അപ്പം തന്നവനെ ഓർത്തുകൊൾവിൻ

മോവാബ് സമതലത്തിൽ വച്ച് മോശെ ദൈവജനത്തിന് നൽകുന്ന ദൂതുകളാണ്
ആവർത്തന
പുസ്തകത്തിൽ നാം കാണുന്നത്. യഹോവ എന്തുകൊണ്ട് യിസ്രായേൽ ജനതയെ
മരുഭൂമിയിൽ നാല്പത് സംവത്സരം വഴി നടത്തി?

” നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു
വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം”
ആവർത്തനം 8:2-5

ഈ വാക്യങ്ങളിൽ നിന്ന് ദൈവം എന്തുകൊണ്ട്
നാല്പതു സംവത്സരം മരുഭൂമിയിൽ കൂടി നടത്തി എന്നതിൻ്റെ മർമ്മം നാം ഗ്രഹിക്കുന്നു.

  1. നിന്നെ താഴ്ത്തുവാൻ

430 വർഷം യിസ്രായേൽ ജനത മീസ്രയീമിൽ അടിമകളായി നിന്ദയും ഭാരവും ചുമന്നു. അവർ താഴ്മ ധരിച്ചു. എന്നാൽ ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് അടിമയുടെ താഴ്മയല്ല
ദൈവമക്കളുടെ താഴ്മയാണ്. യേശു സ്വർഗ്ഗം വിട്ട് താഴ്മ ധരിച്ചു. എളിയവരിൽ എളിയവനായി. ആ താഴ്മയാണ് ദൈവം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. താഴ്മയുടെ ഭാവം അണിയുവാൻ ദൈവം മരുഭൂമിയനുഭവങ്ങൾ
തരാം.

  1. കല്പനകൾ പ്രമാണിക്കുമോ
    എന്നറിയാൻ.

യിസ്രായേൽ മക്കൾ മരൂഭൂമിയിൽ ഉഴുന്നു
നടന്നു. ദൈവത്തിൻ്റെ കല്പനകൾ പഠിക്കുവാനും അനുസരിക്കുവാനും അത് ആവശ്യമായിരുന്നു.
ദാവീദ് പറഞ്ഞു.

“നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി”
119-ാം സങ്കീ 71-ാം വാക്യം

ദൈവം പ്രതീക്ഷിക്കുന്നത് യിസ്രായല്യരുടെ അടിമയുടെ അനുസരണമല്ല. അടിമക്ക് യജമാനനെ അനുസരിക്കാതെ
ഇരിപ്പാൻ കഴികയില്ല.
എന്നാൽ
ദൈവമക്കൾക്ക് അനുസരിക്കാനും അനുസരിക്കാതെ
ഇരിക്കാനും സ്വാതന്ത്ര്യമുണ്ട്. മക്കൾ അപ്പനെ അനുസരിക്കുന്നത് സ്നേഹത്തിൽ നിന്നാണ്. മരുഭൂമി അനുഭവങ്ങളിൽ കൂടി മക്കൾ അനുസരണം അഭ്യസിക്കുന്നു.

  1. ഹ്യദയത്തിൽ ഇരിക്കുന്നത് അറിയുവാൻ.

പ്രതികൂല
സാഹചര്യങ്ങൾ വരുമ്പോൾ ഒരുവൻ്റെ ഹ്യദയത്തിൽ ഉള്ളത് പ്രകടമാകും. യിസ്രയേൽ മക്കൾ മരുഭൂമിയിലെ പ്രതികൂലങ്ങളിൽ
ഹ്യദയത്തിലുള്ളത് പുറത്ത് പറഞ്ഞു. പല തവണ അവർ പിറുപിറുത്തു. ദൈവത്തെ മറന്നു.
മനുഷ്യർ ഇങ്ങനെയാണ്. അനുഗ്രഹങ്ങൾ വരുമ്പോൾ എന്തിനിവയെ തന്നു എന്ന് ചോദിക്കാറില്ല.
പ്രതികൂലങ്ങളിൽ ദൈവത്തിനെതിരെ
പിറുപിറുക്കും. ശാപവാക്കുകൾ ചൊരിയും. നമ്മുടെ ഹ്യദയത്തിലുള്ളത് ദൈവം അറിയുന്നു.

  1. അപ്പമാണോ
    അപ്പനാണോ വലുതെന്ന് അറിയാൻ.

നമുക്ക് ജീവിക്കുവാൻ
അപ്പം മാത്രം പോരാ. അപ്പൻ വേണം. ധൂർത്ത
പുത്രൻ അപ്പം തേടി പോയി. എല്ലാം നശിച്ചപ്പോൾ പന്നിയുടെ അപ്പം തേടി.
അത് ഭക്ഷിച്ചപ്പോൾ സ്വബോധം വന്നു. അപ്പനെ ഓർത്തു മടങ്ങിവന്നു. നാം അപ്പത്തിനായി മാത്രം ജീവിക്കരുത്. അപ്പം തന്ന അപ്പനെ മറന്ന് അപ്പത്തിൻ്റെ പുറകേ ഓടരുത്. യിസ്രായേൽ
മക്കൾക്ക് അപ്പം മതിയായിരുന്നു. അപ്പനെ അവർ മറന്നു.
യേശു പരീക്ഷിക്കാൻ വന്ന സാത്താനെ ഈ വചനം പറഞ്ഞ്
തോല്പിച്ചു.

“മനുഷ്യൻ അപ്പംകൊണ്ടു മാത്രം ജീവിക്കുന്നതല്ല; ദൈവത്തിന്റെ വായിൽനിന്നു പുറപ്പെടുന്ന സകല വചനത്താലും മനുഷ്യൻ ജീവിക്കുന്നു.”
ആവർത്തനം 8:3; മത്തായി 4:4

  1. മകനെ ശിക്ഷണം നൽകി വളർത്തുന്നു
    എന്നറിയാൻ

ശിക്ഷയും, ശിക്ഷണവും തമ്മിൽ വ്യത്യാസമുണ്ട്. രാജ്യത്ത് പലവിധ നിയമങ്ങൾ ഉണ്ട്. നിയമങ്ങൾ ലംഘിച്ചാൽ
ശിക്ഷ ലഭിക്കും. ഒരു ഭവനത്തിൽ മക്കൾ തെറ്റ് ചെയ്താൽ അപ്പനും അമ്മയും തരുന്നത് ശിക്ഷണമാണ്. ദൈവം നമുക്ക് ജീവിതത്തിൽ മരുഭൂമിയനുഭവങ്ങൾ
നൽകി ശിക്ഷണമേകാം. എന്നാൽ ദൈവം ദോഷത്തിനായി ഒന്നും ചെയ്കയില്ല. കാരണം ശിക്ഷണം നൽകിയാലും ദൈവം നമ്മെ സ്നേഹിക്കുന്നു.

മോശെ യിസ്രായേൽ ജനത്തിന് നൽകിയ ദൈവീകദൂതുകൾ ഇന്നും നമ്മുടെ ജീവിതത്തിൽ പ്രസക്തമാണ്.
ജീവിതത്തിൽ പ്രതികൂലങ്ങൾ
നന്മയ്ക്കായി മാത്രമെന്ന് വിശ്വസിച്ച്
ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് പ്രത്യാശയോടെ മുന്നോട്ടു പോകാം.

Leave a Reply

Your email address will not be published. Required fields are marked *