PREACH GOSPEL & SALVATION FOR THE LOST

Category: Jayajeevitham

ജയജീവിതം-പ്രതിഫലം

ജയജീവിതം നയിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന പ്രതിഫലത്തെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1: പറുദീസായിലെ ജീവവൃക്ഷത്തിന്‍റെ ഫലം

“ജയിക്കുന്നവന് ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്നുവാന്‍ കൊടുക്കും.” (വെളിപാട് – 2:7)

2: രണ്ടാം മരണത്താലുള്ള ദോഷം ഇല്ല.

“ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരുകയില്ല.” (വെളിപ്പാട് – 2:11)

3: മറഞ്ഞിരിക്കുന്ന മന്ന

“ജയിക്കുന്നവര്‍ക്കു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും.” (വെളിപ്പാട് – 2:17)

4: വെള്ളകല്ലും ആരും അറിയാത്ത പേരും

“ജയിക്കുന്നവനു ഞാന്‍ വെള്ളക്കല്ലും ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.” (വെളിപ്പാട് 2-17)

5: ജാതികളുടെമേല്‍ അധികാരം

“ജയിക്കുകയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരം കൊടുക്കും. അവന്‍ ഇരുമ്പു കോല്‍കൊണ്ട് അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.” (വെളിപ്പാട് – 2:26,27)

6: ഉദയനക്ഷത്രം

“ജയിക്കുന്നവന് ഞാന്‍ ഉദയനക്ഷത്രവും കൊടുക്കും.” (വെളിപ്പാട് – 2:28)

7: വെള്ളയുടുപ്പ്

“ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും.” (വെളിപ്പാട് – 3:5)

8: ദൈവത്തിന്‍റെ ആലയത്തില്‍ തൂണ്

“ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും.” (വെളിപ്പാട് – 3:12)

9: ദൈവസിംഹാസനത്തില്‍ ഇരുത്തും.

“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ വരം നല്കും.” (വെളിപ്പാട് – 3:21)

ജയജീവിതം-ജയജീവിതത്തിന്‍റെ രഹസ്യം

ജയജീവിതത്തിന്‍റെ രഹസ്യം

അനുദിനജീവിതത്തില്‍ നാം ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ അനേകം പേര്‍ക്കും ജയജീവിതം നയിക്കുവാന്‍ സാധിക്കുന്നില്ല. അതിന്‍റെ കാരണം ജയജീവിതത്തെക്കുറിച്ചുള്ള വെളിപ്പാട് അവര്‍ക്കില്ലാത്തതാണ്. ജയജീവിതം നയിക്കുവാന്‍ ആവശ്യമായ ചില കാര്യങ്ങളെക്കുറിച്ച് താഴെപ്പറയുന്നു.

1. സമര്‍പ്പണം

“നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനായി അശുദ്ധിക്കും അധര്‍മ്മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിക്കുവിന്‍.” (റോമന്‍ – 6:19)

ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍:

“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സര്‍വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വരുന്നു.”

എന്ന് അവന്‍ പറയുന്നു. (എബ്രായര്‍ – 10:57)

ദൈവേഷ്ടപ്രകാരമുള്ള ഒരു ജീവിതം ചെയ്യുവാന്‍ ഒരുക്കപ്പെട്ട ഒരു ശരീരം ആവശ്യമാണ്. ദൈവകരങ്ങളാല്‍ ഒരുക്കപ്പെടാത്ത ഒരു ശരീരത്തിനു ദൈവേഷ്ടം ചെയ്യുവാന്‍ സാധിക്കയില്ല. ഒരു ശരീരം ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ശരീരത്തെ ദൈവകരങ്ങളില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കണം. സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു ശരീരത്തിനു മാത്രമെ ദൈവേഷ്ടപ്രകാരം ഒരുക്കപ്പെടുവാന്‍ സാധിക്കുകയുള്ളു. റോമര്‍ 12-ന്‍റെ 1-ല്‍ പറയുന്നത് “നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.” ഇപ്രകാരമാണ്.

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച ഒരു വ്യക്തി അവനെ സമ്പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണമെന്നത് നമ്മെ ക്രിസ്തുവിന് പൂര്‍ണ്ണമായി വില്‍ക്കുക എന്നതാണ്. അപ്പോള്‍ മുതല്‍ നമുക്ക് വ്യക്തിപരമായ യാതൊരു അവകാശങ്ങളും ഉണ്ടായിരിക്കുകയില്ല. നാം ഇനിമേല്‍ നമ്മുടെ വക ആയിരിക്കുകയില്ല. നമുക്ക് ഇനി യാതൊന്നിന്മേലും ഒരു അവകാശവും ഉണ്ടായിരിക്കുകയില്ല. നാം ക്രിസ്തുവിന് ദാസന്മാരായിത്തീരും. നാം നമ്മുടെ മരണംവരെയും ഈ സമര്‍പ്പണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്‍റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി – 16:24)

ഒരിക്കല്‍ ക്രിസ്തു നമ്മെ വിലയ്ക്കുവാങ്ങിയാല്‍പ്പിന്നെ നാം ഈ ഭൂമിയില്‍ അന്യരായിത്തീരുകയും നാമും ലോകത്തിലെ സകല കാര്യങ്ങള്‍ക്കുമിടയില്‍ ഒരു വേര്‍തിരിവ് സംഭവിക്കുകയും ചെയ്യുന്നു. പിന്നെ ഈ ലോകത്തിലെ യാതൊന്നും നമ്മുടെ വകയല്ല.

നമ്മുടെ ദേഹം, ദേഹി, ആത്മാവ്, വിദ്യാഭ്യാസം, ജോലി, മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍, സുഹൃത്തുക്കള്‍, ജീവിതം നയിക്കുന്ന സ്ഥാനങ്ങള്‍, പണം, തുടങ്ങിയ സകലത്തേയും ദൈവത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണം. അപ്പോള്‍ നാം പൂര്‍ണ്ണമായും ദൈവത്തിന്‍റേതായിത്തീരും, ദൈവം നമ്മുടേതും.

രക്ഷിക്കപ്പെടുന്നതിനുമുമ്പ് നാം പാപത്തിന്‍റെ ദാസന്മാരായിരുന്നു. എന്നാല്‍ ക്രിസ്തു തന്‍റെ രക്തത്താല്‍ നമ്മെ വിലയ്ക്കുവാങ്ങി. രക്ഷിക്കപ്പെടുന്നതിനുമുമ്പ് നാം നമ്മെ പാപത്തിനായി സമര്‍പ്പിച്ചിരുന്നതുപോലെ ഇപ്പോള്‍ നാം നമ്മുടെ ശരീരത്തെ വിശുദ്ധീകരണത്തിനായി ദൈവകരങ്ങളില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണം. അനുദിനജീവിതത്തില്‍ നാം പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നമ്മെത്തന്നെ എണ്ണണം. (റോമര്‍ – 6:112) ഇങ്ങനെ സമ്പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട് ജീവിക്കുക എന്നതാണ് ജയജീവിതത്തിനുള്ള ഒന്നാമത്തെ പടി.

2. തന്നെത്താന്‍ സൂക്ഷിക്കണം

“ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.” (1 യോഹന്നാന്‍ – 5:18)

ജയജീവിതം നയിക്കുവാനുള്ള രണ്ടാമത്തെപടി നാം നമ്മെത്തന്നെ സൂക്ഷിക്കുക എന്നുള്ളതാണ്. ദൈവപൈതലായിത്തീര്‍ന്ന ഒരു വ്യക്തിയെ എങ്ങനെയെങ്കിലും പാപംചെയ്യിച്ച് അവന്‍റെ രക്ഷയെ നഷ്ടമാക്കുവാന്‍ സാത്താന്‍ ശ്രമിക്കുന്നു. പാപം എപ്പോഴും നമ്മുടെ വാതില്ക്കല്‍ കിടക്കുന്നു. അതിന്‍റെ ആഗ്രഹം നമ്മോടാകുന്നു. നാം അതിനെ കീഴടക്കണം അപ്പോള്‍ നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.

യാക്കോബിന്‍റെ മകനായ യോസേഫിനെക്കുറിച്ച് പഠിക്കുമ്പോള്‍ അവന്‍ പൊത്തിഫറിന്‍റെ വീട്ടില്‍ ദാസനായി ജോലിചെയ്തുവരവെ പൊത്തിഫറിന്‍റെ ഭാര്യ അവനില്‍ നോട്ടംവച്ചു. തന്നോടൊത്ത് പാപംചെയ്യുവാന്‍ അവള്‍ അവനെ അനേകം പ്രാവശ്യം പ്രേരിപ്പിച്ചു. താന്‍ പാപംചെയ്താല്‍ ആരും അറിയുകയില്ലായിരുന്നു. എന്നാല്‍ താന്‍ പാപം ചെയ്തില്ല. അവന്‍ പാപത്തില്‍നിന്ന് ഓടി തന്നെത്താന്‍ സൂക്ഷിച്ചു. (ഉല്പത്തി – 39-ാം അദ്ധ്യായം) യോസേഫിന്‍റെ ജീവിതം നമുക്ക് ഒരു മാതൃകയായിരിക്കണം.

പാപസാഹചര്യങ്ങളില്‍നിന്നും ഓടി നാം നമ്മെത്തന്നെ സൂക്ഷിക്കണം.

എന്നാല്‍ ദാവീദ് തന്നെത്താന്‍ സൂക്ഷിക്കാത്തതിനാല്‍ ഹിത്യനായ ഊരിയാവിന്‍റെ ഭാര്യ ബത്ത്ശേബയുമായി പാപംചെയ്തു. നാം നമ്മെത്തന്നെ സൂക്ഷിച്ചില്ലെങ്കില്‍ പാപത്തില്‍ വീണുപോകുവാന്‍ ഇടയുണ്ട്.

“ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ് – 31:1)

ഭക്തനായ ഇയ്യോബ് പാപത്തില്‍ വീണുപോകാതിരിപ്പാന്‍ തന്‍റെ കണ്ണുമായി താന്‍ ഒരു നിയമം ചെയ്തു. അതുപോലെ നാമും പാപസാഹചര്യത്തില്‍ അകപ്പെട്ടു പോകാതിരിപ്പാന്‍ നമ്മുടെ കണ്ണ്, വായ്, ചിന്ത തുടങ്ങിയവയെല്ലാമായി നാമും ഒരു നിയമം ചെയ്യേണ്ടതാണ്.

എങ്ങനെ നമുക്ക് നമ്മെത്തന്നെ സൂക്ഷിക്കുവാന്‍ കഴിയും?

പാപംചെയ്ത് ദൈവകൃപയില്‍നിന്നും ദൈവസന്നിധിയില്‍നിന്നും നാം വീണുപോകാതെ പാപത്തെ ജയിച്ച് ഒരു ജയജീവിതം നയിക്കുവാന്‍ നമ്മുടെ ജീവിതത്തെ സൂക്ഷിക്കേണ്ടത് എങ്ങനെ എന്ന് ചുവടെ വിവരിക്കുന്നു.

a) മലിനപ്പെടുകയില്ലെന്ന് തീരുമാനിക്കുക.

എന്‍റെ ജീവിതത്തെ ഒരിക്കലും മലിനപ്പെടുത്തുകയില്ലന്ന് ഒരു ഉറച്ച തീരുമാനം നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. ‘ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കയില്ല’ (ദാനിയേല്‍ – 1:8) എന്നു ദാനിയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു. അതവന്‍റെ ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു പാപത്തെ ജയിക്കുവാന്‍ അതിനെതിരായി “ഞാന്‍ എന്‍റെ ജീവിതത്തെ മലിനപ്പെടുത്തുകയില്ല” എന്ന ഒരു തീരുമാനമാണ് ആദ്യം ഉണ്ടാകേണ്ടത്.

b) നമ്മുടെ ഉത്തരവാദിത്വം മനസ്സിലാക്കുക.

നമുക്ക് ദൈവമുമ്പാകെ ഒരു ഉത്തരവാദിത്വമുണ്ട്. ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് നാം അറിവില്ലാത്തവരായിരിക്കരുത്. നാം നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുമ്പോള്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുവാന്‍ ഇടയാകും. അതുകൊണ്ട് നിരുത്തരവാദികളാകാതെ ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ ചെയ്യുന്നവരായിരിക്കണം.

c) ഉന്നതവും ശ്രേഷ്ഠവുമായ വിളിയെ ഓര്‍ക്കുക.

നമ്മുടെ വിളി ഉന്നതവും ശ്രേഷ്ഠവുമായ വിളിയാണ്.

“അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, (എബ്രായര്‍ – 3:1)

“നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”(1 പത്രൊസ് 2:9)

നമ്മുടെ വിളി അതിശ്രേഷ്ഠകരമായ വിളിയാണ്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിനാലും നമ്മുടെ ജീവിതവും മനസ്സും മലിനപ്പെടുത്തുന്നതിനാലും നമ്മുടെ ഉന്നതവിളിയെ നാം തിരസ്കരിക്കുകയാണ്. ദൈവസിംഹാസനത്തില്‍ ഇരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. (വെളിപ്പാടു – 3:21) ആകയാല്‍ നമ്മുടെ ഉന്നതവിളിയെക്കുറിച്ച് നാം സദാ ബോധവാന്മാരായിരിക്കണം.

d) അതിരുകള്‍ അറിയുക.

നാം നമ്മുടെ അതിരുകള്‍ മനസ്സിലാക്കി അതിരിനുള്ളില്‍ നില്ക്കണം. “കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.” (സഭാപ്രസംഗി – 10:8) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷമല്ലാതെ മറ്റ് യാതൊന്നും ഏദന്‍തോട്ടത്തില്‍ ദൈവം ആദാമിനും ഹവ്വക്കും വിലക്കിയിരുന്നില്ല. നാം പോകരുതാത്ത ചില ഇടങ്ങള്‍ ഉണ്ട്. തൊടരുത്, രുചിക്കരുത്, ഇടപെടരുത് എന്നു ചില വസ്തുക്കളുമുണ്ട്. പ്രലോഭനത്തിന് ഹേതുവായിരിക്കുന്നതെന്തും നമുക്ക് പൊത്തിഫേറിന്‍റെ ഭാര്യയെപ്പോലെയൊ വിലക്കപ്പെട്ട വൃക്ഷംപോലെയൊ ആണ്. താഴ്മയുള്ള ആത്മാവോടുകൂടെ നാം അതിരുകള്‍ ഗ്രഹിക്കണം. നാം നമ്മെത്തന്നെ മറന്നു നിഗളിച്ചുപോയാല്‍ വളരെ എളുപ്പത്തില്‍ അനാവശ്യമായ കണികളിലും പ്രലോഭനങ്ങളിലും അകപ്പെട്ടുപോകും. നാം എന്തുതന്നെ അന്വേഷിച്ചാലും അത് മനസ്സിന്‍റെ നിര്‍മ്മലതയോടെ അല്ലെങ്കില്‍ ക്രമേണ അതു ജീവിതത്തെ മലിനപ്പെടുത്തും. ശിംശോന്‍ ജഡിക സംതൃപ്തി അന്വേഷിച്ചു. ശൗല്‍രാജാവ് മനുഷ്യരുടെ മാനം അന്വേഷിച്ചു. ശലമോന്‍ ലൗകികസന്തോഷങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ എല്ലാവരും വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് നമ്മുടെ അതിരുകളെക്കുറിച്ച് നമുക്ക് നല്ല അറിവുണ്ടായിരിക്കണം.

e) പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കുക.

നാം പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കുന്നവരായിരിക്കണം. പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും പല പ്രലോഭനങ്ങളിലും പാപത്തിലും വീണുപോകുന്നത്. ദൈവം പാപത്തെ കാണുന്നതുപോലെ നാമും പാപത്തെ കാണണം.

നാം ചെയ്യുന്ന ഏതു പാപവും ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണെന്ന് മനസ്സിലാക്കണം. അതറിയുവാന്‍ നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം ദൈവത്തിനു കൊടുക്കണം. നാം ദൈവത്തെ നമ്മുടെ ജീവിതത്തില്‍നിന്ന് പുറത്താക്കുകയൊ ജീവിതത്തിന്‍റെ ഏതോ ഒരു മൂലയില്‍ സൂക്ഷിച്ചുവയ്ക്കുകയൊ ചെയ്താല്‍ നാം എളുപ്പത്തില്‍ പാപത്തിനു കീഴടങ്ങും.

f) പിശാചിന്‍റെ ശബ്ദത്തിനു ചെവികൊടുക്കരുത്.

നാം പിശാചിന്‍റെ വാക്ക് ശ്രദ്ധിക്കയൊ അതിന് ചെവികൊടുക്കുകയൊ ചെയ്യരുത്. ഏതെങ്കിലും പ്രലോഭനത്തില്‍ അകപ്പെടുന്നതിനുമുമ്പുതന്നെ മനുഷ്യര്‍ പിശാചിന്‍റെ ശബ്ദം ശ്രദ്ധിക്കും. ഇതാണ് ഹവ്വയ്ക്ക് സംഭവിച്ചത്. (ഉല്പത്തി 3:1) ദാവീദും ഒരു സന്ദര്‍ഭത്തില്‍ സാത്താന് ചെവികൊടുത്തു. (1 ദിനവൃത്താന്തം- 21:1) എന്നാല്‍ പരീക്ഷകന്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ ദൈവവചനത്താല്‍ പെട്ടന്നവനെ പറഞ്ഞയച്ചു. (മത്തായി – 4-ാം അദ്ധ്യായം)

എല്ലാദിവസവും സാത്താന്‍ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കും. എന്നാല്‍ നാം അവന്നു ചെവികൊടുക്കരുത്. സാത്താന്‍റെ വശീകരണവാക്കുകള്‍ക്ക് ചെവിപൊത്തുക. എല്ലാദിവസവും ദൈവശബ്ദം നാം കേള്‍ക്കുന്നവരായിരിക്കണം. ഇല്ലെങ്കില്‍ പിശാചിന്‍റെ ശബ്ദം കേള്‍ക്കുന്നവരായിത്തീരും. ദൈവം തങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കുവാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ അനേകരും പിശാചിന് ചെവികൊടുക്കുന്നു. നാം ഒരിക്കലും അങ്ങനെയായിത്തീരരുത്.

g) പാപത്തിന്നായി ചിന്തിക്കരുത്.

യൗവ്വനമോഹങ്ങളെ വിട്ടോടുവിന്‍ (2 തിമൊഥെയൊസ് – 2:22) ജഡത്തിന്നായി ചിന്തിക്കരുത് (റോമര്‍ – 13:14) എന്നു തിരുവചനം പഠിപ്പിക്കുന്നു. പാപത്തിന്നായി ചിന്തിക്കുന്നതിനാലാണ് മനുഷ്യര്‍ പരീക്ഷകളില്‍ അകപ്പെടുന്നത്. ആദ്യത്തെ നോട്ടത്തില്‍ ഒരു പാപവുമില്ല. എന്നാല്‍ രണ്ടാമത്തെ നോട്ടം പാപത്തിന്‍റെ നോട്ടമാണ്. കാരണം അത് ജിജ്ഞാസയോടെ ഉള്ള നോട്ടമാണ്.

ഒരു പ്രത്യേക സ്ഥലത്ത്, പ്രലോഭിപ്പിക്കുന്ന ഏതെങ്കിലും വസ്തു ഉണ്ടെന്നു നമുക്ക് അറിയാമെങ്കില്‍ അവിടേക്ക് നമ്മുടെ കണ്ണുകള്‍ പോകാതിരിക്കുന്നതാണ് നല്ലത്. പ്രലോഭിപ്പിക്കുന്ന സാഹചര്യങ്ങള്‍, സ്ഥലങ്ങള്‍, മനുഷ്യര്‍ മുതലായവ നാം ഒഴിവാക്കണം. ചിലര്‍ ഇപ്രകാരം ചിന്തിക്കുന്നു. “പരീക്ഷകളില്‍ ചെറുത്തുനില്ക്കുവാനുള്ള ശക്തി എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ അത് അഭിമുഖീകരിക്കും. ഞാന്‍ അതു വായിക്കട്ടെ, ഞാന്‍ ആ പ്രോഗ്രാം കാണട്ടെ, ഞാന്‍ അതിന്‍റെ അടുക്കല്‍ പോകട്ടെ.” ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ ആത്മീയ ബലഹീനതയാണ്. ശരിയായ ആത്മീയബലം എന്നതു പ്രലോഭിപ്പിക്കുന്നവയെ ഒഴിവാക്കുക എന്നതാണ്.

മുകളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ നാം പാലിച്ചാല്‍ നമുക്ക് പാപത്തിന്മേല്‍ ഒരു ജയം പ്രാപിച്ച് ജീവിക്കുവാന്‍ കഴിയും.

3. ആത്മാവിനെ അനുസരിച്ച് നടക്കുക.

“ആത്മാവിനെ അനുസരിച്ചു നടക്കുവിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കുകയില്ല എന്നു ഞാന്‍ പറയുന്നു.” (ഗലാത്യര്‍ – 5:16)

രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരു വ്യക്തി ആത്മാവിനെ അനുസരിച്ച് നടക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ആത്മാവിനെ സമ്പൂര്‍ണ്ണമായി അനുസരിച്ചു നടക്കുമ്പോള്‍ നമുക്കൊരു ജയജീവിതം നയിക്കുവാന്‍ സാധിക്കും. ഇന്നനേകര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിട്ടുണ്ടെങ്കിലും ആത്മാവിനെ അനുസരിച്ചു നടക്കുന്നില്ല. പകരമായി തങ്ങളുടെ സ്വന്തബുദ്ധിയിലും കഴിവുകളിലും ജഡത്തിലും ആശ്രയിച്ച് ജിവിക്കുന്നു പ്രവൃത്തിക്കുന്നു. തന്മൂലം ദൈവപ്രവൃത്തി അവരിലൂടെ വെളിപ്പെടുത്തുവാന്‍ ദൈവത്തിന് കഴിയുന്നില്ല.

ജഡത്തിലാശ്രയിച്ച്, ജഡത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാനൊ ഒരു ജയജീവിതം നയിക്കുവാനോ സാധിക്കയില്ല. ജഡത്തിന്‍റെ പ്രവൃത്തികളായ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് തുടങ്ങിയവ ഇവരില്‍നിന്നു പുറപ്പെട്ടുകൊണ്ടിരിക്കും.

ദൈവം തന്‍റെ ആത്മാവിനെ ഒരുവനില്‍ പകരുന്നതിന്‍റെ ഉദ്ദേശ്യം അവന്‍ സകല സത്യത്തിലും വഴിനടന്ന് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുവാന്‍ വേണ്ടിയാണ്. (യോഹന്നാന്‍ 16:13) നമ്മിലെ സ്വയം (ജഡം) ഇല്ലാതായെങ്കില്‍മാത്രമെ ആത്മാവിനെ അനുസരിച്ച് നടക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളു. നാം ആത്മാവിനെ അനുസരിച്ച് നടക്കുമ്പോള്‍ ആത്മാവിന്‍റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍നിന്നു പുറപ്പെടും. തല്ഫലമായി നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.

4. സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുക.

“ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍. പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്ക്കുവാന്‍ കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്ളുവിന്‍. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍ക്കുവാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്ളുവിന്‍. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും എല്ലാറ്റിനുംമീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കൊടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്ക്കുവിന്‍. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളുവിന്‍.” (എഫെസ്യര്‍ – 6:10-17)

ഒരു വിശ്വാസി ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗത്തെ ധരിച്ച് ശത്രുവാം സാത്താനോടു പോരാടി ജയിക്കുന്നവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു വിശ്വാസി ക്രിസ്തീയ ജീവിതത്തില്‍ വിജയിക്കുവാന്‍ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചു പോരാടണം.

a: സത്യം എന്ന അരക്കച്ച

നമ്മുടെ അരക്കെട്ട് സത്യമായിരിക്കണം. നമ്മുടെ അനുദിനജീവിതത്തില്‍ വചനത്തെ അനുസരിച്ച് ജീവിക്കണം. കാരണം വചനം സത്യമാണ്. (യോഹന്നാന്‍ – 17:17) അതുപോലെ സത്യസന്ധത, ആത്മാര്‍ത്ഥത, തുറന്ന മനോഭാവം തുടങ്ങിയവയെല്ലാം നമ്മില്‍ ഉണ്ടായിരിക്കണം. വിശ്വാസികളെന്നനിലയില്‍ നാം കപടഭക്തിയും കൃത്രിമത്വവും ഉള്ളവരായിരിക്കാം. നാം പറയുന്ന പലകാര്യങ്ങളും ഹൃദയത്തില്‍നിന്നു ഉച്ചരിക്കുന്നതല്ല. മറിച്ച് അവ നല്ലകാര്യങ്ങളാണെന്നുള്ള ബോധത്തില്‍ പറയുന്നവയാണ്. സത്യസന്ധതയില്ലാത്തതും ആത്മാര്‍ത്ഥതയില്ലാത്തതുമായ കാര്യങ്ങള്‍ ഫലപ്രദമായ ഒരു ക്രിസ്തീയജീവിതം നയിക്കുന്നതിന് നമ്മെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് എല്ലാത്തരത്തിലുള്ള കാപട്യവും കപടഭക്തിയും ആത്മാര്‍ത്ഥതയില്ലായ്മയും നാം ഉപേക്ഷിക്കേണ്ടതാണ്.

b: നീതിയുടെ കവചം.

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതം ഉപേക്ഷിക്കുമ്പോള്‍ നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നു. പാപം അറിയാത്തവനായ യേശുവിനെ നാം അവനില്‍ ദൈവത്തിന്‍റെ നീതിയാകേണ്ടതിന് അവന്‍ നമുക്കുവേണ്ടി പാപമാക്കി എന്നു 2 കൊരിന്ത്യര്‍ 5-ന്‍റെ 21-ല്‍ കാണുന്നു. ഈ നീതി വിശ്വാസത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ദൈവം നല്കുന്ന നീതീകരണമാണ് ഏറ്റവും പ്രധാനമായത്. ഈ വിശ്വാസം നമ്മെ ഒരു ജയജീവിതം നയിക്കുവാന്‍ സഹായിക്കുന്നു.

“നാമോ പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമുള്ളവരായിരിക്കുക.” (1 തെസ്സലൊനീക്യര്‍ – 5:8)

നീതിയുടെ കവചമെന്നത് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും കവചമാണ്. വിശ്വാസം സ്നേഹത്തിലൂടെ മാത്രമെ പ്രാവര്‍ത്തികമാവുകയുള്ളൂ. അതിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം പറയുന്നു. “ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല; അഗ്രചര്‍മ്മവുമല്ല; സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.” (ഗലാത്യര്‍ – 5:6) ബാഹ്യമായ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ഇതിനപര്യാപ്തമാണ്. ക്രിസ്തീയ ജീവിതത്തില്‍ വിജയിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു കാര്യമേ ഉള്ളൂ. അതു വിശ്വാസമാണ്. സ്നേഹത്തിലൂടെ വ്യാപരിക്കുന്ന വിശ്വാസം. സ്നേഹം മരണംപോലെ ശക്തമാണെന്ന് ഉത്തമഗീതം 8:6-ല്‍ പറയുന്നു. നാം എല്ലാവരും ഏറ്റുമുട്ടേണ്ട അപ്രതിരോധ്യമായ ഒരു ശക്തിയാണ് മരണം. നമ്മില്‍ ഒരാള്‍ക്കുപോലും അതിനെ എതിര്‍ത്തുനില്ക്കുവാന്‍ സാധ്യമല്ല. ദൈവവചനം പറയുന്നത് സ്നേഹം മരണത്തോളം ബലമുള്ളതാണെന്നാണ്. അതിനാല്‍ നമ്മുടെ ജീവിതം സ്നേഹത്താല്‍ നിറയപ്പെട്ടതാകട്ടെ.

c: സുവിശേഷത്തിനായുള്ള ഒരുക്കം എന്ന ചെരുപ്പ്

പല ക്രിസ്ത്യാനികളും തങ്ങള്‍ രക്ഷിക്കപ്പെട്ടവരാണെന്നും വീണ്ടും ജനിച്ചവരാണെന്നും അവകാശപ്പെടുന്നു. എങ്കിലും എപ്രകാരമാണ് രക്ഷിക്കപ്പെട്ടതെന്നും എങ്ങനെ മറ്റുള്ളവര്‍ക്ക് രക്ഷിക്കപ്പെടാമെന്നതിനും ശരിയായ ഉത്തരം നല്കുവാന്‍ അവര്‍ക്ക് സാധിക്കാറില്ല. ഇവിടെ ഒരുക്കം എന്നതിന് തിരുവചനപഠനം, അവയെ ഓര്‍ത്തുവയ്ക്കുവാനുള്ള കഴിവ്, സുവിശേഷസന്ദേശത്തെ പങ്കുവയ്ക്കുവാനുള്ള കഴിവ് എന്നിവ ഉള്‍പ്പെടുന്നു. സുവിശേഷംകേട്ട് അതു വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരില്‍ അതു സമാധാനം പകരുന്നു. അതുകൊണ്ട് ഇതിനെ സമാധാനസുവിശേഷം എന്നു പറയുന്നു.

സമാധാനത്തെ സംബന്ധിച്ച് വളരെ ഉറപ്പേറിയ ഒരു വസ്തുതയുണ്ട്. നമ്മില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമെ മറ്റുള്ളവര്‍ക്കും അതു പങ്കുവയ്ക്കുവാന്‍ സാധിക്കയുള്ളു. നമ്മില്‍ ഇല്ലാത്ത ഒന്ന് പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കയില്ല. അതിനെക്കുറിച്ച് സംസാരിക്കുവാനോ അതിനെ നിര്‍വ്വചിക്കുവാനോ സാധിച്ചാലും അതിനെ പകര്‍ന്നു നല്കുവാന്‍ സാധിക്കയില്ലെന്നതാണ് സത്യം.

അതിനാല്‍ നാം ദൈവവചനത്തില്‍ വളരെ നിശ്ചയമുള്ളവരായിരിക്കണം.

d: വിശ്വാസം എന്ന പരിച

ക്രിസ്തീയജീവിതത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. ഒരു വ്യക്തി രക്ഷിക്കപ്പെടുന്നത് വിശ്വാസത്താലാണ്. ജയകരമായ ഒരു ജീവിതം നയിക്കുവാന്‍ ആവശ്യമായ ഘടകമാണ് വിശ്വാസം. ദൈവത്തിലും ദൈവവചനത്തിലുമുള്ള ആശ്രയമാണ് വിശ്വാസം. ഒരുവനില്‍ വിശ്വാസം വ്യാപരിക്കുമ്പോള്‍ ഏതു പ്രതികൂലത്തിന്‍റെയും പ്രശ്നത്തിന്‍റെയും നടുവിലും ജയാളിയായി നില്ക്കുവാന്‍ അവന് സാധിക്കും.

e: രക്ഷയുടെ ശിരസ്ത്രം

രക്ഷയുടെ ശിരസ്ത്രമെന്നതു പ്രത്യാശയാണ്. (1 തെസ്സലൊനിക്യര്‍ 5:8) മനസ്സിന്‍റെ സംരക്ഷണം പ്രത്യാശയും, ഹൃദയത്തിന്‍റെ സംരക്ഷണം വിശ്വാസവുമാണ്. പ്രത്യാശയെ പണിതെടുക്കുന്നത് വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യത്തിന്മേലാണ്. പ്രത്യാശ ദൈവവാഗ്ദത്തങ്ങളില്‍ അധിഷ്ഠിതവും നല്ലതും സ്ഥിരതയുള്ളതുമാണ്. പ്രത്യാശ നിരാശക്കും സ്വയസഹതാപത്തിനും സംശയത്തിനും ഇടംകൊടുക്കുന്നില്ല. ഒരുവനെ ജയജീവിതത്തിലേക്ക് നയിക്കുവാന്‍ പ്രത്യാശക്ക് കഴിയും.

f: ആത്മാവിന്‍റെ വാള്‍

മനുഷ്യവ്യക്തിത്വത്തിന്‍റെ എല്ലാ മേഖലകളിലേക്കും കടന്നുചെല്ലുന്ന ഒന്നാണ് തിരുവചനം. മനുഷ്യവ്യക്തിത്വത്തിന്‍റെ ആഴമേറിയ ഘടകങ്ങളായ പ്രാണനേയും ആത്മാവിനേയും അത് വിഭജിക്കുന്നു. ഇരുവായ്ത്തലയുള്ള ഏതുവാളിനേക്കാളും അതു മൂര്‍ച്ചയുള്ളതാണ്. (എബ്രായര്‍ 4:12; വെളിപ്പാടു 1:16) നമ്മുടെ ജീവിതത്തിന്‍റെ എല്ലാമേഖലകളിലും ആത്മാവിന്‍റെ വാളാകുന്ന ദൈവവചനത്താല്‍ വിജയം പ്രാപിക്കാന്‍ നമുക്ക് കഴിയണം.

5. ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക.

“പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍.” (മത്തായി 26:41)

പ്രാര്‍ത്ഥനയാണ് ഒരു വിശ്വാസിയുടെ ആത്മശക്തി. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിലെ ആത്മീയബലം വര്‍ദ്ധിച്ച് സാത്താന്‍, പാപം, പരീക്ഷ, ബലഹീനത തുടങ്ങിയവയെ നാം ജയിക്കും. നമുക്ക് ആഴമേറിയ പ്രാര്‍ത്ഥനാനുഭവം ഉണ്ടെങ്കില്‍ പാപത്തിന് നമ്മെ തൊടുവാന്‍ സാധിക്കുകയില്ല. പ്രാര്‍ത്ഥന നമുക്ക് യഥാര്‍ത്ഥമായ സമാധാനം തരുന്നു. പ്രാര്‍ത്ഥന നമുക്ക് സ്വാതന്ത്ര്യം തരുന്നു.

നാം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പരീക്ഷയില്‍ അകപ്പെട്ട് ദൈവനാമത്തിനു ദൂഷണം വരുത്തുന്നവരായിത്തീരും. നാം പാപത്തിന്‍റെ അടിമത്വത്തില്‍ വീണ്ടും ആയിപ്പോകും. പ്രാര്‍ത്ഥന ശക്തിയേറിയ ഒരു ആയുധമാണ്. സ്ഥിരമായ പ്രാര്‍ത്ഥനാ ജീവിതത്താല്‍ നമുക്കു വിജയം കൈവരിക്കുവാന്‍ സാധിക്കും.

6. ക്രൂശിനെ ധ്യാനിക്കുക.

“വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക, തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു. നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിക്കുവാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്ളുവിന്‍.” (എബ്രായര്‍ – 12:2,3)

യേശു നമുക്കുവേണ്ടി സന്തോഷത്തോടെ പീഡകള്‍ സഹിച്ചു മരിച്ചു. നമ്മെ പാപത്തില്‍നിന്നും ലോകത്തില്‍നിന്നും സാത്താന്‍റെ അടിമത്വത്തില്‍നിന്നും വിടുവിച്ചു. തനിക്കു നേരിട്ട സകല പീഡകളെയും താന്‍ സന്തോഷത്തോടെ സഹിച്ചുവെങ്കില്‍, നമുക്ക് പരീക്ഷകളും പ്രലോഭനങ്ങളും നേരിടുമ്പോള്‍ ക്രൂശിനെ ധ്യാനിച്ച് ജയം പ്രാപിക്കുവാന്‍ സാധിക്കും. കാല്‍വരിക്രൂശിനെക്കുറിച്ചുള്ള വെളിപ്പാട് നമ്മുടെ ജീവിതത്തില്‍ എന്നും ഉണ്ടായിരിക്കണം. പാപത്തിന്‍റേയും പ്രലോഭനത്തിന്‍റേയും പരീക്ഷകള്‍ കടന്നുവരുമ്പോള്‍ നമുക്കുവേണ്ടി കഷ്ടം സഹിച്ചു മരിച്ച യേശുവിനെ ഓര്‍ക്കുക. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി പാപം ഇല്ലാതിരുന്ന യേശു പാപമായി. കാല്‍വരിയുടെ വെളിപ്പാട് നമ്മില്‍ ഉണ്ടെങ്കില്‍ നമുക്ക് ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും.

ജയജീവിതം-കാല്‍വരി ക്രൂശിലെ ജയം

“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും.” (വെളിപാട് – 3:21)

യേശുക്രിസ്തുവിന്‍റെ ജീവിതം ജയജീവിതമായിരുന്നു. യേശു പാപം, രോഗം, സാത്താന്‍, ലോകം, ജഡം, പാതാളം, മരണം തുടങ്ങിയവയെല്ലാം ജയിച്ചു. അതുപോലെ യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോ ദൈവപൈതലും ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോസ് – 2:9) യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനില്‍നിന്നു പാപക്ഷമ പ്രാപിച്ച് അവന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഒരു ദൈവപൈതലിനെ രാജകീയപുരോഹിതവര്‍ഗ്ഗമായിട്ടാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ജയജീവിതം നയിക്കുന്നവര്‍ക്കു മാത്രമെ രാജാക്കളായി ക്രിസ്തുവിനോടുകൂടി സിംഹാസനത്തില്‍ ഇരിക്കുവാന്‍ സാധിക്കുകയുള്ളൂ.

തങ്ങള്‍ക്കു നേരിടുന്ന നാനാവിധ പരീക്ഷകളിലും പ്രതികൂലങ്ങളിലും വിജയികളാകുന്നവര്‍ക്കു മാത്രമെ “രാജ്യവും” (ലൂക്കോസ് – 22:28-30) “കിരീടവും” (യാക്കോബ് – 1:12) “സിംഹാസനവും” (വെളിപ്പാട് – 3:21) പ്രാപിച്ച് ഭരണകര്‍ത്താക്കളായിരിക്കുന്നതിനു കഴിയുകയുള്ളൂ. ഒരു ദൈവപൈതല്‍ പാപം, രോഗം, ശാപം, ഭയം, ലോകം, ജഡം, സാത്താന്‍, മരണം, പാതാളം തുടങ്ങിയ സകലതിനേയും ജയിച്ച് ജയാളികളായിത്തീരണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ അനേക വ്യക്തികള്‍ക്കും ഒരു ജയജീവിതമൊ പരിശുദ്ധജീവിതമൊ നയിക്കുവാന്‍ സാധിക്കുന്നില്ല. അനേക വ്യക്തികള്‍ക്കും ജയജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. അനേകരും ഒരു ജയജീവിതത്തിനായി പരിശ്രമിച്ച് ഒടുവില്‍ പരാജയപ്പെടുന്നു. ഈ ചെറു പുസ്തകത്തിലൂടെ എങ്ങനെ ജയജീവിതം നയിച്ച് സ്വര്‍ഗ്ഗരാജ്യത്തിനവകാശിയായിത്തീരാം എന്നു പ്രതിപാദിച്ചിരിക്കുന്നു. ഇതു നിങ്ങള്‍ക്ക് അനുഗ്രഹത്തിന് കാരണമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

അദ്ധ്യായം – 1

കാല്‍വരി ക്രൂശിലെ ജയം

“അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”

(കൊലൊസ്സ്യര്‍ – 2:14,15)

മാനവകുലത്തെ വീണ്ടെടുക്കുവാന്‍വേണ്ടി യേശു കാല്‍വരിക്രൂശില്‍ യാഗമായി. കാല്‍വരിക്രൂശില്‍വച്ച് പാപത്തെയും രോഗത്തെയും ശാപത്തെയും ലോകത്തെയും ഭയത്തെയും ജഡത്തെയും മരണത്തെയും പാതാളത്തെയും സാത്താനെയും ന്യായം വിധിച്ച് അവയുടെ ശക്തികളെ തകര്‍ത്ത് അവയുടെമേല്‍ ജയോത്സവം കൊണ്ടാടി. ആ കാല്‍വരിക്രൂശിലെ വിജയമാണ് ഒരു വിശ്വാസിയുടെ വിജയത്തിന് അടിസ്ഥാനം. ഒരു വിശ്വാസിയുടെ ജയത്തിന് ആവശ്യമായതെല്ലാം ദൈവം കാല്‍വരിക്രൂശില്‍വച്ച് പൂര്‍ത്തിയാക്കി. കാല്‍വരിക്രൂശിലെ യാഗത്തിലുള്ള വിശ്വാസത്താല്‍ ഒരു വിശ്വാസിക്ക് ജയജീവിതം നയിക്കാന്‍ സാദ്ധ്യമാണ്.

ഒരു വ്യക്തി ദൈവത്തില്‍നിന്നു ജനിക്കുമ്പോള്‍ അവന്‍ പുതിയ സൃഷ്ടിയായിത്തീരും. “ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍?” (1 യോഹന്നാന്‍ – 5:4,5) യേശുക്രിസ്തുവിനാല്‍ സകലതും സാദ്ധ്യമാണ്. ദൈവവചനം പറയുന്നു. ദൈവത്താല്‍ അസാദ്ധ്യമായതൊന്നുമില്ലല്ലോ. (ലൂക്കൊസ് – 1:37) മനുഷ്യരാല്‍ അസാദ്ധ്യമായതെല്ലാം ദൈവത്താല്‍ സാദ്ധ്യമാണ്. ഇന്ന് അനേകം വിശ്വാസികള്‍ തങ്ങളുടെ സ്വന്തം കഴിവുകൊണ്ടും പ്രയത്നംകൊണ്ടും ജയജീവിതം നയിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ പരാജയപ്പെട്ടുപോകുന്നു. കാരണം സ്വന്തം കഴിവുകൊണ്ടൊ പ്രയത്നംകൊണ്ടൊ ഒരിക്കലും ജയജീവിതം നയിക്കുവാന്‍ സാധ്യമല്ല. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖര്യാവ് – 4:6)

ആദിയില്‍ ഈ ലോകത്തിന്മേല്‍ സകല അധികാരത്തോടുംകൂടെ മനുഷ്യനെ ഏദേന്‍തോട്ടത്തിലാക്കി. (ഉല്പത്തി 1:28) ആദാം ലംഘനത്താല്‍ ദൈവംചെയ്ത ഉടമ്പടിയെ തെറ്റിക്കുകയും ദൈവം നല്കിയ ആധിപത്യം നഷ്ടപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി – 3:17,18) സാത്താന്‍ ഈ ആധിപത്യം മനുഷ്യനില്‍നിന്ന് അപഹരിച്ച് ഈ ലോകത്തിന്‍റെ ദൈവമായിത്തീര്‍ന്നു. (2 കൊരിന്ത്യര്‍ – 4:4)

മനുഷ്യന്‍ നഷ്ടമാക്കിയവയെ തിരികെ നല്‍കുവാനായി യേശുക്രിസ്തു കാല്‍വരിക്രൂശിലെ മരണത്താല്‍ പാപം, രോഗം, ശാപം, ഭയം, ലോകം, മരണം, പാതാളം, സാത്താന്‍ തുടങ്ങിയ സമസ്ത മേഖലകളെയും ന്യായംവിധിച്ച് അവയുടെമേല്‍ ജയോത്സവം കൊണ്ടാടി. കാല്‍വരിക്രൂശിലെ അനുഗ്രഹങ്ങള്‍ മുഴുവന്‍ ഒരു പുതിയ നിയമവിശ്വാസിക്ക് അവകാശപ്പെട്ടതാണ്. അതിനാല്‍ അതു നാം സ്വായത്തമാക്കണം. മനുഷ്യനു തന്‍റെ അനുസരണക്കേടിനാല്‍ ലോകത്തിന്മേലുള്ള വാഴ്ച നഷ്ടപ്പെട്ടു. ഒരു പൂര്‍ണ്ണമനുഷ്യനു മാത്രമെ അതു വീണ്ടെടുക്കുവാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ദൈവം മനുഷ്യ സാദൃശ്യത്തിലായി. അവന്‍ ഒരു തികഞ്ഞ ജീവിതംനയിച്ച് ദൈവത്തിന്‍റെ സമ്പൂര്‍ണ്ണഹിതം നിറവേറ്റിക്കൊണ്ട് കാല്‍വരിയില്‍ മരിച്ചു ലോകത്തിന്‍റെ വീണ്ടെടുപ്പ് സാധിച്ചു. യേശു കാല്‍വരി യാഗത്തിലൂടെ നേടിയ വിജയം നമുക്കനുഭവിക്കണമെങ്കില്‍ യേശുക്രിസ്തുവിന്‍റെ കാല്‍വരിക്രൂശിലുള്ള യാഗത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമെ സാധ്യമാകയുള്ളൂ.

1: പാപം

“ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു; പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു.” (റോമര്‍ – 8:3)

പഴയനിയമകാലത്ത് പാപംപോക്കി ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല, പാപം മറയ്ക്കപ്പെടുക മാത്രമായിരുന്നു. (സങ്കീര്‍ത്തനം – 32:1) ക്രൂശ് പാപത്തില്‍നിന്നുള്ള പൂര്‍ണ്ണ വീണ്ടെടുപ്പ് നല്‍കുന്നു. യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാന്‍ – 1:7) ഈ വെളിപ്പാടു പ്രാപിച്ചാല്‍ നമുക്ക് ജയകരമായി ജീവിക്കുവാന്‍ കഴിയും.

യേശുവിന്‍റെ രക്തം അമൂല്യമാണ്. അത് വിശുദ്ധവും വിലയേറിയതുമായ രക്തമാണ്. കാരണം യേശുവില്‍ പാപമില്ലായിരുന്നു. (1 യോഹന്നാന്‍ – 3:5) അവന്‍ പാപം അറിഞ്ഞിരുന്നില്ല. (2 കൊരിന്ത്യര്‍ – 5:21) അവന്‍ പാപം ചെയ്തിട്ടില്ല. (1 പത്രൊസ് – 2:22) യേശുവിന്‍റെ രക്തത്തിനു സമാനമായ രക്തം മറ്റാര്‍ക്കുമില്ല. യേശുവിന് മാനുഷിക പിതൃത്വമില്ല. യേശു പരിശുദ്ധാത്മാവിനാല്‍ ജനിപ്പിക്കപ്പെട്ടു. അതുകൊണ്ട് യേശുവിന്‍റെ രക്തത്തില്‍ നിത്യശക്തിയുണ്ട്.

പുതിയനിയമകാലത്തു ജീവിക്കുന്ന നാം പാപം നമ്മുടെ ശരീരത്തില്‍ വാഴുവാന്‍ അനുവദിക്കരുത്. എന്താണു പാപമെന്ന് അനേകം പേര്‍ക്കും അറിയില്ല. പാപമെന്നതു ദൈവത്തിനെതിരെയുള്ള പ്രവൃത്തികളാണ്. ദൈവകല്പന ലംഘിക്കുന്നതാണ് പാപം. എന്തൊക്കെയാണ് പാപപ്രവൃത്തികള്‍? അഗ്നിപ്രവേശം ചെയ്യിക്കല്‍, അജിതേന്ദ്രിയത്വം, അജ്ഞനംനോക്കല്‍, അത്യാഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം,ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്ക് (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, കോപം, ക്രോധം, ക്ഷുദ്രപ്രയോഗം, ഗര്‍വ്വം (അഹങ്കാരം), ചതി, ചീത്തത്തരം (അശ്ലീലസംസാരം), ജാരശങ്ക, ധാര്‍ഷ്ട്യം, ദുര്‍ന്നടപ്പ് (അസ്സാന്മാര്‍ഗികത), ദുരാലോചന, ദുര്‍ബുദ്ധി, ദുശ്ചിന്ത, ദുശീലം, ദുഷ്ടത, ദുഷ്ക്കര്‍മ്മം (ഭോഗാസക്തി),ദുഷ്ക്കാമം, ദൂഷണം, ദൈവദ്വേഷം, ദ്രവ്യാഗ്രഹം, ദ്രോഹം, ദ്വന്ദപക്ഷം, നന്ദികേട്, നിഗളം, നിയമലംഘനം, നിഷ്ഠൂരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പിക്കല്‍, പൊട്ടച്ചൊല്‍ (വ്യര്‍ത്ഥഭാഷണം), പ്രശ്നംനോക്കല്‍, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂര്‍ത്തംനോക്കല്‍, മൂഢത, മോഷണം, ലക്ഷണംപറയല്‍, വഞ്ചന, വമ്പുപറയല്‍, വാത്സല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കൂത്ത്, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സല്‍ഗുണദോഷം (നന്മയെ വെറുക്കുക), സ്വയംഭോഗം, സ്വവര്‍ഗ്ഗസംഭോഗം, സ്വാര്‍ത്ഥതല്പരത തുടങ്ങിയവയാണ് പാപപ്രവൃത്തികള്‍. (ആവര്‍ത്തനം – 18:10; മര്‍ക്കൊസ് – 7:21-27; റോമര്‍ – 1:29-32; 1 കൊരിന്ത്യര്‍ – 6:9,10; ഗലാത്യര്‍ – 5:19-21; എഫെസ്യര്‍ 5:3-5; 2 തിമൊഥെയൊസ് – 3:1-5; വെളിപ്പാട് – 21:8)

റോമാലേഖനം ആറാം അദ്ധ്യായം 2 മുതല്‍ 18 വരെയുള്ള വാക്യങ്ങള്‍ ജലസ്നാനത്തെക്കുറിച്ചുള്ള ഉപദേശം അതായത്, പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും വിശുദ്ധമായിരിക്കണം. വിശ്വാസസ്നാനത്തിലൂടെ നമ്മിലെ പഴയ മനുഷ്യന്‍ മരിച്ച് ക്രിസ്തുവില്‍ നാം പുതുതായി ഉയിര്‍ത്തെഴുന്നേല്ക്കും. ജയജീവിതത്തിന് വിശ്വാസസ്നാനം അത്യന്താപേക്ഷിതമാണ്.

കാല്‍വരിയില്‍ ദൈവം പാപത്തെ ന്യായം വിധിച്ചു. ഉച്ചിമുതല്‍ ഉള്ളംകാല്‍വരെ യേശുവിന്‍റെ ശരീരം തകര്‍ക്കപ്പെടുകയും അടിക്കപ്പെടുകയും കുത്തിമുറിവേല്പിക്കപ്പെടുകയും ചെയ്തത് നാം പാപത്തിന്‍റെമേല്‍ പൂര്‍ണ്ണജയം പ്രാപിക്കേണ്ടതിനാകുന്നു. കാല്‍വരിയിലൂടെ ദൈവം നമുക്കു പാപത്തിന്മേല്‍ നല്കിയിരിക്കുന്ന പൂര്‍ണ്ണജയം വിശ്വാസത്താല്‍ അവകാശമാക്കണം. നമ്മുടെ ചിന്താമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണമായ വിശുദ്ധി ഉണ്ടായിരിക്കണം.

2: രോഗം

“… അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.” (ഏശയ്യാ – 53:5)

‘സമാധാനം’ എന്നതിനുള്ള എബ്രായപദം ‘Shalom’ എന്നാണ്. സൗഖ്യത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും ക്ഷേമത്തിനും സുഖത്തിനും ഈ പദംതന്നെ ഉപയോഗിച്ചിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനുള്ള (സൗഖ്യം) ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു! അവന്‍റെ മരണം നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയായിരുന്നു. (1 പത്രൊസ് 2:24) യേശു ഏറ്റ അടികള്‍ നമ്മുടെ പാപങ്ങള്‍ക്കായിട്ടല്ല നമ്മുടെ രോഗസൗഖ്യത്തിനു വേണ്ടിയായിരുന്നു. താന്‍ ഏറ്റ അടികള്‍ നമ്മുടെ രോഗത്തെ നശിപ്പിച്ചതിനാല്‍ നമുക്ക് രോഗത്തോട് എതിര്‍ത്തു പോരാടുവാനുള്ള തീക്ഷ്ണത ഉണ്ടായിരിക്കണം. ഈ ഭൂമിയിലായിരിക്കുന്ന കാലം നാം രോഗം ബാധിക്കാത്ത അവസ്ഥയിലല്ല. എങ്കിലും നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് യേശുവിന്‍റെ അടിപ്പിണരുകളാല്‍ നമ്മുടെ പേരില്‍ രോഗസൗഖ്യം നിക്ഷേപിച്ചിരിക്കയാല്‍ നാം രോഗത്തോട് എതിര്‍ത്തു പോരാടണം. നമ്മുടെ എതിര്‍പ്പിനാല്‍ നാം രോഗത്തെ ദണ്ഡിപ്പിക്കുന്നതല്ലാതെ രോഗം നമ്മെ കീഴ്പ്പെടുത്തി ദണ്ഡിപ്പിക്കുവാന്‍ ഇടയാകരുത്. നാം പിശാചിനോടും രോഗത്തോടും എതിര്‍ത്തുനില്ക്കുന്നില്ലെങ്കില്‍ അവന്‍ നമ്മെ പീഡിപ്പിക്കും.

രോഗസൗഖ്യം മക്കളുടെ അപ്പമാകുന്നു. രോഗസൗഖ്യം യേശുവിലൂടെ നമുക്ക് പിതാവ് നല്കിയിരിക്കുന്ന ദാനമാണ്.

യേശുവിനെ റോമാ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റേയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസകഷണങ്ങള്‍ പറിച്ചെടുത്തു (സങ്കീര്‍ത്തനം – 22:16,17) യഹൂദന്മാരുടെ നിയമപ്രകാരം കുറ്റവാളിയെ ഒരുതവണ മുപ്പത്തൊന്‍പതുപ്രാവശ്യത്തിലധികം അടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ ഇരുനൂറ്റിയാറ് അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥിയും മുഖത്തെ എല്ലുകള്‍പോലും പുറത്തുകാണുന്നതുവരെ അവര്‍ അവനെ വാറിനാല്‍ അടിച്ചു. അവന്‍ നമ്മുടെ സൗഖ്യത്തിനും രോഗശാന്തിക്കുമായി അവന്‍റെ ശരീരം തകരുകയും കീറിമുറിക്കപ്പെടുകയും ചെയ്തു. യേശു ഇത്ര വന്‍വില കൊടുക്കേണ്ടിവന്ന സൗഖ്യമാക്കുന്ന അത്യന്തശക്തി നാം അവകാശമാക്കുന്നില്ലെങ്കില്‍ രോഗത്തിന്മേല്‍ പൂര്‍ണ്ണജയം തരുവാന്‍ അവന്‍ സഹിച്ച ഈ വ്യഥയെ നാം വ്യര്‍ത്ഥമാക്കുകയാണ്.

യേശുവിന്‍റെ അടിപ്പിണരുകളെ തുശ്ചീകരിക്കരുത്. ‘ദൈവം എനിക്ക് ഈ രോഗം തന്നു’ എന്നു പറയുന്നത് യേശുവിന്‍റെ അടിപ്പിണരുകള്‍ക്കെതിരെയുള്ള ദൂഷണമാണ്. അവന്‍റെ ദാസന്മാരുടെ രോഗം ദൈവത്തിനു ദുഃഖവും അനിഷ്ടവും ഉളവാക്കുന്നു. രോഗസൗഖ്യം അവന്‍റെ ദാസന്മാരുടെ ആരോഗ്യത്തില്‍ പ്രിയപ്പെടുന്ന ദൈവത്തിന് മഹത്വം വരുത്തുന്നു. ആകയാല്‍ മരണത്തോടടുക്കുമ്പോഴും നാം ആരോഗ്യവും സൗഖ്യവും അവകാശപ്പെടണം. സ്വര്‍ഗ്ഗത്തിലേക്ക് നമ്മെ കൊണ്ടുപോകാന്‍ രോഗം ആവശ്യമില്ല. നമുക്ക് യേശുവിനെയാണ് ആവശ്യം.

3: ശാപം

“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലയ്ക്കു വാങ്ങി.” (ഗലാത്യര്‍ – 3:13)

ആദിമനുഷ്യനായ ആദം പാപംചെയ്തപ്പോള്‍ ലോകത്തില്‍ കടന്നുവന്നതാണ് ശാപം. ആദിമനുഷ്യന്‍റെ പാപംമൂലം ഭൂമി ശാപഗ്രസ്ഥമായിത്തീര്‍ന്നു. ശാപത്തിന്‍റെ ഫലമായി ഭൂമിയില്‍ മുള്ളും പറക്കാരയും മുളയ്ക്കുവാന്‍ തുടങ്ങി. മനുഷ്യന്‍റെ പാപത്തിനാല്‍ ഭൂമിയിലുള്ള സകലതും ശപിക്കപ്പെട്ടു.

ഇന്നും അനുഗ്രഹവും ശാപവും ഒരു വ്യക്തിയെ പിന്തുടരുന്നു. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അനുഗ്രഹവും അനുസരിക്കാത്തവര്‍ക്ക് ശാപവും ദൈവം പ്രദാനം ചെയ്തിരിക്കുന്നു.

ശാപം വരുവാനുള്ള കാരണങ്ങള്‍

“കുരുകില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷി പറന്നുപോകുന്നതുംപോലെ കാരണംകൂടാതെ ശാപം പറ്റുകയില്ല.”

(സദൃശ്യവാക്യങ്ങള്‍ – 26:2)

ഈ വാക്യം ശാപങ്ങളോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്. ഒരു ശാപമുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. കാരണംകൂടാതെ ഒരുവന്‍റെമേല്‍ ശാപം വരികയില്ല. അതിനാല്‍ ശാപത്തില്‍നിന്നു വിടുവിക്കപ്പെടണമെങ്കില്‍ ആദ്യംതന്നെ അതിന്‍റെ കാരണം കണ്ടുപിടിക്കണം. ശാപത്തിന്‍റെ ചില പ്രധാന കാരണങ്ങള്‍ താഴെ കൊടുക്കുന്നു.

1. അന്യദൈവാരാധനയും വിഗ്രഹാരാധനയും (ആവര്‍ത്തനം – 27:14,15; പുറപ്പാട് 20:4-6)

2. മാതാപിതാക്കളോടുള്ള അനാദരവ്. (ആവര്‍ത്തനം – 27:16)

3. അവിഹിതവും പ്രകൃതിവിരുദ്ധവുമായ ലൈംഗികത (ആവര്‍ത്തനം – 27:20-23)

4. ദുര്‍ബലരോടും ആലംബഹീനരോടും കാണിക്കുന്ന അനീതി. (ആവര്‍ത്തനം – 27:19)

5. സ്വന്തം ജഡത്തിലാശ്രയിച്ചു ജീവിക്കുന്നതിനാല്‍ (ജഡമയന്‍) (യിരെമ്യാവു – 17:5,6)

6. കള്ളസത്യം ചെയ്യുന്നതിനാലും മോഷ്ടിക്കുന്നതിനാലും (സെഖര്യാവു -5:4)

7. ദൈവത്തെ സ്നേഹിക്കാത്തതിനാല്‍. (1 കൊരിന്ത്യര്‍ – 16:22)

8. തെറ്റായ പാതയില്‍ നടത്തുന്നതിനാല്‍. (ആവര്‍ത്തനം – 27:18)

9. മറ്റുള്ളവരുടെ അതിരുമാറ്റുന്നതിനാല്‍. (ആവര്‍ത്തനം – 27:17)

10. കുലപാതകം ചെയ്യുന്നതിനാല്‍ (ആവര്‍ത്തനം – 27:24,25)

11. ദൈവവചനം അനുസരിക്കാത്തതിനാല്‍ (ആവര്‍ത്തനം – 27:26)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്നതായ കാര്യങ്ങള്‍ ശാപം കടന്നുവരാന്‍ കാരണമായ ചില വഴികളാണ്.

ശാപത്തില്‍നിന്നുള്ള വിടുതല്‍ കാല്‍വരിക്രൂശിലൂടെയാണ്. ശാപത്തില്‍നിന്നുള്ള വിടുതലുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്‍റെ സകലപ്രശ്നങ്ങള്‍ക്കും ദൈവം ഒരുക്കിയ വഴിയാണ് കാല്‍വരി. സകല ശാപങ്ങള്‍ക്കും കാല്‍വരിക്രൂശില്‍ പരിഹാരമുണ്ടായി. നമ്മുടെ ശാപങ്ങള്‍ക്കുവേണ്ടി യേശു ശാപമായിത്തീര്‍ന്നു. ശാപത്തില്‍നിന്നുള്ള വിടുതല്‍ ലഭ്യമാക്കുവാന്‍ ദൈവത്തിന്നു ഒരു കുരിശിനെ ഉണ്ടാക്കേണ്ടിവന്നു. എങ്കില്‍ ശാപം അയഥാര്‍ത്ഥമാണെന്നുള്ള ചിന്ത നാം ഉപേക്ഷിക്കണം. ശാപം എന്നൊന്നില്ലായിരുന്നെങ്കില്‍ ഇത്രവലിയ വിലകൊടുത്തു ഒരു പരിഹാരമാര്‍ഗ്ഗം ദൈവം ഉണ്ടാക്കുമായിരുന്നില്ല. ശാപത്തില്‍നിന്നുള്ള വിടുതലിന് യേശുക്രിസ്തുവിന്‍റെ പ്രാതിനിധ്യമരണം നന്നേ ആവശ്യമായിത്തീര്‍ന്നു.

യേശു കാല്‍വരിയില്‍ മരിച്ചത് നാം അനുഗ്രഹിക്കപ്പെടുവാന്‍ വേണ്ടിയാണ്. അതിനാല്‍ നാം ഇനി ശാപത്തിന്‍കീഴില്‍ ഇരിക്കേണ്ട കാര്യമില്ല. നമ്മുടെ സകല ശാപത്തെയും യേശു കാല്‍വരിയില്‍ വഹിച്ചു. ശാപകാരണങ്ങളെ വിട്ടൊഴിഞ്ഞ് വിശ്വാസത്താല്‍ വിടുതല്‍ പ്രാപിക്കുക. ദൈവമക്കളായിത്തീര്‍ന്നവര്‍ക്ക് മാത്രമെ ശാപത്തില്‍നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ. അനുഗ്രഹം അനുഭവിക്കണമെങ്കില്‍ ദൈവവചനം അനുസരിച്ച് ജീവിക്കയും പ്രവര്‍ത്തിക്കയും ചെയ്യണം. സകല ശാപത്തില്‍നിന്നുമുള്ള വിടുതല്‍ ദൈവം കാല്‍വരിയില്‍ നല്കിക്കഴിഞ്ഞു. വിശ്വാസത്താല്‍ ഏറ്റെടുക്കുക, അനുഗ്രഹിക്കപ്പെടുക.

4: ഭയം

ചിലര്‍ എപ്പോഴും ഭയചകിതരാണ്. രോഗത്തെകുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, മരണഭയം, ഇത്യാദി എല്ലാ ഭയങ്ങളെയും യേശു കാല്‍വരിയില്‍ ന്യായം വിധിച്ചു. ദൈവമക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരേ ഒരു ഭയം ദൈവഭയമാണ്. അതു ഗുണപരവും ജ്ഞാനത്തിന്‍റെ ആരംഭവും ആകുന്നു.

ഒരര്‍ത്ഥത്തില്‍ ഭയമെന്നത് നഷ്ടമുണ്ടാകും എന്ന തോന്നലാണ്. ആയതിനാല്‍ വി. പൗലോസിനെപോലെ യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം സകലവും നഷ്ടമെന്നും കുപ്പയെന്നും എണ്ണുന്നു എങ്കില്‍ ഈ നിഷേധാത്മകമായ ഭയത്തെ നമുക്ക് ജയിക്കാന്‍ കഴിയും. നമുക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടുവാനും ഒന്നും ഉണ്ടായിരിക്കയില്ല. നഷ്ടബോധം ഉളവാക്കുന്ന ഏതെങ്കിലും ഭയം നമുക്കുണ്ടെങ്കില്‍ ആ വിഷയം ദൈവത്തിനു നാം ഇതുവരെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടില്ല എന്നാണതിനര്‍ത്ഥം.

തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. (യോഹന്നാന്‍ – 4:18)

5: ലോകം

“…… നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു…..”

(ഗലാത്യര്‍: 1:3)

ഈ ലോകത്തില്‍ (ലോകവ്യവസ്ഥ) നിന്നു നമ്മെ വിടുവിക്കേണ്ടതിനു യേശു ക്രൂശില്‍ മരിച്ചു. ഈ ലോകത്തിന്‍റെ രീതികളും ഭാവങ്ങളും ലോകവ്യവസ്ഥയും എല്ലാംതന്നെ പിശാചിനാല്‍ ആസൂത്രിതമാണ്.

ദൈവമക്കള്‍ ഈ ലോകത്തിന്‍റെ ഫാഷനുകള്‍ അനുകരിക്കരുത്. നാം അത് അനുകരിച്ചാല്‍ ക്രൂശിന്‍റെ ശത്രുക്കളായി മാറുന്നു. നമ്മുടെ ജീവിതവും സ്വഭാവവും കണ്ട് ലോകര്‍ നമ്മെ അനുകരിപ്പാന്‍ ഇടയാകട്ടെ. നമ്മുടെ പ്രാര്‍ത്ഥനാജീവിതം, ജീവിതവിശുദ്ധി മുതലായവയിലൂടെ നാം ലോകത്തിനു മാതൃകയാവണം. അതിന്നായി ഈ ലോകവ്യവസ്ഥയില്‍നിന്നു യേശു നമ്മെ തന്‍റെ കാല്‍വരിക്രൂശിലൂടെ വിടുവിച്ചിരിക്കുകയാണ്.

6: മരണം

“മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രായര്‍ – 2:14,15)

ഒരിക്കല്‍ നാം അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായി ദൈവത്തില്‍നിന്നു വേര്‍പെട്ടവരായിരുന്നു. തന്‍റെ മരണത്താല്‍ യേശു മരണത്തിന്‍റെ അധികാരിയായിരുന്നവനെ നശിപ്പിച്ചു. പാപികള്‍ മരിക്കുന്നു. വിശുദ്ധന്മാര്‍ മരിക്കുന്നില്ല. അവര്‍ ക്രിസ്തുവില്‍ നിദ്രപ്രാപിക്കയത്രേ ചെയ്യുന്നത്. (1 തെസ്സലൊനിക്യര്‍ – 4:14)

കാല്‍വരിയില്‍ യേശു മരണത്തെ നീക്കിക്കളഞ്ഞു. നാം സമാധാനത്തോടെ ജീവിക്കേണ്ടതിനും സമാധാനത്തില്‍ നിദ്രകൊള്ളേണ്ടതിനും മരണത്തിന്‍റെ അധികാരിയായ പിശാചിനെ തകര്‍ത്ത് മരണഭയത്തിന്‍റെ അടിമത്വത്തില്‍നിന്നു നമ്മെ വിടുവിച്ചു. അവന്‍ നമ്മെ പൂര്‍ണ്ണ ജയാളികളാക്കിത്തീര്‍ത്തിരിക്കുന്നു.

7: പാതാളം

“ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപ്പാട് – 1:18)

പാതാളം യാതനാസ്ഥലമാണ്. ചിലര്‍ ഭാവിയെക്കുറിച്ചുള്ള ആകുലചിന്തമൂലം മനസ്സില്‍ പാതാളയാതന അനുഭവിക്കുന്നു. ‘താക്കോല്‍’ എന്നത് അധികാരത്തെക്കാണിക്കുന്നു. യേശുവിന് പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. ക്രിസ്തുവിലൂടെ നമുക്കും പാതാളത്തിന്മേലും മരണത്തിന്മേലും അധികാരമുണ്ട്. കാല്‍വരിക്രൂശില്‍ അവന്‍ പാതാളത്തെയും മരണത്തെയും കീഴ്പ്പെടുത്തി.

8: സാത്താന്‍

“ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും അവന്‍ നിന്‍റെ തല തകര്‍ക്കും നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി – 3:15)

ക്രിസ്തു എന്ന സ്ത്രീയുടെ സന്തതി കാല്‍വരിയില്‍ സാത്താന്‍റെ തല തകര്‍ക്കുമെന്നു ദൈവം ഏദേന്‍തോട്ടത്തില്‍വച്ചു വാഗ്ദത്തം ചെയ്തു. യേശു ക്രൂശില്‍ സാത്താന്‍റെ തല തകര്‍ത്തു. അങ്ങനെ ഈ പ്രവചനം നിവൃത്തിയായി. കാല്‍വരിയില്‍ യേശുവിന്‍റെ രക്തത്താല്‍ വിലക്കു വാങ്ങപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരുമായ ദൈവജനത്തിന്മേല്‍ സാത്താന് ഒരധികാരവുമില്ല. സാത്താന് ദൈവമക്കളെ ഭയമാണ്. പിതാവിന്‍റെ ഹിതപ്രകാരവും യേശുവിന്‍റെ രക്തത്തിന്‍കീഴിലും ജീവിക്കുന്നവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ത്രീത്വദൈവവും അനേകം ദൂതന്മാരും ഉണ്ട്. പിശാചിനോട് എതിര്‍ത്തുനില്പിന്‍, അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. (യാക്കോബ് 4:7) സാത്താന്‍ തോല്പിക്കപ്പെട്ട ശത്രുവത്രേ. പാപം നമ്മുടെ ജീവിതത്തില്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ നമുക്ക് സാത്താനെ ഭയപ്പെടേണ്ടിവരും.

യേശു നമുക്കുവേണ്ടി കാല്‍വരിയില്‍ സമ്പാദിച്ച എല്ലാ വിജയങ്ങളും നമുക്കു സ്വന്തമാണ്. അതു നാം പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പ്രിയ ദൈവപൈതലേ യേശുവിന്‍റെ വിജയം നിന്‍റെ ജയമാകുന്നു. അത് അവകാശമാക്കി ജീവിക്കാം.