ആത്മീയ വിജയം

•

ജീവിതത്തിലെ നേട്ടങ്ങളെയും വിജയങ്ങളേയും കുറിച്ച് മനുഷ്യർക്ക് വിവിധതരത്തിലുള്ള കാഴ്ച്ചപ്പാടുകൾ ആണ് ഉള്ളത്. ചിലർ നിക്ഷേപങ്ങളാണ് വിജയങ്ങൾ എന്ന് കരുതി സ്വത്തുക്കൾ വർദ്ധിപ്പിക്കുവാൻ ഏതു മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കുന്നു. ചിലർ അധികാരങ്ങളും, പ്രശസ്തിയും ജീവിത വിജയമായി കരുതി അത് നേടിയെടുക്കാൻ നെട്ടോട്ടം ഓടുന്നു. ചിലർ സൗന്ദര്യമാണ് ജീവിതവിജയം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി സൗന്ദര്യത്തെ കാത്ത് സൂക്ഷിക്കുന്നു.
ഒടുവിൽ സകലതും നേടിയെടുത്തിട്ടും സമാധാനമില്ലാതെ പലരും അഴലുന്നു.
നേടിയെടുത്തതെല്ലാം
സന്തോഷം നൽകില്ലെന്ന് കാണുമ്പോൾ അവർ നിരാശയിലേക്കും,
ശൂന്യതയിലേക്കും,
ആത്മഹത്യയിലേക്കും വഴുതി വീഴുന്നു. ലോകത്തിൽ
ഉള്ളവയേക്കാൾ, വലിയവനായ സാക്ഷാൽ ദൈവത്തെ കണ്ടെത്തുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും ആണ് ജീവിത
വിജയത്തിന്
അടിസ്ഥാനം.

” കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ”
1 യോഹന്നാൻ 4:4

നമുക്ക് പൂർണ്ണജയം തരുന്നത് ലോകത്തിൻ്റെ മോഹങ്ങളല്ല. നമ്മെ സ്നേഹിച്ച കർത്താവാണ്.

“നാമോ നമ്മെ സ്നേഹിച്ചവൻ
മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു”
റോമർ 8:37

അനേകം
ദൈവവചനങ്ങൾ ജീവിതത്തിന്
കരുത്തേകുന്നു. സാത്താൻ ജീവിതത്തിൻ്റെ ഇരുണ്ട വശങ്ങൾ മാത്രം കാണിച്ച് മനുഷ്യനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടും. അപ്പോൾ ശക്തി തരുന്ന വചനം നാം ഓർക്കണം.

” ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു”
2 തിമൊഥെയൊസ് 1:7

” എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”
ഫിലിപ്പിയർ 4:13

” ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും”
27-ാം സങ്കീ 3-ാം വാക്യം

പകയും, വിദ്വേഷവും
ആരോഗ്യം ക്ഷയിപ്പിക്കും. വിജയകരമായ ആത്മീയജീവിതത്തിന്
ശുഭകരമായ ചിന്തകൾ ആവശ്യമാണ്.
അതിനാൽ പൗലൊസ് അപ്പൊസ്തലൻ നമ്മെ
ഓർമ്മിപ്പിക്കുന്നു.

” ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ”
ഫിലിപ്പിയർ 4:8

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5,6

ജീവിതത്തിൽ ഏതു പ്രതിസന്ധികളിലും ഭയമോ, നിരാശയോ വേണ്ട. കാരണം ദൈവം നമ്മെ കാണുന്നു. നമ്മുടെ മനസിലെ ചെറിയ ആഗ്രഹങ്ങൾ പോലും ദൈവം അറിയുന്നു. ദൈവം നമ്മെ താങ്ങുന്നു. അവൻ ഏറ്റവും അടുത്ത തുണയായി എന്നും നിലകൊള്ളുന്നു.

” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും”
യെശയ്യാ 41:10

സർവ്വശക്തനായ ഈ ദൈവം നമ്മോടു കൂടെ ഉണ്ടെങ്കിൽ നാം ഒന്നിനേയും ഭയപ്പെടില്ല.
ഈ ദൈവത്തിൽ വിശ്വസിച്ച് പോരാട്ടങ്ങളിൽ വിജയം നേടാം. ജീവിതവിജയം തരുന്ന ക്യപാലുവായ ദൈവത്തെ എന്നും സ്തുതിക്കാം.

” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”
2 കൊരിന്ത്യർ 2:14

Leave a Reply

Your email address will not be published. Required fields are marked *