“അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി”
മർക്കൊസ് 4:39
ജീവിതത്തിൽ പ്രതിസന്ധികളാകുന്ന
കാറ്റുകളും,
കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം. തളർന്നുപോകരുത്.
ഒരു ദൈവപൈതൽ പാപത്തിൽ പതിക്കുമ്പോൾ സാത്താൻ അവരെ അവകാശം പറയുന്നു.
അവർക്ക് അനേകം ദുരിതങ്ങൾ വരുന്നു.
പാപം ചെയ്യാതെ നീതിമാനായി ഒരു വ്യക്തി ജീവിക്കുമ്പോൾ സാത്താന് അവനോട് അസൂയ തോന്നുന്നു.
ഈ ഭൂമിയിൽ മറ്റുള്ളവർ
വലുതാകുന്നതിൽ അസൂയ തോന്നുന്നുണ്ടെങ്കിൽ
അത് സാത്താന്യ ഭാവമാണ്. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. ഭൂമിയിൽ ഊടാടി സഞ്ചരിച്ച സാത്താന് ഇയ്യോബിനെ കണ്ടപ്പോൾ അസൂയ ഉണ്ടായി. അവനെ തകർക്കുവാൻ പദ്ധതി ആലോചിച്ചു.
എന്നാൽ ദൈവഭക്തരെ
തൊടണമെങ്കിൽ ദൈവം അനുവദിക്കണം. ദൈവം അനുവദിക്കാതെ സാത്താന്
ദൈവഭക്തനെ തൊടുവാൻ സാദ്ധ്യമല്ല.
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ
നാം ഒരു ആത്മ പരിശോധനക്ക് വിധേയമാകണം.
എന്നിൽ ദൈവഹിതത്തിന് എതിരായ എന്തെങ്കിലും
ഉണ്ടോ എന്ന്. ഉണ്ടെങ്കിൽ
അവ തിരുത്തണം. യോനാ ദൈവകല്പന ധിക്കരിച്ച് കപ്പലിൽ കയറിയപ്പോൾ കടലിൽ വലിയ കൊടുങ്കാറ്റുണ്ടായി. ദൈവത്തിൽ നിന്നും അകലുമ്പോൾ കൊടുങ്കാറ്റുണ്ടാകും.
മാനസാന്തരം കൊടുങ്കാറ്റിനെ ശാന്തമാക്കും.
ഇയ്യോബ് നീതിമാനായി ജീവിച്ചിട്ടും
ജീവിതത്തിൽ വിവിധ തരത്തിലുള്ള കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചു. ദൈവം അതിന് അനുവദിച്ചു.
ആദ്യം അടിച്ച കൊടുങ്കാറ്റ് ദുരിതങ്ങളുടെ ആയിരുന്നു.ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്ന ഇയ്യോബിന് സകലതും നഷ്ട്ടപെട്ടു. ഇയ്യോബിൻ്റെ ജീവിതത്തിൽ പിന്നീട് അടിച്ച കൊടുങ്കാറ്റ് രോഗത്തിൻ്റെ കൊടുങ്കാറ്റായിരുന്നു.
ധനാഢ്യനായിരുന്ന
ഇയ്യോബ് ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരിക്കുന്ന അവസ്ഥ.ഭാര്യപോലും അവനെ ത്യജിക്കുന്ന അവസ്ഥ. എന്നാൽ
ഇതിൽ ഒന്നിലും ഇയ്യോബ് അധരം കൊണ്ട് പോലും പാപം ചെയ്തില്ല എന്ന് നാം വായിക്കുന്നു.
പാപങ്ങളുടെ പരിണിതഫലമായി
ജീവിതത്തിൽ കൊടുങ്കാറ്റുണ്ടാകാം. എന്നാൽ നാം തേജസ്കരിക്ക
പ്പെടുവാനും കൊടുങ്കാറ്റുകൾ വരാം. അതിനാൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു.
” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27
ഈസേബെലിൻ്റെ ഭീഷണിയെ ഭയന്ന് മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച ഏലീയാവിനെ ദൂതൻ നിനക്ക് ദൂരയാത്ര ചെയ്യുവാനുണ്ടല്ലൊ എന്ന് പറഞ്ഞ് തട്ടിയുണർത്തി ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടത്തി.
അവിടെ ഏലീയാവ് ദൈവത്തിൻ്റെ അരുളപ്പാടിനായി
നിന്നു. ആദ്യം ശക്തിയുള്ള ഒരു കൊടുങ്കാറ്റ് പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
“ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു”
1 രാജാ 19:13
ജീവിതത്തിൻ്റെ കൊടുങ്കാറ്റുകളിൽ നാം ഏകരല്ല. ആ കൊടുങ്കാറ്റുകളിൽ നാം
ഒരു മ്യദുലസ്വരം കേൾക്കും.”ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്” എന്ന്.
കൊടുങ്കാറ്റിനെ നോക്കി അവിശ്വാസം പറയരുത്.
കൊടുങ്കാറ്റിനെ നോക്കിയാൽ നാം ഭീരുക്കളാകും. പത്രൊസ് വെള്ളത്തിൽ കൂടി നടന്നപ്പോൾ ചീറി വരുന്ന തിരമാലകളേയും കാറ്റിനേയും കണ്ട് ഭയന്നു. അപ്പോൾ മുങ്ങുവാൻ തുടങ്ങി. എന്നാൽ ദൈവീകകരത്തിലേക്ക്
നോക്കിയപ്പോൾ അത് അവന് രക്ഷ നൽകി.
ജീവിതമാകുന്ന പടകിൽ തിരമാലകളും, കാറ്റുകളും
കൊടുങ്കാറ്റുകളും ആഞ്ഞടിച്ചു കൊള്ളട്ടെ.
പടവിൽ ആരാണുള്ളത്
എന്നതാണ് പ്രസക്തം.
യേശുവുള്ള പടക് ആണോ? ഒന്നും ഭയപ്പെടാനില്ല.
പൗലൊസ് യാത്ര ചെയ്ത കപ്പൽ
ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ച് തകരാറായപ്പോൾ വിശ്വാസത്തോടെ പൗലൊസ് പറഞ്ഞു.
” എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു”
അപ്പൊ.പ്രവ 27:22-24
എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും, പ്രാർത്ഥനയാലും
ദൈവവചനത്താലും
സ്തുതിയാലും സ്തോത്രത്താലും
ബലപ്പെടുക. കാരണം കൊടുങ്കാറ്റിനെ ശാസിച്ചമർത്തുവാൻ
അധികാരമുള്ളവൻ എന്നും നമ്മോടു കൂടെ..ഈ ഭൂവിലെ കഷ്ടങ്ങളെല്ലാം നൊടിനേരത്തേക്ക് മാത്രം.
” നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കി
ക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
2 കൊരിന്ത്യർ 4:17,18
Leave a Reply