ദാവീദും, ശൗലും ദൈവത്തിൻ്റെ അഭിഷിക്തരായിരുന്നു. അവർ തമ്മിൽ ഭിന്നത വന്നതെപ്പോഴാണ്? ഫെലിസ്ത്യർ ഗൊല്യാത്തിൻ്റെ നേത്യത്വത്തിൽ യിസ്രായേലിനോട് പടപൊരുതിയപ്പോൾ
കവിണയും,മിനുസമുള്ള അഞ്ചു കല്ലുകൊണ്ട് ഫെലിസ്ത്യനെ മലർത്തി വീഴ്ത്തി,അവനെ കൊന്നു തലയെടുത്ത് ദാവീദ് യരുശലേമിലേക്ക് കൊണ്ടുവന്നു. ദാവീദ് യരുശലേമിലേക്ക് വന്നപ്പോൾ സ്ത്രീകൾ ഇങ്ങനെ പാടി.
“ശൗൽ ആയിരത്തെ കൊന്നു. ദാവീദോ
പതിനായിരത്തെ കൊന്നു”1ശമുവേൽ 18:7
അന്നുമുതൽ ശൗലിന് ദാവീദിനോടു കണ്ണുകടി തുടങ്ങി.എന്നാൽ ദാവീദോ, ശൗലിനേയും
മകനേയും സ്നേഹിച്ചു.
ഒരു ദിവസം ഒരാൾ ശൗലിൻ്റെ പാളയത്തിൽ നിന്നും കടന്നു വന്ന് ശൗലും മകനും പടയിൽ മരണപ്പെട്ടു എന്ന് വിവരം അറിയിച്ചു. ശൗൽ തൻ്റെ ശത്രു ആയിരുന്നിട്ടും അവൻ്റെ മരണം ദാവീദിനെ സന്തോഷിപ്പിച്ചില്ല. അവൻ
തൻ്റെ വസ്ത്രം കീറി.അവൻ വിലപിച്ചു കരഞ്ഞു. മാത്രമല്ല ശൗലിനെ കൊന്ന അമാലോക്യനെ ബാല്യക്കാരിൽ ഒരുത്തനെ അയച്ച് കൊല്ലിച്ചു.
അതിനുശേഷം
ദാവീദ് ശൗലിനേയും
മകനേയും കുറിച്ച്
ഒരു വിലാപഗീതം പാടി.
അതാണ് ദാവീദിൻ്റെ ധനുർഗ്ഗീതം. ആ ഗീതം നാം കാണുന്നത്
2 ശമുവേൽ 1-ാം അദ്ധ്യായത്തിൽ 19 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ ആണ്.
അതിൽ മനോഹരമായ
ഒരു വാക്യം ഉണ്ട്.
“ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ”
2 ശമൂവേൽ 1:20
ഗത്തും, അസ്കലോനും
വിജാതീയരുടെ രണ്ട് ഇടങ്ങളാണ്. ഗത്തിലാണ്
ശിംശോന് ശക്തി ലഭിച്ചത്.
അസ്കലോനിലാണ്
ശിംശോൻ വീണു പോയത്. ദാവീദ് സ്വന്തം ജനത്തോട് പറയുകയാണ് ഗത്തിലും,
അസ്കലോനിലും അവരുടെ മരണം പ്രസിദ്ധമാക്കരുതേ എന്ന്.
അതുകേട്ട് ഫെലിസ്ത്യ പുത്രിമാരും, അഗ്രചർമ്മികളുമായ കന്യകമാർ സന്തോഷിക്കരുതേ എന്ന്
ദാവീദ് വിലപിച്ച് പാടുന്നു.
ദാവീദിൻ്റെ ധനുർഗ്ഗീതം നമ്മെ ആഴമേറിയ ജീവിതസത്യങ്ങളിലേക്ക്
നയിക്കുന്നു. ഇന്ന് ആരോടെങ്കിലും വിദ്വേഷം
തോന്നിയാൽ അവരെ എങ്ങനെയും തോല്പിക്കണം എന്നു കരുതി ഏതു തന്ത്രങ്ങളും
ഉപയോഗിക്കുന്നവരാണ്
ഭൂരിഭാഗം ആളുകളും. എന്നാൽ, ഇവിടെ ഇതാ
ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ നിഴലായി
ദാവീദ് പ്രവർത്തിക്കുന്നു.
ശത്രുവായ ശൗലിനോടുള്ള ആത്മാർത്ഥമായ
സ്നേഹമാണ് ദാവീദിൻ്റെ
ധനുർഗ്ഗീതം പ്രകടമാക്കുന്നത്.എത്ര മനോഹരമാണ് അതിലെ ഓരോ വരികളും.
നാം ദൈവമക്കൾ ആണെങ്കിൽ നാം ജീവിതത്തിൽ ഉപേക്ഷിക്കേണ്ടതായ
പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്.
” ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും
ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ” സദൃശ്യ 6:17-19
ഇവയെല്ലാം യഹോവക്ക്
വെറുപ്പും, അറപ്പും ആകുന്നു. ഇവയെ നാം ഉപേക്ഷിക്കണം.
ദൈവമക്കളുടെ കണ്ണ്
ചൊവ്വുള്ളതായിരിക്കണം.
ആരേയും ഗർവ്വത്തോടെ
നോക്കരുത്. അത് നീതിയുക്തമായി സകലതും കാണുന്ന കണ്ണായിരിക്കേണം.
അരുതാത്തത് കാണാതിരിക്കാനും ശ്രമിക്കണം. ദൈവമക്കളുടെ നാവു
കള്ളം പറയാത്തത്
ആയിരിക്കേണം. എപ്പോഴും സത്യം പറയുന്ന നാവാകണം. നമ്മുടെ കരങ്ങൾ നീതിയുടെ കരങ്ങളാകണം. യേശു ആരും തൊടത്തവനെ തൊട്ടു. ആഴത്തിൽ മുങ്ങിപ്പോയ പത്രൊസിനെ എഴുന്നേല്പിച്ചു. ദൈവമക്കളുടെ കരങ്ങൾ
നല്ല ശമരിയക്കാരനെ പോലെ പരോപകാരം ചെയ്യുന്ന കരങ്ങളാകണം.
മറ്റുള്ളവരുടെ അനർത്ഥത്തിൽ സന്തോഷിക്കരുത്.
” നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല”
ഒബാദ്യാവു 1:12
ഹ്യദയം കൊണ്ട് ആരേകുറിച്ചും ദുരുപായം
ചിന്തിക്കരുത്.ആർക്കും ഒരു ദോഷവും ചെയ്യരുത്.
ഭോഷ്ക് പറയരുതു. ഒരു ആയുധം കൊണ്ട് മുറിവേല്പിച്ചാൽ അതു ഉണങ്ങി എന്ന് വരാം. എന്നാൽ വാക്കുകൾ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുവാൻ
പ്രയാസമാണ്. അത് വ്രണമായി നിലകൊള്ളും.
അതിനാൽ ഭിന്നതയും,
കലഹവും, പിണക്കവും
മാറ്റാം. സഹോദരനെ സ്നേഹിക്കുവാൻ കഴിയാത്തവന് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതല്ല. ദാവീദിൻ്റെ
ധനുർഗ്ഗീതം നമ്മുടെ ജീവിതത്തിന് എന്നും മാർഗ്ഗദർശനം നൽകട്ടെ…