” യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ
കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക്‍ 3:19
നമ്മെ ജീവിപ്പിക്കുന്നവനാണ്
ദൈവം. ഒന്നുമില്ലാതിരുന്ന
ശൂന്യവേളകളിൽ ദൈവം
അത്ഭുതകരമായ വിധത്തിൽ വഴി നടത്തി.
തീച്ചൂളയിൽ ഇടപ്പെട്ട എബ്രായ ബാലന്മാരെ
തീയ്യിൽ നിന്നും പുറത്ത് കൊണ്ടുവന്നല്ല അവരെ നടത്തിയത്. അവരോടൊപ്പം തീയ്യിൽ കൂടി നടന്നാണ്. മുന്നിൽ
ചെങ്കടലും, പിന്നിൽ ഫറവോൻ സൈന്യവും കണ്ട് സ്തംഭിച്ചു പോയ
യിസ്രായേൽ ജനത്തെ ചെങ്കടലിൽ കൂടി തന്നെ
ദൈവം നടത്തി. ജീവിതത്തിൽ പച്ചയായ താഴ്വരയും, കൂരിരുൾ താഴ്വരയും ഉണ്ട്. കൂരിരുൾ താഴ്വരയിൽ കൂടി ദൈവം കടത്തിവിട്ടാലും ഭയപ്പെടേണ്ട. കാരണം ദൈവം നമ്മോടു കൂടെ
ഇരിക്കുന്നു. ദൈവം അത്ഭുതകരമായി നമ്മെ
വഴി നടത്തുന്ന വിധങ്ങൾ
പരിശോധിക്കാം.
1) നാം ദൈവത്തിൻ്റെ ആലോചനകളാൽ വഴി നടക്കുന്നു.
” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 24-ാം വാക്യം
ലോകത്തിലുള്ളവരുടെ
ആലോചനകൾ നമ്മെ
നാശത്തിൽ വീഴ്ത്താം.
എന്നാൽ സർവ്വജ്ഞാനിയായ
ദൈവത്തിൻ്റെ വഴികൾ
ഏതു പ്രതികൂലങ്ങളിലും
നമുക്ക് നേർപാത തെളിയിക്കുന്നു.
2) ദൈവത്തിൻ്റെ ദയ നമ്മെ നടത്തുന്നു.
” നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”
പുറപ്പാട് 15:13
മിസ്രയീമിൽ നിന്നും യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നാല്പതു വർഷം യഹോവ
ദയയോടെ അവരെ വഴി നടത്തി.ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ
നടക്കുക ദുസ്സഹമാണ്.
എന്നാൽ യഹോവയുടെ
ദയ അവരുടെ വസ്ത്രം
മുഷിഞ്ഞുപോകുവാനോ
കാൽ വിങ്ങി
പോകുവാനോ,ചെരിപ്പ്
തേഞ്ഞുപോകുവാനോ
അനുവദിച്ചില്ല.ഇന്നും നാം
തളർന്നുപോകാതെ ഇരിക്കുന്നത് ദൈവത്തിൻ്റെ അനന്തദയ ഒന്ന് മാത്രം.
3) ജയോത്സവമായി
വഴി നടത്തുന്നു.
” ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം”
ശത്രുവിൻ്റെ മുന്നിൽ തോറ്റു പോകാതെ ദൈവം നമ്മെ നടത്തുന്നു.
എവിടെയെല്ലാം നാം നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയെല്ലാം ദൈവം നമ്മെ മാന്യമായി ഉയർത്തി ജയോത്സവത്തോടെ
വഴി നടത്തുന്നു.
4) പ്രശ്നങ്ങളിൽ വഴി നടത്തുന്നു.
“ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”
139-ാം സങ്കീ 9,10 വാക്യങ്ങൾ
കഷ്ടകാലങ്ങളുടെ ആരംഭത്തിൽ സഹായിക്കുവാനും, തുണയ്ക്കുവാനും ആളുകൾ കാണും. എന്നാൽ പാതി വഴിയിൽ
എല്ലാവരും ഇട്ടേച്ച് പോകും. എന്നാൽ കഷ്ടപാടുകളാകുന്ന
സമുദ്രത്തിൻ്റെ അറ്റത്ത്
ചെന്ന്, ഇനി ഒരു തിരിച്ചുവരവുണ്ടാകയില്ല
എന്ന് നിരാശപ്പെടുമ്പോൾ
അവിടെ കർത്താവിൻ്റെ കരം വഴി നടത്തും.
5) സത്യത്തിൻ്റെ ആത്മാവ്
നമ്മെ വഴി നടത്തും.
” സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:13
ലോകത്തിൽ ഇപ്പോൾ നമ്മെ നടത്തുവാൻ ദൈവം സൗജന്യമായി
നൽകിയ പരിശുദ്ധാത്മാവ് ഉണ്ട്.
ഈ ആത്മാവ് സകലത്തിലും നമുക്ക് തുണ നിൽക്കുന്നു. അതിനാൽ ധൈര്യത്തോടെ പറയാം.
“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും
മതിയായവനാകുന്നു”