Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

അദ്ധ്യായം – 3
രോഗത്തിന്മേലുള്ള ജയം

“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവു-53 4-5)
പാപത്തില്‍ വീണ മനുഷ്യന്‍ രോഗത്തിന് അടിമയായി. ആദാം പാപം ചെയ്തപ്പോള്‍ അവന്‍ മുഖാന്തരം പാപവും, രോഗവും ലോകത്തില്‍ പ്രവേശിച്ചു.

രോഗം വരുവാനുള്ള കാരണങ്ങള്‍:

മനുഷ്യന് രോഗം വരുവാന്‍ പ്രധാനമായും പത്തുകാരണങ്ങള്‍ ഉണ്ട്. അവ

  1. പാപം

പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് പലരും രോഗികളായിത്തീര്‍ന്നിട്ടുള്ളതെന്നു വേദപുസ്തകം വെളിപ്പെടുത്തുന്നു.

ഉദാഹരണമായി ബെഥെസ്ദാ കുളത്തിനു സമീപം കിടന്നിരുന്ന മനുഷ്യന്‍ (യോഹന്നാന്‍ 5:2-15). പക്ഷവാതക്കാരന്‍ (മത്തായി 9:1-8) പിന്‍മാറ്റക്കാരനായ ആസാ രാജാവിന്‍റെ രോഗം (2 ദിനവൃത്താന്തം-16:1-14). ഇതില്‍ നിന്നും പാപം രോഗത്തിനു കാരണമാകുന്നു എന്ന് കാണാം.

ഒരു വ്യക്തിയുടെ രോഗത്തിന്നു മുഖ്യകാരണം പാപമാണ്. അതിനാല്‍ പാപ ജീവിതത്തെ ഉപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിക്കുമ്പോള്‍ പാപക്ഷമയും രക്ഷയും രോഗസൌഖ്യവും പ്രാപിക്കുവാന്‍ കഴിയും
.

  1. സാത്താന്യ പീഢ:

സാത്താന്‍ നേരിട്ടു മനുഷ്യനെ രോഗം മുഖേന കഷ്ടപ്പെടുത്തിയിട്ടുള്ളതായി വേദപുസ്തകത്തില്‍ കാണുന്നു. ഉദാഹരണമായി, ദൈവഭക്തനായ ഇയ്യോബ് (ഇയ്യോബ്-2:7), കൂനിയായ സ്ത്രീ (ലൂക്കോസ്-13:10-17), ഗദരദേശത്തെ ഭൂതബാധിതന്‍ (മര്‍ക്കൊസ് 5:1-15) ഊമനായ മനുഷ്യന്‍ (ലൂക്കൊസ്-11:14), ഊമനും ബധിരനുമായ മനുഷ്യന്‍ (മര്‍ക്കൊസ് 9:17-29).
പിശാചിന്‍റെ പ്രത്യക്ഷപ്രവര്‍ത്തനഫലമായി മനുഷ്യന്‍ രോഗികളായിത്തീരുന്നു എന്നും ദൈവം പിശാചില്‍ നിന്നും വിടുവിക്കുമ്പോള്‍ അവര്‍ സൌഖ്യം പ്രാപിക്കുന്നുവെന്നും വേദപുസ്തകത്തില്‍ കാണുന്ന ചുരുക്കം ചില രേഖകളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. യേശുവിന്‍റെ പരസ്യ ശുശ്രൂഷാക്കാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നിരിക്കാം. അതുകൊണ്ടാണ് ‘പിശാചു ബാധിച്ചവരെയൊക്കെയും യേശു സൌഖ്യമാക്കി’ യെന്നു പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് (അപ്പ. പ്രവര്‍ത്തി 10:38)

“പിശാചിനോടു എതിര്‍ത്തുനില്‍പിന്‍, എന്നാല്‍ അവന്‍ നിങ്ങളെവിട്ട് ഓടിപ്പോകും” (യാക്കോബ്-4:7) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പിശാചിനോടെതിര്‍ത്തു നിന്ന് രോഗവിമുക്തരായിത്തീരാം.

  1. ശുചിത്വക്കുറവ്

ശുചിത്വം, ആരോഗ്യരക്ഷാനടപടികള്‍, വായു സഞ്ചാരം, ഇവയുടെ അഭാവത്തില്‍ രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് ആക്രമിക്കുന്നു. ഈ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കുന്നതു നിമിത്തം ടൈഫോയിഡ്, കോളറ, ത്വക്ക്രോഗങ്ങള്‍ മുതലായവ ശരീരത്തെ ബാധിക്കാം.

  1. ലഹരിപദാര്‍ത്ഥങ്ങള്‍

പുകയില, മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കു കാരണമാകുന്നു. കരളിലെ ക്യാന്‍സര്‍, ഹൃദയത്തിലെയും, വ്യക്കകളിലേയും രോഗങ്ങള്‍, ചിത്തഭ്രമം ഇവയ്ക്ക് നിദാനമാണ് ലഹരിപദാര്‍ത്ഥങ്ങള്‍.

ദൈവത്തില്‍ നിന്നു ശരീരത്തിനും, ആത്മാവിനും, മനസ്സിനും, സൌഖ്യം ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള പൈശാചിക ഗുണങ്ങള്‍ ഉളവാക്കുന്ന വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തി നേടിയിരിക്കണം. അവയാല്‍ ശരീരത്തെ അശുദ്ധമാക്കുവാന്‍ പാടില്ല. (1 കൊരിന്ത്യര്‍ 3:16,17) തന്‍റെ ശരീരത്തെ മലിപ്പെടുത്തുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല. ആകയാല്‍ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ (1 കൊരിന്ത്യര്‍ 6:19,20)

  1. ഭക്ഷണപ്രിയം (കൊതി)

രോഗത്തെ നിഷ്ക്കാസനം ചെയ്യുന്നതിന് തന്‍റെ മക്കളുടെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.

“നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിന്‍; എന്നാല്‍ അവന്‍ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും.” (പുറപ്പാട് 23:25)

നമുക്ക് ലഭിക്കുന്ന ദൈവഹിതപ്രകാരമുള്ള എല്ലാ ഭോജ്യവസ്തുക്കളും ഭക്ഷിക്കാമെന്നു ദൈവവചനം അനുശാസിക്കുന്നു. (1 തിമൊത്തി 4:4-5) അതു നിമിത്തം യാതൊരു ദോഷവും സംഭവിക്കുകയുമില്ല. അങ്ങനെ അരുളിച്ചെയ്ത ദൈവം ഭക്ഷണപ്രിയവും, അമിതാഹാരവും ദൈവനാമത്തിന്നു മഹത്വം നല്‍കുന്നവയല്ലയെന്നും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ ഭക്ഷണപാനീയങ്ങള്‍ ദൈവനാമമഹത്വത്തിന് കാരണമായിത്തീരണം. (1 കൊരിന്ത്യര്‍ 10:31)

യിസ്രായേല്‍ മരുഭൂമിയിലൂടെ യാത്രചെയ്തുകൊണ്ടിരിക്കെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേല്‍ മക്കള്‍ ഞങ്ങള്‍ക്കു തിന്നാന്‍ ഇറച്ചി ആര്‍തരും എന്ന് പറഞ്ഞ് നിലവിളിച്ചു. (സംഖ്യ-11:4) അവരുടെ നിലവിളി വിശപ്പുനിമിത്തമായിരുന്നില്ല. ദൈവം അവര്‍ക്കു വേണ്ടുവോളം മാംസം നല്‍കി എന്നാല്‍ ഇറച്ചി അവരുടെ പല്ലിന്നിടയില്‍ ഇരിക്കുമ്പോള്‍ അതു ചവച്ചിറക്കും മുമ്പെതന്നെ യഹോവയുടെ കോപം ജനത്തിന്‍റെ നേരെ ജ്വലിച്ചു. യഹോവ ജനത്തെ മഹാബാധകൊണ്ടു സംഹരിച്ചു. (സംഖ്യ-11:33) അവരുടെ മരണത്തിനിടയാക്കിയത് ഭക്ഷണപ്രിയമായിരുന്നു-കൊതി “അവരുടെ ഭക്ഷണപ്രിയം പ്രാണനു ക്ഷയമായിത്തീര്‍ന്നു.” (സങ്കീര്‍ത്തനം 106:15) എന്നു സങ്കീര്‍ത്തനക്കാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. തിന്നിയും കുടിയനുമായവനെ കല്ലെറിഞ്ഞുകൊല്ലണമെന്ന് ന്യായപ്രമാണം അനുശാസിക്കുന്നു. (ആവര്‍ത്തനപുസ്തകം 21:20,21)

രക്തസമ്മര്‍ദ്ദം, ഗ്രന്ഥിസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഭോജനപ്രിയം നിമിത്തമൊ അല്ലെങ്കില്‍ സ്വന്ത ഇഷ്ടപ്രകാരം പ്രത്യേക ആഹാരങ്ങള്‍ തിരഞ്ഞെടുത്ത് തുടര്‍ച്ചയായി കഴിക്കുന്നതിനാല്‍ ആസക്തി കാണിക്കുന്നതു നിമിത്തമൊ വരാവുന്നതാണ്. (സദൃശ്യവാക്യം 23:21) അതിഭക്ഷണം കര്‍ത്താവിന്‍റെ വരവില്‍ ചേര്‍ത്തുകൊള്ളുന്നതിന് തടസ്സമാണ്. (ലൂക്കോസ് 21:34). അതിഭക്ഷണം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

  1. അമിതദ്ധ്വാനം

ഒരു വ്യക്തിയുടെ ശക്തിക്കതീതമായി കായികാദ്ധ്വാനം ചെയ്യുന്നതും വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനു തന്നെയും ഹേതുവായിത്തീരുന്നു. യേശു ക്രിസ്തുവിന്‍റെ ശുശ്രൂഷകനായ എപ്പഫ്രൊദിത്തൊസ് യാതൊരു വിശ്രമവും കൂടാതെ കര്‍ത്താവിന് ശുശ്രൂഷ ചെയ്തതിനാല്‍ മരണത്തോളം എത്തി. (ഫിലിപ്പിയര്‍:2:30) ശരീരത്തിനു വിശ്രമം, ആഹാരം, സൂക്ഷ്മത ഇവയോടൊപ്പം പരിശുദ്ധാത്മാവിനാലുള്ള ഉയിര്‍പ്പിക്കപ്പെടലും അനിവാര്യമാണ് (റോമര്‍-8:11)
.

  1. ഭയം

ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ് ഭയം. അത് മാനസ്സികരോഗങ്ങള്‍ക്കും നാഡീവ്യൂഹത്തിലെ ക്രമക്കേടുകള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും മറ്റും കാരണമായിത്തീരുന്നു.
ഇയ്യോബ് നീതിമാനും നിഷ്ക്കളങ്കനുമായിരുന്നു. എങ്കിലും താന്‍ പേടിച്ചതു ഭവിച്ചു എന്നു പറയുന്നു. (ഇയ്യോബ് 3:25,26) വാസ്തവത്തില്‍ തന്‍റെ വീടിനും തനിക്കുള്ള സകലത്തിന്നും ചുറ്റും ദൈവം വേലികെട്ടിയിരുന്നത് ഇയ്യോബ് മനസ്സിലാക്കിയില്ല. സാത്താന്‍ അത് ഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയ്യോബിന്‍റെ അവിശ്വാസത്താല്‍ അതു കാണാന്‍ കഴിഞ്ഞില്ല. സംശയം, ഭയം, അവിശ്വാസം, ഇവയാല്‍ ‘ഞാന്‍ സ്വസ്ഥനാകയില്ല’ എന്ന് ഇയ്യോബ് തന്നെ സമ്മതിക്കുന്നു. ദൈവസ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു.

“സ്നേഹത്തില്‍ ഭയമില്ല; ഭയത്തിനു ദണ്ഡനമുള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു, ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല.” (1 യോഹ 4:18) “സൈന്യങ്ങളുടെ യഹോവയെ ആകുന്നു നിങ്ങള്‍ വിശുദ്ധനായി കരുതേണ്ടത്. അവന്‍ തന്നെ നിങ്ങളുടെ ഭയവും അവന്‍ തന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.” (യെശയ്യാവ് 8:13)

  1. കോപം, അസൂയ, ഈര്‍ഷ്യ

ഈ ദുസ്വഭാവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്. അവ വിവിധ സാഹചര്യങ്ങളില്‍ വിവിധരൂപം ധരിക്കുന്നു. ആഘാതമേല്‍ക്കുമ്പോള്‍ ക്ഷോഭിക്കയും, വികാരോജ്ജ്വലരാകയും, അസ്വസ്ഥരാകയും ചെയ്യുന്നു. ചിലപ്പോള്‍ അവ പ്രത്യക്ഷപ്പെടുന്നു. രക്തച്ചൊരിച്ചിലിലൊ കൂട്ടക്കൊലയിലൊ മറ്റ് ദുഷ്പ്രവൃത്തികളില്‍ കൂടിയൊ ആയിരിക്കും.

നീരസം ഭോഷനെ കൊല്ലുന്നു. ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു. (ഇയ്യോബ് 5:2) എന്നു കാണുന്നു. പരിശുദ്ധാത്മ നിയന്ത്രണത്തിനും ദൈവവചനത്തിനും നമ്മെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പണം ചെയ്ത് ഈ ദുസ്വഭാവങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണ വിടുതല്‍ പ്രാപിച്ച് വിശുദ്ധീകരിക്കപ്പെട്ടില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, മാനസികരോഗം, ഹൃദ്രോഗം മുതലായവയ്ക്ക് കാരണമായിത്തീരാവുന്നതാണ്.

  1. അയോഗ്യമായി കര്‍ത്തൃമേശയില്‍ പങ്കെടുക്കുന്നതിനാല്‍

“…………………….. അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരന്‍ ആകും ………………………… അതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു. അനേകരും നിദ്രകൊള്ളുന്നു.” (1 കൊരിന്ത്യര്‍-11:27-30)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളില്‍ നിന്നും പല കാര്യങ്ങള്‍ നമുക്ക് പഠിക്കാവുന്നതാണ്. നാം ശുദ്ധീകരണത്തോടെ കര്‍ത്തൃമേശയില്‍ ഭാഗഭക്കുകളായാല്‍ കര്‍ത്താവിന്‍റെ മരണത്താലുണ്ടായിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും പങ്കാളികളായിത്തീരാം. അതായത് കാല്‍വറിമരണത്താലുണ്ടായിട്ടുള്ള സകലനേട്ടങ്ങളും കൃപകളും നിര്‍ലോഭം നമ്മുടെമേല്‍ പ്രവഹിച്ച് നാം അനുഗ്രഹീതരായിത്തീരുന്നു. ശരീര സൌഖ്യവും അതില്‍ ഉള്‍പ്പെടുന്നു.
അയോഗ്യമായി (ശുദ്ധീകരണം കൂടാതെ) കര്‍തൃമേശയില്‍ പങ്കുകൊണ്ടാല്‍ നാം ശിക്ഷാവിധി ഭക്ഷിക്കയും കുടിക്കുകയും ചെയ്യുന്നു. തല്‍ഫലമായി നാം രോഗികളും ബലഹീനരുമായിത്തീരുന്നു. ചിലപ്പോള്‍ മരണവും നേരിടാം. തന്മിത്തം തിരുമേശയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രാപിക്കാവുന്ന സകല ആത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ക്ക് യോഗ്യരായും കാണപ്പെടണമെങ്കില്‍ നാം നമ്മെത്തന്നെ ശോധന ചെയ്ത് ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.

  1. വിശ്വാസത്തിന്‍റെ (വിശ്വസ്തതയുടെ) പരിശോധന

രോഗകാരണങ്ങളെല്ലാം പാപമൊ ദൈവീകശിക്ഷയൊ മാത്രം ആയിരിക്കുമെന്ന നിഗമനം അബദ്ധമാകുന്നു. ഇയ്യോബിനെന്നപോലെ വിശ്വാസത്തിന്‍റെ (വിശ്വസ്തതയുടെ) പരീക്ഷയെന്നോണം വിശ്വാസികളില്‍ രോഗം ദൈവം അനുവദിക്കാം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവം തന്‍റെ വിശുദ്ധന്മാര്‍ക്കും രോഗം വരുവാന്‍ അനുവദിക്കുന്നു. തന്‍റെ സൌഖ്യമാക്കുന്ന ശക്തി അവരിലൂടെ വെളിപ്പെടുത്തി തങ്ങളെ പിന്തുടരുന്ന ഇതരര്‍ക്കും രോഗം ബാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ കര്‍ത്താവിനെ മാത്രം ആശ്രയിച്ചു സൌഖ്യം പ്രാപിക്കണമെന്നായിരിക്കാം ദൈവേഷ്ടം. ദൈവ ശുശ്രൂഷകര്‍ രോഗികളായിത്തീരുകയില്ലെന്ന പ്രസ്താവന അബദ്ധമാണ്. അത് ദൈവാനുസൃതമല്ല. ദൈവശുശ്രൂഷകരായ എപ്പഫ്രോദിത്തോസും ത്രൊഫമാസും രോഗികളായിത്തീര്‍ന്നു. ദൈവം അവരെ സൌഖ്യമാക്കുകയും ചെയ്തു. (ഫിലിപ്പിയര്‍ 2:27). ഇങ്ങനെ രോഗം വരുവാന്‍ പത്തു കാര്യങ്ങള്‍ കാണാവുന്നതാണ്.

രോഗങ്ങളില്‍ നിന്നുള്ള വിടുതല്‍

‘സമാധാനം’ എന്നതിനുള്ള എബ്രായ പദം ‘ഷാലോം’ എന്നാണ് നമ്മുടെ സമാധാനത്തിനു വേണ്ടി യേശു കാല്‍വറിയില്‍ തകര്‍ക്കപ്പെട്ടു; അടിയേറ്റു നമ്മുടെ സൌഖ്യത്തിനും, സുഖത്തിനും, ഐശ്വര്യത്തിനും, സമാധാനത്തിനായും, ക്ഷേമത്തിനും വേണ്ടി യേശു തകര്‍ക്കപ്പെട്ടു. (1 പത്രോസ് 2:24) അവന്‍റെ മരണം നമുക്ക് വേണ്ടിയാണ് യേശു ഏറ്റ അടികള്‍ നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി അല്ല. മറിച്ച് നമ്മുടെ രോഗസൌഖ്യത്തിന് വേണ്ടിയായിരുന്നു.

യേശുവിനെ റോമാ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റെയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസങ്ങള്‍ പറിച്ചെടുത്തു. (സങ്കീര്‍ത്തനം 22:16,17) യഹൂദന്‍മാരുടെ നിയമപ്രകാരം ഒരു കുറ്റവാളിയെ ഒരു തവണ മുപ്പത്തൊമ്പതു പ്രാവിശ്യത്തില്‍ അധികം അടിക്കുവാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ ഇരുനൂറ്റിയാറ് അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥിയും മുഖത്തെ എല്ലുകള്‍ പോലും പുറത്തു കാണുന്നതുവരെയും അവര്‍ അവനെ അടിച്ചു. നമ്മുടെ സൌഖ്യത്തിനും രോഗശാന്തിയ്ക്കുമായി അവന്‍ തകര്‍ക്കപ്പെട്ടു. ദൈവം കാല്‍വറിയില്‍ രോഗത്തെ ന്യായം വിധിച്ചു.
രോഗശാന്തി മക്കളുടെ അപ്പമാണ്. അതു നാം ദൈവത്തില്‍ നിന്നു നാം പ്രാപിക്കണം. യേശുവിന്‍റെ അടിപ്പിണരുകളെ തുച്ഛീകരിക്കരുത്. ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക.
“ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26)

“അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു, നിന്‍റെ സകല രോഗങ്ങളെയും സൌഖ്യമാക്കുന്നു.” (സങ്കീര്‍ത്തനം 103:3)

“ഇതാ ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്‍റെയും, സത്യത്തിന്‍റെയും, സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.” (യിരെമ്യാവു 33:6)

“നാം പാപം സംബന്ധിച്ചും മരിച്ചും നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ (യേശു) തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി, അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു (1 പത്രോസ് 2:24)
എങ്ങനെ രോഗസൌഖ്യം പ്രാപിക്കുവാന്‍ സാധിക്കും

“മകനേ, എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക. അവ നിന്‍റെ ദൃഷ്ടിയില്‍ നിന്നു മാറിപ്പോകരുതു; നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചുവെയ്ക്കുക. അവയെ കിട്ടുന്നവര്‍ക്കു അവ ജീവനും അവരുടെ സര്‍വ്വ ദേഹത്തിനും സൌഖ്യവും ആകുന്നു.” (സദൃശ്യവാക്യങ്ങള്‍ 4:2022)

രോഗസൌഖ്യം പ്രാപിക്കുവാനുള്ള മാനദണ്ഡത്തെക്കുറിച്ച് ബൈബിളില്‍ കൊടുത്തിരിക്കുന്ന ഒരു ഭാഗമാണ് മുകളില്‍ വിവരിച്ചിരിക്കുന്ന വേദഭാഗം. ഇവിടെ ദൈവത്തിന്‍റെ വചനം ഔഷധമായി വെളിപ്പെടുന്നു. മുകളിലത്തെ വാക്യത്തില്‍ നാല് നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കുന്നു. അവ

  1. എന്‍റെ വചനങ്ങള്‍ക്ക് ശ്രദ്ധ തരിക.
  2. എന്‍റെ മൊഴികള്‍ക്ക് ചെവിചായിക്ക.
  3. അവ നിന്‍റെ ദൃഷ്ടിയില്‍ നിന്ന് മാറിപ്പോകരുത്.
  4. നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചു വെയ്ക്കുക. ഈ നാല് നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ ദൈവിക രോഗസൌഖ്യം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ദൈവവചനം സകലരോഗത്തിനും ഔഷധമാണ്. നാം അതു ഉപയോഗിച്ചാല്‍ നമ്മുടെ സകല രോഗത്തെയും സൌഖ്യമാക്കുവാനുള്ള ശക്തി അതിനുണ്ട്. ഇത് എങ്ങനെ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്ന് ചുവടെ വിവരിക്കുന്നു.
  5. എന്‍റെ വചനങ്ങള്‍ക്ക് ചെവി തരിക

ദൈവത്തിന്‍റെ ഔഷധക്കുപ്പിയിലെ നാലു നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തെ നിര്‍ദ്ദേശമാണ് ‘എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക’ എന്നത്. ദൈവം നമ്മോട് സംസാരിക്കുമ്പോള്‍ നാം അതു മനസ്സിലാക്കണം മറ്റൊന്നിലേക്കും പതറിപ്പോകാതെ നമ്മുടെ ശ്രദ്ധയവനാവശ്യമാണ്. സര്‍വ്വശക്തനായ ദൈവം നമ്മോട് എന്തെങ്കിലും സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍ പൂര്‍ണ്ണവും ബഹുമാനപുരസരവുമായ ശ്രദ്ധ നല്‍കി ദൈവം പറയുന്നത് കേള്‍ക്കേണ്ടത് സാമാന്യ മര്യാദയാണ്. എന്നാല്‍ ഇന്നത്തെ അനേകരുടെയും നിലപാടതല്ല. റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ കൈകടത്തലുകള്‍ മൂലവും ആനുകാലിക സംസ്കാരത്തിലെ വിവിധ വിഷയങ്ങള്‍ക്കൊണ്ടും ഒരേസമയത്ത് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമായിത്തീര്‍ന്നിരിക്കുന്നു.

വേദപുസ്തകത്തിലുടനീളം ദൈവത്തില്‍ നിന്നും സൌഖ്യം പ്രാപിക്കുന്നതിനുള്ള പ്രധാന മര്‍മ്മം “കേള്‍ക്കുക” എന്നതാണ്. ലളിതമായി പറഞ്ഞാല്‍ കേള്‍ക്കുക എന്നതാണ് രോഗ സൌഖ്യത്തിന്‍റെ മര്‍മ്മം.

പഴയ നിയമത്തില്‍ രോഗ സൌഖ്യത്തോട് ബന്ധപ്പെടുത്തി നല്‍കിയിട്ടുള്ള വേദഭാഗത്തില്‍ കേള്‍ക്കുക എന്നതിന് പ്രാധാന്യം നല്‍കുന്നു. “നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്‍റെ കല്പനകളെ അനുസരിച്ചു അവന്‍റെ സകലവിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയിമ്യര്‍ക്കു വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളി ചെയ്തു.” (പുറപ്പാട്-15:26)

അടിസ്ഥാനപരമായ ഒന്നാമത്തെ നിബന്ധന “നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്” എന്നതാകുന്നു. ശ്രദ്ധയോടെ കേള്‍ക്കുക എന്നുവെച്ചാല്‍ എന്താണ്? അതിന്‍റെ ഉത്തരം നമുക്ക് ഇടത്തും വലത്തും രണ്ട് ചെവികള്‍ ഉണ്ട്. ദൈവത്തെ ശ്രദ്ധയോടെ കേള്‍ക്കുക എന്നുവെച്ചാല്‍ രണ്ടു ചെവികൊണ്ടും ആഴമായി കേള്‍ക്കുന്നതാണ്. നമ്മുടെ വലതുചെവികൊണ്ടുമാത്രം ദൈവത്തെ ശ്രദ്ധിക്കുകയും ഇടത്തെ ചെവികൊണ്ട് മറ്റെന്തെങ്കിലും ശ്രദ്ധിക്കുകയും ചെയ്താല്‍ അതിന്‍റെ ഫലം ചിന്താക്കുഴപ്പമായിരിക്കും. ദൈവത്തില്‍ ഗാഢമായി ശ്രദ്ധ നല്‍കി അവന്‍ പറയുന്നതെന്തും പൂര്‍ണ്ണമായും കേള്‍ക്കുന്നതിന് ഇത് വളരെ പ്രാധാന്യം നല്‍കുന്നു. ദൈവത്തിന്‍റെ രോഗസൌഖ്യ വ്യവസ്ഥയിലെ പ്രഥമ നിര്‍ദ്ദേശവും ഇതു തന്നെയാണ്. നാം എങ്ങനെ കേള്‍ക്കുന്നു എന്നതും പ്രാധാന്യം ഉള്ള വിഷയമാണ് ഇത് രോഗസൌഖ്യത്തിനുള്ള മര്‍മ്മം കൂടിയാണ്. ദൈവം നല്‍കുന്ന രോഗസൌഖ്യം പ്രാപിച്ചെടുക്കുവാന്‍ വിശ്വാസം നമ്മെ ശക്തീകരിക്കുന്നു.
“വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.” (റോമര്‍:10:17) ‘ശ്രദ്ധയോടെയുള്ള കേള്‍വി’ ഉല്പാദിപ്പിക്കുന്ന ദൈവത്തിന്‍റെ വചനംമൂലം ഒരുവനില്‍ വിശ്വാസം രൂപപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ വചനത്തെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചായിരിക്കും വിശ്വാസം രൂപപ്പെടുന്നത്. നാം പൂര്‍ണ്ണമായ ശ്രദ്ധയോടും ഏകാഗ്രതയോടും കൂടെയാണ് ദൈവവചനം കേള്‍ക്കുന്നതെങ്കില്‍ നമ്മുടെ രോഗസൌഖ്യത്തിനായുള്ള വിശ്വാസം നമ്മില്‍ ഉളവാകും.

അതുകൊണ്ട് നമ്മുടെ കേള്‍വിയെ അധികമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ കേള്‍വിയില്‍നിന്നാണ് വിശ്വാസം രൂപപ്പെടേണ്ടത്. കേള്‍വി പുറപ്പെടുവിക്കയും ആ കേള്‍വിയിലൂടെ വിശ്വാസം വളര്‍ത്തുന്നതുമായ ഒരു നിലപാടായിരിക്കണം ദൈവവചനത്തോട് നാം സ്വീകരിക്കേണ്ടത്.

  1. നിങ്ങളുടെ ചെവി ചായ്ക്ക

ചായ്ക്കുക എന്ന പദം അല്പം പഴയ പ്രയോഗമാണ് അതുകൊണ്ട് അത് എന്ത് അര്‍ത്ഥമാക്കുന്നു എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ചായിക്കുക എന്ന പദത്തിന്‍റെ അര്‍ത്ഥം കുനിഞ്ഞ് താണുവരുക എന്നാണ്. അങ്ങനെ എങ്കില്‍ നമ്മുടെ ചെവി ചായ്ക്കുക എന്നുവച്ചാല്‍ നാം ചെവി താഴ്ത്തികൊണ്ടു വരിക എന്നാണര്‍ത്ഥം. എന്നാല്‍ മനുഷ്യ ശരീരത്തിന്‍റെ ഒരു പ്രത്യേകത ശരീരം താഴ്ത്തിക്കൊണ്ടുവരാതെ ചെവിമാത്രം താഴ്ത്തുവാന്‍ സാധ്യമല്ല എന്നതാണ്. നിങ്ങള്‍ ചെവി ചായ്ക്കുമ്പോള്‍ വാസ്തവത്തില്‍ ഭവ്യതയേയും പഠിക്കുവാനുള്ള ഒരുക്കത്തേയുമാണതു കാണിക്കുന്നത്.

നാം സ്വാഗതം ചെയ്യുന്നതുപോലെ മാത്രമാണ് ദൈവവചനം നമ്മില്‍ പ്രവര്‍ത്തിക്കുന്നത്. നാം അതിനെ സ്വീകരിച്ചില്ലെങ്കില്‍ അതിനു നമ്മില്‍ ഒരു നന്മയും വരുത്തുവാന്‍ കഴിയുകയില്ല.
ദൈവത്തിന്‍റെ വചനത്തിന് നിങ്ങളെ രക്ഷിക്കുവാന്‍ കഴിയും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ കഴിയും-ഇവയെല്ലാം നിങ്ങള്‍ സൗമ്യതയോടെ അവയെ സ്വീകരിക്കുകയാണെങ്കില്‍ മാത്രം. ദൈവവചനത്തിലൂടെ രോഗസൌഖ്യം പ്രാപിക്കണമെങ്കില്‍ ഇതുവളരെ അനിവാര്യമായ ഘടകമാണ്. മുന്‍ധാരണകളും മുന്‍വിധികളും ഉപേക്ഷിക്കുക ദൈവസന്നിധിയില്‍ നമ്മെത്തന്നെ താഴ്ത്തുക. പൂര്‍ണ്ണമായ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുക. ഇങ്ങനെ ആയാല്‍ അനുഗ്രഹസമൃദ്ധിയില്‍ നമുക്ക് ജീവിക്കുവാന്‍ സാധിക്കും.

  1. ദൃഷ്ടിയില്‍ നിന്ന് മാറിപ്പോകരുത്

രോഗസൌഖ്യം പ്രാപിക്കുക എന്നതിനുള്ള മൂന്നാമത്തെ നിര്‍ദ്ദേശം ദൃഷ്ടിയില്‍ നിന്നും മാറിപ്പോകരുത് എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്, ദൈവത്തിന്‍റെ വചനത്തേയും ദൈവത്തിന്‍റെ മൊഴികളേയുമാണ്. “ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു, കണ്ണ് ചൊവ്വുള്ളതെങ്കില്‍ (ഏകദൃഷ്ടിയായിരിക്കുമ്പോള്‍ എന്ന് ഇംഗ്ലീഷ് പരിഭാഷ) ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളത് തന്നേ”. (ലൂക്കോസ്-11:34)

നമ്മുടെ മുഴു ശരീരത്തെയും ബാധിക്കുന്ന ചിലതിനെപ്പറ്റിയാണ് യേശുക്രിസ്തു പറയുന്നത്. നമ്മുടെ കണ്ണുകളെ എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് യേശു ക്രിസ്തുവിന്‍റെ വിഷയം. “കണ്ണ് ഏകമായിരിക്കുമ്പോള്‍” എന്നു പറഞ്ഞാല്‍ നമ്മുടെ കണ്ണുകളില്‍ ഒരു ഏകപ്രതിഫലനത്തെ ഉളവാക്കേണ്ടിയിരിക്കുന്നു എന്നതാണ് പ്രഥമവും പ്രധാനവുമായിട്ടുള്ള വിഷയം. നമ്മുടെ രണ്ടു കണ്ണുകള്‍ കൊണ്ട് പ്രത്യേക ദിശയിലേക്ക് നോക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ അവ രണ്ടും ഒരേ ഒരു പ്രതിഫലനം ലഭിക്കാന്‍ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ ശരീരത്തില്‍ അതിന്‍റെ ഫലം മുഴുവന്‍ വെളിപ്പെടും.

വെളിച്ചം വരുമ്പോള്‍ ഇരുള്‍ മാറിപ്പോകുന്നു. രോഗാവസ്ഥ ഇരുളില്‍ നിന്നുള്ളതാണ്. ആരോഗ്യം വെളിച്ചത്തില്‍ നിന്നുള്ളതാണ്. മലാഖി-4:2-ല്‍ പറയുന്നു. “എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതി സൂര്യന്‍ തന്‍റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും.”

നീതിസൂര്യന്‍ ഉദിക്കുമ്പോള്‍ ലഭിക്കുന്ന പ്രകാശത്തിന്‍റെ രണ്ട് ഉല്പന്നങ്ങളാണ് നീതീകരണവും, രോഗശാന്തിയും. അവ രണ്ടും പ്രകാശത്തിന്‍റെ പ്രവൃത്തികളാണ്. പാപവും രോഗവും ഇരുട്ടിന്‍റെ പ്രവൃത്തികളാണ്. യേശു ക്രിസ്തുവിലേക്ക് മാത്രം നോക്കി ദൈവവചനത്തില്‍ വിശ്വസിച്ച് രോഗസൌഖ്യത്തിനായി കാത്തിരിക്കുക.

  1. ഹൃദയത്തിന്‍റെ നടുവില്‍ സൂക്ഷിച്ചുവയ്ക്കുക.

നാലാമത്തെതും അന്തിമവുമായ നിര്‍ദ്ദേശമാണ് “നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചു വയ്ക്കുക എന്നത്.” “സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക. ജീവന്‍റെ ഉത്ഭവം അതില്‍ നിന്നല്ലോ ആകുന്നത്”. (സദൃശ്യവാക്യം 4:23)

“ജീവന്‍റെ ഉത്ഭവം ഹൃദയത്തില്‍ നിന്നാകുന്നു.” എന്നത് എത്രയോ ഗഹനമായ വിഷയമാണ്. ജീവിതത്തിലെ എല്ലാകാര്യങ്ങളും നമ്മുടെ ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്. നമ്മുടെ ഹൃദയത്തില്‍ നേരായ കാര്യമാണ് ഉള്ളതെങ്കില്‍ നമ്മുടെ ജീവിതം നേരായ പാതയില്‍ പോകും. നമ്മുടെ ഹൃദയത്തില്‍ തെറ്റായ കാര്യങ്ങളാണ് ഉള്ളതെങ്കില്‍ നമ്മുടെ ജീവിതം നീങ്ങുന്നത് തെറ്റായ പാതയിലൂടെ ആയിരിക്കും. അതായത് നമ്മുടെ ജീവിതം മുഴുവനും നീങ്ങുന്നത് നമ്മുടെ ഹൃദയത്തിലെ ചിന്തകളെ അടിസ്ഥാനമാക്കിയായിരിക്കും. ദൈവം വാഗ്ദത്തം ചെയ്ത രോഗസൌഖ്യത്തിന്‍റെ വചനങ്ങള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ അവ നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെന്ന് പതിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല നാം വചനത്തെ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കയും വേണം. നമ്മുടെ ഹൃദയത്തിന്‍റെ മുകള്‍പ്പരപ്പിലല്ല പിന്നെയോ ഹൃദയത്തിന്‍റെ മധ്യത്തില്‍ തന്നെ അതിനെ സൂക്ഷിക്കണം. നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രഭാഗത്തു തന്നെ അത് സൂക്ഷിക്കണം. എങ്കില്‍ നമ്മുടെ എല്ലാ ജീവിത പാതകളിലും അത് യാഥാര്‍ത്ഥ്യമായിത്തീരും.

ദൈവത്തിന്‍റെ വചനം ജീവനുള്ളതാണ്. ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. അത് നമ്മുടെ വ്യക്തിത്വത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള പ്രാണന്‍റെയും ആത്മാവിന്‍റെയും ഉള്ളില്‍ വരെ തുളച്ചുചെല്ലുന്നതുമാണ്. നമുക്ക് തന്നെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയാത്തതായി നമ്മിലുള്ളവയെയും ദൈവവചനത്തെയും നമുക്ക് വെളിപ്പെടുത്തിത്തരുന്നു. അത് സന്ധികളെയും മജ്ജകളെയും തമ്മില്‍ വേര്‍തിരിക്കുന്നു. അത് നമ്മിലെ ശാരീരികമായ തലത്തേയും സ്പര്‍ശിക്കുന്നു. അതെ! ദൈവവചനത്തിന് എത്തിച്ചേരുവാന്‍ കഴിയാത്ത ഒരു മേഖലയുമില്ല.

രോഗസൌഖ്യം പ്രാപിക്കാനാഗ്രഹിക്കുന്നവര്‍ ദൈവവചനത്തിന്‍റെ മുമ്പില്‍ തങ്ങള്‍ക്കുള്ള മുന്‍വിധികളുടേയും പരമ്പരാഗതമായ ധാരണകളുടെയും മതിലുകളെ തകര്‍ത്തുകളഞ്ഞ് ഏറ്റവും ആത്മാര്‍ത്ഥമായും പൂര്‍ണ്ണമനസ്സുള്ള ദൃഷ്ടിയോടും കൂടി ദൈവവചനത്തെ സ്വീകരിക്കണം. ദൈവം ആഗ്രഹിക്കുന്ന അളവില്‍ തന്നെ നാം അതിനെ കൈക്കൊള്ളണം. ദൈവസന്നിധിയില്‍ താഴ്മയോടും പൂര്‍ണ്ണമായ ശ്രദ്ധയോടുംകൂടി വേണം ദൈവവചനം ഏറ്റെടുക്കുവാന്‍. ഏറ്റെടുത്ത ദൈവവചനം ജീവന്‍ നല്‍കി ഒരുവനെ നിത്യമായ രക്ഷയിലേക്കും രോഗസൌഖ്യത്തിലേക്കും നടത്തുന്നു……