120 മുതൽ 134 വരെയുള്ള സങ്കീർത്തനങ്ങൾ ആരോഹണ സങ്കീർത്തനങ്ങൾ
ആണ്.ഇത് യറുശലേമിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ
ആലപിച്ചിരുന്നതാണ്. യാത്രകളിലെ ക്ഷീണവും
വിരസതയും അകറ്റുവാനും ഉത്സാഹവും, ഉന്മേഷവും
ഉണർത്തുവാനും ഈ ഗീതങ്ങൾ ഉപകരിച്ചു.
120 മുതൽ 123 വരെയുള്ള സങ്കീർത്തനങ്ങളിൽ കഷ്ടങ്ങളിൽ യഹോവയോട് നിലവിളിക്കുന്ന സങ്കീർത്തനക്കാരനെ നാം കാണുന്നു.ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ അവർ അവരുടെ കണ്ണു ദൈവമായ യഹോവയിങ്കലേക്കു,
തിരിച്ചു. അഹങ്കാരികളുടെ നിന്ദയും, പരിഹാസവും,
സഹിച്ചു മടുത്ത അവർ ദൈവം കൃപചെയ്യുവോളം
യഹോവയിലേക്ക് കണ്ണുകൾ ഉയർത്തി. അപ്പോൾ അവരുടെ മനോഭാവം മാറി. ദൈവം അവരെ പണ്ടുമുതൽ നടത്തിക്കൊണ്ടുവന്ന വഴികളെ അവർ ഓരോന്നായി
ധ്യാനിക്കുവാൻ തുടങ്ങി.
അതിനാൽ അവർ ഉറപ്പിച്ച്
ഇങ്ങനെ പറഞ്ഞു.
” യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
124-ാം സങ്കീ 1-6
നാം വലിയ പ്രതികൂലങ്ങളിലൂടെ കടന്നുപോകുമ്പോൾ
ദൈവം ഇതുവരെ നമ്മെ നടത്തിയ വഴികളെ കുറിച്ച്
ധ്യാനിക്കാറുണ്ടോ?
കോവിഡ് എന്ന മഹാമാരി വന്നപ്പോൾ
യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു.
പ്രളയങ്ങളിൽ,
ഭൂമികുലുക്കങ്ങളിൽ,
വ്യാധികളിൽ,
മഹാരോഗങ്ങളിൽ
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു.
ഉറ്റവരും ഉടയവരും നമ്മെ പിരിഞ്ഞു പോയപ്പോൾ,
ഏകാന്തതകളിൽ, ദു:ഖങ്ങളിൽ വാടിയുലഞ്ഞപ്പോൾ യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു.
ദൈവം വീഴാതെ നടത്തിക്കൊണ്ട് വന്ന
വഴികളെ ഓർത്തപ്പോൾ
സങ്കീർത്തനക്കാരൻ്റെ കഷ്ടങ്ങളെല്ലാം നീങ്ങി പോയി. അതിനാൽ ചങ്കുറപ്പോടെ 125-ാം സങ്കീർത്തനം 1-ാം വാക്യത്തിൽ ഇപ്രകാരം പറഞ്ഞു.
” യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു”
” നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു”
124-ാം സങ്കീ 8-ാം വാക്യം
പൗലൊസ് ശ്ളീഹായുടെ മനസ്സിലും ഈ സങ്കീർത്തനവരികളെല്ലാം
തെളിഞ്ഞുനിന്നിരിക്കണം.പ്രത്യേകിച്ച് നീറോയുടെ മുൻപിൽ
വിസ്തരിക്കുവാൻ പോകുന്ന നിർണ്ണായക
സന്ദർഭത്തിൽ പൗലൊസ് എഴുതി.
“എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകലജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു. കർത്താവു എന്നെ സകലദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം.
2 തിമൊ 4:16-18
ജീവിതത്തിൽ മനുഷ്യരുടെ
കഴിവിനോ,സമ്പത്തിനോ,
ബുദ്ധിക്കോ അസാദ്ധ്യമായ പലതും ഉണ്ട്. അവിടെയെല്ലാം നമുക്കുവേണ്ടി ഇറങ്ങിവരുന്ന സർവ്വശക്തനായ ഒരു ദൈവമുണ്ട്. നമ്മെ വിട്ടു പിരിയാത്ത പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനുണ്ട്. എല്ലാപ്രതികൂലങ്ങളിലും
ദൈവം നമ്മെ ഇതുവരെ നടത്തിയ വഴികളെ സ്മരിക്കണം. അവ നമുക്ക് പ്രത്യാശ നൽകും. യശയ്യാപ്രവചനവചനം
നമ്മെ ആശ്വസിപ്പിക്കട്ടെ..
” ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു”
യശയ്യാ 61:1-3