നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു അതുകൊണ്ട് നോഹക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചു. ഭൂമി ദൈവത്തിൻ്റെ മുമ്പാകെ വഷളായപ്പോൾ ഭൂമിയെയും, ഭൂമിയിലുള്ള സകലത്തെയും ജലപ്രളയം മൂലം നശിപ്പിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ നീതിമാനും നിഷ്കളങ്കനും ആയിരുന്നു. ആകയാൽ നോഹക്കും, കുടുംബത്തിനും പെട്ടകത്തിൽ കയറുവാൻ ദൈവകൃപ ലഭിച്ചു.ഭൂമിയിലുള്ള സകല ജനങ്ങളും വഷളായി മ്ലേച്ഛമായ പാപത്തിലേക്ക് പതിച്ചപ്പോൾ നോഹ ദൈവത്തോട് കൂടെ നടന്നു.

ദൈവാനുഗ്രഹം ലഭിച്ച ദൈവമക്കൾക്ക് ഒരു പ്രത്യേക ജീവിതശൈലിയുണ്ട് അവർ ജീവിത സാഹചര്യങ്ങളിൽ, പാപങ്ങളിൽ ഒഴുകിപ്പോകാതെ, നീതിമാന്മാരായി, വ്യത്യസ്ത സ്വഭാവത്തോടെ ജീവിക്കും. യേശുവിൻ്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ യോഹന്നാൻ ഇപ്രകാരം പറയുന്നു.

“അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു”
1 യോഹന്നാൻ 2:6

യേശു നടന്ന പോലെ എന്ന് പറയുമ്പോൾ യേശുവിൻ്റെ താഴ്മ പോലെ, യേശു സ്നേഹിച്ച പോലെ, യേശു ത്യാഗം അനുഭവിച്ച പോലെ, യേശു ക്ഷമിച്ചപോലെ, യേശു സ്നേഹത്തിൽ തോൽപ്പിച്ച പോലെ നാം നടക്കേണ്ടതാകുന്നു.
ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആണ് നമ്മെ സൃഷ്ടിച്ചത് .ഇന്ന് ദൈവത്തിൻ്റെ സാദൃശ്യവും സ്വരൂപവും നമ്മിൽ ഉണ്ടോ? പിതാവ് നമ്മെ നോക്കി “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് പറയുമോ? മോശെ സീനായ് മലയിൽ, ദൈവവുമായി സംസർഗം ചെയ്തപ്പോൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതായി നാം
വായിക്കുന്നു. മറ്റുള്ളവർക്ക് നമ്മിൽ ദൈവീകഭാവം ദർശിക്കുവാൻ സാധിക്കുമോ? നാം ദൈവത്തിൻ്റെ പ്രകാശം നഷ്ടപ്പെടുത്തിയോ?ദൈവത്തെ പിതാവേ! എന്ന് വിളിക്കുവാനുള്ള യോഗ്യത നാം നേടിയെടുക്കണം എങ്കിൽ ദൈവത്തിൻ്റെ മക്കളായി മാറണം. എങ്ങനെയാണ് ദൈവമക്കളായി മാറുന്നത്?

” അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
യോഹന്നാൻ 1:12

അവനെ കൈകൊള്ളണം
എങ്കിൽ ഹ്യദയം ശുദ്ധിയുള്ളതാകണം.
അതിനാൽ അനുതാപത്തോടെ ഉള്ളിലെ പാപങ്ങളെ
ദൈവതിരുമുമ്പിൽ
ഏറ്റു പറഞ്ഞ്
ദൈവമക്കളായി തീരാം.
അങ്ങനെയുള്ളവർക്ക്
അന്ത്യസമയത്ത്, നോഹക്ക് ദൈവ്യപ ലഭിച്ച പോലെ, കരുണ ലഭിക്കും. അങ്ങനെയുള്ളവരെ
ദൈവം നിത്യരക്ഷയുടെ
പെട്ടകത്തിൽ കയറ്റും. ഇതാണ് സുപ്രസാദകാലം.
ഇതാണ് രക്ഷാസമയം.
ഈ നിത്യരക്ഷ പ്രാപിപ്പാൻ ദൈവം നമ്മെ യോഗ്യരാക്കട്ടെ.