Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

“ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം.” (2 കൊരിന്ത്യര്‍ 2:14)

ദൈവം ജയത്തിന്‍റെ ദൈവമാണ്. ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യനില്‍ നിന്നു ആഗ്രഹിക്കുന്ന ഒന്നാണ് ജയം എന്നുള്ളത്. നാം ജയം പ്രാപിക്കുന്നവരായിത്തീരുവാന്‍ യേശുക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു, അടക്കപ്പെട്ടു. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയി. ഇന്നും നമുക്കായി ജീവിക്കുന്നു. എന്നാല്‍ നാം ലോകത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ മനുഷ്യന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അത്യാധുനിക ശാസ്ത്രയുഗത്തില്‍ തങ്ങള്‍ ഭൗതികമായ മേഖലകളില്‍ വിജയിക്കുന്നു എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പരാജിതനാണ്. ഭൗതികമായ വിഷയങ്ങള്‍ അവന് നിത്യമായ സമാധാനമോ, സന്തോഷമോ നല്‍കുന്നില്ല. മറിച്ച് നിരാശയും, അസന്തുഷ്ടിയും, അസമാധാനവും, നിര്‍വ്വികാരതയും, വിരസതയും അരാജകത്വവുമാണ് സമ്മാനിക്കുന്നത്. മനുഷ്യന്‍ ഒന്നിലും തൃപ്തനല്ല.
ഇന്നത്തെ സമൂഹത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ചുറ്റും കാണുവാന്‍ കഴിയുന്നത്. കുടുംബബന്ധങ്ങളിലെ തകര്‍ച്ച, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച, ഗുരുശിഷ്യബന്ധത്തിലെ തകര്‍ച്ച, സാന്മാര്‍ഗ്ഗികജീവിതത്തിലെ തകര്‍ച്ച, വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള തകര്‍ച്ച തുടങ്ങി എങ്ങും എവിടെയും തകര്‍ച്ചതന്നെ. ആധുനിക ശാസ്ത്രയുഗത്തില്‍ ജീവിക്കുന്നു എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ ജീവിതത്തില്‍ തകര്‍ച്ച അനുഭവിക്കുന്നതിന്‍റെ കാരണം വിദ്യാഭ്യാസത്തിന്‍റെ അഭാവമോ, സമ്പത്തൊ, മാന്യതയൊ, പേരോ, പ്രശസ്തിയോ, ജോലിയോ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് മനുഷ്യന്‍റെ ജീവിതത്തില്‍ “ഏക സത്യദൈവത്തിന്” സ്ഥാനം ഇല്ലാത്തതുകൊണ്ട് മാത്രമാണ്.

ഇതു വായിക്കുന്ന പ്രിയ വ്യക്തി ജീവിതമേ നീ ആരുതന്നെ ആയിരുന്നാലും നിന്‍റെ ജീവിതത്തില്‍ യേശുവിന് സ്ഥാനമില്ലെങ്കില്‍ നിന്‍റെ ജീവിതം അപകടത്തിലാണ്. നാശകാരിയായ സാത്താന്‍റെ കയ്യിലാണ്. അതിനാല്‍ യേശുവിന്‍റെ പാദത്തിങ്കലേക്ക് കടന്നു വരിക. യേശുവിനെ മാത്രം കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുക. അവനായി ജീവിതത്തെ സമര്‍പ്പിക്കുക. നിന്‍റെ പാപജീവിതത്തെ ഉപേക്ഷിക്കുക. നിന്‍റെ ജീവിതത്തില്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ നിന്‍റെ ജീവിതം അനുഗ്രഹമായിത്തീരും. പരാജയം മാറി വിജയം കൈവരും. നിന്നെ അനുഗ്രഹിച്ച് വിജയം നല്‍കുവാനാണ് യേശു കാല്‍വരിയില്‍ മരിച്ചത്. ഈ പുസ്തകത്തിലൂടെ നിങ്ങള്‍ക്ക് യേശുവുമായുള്ള ബന്ധത്തിന് തുടക്കം കുറിക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവകരങ്ങളിലേക്ക് സാദരം സമര്‍പ്പിച്ചുകൊള്ളുന്നു.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

അദ്ധ്യായം – 1
കാല്‍വരിയിലെ യാഗം

ദൈവ സൃഷ്ടിയായ മനുഷ്യന്‍ (ആദാം) ദൈവ കല്പന ലംഘിച്ച് പാപത്തില്‍ വീണു പോയപ്പോള്‍ ദൈവം അവരെ കൈവിട്ടുകളയാതെ ഒരു രക്ഷാമാര്‍ഗ്ഗം ഒരുക്കി. അന്ന് ദൈവം മനുഷ്യനോട് പറഞ്ഞത് “സ്ത്രീയുടെ സന്തതി” സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കും. (ഉല്പത്തി-3:15) കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ (ഗലാത്യര്‍ 4:4) ഒരു കന്യകയില്‍ യേശു ലോകത്തില്‍ ജനിച്ചു. അങ്ങനെ അന്ന് ദൈവം വാഗ്ദത്തം ചെയ്തത് യേശുവില്‍ക്കൂടി നിവൃത്തിയാക്കി. യേശു ലോകത്തിലേക്ക് വന്നത് പാപത്താല്‍ ദൈവസന്നിധിയില്‍ നിന്നും വീണുപോയ മാനവകുലത്തെ വീണ്ടെടുക്കാന്‍ വേണ്ടിയാണ്. അതിനായി “രക്തം ചൊരിഞ്ഞിട്ടല്ലാതെ ഒരു വിമോചനമില്ല” (എബ്രായര്‍-9:22) എന്നുള്ള തിരുവെഴുത്ത് നിറവേറാന്‍ യേശു കാല്‍വരിയില്‍ യാഗമായി.

ദൈവം ആദിമമനുഷ്യനായ ആദാമിനെ പൂര്‍ണ്ണതയുള്ളവനായി സൃഷ്ടിച്ചിരുന്നു. അവനെ അധികാരത്തോടുകൂടി ഏദേന്‍ തോട്ടത്തിലാക്കി. തോട്ടത്തില്‍ വേലചെയ്യുകയും തോട്ടം കാക്കുകയുമായിരുന്നു ആദാമിന്‍റെ ജോലി (ഉല്പത്തി-2:15,16) ലോകത്തിന്മേലുള്ള അധികാരം മനുഷ്യന് നല്‍കപ്പെട്ടിരുന്നു. എന്നാല്‍ സാത്താന്‍ തന്ത്രപൂര്‍വ്വം ദൈവകല്പനയെ ലംഘിപ്പിച്ച് അധികാരം മനുഷ്യനില്‍ നിന്നും പിടിച്ചെടുത്തു. ഏദേന്‍ തോട്ടത്തില്‍ വച്ച് സകലത്തിനേയും പിടിച്ചെടുത്ത സാത്താനെ കാല്‍വരിക്രൂശില്‍ വച്ച് തകര്‍ത്ത് അവന്‍റെ മേല്‍ പരസ്യമായി ജയോത്സവം കൊണ്ടാടി അധികാരത്തിന്‍റെ താക്കോല്‍ പിടിച്ചെടുത്തു. ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നു. “ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നത്തേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപാട്-1:18)

കാല്‍വരി ക്രൂശില്‍വച്ച് യേശു എട്ടുതലങ്ങളില്‍ ന്യായവിധികളെ നടത്തി. അവ:

  1. പാപം
  2. രോഗം
  3. ശാപം
  4. ഭയം
  5. ലോകം
  6. മരണം
  7. പാതാളം
  8. സാത്താന്‍

കാല്‍വരിക്രൂശില്‍ വച്ച് മുകളില്‍ വിവരിച്ചിരിക്കുന്ന സകല മേഖലകളെയും യേശു ന്യായം വിധിച്ചു. സകലത്തേയും ജയിച്ചവന്‍ യേശുക്രിസ്തു മാത്രം. ഒരു വ്യക്തിയുടെ അനുഗ്രഹത്തിന് നിദാനമായിരിക്കുന്നത് കാല്‍വരിക്രൂശില്‍ യേശു സാധിപ്പിച്ച ജയമാണ്. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് സകലത്തിലും ജയംപ്രാപിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരാവുന്നതാണ്…………………..
…………………………………………