ദൈവത്തോട് ച്ചേർന്നിരിക്കുന്നത് വലിയ സന്തോഷമാണ്.
” ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”
യാക്കോബ് 4:8
അകന്നിരുന്നാൽ അത് നാശകരമാണ്.
” ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.”
73-ാം സങ്കീ 27-ാം വാക്യം
ജീവിതത്തിൽ നമ്മുടെ മാത്രം ശക്തി കൊണ്ടോ, സമ്പത്തു കൊണ്ടോ, കഴിവു കൊണ്ടോ യാതൊന്നും
ചെയ്യുവാൻ നമുക്ക് സാദ്ധ്യമല്ല. നാം രണ്ടടി നടക്കണമെങ്കിൽ, നമ്മുടെ കരം ഒന്ന് ഉയർത്തണമെങ്കിൽ, എന്തിനേറെ ദൈവത്തിൻ്റെ സൗജന്യദാനമായ വായു ഒന്ന് ശ്വസിക്കണമെങ്കിൽ ദൈവത്തിൻ്റെ ക്യപ കൂടിയേ തീരൂ.
യേശു പറഞ്ഞു.
“എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല”
യോഹന്നാൻ 15:5
മോശെ ദൈവത്തോട് ച്ചേർന്നു നടന്നു. ദൈവം അഭിമുഖമായി മോശെയോട് സംസാരിച്ചു. മോശെ ദൈവത്തോടു കൂടെ നാല്പതു രാവും പകലും വസിച്ചപ്പോൾ മോശെയുടെ ത്വക് പോലും പ്രകാശിച്ചു.
ഹാനോക് ദൈവത്തോട് ച്ചേർന്നിരുന്നു. ദൈവം അവനെ സ്വർഗ്ഗത്തിലേക്ക് എടുത്തു. ദാവീദ് ദൈവത്തോട് ച്ചേർന്ന് നടന്നു, ദൈവത്തിൻ്റെ
ഹ്യദയപ്രകാരം ഉള്ള മനുഷ്യനായി. ദാവീദ് പറയുന്നു.
” എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”
84-ാം സങ്കീ 2-ാം വാക്യം
ദാവീദ് വീണ്ടും പറയുന്നു.
” നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരൻ
ആയിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം”
84-ാം സങ്കീ 10-ാം വാക്യം
യിസ്രായേൽ ജനതയെ മോശെ വഴിനടത്തിയത്
മോശെ ദൈവത്തോട് അടുത്തിരുന്നതു കൊണ്ടാണ്. മോശെ ദൈവസാന്നിധ്യത്തിന്
പ്രാധാന്യം കൊടുത്തതു
കൊണ്ടാണ്. മോശെ ദൈവത്തോട് പറഞ്ഞു.
” തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15
ദൈവത്തിൻ്റെ സാന്നിധ്യമാണ് നമ്മെ
ശക്തരാക്കുന്നത്.
ദാവീദ് പാപം ചെയ്തപ്പോൾ
ദൈവസാന്നിധ്യം അവനിൽ നിന്നും അകന്നുപോയി. നാഥാൻ പ്രവാചകൻ വന്ന് ദാവീദിൻ്റെ പാപം ചൂണ്ടി കാട്ടിയപ്പോൾ അവന് അനുതാപം ഉണ്ടായി. അപ്പോൾ തൻ്റെ സിംഹാസനമോ, മഹത്വമോ തന്നിൽ നിന്നും എടുക്കരുതേ എന്നല്ല ദാവീദ് ദൈവത്തോട് പ്രാർത്ഥിച്ചത്. ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിച്ചു.
” നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ”
51-ാം സങ്കീ 11-ാം വാക്യം
ദൈവം എപ്പോഴും നമുക്ക് സമീപസ്ഥനാണ്. എന്നാൽ നാം പാപം ചെയ്യുമ്പോൾ ദൈവം അകലുന്നു. പരിശുദ്ധാത്മാവിന് മലിനമായ ഇടങ്ങളിൽ വസിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ
പരിശുദ്ധാത്മാവിനെ ദു:ഖിപ്പിച്ച് നാം പരിശുദ്ധാത്മാവിനെ ഹ്യദയത്തിൽ നിന്നും ഇറക്കിവിടരുത്.
ആ ശക്തി ഇറങ്ങി പോയാൽ നാം അശക്തരാകും. നിരാശരാകും. ആയതിനാൽ ജീവിതവിശുദ്ധി കാത്തു സൂക്ഷിക്കാം.
അശുദ്ധിയുള്ള മനസിന്
ആത്മീയ ധൈര്യം ഉണ്ടാകയില്ല. വിശുദ്ധി കാത്ത് സൂക്ഷിച്ചാൽ ദൈവസാന്നിധ്യം ഇറങ്ങിവരും. അത് സ്വസ്ഥത നൽകും. അവർ പ്രത്യാശയോടെ ഇങ്ങനെ പാടും.
“യേശുവോട് ച്ചേർന്നിരിപ്പതെത്ര
മോദമേ….
യേശുവിനായ് ജീവിക്കുന്നതെത്ര
ഭാഗ്യമേ…
Leave a Reply