൻ്റെ സാക്ഷികളാകാം

യേശു ഈ ഭൂമിയിൽ നിന്നും വിട
വാങ്ങുമ്പോൾ തൻ്റെ ശിഷ്യരോട് ഇങ്ങനെ പറഞ്ഞു.

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കി
ക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”
മത്തായി 28:19,20

നാം ക്രിസ്തുവിൻ്റെ സാക്ഷികളാകുവാൻ
വിളിക്കപ്പെട്ടവർ.നാം സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരായവർ.
യേശുവിൻ്റെ അനുയായി ആകണമെങ്കിൽ യേശുവിനെ അനുകരിക്കണം.
മറ്റുള്ളവരെ നീതിയിലേക്ക് നയിക്കണം.

” എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും”
ദാനീയേൽ 12:3

ദാനീയേൽ പലരേയും
നീതിയിലേക്ക് നയിച്ചു.
യേശു ശിഷ്യന്മാരെ വലിയ ശുശ്രൂഷ ഏല്പിച്ചു. ശിഷ്യർ അത് ചെയ്തില്ലെങ്കിൽ ക്രിസ്ത്യാനി സമൂഹം ഉണ്ടാകുമായിരുന്നോ?
നാം ദൈവത്തിൻ്റെ വേല ചെയ്തില്ലെങ്കിൽ പിന്നെ ആരാണു ചെയ്യുക?

ഡേവിഡ് ലിവിങ്സ്റ്റൺ ഈ ദൗത്യം തിരിച്ചറിഞ്ഞ് ആഫ്രിക്കയിലെ കുഗ്രാമങ്ങളിലും
കിരാതന്മാർ വസിക്കുന്ന
വനഭൂമികളിലും, നരഭോജികളുടെ ഇടയിലും സുവിശേഷം
അറിയിച്ചു. ഒരിക്കൽ വനത്തിൽ കൂടി നടക്കുമ്പോൾ ഒരു സിംഹം ചാടിവീണു.
തോൾ കടിച്ചു പറിച്ചു.
എപ്പോഴും സഹായത്തിന് കൂടെയുണ്ടായിരുന്ന
സ്റ്റാൻലി എന്ന് യുവാവ്
അദ്ദേഹത്തെ ഒരു കുടിലിൽ എത്തിച്ചു.
ചോര വാർന്ന് ഒഴുകി.
ബോധരഹിതനായി.
കുറച്ചുകഴിഞ്ഞപ്പോൾ
ബോധം തെളിഞ്ഞു അദ്ദേഹം യേശു പറഞ്ഞ വചനം ഇങ്ങനെ പറഞ്ഞു.

” ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു”
വെളിപ്പാടു 1:18

അദ്ദേഹം അനേകം കാലം ദൈവീക ശുശ്രൂഷ തുടർന്നു.
1873 മേയ് 1-ന് ഇന്നത്തെ സാംബിയയിൽ വച്ച് അദ്ദേഹം ഒരു കുടിലിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അന്തരിച്ചു.

നമ്മുടെ ജീവിതം എത്രയോ ഹ്രസ്വമാണ്.
മരണം എപ്പോൾ പാഞ്ഞെത്തും എന്ന് അറിഞ്ഞുകൂടാ. സ്വർഗ്ഗത്തിൽ നിക്ഷേപം
വർദ്ധിപ്പിപ്പിൻ. നാം നമുക്കുവേണ്ടി മാത്രം ജീവിക്കരുത്. ദൈവീക ദൗത്യം നിറവേറ്റുമ്പോൾ
പ്രതികൂലങ്ങൾ ആഞ്ഞടിക്കാം. എന്നാൽ ശക്തനായവൻ എന്നും കൂടെയുണ്ട്. പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു”
റോമർ 8:18

ആദ്യത്തെ രക്തസാക്ഷിയായ
സ്തേഫാനോസ് തൻ്റെ ദൗത്യങ്ങളിൽ നിന്നും പിന്തിരിഞ്ഞില്ല.
ധൈര്യപൂർവ്വം യേശുവിനെ
സാക്ഷിച്ചു.ഫലമോ?
സ്വർഗ്ഗീയ ദർശനം.
ആ ദർശനത്തിൽ പുളകിതനായി സ്തേഫാനോസ് ഇപ്രകാരം വിളിച്ചു പറഞ്ഞു.

” ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു”
അപ്പൊ.പ്രവ 7:56

അതിനാൽ നമുക്ക് പ്രത്യാശയോടെ ഇങ്ങനെ പറയാം.

” നാമോ നമ്മെ സ്നേഹിച്ചവൻ
മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ
ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:37-39

Leave a Reply

Your email address will not be published. Required fields are marked *