1. John Bunyan (Birth. 28 Nov 1628—–Death. 31 Aug 1688)

ജോണ്‍ ബനിയന്‍

സത്യവേദപുസ്തകം കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ڇപരദേശി മോക്ഷയാത്രڈ (Pilgrim’s Progress) എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന നിലയില്‍ ലോകവ്യാപകമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു വ്യക്തിയാണ് ജോണ്‍ ബനിയന്‍. ഉന്നത വിദ്യാഭ്യാസമോ പ്രത്യേക പരിശീലനമോ ലഭിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഒരു ഭാവനാ സമ്പന്നനായ എഴുത്തുകാരനായിരുന്നു. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിനു വേണ്ടി അദ്ദേഹം സഹിച്ച കഷ്ടതകളുടെയും യാതനകളുടെയും പരീക്ഷകളുടെയും പേരിലായിരിക്കും നിത്യതയില്‍ ഈ പ്രിയ ദൈവദാസന്‍ ഏറ്റവും അധികം അറിയപ്പെടുക. അദ്ദേഹം സഹിച്ച കഷ്ടതകളും പരീക്ഷകളും നമുക്കു ഏവര്‍ക്കും അനുകരണീയമത്രേ.

1628-ല്‍ ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തില്‍ ആയിരുന്നു ജോണ്‍ ബനിയന്‍ ജനിച്ചു വളര്‍ന്നത്. എഴുതുവാനും വായിക്കുവാനും ഉള്ള അഭ്യസനം അല്ലാതെ അതിനപ്പുറമായി യാതൊരു വിദ്യാഭ്യാസവും അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. വളര്‍ന്നു വന്നപ്പോള്‍ ഒരു തകരപ്പണിക്കാരനായി അദ്ദേഹം ജോലി ചെയ്തു. പതിനാഞ്ചാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന് രണ്ടു വര്‍ഷം വിദൂര സ്ഥലങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഈ കാലയളവില്‍ ദൈവം അദ്ദേഹത്തിന്‍റെ മേല്‍ പ്രത്യേകമായി ദൃഷ്ടിവച്ച് സംഭവിക്കാമായിരുന്ന എല്ലാവിധ ആപത്തുകളില്‍ നിന്നും മരണത്തില്‍ നിന്നും വിടുവിച്ചു. ആ കാലത്ത് ജോണിന് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്ലാതിരുന്നതിനാല്‍ അദ്ദേഹം പലവിധ തെറ്റുകളില്‍ അകപ്പെടുവാനിടയായി. തന്‍റെ പൂര്‍വ്വകാലജീവിതത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ڇഎനിക്കു തുല്യരായി ആരും ഇല്ലായിരുന്നു. പ്രത്യേകിച്ചും എന്‍റെ യൗവ്വനപ്രായം പരിഗണിക്കുമ്പോള്‍ മറ്റുള്ളവരെ ശപിക്കുന്നതിലും കള്ളസത്യം ചെയ്യുന്നതിലും ഭോഷ്ക്കു സംസാരിക്കുന്നതിലും ദൈവദൂഷണം പറയുന്നതിലും എല്ലാവിധ ദോഷങ്ങളും ഭക്തിവിരുദ്ധ പ്രവൃത്തികളും ചെയ്യുന്ന കാര്യത്തിലും എന്‍റെ യുവസ്നേഹിതരുടെ മദ്ധ്യേ ഞാന്‍ അവരുടെ നേതാവായിരുന്നു.ڈ

വിവാഹിതനായതോടുകൂടെ ജോണിന്‍റെ ജീവിതത്തില്‍ ഒരു സമൂല വ്യതിയാനം സംഭവിച്ചു. ഒരു ദരിദ്രയായ യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. ജോണിന്‍റെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ച രണ്ടു പുസ്തകങ്ങള്‍ അവള്‍ തന്‍റെ ഭവനത്തിലേക്കു കൊണ്ടു വരികയുണ്ടായി. ഒന്ന്, څസാമാന്യ മനുഷ്യന്‍റെ സ്വര്‍ഗ്ഗീയ പാതچ((The Plain Man’s Pathway to Heaven) രണ്ട്, څദൈവഭക്തിയിലെ അഭ്യസനംچ(The Pratice of Piety). ജോണിന്‍റെ ക്രിസ്തുവിങ്കലേക്കുള്ള മാനസാന്തരം പെട്ടെന്നല്ല പ്രത്യുതാ, പില്ക്കാലത്ത് പലവിധമായ ചിന്തകളോടും അരക്ഷിത ബോധത്തോടും നിരാശയോടും സംശങ്ങളോടും പോരാടിയപ്പോള്‍ സാവധാനമത്രേ സംഭവിച്ചത്. തന്‍റെ മാനസാന്തരത്തെക്കുറിച്ച് ڇപാപികളില്‍ പ്രധാനിയുടെമേല്‍ വര്‍ദ്ധിച്ചുവരുന്ന ദൈവകൃപڈ(Grace Abounding to the Chief of Sinners)എന്ന തന്‍റെ ആത്മകഥയില്‍ വിവരിച്ചിരിക്കുന്നു. ആ ദിവസത്തെക്കുറിച്ച് താന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു ڇനിന്‍റെ നീതിയെ നന്മയിലേക്കു തിരിച്ചത് എന്‍റെ സല്‍സ്വഭാവമല്ല, തിന്മയിലേക്കു തിരിച്ചത് എന്‍റെ ദുഃസ്വഭാവവുമല്ല. പ്രത്യുതാ, എന്‍റെ നീതി യേശുക്രിസ്തു മാത്രമാകുന്നു എന്നു ഞാന്‍ ഗ്രഹിച്ചു. എന്‍റെ കാലിലെ ചങ്ങലകള്‍ വാസ്തവമായി അഴിഞ്ഞു വീണു. എന്‍റെ കഷ്ടതകളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി. എന്‍റെ എല്ലാവിധ പരീക്ഷകളും എന്നെ വിട്ടോടിപ്പോയി. അപ്പോള്‍ ദൈവകൃപയിലും ദൈവസ്നേഹത്തിലും ആനന്ദിച്ചുകൊണ്ട് ഞാന്‍ സ്വന്തഭവനത്തിലേക്ക് മടങ്ങിപ്പോയി.ڈ

1655-ല്‍ ആദ്യമായി സഭയില്‍ പ്രസംഗിക്കുവാന്‍ സഭാ നടത്തിപ്പുകാര്‍ തന്നോടു ആവശ്യപ്പെട്ടു. തന്‍റെ സുവിശേഷപ്രസംഗങ്ങളുടെ ആരംഭമായിരുന്നു അത്. പതിനേഴില്‍പരം വര്‍ഷങ്ങള്‍ സുവിശേഷം പ്രസംഗിച്ചുവെങ്കിലും അതിനുശേഷമാണ് അദ്ദേഹത്തെ പാസ്റ്ററായി നിയമിച്ചത്. ബനിയന്‍റെ പ്രസംഗം കേട്ട് നൂറു കണക്കിനു ആത്മാക്കള്‍ മാനസാന്തരപ്പെട്ടിരുന്നു. യാതൊരു ഉപരിപഠനവും സിദ്ധിച്ചിട്ടില്ലാത്ത വെറും ഒരു തകരപ്പണിക്കാരന് ഇത്ര ഭംഗിയായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തക്കവണ്ണം ദൈവവവചനം വ്യാഖ്യാനിച്ചുകൊടുക്കുവാന്‍ കഴിഞ്ഞത് തികച്ചും അത്ഭുതമായിരുന്നു. അനേകരെ ക്രിസ്തുവിലേക്കു ആനയിക്കുവാന്‍ ഒരു അജ്ഞാതനായ മനുഷ്യനെ ദൈവം ഉപയോഗിച്ചത് ആ വ്യക്തിയില്‍ ആവസിച്ചിരുന്ന പരിശുദ്ധാത്മ ശക്തി മുഖാന്തരമത്രെ.വെറും ഒരു സാധാരണ മീന്‍പിടുത്തക്കാരനായിരുന്നെങ്കിലും പരിശുദ്ധാത്മശക്തിയാല്‍ പില്ക്കാലത്ത് ഒരു പ്രഗത്ഭനായ പ്രസംഗികനായത്തീര്‍ന്ന അപ്പൊസ്തലനായ പത്രോസിനോടു ഇദ്ദേഹത്തെ താരതമ്യം ചെയ്യാവുന്നതാണ്. ജോണ്‍ ബനിയന്‍ പ്രസംഗിക്കുന്നതായി ഒരു ദിവസത്തിനു മുമ്പു മാത്രം അറിയിപ്പു ലഭിച്ചാല്‍ പ്രവൃത്തി ദിവസമാണെങ്കില്‍ പോലും രാവിലെ ഏഴുമണിക്കു തന്നെ 1200-ല്‍ അധികം വരുന്ന ജനക്കൂട്ടം ദൈവവചനം കേള്‍ക്കുവാന്‍ ദാഹത്തോടെ വന്നുകൂടുമായിരുന്നു! ബനിയന്‍ ഏതെങ്കിലും സ്ഥലത്തു പ്രസംഗിക്കുന്നതായി അറിഞ്ഞാല്‍ ആ കാലത്തെ ഏറ്റവും ഉന്നതനായ വേദജ്ഞാനിയും പണ്ഡിതനും ആയിരുന്ന ജോണ്‍ ഓവണ്‍(John Owen)പോലും പ്രസംഗം കേള്‍ക്കുവാന്‍ പതിവായി പോകുമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്ത വെറും തകരപ്പണിക്കാരന്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ താങ്കള്‍ എന്തിനു പോകുന്നു എന്നു ഒരിക്കല്‍ ചാള്‍സ് രാജാവ് ഓവണോടു ചോദിച്ചു. ڇമനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍ ഈ തകരപ്പണിക്കാരനുള്ള ശക്തിയുടെ മുന്നില്‍ എന്‍റെ വിദ്യഭ്യാസവും പാണ്ഡിത്യവും അടിയറ വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്ڈ എന്ന് ഓവണ്‍ അതിനു മറുപടി നല്കി.

എന്നാല്‍ വലിയൊരു രാഷ്ട്രീയ അസ്വസ്ഥതയും അനിശ്ചിതത്വവും നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു ബനിയന്‍ ശുശ്രൂഷ ചെയ്തിരുന്നത്. അദ്ദേഹത്തിനു പ്രസംഗിക്കുവാനും ശുശ്രൂഷ ചെയ്യുവാനും സ്വാതന്ത്രമുള്ള ചില കാലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുപോലെ തന്നെ ആ ശുശ്രൂഷകള്‍ മുഖാന്തരം മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്. 1660-ല്‍ ബനിയന് 32 വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോള്‍ ഒരു സ്ഥലത്ത് പ്രസംഗിച്ചതിന് അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തില്‍ അടച്ചു. അദ്ദേഹത്തിന്‍റെ നാലു മക്കളില്‍ മൂത്തകുട്ടി അന്ധയായിരുന്നതുകൊണ്ട് പ്രത്യേക ശുശ്രൂഷ ആവശ്യമായിരുന്നതിനാല്‍ ഈ കാരാഗൃഹ വാസം ബനിയന് വളരെ വേദനാജനകമായിരുന്നു. കാരാഗൃഹവാസം 12 ദീര്‍ഘവര്‍ഷം നീളുകയുണ്ടായി. മേലാല്‍ പ്രസംഗിക്കുകയില്ല എന്നു അധികാരികളുടെ മുമ്പില്‍ ഏറ്റുപറഞ്ഞിരുന്നു എങ്കില്‍ അദ്ദേഹത്തിന് കാരാഗൃഹത്തില്‍ നിന്നു സ്വതന്ത്രനാകാമായിരുന്നു. എന്നാല്‍ ദൈവത്തോടുള്ള നല്ല മനസ്സാക്ഷി സൂക്ഷിച്ചുകൊണ്ട് കാരാഗൃഹത്തില്‍ തന്നെ തുടരുന്നത് അദ്ദേഹം തിരഞ്ഞെടുത്തു. ആ കാലത്ത് അദ്ദേഹം ഇപ്രകാരം എഴുതി: ڇകഷ്ടതയിലൂടെയുള്ള ഈ ബലഹീന ജീവിതം വളരെനാള്‍ നീളേണ്ടി വന്നാലും എന്‍റെ കണ്ണുകള്‍ മങ്ങി എന്‍റെ കണ്‍പീലികള്‍ പുറ്റു പിടിച്ചാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ സഹായം ഉണ്ടെങ്കില്‍ എന്‍റെ വിശ്വാസത്തെയും ആദര്‍ങ്ങളെയും തള്ളിപ്പറയാതെ മുറുകെ പിടിക്കുവാന്‍ ഞാന്‍ ദൃഢനനിശ്ചയം ചെയ്തിരിക്കുന്നുڈ. കുടുംബത്തില്‍ തന്‍റെ സാന്നിദ്ധ്യം അത്യാവശ്യമായിരുന്ന ആ കാലത്ത് അദ്ദേഹം എടുത്ത ഈ തീരുമാനത്തിന്‍റെ ഗൗരവം വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്‍റെ സഹായം ഇല്ലാഞ്ഞതിനാല്‍ തന്‍റെ കുടുംബത്തിന് വളരെ യാതനകളില്‍ കൂടെ കടന്നുപോകേണ്ടി വന്നു. കാരാഗൃഹത്തില്‍ കിടന്നപ്പോള്‍ ഈ വസ്തുത അദ്ദേഹത്തെ നിരന്തരം ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ തന്‍റെ സ്വര്‍ഗ്ഗീയ ദര്‍ശനത്തോടു വിശ്വസ്ത പാലിച്ചുകൊണ്ട് ആ കാരാഗൃഹത്തില്‍ തന്നെ തുടരുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഇംഗ്ലണ്ടിലെ പാര്‍ലമെന്‍റില്‍ ഒരു പുതിയ നിയമം പാസാക്കിയതിനാല്‍ 1672-ല്‍ അദ്ദേഹം ജയില്‍ മോചിതനായെങ്കിലും 1675 മുതല്‍ 1676 വരെ ഒരിക്കല്‍ കൂടെ അദ്ദേഹത്തിന് കാരാഗൃഹ വാസം അനുഭവിക്കേണ്ടി വന്നു. അദ്ദേഹം രചിച്ച വിശ്വവിഖ്യാതമായ ڇപരദേശി മോക്ഷയാത്രڈ എന്ന ഗ്രന്ഥം ഈ രണ്ടാമത്തെ കാരാഗൃഹവാസക്കാലത്തായിരുന്നു എഴുതിയത് എന്നു വിശ്വസിക്കപ്പെടുന്നു.

ജോണ്‍ ബനിയന്‍ ഒരു അനുഗ്രഹീത എഴുത്തുകാരനായിരുന്നു. പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ (1678)പരദേശി മോക്ഷയാത്രക്ക് ലോകവ്യാപകമായ പ്രചാരം ലഭിച്ചതിനാല്‍ അതിനു മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു. ഇപ്പോള്‍ ഇരുനൂറിലധികം ഭാഷകളില്‍ ആ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തന്‍റെ ജീവിതകാലത്ത് അന്‍പത്തി എട്ടിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പദ്യങ്ങള്‍, ബാലസാഹിത്യങ്ങള്‍, ദ് ലൈവ് ആന്‍റ് ഡത്ത് ഓഫ് മിസ്റ്റര്‍ ബാഡ്മാന്‍ (The Life & Death of Mr.Badman) പോലെയുള്ള രൂപക കഥകള്‍, ഉപദേശപരമായ മറ്റു വിവാദ വിഷയങ്ങള്‍ മുതലായ വിവിധ മേഖലകളില്‍ അദ്ദേഹം തന്‍റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തേക്കുള്ള തങ്ങളുടെ ആത്മീയയാത്ര സുഗമമായി മുമ്പോട്ടു കൊണ്ടുപോകുവാന്‍ ദൈവമക്കളെ സഹായിക്കുന്ന ഉപദേശസത്യങ്ങളുടെ പ്രായോഗിക പഠനമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ അധികവും. മാര്‍ട്ടിന്‍ ലൂഥര്‍ രചിച്ച ഈ തരത്തിലുള്ള ഒരു പുസ്തകം ബനിയന്‍റെ ജീവിതത്തിലും വലിയ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ ڇഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനംڈ എന്ന പുസ്തകമായിരുന്നു ബനിയനെ ക്രിസ്തുവിങ്കലേക്കു ആനയിച്ചത്. അതിനെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി. നമ്മുടെ ദിവസങ്ങളും വഴികളുമെല്ലാം സ്വന്തം കരതലത്തില്‍ ഒതുക്കിയിരിക്കുന്ന സര്‍വ്വശക്തനായ ദൈവം ഒരു ദിവസം മാര്‍ട്ടിന്‍ ലൂഥറുടെ ഒരു പുസ്തകം എന്‍റെ കരങ്ങളില്‍ എത്തിക്കുകയുണ്ടായി. അത് അദ്ദേഹത്തിന്‍റെ ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനം ആയിരുന്നു… ആ പുസ്തകം എന്‍റെ ഹൃദയത്തില്‍ നിന്ന് എഴുതപ്പെട്ടതുപോലെ എന്‍റെ അനുഭവങ്ങളെല്ലാം അദ്ദേഹത്തിന്‍റെയും അനുഭവങ്ങളായി വളരെ വ്യാപകമായും അഗാധമായും അതില്‍ വിവരിച്ചിക്കുന്നു….വിശുദ്ധ വേദപുസ്തകം കഴിഞ്ഞാല്‍ ഞാന്‍ കണ്ടിട്ടുള്ള മറ്റെല്ലാ പുസ്തകങ്ങളെക്കാളും ഒരു മുറിവേറ്റ മനസാക്ഷിക്ക് ഏറ്റവും പ്രയോജനപ്രദം എന്ന നിലയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ രചിച്ച ഈ പുസ്തകത്തിനു ഞാന്‍ മുന്‍ഗണന കൊടുക്കുന്നു. മറ്റൊരാള്‍ രചിച്ച പുസ്തകത്തിലൂടെ ഇത്രത്തോളം നന്മകള്‍ പ്രാപിച്ച ഒരു വ്യക്തി സ്വന്തം പുസ്തകങ്ങളാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിശുദ്ധീകരണത്തിലേക്കു നടത്തുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികമാണല്ലോ.

വേദശാസ്ത്രം പഠിക്കയോ ഏതെങ്കിലും ബിരുദങ്ങള്‍ നേടുകയോ ഗ്രീക്ക്, എബ്രായ മുതലായ ഭാഷകള്‍ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വിദ്യാവിഹീനനായ വ്യക്തിയായിരുന്നു അദ്ദേഹം. പല വര്‍ഷങ്ങള്‍ ഒരു സാധാരണ പ്രസംഗികനായിരുന്ന അദ്ദേഹത്തെ സുവിശേഷ സത്യങ്ങളും രക്ഷാമാര്‍ഗ്ഗവും ആയിരങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു ശക്തിയേറിയ ആയുധമാക്കി ദൈവം മാറ്റി. അദ്ദേഹത്തിന്‍റെ ലേഖനങ്ങളും ഉപദേശവ്യാഖ്യാനങ്ങളും സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തവയും താന്‍ ദീര്‍ഘനാള്‍ സഹിഷ്ണതയോടെ സഹിച്ച കഷ്ടതയുടെ ജീവിതത്തിന്‍റെ പ്രതിഫലനങ്ങളും ആയിരുന്നു. ബനിയന്‍ രചിച്ച ഒന്നാമത്തെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹത്തിന്‍റെ സഭയിലെ പാസ്റ്റര്‍ ഇപ്രകാരം എഴുതി. “ഏതെങ്കിലും ഭൗമിക സര്‍വ്വകലാശാലയില്‍ നിന്നല്ല പ്രത്യുത,’ക്രിസ്തു സഭ’എന്ന സ്വര്‍ഗ്ഗീയ സര്‍വ്വകലാശാലില്‍ നിന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്….ക്രിസ്തുവുമായുള്ള ഐക്യം, പരിശുദ്ധാത്മാഭിഷേകം, സാത്താന്യ പരീക്ഷകളെ നേരീടുന്നതിലുള്ള അനുഭവം എന്നി മൂന്നു സ്വര്‍ഗ്ഗീയ ബിരുദങ്ങള്‍ കൃപയാല്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ശക്തിമത്തായ സുവിശേഷ പ്രസംഗത്തിനു എല്ലാ സര്‍വകലാശാല അഭ്യസനങ്ങളെക്കാളും ഇവ കൂടുതല്‍ പ്രയോജനപ്രദമാകുന്നു”. ജോര്‍ജ്ജ് വൈറ്റഫീല്‍ഡ് എന്ന പ്രശസ്ത സുവിശേഷകന്‍ പരദേശി മോക്ഷയാത്ര എന്ന പുസ്തകത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു. “ഈ പുസ്കതത്തിനു കാരാഗൃഹത്തിന്‍റെ ഗന്ധമുണ്ട്. എഴുത്തുകാരന്‍ ബെഡ്ഫോര്‍ഡ് ജയലില്‍ അടയ്ക്കപ്പെട്ടിരുന്ന കാലത്താണ് ഇത് എഴുതപ്പെട്ടത്. ക്രൂശിന്‍റെ പാതയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ അത്ര ഭംഗിയായി മറ്റവസരങ്ങളില്‍ ശുശ്രൂഷകര്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ല; ക്രിസ്തുവിന്‍റെ ആത്മാവും തേജസ്സും അപ്പോള്‍ അവരുടെ മേല്‍ ആവസിക്കുന്നു. “1688-ാം വര്‍ഷം ആഗസ്റ്റ് 31-ാം തീയതി തന്‍റെ 60-ാംമത്തെ വയസ്സില്‍ ജോണ്‍ ബനിയന്‍ താന്‍ പ്രിയംവച്ച കര്‍ത്താവിനോടു ചേരുവാന്‍ സ്വര്‍ഗ്ഗീയ യവനികക്കുള്ളില്‍ പ്രവേശിച്ചു.