David Brained

Birth. 20 April 1718

Death. 09 October 1747

ഡേവിഡ് ബ്രെയ്നേഡ്

ജോനാഥാന്‍ എഡ്വേര്‍ഡ്സ്, ജോര്‍ജ്ജ് വൈറ്റ് ഫീല്‍ഡ്, ജോണ്‍ വെസ്ലി മുതലായ മിഷണറിമാര്‍ “വന്‍ നവോത്ഥാനകാലത്ത്” ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാലത്ത് ഡേവിഡ് ബ്രെയ്നേഡ് എന്ന ഒരു യുവാവ് സുവിശേഷം എത്തിക്കാനായി അമേരിക്കയിലെ തദ്ദേശ ഇന്ത്യക്കാര്‍ എന്ന വര്‍ഗ്ഗത്തെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ മരണശേഷം ജോനാഥാന്‍ എഡ്വേര്‍ഡ്സ് തന്‍റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് പുറംലോകം കൂടുതല്‍ മനസ്സിലാക്കിയത്. പല ക്രിസ്ത്യാനികള്‍ക്കും മിഷണറിമാര്‍ക്കും കര്‍ത്താവിന്‍റെ സേവയില്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിക്കുവാന്‍ ഈ ഡയറിക്കുറിപ്പുകള്‍ പ്രേരകമായിത്തീര്‍ന്നു. വിംല്യം കേറി, സാമുവേല്‍ മാഴ്സ്ഡെന്‍, ഹെന്‍ട്രി മാര്‍ട്ടിന്‍ മുതലായവര്‍ ഡേവിഡ് ബ്രെയ്നേഡിന്‍റെ ജീവിതത്താല്‍ ആകര്‍ഷിക്കപ്പെടുകയും തങ്ങളുടെ ജീവിതം മിഷണറി പ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഡേവിഡ് ബ്രെയ്നേഡ് ഹ്രസ്വായുസ്സായി ചുരുക്കം ചില വര്‍ഷങ്ങള്‍ മാത്രമേ കര്‍ത്താവിനെ സേവിച്ചുള്ളുവെങ്കിലും തന്‍റെ ജീവിതവും ശുശ്രൂഷയും ഇന്നും പലര്‍ക്കും ഒരു ഉത്തേജകമായി തുടരുന്നു.

1718 ഏപ്രില്‍ 20-ാം തീയതി കണക്ടിക്കട്ടില്‍ ഹദ്ദാം എന്ന സ്ഥലത്ത് ഡേവിഡ് ബ്രെയ്നേഡ് ജാതനായി. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ സമ്പന്നരും ഗവണ്‍മെന്‍റിലും സമൂഹത്തിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരും ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് 9 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ തന്‍റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞു. അഞ്ചു വര്‍ഷത്തിനു ശേഷം തന്‍റെ മാതാവും നിത്യവിശ്രാമത്തില്‍ പ്രവേശിച്ചു. അതിനു ശേഷം തന്‍റെ സഹോദരിയോടൊത്ത് താമസിച്ചുവെങ്കിലും തന്‍റെ യൗവ്വനക്കാലത്തോക്കെയും ജീവിതത്തില്‍ ഒരു ഏകാന്തത അദ്ദേഹത്തിന് അനുഭവപ്പെട്ടുകൊണ്ടിരുന്നു. 21-ാംമത്തെ വയസ്സില്‍ അദ്ദേഹം മാനാസാന്തരപ്പെടുകയും തദനന്തരം എയില്‍ സര്‍വ്വകലാശാലയില്‍ ഉപരി പഠനത്തിനായി ചേരുകയും ചെയ്തു.

ജീവിതകാലമൊക്കെയും ഡേവിഡ് തന്‍റെ ശരീരത്തില്‍ രോഗങ്ങളും യാതനകളും അനുഭവിച്ചുകൊണ്ടിരുന്നു. എയില്‍ വച്ചൊരവസരത്തില്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആരോഗ്യം വീണ്ടെക്കുന്നതിനായി അദ്ദേഹത്തെ വീട്ടിലേയ്ക്ക് അയച്ചു. അദ്ദേഹം മടങ്ങി വന്നപ്പോള്‍ സര്‍വ്വകലാശാല പരിസരത്ത് ഒരു വന്‍ നവോത്ഥാനം ആളിപ്പടരുകയും ഡേവിഡ് ബ്രെയ്നേഡ് ആ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു.

എയില്‍ ആയിരുന്നപ്പോള്‍ ഒരു അവസരത്തില്‍ തന്‍റെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ ഒരു സംഭവം ഉണ്ടായി. ആ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനെതിരെ കുറ്റകരമായ വിമര്‍ശനം നടത്തിയെന്നുള്ള വ്യാജമായ ആരോപണം ഉണ്ടായി. അതിനു പരസ്യമായി ക്ഷമായാചനം നടത്തുവാനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു എങ്കിലും അദ്ദേഹം അത് നിരസിച്ചു. അതിനാല്‍ അദ്ദേഹത്തെ സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കി. സര്‍വ്വകലാശാലയില്‍ പുനഃപ്രവേശനം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ പില്ക്കാലത്ത് അദ്ദേഹം ഒരു ക്ഷമായാചനം എഴുതി അറിയിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ എയില്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഡേവിഡ് ബ്രെയ്നേഡിന്‍റെ ജീവിതത്തിലെ ഈ വഴിത്തിരിവ് തന്നെക്കുറിച്ചുള്ള ദൈവഹിതവും ദൈവോദ്ദേശ്യവും ആരായുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. “ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുവാനോ സമ്പൂര്‍ണ്ണമായി അവന് സമര്‍പ്പിക്കുവാനോ ഞാന്‍ ഒരുനാളും വാഞ്ചിച്ചില്ല. അവന്‍റെ ശുശ്രൂഷയിലും അവന്‍റെ മഹത്വത്തിനായും എന്‍റെ ജീവിതം ചിലവിടണം എന്നു മാത്രമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്:” എന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഡേവിഡ് ബ്രെയ്നേഡ് എഴുതുകയുണ്ടായി. താന്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കര്‍ത്താവിനെ അന്വേഷിച്ചപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോട് സംസാരിക്കുവാന്‍ തുടങ്ങി. തന്മൂലം പല ആത്മീക ശുശ്രൂഷകള്‍ താന്‍ ഏറ്റെടുത്ത് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ മുമ്പൊരിക്കലും സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ മദ്ധ്യേ ശുശ്രൂഷ ചെയ്യുവാനുള്ള ഭാരം അദ്ദേഹത്തെ ഭരിച്ചുകൊണ്ടിരുന്നു. “മറ്റൊരാളുടെ അദ്ധ്വാനത്തില്‍ പ്രവേശിക്കുവാനോ സുവിശേഷം മുമ്പേ പ്രസംഗിക്കപ്പെട്ട സ്ഥലത്ത് ശുശ്രൂഷ ചെയ്യുവാനോ ഞാന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ച നാള്‍ മുതല്‍ എനിക്കിഷ്ടമില്ലായിരുന്നു”എന്നു അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ ഇന്ത്യക്കാരോട് സുവിശേഷം അറിയിക്കുവാന്‍ അദ്ദേഹം യാത്ര തിരിച്ചു. ആ നാളുകളില്‍ അദ്ദേഹം രോഗിയായിരുന്നു. ഇന്നത്തെ മിഷന്‍ അധികാരികള്‍ ആയിരുന്നുവെങ്കില്‍ ഇപ്രകാരമുള്ള ഒരു വ്യക്തിയെ ഒരു ശുശ്രൂഷകനായി ഒരിക്കലും അംഗീകരിക്കുകയില്ലായിരുന്നു. ആ നാളുകളില്‍ അപരിഷ്കൃതരായിരുന്ന ഇന്ത്യക്കാരുടെ മദ്ധ്യേ സുവിശേഷപ്രചരണം നടത്തുന്നതിന് യാതൊരു പ്രയത്നവും ആരും ചെയ്തിരുന്നില്ല. ഈ അപരിഷ്കൃതര്‍ക്ക് ആത്മാവ് ഇല്ല എന്നുപോലും ചിലര്‍ വാദിച്ചിരുന്നു. എങ്കിലും അങ്ങനെയുള്ള ജനത്തിന്‍റെ മദ്ധ്യേ വസിക്കുവാനും സുവിശേഷത്തിന്‍റെ സത്യവെളിച്ചം അവര്‍ക്കു പകര്‍ന്നുകൊടുക്കുവാനും കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിന് വാതില്‍ തുറന്നുകൊടുത്തു.

24-ാംമത്തെ വയസ്സില്‍ അദ്ദേഹം ഇന്ത്യക്കാരുടെ മദ്ധ്യേ ശുശ്രൂഷയാരംഭിച്ചു. ഡേവിഡ് ബ്രെയ്നേഡിന്‍റെ ആ നാളുകളിലെ ഡയറിക്കുറിപ്പുകള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും അനുഗ്രഹവും പകരുന്നവ ആയിരുന്നു. താന്‍ ഇന്ത്യയുടെ കിഴക്കേ തീര പ്രദേശത്ത് സുവിശേഷ പ്രസംഗങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചു. തന്‍റെ അനാരോഗ്യം വകവയ്ക്കാതെ നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരത്താല്‍ പ്രേരിതനായി ആയിരക്കണക്കിന് മൈലുകള്‍ അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്ത് സുവിശേഷം അറിയിച്ചു.

തികച്ചും അപരിഷ്കൃതരായ മനുഷ്യര്‍ താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹത്തിന് അറിവു കിട്ടുകയും സുവിശേഷം പ്രസംഗിക്കുവാന്‍ ആ സ്ഥലത്തുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു സന്ധ്യക്ക് അദ്ദേഹം ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ അവിടെ അഗ്നികുണ്ഠത്തില്‍ നിന്നു പുക ഉയരുന്നത് കാണുകയാല്‍ പിറ്റേന്ന് നേരം വെളുത്തശേഷം അവരെ സമീപിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഗ്രാമത്തലവനും കൂട്ടരും ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചു കൊല്ലുവാന്‍ തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഇന്ത്യാക്കാരുടെ രക്ഷയ്ക്കായി അദ്ദേഹം ദൈവത്തോടു കണ്ണുനീരോടെ നിലവിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് അവര്‍ കണ്ടു. ക്രിസ്തുവും അവന്‍റെ മഹത്തായ കാല്‍വരിയാഗവും അവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി തീരുവാനായി അദ്ദേഹം നിലവിളിക്കുകയായിരുന്നു. അവര്‍ നോക്കി നില്ക്കെ ഉഗ്രവിഷമുള്ള ഒരു പാമ്പ് ഡേവിഡ് ബ്രെയ്നേഡിനെ കടിക്കുവാനായി അദ്ദേഹത്തോട് അടുക്കുന്നത് കണ്ടു. അതിനു ശേഷം പെട്ടെന്നു ആ പാമ്പ് ഇരുട്ടില്‍ അപ്രത്യക്ഷമായി. ഈ വെള്ളക്കാരനില്‍ എന്തോ അമാനുഷിക ശക്തിയുണ്ടെന്നു ചിന്തിച്ച് അമ്പരന്ന് ആ ഗ്രാമവാസികളെല്ലാം തല്‍ക്ഷണം അവിടെ നിന്ന് ഓടിമറഞ്ഞു. പിറ്റെ ദിവസം പ്രഭാതത്തില്‍ ഡേവിഡ് ബ്രെയ്നേഡ് അവരെ സമീപിച്ചപ്പോള്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ നല്ലൊരു സ്വീകരണം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിനായി വാതിലുകള്‍ തുറക്കപ്പെടുകയും അദ്ദേഹം അവരുടെ മദ്ധ്യേ ഇരുന്ന് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായത്തെ ആസ്പദമാക്കി ദൈവസ്നേഹത്തെക്കുറിച്ചും അവര്‍ക്കു വേണ്ടി ക്രിസ്തു അനുഷ്ഠിച്ച മഹായാഗത്തെക്കുറിച്ചും അവരോട് പ്രസംഗിച്ചു. പ്രസംഗം അവസാനിച്ചപ്പോള്‍ അവരില്‍ പലരും കണ്ണുനീര്‍ ഒഴുക്കുകയും തലേ ദിവസം അദ്ദേഹത്തെ കൊല്ലുവാന്‍ ശ്രമിച്ച ഗ്രാമത്തലവന്‍ “ഡേവിഡ് ബ്രെയ്നേഡچ് നമുക്ക് വളരെ അത്ഭുതകരമായ മധുരസന്ദേശം കൊണ്ടുവന്നിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ദേശവാസികളായ ഇന്ത്യക്കാര്‍ക്ക് രക്ഷയുടെ സന്ദേശം എത്തിക്കുവാന്‍ കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിനെ ഇപ്രകാരം ശക്തിയായി ഉപയോഗിച്ചു.

ഇന്ത്യക്കാരുടെ രക്ഷയ്ക്കായി ഡേവിഡ് ബ്രെയ്നേഡ് പ്രാര്‍ത്ഥനയില്‍ വളരെ പോരാടുകയും ദീര്‍ഘസമയം മദ്ധ്യസ്ഥതയില്‍ മുഴുകയും ചെയ്തു. ഈ പ്രാര്‍ത്ഥനാ പരമ്പരകളെക്കുറിച്ച് ഡേവിഡ് ബ്രെയ്നേഡ് തന്‍റെ ഡയറിയില്‍ താഴെകാണും വിധം രേഖപ്പെടുത്തി.”പല ആത്മാക്കള്‍ക്കു വേണ്ടി പോരാടുവാന്‍ ദൈവം എന്നെ സഹായിക്കുകയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ മാധൂര്യത്തില്‍ ഞാന്‍ മുഴുകുകയും ചെയ്തു”. “ഈ പ്രഭാതത്തില്‍ ഞാന്‍ രണ്ടു മണിക്കുറോളം രഹസ്യപ്രാര്‍ത്ഥനയില്‍ ചെലവിടുകയും ആത്മാക്കളുടെ നിത്യതയ്ക്കായി സാധാരണയില്‍ കവിഞ്ഞ് വേദന അനുഭവിക്കുകയും ചെയ്തു. അതിരാവിലെ സുര്യന്‍ ഉദിക്കുന്നതിന് മുമ്പേ ആണെക്കിലും എന്‍റെ ശരീരം വിയര്‍പ്പിനാല്‍ നനഞ്ഞിരുന്നു.”വനത്തിനുള്ളില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചെലവിടുകയും ഈ ലോകത്തിന് അതീതമായി ഉയര്‍ത്തപ്പെട്ടതു പോലെ അനുഭവപ്പെടുകയും ചെയ്തു”.”പകല്‍ മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവാന്‍ സാധിച്ചു. ഈ ദിവസം രാവിലെ മുതല്‍ രാത്രി വരെ രഹസ്യ ഉപവാസപ്രാര്‍ത്ഥനയില്‍ ചെലവിട്ടു”. ഡേവിഡ് ബ്രെയ്നേഡിന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ വെളിപ്പെടുത്തുന്ന ചുരുക്കം ചില ഉദാഹരണങ്ങള്‍ ആണ് ഇവ. അദ്ദേഹത്തിന്‍റെ ഹ്രസ്വകാല ശുശ്രൂഷയ്ക്കുള്ളില്‍ സംഭവിച്ച പല അത്ഭുതങ്ങളുടെയും ദൈവീക നടത്തിപ്പുകളുടെയും വിവരണങ്ങള്‍ തന്‍റെ ഡയറിക്കുറിപ്പുകളില്‍ കാണാവുന്നതാണ്. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്ന ഒരാള്‍ക്കായി ദൈവം എന്തെല്ലാം ചെയ്യും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ജീവിതം വലിയ പ്രചോദനം നല്കുന്നു.

രക്ഷിക്കപ്പെടാത്ത ശത്രുക്കളായ മനുഷ്യരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളിലും പരീക്ഷകളിലും കര്‍ത്താവ് ഡേവിഡ് ബ്രെയ്നേഡിനോട് കൂടെ ഇരുന്നു. ചില മാസത്തെ ശുശ്രൂഷയ്ക്കു ശേഷം ഡേവിഡ് ബ്രെയ്നേഡ് തന്‍റെ ഡയറിയില്‍ ഇപ്രകാരം എഴുതി: “ഞാന്‍ 47 ഇന്ത്യക്കാര്‍ക്ക് സ്നാനം നല്കി. അതില്‍ 23 പേര്‍ മുതിര്‍ന്നവരും 24 പേര്‍ യൗവ്വനക്കാരും ആയിരുന്നു……ദൈവത്തിന്‍റെ അളവറ്റ കൃപയാല്‍ ഏതെങ്കിലും ദുഷ്പ്രചാരണത്താലോ അവിശ്വാസികളുടെ പ്രേരണയാലോ അവരില്‍ ആരും തന്നെ തങ്ങളുടെ ക്രിസ്തീയ വിശ്വാസം തള്ളിക്കളഞ്ഞില്ല.” പരസ്പരം പതിവായി യുദ്ധം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഗോത്രവര്‍ഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു വിജയമായിരുന്നു!

തന്‍റെ അനാരോഗ്യം വകവയ്ക്കാതെ ഡേവിഡ് ബ്രെയ്നേഡ് ആരാലും അന്വേഷിക്കപ്പെടാത്ത നാശയോഗ്യരായ ഇന്ത്യന്‍ ആദിവാസികളുടെ ഇടയില്‍ തന്‍റെ ശുശ്രൂഷ തുടര്‍ന്നു കൊണ്ടിരുന്നു. തന്‍റെ ആരോഗ്യം നഷ്ടപ്പെടും തോറും കര്‍ത്താവിന്‍റെ വേലയിലുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണത വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മുമ്പോട്ടുള്ള തന്‍റെ യാത്രയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുവാന്‍ യാതൊരു ശക്തിക്കും കഴിഞ്ഞില്ല. തന്‍റെ ജീവിതാന്ത്യത്തില്‍ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു:”ക്രിസ്തു പ്രവര്‍ത്തിച്ചതു പോലെ ദൈവത്തിന്‍റെ നല്ല പ്രവൃത്തി ചെയ്തു തികയ്ക്കുന്നതിനു തുല്യമായി ലോകത്തില്‍ മറ്റൊന്നും തന്നെയില്ല. ദൈവത്തിനായി ജീവിക്കുകയും അവനെ പ്രസാദിപ്പിക്കുകയും അവന്‍റെ പൂര്‍ണ്ണഹീതം നിറവേറ്റുകയും ചെയ്യുന്നതുപോലെ നമുക്ക് പൂര്‍ണ്ണതൃപ്തി നല്കുന്നതായി ലോകത്തില്‍ മറ്റൊന്നും ഞാന്‍ കാണുന്നില്ല”. ചുരുക്കം ചില വര്‍ഷങ്ങള്‍ കര്‍ത്താവിനെ ത്യാഗോജ്ജ്വലമായി സേവിച്ച ശേഷം തന്‍റെ 29-ാംമത്തെ വയസ്സില്‍ ക്ഷയരോഗ ബാധയെത്തുടര്‍ന്ന് ഡേവിഡ് ബ്രെയ്നേഡ് താന്‍ പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ന്നു. മരണശേഷവും തന്‍റെ ജീവിതവും സാക്ഷ്യവും ഇന്നും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.