Jayolsavamayi Vazhi Nadathunna Daivam..
By
Sijo Jose
fellowshipofgodminstry@gmail.com

ജയോത്സവമായി വഴി നടത്തുന്ന ദൈവം

അദ്ധ്യായം – 2
പാപത്തിന്മേലുള്ള ജയം

“ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. (റോമര്‍-8:3)

പ്രപഞ്ചത്തെ മുഴുവന്‍ അടക്കി വാഴുന്ന തിന്മയുടെ ശക്തിയാണ് പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്‍റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്‍റെ അടിസ്ഥാന കാരണം.

A. പാപത്തിന്‍റെ ഉത്ഭവം

ആദാമിന്‍റെയും, ഹവ്വായുടെയും വീഴ്ചക്ക് മുമ്പ് തന്നെ പാപം ഉണ്ടായിരുന്നു. (നോക്കുക-ഉല്പത്തി 3:1; യോഹന്നാന്‍ 8:44; 2 പത്രോസ് 2:4; 1 യോഹന്നാന്‍-3:8; യൂദാ-6) ഉല്പത്തി മൂന്നാം അദ്ധ്യായത്തില്‍ പരീക്ഷയും മനുഷ്യന്‍റെ വീഴ്ചയും വര്‍ണ്ണിക്കുന്നു. പ്രസ്തുത വിവരണത്തില്‍ നിന്നും താഴെപ്പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാവുന്നതാണ്.

  1. ദൈവം പാപത്തിന് കാരണഭൂതനല്ല. സര്‍പ്പം പാപം ചെയ്യുവാന്‍ നിര്‍ദ്ദേശിക്കയും ഹവ്വ അംഗീകരിക്കുകയും ചെയ്തു. (യാക്കോബ്-1:13-15)
  2. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍ വൃക്ഷഫലം തിന്നരുതെന്ന ദൈവകല്പനയുടെ നീതിയെക്കുറിച്ചുള്ള സംശയത്തോടുകൂടി പാപം ഹവ്വയില്‍ തലപൊക്കി.
  3. ദൈവകല്പനയുടെ നേര്‍ക്കുള്ള പ്രത്യക്ഷവും മനഃപൂര്‍വ്വവുമായ അനുസരണക്കേടായിരുന്നു ഈ സംശയത്തില്‍ നിന്നുണ്ടായ പാപകരമായ പ്രവൃത്തി.
  4. ആദാമിന്‍റെയും ഹവ്വയുടെയും പാപം നഗ്നതയുടെ ലജ്ജയെക്കുറിച്ചുള്ള പ്രത്യക്ഷബോധത്തിലേക്കും തല്‍ഫലമായി ദൈവത്തില്‍ നിന്നോടി ഒളിക്കുവാനുള്ള ശ്രമത്തിലേക്കും നയിച്ചു.
  5. പാപത്തെ തുടര്‍ന്ന് സര്‍പ്പവും, സ്ത്രീയും, പുരുഷനും ദൈവശാപത്തിനു വിധേയരായി. തോട്ടത്തില്‍ നിന്നും ദൈവ കൂട്ടായ്മയില്‍ നിന്നും അവര്‍ പുറത്തായി. മനുഷ്യവര്‍ഗ്ഗം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

B. ഏകന്‍റെ ലംഘനത്താല്‍

ദൈവം മനുഷ്യജാതിയെ മുഴുവനും ഉളവാക്കിയതു ഏകനില്‍ നിന്നാണ്. “ഭൂതലത്തില്‍ എങ്ങും കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. (അപ്പൊ. പ്രവൃത്തികള്‍-17:26)
ഏകന്‍റെ ഭാഗദേയം മനുഷ്യവര്‍ഗ്ഗത്തിന്നു മുഴുവന്‍ ബാധകമായി. “അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമര്‍ 5:12) ഏകന്‍റെ ലംഘനം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഭാവിചരിത്രം മുഴുവന്‍ ഘനിഭൂതമായി ഉള്‍ക്കൊള്ളുന്നു.

“ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശു ക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും.” (റോമര്‍-5:17)

“മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി. ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യര്‍-15:21-22)

പാപത്തെ ആദാമിന്‍റെ ലംഘനം (റോമര്‍-5:14) ഏകന്‍റെ ലംഘനം (റോമര്‍-5:15), ഏകന്‍റെ പാപം (റോമര്‍-5:16), ഏകലംഘനം (റോമര്‍ 5:18) എന്നിങ്ങനെ പറയുന്നു. ‘എല്ലാവരും പാപം ചെയ്കയാല്‍’ എന്നതുകൊണ്ട് ആദാമില്‍ പാപത്തില്‍ എല്ലാവരുടെയും പാപം പരാമര്‍ശിക്കപ്പെടുന്നു. ആദാമിന്‍റെ എല്ലാവരും പാപികളായിത്തീര്‍ന്നു. പാപത്താല്‍ മരണവും ലോകത്തിലേക്ക് പ്രവേശിച്ചു.

C. പാപത്തിന്‍റെ വ്യാപ്തി

മനുഷ്യാത്മാവിന്‍റെ മണ്ഡലത്തിലാണ് പാപം ഉണ്ടായതെങ്കിലും അതിന്‍റെ അനന്തരഫലം ഭൗതിക പ്രപഞ്ചത്തെ മുഴുവന്‍ ബാധിച്ചു. സര്‍വ്വസൃഷ്ടിയും, പാപഫലമായ ശാപത്തിന്‍ കീഴിലായി. “സൃഷ്ടിദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു.” (റോമര്‍ 8:20) മനുഷ്യന്‍റെ പാപം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. (ഉല്പത്തി 3:18) സസ്യങ്ങളും (ഉല്പത്തി 3:17-18; യെശയ്യാ 55:13) മൃഗങ്ങളും (ഉല്പത്തി 9:1-3; യെശയ്യാ 11:6-9) മനുഷ്യരും (സങ്കീര്‍ത്തനം-8:4-5) ഉല്പത്തി 3:31; സദാപ്രസംഗി-7:20) ശാപത്തിനു വിധേയരായി. ആദാമിന്‍റെയും ഹവ്വായുടെയും വീഴ്ച അവരില്‍ നിന്നുണ്ടായ സന്തതികളെ എല്ലാം ബാധിച്ചു. അങ്ങനെ എല്ലാ മനുഷ്യരും പാപം ചെയ്തു. (റോമര്‍-3:10-31) ദൈവ മുമ്പില്‍ കുറ്റക്കാരും (റോമര്‍-3:19) അനുസരണക്കേടിന്‍റെ മക്കളും (എഫെസ്യര്‍-2:2), കോപത്തിന്‍റെ മക്കളും (എഫെസ്യര്‍ 2:3) ആയി ദൈവത്തില്‍ നിന്നകന്നു. (എഫെസ്യര്‍ 4:18), കപടവും വഞ്ചനയും നിറഞ്ഞു. (യിരെമ്യാവ്-17:19) ബലഹീനരും, അഭക്തരും ആയി (റോമര്‍-5:5), അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചു. (എഫെസ്യര്‍ 2:1) ആദാമിന്‍റെ വീഴ്ച ആദാമില്‍ ഒന്നായിരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ പിടിയിലമര്‍ത്തി.

D. പാപവാസന

പാപം ചെയ്യുവാനുള്ള വാസന മനുഷ്യന് സഹജമാണ്. “അവര്‍ വഷളന്മാരായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.” (സങ്കീര്‍ത്തനം 14:1-3) സ്വേച്ഛയാ ചെയ്യുന്ന ഒരു ലംഘനം മാത്രമല്ല പാപം. പാപേച്ഛ ഓരോന്നും പ്രസ്തുത ഇച്ഛയെക്കാള്‍ രൂഡമൂലമായ ഒന്നില്‍ നിന്നു പുറപ്പെടുകയാണ്. പാപപൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്നാണ് പാപപ്രവൃത്തികളുടെ ഉത്ഭവം (മര്‍ക്കോസ്-7:20-23 സദൃശ്യവാക്യം 4:23; 23:7) പാപവാസനയോടുകൂടെയാണ് എല്ലാവരും ഭൂമിയില്‍ ജനിക്കുന്നത്. അത് ആദാമിന്‍റെ പാപത്തില്‍ എല്ലാവര്‍ക്കുമുള്ള ഏകത്വം സ്പഷ്ടമാകുന്നു.

“ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.”(സങ്കീര്‍ത്തനം-51:5) “ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു.” (യോഹന്നാന്‍ 3:6) പാപത്താല്‍ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യപ്രകൃതിയെയാണ് പൗലോസ് അപ്പൊസ്തലന്‍ ജഡം എന്നു വിളിക്കുന്നത്. (റോമര്‍-8:5-7) ജഡത്തിന്‍റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു. (റോമര്‍-8:7) മനുഷ്യന്‍റെ വീഴ്ചയുടെ ഫലങ്ങളില്‍ നിന്നും മുക്തമായ ഒരു മണ്ഡലവും മനുഷ്യജീവിതത്തില്‍ ഇല്ല. തന്മൂലം ദൈവത്തിന്‍റെ സന്നിധിയിലും ന്യായപ്രമാണത്തിന്‍റെ മുമ്പിലും മനുഷ്യന്‍റെ നീതികരണത്തിനു സഹായകമായ ഒരു അടിസ്ഥാനവും അവന്‍റെ ജീവിതത്തില്‍ ചൂണ്ടിക്കാണിക്കാനില്ല.

പാപവാസനയെ ചൂണ്ടികാണിക്കുന്ന മറ്റു പ്രയോഗങ്ങളാണ് വഷളത്വം, ദുഷ്ടത, അരിഷ്ടത എന്നിവ. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ എല്ലാ മനുഷ്യരും വഷളരും, മ്ലേച്ഛരും, (മ്ലാനമായ ഇച്ഛയോടു കൂടിയവര്‍). കൊള്ളരുതാത്തവരുമാണ്. ഈ അവസ്ഥയെ മനുഷ്യന്‍റെ നഷ്ടാവസ്ഥ എന്നു പറയുന്നു. നഷ്ടാവസ്ഥയെ സംബന്ധിക്കുന്ന നാല് കാര്യങ്ങള്‍ ഉണ്ട്.

  1. തിരുവെഴുത്ത് എല്ലാവറ്റയും പാപത്തിന്‍ കീഴടെച്ചുകളഞ്ഞു. (ഗലാത്യര്‍ 3:22) ഇത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്. മനുഷ്യന്‍ വ്യക്തിപരമായി പാപം ചെയ്യുന്നു. (റോമര്‍ 3:23) പാപപ്രകൃതിയെ താലോലിക്കുന്നു. ഇപ്രകാരമുള്ള മനുഷ്യനെ പാപാവസ്ഥയില്‍ അടച്ചിട്ടിരിക്കയാണ്. (റോമര്‍ 3:9; 11:32) മനുഷ്യനോട് കരുണകാണിക്കേണ്ടതിനും തന്‍റെ കൃപാമഹത്വം പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി ആയിരുന്നു എല്ലാറ്റിനേയും പാപത്തിന്‍റെ കീഴടെച്ചുകളഞ്ഞത്.
  2. മനുഷ്യന്‍ ആത്മീയമായി മരിച്ചു. (എഫെസ്യര്‍-2:1) മനുഷ്യന്‍റെ അനുസരണക്കേടിന്‍റെ ശിക്ഷ ആത്മീയ മരണമാണ്. ആത്മീയമരണത്തിന്‍റെ അനന്തരഫലമാണ് ശാരീരിക മരണം. പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെസ്കേല്‍-18:4) പാപത്തിന്‍റെ ശമ്പളം മരണമാണ് (റോമര്‍-6:23)
  3. മനുഷ്യന്‍ ശിക്ഷാവിധിക്ക് വിധേയനായി. (യോഹന്നാന്‍-3:18) ശിക്ഷാവിധിയിന്‍ കീഴിലായ മനുഷ്യന്‍ ദൈവ ക്രോധത്തിനും ശാപത്തിനും പാത്രമായി. (റോമര്‍ 1:18; ഗലാത്യര്‍ 3:13)
  4. പ്രാകൃത മനുഷ്യന്‍ സാത്താന്‍റെ അധീനതയിലാണ്. ഈ ലോകത്തിന്‍റെ ദൈവമാണ് സാത്താന്‍ (2 കൊരിന്ത്യര്‍ 4:4; 1 യോഹന്നാന്‍ 5:19) മനുഷ്യന്‍റെ അരിഷ്ടാവസ്ഥ ദാരുണം തന്നെ. ഏകന്‍റെ ലംഘനം മൂലം മനുഷ്യന്‍ പാപത്തിന്‍ കീഴടെക്കപ്പെട്ടു. ആത്മീയമായി മരിച്ചു. ശിക്ഷക്ക് വിധേയനായി. സാത്താന്‍റെ അധീനതയിലായി.

E. പാപ പ്രവൃത്തികള്‍

അപ്പൊസ്തലനായ പൌലൊസ് പാപപ്രവൃത്തികളെ ജഡത്തിന്‍റെ പ്രവൃത്തികളെന്നു വിളിക്കുന്നു. മനുഷ്യന്‍റെ ഇച്ഛാശക്തികളെ ഭരിക്കുന്ന രണ്ടു ശക്തികളാണു ആത്മാവും ജഡവും. ജഡം പാപത്തിനു അധിഷ്ഠാനമാണ്. എന്നില്‍ വസിക്കുന്ന പാപം (റോമ:7:20) എന്ന പ്രയോഗം ശ്രദ്ധേയമാണ്. പ്രാകൃതമായ ചോദനകളെയും അഭിലാഷങ്ങളെയും ഇളക്കി വിടുന്നത് ജഡമാണ്. ആവര്‍ത്തനം 18:10; മര്‍ക്കൊസ് 7:21-23; റോമര്‍ 1:2932; 1 കൊരിന്ത്യര്‍:6:9;10; ഗലാത്യര്‍ 5:19,21; എഫെസ്യര്‍ 5:3-5; 2 തിമൊത്തി 3:1-5; വെളിപാട് 21:8 എന്നീ ഭാഗങ്ങളില്‍ പാപപ്രവൃത്തികളുടെ ഒരു നീണ്ട പട്ടിക കാണാം. അവ താഴെ കൊടുക്കുന്നു. അഗ്നിപ്രവേശം ചെയ്യിക്കല്‍, അജിതേന്ദ്രിയത്വം, അഞ്ജനം നോക്കല്‍, അത്യഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം, ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്കു (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, ക്രോധം, ക്ഷുദ്രപ്രയോഗം, ഗര്‍വ്വം (അഹങ്കാരം) ചതി, ചീത്തത്തരം (അശ്ലീലസംസാരം), ജാരശങ്ക, ധാര്‍ഷ്ട്യം, ദുര്‍ന്നടപ്പ് (അസന്മാര്‍ഗ്ഗികത), ദുരാലോചന, ദുര്‍ബുദ്ധി, ദുശ്ചിന്ത, ദുശ്ശീലം, ദുഷ്ടത, ദുഷ്ക്കര്‍മ്മം (ഭോഗാസക്തി) ദുഷ്ക്കാമം, ഭൂഷണം, ദൈവദ്വേഷം ദ്രവ്യാഗ്രഹ്യം, ദ്രോഹം, ദ്വന്ദപക്ഷം, നന്ദികേട്, നിഗളം, നിയമലംഘനം, നിഷ്ഠുരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പിക്കല്‍, പൊട്ടച്ചൊല്‍ (വ്യര്‍ത്ഥഭാഷണം), പ്രശ്നം നോക്കല്‍, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂര്‍ത്തം നോക്കല്‍, മൂഢത, മോഷണം, ലക്ഷണം പറയല്‍, വഞ്ചന, വമ്പുപറയല്‍, വാത്സല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കൂത്തു, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സല്‍ഗുണദോഷം (നന്മയെ വെറുക്കുക), സ്വയം ഭോഗം, സ്വവര്‍ഗ്ഗസംഭോഗം, സ്വാര്‍ത്ഥതല്‍പരത.

F. പാപത്തില്‍ നിന്നുള്ള വിടുതല്‍

കാല സമ്പൂര്‍ണ്ണതയില്‍ സ്നേഹവാനായ ദൈവം തന്‍റെ ഏകജാതനായ പുത്രനെ ഒരു കന്യകയില്‍ നിന്നും ജനിപ്പിച്ചു. “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിപ്പകൊണ്ടു. നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.” (മത്തായി-1:21)

“പിറ്റേന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് (യോഹന്നാന്‍ 1:29)

യേശു ക്രിസ്തു മുപ്പത്തിമൂന്നരവര്‍ഷക്കാലം ഈ ലോകത്തില്‍ ജീവിച്ചു ശുശ്രൂഷ ചെയ്തു. താന്‍ മാനവകുലത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനായി കാല്‍വരിക്രൂശില്‍ യാഗമായി. ക്രൂശില്‍ ചൊരിഞ്ഞ രക്തത്താല്‍ പാപത്തിനു അടിമകളായിരുന്ന നമ്മെ വിലയ്ക്കുവാങ്ങി. യേശുവിന്‍റെ രക്തം അമൂല്യമാണ്. അത് പാപം പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ മതിയായതാണ്. അത് വിശുദ്ധവും നിര്‍മ്മലവുമാണ്. കാരണം യേശുവില്‍ പാപം ഇല്ലായിരുന്നു. (1 യോഹന്നാന്‍-3:5) യേശു പാപം അറിഞ്ഞിരുന്നില്ല (2 കൊരിന്ത്യര്‍-5:21) യേശു പാപം ചെയ്തിട്ടില്ല. (1 പത്രോസ് 2:22) യേശുവിന്‍റെ രക്തത്തിന്നു സമമായൊരു രക്തം ഭൂമിയില്‍ മറ്റാര്‍ക്കും ഇല്ല. കാരണം അവന്‍ ജനിച്ചത് ജഢത്തില്‍ നിന്നല്ല. പുരുഷന്‍റെ ഇഷ്ടത്താലുമല്ല. മറിച്ച ് ദൈവാത്മാവിനാല്‍ അത്രേ (യോഹന്നാന്‍ 1:13) യേശു പരിശുദ്ധാത്മാവിനാല്‍ ജനിച്ചവനാകയാല്‍ അവന്‍റെ രക്തം പരിശുദ്ധ രക്തമാണ്. ആ രക്തത്തിന് നിത്യശക്തി ഉണ്ട്.

യേശു, നമ്മുടെ പാപത്തിന്‍റെ ശിക്ഷ തന്‍റെ സ്വന്തം ശരീരത്തില്‍ അനുഭവിച്ചു. പാപം ഇല്ലാത്തവന്‍, പരിശുദ്ധന്‍. നമുക്ക് വേണ്ടി പാപമായി. നമ്മെ പാപത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ അവന്‍ കാല്‍വരിക്രൂശില്‍ യാഗമായി. അങ്ങനെ നിത്യമായ മാര്‍ഗ്ഗം കാല്‍വരിയില്‍ തുറക്കപ്പെട്ടു. യേശു ക്രിസ്തുവില്‍ക്കൂടി സ്വര്‍ഗ്ഗരാജ്യപ്രവേശനം നമുക്കു സാധിച്ചു. യേശു പറഞ്ഞു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍-14:6)

സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള ഏകവഴി യേശു ക്രിസ്തുവില്‍ കൂടി മാത്രമാണ്. യേശുവില്‍ വിശ്വസിച്ച് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെടുമ്പോള്‍ പാപമോചനം ഒരുവനില്‍ ലഭിക്കുന്നു.

പാപസ്വഭാവം നമ്മില്‍ വാഴുന്ന കാലത്തോളം നമുക്ക് ദൈവ ഇഷ്ടം അനുസരിക്കുവാന്‍ സാധ്യമല്ല. അതിന്നായി പാപത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിക്കണം. അതിന്നായി വിശ്വാസസ്നാനം സ്വീകരിക്കണം. വിശ്വാസസ്നാനം എന്നത് ദൈവകല്പനയാണ്. (മത്തായി-28:19; മര്‍ക്കൊസ്-16:16; അപ്പൊ.പ്രവൃത്തി 2:38) എന്താണ് വിശ്വാസസ്നാനം? ഒരു വ്യക്തി യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് മാനസാന്തരപ്പെട്ട് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചശേഷം യേശുവിനോട് ചേരുവാന്‍ ഉള്ള മാര്‍ഗ്ഗമാണ് വിശ്വാസസ്നാനം. സ്നാനത്താല്‍ ക്രിസ്തുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഒരു വ്യക്തി ഏകീഭവിക്കുന്നു. പാപത്തിന്നു അടിമപ്പെടാതെവണ്ണം പാപശരീരത്തിന് നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം സ്നാനത്താല്‍ ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും. (റോമര്‍-6:2-18) വിശ്വാസസ്നാനത്താല്‍ ഒരുവന്‍റെ പാപസ്വഭാവത്തിന് മാറ്റം വരുന്നു. നമ്മുടെ എല്ലാ അവയവങ്ങളും വിശുദ്ധമായിരിക്കണം. കാല്‍വരിയില്‍ യേശു തകര്‍ക്കപ്പെട്ടത് നാം പാപത്തിന്മേല്‍ പൂര്‍ണ്ണജയം പ്രാപിക്കേണ്ടതിനാകുന്നു. കാല്‍വരിയിലൂടെ ദൈവം നമുക്കു പാപത്തിന്മേല്‍ നല്‍കിയിരിക്കുന്ന പൂര്‍ണ്ണ ജയം വിശ്വാസത്താല്‍ അവകാശമാക്കണം. നമ്മുടെ ചിന്താമണ്ഡലങ്ങളിലും സമ്പൂര്‍ണ്ണവിശുദ്ധി ഉണ്ടായിരിക്കണം. യേശുക്രിസ്തുവില്‍ക്കൂടി പാപത്തിന്മേല്‍ പൂര്‍ണ്ണജയം പ്രാപിക്കുവാന്‍ സാധ്യമാണ്…………………………