PREACH GOSPEL & SALVATION FOR THE LOST

Month: July 2023 (Page 1 of 2)

ദൈവം എന്തുകൊണ്ട് അത്യാഹിതങ്ങള്‍ അനുവദിക്കുന്നു?

എന്തുകൊണ്ടു വിപത്തുകള്‍ സംഭവിക്കുന്നു? അതില്‍ ദൈവത്തിന്‍റെ പങ്ക് എന്ത്? ദൈവമാണോ അതിന്‍റെ കാരണക്കാരന്‍? അതോ അവന്‍ അതില്‍ നിസ്സഹായകനായ ഒരു കാഴ്ചക്കാരന്‍ മാത്രമോ? അതു ദൈവത്തിന്‍റെ ന്യായവിധിയുടെ ഭാഗമാണെങ്കില്‍ ആ ദുരന്തത്തില്‍ മരിക്കുന്ന നല്ല മനുഷ്യരെപ്പറ്റി എന്തു പറയുന്നു? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ മനുഷ്യനില്‍നിന്നുയരുന്നു.

ദൈവം ഈ ലോകത്തെ പാവനമായ ഉദ്ദേശ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെങ്കിലും ലോകം ഒരു യന്ത്രമല്ല എന്ന വസ്തുത ആദ്യമായി നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ എല്ലാ നീക്കങ്ങളും ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകമല്ല ഇത്. അതിന്‍റെ കാരണമെന്തെന്നാല്‍ ഈ ലോകത്തില്‍ ദൈവം ഇടപെടാത്ത ഒരു മേഖല ഉണ്ട്. അതു മനുഷ്യന്‍റെ ഇച്ഛാശക്തി അഥവാ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തോടുകൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ നിമിഷവും മനുഷ്യന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും അവനെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്നു അനുകൂലമോ പ്രതികൂലമോ ആയിരിക്കും. അതിനാല്‍ തെറ്റായ തിരഞ്ഞെടുപ്പുകള്‍ ദൈവഹിതമല്ലാത്ത സംഭവങ്ങളിലേക്കു വഴി നടത്തുന്നു.

ദുരന്തങ്ങള്‍ സംഭവിക്കുന്നതുവരെ മനുഷ്യന്‍ ദൈവത്തെ തന്‍റെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി കണക്കാക്കുന്നില്ല. അതായത്, സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ മഹത്വം മനുഷ്യന്‍ ദൈവത്തിന്നു നല്‍കുന്നില്ല. ഇതു വെറും ഒരു “യാദൃശ്ചിക സംഭവം” ആകുന്നു. അഥവാ “ഇതു എന്‍റെ നേട്ടം” ആകുന്നു, “എന്‍റെ ഭാഗ്യം കൊണ്ട്” എന്നു അവന്‍ പറയുന്നു. എന്നാല്‍ അനിഷ്ടമായത് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍തന്നെ ദൈവത്തെ കുറ്റം പറയുന്നു! മനുഷ്യരില്‍ കുടികൊള്ളുന്ന ഒരു ‘ദൈവവിരുദ്ധ’ സ്വഭാവത്തിന്‍റെ സൂചനയല്ലേ ഇത്? അങ്ങനെ ഉള്ള മനുഷ്യന്‍റെ ദൈനംദിന തിരഞ്ഞെടുപ്പുകളില്‍ എത്ര എണ്ണം ദൈവോദ്ദേശ്യപ്രകാരമുള്ളതായിരിക്കും? ദൈവേഷ്ടപ്രകാരമല്ലാത്ത സംഭവങ്ങള്‍ നടക്കുന്ന ഒരു കുഴഞ്ഞുമറിഞ്ഞ ലോകമാകുന്നു അതിന്‍റെ അന്തരഫലം. അതിന്‍റെ കാരണക്കാരന്‍ ദൈവമല്ല. മറിച്ച് മനുഷ്യനാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു? അതിന്‍റെ കാരണം മനുഷ്യന്‍റെ പാപം ആകുന്നു എന്നു പറയുന്നത് ശരിയോ?ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പെ പാപം എന്തെന്നു നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നു വിദൂരതയിലേക്ക് അകറ്റുന്നതെല്ലാം പാപമാകുന്നു. അതിനാല്‍ മനുഷ്യനെ ദൈവത്തില്‍നിന്നു വിദൂരതയിലേക്കു നയിക്കുന്ന അവന്‍റെ എല്ലാ തിരഞ്ഞെടുപ്പുകളും വെറും തെറ്റായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല മറിച്ച് പാപം ആകുന്നു. ഇപ്രകാരം ഓരോ ദിവസവും ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നു. വേദപുസ്തകം എന്തു പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം.

“ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്‍റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും; എഴുന്നേല്ക്കയുമില്ല.” (യെശയ്യാവ് 24:20) അകൃത്യം വര്‍ദ്ധിക്കുന്നതു ഭൂമിയുടെ അസ്ഥിരതയെ വര്‍ദ്ധിപ്പിക്കുന്നു എന്നു ഈ വേദഭാഗം പറയുന്നു. വിശുദ്ധനായ ദൈവത്തിന്‍റെ സംരക്ഷണം സാവധാനം ഈ ഭൂമിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്‍റെ കാരണം. ആയതിനാല്‍ തിരുവചനപ്രകാരം നോക്കുമ്പോള്‍ ഈ കാലത്ത് പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം ഭൂമിയില്‍ പാപം വര്‍ദ്ധിച്ചുവരുന്നതാകുന്നു.

ഇങ്ങനെ ദുരന്തങ്ങളില്‍ മരിക്കുന്ന അനവധി നല്ല ആളുകളുടേയും നിരപരാധികളായ കുഞ്ഞുങ്ങളുടേയും കാര്യമെന്താകുന്നു? നല്ലവരേയും നിരപരാധികളെയും മരണത്തില്‍നിന്നു വിടുവിക്കുവാനുള്ള ശക്തി ദൈവത്തിനില്ലേ? ഈ ചോദ്യം ദൈവത്തിന്‍റെ കാഴ്ചപ്പാടില്‍ കാണേണ്ടിയിരിക്കുന്നു. മരണം എന്നാല്‍ എന്ത്? മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അവസാനം ആകുന്നു. ഈ ജീവിതം അവനു സകലതും ആകുന്നു. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനെ നിത്യത യിലേക്കു കൊണ്ടുപോകുന്ന അവന്‍റെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാകുന്നു മരണം. അതു അവസാനമല്ല. മറിച്ച് ഇപ്പോഴുള്ളതിനും നിത്യതക്കും മദ്ധ്യേ ഉള്ള ഒരു വാതില്‍ മാത്രം. ദൈവത്തെ സംബന്ധിച്ചിടത്തോളം നിത്യതയാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. (നാം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും നമ്മെ സംബന്ധിച്ചും അതു അങ്ങനെതന്നെയാകുന്നു.) അതിനാല്‍ അത്യാഹിതത്തിലൂടെ മരിച്ചുപോകുന്ന നല്ല ആളുകള്‍ (രക്ഷിക്കപ്പെട്ടവര്‍) കണ്ണുനീരും വേദനയും ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്കു സന്തോഷമായി കടന്നു പോകുന്നു.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്യാഹിതങ്ങള്‍ മനുഷ്യന്‍റെമേലുള്ള ദൈവത്തിന്‍റെ ന്യായവിധിയാകുന്നുപാപികളുടെമേലും വിശുദ്ധന്മാരുടെമേലും. പാപികള്‍ ന്യായം വിധിക്കപ്പെട്ടു നരകയോഗ്യരായിത്തീരുന്നു. വിശുദ്ധന്മാര്‍ ന്യായം വിധിക്കപ്പെട്ടു സ്വര്‍ഗ്ഗയോഗ്യരായിത്തീരുന്നു. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് ചെന്നെത്തുന്നു എന്നു മാത്രം. നാം ഒരുങ്ങിയിരിക്കണം എന്നാണ് നാം ഇതില്‍നിന്നു പഠിക്കേണ്ട പാഠം. (മത്തായി 24:44)

നരകവും സ്വര്‍ഗ്ഗവും യാഥാര്‍ത്ഥ്യമോ?

സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്നു വിശ്വസിക്കാത്ത ധാരാളം ആളുകള്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ട് യാഥാര്‍ത്ഥ്യത്തിനു മാറ്റമില്ല. “ഹിമാലയപര്‍വ്വതം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല; ഞാന്‍ അതു കണ്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല.” എന്നു പറഞ്ഞേക്കാം. എന്നാല്‍ ഹിമാലയപര്‍വ്വതം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വര്‍ഗ്ഗവും, നരകവും ഉണ്ട്. സ്വര്‍ഗ്ഗവും നരകവും ആദ്യം നിങ്ങളുടെ ഹൃദയത്തിലാണ് തുടങ്ങുന്നത്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.” (റോമര്‍ 14:17) നിങ്ങളുടെ ഹൃദയം സമാധാനത്താലും നിര്‍മ്മലമായ സന്തോഷത്താലും നിറഞ്ഞിരിക്കുന്നു എങ്കില്‍ സ്വര്‍ഗ്ഗം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു; നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയിലാണ്, അന്ത്യം നിത്യ സ്വര്‍ഗ്ഗത്തിലായിരിക്കും. അതുപോലെ ഇന്നു നിങ്ങളുടെ ഹൃദയം, പക, ഭയം, ദണ്ഡനം, അന്ധകാരം, കലക്കം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നരകം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ജീവിതത്തിലുടനീളം നിങ്ങള്‍ നരകം അനുഭവിക്കുകയും ഒടുവില്‍ നിത്യനരകത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു.

മുടിയനായ പുത്രന്‍റെ കഥയില്‍ പിതാവിന്‍റെ ഭവനം വിട്ടുപോയി “ദുര്‍ന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞ” പ്പോള്‍ അവന്‍ “നരകം” അനുഭവിക്കുവാന്‍ തുടങ്ങി. സ്വര്‍ഗ്ഗം അവന്‍റെ ഹൃദയത്തില്‍ നിന്നു നഷ്ടപ്പെട്ടു. ഹൃദയത്തില്‍ “സ്വര്‍ഗ്ഗം’നഷ്ടപ്പെട്ട അവന്‍ അപ്പനോട് “ഞാന്‍ സ്വര്‍ഗ്ഗത്തോടു പാപം ചെയ്തിരിക്കുന്നു.” (ലൂക്കോസ് 15:21) എന്നു ഏറ്റു പറഞ്ഞു അവന്‍ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടെ പാപങ്ങള്‍ ഏറ്റു പറഞ്ഞപ്പോള്‍ സന്തോഷവും സമാധാനവും അഥവാ സ്വര്‍ഗ്ഗം ഒരിക്കല്‍കൂടി അവനിലേക്കു മടങ്ങിവന്നു.

താന്‍ മരിക്കുവാന്‍ തുടങ്ങുകയാണെന്നു പിന്‍മാറ്റക്കാരനായ ശൗല്‍രാജാവു മനസ്സിലാക്കിയപ്പോള്‍ നിത്യ നരകത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞ് അവന്‍ ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടു. (2 ശമുവേല്‍ 28:20) എന്നാല്‍ അതിവേഗം ഈ ലോകം വിട്ടുപോകുവാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ പൗലോസിന്‍റെ ഹൃദയത്തില്‍ നിറഞ്ഞ ഭാഗ്യകരമായ പ്രത്യാശയും സമാധാനവും സന്തോഷവും ഉണ്ടായിരുന്നു. (2 തിമൊഥെയൊസ് 4:6-8) താന്‍ നിത്യസ്വര്‍ഗ്ഗത്തില്‍ ആയിരിക്കും എന്നുള്ള ഉറപ്പവനുണ്ടായിരുന്നു. നരക ദണ്ഡനവും സ്വര്‍ഗ്ഗീയ ആശ്വാസവും ഈ ഭൂമിയില്‍ ഒരുവന്‍റെ പ്രവൃത്തിയെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും.

പ്രിയ വായനക്കാരാ, ഒരു പക്ഷേ നിങ്ങള്‍ ഒരു പാപിയൊ പിന്‍മാറ്റക്കാരനൊ ആയിരിക്കാം. അന്ധകാരം, പക, ക്ഷമിക്കാത്ത ആത്മാവ്, കലക്കം, ഭയം, ഭീതി, എന്നിവ നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും “നരക”ത്തില്‍ തന്നെയാണ്. മുടിയനായ പുത്രനെപ്പോലെ തന്നെത്താന്‍ താഴ്ത്തി മനസ്താപത്തോടും ഏറ്റുപറച്ചിലോടും കൂടെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ പിതാവിങ്കലേക്ക് എന്തുകൊണ്ട് മടങ്ങിവന്നുകൂടാ. സ്വര്‍ഗ്ഗവും നരകവും ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. നാം ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഇവ രണ്ടും നമ്മില്‍ ആരംഭിക്കുന്നു.’

യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം എന്ത്?

ഒരു വ്യക്തി ക്രിസ്തുവിനെ അനുഗമിച്ച് വചനപ്രകാരം ജീവിക്കുമ്പോള്‍ അവന്‍ ക്രിസ്ത്യാനിയാകുന്നു. ഒരു ക്രിസ്ത്യാനി പാപം വിട്ട് ദൈവികജീവനില്‍ കടന്നവനാണ്. അവന്‍ ദൈവേഷ്ടം ചെയ്ത് ജീവിക്കുന്നവനാണ്. യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്‍റെ ആദ്യത്തെപടി മാനസാന്തരപ്പെടുക എന്നതാണ്. മാനസാന്തരത്തില്‍ പാപബോധം, അനുതാപം, പാപങ്ങളെ ദൈവത്തോട് ഏറ്റുപറച്ചില്‍, പാപങ്ങളെ എന്നന്നേക്കുമായി വിട്ടുപേക്ഷിക്കല്‍, പാപങ്ങള്‍ ക്ഷമിക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കല്‍, നിരപ്പുപ്രാപിക്കേണ്ട വിഷയങ്ങളില്‍ നിരപ്പുപ്രാപിക്കല്‍, അന്യായമായി സമ്പാദിച്ചത് മടക്കിക്കൊടുക്കല്‍, ജീവിതത്തെ മുഴുവന്‍ കര്‍ത്താവിനായി സമര്‍പ്പിക്കല്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ കാര്യങ്ങളില്‍ ഒരു വ്യക്തി പൂര്‍ണ്ണപ്പെടുമ്പോള്‍ യേശു തന്‍റെ രക്തത്താല്‍ അവനെ കഴുകി അവന്‍റെ പേര്‍ ജീവപുസ്തകത്തില്‍ എഴുതുന്നു.

രക്ഷിക്കപ്പെടുക എന്നത് കര്‍മ്മമാര്‍ഗ്ഗത്താലല്ല, വിശ്വാസ മാര്‍ഗ്ഗത്താലാണ്. ദൈവം തന്‍റെ കൃപയാലാണ് ഒരുവനെ രക്ഷിക്കുന്നത്. (എഫെസ്യര്‍ 2:8,9) രക്ഷിക്കപ്പെട്ട ഒരുവനില്‍ നിന്നും രക്ഷയുടെ ഫലങ്ങള്‍ പുറപ്പെട്ടുകൊണ്ടിരിക്കും. രക്ഷയുടെ ഫലങ്ങള്‍:-

1) ഒരു പുതിയ ആത്മാവ് – യെഹെ-36:27

2) ഒരു പുതിയ ജീവന്‍ – 1 യോഹ-5:11

3) ഒരു പുതിയ പേര്‍ – യെശയ്യാ-62:2

4) ഒരു പുതിയ സ്വഭാവം – 2 കൊരി-5:17

5) ഒരു പുതിയ ഹൃദയം – യെഹ-36:26

6) ഒരു പുതിയ മനസ്സ് – എഫെസ്യ-4:23,24 1 കൊരി – 2:16

7) ഒരു പുതിയ അധികാരം – ലൂക്കൊ-10:19; യാക്കോ – 4:7

😎 ഒരു പുതിയ കുടുംബം – യോഹ – 1:12

9) ഒരു പുതിയ വിളി – 1 പത്രോ 2:9

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആരാണ്?

വേദ പുസ്തകപ്രകാരം ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി:-

1) പാപം ഏറ്റുപറഞ്ഞ ആളാണ്

അവന്‍ ദൈവത്തിന്‍റെ അടുക്കല്‍ ഒരു നഷ്ടപ്പെട്ട പാപിയായി വന്നവനാണ്.

2) യേശുവിനെ സ്വീകരിച്ചവനാണ്

വിശ്വാസത്താല്‍ സ്വന്തരക്ഷിതാവായി കര്‍ത്താവായ യേശുക്രിസ്തുവിനെ കര്‍ത്താവും ഉടയവനുമായി സ്വീകരിച്ച് അവനായി ജീവിതത്തെ സമര്‍പ്പിച്ചവനാണ്.

3) കര്‍ത്താവിനെ സാക്ഷിച്ചവനാണ്

ലോകത്തിനു മുമ്പാകെ അവന്‍ യേശുക്രിസ്തു മാത്രമാണ് കര്‍ത്താവ് എന്ന് സാക്ഷിച്ചവനാണ്.

4) യേശുവിനെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവനാണ്

എല്ലാക്കാര്യങ്ങളിലും എല്ലായ്പ്പോഴും യേശുവിനെ പ്രസാദിപ്പിക്കുന്നതിന് അവന്‍ ശ്രമിക്കുന്നു.

യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം രക്ഷിക്കപ്പെട്ട്, ജലത്തിലുള്ള വിശ്വാസസ്നാനം സ്വീകരിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് വിശുദ്ധിയിലും വേര്‍പാടിലും ജീവിച്ച് വേര്‍പെട്ട ദൈവമക്കളുമായി കൂട്ടായ്മ ആചരിച്ച് ദൈവവചനത്തില്‍ നിലനിന്ന് ദൈവവചനം അനുസരിക്കുന്നവരായി ആത്മാവിന്‍റെ സമ്പൂര്‍ണ്ണ നടത്തിപ്പിന്‍ കീഴെ നടത്തപ്പെട്ട് ദൈവേഷ്ടപ്രകാരം ജീവിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നതാണ്. ക്രിസ്തീയ ജീവിതം ദൈവത്തോടു കൂടി നടക്കുകയും ദൈവത്തോടു സംസാരിക്കുകയും ചെയ്യുന്നതാണ്.

ദൈവത്തെ നമുക്കു എങ്ങനെ അറിയുവാന്‍ സാധിക്കും?

ദൈവം നിത്യനാണെന്നും, സര്‍വ്വശക്തനാണെന്നും, സൃഷ്ടാവാണെന്നും, സര്‍വ്വവ്യാപിയാണെന്നും നാം കണ്ടു കഴിഞ്ഞു. അനേകം വ്യക്തികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എനിക്ക് എങ്ങനെ ഇത്രയും വലിയവനായ ദൈവത്തെ അറിയുവാന്‍ സാധിക്കും എന്നത്?

അനേകര്‍ ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുവാനുമായി തീര്‍ത്ഥാടനം നടത്തുകയും, മറ്റു ചിലര്‍ വിവിധ തരത്തിലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്യുകയും നേര്‍ച്ച കാഴ്ചകള്‍ നടത്തുകയും, വേറെ ചിലര്‍ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, തുടങ്ങിയവ നടത്തുകയും പുണ്യപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം ദൈവത്തെ അറിയുന്നതിനും ദൈവത്തെ കണ്ടെത്തുന്നതിനുമുള്ള നിഷ്ഫലമായ മാനുഷിക പ്രയത്നങ്ങളാണ്.

മനുഷ്യനെ ദൈവം തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നതാണ് ദൈവം മനുഷ്യന്‍റെ മേല്‍ പകര്‍ന്ന ഏറ്റവും വലിയ അനുഗ്രഹം. എന്നിരുന്നാലും ദൈവത്തെ കണ്ടെത്തുവാനുള്ള പ്രയത്നത്തിനിടയില്‍ മനുഷ്യന്‍, സ്വന്തം രൂപത്തില്‍ (അവന്‍റെ ഭാവനയ്ക്കനുസരിച്ച്) ദൈവങ്ങളെ ഉണ്ടാക്കിയതിനാല്‍ സത്യദൈവത്തിനെതിരായുള്ള മഹാപാപത്തില്‍ അവന്‍ നിപതിച്ചു. (റോമര്‍ 1:23). മനുഷ്യന്‍ ഇന്നു വ്യാജമായതിനെ ഒക്കെ ദൈവമായി കണ്ട് ആരാധിക്കുന്നു. ഉദാ:പാമ്പ്, പശു, ഇടി, കാറ്റ്, മനുഷ്യദൈവങ്ങള്‍ etc……….ഇങ്ങനെ നീണ്ടുപോകുന്ന ആരാധനമൂര്‍ത്തികള്‍ സത്യദൈവത്തെ കണ്ടെത്തുന്നതില്‍ നിന്നും മനുഷ്യനെ തടഞ്ഞു നിര്‍ത്തുന്നു.

ദൈവം സ്നേഹമാണ്. ആകയാല്‍ ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മത്രമേ അവനെ നമുക്കു ദൈവത്തെ അറിയുവാന്‍ കഴിയുകയുള്ളൂ. “സ്നേഹം ദൈവത്തില്‍ നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. ദൈവം സ്നേഹം തന്നേ.” (1 യോഹന്നാന്‍ 4:7,8) ദൈവത്തെ സ്നേഹിക്കുന്തോറും അധികമായി അവനെ അറിയുവാനും അനുഭവിക്കുവാനും സാധിക്കും. ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്:

1.യേശുവിനെ സ്വന്തരക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് ജീവിക്കുന്നതാണ്.

യേശു ക്രിസ്തു ഭൂമിയില്‍ വന്നത് മാനവവര്‍ഗ്ഗത്തെവീണ്ടെടുത്ത് സ്വര്‍ഗ്ഗരാജ്യത്തി നവകാശികളാക്കിത്തീര്‍ക്കുവാനാണ്. ആ യേശുവില്‍ വിശ്വസിച്ച് അവനെ സ്വന്ത സ്വന്തരക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവത്തിനായി ജീവിക്കുവാന്‍ സമര്‍പ്പിക്കുമ്പോള്‍ ആ വ്യക്തി ഒരു ദൈവമകനായിത്തീരുന്നു. “അവനെ (യേശു) കൈകൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹന്നാന്‍ 1:12), “ക്രിസ്തു യേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റ മക്കള്‍ ആകുന്നു.” (ഗലാത്യര്‍ 3:16). ഒരുവന്‍ ദൈവപൈതലായിത്തീരുമ്പോള്‍ അവന്‍ പാപജീവിതത്തെ ഉപേക്ഷിക്കും. അവന് നിത്യസന്തോഷവും സമാധാനവും ഉണ്ടാകും. യേശുവിനെ സ്വീകരിച്ച് അവന്നായി ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ ദൈവാത്മാവിനാല്‍ നമ്മുടെ ഹൃദയത്തില്‍ ദൈവസ്നേഹം ഉണ്ടാകുകയും തന്മൂലം നമുക്ക് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാന്‍ സാധിക്കുകയും ചെയ്യും.

2. ദൈവകല്പനകള്‍ അനുസരിക്കുന്നതാണ് ദൈവത്തോടുള്ള സ്നേഹം.

അനേകര്‍ പറയുന്ന ഒരു കാര്യമാണ് ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന്. ഞാന്‍ ബൈബിള്‍ വായിക്കും, പ്രാര്‍ത്ഥിക്കും, മറ്റുള്ളവരെ സഹായിക്കും. തുടങ്ങിയവയെല്ലാം ചെയ്യും. അത് ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ചെയ്യുന്നതെന്ന്. എന്നാല്‍ എന്താണ് ദൈവത്തോടുള്ള സ്നേഹം? “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം” (1 യോഹ 5:3) എന്നു വി. യോഹന്നാന്‍ പറഞ്ഞിരിക്കുന്നു. എന്താണ് ദൈവകല്പനകള്‍? അത് വിശുദ്ധ ബൈബിളിലെ വചനങ്ങളാണ്. ദൈവവചനം (ബൈബിള്‍) അനുസരിക്കുന്ന ഒരു വ്യക്തി ദൈവ പൈതലായിത്തീരുന്നു. ദൈവവചനത്തില്‍ ഇല്ലാത്ത എന്തു കാര്യം ചെയ്താലും ദൈവം അത് അംഗീകരിക്കുന്നില്ല. മാനസാന്തപ്പെടുക വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക തുടങ്ങിയവ ദൈവവചനത്തിലുള്ള കല്പനകളില്‍ ചിലതു മാത്രമാണ്.

യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച് അവന്‍റെ കല്പനകളെ പ്രമാണിക്കുമ്പോള്‍ നാം ദൈവത്തെ സ്നേഹിക്കുവാന്‍ തുടങ്ങും.

“ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവന്മാര്‍; അവര്‍ ദൈവത്തെ കാണും.” (മത്തായി 5:8) വിശുദ്ധനായ ദൈവത്തെ സ്നേഹിക്കുന്നതിന് നമുക്കു ഒരു നിര്‍മ്മല ഹൃദയം ആവശ്യമാണ്. ഹൃദയം എത്രമാത്രം നിര്‍മ്മലമായിരിക്കുന്നുവോ അത്രമാത്രം നമുക്കു ദൈവത്തോടുള്ള സ്നേഹവും വലുതായിരിക്കും. നിര്‍മ്മല സ്നേഹത്തിന്‍റെ മൂര്‍ത്തിഭാവമായ ദൈവത്തെ അനുഭവിച്ച് അറിയുവാനായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുവാനും നമ്മെ നിത്യനരകത്തില്‍ നിന്നും വിടുവിക്കാനുമായി തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചതിലൂടെ ദൈവം തന്‍റെ നിസ്വാര്‍ത്ഥ സ്നേഹം പ്രദര്‍ശിപ്പിച്ചു.) യേശുവിനെ സ്നേഹിക്കുമ്പോള്‍, അറിയുമ്പോള്‍ ദൈവത്തെ അറിയുകയാകുന്നു.

ഈ ലോകത്തില്‍ ഒരു വ്യക്തിയെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ നിങ്ങള്‍ക്കു ആ വ്യക്തിയെ സ്നേഹിക്കുവാന്‍ കഴിയുകയുള്ളു. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം അവനെ സ്നേഹിച്ചാല്‍ മാത്രമേ അവനെ അറിയുവാനും മനസ്സിലാക്കുവാനും സാധിക്കുകയുള്ളൂ.

അതുപോലെ ഈ ലോകത്തിലെ ഏതു പുസ്തകവും വായിച്ചു മനസ്സിലാക്കിയശേഷമാണ് നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നത്. എന്നാല്‍ വേദപുസ്തകത്തെ എത്രയും സ്നേഹിക്കുന്നുവോ അത്രയും അത് ഗ്രഹിപ്പാന്‍ നിങ്ങള്‍ക്ക് കഴിയും. ബൈബിളില്‍ക്കൂടിയാണ് നമുക്ക് ദൈവത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നത്. ദിനംപ്രതിയുള്ള ബൈബിള്‍ വായനയിലൂടെ ദൈവത്തെ കൂടുതല്‍ കൂടുതല്‍ അറിയുവാന്‍ നിങ്ങള്‍ക്കു സാധിക്കും.

പ്രിയാ സ്നേഹിതാ, നിങ്ങള്‍ നിര്‍മ്മലമായ ഹൃദയത്തോടെ ദൈവത്തെ ഉറ്റു സ്നേഹിക്കുവാന്‍ അഭ്യസിക്കുന്നതുവരെ ജീവിതത്തില്‍ സംതൃപ്തിയും വിശുദ്ധീകരണവും പ്രാപിപ്പാന്‍ കഴിയുകയില്ല. അവനെ സ്നേഹിക്കുന്തോറും കൂടുതല്‍ അറിയുവാനും കൂടുതല്‍ അറിയുന്തോറും കൂടുതല്‍ ആസ്വദിക്കുവാനും സാധിക്കും. അവന്‍ തേനിലും തേങ്കട്ടയിലും മാധുര്യമേറിയവന്‍.

“യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍; അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.”(സങ്കീര്‍ത്തനം 34:8)

ബൈബിള്‍ സത്യമോ?

ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്‍ പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

1455-ല്‍ യോഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച് ആദ്യമായി ബൈബിള്‍ അച്ചടിച്ചശേഷം 1012- ഭാഷകളില്‍ പുതിയ നിയമം പ്രസീദ്ധികരിച്ചിട്ടുണ്ട്. 392-ഭാഷകളില്‍ ബൈബിള്‍ സമ്പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ ബൈബിളിലെ ഏതെങ്കിലും ഒരു ഭാഗം 2287 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സര്‍വ്വശക്തനായ ദൈവം തന്‍റെ പ്രവാചകന്മാരില്‍ക്കൂടിയും ദാസിദാസന്മാരില്‍ക്കൂടിയും കാലാകാലങ്ങളില്‍ മാനവരാശിക്ക് നല്‍കിയ ദൈവവചനത്തിന്‍റെ ലിഖിതരൂപമാണ് വിശുദ്ധബൈബിളിന്‍റെ ഉള്ളടക്കം. അപ്പൊസ്തലന്മാരായ പൗലൊസും, പത്രൊസും തങ്ങളുടെ ലേഖനങ്ങളില്‍ ഇതു വ്യക്തമാക്കുന്നു. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകുന്നു.” (2 തിമൊഥെയൊസ് 3:16)

“തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് – 1:20,21)

അത്യുന്നതനായ ദൈവം തന്നെയാണ് ആദ്യമായി തന്‍റെ വചനം വരമൊഴിയായി തന്‍റെ ജനത്തിന് നല്‍കിയത്. (പുറപ്പാട് – 33:18) B.C-1492 മുതല്‍ A.D-100 വരെയുള്ള 1600 വര്‍ഷകാലയളവുകള്‍ക്കുള്ളില്‍ രാജാക്കന്മാര്‍, രാജ്യതന്ത്രജ്ഞന്മാര്‍, പ്രവാചകന്മാര്‍, മോശ, പൗലൊസ് ആദിയായ വിദ്യാസമ്പന്നന്‍മാര്‍ ആമോസ് ആദിയായ വിദ്യാവിഹീനര്‍, ചുങ്കം പിരിച്ചിരുന്ന മത്തായി, വൈദ്യനായ ലൂക്കൊസ്, മീന്‍പിടുത്തക്കാരായിരുന്ന പത്രൊസ്, യോഹന്നാന്‍ മുതലായി വിവിധ സാമൂഹ്യസാംസ്കാരിക പരിതസ്ഥിതികളില്‍ ജീവിച്ചിരുന്ന നാല്‍പ്പതോളം വ്യക്തികളാല്‍ മരുഭൂമി, പര്‍വ്വതപ്രാന്തങ്ങള്‍, പാലസ്തീന്‍ തെരുവീഥികള്‍, പ്രവാചക പാഠശാല, ശൂശന്‍ രാജധാനി, ബാബിലോണിലെ കേബാര്‍ നദീതീരം, റോമിലെകാരാഗൃഹം, ഏകാന്തമായ പത്മൊസ് ദ്വീപ് ആദിയായ ഇടങ്ങളില്‍വച്ച് അന്യോന്യമായ അറിവോ ആലോചനയോ കൂടാതെ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഘടനയും ആശ്ചര്യജനകമായ ഐക്യരൂപ്യവും കണ്ടാല്‍ ഈ വിശുദ്ധബൈബിളിന്‍റെ ഗ്രന്ഥകര്‍തൃത്വം ഏകനുമേല്‍ സ്ഥിതി ചെയ്യുന്നു അഥവാ ദൈവത്തില്‍ നിന്നുള്ളത് എന്ന് സ്പഷ്ടമായി കാണാവുന്നതാണ്.

ബൈബിള്‍ എന്ന പദത്തിന്‍റെ വേരുകള്‍ തേടുമ്പോള്‍ ചെന്നെത്തുന്നത് പ്രാചീന സംസ്കാരത്തിന്‍റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഈജിപ്തിലെ നൈല്‍ നദീതീരത്താണ്. അവിടെ വളര്‍ന്നിരുന്ന പപ്പൈറസ് (PAPYRUS) എന്ന ജല സസ്യത്തില്‍ നിന്നും ലഭിച്ചിരുന്ന ബൈബ്ലോസ് (BIBLIOS) എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് എഴുതുവാനുള്ള താളുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇങ്ങനെ തയ്യാറാക്കിയിരുന്ന പപ്പൈറസ് ചുരുളുകളെ ബൈബ്ലിയോന്‍ എന്നാണ് വിളിച്ചിരുന്നത്. വരമൊഴി വ്യാപകമായി തുടങ്ങിയതോടെ പപ്പൈറസ് ചുരുളുകളായ ബൈബ്ലിയോണുകളുടെ പ്രശസ്തി വര്‍ദ്ധിച്ചു. ചുരുളുകളുടെ കൂട്ടം അഥവാ പുസ്തകം എന്ന അര്‍ത്ഥത്തില്‍ ആ പദത്തെ ചുരുക്കി പരിഷ്ക്കരിച്ച് ബൈബിള്‍ എന്ന പദം ആദ്യം ഗ്രീക്കിലും പിന്നീട് ലാറ്റിനിലും അതിനുശേഷം ഫ്രഞ്ചിലും ഉപയോഗിച്ചു. അവസാനം ബൈബിള്‍ എന്ന സംജ്ഞ ഇംഗ്ലീഷിലും ഉപയോഗിച്ച് തുടങ്ങി. പുസ്തകം, പുസ്തകസഞ്ചയം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ച ബൈബിള്‍ എന്ന പദം ഇന്ന് എല്ലാ ഭാഷകളിലും ക്രൈസ്തവ സമൂഹം അംഗീകരിച്ചിരിക്കുന്ന ദൈവത്തിന്‍റെ തിരുവചനങ്ങള്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന പുസ്തകത്തിന്‍റെ നാമധേയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അത്യുന്നതാനായ ദൈവമാണ് ബൈബിളിന്‍റെ അഥവാ ലിഖിതരൂപത്തിലുള്ള ദൈവവചനത്തിന്‍റെ ആരംഭം കുറിച്ചത്. തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ അനുഷ്ഠിക്കുവാനും അനുസരിക്കുവാനുമായുള്ള കല്പനകള്‍ കല്പലകളില്‍ എഴുതി യഹോവയാം ദൈവം മോശെക്കു നല്‍കിയതോടെ ലിഖിതരൂപത്തിലുള്ള ദൈവവചനം ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടു.

“…… ദൈവത്തിന്‍റെ വിരല്‍കൊണ്ടു എഴുതിയ കല്പനകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കല്‍ കൊടുത്തു.” (പുറപ്പാട് – 31:18)

ബൈബിളിനെ പഴയനിയമം എന്നും (Old Testament) പുതിയ നിയമം എന്നും ( New Testament) രണ്ടായി തിരിച്ചിരിക്കുന്നു. 66 പുസ്തകങ്ങള്‍ അടങ്ങിയതാണ് വിശുദ്ധബൈബിള്‍.

ബൈബിള്‍ എഴുതപ്പെട്ടത് ദൈവികതീരുമാനപ്രാകരമാണെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നു.

“അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രം പോലെ കടുപ്പമാക്കി.” (സെഖര്‍യ്യാവു – 7:12)

ബൈബിള്‍ നമുക്കു ലഭിച്ചത് ദൈവത്തില്‍ നിന്ന് ദൈവ ജനത്തിലൂടെയാണ്. ദൈവസ്വഭാവവും ദൈവഹിതവും ദൈവവചനത്തിലൂടെയാണ് നാം മനസ്സിലാക്കേണ്ടത്. ദൈവം പറയുന്നത് പൂര്‍ണ്ണമായും സത്യമായതുകൊണ്ട് ദൈവവചനം തങ്ങളുടെ വിശ്വാസത്തിന്‍റെ ഏറ്റവും ആധികാരികമായ അടിസ്ഥാനമാണ്.

എന്നാല്‍ ഏതൊക്കെയാണ് ദൈവവചനമെന്നത് ചിലരെ സംബന്ധിച്ചടത്തോളം ഒരു പ്രശ്നമാണ്. അതിനാല്‍ ഏതാണ് ദൈവവചനം എന്ന് എങ്ങനെ മനസ്സിലാക്കാം. ഉദാഹരണമായി ബൈബിള്‍ മാത്രമാണോ ദൈവവചനം? മറ്റ് മതഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവവചനമാണോ? ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ഏതു ബൈബിള്‍ അതായത് ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനമാണ്, അല്ലേ? ചിലര്‍ തങ്ങളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും, അഭിപ്രായങ്ങളെയും എല്ലാം ദൈവവചനമായി കണക്കാക്കുന്നു. പാരമ്പര്യങ്ങള്‍ ദൈവവചനമാണോ? ബൈബിളിലൂടെ ദൈവം സംസാരിക്കുന്നതിനോട് തുല്യ മൂല്യമുള്ള മറ്റേതെങ്കിലും പുതിയ മാര്‍ഗ്ഗത്തിലൂടെ ദൈവം ഇന്നും മനുഷ്യ വര്‍ഗ്ഗത്തോട് സംസാരിക്കുന്നുണ്ട്.

ബൈബിള്‍ മാത്രമാണ് ദൈവവചനം എങ്കില്‍ ബൈബിളിലെ ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളുമാണ് ദൈവവചനം. ഏതൊക്കെ പുസ്തകങ്ങളും വാക്യങ്ങളും ദൈവവചനം അല്ല എന്ന് എങ്ങനെ തീരുമാനിക്കാം.?

ബൈബിളില്‍ ’66’ പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതിന്‍റെ കാരണം ദൈവം ദൈവനിവേശിതമായി അത്രയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതാണ്. ആധികാരികമായവ ഏത് എന്നു തീരുമാനിക്കുന്നത് ദൈവമാണ്. അല്ലാതെ ഏതെങ്കിലും സഭയൊ പ്രസ്ഥാനമൊ അല്ല.

പഴയ ഉടമ്പടി സംബന്ധമായി യേശുക്രിസ്തു അംഗീകരിച്ചത യഹൂദരുടെ ’39’ പുസ്തകങ്ങളാണ്. ദൈവത്തിന്‍റെ അരുളപ്പാടുകള്‍ യഹൂദര്‍ക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്. (റോമര്‍-3:2; എബ്രായര്‍ -5:12) പുതിയ നിയമത്തിലെ ’27’ പുസ്തകങ്ങള്‍ ദൈവനിവേശിതമാണെന്ന് എല്ലാവരും വ്യക്തമായി സമ്മതിക്കുന്നു. അങ്ങനെ മൊത്തം ’66’ പുസ്തകങ്ങളാണ് ബൈബിളില്‍ ഉള്ളത്.

അങ്ങനെ ബൈബിളിന്‍റെ മൂലരൂപത്തില്‍ ’66’ പുസ്തകങ്ങളിലായി മൊത്തം ‘1,189’ അദ്ധ്യായങ്ങളും ‘31,102’ വാക്യങ്ങളും ‘7,83,137’ വാക്കുകളും ‘35,66,480’ അക്ഷരങ്ങളും മാത്രമാണ് ദൈവവചനമായിട്ടുള്ളത്. പഴയ നിയമത്തില്‍ ’39’ പുസ്തകങ്ങളും ‘929’ അദ്ധ്യായങ്ങളും ‘23,144’ വാക്യങ്ങളും ‘60,2585’ വാക്കുകളും 27,2,8100 അക്ഷരങ്ങളും ഉണ്ട്. പുതിയ നിയമത്തില്‍ ’27’ പുസ്തകങ്ങളും ‘260’ അദ്ധ്യായങ്ങളും ‘7,957’ വാക്യങ്ങളും ‘180552’ വാക്കുകളും ‘838380’ അക്ഷരങ്ങളും ഉണ്ട്. എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്‍റെ വെളിപ്പാട് ബൈബിളില്‍ പൂര്‍ത്തിയായി.

“ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.” (വെളിപ്പാട് – 22:18,19)

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി – 5:18)

ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

മുകളില്‍ വിവരിച്ചിരിക്കുന്ന വാക്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ബൈബിള്‍ പൂര്‍ണ്ണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ’66’ പുസ്തകത്തോട് യാതൊന്നും കൂട്ടിച്ചേര്‍ക്കുകയൊ ഇതില്‍ നിന്നും യാതൊന്നും കുറയ്ക്കുകയൊ ചെയ്യുന്നത് ഗുരുതരമായ പാപമാണ്.

1 പുസ്തകങ്ങളുടെ ആശ്ചര്യകരമായ സംയോജനം:-

B.C.1492- മുതല്‍ A.D.100 വരെയുള്ള 1600 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന 40-ല്‍ അധികം എഴുത്തുകാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് പരസ്പര ധാരണകളൊന്നും കൂടാതെ ‘3’ ഭാഷകളില്‍ എഴുതിയ ’66’ പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് ബൈബിള്‍. എഴുത്തുകാരുടെ കാലം, തൊഴില്‍, സ്ഥലം, ഭാഷ എന്നിവ വ്യത്യസ്തമായിരുന്നിട്ടും അവരുടെ എഴുത്തുകള്‍ തമ്മില്‍ അത്ഭുതകരമായ ഐക്യതയും യോജിപ്പുമാണ് കാണുവാന്‍ കഴിയുന്നത്. ഒരു വ്യക്തിയില്‍ നിന്ന് കേട്ടെഴുതിയതു പോലെ എല്ലാം പരസ്പരം യോജിപ്പുള്ളതായിരുന്നു. ആശ്ചര്യകരമായ ഈ യോജിപ്പ് ബൈബിളിന്‍റെ അമാനുഷികതയെ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ കര്‍തൃത്വം ദൈവത്തില്‍ തന്നെയാണെന്ന് ഇതു തെളിയിക്കുന്നു.

2. ഉപദേശത്തിലുള്ള അധികാരം:-

ലോകത്തിലെ ഇതരഗ്രന്ഥകാരന്മാരുടെ ഇതരഗ്രന്ഥങ്ങളിലൊന്നും “ദൈവം ഇപ്രകാരം അരുളിച്ചെയ്തു,” “ദൈവം കല്പിച്ചു,” “ദൈവത്തിന്‍റെ അരുളപ്പാട്” ഇത്യാദി പ്രസ്താവനകള്‍ കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ബൈബിളില്‍ ഉടനീളം ‘3125’ പ്രാവശ്യം ഇത്തരം പ്രസ്താവനകള്‍ കാണാം. ഇത് തിരുവെഴുത്തിന്‍റെ അപ്രമാദിത്വത്തിനും ആധികാരികതയ്ക്കും തെളിവാണ്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ വാക്കുകള്‍ ഓര്‍ക്കുക: “യുക്തിയെ ആധാരമാക്കിയ വിവാദങ്ങളാല്‍ ഒരു കാര്യം തീര്‍ച്ചയാക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ ദൈവം ഒരു കാര്യം ശരിയെന്ന് പ്രസ്താവിച്ചാല്‍ അതു ശരിതന്നെയാണ്.” “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് – 3:16,17) എന്നു വി. പൗലൊസ് പറഞ്ഞിരിക്കുന്നു.

3. പ്രവചന നിവൃത്തികള്‍:-

തിരുവെഴുത്തുകളുടെ അപ്രമാദിത്വത്തിനുള്ള ഏറ്റവും വലിയ തെളിവ് അതിലെ പ്രവചനങ്ങളും അവയുടെ നിവൃത്തിയുമാണ്. ചരിത്രം മുന്‍കൂട്ടി പറഞ്ഞിട്ടുള്ള ഏക ഗ്രന്ഥം ബൈബിളാണ്. ‘100’ കണക്കിന് പ്രവചനങ്ങള്‍ അക്ഷരം പ്രതി നിറവേറി. വ്യക്തികള്‍, നഗരങ്ങള്‍, ജാതികള്‍, യഹൂദര്‍, ക്രിസ്തു, സഭ, സാമ്രാജ്യങ്ങള്‍, പ്രപഞ്ചം, ലോകസംഭവങ്ങള്‍, ലോകാവസാനം ആദിയായ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിളില്‍ കാണാം. ചിലത് ഇപ്പോള്‍ അത്ഭുതകരമായി നിവൃത്തിയായിക്കൊണ്ടിരിക്കുന്നു. യഹൂദ ജാതിയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തിതന്നെ ബൈബിള്‍ ദൈവവചനമാണെന്ന് തെളിയിക്കുന്നുണ്ട്. വേദപുസ്തകം സത്യമാണെന്നുള്ളതിന്നു വ്യക്തമായ ഒരു തെളിവ് തരാമോ എന്ന് പ്രുഷ്യയിലെ ഫ്രഡറിക്കു ചക്രവര്‍ത്തി തന്‍റെ ചാപ്ളയിനോട് ചോദിച്ചപ്പോള്‍, “തിരുമേനി, യഹൂദന്‍” എന്നു ചാപ്ളയിന്‍ മറുപടി പറഞ്ഞു.

ബൈബിളിലെ മകുടം ചാര്‍ത്തുന്ന പ്രവചന നിവൃത്തി കാണുവാന്‍ കഴിയുന്നതു ഏതെങ്കിലും ഒരു ഭാവി സംഭവത്തിലല്ല. പ്രത്യുത, ഒരു ഭാവി വ്യക്തിയിലത്രേ പ്രത്യുത വ്യക്തിയുടെ ജീവിതത്തെയും പ്രവൃത്തിയെയും കുറിച്ച് വിശദമായി പ്രവാചനകന്മാര്‍ പ്രസ്താവിച്ചു. ആ വിശദീകരണത്തിന്‍റെ കൃത്യമായ നിറവേറല്‍ പോലെ മറ്റൊന്നും ലോകസാഹിത്യത്തിലൊന്നും ചൂണ്ടികാണിക്കാനില്ല. ക്രിസ്തു ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അവന്‍റെ ജനനം, വംശ പാരമ്പര്യം, ജന്മസ്ഥലം, ജനനരീതി, ശൈശവം, ആളത്വം, ഉപദേശം, സ്വഭാവം, ജീവിതം, പ്രസംഗം, സ്വീകരണം, നിരാകരണം, മരണം, സംസ്കാരം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, എന്നിവയെ സംബന്ധിച്ച് ഏറ്റവും അത്ഭുതകരമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വ്യക്തി യേശുക്രിസ്തു മാത്രമാണ്. ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ ചരിത്രം ആര്‍ക്കെങ്കിലും എഴുതുവാന്‍ കഴിയുമോ? നിശ്ചയമായും ദൈവത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. ലോകപ്രശസ്തരായ ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിക്ടോറിയ മഹാരാജ്ഞി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ ജനിക്കുന്നതിനു മുമ്പ് അവരെക്കുറിച്ച് യാതൊരുത്തരും മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ബൈബിളിലാകട്ടെ ഒരാളല്ല, പിന്നെയൊ, ഇരുപതൊ ഇരുപത്തിയഞ്ചോ വ്യക്തികള്‍ അസാധാരണവും വ്യക്തവുമായ ഒരു വ്യക്തിയുടെ രൂപം വരച്ചു കാട്ടിയിരിക്കുന്നു. ഏറ്റം ആശ്ചര്യകരമായ കാര്യമാകട്ടെ അവരാരും തന്നെ തങ്ങള്‍ ചിത്രീകരിക്കുന്ന പ്രസ്തുത വ്യക്തിയെ ഒരിക്കലും കണ്ടിരുന്നില്ല എന്നുള്ളതത്രേ.

4. പരമമായ സത്യം:-

“പുസ്തകങ്ങളുടെ രാജാവ്” എന്ന പേരിന്ന് തികച്ചും അര്‍ഹമാണ് വേദപുസ്തകം. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യാന്വേഷണങ്ങളുടെ ആകതുകയെക്കാള്‍ കവിഞ്ഞ സത്യം വേദപുസ്തകത്തിനുണ്ട്. മറ്റ് ഗ്രന്ഥങ്ങളില്‍ സത്യാസത്യങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുമ്പോള്‍ വേദപുസ്തകത്തില്‍ സത്യം മാത്രം ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ സകല പുസ്തകങ്ങളിലേയും സത്യം മാത്രം വേര്‍തിരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചാലും അത് വേദപുസ്തകത്തിലെ സത്യത്തോട് കിടനില്ക്കുകയില്ല. ഇമ്മാനുവേല്‍ കാന്‍റ്െ ഇപ്രകാരം വേദപുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. “വേദ പുസ്തകം സകല സത്യങ്ങളുടേയും വറ്റിപോകാത്ത ഉറവിടമാണ്.”ഏതൊരു പ്രശ്നത്തിനും ബൈബിളില്‍ പ്രതിവിധിയുണ്ട്. അത് ഒരു ശാസ്ത്രഗ്രന്ഥമല്ല; എന്നാല്‍ സര്‍. ഐസക് ന്യൂട്ടനെപ്പോലും അത്ഭുതപ്പെടുത്തിയ ശാസ്ത്രീയ സത്യങ്ങള്‍ അതിലുണ്ട്. ബൈബിള്‍ വെറും സാഹിത്യ ഗ്രന്ഥമല്ല; എന്നാല്‍ ഷേക്സ്പിയറും, കാളിദാസനും അതിശയിക്കത്തക്ക സാഹിത്യം അതില്‍ കണ്ടെത്താം അത് ഒരു തത്വജ്ഞാനഗ്രന്ഥമല്ല; പക്ഷെ സോക്രട്ടറീസൊ, പ്ലേറ്റോയൊ ദര്‍ശിക്കാത്ത തത്വജ്ഞാനം തിരുവെഴുത്തിലുണ്ട്. അത് ഒരു ചരിത്രഗ്രന്ഥമല്ലായെങ്കിലും ഗിബ്ബനോ എച്ച്.ജി. വെല്‍സോ നമിച്ചു പോകത്തക്ക ചരിത്ര സത്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ മനുഷ്യബുദ്ധിക്ക് പിടിച്ചമര്‍ത്താന്‍ കഴിയാത്തത്ര ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.

5. ചരിത്രപരമായ തെളിവുകള്‍:-

ബൈബിള്‍ ഒരു ചരിത്രഗ്രന്ഥം അല്ലെങ്കിലും ചരിത്രം വേദപുസ്തകത്തില്‍ ആരംഭിക്കയും അതില്‍ത്തന്നെ അവസാനിക്കുകയും ചെയ്യുന്നതു കാണാം. ചരിത്രാതീതകാലത്തുണ്ടായ അനേക സംഭവങ്ങള്‍ ഈ മഹല്‍ ഗ്രന്ഥത്തില്‍ ലഭ്യമാണ്. വേദപുസ്തകത്തില്‍ ചരിത്രപരമായ സ്ഖലിതങ്ങള്‍ ഉണ്ടെന്ന് ആദ്യകാലത്ത് വാദിച്ച സര്‍ വില്യം റാംസെ, ഡോ. വില്യം എഫ്, ഓള്‍ ബ്രൈറ്റ് തുടങ്ങിയ ചരിത്ര പണ്ഡിതന്മാര്‍പോലും സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക്ശേഷം വേദപുസ്തകത്തിന്‍റെ ചരിത്രപരമായ സത്യസന്ധതയ്ക്ക് മുമ്പില്‍ തലകുനിക്കുകയാണ് ഉണ്ടായത്. സര്‍ ഐസക് ന്യൂട്ടന്‍റെ വാക്കുകള്‍ നോക്കുക “ശിഥിലമായ ഏതു ചരിത്രത്തില്‍ ഉള്ളതിനേക്കാള്‍ ആധികാരിക ലക്ഷണങ്ങള്‍ തിരുവെഴുത്തില്‍ കണ്ടെത്താന്‍ കഴിയും.”

6. ചരിത്രപരമായ രമ്യത:-

മനുഷ്യന്‍റെ ശാസ്ത്രീയ ജ്ഞാനം തുലോം പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് വേദഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതെങ്കിലും അവയില്‍ ശാസ്ത്രീയമായ അബദ്ധങ്ങള്‍ കാണാത്തത് എത്രയോ അത്ഭുതമായിരിക്കുന്നു. വേദപുസ്തകത്തില്‍ ഏതെങ്കിലും ശാസ്ത്രീയ അബദ്ധമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം കൊടുക്കാമെന്നു 1935-ല്‍ ഡോ. ഹാരി റിമ്മര്‍ ചെയര്‍മാനായുള്ള അമേരിക്കയിലെ സയന്‍സ് റിസര്‍ച്ച് ബ്യൂറോ പ്രഖ്യാപിക്കയുണ്ടായി. ഇതുവരെ ആ തുക ഏറ്റുവാങ്ങാന്‍ ആള്‍ ഉണ്ടായിട്ടില്ല. കാരണം ഇന്നേവരെ ബൈബിളില്‍ ഒരു തെറ്റുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. സര്‍. ജോണ്‍ ഹെര്‍സ്ക്കലിന്‍റെ വാക്കുകള്‍ നോക്കുക; “വിശുദ്ധ തിരുവെഴുത്തുകളില്‍ അടങ്ങിയിരിക്കുന്ന സത്യങ്ങളെ കൂടുതല്‍ കൂടുതല്‍ ശക്തിയായി ഉറപ്പിക്കുന്ന ഉദ്ദേശത്തോടുകൂടെയാണ് എല്ലാ മാനുഷിക കണ്ടുപിടിത്തങ്ങളും നടത്തപ്പെട്ടിട്ടുള്ളത്.” ശാസ്ത്രീയ രംഗത്ത് മായാത്ത വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അനേകം ശാസ്ത്രജ്ഞന്‍മാര്‍ ബൈബിള്‍ പ്രേമികളാണെന്ന് കാണുവാന്‍ കഴിയും.

7. വേദപുസ്തകത്തിന്‍റെ അന്തമില്ലാത്ത ആഴം

ബൈബിള്‍ മനുഷ്യദൃഷ്ടിയില്‍ ചെറിയ ഒരു പുസ്തകം മാത്രമാണ്. ഈ കാലത്ത് പോക്കറ്റില്‍ കൊണ്ടുനടക്കാനുള്ള വലിപ്പമേ അതിനുള്ളൂ. എന്നിരുന്നാലും ലോകത്തിലെ തലമുതിര്‍ന്ന പണ്ഡിതന്മാര്‍, നൂറ്റാണ്ടുകളായി ജീവിതകാലം മുഴുവന്‍ മെനക്കെട്ടു പഠിച്ചിട്ടും ചിന്തിച്ചിട്ടും അതിന്‍റെ ആഴം തിട്ടമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ അതിനെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പുതിയ വിഷയങ്ങള്‍ ഇപ്പോഴും ഇല്ലാതിരിക്കുന്നില്ല. മഹാനായ ജോര്‍ജ്ജ് മുള്ളര്‍ നൂറിലധികം പ്രാവശ്യം ബൈബിള്‍ വായിച്ചിട്ട് ഒടുവില്‍ പറഞ്ഞത് അപ്പോഴും അതു പുതുമ നിറഞ്ഞതായി തനിക്ക് അനുഭവപ്പെടുന്നു എന്നാണ്. 1-ാം നൂറ്റാണ്ടുകാര്‍ക്കും 21-ാം നൂറ്റാണ്ടുകാര്‍ക്കും അത് ഒന്നുപോലെ ദിവ്യമായി നിലകൊള്ളുന്നു. കാലം അതിനെ പഴഞ്ചനാക്കുന്നില്ല. ഈ പ്രത്യേകത വേദപുസ്തകത്തിനു മാത്രമുള്ളതാണ്. വേദപുസ്തകത്തില്‍ ദൈവത്തിന്‍റെ അനന്തമായ ബുദ്ധിയും ജ്ഞാനവും പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ പ്രത്യേകതക്ക് കാരണം.

8. മനുഷ്യമനസ്സിന്മേലുള്ള സ്വാധീനശക്തി:-

ഇത്രമാത്രം മനുഷ്യമനസ്സിനെ സ്വാധീനപ്പെടുത്തുന്ന ഒരു ഗ്രന്ഥവുമില്ല. വേദപുസ്തകം വായിച്ചിട്ടൊ അതിലെ വചനം കേട്ടിട്ടൊ മനസ്സിന്നു പരിവര്‍ത്തനം വന്നവര്‍ കോടിക്കണക്കിനാണുളളത്. ബൈബിള്‍ പഠനത്താല്‍ മാനസാന്തരപ്പെട്ട് യഥാര്‍ത്ഥ ക്രിസ്ത്യാനികളായപ്പെട്ടവരുടെകൂട്ടത്തില്‍ ഇന്ത്യയിലെ നാരായണ വാമന തിലകന്‍, പണ്ഡിത രമാഭായ്, സുന്ദര്‍സിംഗ്, ചന്തുമേനോന്‍, ഭക്തസിംഗ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. കൂടാതെ നൂറുകണക്കിന് അപരിഷ്കൃതരായ നരഭോജികള്‍ നരസ്നേഹികളും, ഭക്തന്മാരുമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ ഒരു ഇംഗ്ഗീഷുകാരന്‍ ആഫ്രിക്കയുടെ വനാന്തരത്തില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യന്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുന്നത് കണ്ട് പറഞ്ഞു. പാശ്ചാത്യരായ ഞങ്ങള്‍ ഉപേക്ഷിച്ച ആ പഴയഗ്രന്ഥം താങ്കള്‍ക്കെന്തിന് എന്ന്. അതിന് ആ മനുഷ്യന്‍ തിളച്ചുകൊണ്ടിരിക്കുന്ന കലത്തിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു. ഈ പുസ്തകം ഞങ്ങളുടെ കൈകളില്‍ ലഭിച്ചിരുന്നില്ലയെങ്കില്‍ താങ്കള്‍ ആ കലത്തില്‍ക്കിടന്ന് തിളയ്ക്കുമായിരുന്നു എന്നാണ്.

ദൈവവചനത്തിലൂടെ ദൈവശക്തിയും ജീവനും വ്യാപരിക്കുന്നതിനാലാണ് മനുഷ്യ മനസ്സിനെ ദൈവവചനം ഇത്ര കണ്ട് ആകര്‍ഷിക്കുന്നത്.

9. ശത്രുക്കളെ കീഴടക്കുവാനുള്ള കഴിവ്:-

വേദപുസ്തകത്തെപ്പോലെ അത്ര വളരെ ശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു പുസ്തകവും ലോകത്തിലുണ്ടായിട്ടില്ല. സാമ്രാട്ടുകള്‍ തങ്ങളുടെ സകലശക്തിയും യുക്തിയും ഉപയോഗിച്ച് അതിനോട് പോരാടി. ഡയോക്ലീഷ്യനും, ലൂഷിയനും സര്‍വ്വ അധികാരവും ഉപയോഗിച്ച് അതിനെ നിര്‍മ്മൂലമാക്കുവാന്‍ ശ്രമിച്ചു. പാപ്പാമതം അതിനെതിരെ കുരിശുയുദ്ധം നടത്തി A.D.1382-ല്‍ ബൈബിള്‍ പരിഭാഷപ്പെടുത്തിയ നവീകരണത്തിന് മുന്നോടിയായ ജോണ്‍ വിക്ലിഫിനെ അന്നുള്ള പാപ്പാ സഭാഭ്രഷ്ടനാക്കുകയും മരണാനന്തരം കുഴിമാന്തിയെടുത്ത് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു. വേദപുസ്തകം തര്‍ജ്ജിമ ചെയ്ത് വിതരണം നടത്തിയ ടിന്‍ഡെയിന്‍ എന്ന വിശുദ്ധനെ 1536-ല്‍ പാപ്പായുടെ കല്പനയനുസരിച്ച് ദഹിപ്പിച്ചു. ഗ്രിഗറി 7-ാ മന്‍ മാര്‍പ്പാപ്പ വേദപുസ്തകം വായിച്ചുപോകരുതെന്ന് വിലക്കി. വിന്‍സെന്‍റ് 3-ാ മന്‍ മാര്‍പ്പാപ്പ അല്‍മേനികള്‍ സ്വന്തം ഭാഷയില്‍ വേദഗ്രന്ഥം വായിക്കുന്നത് നിര്‍ത്തലാക്കുകയും അതിന്‍റെ പ്രതികള്‍ ചുട്ടെരിക്കുകയും ചെയ്തു. ക്ലമന്‍റ് 11-ാമന്‍, ലിയോ 12-ാ മന്‍, പിയൂസ് 8-ാമന്‍, ഗ്രിഗറി 16-ാമന്‍ എന്നിവരും വേദപുസ്തകം വായിക്കുന്നത് നിരോധിക്കയും ബൈബിള്‍ സൊസൈറ്റിക്കാരെ അധിക്ഷേപിക്കയും ചെയ്തവരാണ്. എന്നാല്‍ ഇന്ന് കത്തോലിക്കാ സഭയും ബൈബിള്‍ അച്ചടിക്കുന്നതിന് നിര്‍ബന്ധിതരായിരിക്കുകയാണ്.

വോള്‍ട്ടയര്‍, ഇംഗര്‍സോള്‍ എന്നീ നിരീശ്വരപ്രമാണികളും ബൈബിളിനെ ആക്രമിച്ചു. 15 വര്‍ഷത്തിനുള്ളില്‍ വേദപുസ്തകം തിരസ്ക്കരിക്കപ്പെടുമെന്ന് ഇംഗര്‍ സോളും 100 വര്‍ഷത്തിനുള്ളില്‍ ഒറ്റപ്രതിപോലും ശേഷിക്കാതെ ബൈബിള്‍ നിര്‍മൂലമായിപ്പോകുമെന്നും വോള്‍ട്ടയറും പ്രവചിച്ചു. എന്നാല്‍ വോള്‍ട്ടയര്‍ മരിച്ചശേഷം ജനീവ ബൈബിള്‍ സൊസൈറ്റി അദ്ദേഹത്തിന്‍റെ പ്രസ്സും വീടും വിലയ്ക്കുവാങ്ങി. ഇന്ന് ഇവിടെ ആയിരക്കണക്കിന് ബൈബിളിന്‍റെ കോപ്പികള്‍ അച്ചടിക്കയും വിതരണം ചെയ്കയും ചെയ്തുകൊണ്ടിരിക്കുന്നു. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തവും തൊടുത്തുവിട്ടത് ബൈബിളിന്‍റെ നേര്‍ക്കുതന്നെയായിരുന്നു. എന്നാല്‍ തന്‍റെ മരണക്കിടക്കയില്‍ ഡാര്‍വ്വിന്‍ ആശ്വാസം കണ്ടെത്തിയത് ബൈബിള്‍ വായിച്ചുകൊണ്ടാണ്.

നിരീശ്വരവാദികള്‍ക്കൊ, മതവിശ്വാസികള്‍ക്കൊ തിരുവെഴുത്തിനെ നിര്‍മ്മൂലമാക്കുവാന്‍ കഴിഞ്ഞില്ല. അമിതവാദികളും റഷ്യന്‍ കമ്മ്യൂണിസവും അതിന്‍റെ മുമ്പില്‍ പരാജയപ്പെട്ടു. പാപ്പാമതവും, മറ്റ് ഇതര മതങ്ങളും സമുദായങ്ങളും അതിനെതിരെ മത്സരിക്കുന്നുവെങ്കിലും ദൈവവചനത്തിന് ബന്ധനമില്ല. തിരുവചനം ഇന്നും ലോകത്തില്‍ പരക്കുകയാണ്. അത് തിരുവെഴുത്തുകളുടെ അജയ്യതയെ കാണിക്കുന്നു. രാഷ്ട്രീയ ശക്തികള്‍ക്കൊ, പീഡനങ്ങള്‍ക്കൊ അതിനെ നിശബ്ദമാക്കുവാന്‍ സാധ്യമായില്ല. സാധ്യമാകയില്ല.

നെപ്പോളിയന്‍ ഇപ്രകാരം പറഞ്ഞു: “ബൈബിള്‍ ജീവനുള്ള ദേഹിയാണ്. അതിനോട് എതിര്‍ക്കുന്നവരെ ഒക്കെയും അത് കീഴടക്കി ജയിക്കുന്നു.” മഹാനായ സ്പര്‍ജന്‍ ബൈബിളിനെ ഒരു സിംഹത്തോടുപമിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “സിംഹത്തെ കൂട്ടില്‍ നിന്നു ഇറക്കിവിട്ടാല്‍ മാത്രം മതി; അത് സ്വയം ജയിച്ചുകൊള്ളും” എന്നാണ്.

10. ജ്ഞാനികളുടെ മനോഭാവം:-

ലോകത്തിലെ പണ്ഡിതരും മഹാന്മാരുമായ നൂറ് ആളുകളോട് ബൈബിളിനെക്കുറിച്ച് അവരുടെ അഭിപ്രായം ചോദിച്ചാല്‍ ബൈബിള്‍ ഒരു അതുല്യഗ്രന്ഥമാണെന്ന് അവരില്‍ ഭൂരിഭാഗവും സമ്മതിക്കും. ജോര്‍ജ്ജ് വാഷിംഗ്ടണ്‍, എബ്രഹാം ലിങ്കണ്‍,ഷേക്സ്പിയര്‍, നെപ്പോളിയന്‍, വിന്‍സ്റ്റന്‍റ് ചര്‍ച്ചില്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, ബര്‍ണാഡ് ഷാ, ചാള്‍സ് ഡീക്കന്‍സ്, മുഹമ്മദ് നബി, രാജാറാം മോഹന്‍ റായ്, ടോള്‍സ്റ്റോയി, മഹാത്മാഗാന്ധി തുടങ്ങിയവര്‍ എല്ലാം വേദപുസ്തകത്തെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

വേദപുസ്തകത്തെ വിമര്‍ശിക്കുന്നവര്‍ ഭൂരിപക്ഷവും അത് ഒരിക്കലെങ്കിലും വായിക്കുകയൊ ശരിയായി പഠിക്കുകയൊ ചെയ്യാത്തവരാണ്. ബുദ്ധിയിലും ജ്ഞാനത്തിലും പക്വതപ്രാപിച്ചവര്‍ വേദപുസ്തകം നന്നായി പഠിച്ചശേഷം അവരുടെ ജീവിത സായാഹ്നത്തില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കാണ്. യൗവ്വനത്തിന്‍റെ പ്രസരിപ്പില്‍, അപക്വമായ ആവേശത്തിമര്‍പ്പിനാല്‍, വസ്തുക്കളെ വേണ്ടവണ്ണം വിലയിരുത്തകയൊ വിവേചിക്കുകയൊ ചെയ്യാതെ, മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും മധ്യത്തില്‍ തട്ടിവിടുന്ന അഭിപ്രായങ്ങളേക്കാള്‍ പ്രശസ്തി. യുവാക്കളായിരിക്കുമ്പോള്‍ വേദപുസ്തകത്തെ പുച്ഛിച്ചു തള്ളിയ അനേകര്‍ പില്‍ക്കാലത്ത് അതിനെ മുക്തകണ്ഡം പുകഴ്ത്തിയ ഉദാഹരണങ്ങളുണ്ട്. സാധു സുന്ദര്‍സിംഗ്, ഡീന്‍ഫരാര്‍, ല്യൂവാലസ്, റെനാന്‍, റൂസ്സോ എന്നിവര്‍ ഇപ്രകാരം തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റിയിട്ടുള്ളവരാണ്. വേദപുസ്തകം സത്യമാകയാലാണ് ജ്ഞാനികളെയും മഹാന്മാരെയും ഇത്ര കണ്ട ആകര്‍ഷിക്കുവാന്‍ അതിനു കഴിഞ്ഞിട്ടുള്ളത്.

11. അതിശീഘ്രപുരോഗതി

പല തത്വചിന്തകരുടെയും ചരിത്രകാരന്മാരുടെയും ലിഖിതങ്ങള്‍ക്കു പുതിയ നിയമത്തെക്കാളും പഴക്കം ഉണ്ടെങ്കിലും അവയൊന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചിട്ടില്ല. ഏതാണ്ട് 2000-ല്‍ അധികം ഭാഷകളിലേക്ക് വേദപുസ്തകം തര്‍ജ്ജിമചെയ്തിട്ടുണ്ട്. ബൈബിളിനുള്ള അതുല്യ ബഹുമതികള്‍ അതിന്‍റെ പുരോഗതിക്ക് നിദര്‍ശകമാണ്.

1) ബൈബിള്‍ ലോകത്തില്‍ ആദ്യമായി തര്‍ജ്ജിമചെയ്യപ്പെട്ട ഗ്രന്ഥം

2) ബൈബിള്‍ ലോകത്തില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം.

3) ബൈബിള്‍ ചന്ദ്രനില്‍ ആദ്യമായി കൊണ്ടു പോകപ്പെട്ട ഗ്രന്ഥം.

4) ബൈബിള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥം (2000-ല്‍ അധികം ഭാഷകളില്‍)

5) ബൈബിള്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.

6) ബൈബിള്‍ ഏറ്റവും വിലക്കുറവിന് വില്‍ക്കപ്പെടുന്ന ഗ്രന്ഥം.

7) ബൈബിള്‍ ഏറ്റവും അധികം സംഖ്യക്ക് ലേലം ചെയ്യപ്പെട്ട ഗ്രന്ഥം. (ഗുട്ടന്‍ബര്‍ഗ് ബൈബിള്‍, 1 കോടി 65 ലക്ഷം ഡോളര്‍)

😎 ബൈബിള്‍ ഏറ്റവും വലിയതും ഏറ്റവും ചെറിയതായതുമായ ഗ്രന്ഥമാണ്.

ക്രിസ്തുവിന്‍റെ രക്ഷാസന്ദേശം സകലജാതികളെയും ഉദ്ദേശിച്ചുള്ളതാകയാലാണ് ബൈബിള്‍ ഇന്നും നാം കാണുന്നതുപോലെ ലോകത്തില്‍ എവിടെയും പ്രചരിച്ചുവരുന്നത്. ഇതുവെറും യാദൃശ്ചിക സംഭവമല്ല. ലോകാവസാനത്തിനു മുമ്പ് ദൈവരാജ്യത്തിന്‍റെ സുവിശേഷം ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടണം എന്ന് വീണ്ടും വരുന്നവനായ ക്രിസ്തു കല്പിച്ചിരിക്കുന്നതിനാല്‍ (മര്‍ക്കൊസ് 13:10) അങ്ങനെ സംഭവിക്കുകയാണെന്നതാണ് പരമാര്‍ത്ഥം. അതുകൊണ്ട് ബൈബിളിന്‍റെ പുരോഗതിയുടെ പിന്നിലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശക്തിതന്നെയാണെന്ന് ഏതൊരു സത്യാന്വേഷിക്കും മനസ്സിലാകും.

12. ക്രിസ്തുവിന്‍റെ സാക്ഷ്യം

മോശയുടെ എഴുത്തുകളെയും പ്രവാചക പുസ്തകങ്ങളെയും സങ്കീര്‍ത്തനങ്ങളെയും തിരുവെഴുത്തുകളായി ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് വ്യക്തമാക്കി കൊടുത്തു. (ലൂക്കൊസ് 24:44) യേശുവിന്‍റെ ചില പ്രസ്താവനകള്‍ നോക്കാം.

“സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല.” (മത്തായി 5:18)

“ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനേക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.” (ലൂക്കൊസ് – 16:17)

ഇത്തരം പ്രസ്താവനകള്‍ എല്ലാം മുഴുവേദപുസ്തകവും ദൈവശ്വാസീയമായ തിരുവെഴുത്തുകളാണ് എന്ന് ക്രിസ്തു സ്ഥിരീകരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു.

13. മാനുഷിക സാക്ഷ്യങ്ങള്‍

A: രക്തസാക്ഷികളുടെ സാക്ഷ്യം

ഒരു കാര്യത്തിന്‍റെ ഉറപ്പിനായി സ്വന്തം ജീവന്‍ വെച്ചുകൊടുക്കുന്നതിലും വലിയ കാര്യം മറ്റെന്താണ്? ക്രൈസ്തവ സത്യങ്ങള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ചവര്‍ പതിനായിരങ്ങളൊ ലക്ഷണങ്ങളൊ അല്ല. ഏതാണ്ട് 12 കോടിയിലധികം വരുമെന്നാണ് പണ്ഡിതാഭിപ്രായം. ഇതിന്‍റെ പത്തിലൊന്ന് രക്തസാക്ഷികള്‍പ്പോലും മറ്റൊരു മതത്തിലൊ പ്രസ്ഥാനത്തിലൊ ഇല്ല. ഇത്രയും വലിയ സമൂഹം സമചിത്തതയോടും സന്തോഷത്തോടും കൂടെ മരണം വരിക്കാന്‍ ഒരുങ്ങിയത് വെറും മതഭ്രാന്തിന്‍റെ പേരിലാണെന്ന് പറയാന്‍ കഴിയുമോ? വേദപുസ്തകം സത്യമാണെന്നതിന് ഇത് ഒരു ശക്തമായ തെളിവാണ്.

B: വിശുദ്ധന്മാരുടെ സാക്ഷ്യം

അപ്പൊസ്തലന്മാര്‍ മുതലുള്ള വി. പിതാക്കന്മാര്‍ എല്ലാവരും തിരുവെഴുത്തുകളുടെ സത്യസന്ധതക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ്.

1: സെന്‍റ് അഗസ്റ്റിന്‍

“ചതിക്കാനൊ ചതിക്കപ്പെടാനൊ കഴിയാത്ത തിരുവെഴുത്തിന്‍റെ അധികാരത്തെ നാം സമ്മതിക്കുകയും അതിനു കീഴടങ്ങുകയും ചെയ്യുന്നു.”

2: അത്താനാസ്യൊസ്

“തിരുവെഴുത്ത് രക്ഷയുടെ ഉറവാകുന്നു. അവയിലെ ജീവിക്കുന്ന വചനങ്ങള്‍ ദാഹിക്കുന്നവരുടെ ദാഹം ശമിപ്പിക്കുന്നു. അവയില്‍ മാത്രമേ ദൈവിക ഉപദേശങ്ങള്‍ പ്രഘോഷിക്കപ്പെട്ടിട്ടുള്ളൂ. മനുഷ്യനിവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയൊ എന്തെങ്കിലും എടുത്തുകളയുകയൊ ചെയ്യരുത്.”

3: ജോണ്‍ കാല്‍വിന്‍

“മതത്തിന്‍റെ സത്യമായ പ്രകാശം ലഭിക്കണമെങ്കില്‍ തിരുവചനത്തില്‍ നിന്നു തന്നെ ആഴമായി പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം സംശയരഹിതമായി സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ തിരുവചനത്തിന്‍റെ ശിഷ്യനാകാത്ത ഒരുത്തനും സത്യവും സമ്പൂര്‍ണ്ണവുമായ ഉപദേശത്തെക്കുറിച്ച് എന്തെങ്കിലും ജ്ഞാനം ലഭിക്കുക സാധ്യമല്ല.”

C. ശാസ്ത്രജ്ഞന്‍മാരുടെ സാക്ഷ്യം

ശാസ്ത്രീയരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ ഭൂരിഭാഗവും ബൈബിള്‍ വിശ്വാസികളായിരുന്നുവെന്ന് കാണുവാന്‍ കഴിയും. അവരില്‍ ചിലരുടെ വാക്കുകള്‍ നോക്കുക.

1: സര്‍ ഐസക് ന്യൂട്ടണ്‍

“ഏറ്റവും ഉല്‍കൃഷ്ട തത്വശാസ്ത്രമായി തിരുവെഴുത്തുകളെ നാം കരുതുന്നു. മറ്റേതൊരു ലോകചരിത്രത്തെക്കാളും കൂടുതല്‍ ആധികാരികമായി ബൈബിളിനെ ഞാന്‍ കരുതുന്നു.”

2: സര്‍ ഫ്രാന്‍സിസ് ബേക്കണ്‍

“തെറ്റില്‍ അകപ്പെടാതെ നമ്മെ കാക്കുവാന്‍ രണ്ടു ഗ്രന്ഥങ്ങള്‍ നമ്മുടെ മുമ്പില്‍ വയ്ക്കപ്പെട്ടിരിക്കുന്നു. ഒന്നാമത് ദൈവഹിതം വെളിപ്പെടുത്തുന്ന വേദപുസ്തകം. രണ്ടാമത് തന്‍റെ ശക്തി വെളിപ്പെടുത്തുന്ന പ്രപഞ്ചമാകുന്ന പുസ്തകം.”

3: മൈക്കിള്‍ ഫാരഡെ

“തങ്ങളെ നയിപ്പാന്‍ ഈ അനുഗ്രഹീതഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ട് മനുഷ്യന്‍ വഴിതെറ്റിപ്പോകുന്നു.”

4:800 ശാസ്ത്രജ്ഞന്‍മാര്‍ ഒപ്പിട്ട പ്രസ്താവന

“തിരുവെഴുത്തിന്‍റെ വിശ്വസനീയതെയും സത്യസന്ധതയെയും സംശയിച്ചതിനാല്‍ പലരും തെറ്റിപ്പോകുന്നു എന്ന് ദുഃഖപുരസരം ഓര്‍ക്കുന്നു. പ്രകൃതിയുടെ താളുകളില്‍ എഴുതിയിരിക്കുന്ന ദൈവവചനവും തിരുവെഴുത്തുകളില്‍ നമുക്ക് രേഖയാക്കപ്പെട്ട ദൈവവചനവും പരസ്പരവിരുദ്ധമായി ഒരിക്കലും ഇരിക്കുന്നില്ല എന്നു ഞങ്ങള്‍ തിട്ടമായി ഗ്രഹിച്ചിരിക്കുന്നു.”

D. തത്വജ്ഞാനികളുടെ സാക്ഷ്യം:

പ്രഗത്ഭരായ തത്വചിന്തകരും ബൈബിളിന്‍റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിട്ടുള്ളവരാണ്.

1: ജോണ്‍ ലോക്ക്

“ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകാരന്‍ ദൈവവും അതിന്‍റെ ഉദ്ദേശ്യം രക്ഷയും അതിലെ വിഷയം കലര്‍പ്പില്ലാത്ത സത്യവും ആകുന്നു. അതുമുഴുവന്‍ ശുദ്ധവും സത്യസന്ധവും എന്തെങ്കിലും കൂടുതലൊ കുറവൊ ഇല്ലാത്തതുമാണ്.”

2: ബെറ്റക്സ്

“ബൈബിളിന് തെളിവുകളൊന്നും ആവശ്യമില്ല. കാരണം അത് താരതമ്യേന പ്രസ്താവന ചെയ്യുന്ന ഒരു ഗ്രന്ഥമല്ല. പിന്നെയൊ കാര്യമായ പൂര്‍ണ്ണതയെ പ്രസ്താവിക്കുന്ന ഒരു ഗ്രന്ഥമാകുന്നു.”

3: ജോണ്‍ ന്യൂട്ടണ്‍

“എനിക്ക് വളരെയേറെ പുസ്തകങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാറ്റിനെക്കാളും വിലയേറിയ പുസ്തകം ഒന്നേ ഉള്ളൂ. അതു ബൈബിള്‍ തന്നെ.”

E. മഹാന്മാരുടെ സാക്ഷ്യം

വിവിധ മണ്ഡലങ്ങളില്‍ വിരാചിച്ച മഹാന്മാര്‍ ബൈബിളിനെപ്പറ്റി സ്വന്തം അനുഭവത്തില്‍ നിന്നും പ്രസ്താവിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ സാക്ഷ്യം നോക്കുക.

1: ജോര്‍ജ്ജ് വാഷിംഗ്ടണ്‍

“ദൈവത്തെ കൂടാതെയും ബൈബിളില്ലാതെയും ലോകത്തെ ന്യായമായി ഭരിക്കുവാന്‍ സാധ്യമല്ല.”

2: മഹാത്മാഗാന്ധി

“അഹിംസയുടെ തത്വം ശ്രീയേശുവിന്‍റെ ഗിരിപ്രഭാഷണത്തിലാണ് ഞാന്‍ കണ്ടത്. പുതിയ നിയമം വായിക്കുന്നത് എന്നെ ആനന്ദിപ്പിക്കുകയും അതില്‍ കവിഞ്ഞ് സന്തോഷിപ്പിക്കയും ചെയ്യുന്നു.”

3: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

“യുവ സുഹൃത്തെ നീ വേദപുസ്തകവുമായി പരിചയപ്പെടുക; തിരുവെഴുത്തുകളെ വിശ്വസിക്കുക. ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വിശിഷ്ടമായ സന്‍മാര്‍ഗ്ഗതത്വങ്ങളാണ് ക്രിസ്തു നമുക്ക് ദാനം ചെയ്തിരിക്കുന്നത്.”

പ്രിയ സ്നേഹിതാ ഇന്നു ബൈബിളിന്‍റെ സത്യസന്ധതയെ കാണിച്ചുകൊണ്ടു സംക്ഷിപ്തമായ ഒരു വിവരണം നല്‍കി കഴിഞ്ഞിരിക്കയാണ്. ബൈബിള്‍ ജീവനുള്ള ദൈവത്തിന്‍റെ അരുളപ്പാടുകളാണെന്ന് ഇതിനാല്‍ വ്യക്തമാകുന്നുണ്ടല്ലോ അതിനാല്‍ ബൈബിളില്‍ വിശ്വസിച്ച് അതിനെ അനുസരിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുക.

അപ്പൊക്രിഫാ ഗ്രന്ഥങ്ങള്‍ ബൈബിളിന്‍റെ ഭാഗമോ?

മറച്ചുവയ്ക്കുക എന്നര്‍ത്ഥമുള്ള “അപ്പൊക്രിപ്ടോ” എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അപ്പൊക്രിഫയുടെ നിഷ്പത്തി മറയ്ക്കപ്പെട്ടത്, രഹസ്യം, ഗുപ്തം, ഗൂഡം എന്നൊക്കെയാണിതിന്‍റെ അര്‍ത്ഥം. ക്രൈസ്തവ ചരിത്രത്തില്‍ തിരുവെഴുത്തുകളുടെ കാനോന്യകതയോടുള്ള ബന്ധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് അപ്പൊക്രിഫാ അഥവാ ഗുപ്തഗ്രന്ഥങ്ങള്‍. റോമന്‍ കത്തോലിക്കാ സഭ ഒഴികെ മറ്റു സഭകളും യഹൂദന്മാരും അപ്പൊക്രിഫയെ അംഗീകരിക്കുന്നില്ല. പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ യഹൂദ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളാണ് അപ്പൊക്രീഫ. അവ യഹൂദന്‍മാരുടെ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു തന്നെ. അവയ്ക്കു വേണ്ടത്ര ആധികാരികത ഇല്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. ഈ അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1547-ലെ ട്രന്‍റ് കൗണ്‍സിലില്‍ വച്ചാണ് റോമന്‍ കത്തോലിക്കരുടെ ബൈബിളിലേക്ക് ചേര്‍ക്കപ്പെട്ടത്.

അലക്സാണ്‍ട്രിയന്‍ ലിസ്റ്റ് പ്രകാരമുള്ള 15 പുസ്തകങ്ങള്‍ അപ്പൊക്രിഫാ എന്നു പൊതുവെ അറിയപ്പെടുന്നു. അവയില്‍ 12 എണ്ണത്തെ റോമന്‍ കത്തോലിക്കാസഭ ദൈവവചനത്തിന്‍റെ ആധികാരികത കൊടുത്ത് അംഗീകരിക്കുന്നു. അവ തോബിത്, യൂദിത്ത്, 1,2 മക്കബായര്‍, ജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, ബാറൂക്കിന്‍റെ ആറാം അദ്ധ്യായമായിത്തീര്‍ന്ന ജറമിയായുടെ കത്ത്, എസ്ഥേറിനോടു ചേര്‍ക്കപ്പെട്ട 107 വാക്യങ്ങള്‍, ഡാനിയേല്‍ 3:24-90 ആയിത്തീര്‍ന്ന അസിറിയായുടെ പ്രാര്‍ത്ഥനയും 3 ചെറുപ്പക്കരുടെ പാട്ടും, ഡാനിയേല്‍ 13 ആയിത്തീര്‍ന്ന സൂസന്ന, ഡാനിയേല്‍ 14 ആയിത്തീര്‍ന്ന ബേലും വ്യാളവും, ഈ പന്ത്രണ്ടു പുസ്തകങ്ങളാണ് കത്തോലിക്കര്‍ അംഗീകരിച്ചിരിക്കുന്നത്. കത്തോലിക്കര്‍ അംഗീകരിക്കാത്ത അപ്പൊക്രീഫാ പുസ്തകങ്ങള്‍ 1,2 എസ്ദ്രാസ്, മനസായുടെ പ്രാര്‍ത്ഥന എന്നിവയാണ്.

1) അപ്പൊക്രിഫാ പുസ്തകങ്ങള്‍ ദൈവവചനമല്ലാത്തതിന്‍റെ കാരണങ്ങള്‍:-

ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‍കപ്പെട്ടിരിക്കുന്നത് യഹൂദര്‍ക്കാണ്. ദൈവവചനം സംബന്ധിച്ച് യിസ്രയേലിനാണ് മുഖ്യ സ്ഥാനം. ദൈവം തന്‍റെ ചിന്തകളും നിയമങ്ങളും യിസ്രായേലിന് വെളിപ്പെടുത്തിയതുപോലെ മറ്റൊരു ജനസമൂഹത്തിനും ജാതിക്കും വെളിപ്പെടുത്തിയിട്ടില്ല. അവിടുന്ന് യാക്കോബിന് തന്‍റെ കല്പനയും യിസ്രയേലിന് തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല. ്അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ് (സങ്കീര്‍ത്തനം – 147:19,20). ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ഭരമേല്പിച്ചിരിക്കുന്നത് യഹൂദന്മാരെയാണ്. (റോമര്‍ – 3:1,2); വിശുദ്ധലിഖിതങ്ങള്‍ എന്നതുകൊണ്ട് യേശു അര്‍ത്ഥമാക്കിയത് ദൈവത്തിന്‍റെ വെളിപ്പാടടങ്ങിയ യഹൂദഗ്രന്ഥങ്ങളെയാണ്. പഴയനിയമഗ്രന്ഥങ്ങള്‍ യേശു എന്ന വ്യക്തിയുടെ പ്രവാചകന്‍, പുരോഹിതന്‍ രാജാവ് എന്നീ ദൗത്യവശങ്ങളെ മുന്‍കൂട്ടി വ്യക്തമാക്കുന്നു.

യഹൂദര്‍ വിശുദ്ധലിഖിതങ്ങള്‍ എന്ന് ആധികാരികത കൊടുത്തിരിക്കുന്നത് മോശ മുതല്‍ മലാഖിവരെയുള്ള പ്രവാചക ഗ്രന്ഥങ്ങള്‍ക്കാണ്. പഴയ നിയമത്തിലെ അവസാനഗ്രന്ഥത്തില്‍ യേശുവിനു മുന്നോടിയായി വരാന്‍ പോകുന്ന സ്നാപകയോഹന്നാനെപ്പറ്റി പറഞ്ഞിരിക്കുന്നു. (മലാഖി 3:1) അപ്പൊക്രിഫ എഴുതപ്പെട്ട B.C.300 മുതല്‍ B.C .30 വരെയുള്ള കാലഘട്ടത്തില്‍ ഒരു യഹൂദപ്രവാചകനും ജീവിച്ചിരുന്നിട്ടില്ല. അങ്ങനെ ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ ഇല്ലാതിരുന്ന യഹൂദാചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലാണ് അപ്പൊക്രിഫഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഹഗ്ഗായി, സെഖര്‍യ്യാവ്, മലാഖി എന്നീ പ്രവാചകര്‍ക്ക് B.C. 400) ശേഷം പരിശുദ്ധാത്മാവ് യിസ്രായേലില്‍ നിന്ന് വിട്ടുപോയി എന്ന് തല്‍മൂദ് സാക്ഷ്യപ്പെടുത്തുന്നു. അപ്പൊക്രിഫ എഴുതപ്പെട്ടത് B.C. 200നു ശേഷമാണ്.

2) യെഹൂദര്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല:-

പഴയ ഉടമ്പടി പുസ്തകങ്ങളുടെ ആധികരികത നിര്‍ണ്ണയിക്കാന്‍ ഏറ്റവും നന്നായി സാധിക്കുന്നത് യഹൂദര്‍ക്ക് തന്നെയാണ്. യെഹൂദര്‍ ഒരിക്കലും അപ്പൊക്രിഫായെ അവരുടെ വിശുദ്ധഗ്രന്ഥത്തന്‍റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യെഹൂദരുടെ വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങള്‍ എന്തൊക്കെയാണെന്നതിന്‍റെ അന്തിമമായ തീരുമാനം ക്രിസ്തുവിന് 400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയായതാണ്. ആ തീരുമാനവുമായി റോമന്‍ കത്തോലിക്കാ സഭക്ക് യാതൊരു ബന്ധവുമില്ല. അതിനാല്‍ പഴയ നിയമഗ്രന്ഥങ്ങള്‍ ഏതൊക്കെയെന്ന വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ റോമന്‍ കത്തോലിക്കര്‍ക്ക് അര്‍ഹതയില്ല. അതിനാല്‍ അപ്പൊക്രിഫായെ ബൈബിളിന്‍റെ ഭാഗമാക്കുക എന്ന് റോമന്‍ കത്തോലിക്കരുടെ നിലപാട് അനധികൃതമാണ്.

3) പഴയനിയമഗ്രന്ഥങ്ങള്‍ എഴുതിയ യഹൂദരും പഴയനിയമഗ്രന്ഥങ്ങളുടെ പൊരുളായ യേശുവും അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ദൈവവചനമാണെന്ന് അംഗീകരിക്കുന്നില്ല. യേശുവിന്‍റെ ഈ സാക്ഷ്യം മനഃപൂര്‍വ്വം അംഗീകരിക്കാത്തവര്‍ക്ക് യേശുവില്‍ വിശ്വസിക്കന്‍ സാധിക്കില്ല.

4) യേശുവും അപ്പൊസ്തലന്മാരും അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നില്ല. യേശുവും പുതിയ നിയമഗ്രന്ഥകാരന്മാരും പഴയനിയമഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കയും അവയെപ്പറ്റി പരാമര്‍ശിക്കയും ചെയ്യുന്നു. എന്നാല്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും അവര്‍ കൊടുക്കുന്നില്ല. ആധികാരികമായത് ഏത് എന്ന് തീരുമാനിക്കുന്നതിന്‍റെ കേന്ദ്രസ്ഥാനം യേശുവിനാണ്. നിയമവും പ്രവാചകന്മാരും എന്ന് യേശു പറഞ്ഞത് മോശ മുതല്‍ യേശുവരെ എഴുതപ്പെട്ട ദൈവിക വെളിപ്പാടിനെയാണ്. അവയില്‍ അപ്പൊക്രിഫാഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്നില്ല. ക്രിസ്തു ഉപയോഗിച്ചത് യഹൂദരുടെ ബൈബിളായിരുന്നു ഇന്നും യഹൂദര്‍ ഉപയോഗിക്കുന്നത് അതേ ബൈബിള്‍ത്തന്നെ. അതില്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ഇല്ല. യേശു ആ യഹൂദബൈബിളിനെ മാത്രമാണ് വിശുദ്ധലിഖിതങ്ങള്‍ എന്നു വിളിച്ചത്. അതിനാല്‍ അപ്പൊക്രിഫാ പുസ്തകങ്ങള്‍ വിശുദ്ധലിഖിതമോ ദൈവവചനമോ അല്ല എന്ന് അവയെ സംബന്ധിച്ച യേശുവിന്‍റെ സമീപനത്തില്‍ നിന്നു മനസ്സിലാക്കാം. അപ്പൊക്രിഫാ ദൈവവചനമായി ബൈബിളില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നെങ്കില്‍ യേശു അത് പറയുമായിരുന്നു. അപ്പൊക്രിഫായെപ്പറ്റി യേശുവും അപ്പൊസ്തലന്‍മാരും നന്നായി അറിഞ്ഞിരുന്നു. എങ്കിലും അവര്‍ അതിന്‍റെ ആവശ്യകതയെപ്പറ്റി പുതിയ നിയമത്തില്‍ സൂചിപ്പിക്കുകയൊ അവയില്‍ നിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിന്‍റെ അര്‍ത്ഥം അവര്‍ അവയെ ദൈവവചനമായി അംഗീകരിച്ചില്ല എന്നതാണ്. അങ്ങനെ അപ്പൊക്രിഫ ബൈബിളിന്‍റെ ഭാഗമല്ല എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അതിനാല്‍ അപ്പൊക്രിഫായെ ദൈവവചനം എന്ന രൂപേണ ബൈബിളില്‍ ഉള്‍പ്പെടുത്തുന്നത് ക്രിസ്തുവിരുദ്ധമായ കാര്യമാണ്.

5) നമുക്ക് അപ്പൊക്രിഫായുടെ ആവശ്യമില്ല. അപ്പൊക്രിഫ ഇല്ലാതെ തന്നെ ബൈബിളില്‍ ദൈവവചനവും ദൈവികവെളിപാടും പൂര്‍ണ്ണമാകുന്നു. ദൈവവചനമായ ബൈബിള്‍ എന്നേക്കും പരിപൂര്‍ണ്ണമാണ്. അതു മനുഷ്യന്‍ മെച്ചപ്പെടുത്തേണ്ട കാര്യമില്ല. മെച്ചപ്പെടുത്താന്‍ സാധ്യവുമല്ല. (സങ്കീര്‍ത്തനം-119:89,160;12:67;19:7;1 പത്രൊസ്-1:23.; മത്തായി 24:35) ക്രിസ്തു തന്‍റെ അപ്പൊസ്തലന്മാര്‍ക്ക് തന്‍റെ മുഴുസത്യവും വാഗ്ദാനം ചെയ്തു. (യോഹന്നാന്‍ – 16:12-15; 14:26) അതില്‍നിന്നും ക്രിസ്തു തന്‍റെ സഭക്ക് നല്‍കുവാന്‍ തീരുമാനിച്ച അടിസ്ഥാനമായ സത്യം അപ്പൊസ്തലന്മാര്‍ക്ക് പൂര്‍ണ്ണമായി ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ബൈബിളിലെ പുതിയ നിയമത്തില്‍ അപ്പൊസ്തലന്‍മാര്‍ക്ക് ലഭിച്ചതായി നാം കാണുന്ന വെളിപ്പാടും സത്യവും എന്താണോ അത് അതില്‍ത്തന്നെ പൂര്‍ണ്ണമാണ്. ബൈബിളിലെ വെളിപാട് പൂര്‍ണ്ണമാകുന്നത് യേശുക്രിസ്തുവില്‍ക്കൂടിയാണ്.

6) അപ്പൊക്രിഫയില്‍ ദൈവവചനവിരുദ്ധമായ പ്രബോധനങ്ങള്‍ ഉള്‍ക്കെള്ളുന്നു. വചനവിരുദ്ധമായ പ്രബോധനങ്ങളില്‍ ചിലത് ഇവയാണ്:- മരിച്ചവര്‍ക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന, (2 മക്കബായര്‍ 12:45,46) സല്‍പ്രവൃത്തികള്‍ വഴി ഉള്ള രക്ഷ (തോബിത് 12:9) എന്നാല്‍ ദൈവവചനത്തിന്‍റെ ആധികാരികത ഉണ്ട് എന്ന് അംഗീകരിക്കപ്പെടുന്ന ബൈബിളിലെ പുസ്തകങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെതിരാണ് (എബ്രായര്‍ -9:27; ലൂക്കൊസ് 16:25; 2 ശമൂവേല്‍ 12:19) സല്‍പ്രവൃത്തികള്‍ വഴി രക്ഷ ലഭിക്കും എ ഉപദേശത്തിനും എതിരാണ്. (ഉല്പത്തി 15:6; റോമര്‍-4:5;ഗലാത്യര്‍ 3:15) അതിനാല്‍ ബൈബിളും അപ്പൊക്രിഫായും പരസ്പരവിരുദ്ധങ്ങളാണെന്ന് വ്യക്തമാകുന്നു. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ലെന്നു തെളിയുന്നു.

7) അപ്പൊക്രിഫായിലെ പ്രബോധനങ്ങള്‍ പലതും ബൈബിളിന്‍റെ ഉന്നത ധാമ്മികനിലവാരം പുലര്‍ത്തുന്നവയല്ല. ഉദാഹരണമായി കാപട്യം കാണിക്കുവാന്‍ ദൈവം യൂദിത്തിനെ സഹായിക്കുന്നതായി യൂദിത്ത് 9-11 വരെയുള്ള അദ്ധ്യായങ്ങളില്‍ കാണുന്നു. (2 മക്കബായര്‍ 14:41,42-ല്‍ ആത്മഹത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു.)

😎 പ്രവാചകകാലഘട്ടത്തില്‍ എഴുതപ്പെട്ടതല്ലെന്ന് സ്വയം സമ്മതിക്കുന്നു. (1 മക്കബായര്‍ 9:27)

9) ആധികാരികമായ ദൈവവചനം നിറവേറ്റേണ്ട മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫാ ഗ്രന്ഥങ്ങള്‍ക്ക് കഴിയുന്നില്ല.ഒരു പുസ്തകത്തെ ദൈവവചനം എന്ന സ്ഥാനം കൊടുത്ത് അംഗീകരിക്കുന്നതിന് മുമ്പ് അതിനെ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാവിഷയമാക്കേണ്ടതുണ്ട്. അവയില്‍ ചില മാനദണ്ഡങ്ങള്‍ ഇവയാണ്. ദൈവത്തിന്‍റെ പ്രവാചകനാല്‍ എഴുതപ്പെട്ടതാണോ? ദൈവത്തിന്‍റെ അതിസ്വഭാവികമായ അത്ഭുതപ്രവൃത്തികൊണ്ട് ഗ്രന്ഥകാരനെ ദൈവം അംഗീകരിച്ചതായി കാണുന്നുണ്ടോ? ദൈവത്തെയും മനുഷ്യനെയുംപ്പറ്റി അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ദൈവജനത്തിന്‍റെ തുടര്‍ച്ചയായതും സാര്‍വ്വത്രികവുമായ സ്വീകാര്യത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ അപ്പൊക്രിഫക്ക് കഴിയുന്നില്ല. അതിനാല്‍ അപ്പൊക്രിഫ ദൈവവചനമല്ല.

10) യഹൂദതത്വചിന്തകനായ ഫിലോ (B.C.20 A.D. 40) തന്‍റെ എഴുത്തുകളില്‍ പഴയനിയമഗ്രന്ഥങ്ങളില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നുണ്ടെങ്കിലും ആ രീതിയില്‍ അപ്പൊക്രിഫാഗ്രന്ഥന്ഥങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നില്ല.

11) യേശുവിന്‍റെ സമകാലികനും സുപ്രസിദ്ധപണ്ഡിതനും യഹൂദചരിത്രകാരനുമയ ജോസിഫസ് അപ്പൊക്രിഫാഗ്രന്ഥങ്ങളെ അംഗീകരിക്കുകയൊ അവയെ ഉദ്ധരിക്കുകയൊ ചെയ്യുന്നില്ല.

12) ജാമ്മിയ കൗണ്‍സിലിലെ (A.D 90) യഹൂദപണ്ഡിതര്‍ അപ്പൊക്രിഫ പുസ്തകങ്ങള്‍ ദൈവ നിവേശിതമായി അംഗീകരിച്ചില്ല.

13) ആദിമ സഭ അപ്പൊക്രിഫാ പുസ്തകങ്ങളെ ദൈവനിവേശിതമായി അംഗീകരിച്ചില്ല.

14) റോമന്‍ കത്തോലിക്കാ സഭ A.D.1547 വരെ അപ്പൊക്രിഫാ പുസ്തകങ്ങളെ ബൈബിളിന്‍റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. അപ്പൊക്രിഫായെ അംഗീകരിക്കുന്നത് സത്യത്തെ എതിര്‍ക്കുന്നതിന് തുല്യമാണെന്നു വ്യക്തമാക്കുന്നു. ഈ കാരണങ്ങളാല്‍ യേശുവിന്‍റെ കാലത്ത് പഴയനിയമത്തിലെ 39 പുസ്തകങ്ങളും ക്രിസ്തുവിന്ശേഷം പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ദൈവവചനമാണെന്ന് ക്രിസ്ത്യാനികള്‍ അംഗീകരിച്ചു. അങ്ങനെ 66 പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായി.

ബൈബിളാണോ പാരമ്പര്യമാണോ വിശ്വാസത്തിന് ആധാരം?

ഒരാള്‍ എവിടെ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിട്ടില്ല. അങ്ങനെ ഒരവസരം നമുക്ക് ലഭിച്ചിരുന്നെങ്കില്‍ നമ്മില്‍ പലരും ഇന്നത്തെ ഈ അവസ്ഥയില്‍ കാണപ്പെടുമായിരുന്നില്ല. നാം ജനിച്ചുവളര്‍ന്നു തിരിച്ചറിവായ ശേഷമാണ് നമ്മുടെ കുടുംബപശ്ചാത്തലവും മത പശ്ചാത്തലവും മറ്റും നാം മനസ്സിലാക്കുന്നത്. താങ്കള്‍ എന്തുകൊണ്ട് ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കുന്നു എന്ന് ഒരാളോടു ചോദിച്ചാല്‍ അവന്‍റെ ഉത്തരം ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു എന്നു തന്നെ ആയിരിക്കും. അപ്പോള്‍ താങ്കള്‍ ഒരു ഹിന്ദുകുടുംബത്തിലാണ് ജനിച്ചിരുന്നതെങ്കിലോ? താങ്കള്‍ ഒരു ഹിന്ദുവായിരിക്കും. ഇങ്ങനെ മതങ്ങളുടേയും സഭകളുടെയും പേരുകള്‍ മാറിമാറി ചോദിച്ചാലും അവരുടെ മറുപടി ഇപ്രകാരം തന്നെ ആയിരിക്കും. അങ്ങനെയെങ്കില്‍ താങ്കളുടെ സഭയോട് താങ്കള്‍ കാണിക്കുന്ന കൂറും അവേശവും എന്തിന്‍റെ അടിസ്ഥാനത്തിലാണ്, അതിന്‍റെ ഉത്തരം പാരമ്പര്യം എന്നായിരിക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ സഭയോട് കാണിക്കുന്ന തീഷ്ണത അതിന്‍റെ അടിസ്ഥാനം നമുക്ക്വേണ്ടി ക്രൂശില്‍മരിച്ച കര്‍ത്താവിനോടുള്ള സ്നേഹമോ ദൈവവചനത്തോടുള്ള ആത്മാര്‍ത്ഥതയോകൊണ്ടല്ല, കേവലം പാരമ്പര്യത്തില്‍ നിന്ന് ഉളവായ മതഭക്തിയാണ്.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന മനുഷ്യന്‍ പക്ഷെ! ഏതു കാര്യത്തിലാണ് മനുഷ്യന്‍ പാരമ്പര്യം സൂക്ഷിക്കുന്നത്? ഭീമമായ തുക ഡൊണേഷന്‍-കൈക്കൂലി-കൊടുത്ത് മക്കളെ ഉന്നതവിദ്യാഭ്യാസത്തിനയക്കുന്ന മനുഷ്യരില്‍ എത്രപേര്‍ 4-ാം ക്ലാസ്സുവരെ പഠിച്ചിട്ടില്ലാത്ത തങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ സൂക്ഷിക്കാറുണ്ട്.

മക്കളെ ഡോക്ടറും, എഞ്ചിനീയറും, വക്കീലുമൊക്കെ ആക്കാന്‍ പെടാപാടുപെടുന്ന മനുഷ്യന്‍ അരയില്‍ ഈരെഴ തോര്‍ത്തും തലയില്‍ പാളത്തൊപ്പിയും വെച്ച് പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു ജീവിച്ച പിതാക്കന്മാരുടെ പാരമ്പര്യം തൊഴില്‍ മേഖലയില്‍ സൂക്ഷിക്കാറുണ്ടോ?

കോട്ടും, സൂട്ടും, ബൂട്ടും ധരിച്ച്, റ്റൈയും കെട്ടി ലക്ഷങ്ങള്‍ വിലയുള്ള കാറില്‍ പറന്നു നടക്കുമ്പോള്‍ പണ്ട് ഒറ്റമുണ്ടും മുറികയ്യന്‍ ഷര്‍ട്ടുമിട്ട് നഗ്നപാദരായി മൈലുകള്‍ താണ്ടിയിരുന്ന വല്യപ്പച്ചന്‍മാരുടെ പാരമ്പര്യം വസ്ത്രധാരണത്തിലൊ വാഹനകാര്യത്തിലൊ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടോ?

ഓലമേഞ്ഞ കൂരെക്കുകീഴെ ചാണകം മെഴുകിയ തറയില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലിരുന്ന് അക്ഷരം പഠിച്ചിരുന്ന, അത്താഴം കഴിച്ചിരുന്ന മനുഷ്യന്‍ ഗ്രനൈറ്റും, മാര്‍ബിളും വിരിച്ച മണിമാളികകള്‍ വൈദ്യുതി ദീപങ്ങളാലലങ്കരിച്ച് മോടിപിടിപ്പിക്കുമ്പോള്‍ വീടിന്‍റെ കാര്യത്തില്‍ വിളക്കിന്‍റെ കാര്യത്തില്‍ പാരമ്പര്യം തെറ്റുമെന്ന് പറഞ്ഞ് പഴഞ്ചന്‍ വീടുകളില്‍ താമസിക്കാറുണ്ടോ? ഇല്ലേ ഇല്ല.

ഒറ്റക്കാര്യത്തിലെ മനുഷ്യര്‍ക്ക് പാരമ്പര്യമുള്ളൂ. ദൈവത്തിന്‍റെ കാര്യത്തില്‍, ആത്മീയ അന്ധത കൈവിടാത്തകാര്യത്തില്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വിദ്യയിലൂടെ വിജ്ഞാനത്തിലൂടെ പുരോഗതി കൈവരിക്കുന്ന മനുഷ്യന്‍ ദൈവവചനം പഠിച്ച് സത്യം മനസ്സിലാക്കാനോ ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കാനോ അങ്ങനെ വ്യര്‍ത്ഥമായ പാരമ്പര്യവും അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ ആചാരങ്ങളും പാപപ്രവൃത്തികളും ഉപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനോ ആഗ്രഹിക്കുന്നില്ല.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞിരിക്കുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. “അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍ക്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍വേണ്ടി കൗശലപൂര്‍വ്വം ദൈവകല്പന അവഗണിക്കുന്നു. (മര്‍ക്കോസ് – 7:6-9)

പാരമ്പര്യവും ദൈവവചനവും ഒന്നിച്ചു പോകയില്ല. യേശു ഇവിടെപ്പറയുന്നത് കപടഭക്തിക്കാര്‍ ദൈവവചനം കൗശലപൂര്‍വ്വം മാറ്റിവച്ച് മനുഷ്യരുടെ കല്പനകളെ പ്രമാണങ്ങളായി പഠിപ്പിക്കുകയും അവയെ ദൈവവചനത്തിനു തുല്യമായിക്കണ്ട് അനുസരിക്കുകയും ചെയ്യുന്നു. ഈ കൂട്ടര്‍ക്ക് ദൈവവചനം അറിയില്ലെങ്കിലും മാനുഷികമായ പ്രമാണങ്ങളെല്ലാം മനഃപാഠമായിരിക്കും. ഈ കൂട്ടര്‍ ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും ദൈവരാജ്യത്തില്‍ നിന്നും വളരെയേറെ അകലെയാണ്.

പാരമ്പര്യ വാദികളെക്കുറിച്ച് സ്നാപകയോഹന്നാന്‍ പറയുന്നത് ഇപ്രകാരമാണ്.

“അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലി സന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചു കഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടിതീയിലെറിയും. (മത്തായി – 3:7-10)

മാനസാന്തരപ്പെട്ട് നല്ല ഫലം നല്‍കാതെ അബ്രാഹിമിന്‍റെ മക്കളാണെന്ന പാരമ്പര്യംകൊണ്ട് ദൈവക്രോധത്തില്‍ നിന്നു രക്ഷപെടുകയില്ലെന്നാണ് ഇവിടെ യോഹന്നാന്‍ പറയുന്നത്.

വി. പത്രോസ് പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.” (1 പത്രോസ് -1:18,19) ഇതിനര്‍ത്ഥം ക്രിസ്തുവിന്‍റെ അമൂല്യരക്തംകൊണ്ട് നമ്മെ വീണ്ടെടുത്തത് പാപത്തില്‍ നിന്നു മാത്രമല്ല. പിതാക്കന്മാരില്‍ നിന്ന് നമുക്ക് കിട്ടിയിരിക്കുന്ന ജീവിതരീതിയില്‍ നിന്നുകൂടിയാണഅതായത് പാരമ്പര്യത്തില്‍ നിന്ന്.

വി. പൗലൊസ് താന്‍ യേശുവിനെ കണ്ടുമുട്ടുന്നതിനുമുമ്പ് തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിപ്രകാരമാണ്. “മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ കഠിനമായി പീഢിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്‍റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമതകാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു. എന്‍റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷണ്ത മതിയുമായിരുന്നു. (ഗലാത്യര്‍ – 1:13,14)

മതകാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്ന പൗലൊസ് യേശുവിനെ കണ്ടെത്തിയപ്പോള്‍ പാരമ്പര്യമെല്ലാം ഉപേക്ഷിച്ച് യേശു ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച് അനേകരെ ദൈവത്തിങ്കലേക്ക് നടത്തി.

ബൈബിളിനെക്കാള്‍ പാരമ്പര്യത്തിനും ഇതര ഉപദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണ് ഇന്ന് അനേക സഭകളില്‍ കണ്ടുവരുന്നത്. അനേകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ബൈബിള്‍ മാത്രം അനുസരിക്കണമെന്ന് നിങ്ങള്‍ ശഠിക്കുന്നത്? പാരമ്പര്യം എന്തുകൊണ്ടാവശ്യമില്ല. എന്തുകൊണ്ടാണ് പാരമ്പര്യങ്ങള്‍ നമുക്ക് ആവശ്യമില്ലെന്ന് പറയുവാനും ബൈബിള്‍ മാത്രം വിശ്വസിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണമെന്ന് പറയാന്‍ കാരണം. അതിനെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1) 2 തിമൊഥെയൊസ് – 3:16,17

“അങ്ങനെ ദൈവത്തിന്‍റെ മനുഷ്യന്‍ പരിപൂര്‍ണ്ണനാകുകയും സകല സത്കൃത്യങ്ങളും ചെയ്യാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.” ഒരുവനെ ശാസിക്കാനും പഠിപ്പിക്കാനും തെറ്റ് തിരുത്തുവാനും ബൈബിളിനു കഴിയുമെന്നും അത് ഒരുവനെ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു എന്നുമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്കിന്‍റെ അര്‍ത്ഥം. ഒരുവന് പൂര്‍ണ്ണനാകുവാനള്ളതെല്ലാം ദൈവവചനത്തില്‍ ഉണ്ട്. പിന്നെന്തിനു മറ്റുള്ളവയെ തേടിപ്പോകണം. ദൈവസന്നിധിയില്‍ പൂര്‍ണ്ണനാകുക എന്നതാണ് ഒരുവന്‍റെ ജീവിതത്തില്‍ ഏറ്റവും ധന്യമായ കാര്യം. അതു സാദ്ധ്യമാക്കുവാന്‍ ദൈവവചനത്തിനേ കഴിയൂ. ഇന്നു മനുഷ്യന്‍ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും പൂര്‍ണ്ണതപ്രാപിക്കാന്‍ വേണ്ടിയാണ്. ഇതു മുഖാന്തരം പാരമ്പര്യങ്ങളെ മുറുകെപിടിക്കുകയും കര്‍മ്മാനുഷ്ഠാനങ്ങളില്‍ പുകഴുകയും ചെയ്യുന്നവര്‍ ദൈവത്തെയും ദൈവവചനത്തെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്.

2) യോഹന്നാന്‍ 20:30,31

“ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുയെന്ന് നിങ്ങള്‍ വിശ്വസിക്കുവാനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ നിത്യജീവന്‍ ഉണ്ടാകേണ്ടതിനും വേണ്ടിയാണ്.”

യേശു ചെയ്ത അനേകം കാര്യങ്ങള്‍ രേഖപ്പെടുത്താനുണ്ട്. എന്നാല്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കാനുള്ളതെല്ലാം എഴുതിയിട്ടുണ്ട് എന്നാണ് ഈ വാക്യം പറയുന്നത്. നമുക്ക് ആവശ്യമില്ലാത്തതൊന്നും എഴുതിയില്ല. യേശു ചെയ്ത അടയാളങ്ങളാണ് രേഖപ്പെടുത്താത്തത്. അല്ലാതെ യേശു പറഞ്ഞ ഉപദേശങ്ങളല്ല. സഭക്ക് വേണ്ട ഉപദേശങ്ങളെല്ലാം പൂര്‍ണ്ണമായിരിക്കെ ബൈബിളില്ലാത്ത പാരമ്പര്യങ്ങളെ പിന്‍പറ്റുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

3) റോമര്‍ 2:16

” ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് മനുഷ്യന്‍റെ രഹസ്യങ്ങളെ ക്രിസ്തു യേശുവിലൂടെ ദൈവം വിധിക്കുന്ന നാളില്‍ ഇതു വ്യക്തമാകും.”ദൈവം മനുഷ്യനെ ന്യായം വിധിക്കുന്നത് സുവിശേഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. വിദ്യാര്‍ത്ഥിക്ക് പരീക്ഷയിടുന്നത് അവനു നല്‍കപ്പെട്ട പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ്. മറ്റെന്തെല്ലാം പഠിച്ച് മനഃപ്പാഠമാക്കിയെന്നു പറഞ്ഞാലും ചോദ്യം പാഠ്യപദ്ധതിയില്‍ നിന്നാകയാല്‍ ഉത്തരം അതിന്‍പ്രകാരം എഴുതിയെ മതിയാകുകയുള്ളൂ. ഇതുപോലെ ദൈവവചനത്തോട് നാം എങ്ങനെ പ്രതികരിച്ചു എന്നതാണ് ദൈവിക ന്യായവിധിയുടെ മാനദണ്ഡം. അതിനപ്പുറത്ത് മറ്റെന്തനുസരിച്ചാലും ദൈവമുമ്പാകെ വിലപ്പോകില്ല. അതിനാല്‍ ദൈവവചനം മാത്രമാണ് നമുക്കാധാരം. ന്യായാധിപന്‍ വിധി പറയുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. ദൈവത്തിന്‍റെ നിയമാവലിയാണ് ബൈബിള്‍ (ദാനിയേല്‍ 7:9,10; വെളിപ്പാട് 20:12)

4) സദൃശ്യവാക്യങ്ങള്‍ 30:6

” അവന്‍റെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്. അങ്ങനെ ചെയ്താല്‍ അവിടുന്ന് നിന്നെ വിസ്തരിക്കും. നീ കള്ളനാകുകയും ചെയ്യും.”

ദൈവം വചനത്തോട് കൂട്ടിച്ചേര്‍ക്കുന്നത് വലിയ പാപമാണ്. ദൈവവചനത്തില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പഠിപ്പിക്കുന്നതും അനുഷ്ഠിക്കുന്നതും തെറ്റാണ്. (വെളിപ്പാട് – 22:18,19)

5) ഗലാത്യര്‍ 1:8

“ഞങ്ങളാരെങ്കിലുമോ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ആഗതനായ ഒരു മാലാഖ തന്നെയോ നിങ്ങളോട് ഞങ്ങള്‍ പ്രസംഗിച്ചിട്ടുള്ള സുവിശേഷത്തിന് വിരുദ്ധമായി പ്രസംഗിക്കുകയാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവന്‍”

ബൈബിളിന് വിപരീതമായി പഠിപ്പിക്കുന്നത് ശാപത്തിന് കാരണമാണ്. പൗലൊസും മറ്റപ്പൊസ്തലന്മാരും പ്രസംഗിച്ച വചനം എന്താണെന്ന് അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകത്തിലും മറ്റ് ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായതെല്ലാം ശാപകാരണമാണ്.

ഇതുവരെ പ്രസ്താവിച്ചതില്‍ നിന്നെല്ലാം മനസ്സിലാക്കിയാല്‍ പാരമ്പര്യമല്ല ദൈവവചനമാണ് വിശ്വാസത്തിന് അടിസ്ഥാനമെന്നു കാണുവാന്‍ കഴിയുന്നതാണ്.

നിത്യരക്ഷ എന്നത് കര്‍മ്മമാര്‍ഗ്ഗത്താലോ വിശ്വാസ മാര്‍ഗ്ഗത്താലോ?

അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. രക്ഷക്കായി അനേകം കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഈ കൂട്ടര്‍ ചെയ്യണമെന്ന് പഠിപ്പിക്കുന്നു. അതില്‍ ചില കര്‍മ്മാചാരങ്ങളാണ് നേര്‍ച്ചകാഴ്ചകള്‍, തിരുനാളുകള്‍, ഉത്സവങ്ങള്‍, നോമ്പ്, മലകയറ്റങ്ങള്‍, ശയനപ്രദിക്ഷണം, തുടങ്ങി അനേക കര്‍മ്മാചാരങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന് മനുഷ്യന്‍ പ്രത്യാശിക്കുന്നു, എന്നാല്‍ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിലൂടെയും മനുഷ്യന് ശാശ്വതമായ സമാധാനമോ സന്തോഷമോ ലഭിക്കുന്നില്ല. മാത്രമല്ല ഇത്രയൊക്കെ കര്‍മ്മാചാരങ്ങള്‍ ചെയ്താലും താന്‍ പാപിയാണെന്നുള്ള ചിന്ത തന്നെ ഭരിക്കുന്നു. യാതൊരു കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കും മനുഷ്യന്‍റെ പാപസ്വഭാവത്തില്‍ നിന്ന് അവനെ വിടുവിക്കാന്‍ സാധിക്കയില്ല. മനുഷ്യര്‍ പാപത്തിന്‍റെ പടുകുഴിയില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് കര്‍മ്മാചാരങ്ങള്‍ക്കൊ മനുഷ്യന്‍റെ നീതിപ്രവൃത്തികള്‍ക്കൊ അവനെ രക്ഷിക്കാന്‍ കഴിയാത്തത്.

1. ഒരു വ്യത്യാസവുമില്ലാതെ സകലമനുഷ്യനും പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നിരിക്കുന്നതായി (റോമര്‍ -3:23) വിശുദ്ധബൈബിള്‍ പറയുന്നു. ശരീരമാസകലം ബാധിച്ചിരിക്കുന്ന നികൃഷ്ട വൃണത്തോട് പാപത്തെ നമുക്ക് ഉപമിക്കാം. എത്ര സ്വാദുള്ളതായാലും ഒരു കുഷ്ഠരോഗിയുടെ കയ്യില്‍ നിന്ന് പലഹാരം വാങ്ങുവാന്‍ നാം ഇഷ്ടപ്പെടാത്തതുപോലെ നാം പാപിയായിരിക്കുന്നിടത്തോളം കാലം നമ്മുടെ നീതി പ്രവൃത്തികള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. അതുകൊണ്ടാണ് കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കോ, നീതി പ്രവൃത്തികള്‍ക്കോ മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുകയില്ല എന്നു പറയുന്നത്.

2. പാപ ജീവിതത്തെ ബൈബിള്‍ ചിത്രീകരിച്ചിരിക്കുന്നത് നാശകരമായ കുഴിയിലും കുഴഞ്ഞതായ ചേറ്റിലും കിടക്കുന്ന അവസ്ഥയോടാണ്. ചെളിയില്‍ ആണ്ടുപോയ ഒരുവന് തനിയെ രക്ഷപെടുവാന്‍ കഴിയാത്തതുപോലെ പാപത്തില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ മനുഷ്യന് സാധിക്കുകയില്ല. (സങ്കീര്‍ത്തനം-40:1-4)

3. പാപം മനുഷ്യന്‍റെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മുഴു ആളത്തത്തേയും ബാധിച്ചിരിക്കുന്നതിനാല്‍ ബാഹ്യമായ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിനും മനുഷ്യനെ പാപത്തില്‍ നിന്ന് വിടുവിക്കുവാന്‍ സാധ്യമല്ല.

4. മനുഷ്യന്‍റെ ആത്മാവ് സര്‍വ്വ ലോകത്തേക്കാളും വിലയേറിയതെന്ന് ദൈവവചനം പറയുന്നു. (മര്‍ക്കോസ് – 8:36) ഇത്ര വിലയേറിയതായ ആത്മാവിനെ വീണ്ടെടുക്കുവാന്‍ തക്ക വിലപ്പെട്ടതൊന്നും മനുഷ്യന്‍റെ കൈവശമില്ല. വിലയേറിയ ഒന്നിനെ വിലയില്ലാത്ത മറ്റൊന്നു കൊണ്ടുവാങ്ങുവാന്‍ കഴിയുകയില്ല.

5. പാപത്താല്‍ മനുഷ്യന്‍റെ ഹൃദയകണ്ണുകള്‍ കുരുടായിരിക്കുന്നു. കുരുടനായ ഒരു മനുഷ്യന് സ്വയം നേര്‍വഴിക്ക് യാത്രചെയ്യുവാന്‍ കഴിയുകയില്ല.

രക്ഷിക്കപ്പെടാത്ത മനുഷ്യന്‍ അന്ധനാണ്. വിഷമെന്നും ആരോഗ്യത്തെ ബാധിക്കുമെന്നും എഴുതി വെച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും ഒന്നും നോക്കാതെ എടുത്തു കഴിക്കണമെങ്കില്‍ ആ മനുഷ്യന്‍ ആരായിരിക്കണം. അന്ധനായിരിക്കണമല്ലേ? സിഗററ്റിന്‍റെ പുറത്ത് “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്നു എഴുതി വെച്ചിരിക്കുന്ന മുന്നറിയിപ്പു കണ്ടിട്ടും അതു വാങ്ങി വലിക്കുന്നവന്‍ ആരാണ്? അന്ധനല്ലേ? ചാരായഷാപ്പിന്‍റെ വെള്ളബോര്‍ഡില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” ഇതു കണ്ടിട്ടും അതു വാങ്ങി കുടിക്കുന്നവന്‍ അന്ധന്‍ തന്നെ.

മാനസാന്തരപ്പെടാത്ത ഒരുവന്‍റെ ഹൃദയം അന്ധമാണെന്നു മാത്രമല്ല (2 കൊരിന്ത്യര്‍ – 4:4), അവന്‍ വസിക്കുന്നത് അന്ധകാരത്തിലാണ് (1 പത്രൊസ് – 2:9), അവനെ ഭരിക്കുന്നത് ഇരുട്ടിന്‍റെ അധികാരിയായ പിശാചാണ്. (കൊലൊസ്സ്യര്‍-1:13) അവന്‍ ചെയ്യുന്നത് ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളാണ്. (എഫെസ്സ്യര്‍-5:11) അവന്‍ തന്നേ ഇരുളാണ്. (എഫെസ്സ്യര്‍-5:8) എത്ര ഭീകരമായ അവസ്ഥ! അതുകൊണ്ടാണ് അവന്‍ എന്താണ് ചെയ്യുന്നതെന്ന് അവനുപോലും അറിയാത്തത്. താല്ക്കാലിക ലാഭത്തിനായി സ്വന്തം സഹോദരനെ കൊല്ലുന്നു, ചതിക്കുന്നു. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിര്‍ദ്ദയം വധിക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നു. രാഷ്ട്രീയത്തിന്‍റേയും, മതത്തിന്‍റേയും പേരില്‍ തന്നേപ്പോലെ തന്നെ മജ്ജയും മാംസവും വിചാരവികാരങ്ങളും ഉള്ള മനുഷ്യനെ ജീവനോടെ നടുറോഡില്‍ ഇട്ട് വെട്ടിക്കീറുന്നു. ചുട്ടുകരിക്കുന്നു. ഇങ്ങനെ പാപത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ അന്ധനല്ലാതെ പിന്നെ ആരാണ്.

6. പാപം ചെയ്ത മനുഷ്യന്‍റെ ആത്മാവ് മരിച്ച അവസ്ഥയിലാണെന്ന് എഫെസ്സ്യര്‍ 2:1 ല്‍ പറയുന്നു. ഇങ്ങനെ ആത്മമരണം സംഭവിച്ച ഒരു വ്യക്തിക്ക് സ്വയം ജീവന്‍ പ്രാപിപ്പാന്‍ കഴിയുകയില്ല.

7. ശത്രുവും, പാപിയും, ബലഹീനനും, അഭക്തനുമായ മനുഷ്യന് എങ്ങനെ വിശുദ്ധനും നീതിമാനുമായ ദൈവത്തിന്‍റെ അടുക്കല്‍ എത്തുവാന്‍ കഴിയും. അതിന്‍റെ ഉത്തരം ബൈബിള്‍ പറയുന്നു.

“ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.” (റോമര്‍-5:8) യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമെ ഏതു മനുഷ്യനും ദൈവസന്നിധിയില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ഈ ലോകത്തില്‍ മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുവാന്‍ യാഗമായിത്തീര്‍ന്ന ഏക വ്യക്തി യേശു ക്രിസ്തു മാത്രമാണ്. പാപത്തിന്‍റെ ശബളം മരണമാണെന്ന് ദൈവവചനം പറയുന്നു. നമ്മെ പാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ യേശു ക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു. പാപമില്ലാത്തവന്‍ നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു. യേശു തന്‍റെ നിഷ്കളങ്ക രക്തത്താല്‍ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുത്തു. യേശുക്രിസ്തുവിന്‍റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ മതിയായതാണ്. (1 യോഹന്നാന്‍-1:7) ഈ ഭൂമിയിലുള്ള സകല മനുഷ്യന്‍റെയും പാപത്തിനുള്ള പരിഹാരം ഒരിക്കലായി യേശു ക്രിസ്തു കാല്‍വരിയിലൂടെ സാധിപ്പിച്ചു. (എബ്രായര്‍ 10:12) ഇനി പാപ പരിഹാരത്തിനുവേണ്ടി യാതൊരു കാര്യവും ഒരു മനുഷ്യനും ചേയ്യേണ്ട ആവശ്യമില്ല. യേശുക്രിസ്തു സകലതും ചെയ്തു തീര്‍ത്തു. മനുഷ്യന്‍റെ യാതൊരു പ്രവൃത്തികളാലും അവന് രക്ഷപെടുവാന്‍ സാധിക്കുകയില്ല.

എങ്ങനെ രക്ഷപ്രാപിക്കാം എന്നതിനെക്കുറിച്ച് ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു. “കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.” (എഫെസ്സ്യര്‍-2:8,9) നിത്യ രക്ഷ എന്നത് ദൈവത്തിന്‍റെ ദാനമാണ്. ദാനമെന്നാല്‍ സമ്മാനം, പണം കൊടുക്കാതെ ലഭിക്കുന്നത് എന്നൊക്കെയാണര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ കാല്‍വരി മരണം തന്‍റെ പാപത്തിന് വേണ്ടിയാണെന്നും തനിക്ക് നിത്യരക്ഷ നല്‍കിത്തരാനാണെന്നും വിശ്വസിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ വിട്ടുതിരിയുമ്പോള്‍ അവന്‍ രക്ഷിക്കപ്പെടുന്നു. ഇതിന് യാതൊരു പ്രതിഫലവും ദൈവത്തിനു കൊടുക്കേണ്ട കാര്യവുമില്ല. വിശ്വാസത്താലാണ് ഈ രക്ഷ സാധ്യമാകുന്നത്. രക്ഷ ദൈവത്തിന്‍റെ ദാനമാണ്. ദാനം നല്‍കുന്നവര്‍ക്ക് എന്തെങ്കിലും തിരിച്ചു നല്‍കിയാല്‍ ദാനം ദാനമല്ലാതാകും. അത് ദാതാവിനെ അപമാനിക്കലായിത്തീരും. കര്‍മ്മമാര്‍ഗ്ഗത്താലും, നീതി പ്രവൃത്തികളാലും രക്ഷനേടുവാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തെ അപമാനിക്കുകയാണ്.

ദൈവം സ്നേഹവാനാണെങ്കില്‍ മനുഷ്യനെ നരകത്തിലിടുവാന്‍ ദൈവം എന്തിനു നരകം സൃഷ്ടിച്ചു?

മനുഷ്യനെ നരകത്തിലേക്ക് തള്ളുവാനല്ല ദൈവം നരകം സൃഷ്ടിച്ചത്. സ്വര്‍ഗ്ഗത്തിലെ ചില ദൂതന്മാര്‍ നിഗളത്താല്‍ വീണപ്പോള്‍ അവര്‍ക്കു പിന്നീട് അവിടെ തുടരുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ വീണുപോയ ദൂതന്മാരെ അഥവാ പിശാചുക്കളെ അയക്കുവാന്‍ ദൈവം നരകം സൃഷ്ടിക്കുകയായിരുന്നു. “പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി” (മത്തായി 25:41) എന്നത്രേ യേശു പറഞ്ഞിരിക്കുന്നത്.

വീണുപോയ ദൂതന്മാര്‍ക്ക് വേണ്ടി മാത്രമാണ് ദൈവം നരകം സൃഷ്ടിച്ചതെങ്കില്‍ എന്തുകൊണ്ട് മനുഷ്യനെ അവിടേയ്ക്ക് അയയ്ക്കുന്നു? ആരും നരകത്തില്‍ പോകുവാന്‍ സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നില്ല. യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചതു നമ്മെ നരകാഗ്നിയില്‍ നിന്നു രക്ഷിക്കാനാണ്. “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാന്‍:3:16)

സത്യത്തില്‍ ഒരു മനുഷ്യന്‍ ചെയ്ത പാപം മാത്രമല്ല അവനെ നരകയോഗ്യനാക്കുന്നത്. പിന്നെയോ അവന്‍ കര്‍ത്താവായ യേശുക്രിസ്തുവാകുന്ന രക്ഷകനെ തിരസ്ക്കരിക്കുന്നതിനാല്‍കൂടിയാകുന്നു. ഒരു വ്യക്തി ഇരുട്ടില്‍ ഇരിക്കുവാന്‍ വിളക്കുകെടുത്തി കളയുന്നതുപോലെ അവന്‍ തനിക്കു തന്നേ നരകാഗ്നി തിരഞ്ഞെടുക്കുകയാണ്.

വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവമാണ് നരകം. കര്‍ത്താവായ യേശുക്രിസ്തു നിങ്ങളുടെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ നരകം നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോള്‍തന്നെ ആരംഭിച്ചു കഴിഞ്ഞു – നിങ്ങള്‍ക്കു യാതൊരു സമാധാനവും ഉണ്ടായിരിക്കുകയില്ല. ഭയത്താല്‍ ദണ്ഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും, ഏറ്റു പറയാത്ത പാപങ്ങളുടെ കുറ്റബോധം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അങ്ങനെ ഉള്ളവര്‍ മരിക്കുമ്പോള്‍ നിത്യമായ നരകാഗ്നിയിലേക്ക് പോകുന്നു.

അതുപോലെ, കര്‍ത്താവായ യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ച് യേശുവിന്‍റെ രക്തത്താല്‍ തങ്ങളുടെ സകലപാപവും കഴുകി ശുദ്ധീകരിക്കപ്പെട്ടവര്‍ക്ക് ഹൃദയത്തില്‍ കവിഞ്ഞൊഴുകുന്ന സമാധാനവും സന്തോഷവും ദൈവകൃപയും ഉണ്ടായിരിക്കും. അവരുടെ ഈ ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ അവര്‍ നിത്യ സ്വര്‍ഗ്ഗത്തിലേക്കു പോകും.

പ്രിയ സ്നേഹിതരെ നിങ്ങളുടെ ഹൃദയത്തില്‍ എന്താണ് ഉള്ളത്? അതു ഭയം, ദുഃഖം, കലക്കം, യാതന എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു എങ്കില്‍, സ്വര്‍ഗ്ഗത്തിലെ സകല സൗഭാഗ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്ന ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുക.

യേശു മാത്രമാണോ ലോകരക്ഷിതാവ്? യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണോ?

അനേക മനുഷ്യര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് യേശു ക്രിസ്തു മാത്രം ലോകരക്ഷിതാവ് എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറയുന്നു? യേശുക്രിസ്തു ഒരു ചരിത്രപുരുഷനല്ലേ? യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലേ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ചുവടെ രേഖപ്പെടുത്തുകയാണ്.

ലോകത്തിലെ മഹാന്മാരില്‍ ഒരുവനായിട്ടല്ല യേശുക്രിസ്തുവിനെ ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാനായ യേശു എന്നു നാം ഒരിക്കലും പറയുന്നില്ല. അവിടുന്ന് നിസ്തുല്യനാണ്. ഒരു വിശേഷണപദവും ചേര്‍ത്ത് തന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കാനാവില്ല.

യേശുക്രിസ്തു ഒരു ചോദ്യമല്ല. ഉത്തരമാണ്; ഒരു പ്രശ്നമല്ല ഒരു പോംവഴിയാണ്. ലോകത്തിന്‍റെ പ്രശ്നത്തിനെല്ലാം ദൈവം നല്‍കിയ ഉത്തരമാണ് കര്‍ത്താവായ യേശുക്രിസ്തു. മനുഷ്യന്‍റെ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ സകല ചോദ്യങ്ങളുടേയും അന്തിമവും പൂര്‍ണ്ണവുമായ ഉത്തരമാണ് യേശുക്രിസ്തു.

ഒരാളിന്‍റെ ഔന്നിത്യം രണ്ടു കാര്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.

1. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മേല്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്‍റെ വ്യാപ്തി.

2. അയാളുടെ സ്വഭാവശുദ്ധി.

ഈ രണ്ടു കാര്യങ്ങള്‍ നോക്കിയാലും മാനവചരിത്രത്തില്‍ യേശുക്രിസ്തുവിനുള്ള സ്ഥാനം അതുല്യവും അത്യുന്നതവുമാണ്. അവിടുത്തെ സ്വാധീനശക്തി എത്ര അത്ഭുതാവഹമാണെന്ന് നോക്കുക. അവിടുന്ന് കേവലം ദരിദ്രനായ ഒരു തച്ചനായിട്ടാണ് വളര്‍ന്നത്. എന്നാല്‍ ഇന്നെത്രയോ കോടീശ്വരന്മാര്‍ അവിടുത്തെ ദാസന്മാരാണ്; ആയിരം, പതിനായിരം ജീവിതത്തെ രൂപാന്തരപ്പെടുത്തി പണിയുന്ന ദിവ്യ തച്ചനായി കര്‍ത്താവായ യേശു ഇന്നും ജീവിക്കുന്നു. അവിടുന്ന് ഒരു തത്വജ്ഞാനിയല്ലായിരുന്നു. എങ്കിലും അവിടുത്തെ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിപ്പാന്‍ തത്വജ്ഞാനികളും വിഷമിക്കുന്നു. അവിടുത്തെ പ്രഭാഷണങ്ങളുടെ ആഴം ഗ്രഹിപ്പാന്‍ പണ്ഡിതശിരോമണികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. കര്‍ത്താവായ യേശുക്രിസ്തു ഒരു കവിയോ സാഹിത്യകാരനൊ ആയിരുന്നില്ല. എങ്കിലും കഴിഞ്ഞ 20 നൂറ്റാണ്ടുകളായി കവിതകള്‍ക്കു വിഷയവും സാഹിത്യത്തിനു നിദാനവുമായി അവിടുന്ന് ശോഭിക്കുന്നു. ഒരു പുസ്തകമെന്നല്ല ഒരു വരിപോലും അവിടുന്ന് എഴുതിയിട്ടില്ല. എന്നിരുന്നാലും തന്നെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നതുംഎഴുതിയിട്ടുള്ളതുമായ ഗ്രന്ഥങ്ങളുടെ എണ്ണം നോക്കിയാല്‍ വേറെ ആരെയുംകുറിച്ച് ഇത്ര അധികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടില്ലന്നു കാണാം. യേശുക്രിസ്തു ഒരു സേനാനിയോ, യുദ്ധവീരനൊ അല്ലായിരുന്നു. എങ്കിലും ആ രക്ഷാനായകന്‍റെ കീഴില്‍ അണിനിരന്നിട്ടുള്ളിടത്തോളം ധര്‍മ്മ ഭടന്മാര്‍ ഒരു സേനാനിയുടെ കീഴിലും ഇന്നോളം അണിനിരന്നിട്ടില്ല. ക്രിസ്തു ഒരു സംഗീതക്കാരനല്ലായിരുന്നു. പക്ഷേ ഇത്ര അധികം ഗാനങ്ങള്‍ക്ക് ഉറവയായി നില്‍ക്കുവാന്‍ ആര്‍ക്കു കഴിഞ്ഞിട്ടുണ്ട്? ആയിരം, പതിനായിരങ്ങള്‍ക്കല്ല കോടാനുകോടി മനുഷ്യര്‍ക്കു പാടുവാന്‍ പ്രചോദനം നല്‍കുന്നത് അവിടുന്നാണ്. ക്രിസ്തു ഒരു ദേശസഞ്ചാരി അല്ലായിരുന്നു. ഒരു ചെറുരാജ്യമായ പാലസ്തീന്‍ ദേശത്തിന്‍റെ അതിരുകള്‍ക്കപ്പുറം താന്‍ അധികം സഞ്ചരിച്ചിട്ടില്ല. എങ്കിലും ഭൂലോകമൊക്കെയും പോയി അറിയിക്കേണ്ട ഒരു നാമമായി അവിടുത്തെ നാമം ഉയര്‍ന്നിരിക്കുന്നത് കാണുക. ലോകദൃഷ്ടിയില്‍ യേശുക്രിസ്തു വിദ്യാസമ്പന്നനൊ പണ്ഡിതനോ ആയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി കലാശാലകളും വിദ്യാകേന്ദ്രങ്ങളും തന്നെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നിട്ടും അവസാനിച്ചുപോകാത്ത ജ്ഞാന ഭണ്ഡാരമായി അവിടുന്ന് ഇന്നും വിജയിച്ചരുളുന്നു. മനുഷ്യ ഹൃദയത്തിന് വെളിച്ചം കൊടുത്തും കലകള്‍ക്കു പ്രചോദനം നല്‍കിയും സാഹിത്യത്തിനു വിഷയമായും, തത്വജ്ഞാനത്തിന്‍റെ പൊരുളായും കര്‍ത്താവായ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവിടുത്തെ സ്വാധീനശക്തിപോലെ അത്ഭുതാവഹമാണ് അവിടുത്തെ പാപരഹിതമായ ജീവിതവും. താന്‍ പാപരഹിതനായിരുന്നതിനാല്‍ പാപത്തിനൊരു പ്രായശ്ചിത്ത യാഗമായി മരിക്കുവാന്‍ തനിക്കു സാധിച്ചു. ആ ജീവിതത്തില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പശ്ചാത്താപമോ അറിയാതെ വന്നുപോയ അബദ്ധത്തെക്കുറിച്ച് അനുതാപമോ നാം കാണുന്നില്ല. ക്രിസ്തു അനേകരുടെ പാപങ്ങളെ മോചിച്ചു. തന്‍റെ പാപത്തെക്കുറിച്ച് നാം ഒരിടത്തും വായിക്കുന്നില്ല. താന്‍ ആരോടെങ്കിലും ക്ഷമചോദിക്കുകയോ തന്‍റെ പാപം ദൈവം ക്ഷമിച്ചുതന്നു എന്നു പറയുകയും ചെയ്തിട്ടില്ല. ഈ നിലയില്‍ യേശുക്രിസ്തു

പാപരഹിതനും, പാപികളില്‍ നിന്ന് ഉന്നതനും, വിശുദ്ധന്മാരില്‍ നിന്ന് വ്യത്യസ്തനുമാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു. അവിടുത്തെ മുമ്പില്‍ പ്രകൃതിശക്തികള്‍ ഒതുങ്ങിപ്പോയി; ക്ഷോഭിച്ചു മറിഞ്ഞ കടല്‍ അവിടുത്തെ ആജ്ഞയുടെ മുമ്പില്‍ ശാന്തമായി; ആഞ്ഞടിച്ച കൊടുങ്കാറ്റ് പ്രശാന്തതയില്‍ ഒളിച്ചു, മരിച്ചുപോയവര്‍ ക്രിസ്തുവിന്‍റെ വാക്കുകളുടെ ശക്തിയാല്‍ ജീവിച്ചെഴുന്നേറ്റു; ബഹുശതം രോഗികള്‍ തന്‍റെ ആജ്ഞയാല്‍ ഞൊടിനേരത്തിനുളളില്‍ സൗഖ്യമുള്ളവരായിത്തീര്‍ന്നു. വെറും അഞ്ച് അപ്പവും രണ്ടുമീനും കൊണ്ട് വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കാന്‍ യേശു ക്രിസ്തുവിന് നിഷ്പ്രയാസം സാധിച്ചു. ഇതര ലോകഗുരുക്കന്മാരും, മതാചാര്യന്മാരും അവകാശപ്പെട്ടിട്ടില്ലാത്തതും അവകാശപ്പെട്ടാന്‍ കഴിയാത്തരുമായ കാര്യങ്ങളാണ് ക്രിസ്തു അവകാശപ്പെട്ടത്. മറ്റുള്ളവരുടെ സകല ആവശ്യങ്ങളും പരിഹരിക്കുവാന്‍ താന്‍ ശക്തനാണെന്ന് ക്രിസ്തു അവകാശപ്പെട്ടു. മറ്റുള്ളവര്‍ തെറ്റിപ്പോയ ആടുകളാണെങ്കില്‍ താന്‍ തെറ്റിപ്പോയിട്ടില്ലാന്നു മാത്രമല്ല ഇടയനുമാണ്, ഇതരന്മാര്‍ രോഗികളാണെങ്കില്‍ താന്‍ രോഗമില്ലാത്തവന്‍ മാത്രമല്ല വൈദ്യനുമാണ്, മറ്റുള്ളവര്‍ പാപികളാണ്, അവിടുന്ന് പാപരഹിതന്‍ മാത്രമല്ല പാപികളുടെ രക്ഷകനാണ്.

ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തുതോന്നുന്നു. ലോകം മരുഭൂമിയാണെങ്കില്‍ യേശുക്രിസ്തു അതിലെ മരുപ്പച്ചയാണ്. ലോകജീവിതം ഒരു സമുദ്രമാണെങ്കില്‍ അവിടുന്നാണ് അതു തരണം ചെയ്യുവാനുള്ള ഏകയാനപാത്രം. ക്രിസ്തു ഇല്ലാത്ത ജീവിതം ശൂന്യമാണ്. യേശുക്രിസ്തു പാപികളെ രക്ഷിക്കയും വിശുദ്ധന്മാരെ സംരക്ഷിക്കുകയും ചെയ്യുന്നു. വേറെ ആരും ജനിച്ചിട്ടില്ലാത്തതുപോലെ യേശുക്രിസ്തു കന്യകയില്‍ ജനിച്ചു. വേറെ ആരും ജീവിച്ചിട്ടില്ലാത്തതുപോലെ അവിടുന്ന് പാപരഹിതനായി ജീവിച്ചു. വേറെ ആരും മരിച്ചിട്ടില്ലാത്തതുപോലെ അവന്‍ പാപപരിഹാരാര്‍ത്ഥം മരിച്ചു. മറ്റാരും ചെയ്തിട്ടില്ലാത്തവണ്ണം 3-ാം ദിവസം പുനരുത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്നു. ഈ ക്രിസ്തു നിങ്ങളുടെ സ്വന്തരക്ഷകനായിത്തീര്‍ന്നിട്ടുണ്ടോ?

പ്രിയ സ്നേഹിതാ നിങ്ങള്‍ ശാസ്ത്രജ്ഞനായിരിക്കാം, എങ്കിലും ജ്ഞാനത്തിന്‍റേയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ആരിലാണ് ഗുപ്തമായിരിക്കുന്നത്. ആ ക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി കണ്ടിട്ടില്ലെങ്കില്‍ ശാസ്ത്രത്തിന്‍റെ പൊരുള്‍ നിങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിങ്ങള്‍ ഒരു വാനശാസ്ത്രജ്ഞന്‍ ആണെങ്കില്‍ നീതിസൂര്യനും, ഉദയനക്ഷത്രവുമായ ക്രിസ്തുവിനെപ്പറ്റി നിങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഒരു സസ്യശാസ്ത്രജ്ഞനാണെന്നു വന്നാല്‍, സാക്ഷാല്‍ മുന്തിരിവള്ളിയായ യേശുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? നിങ്ങള്‍ ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞനാണെങ്കില്‍ യുഗങ്ങളുടെ പാറയായ ക്രിസ്തുവിനെ നിങ്ങള്‍ക്കുവേണ്ടി പിളര്‍ന്ന പാറയായി കാണുവാന്‍ സാധിച്ചിട്ടുണ്ടോ? മൃഗലോകത്തിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ കുഞ്ഞാടായി യേശുക്രിസ്തുവിനെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരു ഭാഷാപണ്ഡിതനാണെങ്കില്‍ വചനമായ ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

പ്രിയ വായനക്കാരാ, യേശുക്രിസ്തുവിനെ വെറും മതാചാര്യനായിട്ടൊ, ലോകഗുരുവായിട്ടോ അല്ല, സ്വന്തം രക്ഷകനും കര്‍ത്താവുമായി നിങ്ങള്‍ അംഗീകരിക്കണം. ഇന്നു ക്രിസ്തു പാപികളെ രക്ഷിക്കുന്നു. എന്നാല്‍ ഭാവിയില്‍ താന്‍ ന്യായാധിപനായി പാപികളെ ന്യായം വിധിക്കും.

പ്രസംഗത്തിനു വിഷയവും, കവിതക്കു നിദാനവും, സംഗീതത്തിനുറവയും, ആരാധനയ്ക്കു പാത്രവും, പ്രപഞ്ചത്തിനാധാരവും, പാപികളുടെ രക്ഷകനുമായ കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കര്‍ത്താവുമായി താന്‍ സ്വീകരിക്കുമോ? അവനായി ജീവിക്കുമോ?

യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍

ലോകത്തിലെ മതാചാര്യന്മാരും, നേതാക്കന്മാരും, പറയാത്തതും പ്രസ്താവിക്കാത്തതുമായ അവകാശവാദങ്ങള്‍ യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ആശ്വാസദായകന്‍

“അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28)

അദ്ധ്വാനിക്കുന്നവരെ അവഗണിക്കയും ഭാരം ചുമക്കുന്നവരുടെ ചുമട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ ലോകത്തില്‍ ആ രണ്ടു കൂട്ടര്‍ക്കും ആശ്വാസം അരുളുന്ന ഈ വാക്കുകള്‍ എത്രയോ ശ്രദ്ധേയമാണ്. യേശുക്രിസ്തു ലോകത്തിന് സംഭാവന ചെയ്തത് എന്താണ്? വിജ്ഞാനമോ അതോ തത്വശാസ്ത്രമൊ? ഇവ രണ്ടുമല്ല, ഇവയില്‍ ഉപരിയായ ഒന്നാണ് ആശ്വാസം. ആശ്വാസം ആര്‍ക്കാണ് ആവശ്യം? അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും. ഇത് ആരായിരിക്കാം? മറ്റാരുമല്ല മനുഷ്യരായ നാമോരോരുത്തരുമാണ്. ധനവാനും, ദരിദ്രനും, മുതലാളിയും തൊഴിലാളിയും, പാശ്ചാത്യനും, പൗരസ്ത്യനും എല്ലാവരും അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമാണ്. ഈ അദ്ധ്വാനവും ഭാരവും ശാരീരികമാണോ? അല്ല ഒരിക്കലുമല്ല. യേശുക്രിസ്തു തുടര്‍ന്നു പറയുന്നതു കേള്‍ക്കുക. “നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും.” തന്‍നിമിത്തം ഈ അദ്ധ്വാനവും ഭാരവും ആത്മീകമാണെന്നു തെളിയുന്നു. ആത്മീകമായി പറഞ്ഞാല്‍ ഏതു മനുഷ്യനും ഈ പട്ടികയില്‍ പെടും. മനുഷ്യരാശിയിലെ ഏതു വ്യക്തിയേയും ഈ കാര്യത്തില്‍ ഒഴിച്ചു നിര്‍ത്തുവാന്‍ കഴിയുകയില്ല.

എന്തുകൊണ്ട് എല്ലാവരും അദ്ധ്വാനിക്കുന്നവരായി? മനുഷ്യന്‍റെ പാപമാണ് ഇതിന് കാരണം. ഭൗതികമായ ഒന്നിനാലും തൃപ്തി വരുത്താന്‍ കഴിയാത്ത ഒരു ആത്മാവ് മനുഷ്യനുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റിയാല്‍ മൃഗം തൃപ്തിപ്പെടും. മനുഷ്യന് അതുപോരാ. അവന്‍ കേവലം ശരീരം മാത്രമല്ല. ശരീരവും ആത്മാവും ചേര്‍ന്നവനാണ്. ഈ ആത്മാവിന്‍റെ അധഃപതനമാണ് മനുഷ്യന്‍റെ അസ്സമാധാനത്തിന് മുഖ്യ കാരണം. നമ്മുടെ ഏറ്റവും വലിയ ആവശ്യം ശാരീരികമല്ല. നമ്മുടെ ഏറ്റവും വലിയ ആവശ്യം ആത്മീകമാണ്.ആത്മാവിന്‍റെ രക്ഷയും സമാധാനവുമാണ് നമ്മുടെ മുഖ്യ ആവശ്യം. പാപം നിമിത്തം നമ്മുടെ ആത്മാവ് സമാധാനത്തില്‍ നിന്നും, സന്തോഷത്തില്‍ നിന്നും അകന്നുപോയി.നീതിമാനും വിശ്വസ്തനുമായ ദൈവത്തിന്‍റെ മുമ്പാകെ നാം കുറ്റക്കാരായിത്തീര്‍ന്നു. നാം പാപികളായി ജനിച്ചു പാപികളായി ജീവിതം തുടരുന്നു. ശിക്ഷാവിധിയെക്കുറിച്ചുള്ള ബോധം നമ്മെ അസ്വസ്ഥചിത്തരും ഭയചകിതരുമാക്കുന്നു. ഇതില്‍ നിന്നും മുക്തി നേടുവാന്‍ മനുഷ്യന്‍ സത്കര്‍മ്മങ്ങള്‍ വഴി അദ്ധ്വാനിക്കുന്നു. ഫലമോ? മനുഷ്യന്‍ പിന്നെയും പാപത്തിന്‍റെ ചുമട് ചുമക്കുന്നതുതന്നെ. ഇങ്ങനെ നിസ്സഹായരായിത്തീര്‍ന്ന പാപികളെ രക്ഷിപ്പാനാണ് യേശു ലോകത്തില്‍ വന്നത്. “എന്‍റെ അടുക്കല്‍ വരിക” എന്ന സ്നേഹമസൃണമായ ക്ഷണമാണ് നാം കേള്‍ക്കുന്നത്. നാം പ്രകൃത്യാ തന്‍റെ സമീപത്തല്ല സ്ഥിതി ചെയ്യുന്നത്. പാപം നിമിത്തം നാം തന്നില്‍ നിന്നകന്നുപോയി. വീണ്ടും അടുത്തു ചെല്ലുന്നതിനാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. അടുത്തുചെന്നാല്‍ ആശ്വാസം സൗജന്യമായി നല്‍കും.

ക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ എന്തു ലഭിക്കും? ആശ്വാസം ഇത് ഒരു അനുഗ്രഹിക്കപ്പെട്ട വാഗ്ദാനമാണ്. മരണ വക്രത്തിലായിരിക്കുന്ന ഒരു പാപിക്ക് ജീവന്‍റെ വാതില്‍ തുറന്നുകൊടുക്കുന്ന ഒരു വാഗ്ദത്തമാണിത്. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ ചെന്നാല്‍ ആശ്വാസം നിശ്ചയമായും ലഭിക്കും.

എങ്ങനെയാണ് ക്രിസ്തുവിന്‍റെ അടുക്കലേക്ക് ചെല്ലുന്നത്? തന്നില്‍ വിശ്വസിക്കുന്നതിലൂടെയാണ് തന്‍റെ അടുക്കല്‍ ചെല്ലുന്നത്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്നും ഉദ്ധാരണമുണ്ട്, വിടുതലുണ്ട്, വിമോചനമുണ്ട്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അസംഖ്യമായാലും അവരെ ഒന്നാകെ ആശ്വസിപ്പിക്കാനുള്ള അവിടുത്തെ അപാരമായ കഴിവുകള്‍ ഭേദമില്ലാതെ ഇന്നും സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ അവങ്കലേക്ക് വിശ്വാസത്തോടെ അടുത്തുചെല്ലുക.

2: ജീവന്‍റെ അപ്പം

“ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു.” (യോഹന്നാന 6:35)

യേശുക്രിസ്തു ആരാണെന്നു സ്വന്തവാക്കുകളാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ ആളത്വം, ശുശ്രൂഷ ഇവയ്ക്ക് താന്‍ തന്നെ അലങ്കാരരൂപത്തിലുള്ള വിവരണങ്ങള്‍ കൊടുത്തിരിക്കുന്നത് കുറിക്കൊള്ളേണ്ട ഒരു വസ്തുതയാണ്. ഇതര മതസ്ഥാപകന്മാര്‍ തത്വങ്ങളേയും ഉപദേശങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നു. ക്രിസ്തുവാകട്ടെ തന്‍റെ ഉപദേശത്തിന്‍റെ കേന്ദ്രമാക്കി സ്വന്ത വ്യക്തിത്വത്തെയാണ് പ്രതിഷ്ഠിക്കുന്നത്.ഇതരമതങ്ങള്‍ തല്‍സ്ഥാപകന്മാരുടെ ഉപദേശത്തിന്മേലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെങ്കില്‍ ക്രിസ്തീയത്വം ക്രിസ്തുവിന്‍റെ ആളത്വത്തിന്മേലാണ് നിലകൊള്ളുന്നത്.

ശാരീരിക വിശപ്പടക്കുവാന്‍ ധാന്യം കൊണ്ടുള്ള അപ്പം പോലെയാണ് ആത്മീക വിശപ്പടക്കുവാന്‍ യേശു ക്രിസ്തു ആവശ്യമായിരിക്കുന്നത്. അപ്പം എന്നു മാത്രമല്ല ജീവന്‍റെ അപ്പമാണ് ക്രിസ്തു. മരണം വാണരുളുന്ന ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതുമായ അപ്പമായി യേശുക്രിസ്തു വന്നു. നാം ഒരിക്കല്‍ കഴിക്കുന്ന ആഹാരത്തിന്‍റെ ഗുണവും ബലവും ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യേശുക്രിസ്തുവാകുന്ന അപ്പം ഭക്ഷിക്കുന്ന ഒരുവന് നിത്യജീവനാണ് ലഭിക്കുക. ഭക്ഷിക്കുക എന്നുപറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതിന് തുല്യമായിട്ടാണ്. “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവനു ഒരു നാളും ദാഹിക്കുകയുമില്ല.” (യോഹന്നാന്‍ 6:35) വിശക്കാതിരിക്കുവാനും, ദാഹിക്കാതിരിക്കുവാനും നാം ചെയ്യേണ്ടത് ക്രിസ്തുവില്‍ വിശ്വസിക്കുക എന്നതാണ്.

നമ്മുടെ ഭക്ഷണത്തിന് നമ്മോട് അഭേദ്യമായ ബന്ധം ഉണ്ട്. ഒരിക്കല്‍ ഭക്ഷിച്ച ആഹാരം എന്നന്നേക്കുമായി നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ (വിശ്വസിക്കുന്നതിനാല്‍) സാധിക്കുന്നതും അതു തന്നെയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന്‍ ക്രിസ്തുവിനോട് എന്നന്നേക്കുമായി യോചിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിന്‍റെ പോഷകാംശങ്ങള്‍ നമ്മില്‍ വ്യാപരിക്കുകയും തല്ഫലമായി നമ്മുടെ ശരീരത്തിന് വളര്‍ച്ചയും, ഓജസ്സും, ബലവും ലഭിക്കയും ചെയ്യുന്നതുപോലെ ക്രിസ്തുവിനെ ഭക്ഷിക്കുന്നതിനാല്‍ തന്നില്‍ അടങ്ങിയിരിക്കുന്ന ജീവപ്രദായകമായ ശക്തി നമ്മില്‍ വ്യാപരിക്കുവാന്‍ ഇടവരുന്നു. ആത്മസമാധാനത്തിന്‍റേയും ശാന്തിയുടേയും ഗുണങ്ങള്‍ നമുക്കനുഭവപ്പെടുന്നു. വിശ്വാസത്തിന്‍റേയും, സ്നേഹത്തിന്‍റേയും, പ്രത്യായുടേയും ഭോഷണം നമ്മുടെ വകയായിത്തീരുന്നു.

3: ലോകത്തിന്‍റെ വെളിച്ചം

“ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും.” (യോഹന്നാന്‍ -8:12)

ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്നു പറയുന്നതിനാല്‍ ഈ ലോകം അന്ധകാരവൃതമാണെന്നും അതിനാവശ്യമായ വെളിച്ചം താന്‍ തന്നെയാണെന്നുമാണ് ക്രിസ്തുഅരുളിച്ചെയ്തത്. ഭൗതികമായിപ്പറഞ്ഞാല്‍ ഭൂമിക്ക് വെളിച്ചമായി ഒന്നേ ഉള്ളൂ അതാണ് സൂര്യന്‍. ആത്മീകമായും ഒരു പ്രകാശ കേന്ദ്രമേ ഉള്ളൂ – ക്രിസ്തു. പാപം ഇരുട്ടിനു തുല്യമാണ്. വെളിച്ചമില്ലാത്ത അവസ്ഥയാണ് ഇരുട്ട്. വസ്തുക്കളെ നമ്മുടെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കുന്നതിന് അന്ധകാരത്തിന് കഴിയുന്നു. പാപം ആത്മീകമായ അനവധികാര്യങ്ങളെ നാം കാണാത്തവണ്ണം മൂടിക്കളഞ്ഞു. അതു ദൈവത്തിനും മനുഷ്യനും മദ്ധ്യേ മറശ്ശീലതൂക്കി. ആദാമിന്‍റെ ലംഘനം എല്ലാവരും പാപികളായിത്തീരുന്നതിന് മുഖാന്തരമായി. ഇന്നു മനുഷ്യന്‍ ജനിക്കുന്നതുതന്നെ പാപിയായിട്ടാണ്. പാപത്തിന്‍റെ ഫലമായി ആത്മികവും, മാനസികവും, സാംസ്കാരികവും, സാമൂഹ്യവുമായ ഇരുട്ട് മനുഷ്യരാശിയെ മൂടിയിരിക്കുകയാണ്. ദൈവത്തില്‍ നിന്നു മനുഷ്യനെ അകറ്റിയിരിക്കുന്ന അഥവാ മറച്ചിരിക്കുന്ന ഇരുട്ട് (പാപം) ദുരീകരിക്കുവാന്‍ മനുഷ്യന്‍റെ ഉയര്‍ച്ചക്കൊ, പുരോഗതിക്കോ, ശാസ്ത്രീയവളര്‍ച്ചക്കോ കഴിഞ്ഞിട്ടില്ല. ഈ അന്ധകാരത്തില്‍ വെളിച്ചം കാട്ടുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അങ്ങനെ ലഭിച്ച വെളിച്ചമാണ് യേശുക്രിസ്തു.

വെളിച്ചം മാത്രമല്ല, ജീവന്‍റെ വെളിച്ചമാണ് ക്രിസ്തുവില്‍ നിന്ന് ലഭിക്കുന്നത്. ജീവനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നും നമുക്കില്ല. ജീവനില്ലെങ്കില്‍ പിന്നെ ഉണ്ടെന്നു പറയാന്‍ ഒന്നുമില്ലല്ലോ. ഇതുപോലെ നിത്യജീവനില്ലെങ്കില്‍ ആത്മീകമായി എന്തെങ്കിലും ഉണ്ടെന്നു പറയുവാന്‍ സാദ്ധ്യമല്ല. ഈ വെളിച്ചം ആത്മരക്ഷയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; ആത്മീകവും, ധാര്‍മ്മികവുമായി മനുഷ്യരാശിക്ക് ആവശ്യമായ വെളിച്ചം മുഴുവനും ക്രിസ്തുവിലുണ്ട്. വെളിച്ചമായ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ പോകേണ്ടി വരികയില്ല.

ക്രിസ്തു വെളിച്ചമാണെങ്കില്‍ തന്നോടു ബന്ധമില്ലാത്ത ഏതു മനുഷ്യനും ഇരുട്ടിലാണ്. തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുത്താന്‍ കഴിയാത്ത, കൂട്ടിയിണക്കാനാവാത്ത രണ്ടു ഘടകങ്ങളാണ് വെളിച്ചവും ഇരുട്ടും. ഒരു വ്യക്തി ഒന്നുകില്‍ ഇരുട്ടിലാണ് അല്ലെങ്കില്‍ വെളിച്ചത്തിലാണ്. ഒരേ സമയം രണ്ടിടത്തുംകൂടി ആയിരിക്കുവാന്‍ കഴിയുകയില്ല. നിങ്ങളുടെ അനുഭവം എങ്ങനെ ഇരിക്കുന്നു എന്നു പരിശോധിച്ചു നോക്കുക. നിങ്ങളുടെ പാപാന്ധകാരത്തില്‍ നിന്ന് നിങ്ങളെ ഉദ്ധരിച്ച്, ജീവന്‍റെ വെളിച്ചത്തിലാക്കുന്നതിനാണ് വെളിച്ചമായ ക്രിസ്തു ക്രൂശില്‍ മരിച്ചത്. ആകയാല്‍ സുവിശേഷത്തിന്‍റെ ഈ ദിവ്യസന്ദേശം ഇന്നുതന്നെ സ്വീകരിക്കുക. നിങ്ങളുടെ ഇരുണ്ട പ്രശ്നങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വെളിച്ചവും യേശുക്രിസ്തുവിലുണ്ട്. യുദ്ധഭീതിയുടേയും, അരാജകത്വത്തിന്‍റേയും, പാപ മാലിന്യത്തിന്‍റേയും കരിനിഴലില്‍ അമര്‍ന്നിരിക്കുന്ന ഈ ലോകത്തില്‍ നമുക്കാവശ്യമായ വെളിച്ചം ക്രിസ്തുവിലല്ലാതെ വേറെ എവിടെയുണ്ട്? വേറെ ആരില്‍ ഉണ്ട്?

4: ക്രിസ്തു വാതില്‍

“ഞാന്‍ വാതില്‍ ആകുന്നു എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തുവരികയും പുറത്തു പോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.” (യോഹന്നാന്‍ 10:9)

യേശുക്രിസ്തു രക്ഷയുടെ വാതിലാണ്. “എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നാണ് യേശു പറഞ്ഞത്. പുണ്യപ്രവൃത്തികളാകുന്ന വാതിലില്‍കൂടി സ്വര്‍ഗ്ഗത്തിലെത്താന്‍ പരിശ്രമിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരും ആയ എത്രയോ കോടി ആളുകള്‍ ഈ ഭൂമുഖത്തുണ്ട്. ക്രിസ്തുവില്‍ കൂടി സാധിക്കേണ്ടകാര്യം മറ്റ് വിധത്തില്‍ സാധിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിന്‍റെ മഹത്വത്തിന് കളങ്കം വരുത്തുന്നതാണ്. ക്രിസ്തുവിന് പകരം പുണ്യപ്രവര്‍ത്തികളോ, പുണ്യപുരുഷന്മാരോ മതിയാകയില്ല. വിലയേറിയ സാധനസാമഗ്രികള്‍ നിറഞ്ഞിരിക്കുന്ന ഒരു മുറിയിലേക്ക് നാം ഒരു വാതില്‍വഴിയാണ് പ്രവേശിക്കുന്നത്. ഇതുപോലെ രക്ഷയാകുന്ന മണിമന്ദിരത്തിലേക്ക് ദൈവം നമ്മെ പ്രവേശിപ്പിക്കുന്നത് യേശുക്രിസ്തുവാകുന്ന വാതില്‍ വഴിയാണ്.

“എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും” എന്നു കര്‍ത്താവു പറയുമ്പോള്‍ കടക്കുന്നതിന് വേറെ ഒരാളുടെ മദ്ധ്യസ്ഥം ആവശ്യമില്ലെന്ന് ധ്വനിപ്പിക്കുന്നു. ഒരു വാതില്‍ കടക്കാന്‍ ആ വാതിലല്ലാതെ വേറൊരു വാതിലൊ ഒരു ജനലോ ആവശ്യമില്ലല്ലോ. യേശുക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യേ ഏകമദ്ധ്യസ്ഥനാണ്. മദ്ധ്യസ്ഥനെ സമീപിക്കുവാന്‍ വേറെ മദ്ധ്യസ്ഥന്‍ ആവശ്യമില്ല. വാതില്‍ വഴി അകത്തു കടന്ന ആള്‍ പലതും, പലതും, പുറന്തള്ളിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. ക്രിസ്തുവാകുന്ന വാതിലില്‍ക്കൂടി നാം ഉളളില്‍ പ്രവേശിക്കുമ്പോള്‍ രക്ഷയാകുന്ന പുണ്യപ്രവര്‍ത്തികളേയും സ്വന്തം നീതിയിലുള്ള ആശ്രയത്തേയും ഉപേക്ഷിക്കണം.

പ്രിയ സ്നേഹിതാ നിങ്ങള്‍ക്ക് ഒരു ക്രൈസ്തവ പേരും ചുറ്റുപാടും ഉണ്ടായിരിക്കാമെങ്കിലും ഇതുവരെ രക്ഷയുടെ അനുഭവത്തില്‍ വന്നിട്ടില്ല എന്നുള്ളത് എത്ര ദുഃഖകരമാണ്, ആപല്ക്കരമാണ്. ദൈവം തുറന്നുവച്ചിരിക്കുന്ന ഏക രക്ഷാമാര്‍ഗ്ഗമായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷപെടുക. വാതിലിനു വെളിയില്‍ അപകടവും ഉള്ളില്‍ ഭദ്രതയുമാണുള്ളത്. വാതിലിനു വെളിയില്‍ നിത്യാന്ധകാരം ഉള്ളിലോ രക്ഷയുടെയും, വിശുദ്ധിയുടെയും, ആനന്ദത്തിന്‍റേയും പ്രഭാപൂരം.

5. നല്ല ഇടയന്‍

“ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാന്‍ 10:11)

ക്രിസ്തു ആടുകളുടെ വാതില്‍ മാത്രമല്ല. ഇടയനുമാണ്. ആടുകള്‍ എന്ന് ഇവിടെപ്പറയുന്നത് മനുഷ്യരെ ഉദ്ദേശിച്ചാണ്. ക്രിസ്തു ഇടയനാണെന്നു മാത്രമല്ല. ആടുകള്‍ക്കുവേണ്ടി ജീവനെക്കൊടുത്ത ഇടയനുമാണ്. ക്രിസ്തുവിന്‍റെ ക്രൂശു മരണത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യര്‍ പാപികളായതുകൊണ്ട് ക്രിസ്തുവിനെ ക്രൂശില്‍ തറച്ചു എന്നു തന്നെയല്ല,മനുഷ്യരുടെ പാപത്തിനു പ്രായശ്ചിത്തം വരുത്തുവാനുള്ള ഒരു ബലിമരണമായിരുന്നു അത്. യേശുക്രിസ്തുവിന്‍റെ മരണം കേവലം ഒരു രക്തസാക്ഷിമരണമല്ല. ക്രൂശുമരണത്തില്‍ ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിപുരുഷനായി പാപപരിഹാരം വരുത്തി. നമ്മുടെ പുണ്യപ്രവര്‍ത്തികളല്ല, നമുക്കുവേണ്ടി മരിച്ച് ഉയിര്‍ത്ത കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ബലി മരണത്തിലുള്ള വിശ്വാസമാണ് രക്ഷക്കാധാരം. നാം നമ്മുടെ പ്രവൃത്തികളാല്‍ രക്ഷ സമ്പാദിക്കാനല്ല, ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ച രക്ഷയെ വിശ്വാസത്താല്‍ അനുഭവിക്കുന്നതിനാണ് ഇന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.

ഇടയന്‍ എന്ന നിലയില്‍ ക്രിസ്തു തന്‍റെ ആടുകള്‍ക്ക് കൊടുക്കുന്നത് നിത്യജീവനാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയില്ലന്ന് നമുക്കറിയാം. യേശു ക്രിസ്തുവാകട്ടെ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ കൊടുക്കുന്നു. മാത്രമല്ല നിത്യതമുഴുവന്‍ അവര്‍ ഭദ്രമായി ഇരിക്കും എന്ന ഉറപ്പും നല്‍കുന്നു. ഒരു മനുഷ്യനൊ, ഒരു ദൈവദൂതനൊ ഇങ്ങനെ പറയുവാന്‍ സാധിക്കുമോ.

ക്രിസ്തുവിന്‍റെ മരണംപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവിടുത്തെ പുനരുത്ഥാനവും. ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ തന്‍റെ മരണം പാപപരിഹാര ബലി ആകയില്ല. ചുരുക്കത്തില്‍ ക്രിസ്തീയ സഭ ഭൂമിയില്‍ ആവിര്‍ഭവിച്ചതിന് പുനരുത്ഥാനമാണ് അടിസ്ഥാനം. മരിച്ച ഒരു ക്രിസ്തുവിനെ മാത്രമലല്ല പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനേയും കൂടിയാണ് പുതിയ നിയമം ചൂണ്ടിക്കാണിക്കുന്നത്. നല്ല ഇടയനായി താന്‍ മരിച്ചു. വലിയ ഇടയനായി പുനരുത്ഥാനം ചെയ്ത് ജീവിക്കുന്നു. ശ്രേഷ്ഠ ഇടയനായി വീണ്ടും വരും. ഈ ഇടയന്‍ കാണാതെപോയ ആടിനെ അന്വേഷിച്ച് കണ്ടെത്തും വരെ തിരഞ്ഞുനടക്കുന്നവനാണ്. കണ്ടെത്തിയാല്‍ വീട്ടിലെത്തുവോളം ചുമക്കുകയും ചെയ്യും. അവന്‍ പാപികള്‍ക്കുവേണ്ടി മരിച്ചു എന്നു മാത്രമല്ല വിശുദ്ധന്മാര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു.

6: പുനരുത്ഥാനവും ജീവനും

“ഞാന്‍ തന്നേ പുനരുത്താനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” (യോഹന്നാന്‍ 11:25)

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ മര്‍മ്മമാണ് മരണം. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് മരണം. പാപം നിമിത്തമാണ് മരണം ലോകത്തില്‍ പ്രവേശിച്ചത് എന്ന് ബൈബിള്‍ പറയുന്നു. എല്ലാവരും മരിക്കുന്നതിനാല്‍ എല്ലാവരിലും പാപം പ്രവേശിച്ചിട്ടുണ്ടെന്ന് തെളിയുന്നു. മരണത്തിന്‍റെ മുമ്പില്‍ മനുഷ്യര്‍ കേവലം നിസ്സഹായകരാണ്. കൊട്ടാരമെന്നോ കുടിലെന്നോ വ്യത്യാസമില്ലാതെ ഏതു വാതില്‍ക്കലും മരണം ചെന്നു മുട്ടുന്നു. പ്രതാപവും പ്രതിഭയും വകവയ്ക്കാതെ, ശിശുവിനെയും, വൃദ്ധനെയും ആദരിക്കാതെ, മരണം സകലത്തേയും അതിന്‍റെ പിടിക്കുള്ളില്‍ ഒതുക്കുന്നു. ലോകസുഖങ്ങളുടെയെല്ലാം മറുപുറത്ത് മരണം ഒളിഞ്ഞുനില്‍ക്കുന്നു. മാര്‍ബിള്‍ക്കല്ലറയും മണ്‍കുഴിയും ഒരുപോലെ മരണത്തിന്‍റെ വിജയസ്തംഭങ്ങളാണ്. ജീവിതകപ്പല്‍ തകര്‍ത്തുകളയുന്ന പാറക്കെട്ടായി, ജീവിതവൃക്ഷം അടിച്ചു വീഴ്ത്തുന്ന കൊടുങ്കാറ്റായി മരണം നടമാടുന്ന ഈ ലോകത്തില്‍ പുനരുത്ഥാന സന്ദേശവുമായി യേശുക്രിസ്തു ഇതാ നിലകൊള്ളുന്നു. പുനരുത്ഥരിക്കുവാന്‍ കഴിവുണ്ടെന്നു മാത്രമല്ല പുനരുത്ഥാനമായിത്തന്നെയാണ് ക്രിസ്തു സ്വയം അവതരിപ്പിക്കുന്നത്. പുനരുത്ഥാനമെന്താണോ, ജീവനെന്താണോ അതാണ് യേശുക്രിസ്തു.

രണ്ടു തരത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചും രണ്ടു ഘട്ടങ്ങളിലായി നടക്കേണ്ട പുനരുത്ഥാനത്തെക്കുറിച്ചും കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. രണ്ടും ക്രിസ്തു മുഖാന്തരമാണ് നിറവേറേണ്ടത്. (യോഹന്നാന്‍ 5:25;28,29) ഒന്ന് ആത്മീകമായ ഉത്ഥാനമാണ്. പാപത്തിന്‍റെ ഫലമാണ് മരണം. മരണം ശാരീരികം മാത്രമല്ല, ആത്മീകവും കൂടിയാണ്. പാപം നിമിത്തം മനുഷ്യാത്മാവും ദൈവവും തമ്മില്‍ അകന്നുപോയി. ഈ അകല്‍ച്ചയാണ് മരണത്തിന്‍റെ പൊരുള്‍. ആദാം പാപം ചെയ്തപ്പോള്‍ ഈ മരണം സംഭവിച്ചു. ആത്മീകമരണത്താല്‍ ഇന്നു മനുഷ്യന് പ്രകൃത്യാ ദൈവസംസര്‍ഗ്ഗത്തിന് കഴിവില്ലാതെയായിത്തീരുന്നു. ദൈവപുത്രന്‍റെ വചനം വിശ്വസിക്കുമ്പോള്‍ നിത്യജീവന്‍ പ്രാപിക്കുകയും ആത്മീക പുനരുത്ഥാനം ഉള്ളില്‍ സംഭവിക്കുകയും ചെയ്യുന്നു. ഈ പുനരുത്ഥാനം ഇന്ന് മനുഷ്യജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേത് മരിച്ചുപോയവരുടെ ശാരീരിക പുനരുത്ഥാനമാണ്. ശാരീരിക മരണത്തില്‍ ശരീരവും ആത്മാവും തമ്മില്‍ വേര്‍പിരിയുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വരുമ്പോഴും അതിനുശേഷവും നീതിമാന്മാരും ദുഷ്ടന്മാരും ഉയിര്‍ത്തെഴുന്നേല്‍ക്കും. നീതിമാന്മാര്‍ നിത്യജീവനായും ദുഷ്ടന്മാര്‍ നിത്യശിക്ഷക്കായും.

മരിച്ചവര്‍ ഉയിര്‍ക്കുമോ? മനുഷ്യചരിത്രത്തിലെ പഴക്കമേറിയതും, പ്രയാസമേറിയതുമായ ചോദ്യമാണിത്. കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ് ഇതിനുത്തരം. ഇതിന്‍റെ ഉത്തരം നമുക്ക് നല്‍കുന്നത്, അഥവാ താനാണതിന്‍റെ ഉത്തരം. “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” ഇങ്ങനെ ആര്‍ക്കു പറയാന്‍ സാധിച്ചിട്ടുണ്ട്? ഏതൊരു മതാചാര്യന്‍ അവകാശപ്പെട്ടിട്ടുണ്ട്? ഏതു തത്വജ്ഞാനി പഠിപ്പിച്ചിട്ടുണ്ട്? ആത്മീകമായി മരിച്ചിരിക്കുന്ന ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ അവന്‍ നിത്യജീവന്‍ പ്രാപിച്ച് ദൈവസംസര്‍ഗ്ഗത്തിന് ശക്തനായിത്തീരുന്നു. ശാരീരികമരണം ഈ ബന്ധത്തെ ഹനിക്കുന്നില്ല. എന്നാല്‍ ആത്മീകമായി മരിച്ച ഒരുവന്‍ ആ സ്ഥിതിയില്‍ത്തന്നെ ശരീരത്തിലും മരിക്കുമ്പോള്‍ ദൈവത്തില്‍ നിന്നു എന്നന്നേക്കുമായി അകലുന്നു.

തിരിച്ചുവരുവാന്‍ കഴിയാത്തവണ്ണം രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്നു നിത്യമായി അകന്നു.

ക്രിസ്തു പുനരുത്ഥാനവും, ജീവനും ആകയാല്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് മരണത്തിലും പ്രത്യാശയുണ്ട്. അവര്‍ മരിച്ചാലും ജീവിക്കും.

7: വഴിയും സത്യവും ജീവനും

“ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6)

ക്രിസ്തുവിന്‍റെ ഐഹികജീവിതകാലം തീരുന്നതിന് ഇനിയും അധികസമയമില്ല. തന്‍റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതിനിടയില്‍ ഒരു ശിഷ്യന്‍ ഇപ്രകാരം ചോദിച്ചു: “കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?” പ്രസിദ്ധമായ ഈ ചോദ്യത്തിനു കര്‍ത്താവ് നല്‍കിയ പ്രസിദ്ധമേറിയ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും”. നമുക്കൊരുമിച്ച് ആ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കാമെന്നോ, ആത്മലോകത്തിലേക്കുള്ള വഴി ഏതു മഹാനും അജ്ഞാതമാണെന്നോ, ഒരുത്തരം പറയാന്‍ ഞാന്‍ അശക്തനാണെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, ദൈവസന്നിധിയിലേക്കുള്ള വഴിയും, ദൈവത്തെക്കുറിച്ചുള്ള സത്യവും, ദൈവത്തില്‍ നിന്നുള്ള ജീവനും താന്‍ തന്നെയാണെന്നും തന്നെകൂടാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ലെന്നും ക്രിസ്തു അവകാശപ്പെടുകയാണുണ്ടായത്. ദൈവസന്നിധിയിലേക്കുള്ള വഴിയും യേശുക്രിസ്തുവാണ്.

ക്രിസ്തു വഴി മാത്രമല്ല സത്യവുമാണ്. സത്യവും സത്യത്തിന്‍റെ ആകത്തുകയുമാണ് താന്‍. ക്രിസ്തു പിതാവിങ്കലേക്കുള്ള വഴി ആയിരിക്കുന്നതുപോലെ പിതാവിനെക്കുറിച്ചുള്ള സത്യവെളിപ്പാടുമാണ്. സര്‍വ്വശക്തനായ ദൈവം മനുഷ്യന്‍റെ പിതാവാണെന്നുള്ള സത്യം, പാപികളായ മനുഷ്യര്‍ക്കു ദൈവമക്കളായിത്തീരാന്‍ കഴിയുമെന്നുള്ള സുപ്രധാന സത്യം ക്രിസ്തുവില്‍ക്കൂടി മാത്രമാണ് വെളിപ്പെട്ടത്. ക്രിസ്തുവില്‍ക്കൂടി വെളിപ്പെട്ടതിനപ്പുറമായി ദൈവത്തെക്കുറിച്ച് ഒരു പുതിയ വെളിപ്പാടിനു നാം കാത്തിരിക്കേണ്ട ആവശ്യമില്ല. ക്രിസ്തു സത്യവും സത്യത്തിന്‍റെ മൂര്‍ത്തീകരണവുമാണ്. “ഞാന്‍ തന്നെ ജീവന്‍” ക്രിസ്തു വഴിയും സത്യവും മാത്രമല്ല ജീവനുമാണ്. താന്‍ ജീവന്‍ ഉടലെടുത്തതാണ്. ജീവന്‍റെ കേന്ദ്രമാണ്. ജീവനെതിരായ സകലവും നാം വെറുക്കുന്നു. ജീവനില്ലെങ്കില്‍ പ്രവര്‍ത്തനമോ സംസര്‍ഗ്ഗമോ ഇല്ല. ജീവനില്ലെങ്കില്‍ ജീര്‍ണ്ണതയും വിനാശവുമാണ് ഫലം. ഇതു ശാരീരിക ജീവനെക്കുറിച്ചും ആത്മിക ജീവനെക്കുറിച്ചും ശരിയാണ്.

യേശുക്രിസ്തു വഴിയാണ്, തന്നെക്കൂടാതെ യാത്രയില്ല. യേശുക്രിസ്തു ജീവനാണ്, തന്നെക്കൂടാതെ ജീവിതമില്ല. ക്രിസ്തു സത്യമാണ്, തന്നെകൂടാതെ ജ്ഞാനമില്ല. തെറ്റിപ്പോകാത്തവഴിയും,മാറ്റം വരാത്ത സത്യവും, അവസാനിച്ചുപോകാത്ത ജീവനുമാണ് ക്രിസ്തു. ക്രിസ്തുവാകുന്ന വഴി ദൈവത്തിങ്കലേക്കു നമ്മെ നയിക്കുന്നു; ക്രിസ്തുവാകുന്ന സത്യം ദൈവത്തേയും മനുഷ്യനേയും കുറിച്ച് അറിയാന്‍ നമ്മെ പ്രാപ്തരാക്കുന്നു; ക്രിസ്തുവാകുന്ന ജീവന്‍ ദൈവത്തിനു പ്രസാദമായി ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നു. വഴി ഏതെന്നറിയാത്തവര്‍ക്കു ക്രിസ്തു വഴിയാണ്. സത്യമെന്തെന്നറിയാത്ത ലോകത്തില്‍ ക്രിസ്തു സത്യമാണ്, മരണം നിറഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു ജീവനാണ്. ക്രിസ്തു മാത്രം വഴി, ക്രിസ്തു മാത്രം സത്യം, ക്രിസ്തു മാത്രം ജീവന്‍.

8: സാക്ഷാല്‍ മുന്തിരിവള്ളി

“ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു” (യോഹന്നാന്‍ 15:1)

യേശുക്രിസ്തു സാക്ഷാല്‍ മുന്തിരിവള്ളി ആയിരിക്കുന്നത് മനുഷ്യവര്‍ഗ്ഗം താന്‍ മുഖാന്തരം ദൈവത്തിന് ഫലം കായ്ക്കേണ്ടതിന് വഴി തുറക്കേണ്ടതിന്. തന്നില്‍ വിശ്വസിക്കുന്നവരെല്ലാം ഈ മുന്തിരിവള്ളിയുടെ കൊമ്പുകളാണ്. മുന്തിരിവള്ളിയുടെ ജീവനും ചൈതന്യവും കൊമ്പുകളിലേക്ക് വ്യാപിക്കയും അങ്ങനെ ഫലം കായ്പ്പാന്‍ ഇടവരികയും ചെയ്യുന്നു. ഒരു മനുഷ്യന് ജീവിതം ഫലകരമാണെങ്കില്‍ യേശുക്രിസ്തുവിനോട് ബന്ധം ഉണ്ടാകണം. ബാഹ്യബന്ധം മാത്രമല്ല, ആന്തരികമായ ജീവല്‍ ബന്ധം ഉണ്ടായിരിക്കണം. യൂദാ യേശു ക്രിസ്തുവിന്‍റെ ശിഷ്യനായി മൂന്നരവര്‍ഷത്തോളം തന്‍റെ കൂടെ സഞ്ചരിച്ചു. എങ്കിലും യൂദാ ആ മുന്തിരിവള്ളിയുടെ കൊമ്പായിരുന്നില്ല. അവന്‍ നിത്യനാശത്തിലേക്ക് പോകയാണുണ്ടായത്. ക്രൈസ്തവമായ ചുറ്റുപാടുകളൊ, പരിശീലനമൊ, കുടുംബബന്ധമൊ, നാമധേയമോ ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നില്ല. യേശു ക്രിസ്തുവിനോടുള്ള ജീവല്‍ ബന്ധമാണ് ഒരുവനെ സത്യക്രിസ്ത്യാനി ആക്കുന്നത്.

യേശുക്രിസ്തു മാത്രമാണോ ലോകരക്ഷിതാവ്? യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണോ എന്നതിനെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പാപികളുടെ രക്ഷകനായി ലോകചരിത്രത്തില്‍ യേശുക്രിസ്തു ഒഴികെ വേറൊരാള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇനി പ്രത്യക്ഷപ്പെടുകയുമില്ല. പാപികളോട് ധര്‍മ്മോപദേശം ചെയ്യുവാന്‍ പല ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാപികളെ രക്ഷിപ്പാന്‍ യേശുക്രിസ്തു മാത്രമേ ഉള്ളൂ. “എന്നെ പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല” എന്നു പറയത്തക്കവണ്ണം അവിടുത്തെ അവകാശവാദങ്ങള്‍ അത്ര ഖണ്ഡിതവും പരിപൂര്‍ണ്ണവുമാണ്. ഇതു നമുക്കു മനസ്സിലാക്കിത്തരുന്നത് യേശു ക്രിസ്തു മാത്രമേ ലോകരക്ഷിതാവായി ഉള്ളൂ എന്നതും, യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല, ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു.

യേശുവിന്‍റെ നിസ്തുല്യമായ വ്യക്തിത്വത്തിന്‍റെ മുമ്പില്‍ നമ്മുടെ തലകള്‍ കുനിയുകയും പാദങ്ങള്‍ മടങ്ങുകയും ചെയ്യട്ടെ. ലോകത്തിന്‍റെ വെളിച്ചമായ യേശു നമ്മുടെ ശാശ്വതപ്രകാശമായിത്തീരട്ടെ. നല്ല ഇടയാന ക്രിസ്തു നമ്മുടെ നേതാവും വാതിലായ താന്‍ നമുക്കു നിത്യസൗഭാഗ്യത്തിലേക്കുള്ള വാതിലുമായി ഭവിക്കട്ടെ. ജീവനും പുനരുത്ഥാനവുമായ ക്രിസ്തു ജീവിതത്തില്‍ നമുക്ക് ശരണവും മരണത്തില്‍ നങ്കുരവും ആയിരിക്കട്ടെ. ഈ മുന്തിരിവള്ളിയില്‍ ഫലം കായിച്ച് ജീവിതം സഫലമായിത്തീരുവാന്‍ ദൈവകൃപ നമ്മെ അനുഗ്രഹിക്കട്ടെ. കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ വന്ദ്യ തിരുനാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.

« Older posts