ദൈവം അനുകൂലമെങ്കിൽ നമുക്കു പ്രതികൂലം ആർ? റോമർ 8:31

ഈ വാക്യം ജീവിതത്തിൽ
പ്രതികൂലങ്ങൾ ഉണ്ടാകില്ല എന്നല്ല,
പ്രതികൂല സാഹചര്യങ്ങളിൽ ദൈവം കൂടെ നിന്ന് അന്തിമവിജയം നേടി
തരുമെന്നാണ് പറയുന്നത്.
ദൈവത്തിൻ്റെ കരം കൂടെയുണ്ടു എന്നു വിശ്വസിക്കുന്നവർ ജീവിതത്തിൽ വന്നു ഭവിക്കുന്ന
സകലത്തിലും ദൈവത്തിന്റെ കരം ഉണ്ടെന്നു വിശ്വസിക്കും.
നാം അനുഭവിക്കുവാൻ പോകുന്ന നിത്യതേജസ്സിനെ
ഓർത്താൽ ഈ ലോകദുരിതങ്ങൾ ഒന്നും സാരമില്ല എന്നു അവർ വിശ്വസിക്കും.
അവർ ധൈര്യമായി പറയും “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകില്ല കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന്.

ഏതു പ്രതികൂല
സാഹചര്യങ്ങളിലും
നമ്മുടെ കരം പിടിക്കുന്നവനാണു
ദൈവമെന്ന വിശ്വാസം പ്രതിസന്ധികളിൽ വഴുതി വീഴാതിരിക്കാൻ നമ്മെ സഹായിക്കും. ജോസഫിന് സഹോദരന്മാർ പ്രതികൂലമായി നിന്നു.
ദാവീദിന് ശൗലും, സ്വന്തം മകനും പ്രതികൂലമായി നിന്നു. എന്നാൽ ദൈവം അവർക്ക് അനുകൂലമായി നിന്നു.
ദൈവം അനുകൂലമായി നിന്നാൽ ഒരു അഗ്നിജ്വാലക്കും അവരെ കത്തിച്ചുകളയുവാനോ ഒരു വെള്ളത്തിനും അവരെ മുക്കികളയുവാനോ, ഒരു സിംഹത്തിനും അവരെ വിഴുങ്ങുവാനോ, ഒരു കഴുമരത്തിനും അവരെ തൂക്കിലേറ്റുവാനോ സാദ്ധ്യമല്ല.
അവർ തഴെച്ചു വളരുന്ന ഒലിവുവ്യക്ഷം പോലെയിരിക്കും.

നോഹയുടെ
വെള്ളപൊക്കകാലത്തു നാല്പതു രാവും നാല്പതു പകലും മഴ പെയ്തു. പിന്നീടു വെള്ളം താഴ്ന്നുവോ എന്നറിയുവാൻ പുറത്തുവിട്ട പ്രാവു കൊത്തി കൊണ്ടുവന്നതു പച്ചയായ ഒരു ഒലിവിലയാണു. സകല മനുഷ്യരും മ്യഗങ്ങളും, മരങ്ങളും കടപുഴകിവീണപ്പോഴും ഒലിവുവ്യക്ഷം വീഴാതെ നിന്നു. അടിക്കടി സഹനങ്ങൾ വരുമ്പോഴും, ആഴമായ വെള്ളത്തിൽ മുങ്ങികിടന്നപ്പോഴും , സകല തായ് വേരുകളും ചീഞ്ഞു പോയപ്പോഴും നിന്നെ നശിക്കാതെ തളിർത്തു നിർത്തിയതു ദൈവം കരങ്ങൾ പിടിച്ചതുകൊണ്ടു മാത്രമാണു .
മറ്റുള്ളവർ തകർക്കാൻ നോക്കിയപ്പോഴും, ഒറ്റപ്പെടുത്താൻ നോക്കിയപ്പോഴും
അപവാദങ്ങൾ പറഞ്ഞു
പരത്തിയപ്പോഴും, വേദനിപ്പിച്ചപ്പോഴും, രോഗങ്ങളാൽ വലഞ്ഞപ്പോഴും വീണുപോകാതെ തളിർത്തു നിൽക്കുന്ന ഒലിവുവ്യക്ഷമായി
നമ്മെ നിർത്തിയതു ദൈവം അനുകൂലം
ആയതുകൊണ്ട് മാത്രമാണ്.

വെള്ളത്തിൽ മുങ്ങിപോകാതെ
അഗ്നിതൊടാതെ ദൈവം കണ്ണിന്റെ ക്യഷ്ണമണിപോലെ നമ്മെ നടത്തുന്നു. എല്ലാം പ്രതികൂലമാകുമ്പോഴും അനുകൂലമായി നിൽക്കുന്ന ദൈവകരം കാണാതെ പോകരുതു.ഈ സാന്നിധ്യം അനുഭവിച്ചറിഞ്ഞ മോശെ ഇങ്ങനെ പറഞ്ഞു.

” തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15

നമുക്കു സകലത്തിനും പരിമിതികളുണ്ടാകാം. എന്നാൽ
പരിമിതികൾ ഇല്ലാത്ത ദൈവം നമുക്കു അനുകൂലമായ് കൂടെ ഉണ്ടു. സംഗീതപ്രമാണിയായ
ആസാഫ് കരം പിടിച്ചവന്റെ മഹത്വം തിരിച്ചറിഞ്ഞു ഇപ്രകാരം പറഞ്ഞു.

“എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
73-ാം സങ്കീ 23-24

ഈ ലോകത്തിൽ എന്തെല്ലാം പ്രതികൂലങ്ങളും വന്നുകൊള്ളട്ടെ.
അവക്കൊന്നും നമ്മെ
ദൈവസ്നേഹത്തിൽ നിന്നും
പിന്തിരിപ്പാൻ സാദ്ധ്യമല്ല. ആരോഗ്യം ഉണ്ടായാലും ഇല്ലെങ്കിലും, ജോലി ഉണ്ടായാലും
ഇല്ലെങ്കിലും, സന്തോഷത്തിലും
സന്താപത്തിലും ഏതു സാഹചര്യത്തിലും ഞാൻ എൻ്റെ ദൈവത്തെ സ്തുതിക്കും എന്നു
തീരുമാനിക്കണം. പൗലൊസ് അപ്പൊസ്തലൻ ചോദിക്കുന്നു.

‘ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
റോമർ 8:35

ദൈവം നമുക്കു അനുകൂലമെങ്കിൽ ഒരു പ്രതികൂലവും നിന്നെ ബാധിക്കില്ല.
അതിനാൽ ഉറപ്പിച്ചു പറയാം.

“ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:39

Leave a Reply

Your email address will not be published. Required fields are marked *