അടുത്ത തലമുറയെ ഓർത്തു എത്രപേർ പ്രാർത്ഥിക്കും ദൈവത്തെ അറിയാതെ ജീവിക്കുന്ന ഒരു തലമുറ
വളർന്നു കൊണ്ടിരിക്കുന്നു. ഇന്നു
മാതാപിതാക്കൾ മത്സരബുദ്ധിയോടെ ഓടി നടക്കുകയാണു. തൻ്റെ കുഞ്ഞു
സകലമത്സരങ്ങളിലും ഒന്നാം സ്ഥാനത്തെത്തണമെന്നു മാത്രമാണു അവരുടെ ചിന്ത.
ഭൗതീകമായ ഈ വളർച്ചയോടൊപ്പം കുഞ്ഞുങ്ങൾ
ആത്മീയമായി വളരുന്നുണ്ടോ എന്നു മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. ഫലമോ? ജീവിതത്തിൽ യാതൊരു പ്രതികൂലങ്ങളും നേരിടാൻ അവർക്കു കഴിയുന്നില്ല. വചനത്താൽ ശക്തിപ്രാപിച്ചു വളർന്നില്ലെങ്കിൽ അവർ വീണുപോകും.
“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
സദ്യശവാക്യങ്ങൾ 22:6
” ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.
119-ാം സങ്കീർത്തനം 9-ാം വാക്യം
തിമൊഥെയൊസ് എന്ന മകൻ വചനത്താൽ
വളർത്തിയ മകനായിരുന്നു. ആ മകൻ നഷ്ടപ്പെട്ടുപോയില്ല. ആ
മകനെ ദൈവവചനത്താൽ ശക്തിപ്പെടുത്തി വളർത്തിയതു
അവൻ്റെ വലിയമ്മ ലോവീസും
അമ്മ യൂനീക്കയും ആയിരുന്നു.
അതുകൊണ്ടു തിമൊഥെയൊസിൻ്റെ
നിർവ്യാജവിശ്വാസത്തെ കുറിച്ചു
പൗലൊസ് അപ്പൊസ്തലൻ എടുത്തു പറയുന്നു.
“ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.
2 തിമൊഥെയൊസ് 1:4,5
തിമൊഥെയൊസ് പൗലൊസ് അപ്പൊസ്തലനു സ്വന്തം മകനെപ്പോലെ ആയിരുന്നു. തിമൊഥെയൊസിനെ ഒന്നാം ലേഖനത്തിൽ നിജപുത്രനെന്നും രണ്ടാം ലേഖനത്തിൽ പ്രിയ മകനെന്നുമാണു പൗലൊസ് അഭിസംബോധന ചെയ്യുന്നതു.
അത്ര ഗാഢമായ വിശ്വാസത്താലാണു തിമൊഥെയൊസ് വളർന്നതു.
നാം ഇന്നു പതറാതെ ജീവിതത്തിൽ പിടിച്ചു നിൽക്കുന്നതു വചനമാകുന്ന വിത്തു നമ്മുടെ മാതാപിതാക്കന്മാരും ഗുരുക്കന്മാരും നമ്മിൽ പാകി വളർത്തിയതുകൊണ്ടാണു..ഈ വിശ്വാസം നാം നമ്മുടെ കുഞ്ഞുങ്ങളിൽ പകർന്നു നൽകണം. ദൈവവചനം അവരുമായി പങ്കു വയ്ക്കണം. ഏതു സാഹചര്യങ്ങളിലും ദൈവത്തെ
ഭയപ്പെടുകയും അനുസരിക്കയും
വേണമെന്നു അവരെ പഠിപ്പിക്കണം.
“നിൻ്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആവർത്തനം 6:5-7
“ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
സദ്യശവാക്യങ്ങൾ 4:3-6
മാതാപിതാക്കൾക്കു ഏറ്റവും കൂടുതൽ ആനന്ദമാകേണ്ടതു
കുഞ്ഞുങ്ങൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുമ്പോഴായിരിക്കണം.
യോഹന്നാൻ ശ്ലീഹാ എഴുതി.
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”
3യോഹ 1:4
മാതാപിതാക്കന്മാരെ ബഹുമാനിക്കയും സംരക്ഷിക്കയും ചെയ്യുന്ന ഒരു തലമുറ വളർന്നു വരണമെങ്കിൽ
അവരെ വചനമെന്ന മായമില്ലാത്ത പാൽ ചെറുപ്പം മുതലേ കൊടുത്തു വളർത്തണം.
അങ്ങനെയുള്ള കുടുംബങ്ങൾ യോശുവായെ പോലെ വിളിച്ചു പറയും.
“ഞാനും എൻ്റെ കുടുംബമോ ഞങ്ങൾ യഹോവയെ സേവിക്കും.”
Leave a Reply