PREACH GOSPEL & SALVATION FOR THE LOST

Month: December 2024

യേശുവിന്റെ ജനനസമയത്ത് മൂന്ന് വ്യത്യസ്തരായ ആളുകളെ നാം കണ്ടുമുട്ടുന്നു.

1) മാലാഖമാർ

ദൈവം സുവാർത്ത അറിയിക്കുവാനായി
തിരഞെടുത്തവർ
ആയിരുന്നു മാലാഖമാർ.
അവർ ലോകത്തിന് നൽകിയ ആദ്യ സന്ദേശം
“ഭയപ്പെടേണ്ട” എന്നതായിരുന്നു.
ഇന്ന് ലോകം മുഴുവനും ഭയത്തിന്റെ അന്തരീക്ഷത്തിൽ ആണ്
നീങ്ങുന്നത്. ഇന്ന് മനുഷ്യൻ രോഗത്തെ ഭയപ്പെടുന്നു. മരണത്തെ ഭയപ്പെടുന്നു. പലവിധ ആകുലതകളും മനുഷ്യനെ തളർത്തുന്നു.
യേശു രക്ഷകനായി പിറന്നു വീണപ്പോൾ കേട്ട
ദൈവീകസ്വരമാണ് “ഭയപ്പെടേണ്ട” എന്ന സ്വരം.ആ സ്വരം വിളിച്ചു പറഞ്ഞു.

” ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”
ലൂക്കോസ് 2:10,11

കർത്താവെന്ന രക്ഷകന്റെ ജനനം സകല ഭയവും നീക്കുന്നു. സന്തോഷം പ്രദാനം ചെയ്യുന്നു.

2) ആട്ടിടയർ

കർത്താവിന്റെ ജനനത്തിൽ രണ്ടാമതായി നാം കണ്ടുമുട്ടുന്നത് ആട്ടിടയരെയാണ്.
എന്തുകൊണ്ടു ദൈവം സുവാർത്ത ആദ്യമായി അറിയിക്കുവാൻ ആട്ടിടയന്മാരെ
തിരഞ്ഞെടുത്തു.”

1)അവർ വിശ്വസ്തരായിരുന്നു.
ദൈവം ഒരിക്കലും അലസന്മാരെ
തിരഞെടുക്കുകയില്ല.ദൈവം തിരഞെടുത്തവർ എല്ലാവരും
അദ്ധ്വാനിക്കുന്നവരും വിശ്വസ്തരുമായിരുന്നു.ആട്ടിടയർ തങ്ങളുടെ ജീവൻപോലും
അവഗണിച്ചാണു ആടുകളെ പരിപാലിച്ചതു. യേശു പറഞ്ഞു
അല്പത്തിൽ വിശ്വസ്തൻ അധികത്തിലും
വിശ്വസ്തൻ.

2) ആട്ടിടയന്മാർ സമൂഹത്തിൽ
അവഗണിക്കപ്പെട്ടവർ
ആയിരുന്നു.
എന്നാൽ ദൈവം അവഗണിക്കപ്പെട്ടവരെ മാറോടണക്കുന്നു.

3)അവർ കേട്ടതു അവർ വിശ്വസിച്ചു.

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. നോഹയും അബ്രാഹാമും കാണാതെ
വാഗ്ദത്തത്തിൽ വിശ്വസിച്ചവർ ആണ്.ആട്ടിടയർ കാണാതെ വിശ്വസിച്ചു.

4)അവർ ദൈവത്തെ അന്വേഷിച്ചു.

“ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയപ്പോൾ
ഇടയന്മാർ നാം ബേത്ലഹേമോളം
ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞു” ലൂക്കോസ് 2:15

അവർ ബുദ്ധികൊണ്ടു ദൈവത്തെ അളന്നില്ല. ദൂതന്മാർ പറഞ്ഞതു പരിപൂർണ്ണമായി വിശ്വസിച്ച്, ദൈവത്തെ അന്വേഷിച്ചുപോയി.
“പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ
എന്നെ കണ്ടെത്തും”
യിരെമ്യാവു 29:13

5) അവർ നേരിട്ടു കണ്ടതും
അനുഭവിച്ചതുമായ കാര്യങ്ങൾ
മറ്റുള്ളവരെ അറിയിച്ചു. പൗലോസ് പറഞു.
“ഞാൻ സുവിശേഷം അറിയിക്കുന്നില്ല
എങ്കിൽ എനിക്കു അയ്യോ
കഷ്ടം” 1കൊരിന്ത്യർ 9:16

നാം കേട്ടതും, വായിച്ചതും
തൊട്ടറിഞതുമായ വചനങ്ങൾ മറ്റുള്ളവരോടു
പങ്ക് വയ്ക്കണം.
ആട്ടിടയന്മാരുടെ
ജീവിതം നാം മാത്യകയാക്കേണ്ടതാണ്.

3) സത്രം സൂക്ഷിപ്പുകാരൻ.

ഇന്നും ഇതുപോലെയുള്ള സത്രസക്ഷിപ്പുകാരുണ്ടു.
അവർ പറഞ്ഞു
“There is no room for Jesus’
സത്ര സൂക്ഷിപ്പുകാരനു യേശുവിനെ കാണുവാനും തൊടുവാനും ആരാധിക്കാനുമുള്ള ഭാഗ്യം നഷ്ടപ്പെട്ടു.

ഒരു സണ്ടേസ്ക്കൂളിൽ ക്രിസ്തുമസ്
ആഘോഷങ്ങളുടെ ഭാഗമായി ഒരു നാടകം അവതരിപ്പിക്കയുണ്ടായി.മൂന്നാം classൽ പഠിക്കുന്ന സണ്ണികുട്ടിയാണു സത്രസൂക്ഷിപ്പുകാരൻ.
അദ്ധ്യാപകർ അവനെ ഇപ്രകാരം പറഞു പഠിപ്പിച്ചു. ജോസഫും ഗർഭിണിയായ മാതാവും കൂടി stage ലേക്കു നടന്നുവരും . അവർ സ്ഥലം ചോദിക്കും.
അപ്പോൾ മോൻ
“ഇവിടെ സ്ഥലം ഇല്ല” എന്നു പറഞു വാതിൽ കൊട്ടിയടക്കണം. നാടകം തുടങ്ങി.ഗർഭിണിയായ മാതാവും ജോസഫും വേദനയോടെ കടന്നുവരുന്നു.സ്ഥലം ചോദിക്കുന്നു.സണ്ണികുട്ടി ഇവിടെ സ്ഥലമില്ലെന്നു പറഞു വാതിൽ കൊട്ടിയടച്ചു.എന്നാൽ പെട്ടെന്നു ആ വാതിൽ തുറന്നു.ആ കുഞ്ഞു മാതാവിൻെറ പുറകേ ഓടിവന്നു കരഞ് ഇങ്ങനെ പറഞു.
മാതാവേ! പോകല്ലേ…
ജോസഫ് പിതാവേ!
പോകല്ലേ…ഞാൻ എൻെറ കൊച്ചുവീട്ടിൽ ഉണ്ണീശോ വന്ന് പിറക്കുവാനുള്ള സ്ഥലം തരാം. ജനം പെട്ടെന്നു നിശ്ശബ്ദരായി.
എന്നാൽ ഉടനെ തന്നെ പതിനായിരക്കണക്കിനു വരുന്ന ജനം കരഘോഷം മുഴക്കുവാൻ തുടങ്ങി. കാരണം ആ കുഞ്ഞുമനസിലെ സന്ദേശം ജനത്തിന് പിടികിട്ടി. യേശു കുഞ്ഞിനെ സ്വന്തം ഹ്യദയത്തിൽ നിന്നും ഇറക്കി വിടുന്നതിന് സണ്ണി കുട്ടിക്ക് കഴിഞ്ഞില്ല.

ഇന്ന് ലോകം മുഴുവനും ക്രിസ്തുമസ് ആഘോഷങ്ങളുടെ തിമർപ്പിലാണ്. യേശുവിൻ്റെ ജനന സന്ദേശം ഉൾക്കൊള്ളാതെ ജനം ആനന്ദലഹരിയിൽ അഴിഞ്ഞാടുന്നു.കണ്ണു
ചിമ്മുന്ന നക്ഷത്രങ്ങൾ കൊണ്ടും, വർണ്ണോജ്വലമായ ദീപാലങ്കാരങ്ങൾ കൊണ്ടും, ഭവനങ്ങൾ
മനോഹരമാക്കുന്നു.
പലരും ഇത്
മദ്യപിക്കുവാനുള്ള അവസരമായി കാണുന്നു.
എന്നാൽ ദൈവത്തിന്റെ മന്ദിരമായ ശരീരത്തെ നാം യേശു
പിറക്കുവാനുള്ള ഇടമാക്കി മാറ്റിയോ?
ആ ഹ്യദയം വിശുദ്ധിയുള്ളതാക്കി
ദൈവത്തിന്
പിറക്കുവാനുള്ള വാസസ്ഥലമാക്കിയോ?
ക്രിസ്തുവിനെ മിസ് ചെയ്യുന്നതല്ല ക്രിസ്തുമസ്. ക്രിസ്തുവിനെ പുൽകൂട്ടിൽ അലങ്കരിക്കുന്നതോ,
ആഘോഷകരമായ
കോലാഹലങ്ങളോ അല്ല ക്രിസ്തുമസ്.ക്രിസ്തുവിന് ജനിക്കുവാൻ ഹ്യദയത്തിൽ ഇടം കൊടുക്കുന്നതാണ് ക്രിസ്തുമസ്. യേശു മതം സ്ഥാപിക്കുവാൻ വന്നവനല്ല. യേശു സകല ജനത്തിനും ജാതിമതഭേദമെന്യ
മഹാസന്തോഷം നൽകുവാൻ ഭൂമിയിൽ വന്ന് പിറന്നവനാണ്. ആ ക്രിസ്തു സകലരിലും ഭൂജാതനാകട്ടെ.അപരനെ സ്നേഹിക്കുമ്പോഴും, മറ്റുള്ളവരോടുള്ള
വിദ്വേഷവും, നീരസങ്ങളും
മാറ്റുമ്പോഴും ,അവശരെ സഹായിക്കുമ്പോഴും
നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുമ്പോഴും
ക്രിസ്തു നമ്മിൽ ജനിക്കുന്നു. അതാണ് ക്രിസ്തുമസ്. അവർ സന്തോഷത്തോടെ
സമാധാനത്തോടെ പറയും.

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം.
ഭൂമിയിൽ ദൈവപ്രസാദമുള്ള
മനുഷ്യർക്ക് സമാധാനം”

ജീവപുസ്തകം

സത്യവേദപുസ്തകത്തിൽ
ജീവപുസ്തകത്തെ കുറിച്ച് അനേകം പരാമർശങ്ങൾ കാണാം.
വെളിപ്പാട് പുസ്തകത്തിലാണ്
ജീവപുസ്തകത്തെ പറ്റി കൂടുതലായി പ്രതിപാദ്യം
ഉള്ളത്. അവ
വെളിപ്പാട് 3:5,13:8,17:8,
20:12-15,21:27 എന്നീ
ഭാഗങ്ങളിലാണ്.

ആത്മീയ ജീവൻ പ്രാപിക്കുന്നവരുടെ പേരുകൾ എഴുതുന്ന പുസ്തകമാണ് ജീവപുസ്തകം.
പാപം മൂലം നാം ദൈവവുമായി
വിദൂരത്തിലായിരുന്നു.
എന്നാൽ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച് കർത്താവിന്റെ തിരുരക്തത്താൽ കഴുകി
ശുദ്ധീകരണം
പ്രാപിച്ചവർക്കാണ് ജീവപുസ്തകത്തിൽ പേരെഴുതി കിട്ടുവാൻ യോഗ്യതയുള്ളത്. അശുദ്ധിയുള്ളവരുടെ
പേരുകൾ ജീവപുസ്തകത്തിൽ കാണുകയില്ല.

” കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർ
അല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല”
വെളിപ്പാടു 21:27

ജീവപുസ്തകത്തിൽ പേരെഴുതുന്നത് ദൈവമാണ്. ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്
സ്വർഗ്ഗത്തിൽ ആണ്.

” എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ
അത്രേ സന്തോഷിപ്പിൻ”
ലൂക്കോസ് 10:20

പാപം ചെയ്യുന്നവരുടെ പേരുകൾ ദൈവം ജീവപുസ്തകത്തിൽ നിന്നും മായ്ച്ചു കളയുന്നു.

“എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും”
പുറപ്പാട് 32:32,33

“ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ”
69-ാം സങ്കീ 28-ാം വാക്യം

ലോകാധിപതിയായ സാത്താനോട് പോരാടി
പാപത്തിൽ വീഴാതെ കർത്താവ് തരുന്ന രക്ഷ
സ്വന്തമാക്കി ജയിക്കുന്നവൻ്റെ പേർ ജീവപുസ്തകത്തിൽ
എഴുതപ്പെടുന്നു.

“അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായ്ച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും”
വെളിപ്പാടു 3:5

പാപം മൂലം ദൈവത്തിൽ നിന്നും ദൂരസ്ഥരായവർക്ക്
മരണം വരെയോ, കർത്താവിന്റെ വരവ് വരെയോ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വരുവാൻ സമയമുണ്ട്.
ഈസ്ക്കര്യോത്ത യൂദാ
മഹാപാപം ചെയ്ത് യേശുവിനെ ഒറ്റി കൊടുത്തു. എന്നാൽ അവൻ മടങ്ങി വന്നില്ല. മടങ്ങി വന്നിരുന്നു എങ്കിൽ, ക്രൂശിലെ കള്ളനെ യേശു സ്വീകരിച്ച പോലെ, യൂദായേയും സ്വീകരിക്കുമായിരുന്നു.
അവൻ മടങ്ങി വരാതിരുന്നപ്പോൾ
ജീവപുസ്തകത്തിൽ
നിന്നും അവൻ്റെ പേർ മായിക്കപ്പെട്ടു.
“സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു”
അപ്പൊ.പ്രവ 1:20

അന്ത്യന്യായവിധിയിൽ
എന്ത് സംഭവിക്കുമെന്ന്
തിരുവചനം സ്പഷ്ടമായി
പ്രതിപാദിക്കുന്നു.
ജീവപുസ്തകത്തിൽ
പേരെഴുതപ്പെട്ടില്ലെങ്കിൽ
എന്ത് സംഭവിക്കും?

“മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”
വെളിപ്പാടു 20:12-15,

ഇതാണ് സുപ്രസാദകാലം ഇതാണ് രക്ഷാസമയം.
ഇന്നലെകളെ ഓർത്ത് ഭാരപ്പെടേണ്ട. ഇന്ന് മടങ്ങി വന്നാൽ ദൈവം ജീവപുസ്തകത്തിൽ നമ്മുടെ പേർ എഴുതും.
അവർക്ക് സ്വർഗ്ഗത്തിലെ
ജീവവ്യക്ഷത്തിൽ അധികാരം ഉണ്ടാകും. തേജസിൻ്റെ വസ്ത്രം അണിയാം.

“ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ”
വെളിപ്പാടു 22:14

കുടുംബത്തിൽ പെട്ടകംപണിയുക

ഭവനങ്ങളിലെ പരാജയങ്ങൾക്ക് മുഖ്യകാരണം ദൈവം ഭവനം പണിയാൻ അനുവദിക്കാത്തതാണ്.
ശലോമോൻ എഴുതിയ ഒരേ ഒരു സങ്കീർത്തനമാണ് 127-ാം സങ്കീർത്തനം. ജീവിതത്തിൽ ശലോമോന് ധാരാളം പരാജയങ്ങൾ നേരിടേണ്ടി
വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു”
127-ാം സങ്കീ 1-ാം വാക്യം

കുടുംബങ്ങളിൽ അടിക്കടി പരാജയങ്ങൾ കടന്നുവരുമ്പോൾ ആയതിന് എന്തെങ്കിലും കാരണങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിൽ ആഭ്യന്തരകലഹം പൊട്ടി പുറപ്പെട്ടപ്പോൾ 87 വയസുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞു.
സകലവും നിയന്ത്രിക്കുന്നത് സർവ്വേശ്വരനായ ദൈവമാണ്. ആ ദൈവം അറിയാതെ ആകാശത്ത് പറക്കുന്ന ഒരു കുരികിൽ
പോലും താഴെ വീഴുകയില്ല. ദൈവവുമായി ആലോചന ചെയ്യാതെ ഒരു കാര്യവും സാദ്ധ്യമല്ല.
അമേരിക്കൻ ജനത ഓരോ കാര്യങ്ങളും പ്രാർത്ഥനയിൽ സമർപ്പിച്ചു. അവർ
ഇറക്കിയ നാണയങ്ങളിൽ
അവർ എഴുതി വച്ചു.
“In God We Trust”

നമ്മുടെ കുടുംബങ്ങളിൽ
ദൈവത്തോട് ആലോചന
ചോദിക്കാറുണ്ടോ? നമ്മുടെ കുടുംബത്തിന്റെ
ശില്പി ദൈവമാണോ?
അഞ്ചുദിവസം പ്രക്യതിയിലെ സകലവും സ്യഷ്ടിച്ച്, സകലതും നല്ലതെന്ന് കണ്ട, ശില്പിയായ ദൈവം നമ്മെ
വളരെ മനോഹരമായി സ്യഷ്ടിച്ചു. ആദാമിന് ഇണയായി ഹവ്വായെ നൽകി കുടുംബം കൂടുതൽ മനോഹരമാക്കി. തോട്ടത്തിന് ചുറ്റും ദൈവീകതേജസാകുന്ന
വേലികെട്ടി. തോട്ടം സൂക്ഷിക്കണമെന്ന ദൈവീകകല്പനയെ അവർ
അനുസരിച്ചില്ല. ഫലമോ
അവർ പുറം തള്ളപ്പെട്ടു.

ജീവിതത്തിൽ ദൈവാലോചനയെ
നിഷിദ്ധമാക്കിയാൽ
ആ കുടുംബം തകരും.
ദൈവം ഓരോരുത്തരേയും സ്യഷ്ടിച്ചിരിക്കുന്നത്
ഓരോ വലിയ പദ്ധതി ഉദ്ദേശിച്ചാണ്. മോശെയെ സ്യഷ്ടിച്ചപ്പോൾ ദൈവം ഒരു ഞാങ്ങണപെട്ടകം
മോശെയുടെ രക്ഷക്കായി
ഒരുക്കിയിരുന്നു.

ദൈവം ശൗലിനെ സ്യഷ്ടിച്ചത് വളരെ കോമളനായിട്ടാണ്.
രാജാവായി അഭിഷേകം ചെയ്യുമ്പോഴും ദൈവത്തിന് ശൗലിനെ
കുറിച്ച് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ
ദൈവീകപദ്ധതിയിൽ നിന്നും ശൗൽ അകന്നു പോയി. ഏലി പുരോഹിതന്റെ ജീവിതവും മറിച്ചല്ല.
ആരൊക്കെ ദൈവകല്പനകളെ ധിക്കരിച്ച് സ്വയത്തിൽ
ആശ്രയിച്ചിട്ടുണ്ടോ അവരുടെ
കുടുംബങ്ങളെല്ലാം തകർന്നുപോയിട്ടുണ്ട്.
ആരൊക്കെ ദൈവക്യപയിൽ വസിച്ചിട്ടുണ്ടോ അവരുടെ കുടുംബങ്ങൾ മഹത്വം കൈവരിച്ചിട്ടും ഉണ്ട്.

നോഹക്കും കുടുംബത്തിനും
ദൈവത്തിന്റെ വലിയ ക്യപ ലഭിച്ചു.അവർ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി യഹോവ പറഞ്ഞപോലെ പെട്ടകം പണിതു. അത് സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചല്ല പണിതത്. ദൈവം പറഞ്ഞ അളവിൽ
ദൈവം പറഞ്ഞ മരം കൊണ്ടാണ്.

കുടുംബം നമുക്കിഷ്ടം പോലെ പണിയേണ്ട ഒന്നല്ല. കുടുംബം എന്ന പെട്ടകം പണിയേണ്ടത് ദൈവവുമായുള്ള ആലോചനയാലാണ്. ആ പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കണം.
വചനവും, വിശ്വാസവും, പ്രാർത്ഥനയും,
സ്നേഹവും ആ പെട്ടകത്തിൻ്റെ തൂണുകളാകണം. നോഹ
പെട്ടകം തീർത്തത് യഹോവ പറഞ്ഞപോലെ.
നോഹ കുടുംബമായി പ്രാർത്ഥിക്കുന്നവനും
ദൈവത്തെ ആരാധിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് നോഹയുടെ ഭാര്യയും കുഞ്ഞുങ്ങളും നോഹയുടെ ദൈവത്തിൽ വിശ്വസിച്ചു. മഴയില്ലാതെ
ഇരുന്ന ആ കാലഘട്ടത്തിൽ ജലപ്രളയത്താൽ ഭൂമി നശിക്കുമെന്ന് നോഹക്ക് ദൈവത്തിന്റെ അരുളപ്പാട്
ലഭിച്ചപ്പോൾ കുടുംബം മുഴുവനും അത് വിശ്വസിച്ചു. പരസ്പരം
സ്നേഹത്തോടെ അവർ
പ്രവർത്തിച്ചു.

ഇന്ന് കുടുംബബന്ധങ്ങൾ
ശിഥിലമാകുന്ന ഒരു കാലഘട്ടം. മക്കളെ വചനമെന്ന പാൽ കൊടുത്ത് വളർത്തുവാൻ
മാതാപിതാക്കൾ ശ്രമിക്കുന്നില്ല. അവരെ ദൈവീകവിശ്വാസത്താൽ
വളർത്തി കൊണ്ടുവരുന്നില്ല. ലോകത്തിലെ ഭൗതീകമായതെല്ലാം
മക്കൾക്ക് നൽകുന്നുണ്ട്.
ആത്മീയമായി അവർ വളരുന്നില്ല. തങ്ങളുടെ
കുഞ്ഞുങ്ങൾ വളരെ നല്ലവരാണെന്നും അവർ യാതൊരു ആപത്തിലും പെടുകയില്ല എന്നാണ്
പല മാതാപിതാക്കളും ചിന്തിക്കുന്നത്. അവരുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ രഹസ്യമായ പലതും ഉണ്ടായിരിക്കാം. ഇന്ന് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾ
വീണുപോകുന്ന ചതികുഴികളെ കുറിച്ചറിയുന്നത് വളരെ
വൈകിയാണ്. കുഞ്ഞുങ്ങൾ പല
കൂട്ട് കെട്ടുകൾ വഴി ലോകമോഹങ്ങളിൽ
വീണു പോകുന്നു. കുഞ്ഞുങ്ങളെ ശരിയായി
ശിക്ഷണം നൽകി വളർത്തണം. ദൈവീകമക്കളുമായുള്ള
ബന്ധത്തിൽ വളർത്തണം. വചനമെന്ന
വിത്ത് പാകണം. അങ്ങനെയുള്ള മക്കൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുവാൻ
കഴിയും.

ഇയ്യോബ് തൻ്റെ കുഞ്ഞുങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കുന്നവൻ ആയിരുന്നു.

“എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു”
ഇയ്യോബ് 1:5

കുടുംബം എന്ന പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കട്ടെ.
ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ
സാദ്ധ്യമല്ല. ദൈവമാണ്
കുടുംബം പണിയേണ്ടത്.
നല്ല തലമുറകളെ വാർത്തെടുക്കുവാൻ പരിശ്രമിക്കാം. ജീവിതത്തിലെ സകല നേട്ടങ്ങൾക്കും ഉപരി കുടുംബത്തെ പ്രാർത്ഥന,
വിശ്വാസം, വചനം, സ്നേഹം എന്നീ തൂണുകളാൽ ബലപ്പെടുത്താം.

സ്വർഗ്ഗത്തിൽ ഏതെല്ലാം വിധത്തിൽ പ്രതിഫലം ലഭിക്കും?

1) യേശുവിന്റെ നിമിത്തം പഴികൾ, ഉപദ്രവങ്ങൾ സഹിക്കുന്നതിന്.

ഈ ഭൂമിയിൽ യേശുവിന് വേണ്ടി നാം സഹിക്കുന്ന സകല പഴികൾക്കും,
നിന്ദകൾക്കും,പ്രതിഫലം ഉണ്ട്.

‘ എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ”
മത്തായി 5:11,12

2) പാവപ്പെട്ടവരെ സഹായിക്കുന്നതിന്.

വലങ്കൈ ചെയ്യുന്നത് ഇടംങ്കൈ അറിയാതെ
പാവപ്പെട്ടവരെ സഹായിച്ചാൽ ആയതിന്
ഒരു വലിയ പ്രതിഫലം ഉണ്ട്.

“നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 6:3,4

3) പ്രാർത്ഥിക്കുന്നതിന്.

പ്രാർത്ഥിക്കുന്നവന് ഭൂമിയിലും, സ്വർഗ്ഗത്തിലും
പ്രതിഫലം ഉണ്ട്.

“നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”
മത്തായി 6:6

4) ഉപവസിക്കുന്നതിന്

ഭക്ഷണം വെടിഞ്ഞ് പ്രാർത്ഥിക്കുന്നതാണ്
ഉപവാസം. ഉപവാസം അഭിനയമാകാതെ
ദൈവനാമം
മഹത്വപ്പെടാനാണെങ്കിൽ
സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ട്.

“നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും”
മത്തായി 6:17,18

5) പ്രവാചകന്മാരേയും
നീതിമാന്മാരേയും
സ്വീകരിക്കുന്നതിന്.

” പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും”. മത്തായി 10:41

6) യേശുവിന്റെ ശിഷ്യർക്ക്
കൊടുക്കുന്നതിന്.

“ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”മത്തായി 10:42

7) ശത്രുക്കളെ സ്നേഹിക്കുന്നവർക്ക്.

യാതൊന്നും പകരം ഇച്ഛിക്കാതെ ശത്രുക്കൾക്ക് നന്മ ചെയ്യുന്നവർക്ക് പ്രതിഫലം ഉണ്ട്.

” നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും”
ലൂക്കോസ് 6:35

8)ആത്മീയശുശ്രൂഷയിലെ
അദ്ധ്വാനങ്ങൾക്കും, സുവിശേഷം അറിയിക്കുന്നതിനും.

” നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും”
1 കൊരിന്ത്യർ 3:8

” ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു;
1 കൊരിന്ത്യർ 9:16,17

9) ദൈവത്തെ അന്വേഷിക്കുന്നവർക്ക്.

” എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”
എബ്രായർ 11:6

10) സന്തോഷത്തോടെ സഹിച്ച അപഹാരങ്ങൾക്ക്.

ഈ ലോകത്തിൽ സമ്പത്തുകളുടേയോ
വസ്തുക്കളുടേയോ
മറ്റേതെങ്കിലും അപഹാരങ്ങളോ, വഞ്ചനകളോ, സന്തോഷത്തോടെ
സഹിച്ചാൽ അതിന് പ്രതിഫലം സുനിശ്ചിതം.

“തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു”.
എബ്രായർ 10:34,35

ദൈവവചനം പ്രമാണിച്ച് ജീവിക്കുന്നവന് പ്രതിഫലം ഉണ്ട്. ദൈവം നമ്മുടെ മഹത്തായ പ്രതിഫലം ആകുന്നു.

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
വെളിപ്പാട് 22:12

ഭൂമിയിലെ ഫലങ്ങൾ നോക്കി ജീവിക്കാതെ
സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടി മഹത്തായ പ്രതിഫലം വാങ്ങുവാൻ ഒരുങ്ങിയിരിപ്പിൻ.

ഈഖാബോദിൽ നിന്ന് ഇമ്മാനുവേലിലേക്ക്

“മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു”
1 ശമൂവേൽ 4:21

“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർവിളിക്കും”
മത്തായി 1:22

“ഈഖാബോദ്” എന്ന് വാക്കിന്റെ അർത്ഥം മഹത്വം നഷ്ടമാകുക
എന്നതാണ്. ഇമ്മാനുവേൽ എന്ന വാക്കിന് അർത്ഥം ദൈവം നമ്മോടു കൂടെ എന്നാണ്. ഈഖാബോദിൽ നിന്നും
ഇമ്മാനുവിലേക്കുള്ള ഒരു ജീവിതമാണ് ശ്രേഷ്ഠമായ
ക്രിസ്തീയ ജീവിതം.

ആർക്കാണ് ഈഖാബോദ്
എന്ന് പേർ വീണത്. അത് അറിയുവാൻ പഴയനിയമത്തിലെ ഒരു കുടുംബത്തിലേക്ക് നാം
എത്തി നോക്കണം. അത് ഏലി എന്ന പുരോഹിതൻ്റെ കുടുംബത്തിലേക്കാണ്.
ഏലിപുരോഹിതന് രണ്ട്
പുത്രന്മാർ.ഹൊഫ്നിയും,
ഫീനെഹാസും.
ഫിനെഹൊസിൻ്റെ ഭാര്യ പ്രസവിച്ചപ്പോൾ അവൾ മഹത്വം യിസ്രായേലിൽ നിന്നും പൊയ്പോയി എന്നു പറഞ്ഞു ആ കുഞ്ഞിന് ഈഖാബോദ്
എന്ന പേരിട്ടു.

മഹത്വം യിസ്രായേലിൽ നിന്നും പോകുവാൻ തക്ക കാരണങ്ങൾ ഉണ്ടായിരുന്നു.
ദൈവസാന്നിധ്യം അവരിൽ നിന്നും നീങ്ങി പോയതാണ് അവരുടെ സകല പരാജയങ്ങൾക്കും അടിസ്ഥാനകാരണം. പുരോഹിതനായ ഏലിയുടെ പുത്രന്മാർ നീചന്മാരും ദൈവത്തെ
ഓർക്കാത്തവരും ആയിരുന്നു. അവർ ദൈവാരാധനയെ വികലമാക്കി.
യഹോവയുടെ ആലയത്തിൽ കഴിക്കുന്ന
യാഗങ്ങളിൽ മേദസ് ദഹിക്കുന്നതിന് മുൻപ്
എടുത്ത് അവയെ ഭക്ഷിച്ച് യഹോവയുടെ
വഴിപാടുകളെ നിന്ദിച്ചു.
മാത്രമല്ല സമാഗമനകൂടാരത്തിൻ്റെ
വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടു കൂടെ ശയിച്ച് ആരാധനയേയും ആരാധനാലയത്തേയും അപമാനിച്ചു. ഏലി എന്ന പുരോഹിതൻ യഹോവയെക്കാൾ കൂടുതലായി മക്കളെ സ്നേഹിച്ചതുകൊണ്ട് പുരോഹിതന് മക്കളുടെ
ദുർ പ്രവർത്തികളെ കുറിച്ചും വരുവാൻ പോകുന്ന ശിക്ഷയെ കുറിച്ചും യഹോവ മുന്നറിയിപ്പു കൊടുത്തു പറഞ്ഞു.

“നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു”
1 ശമൂവേൽ 2:30,31

ഇത്ര വലിയ ശാസനം കേട്ടിട്ടും ഏലി തൻ്റെ മക്കളെ ശാസിക്കയോ
നേർവഴിക്ക് നടത്തുകയോ ചെയ്തില്ല.
ദൈവകോപം അവരിൽ ഇറങ്ങി. യിസ്രായല്യരുടെ
നേരെ ഫെലിസ്ത്യർ പട നിരത്തി. യുദ്ധത്തിൽ അവർ തോറ്റുപോയി.
ഏലിയുടെ രണ്ട് പുത്രന്മാരും കൊല്ലപ്പെട്ടു.
ഈ വിവരം ഏലി പുരോഹിതൻ അറിഞ്ഞപ്പോൾ ആസനത്തിൽ നിന്നും
പുറകോട്ട് വീണു കഴുത്തൊടിഞ്ഞു വീണു
മരിച്ചു. ഗർഭിണിയായ ഫിനെഹാസിൻ്റെ
ഭാര്യ പ്രസവിച്ചു. ആ മകന് അവൾ നിലവിളിച്ചു കൊണ്ട് പേരിട്ടു.
“ഈഖാബോദ്”

ഇന്ന് നമ്മുടെ കുടുംബങ്ങളുടെ സ്ഥിതി
എങ്ങനെയാണ്. നാം ആരാധനയെ വികലമാക്കാറുണ്ടോ?
ദൈവീകമായ വഴികളിൽ നിന്നും കുഞ്ഞുങ്ങൾ അകന്നു പോകുന്നത് കണ്ടിട്ടും, അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി നിശബ്ദത
പാലിക്കുന്നവരാണോ?
പരാജയങ്ങളുടെ പടുകുഴിയിലേക്ക്
വീഴുന്നതിനിടയാക്കാതെ
ദൈവത്തിന് മഹത്വം കൊടുക്കണം. പ്രാർത്ഥനയ്ക്കും ആരാധനകൾക്കും
ജീവിതത്തിൽ പ്രാധാന്യം
കൊടുക്കണം. അങ്ങനെയുള്ള കുടുംബങ്ങൾ മഹത്വപ്പെടും. യഹോവ പറയുന്നു.

“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും”
1ശമുവേൽ 2:30

ദൈവത്തിന്റെ മഹത്വം നമ്മിൽ നിന്നും
നീങ്ങി പോകുവാൻ ഉതകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ
ഉണ്ടാകരുത്. യഹോവയുടെ മഹത്ത്വത്തെ നിന്ദിച്ച
ബേൽശസ്സർ രാജാവിന്
സംഭവിച്ചത് എന്താണെന്ന്
നമുക്കറിയാം. രാജാവ് ആരാധനാലയത്തെ
വിരുന്നുശാലയാക്കി മാറ്റുകയും, മന്ദിരത്തിലെ
പൊൻ വെള്ളി പാത്രങ്ങളിൽ വീഞ്ഞ് നിറക്കുകയും അതു കുടിച്ച്, മതിമറന്ന് മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിക്കയും വെപ്പാട്ടികളുമായി
രസിക്കയും അങ്ങനെ
ദൈവമഹത്ത്വത്തെ
നിഷേധിക്കയും ചെയ്തു.
ആ ക്ഷണം ദൈവകോപമിറങ്ങി.
അവനെ ദൈവം തുലാസിൽ തൂക്കി നോക്കി. അവനുള്ള
ന്യായവിധിയുണ്ടായി. അവനെ കുറവുള്ളവനായി കണ്ടു.
ആ രാത്രിയിൽ തന്നെ അവൻ കൊല്ലപ്പെട്ടു.

ദൈവനാമം തുച്ഛീകരിക്കരുതേ..
ദൈവസന്നിധിയിൽ
നിന്നും ഓടി ഒളിക്കരുതേ..
ഏതെങ്കിലും കാരണത്താൽ മഹത്വം നമ്മുടെ ഭവനങ്ങളിൽ നിന്നും പോയിട്ടുണ്ടോ
എന്ന് ചിന്തിക്കണം. ഉണ്ടെങ്കിൽ ദാവീദിനെ പോലെ മടങ്ങിവരണം.
ആ മടങ്ങിവരവും കാത്ത്
സകലമഹത്ത്വവും തിരിച്ച്
നൽകുവാൻ ഇമ്മാനുവേൽ ആയ ദൈവം കാത്ത് നിൽക്കുന്നു. സകലർക്കും
നഷ്ടപ്പെട്ടു പോയ മഹത്ത്വം തിരിച്ചു നൽകുവാനുള്ള ഒരു മഹാസന്തോഷമായി
യേശു പിറന്നു. അവൻ ഇമ്മാനുവേൽ..എപ്പോഴും നമ്മോടു കൂടെ…മഹത്ത്വം നഷ്ടപ്പെട്ട ഈഖാബോദ് ആണോ നീ? എങ്കിൽ ഇമ്മാനുവേലിലേക്ക്
മടങ്ങി വരിക. അപ്പോൾ ദർശിക്കാം
ദൈവമഹത്ത്വം.

മൺകൂടാരങ്ങളിലെ അത്യന്തശക്തി

” അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു”
2 കൊരിന്ത്യർ 4:16

ഇന്ന് പുറമേയുള്ള മനുഷ്യനെ പോഷിപ്പിക്കുവാൻ
ഉത്സാഹിക്കുന്നവരാണ്
അധികം പേരും. ഇന്ന്
നമ്മുടെ ശരീരത്തെ കുറിച്ച് നാം വ്യാകുലപ്പെടുന്നു. ഭാവിയെ കുറിച്ച് നാം വ്യാകുലപ്പെടുന്നു.
യേശു പറഞ്ഞു.

“ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു”
മത്തായി 6:31

പൗലൊസ് അപ്പൊസ്തലൻ പുറമേയുള്ള മനുഷ്യനെ
ക്ഷീണിപ്പിക്കയും
അകമേയുള്ള മനുഷ്യനെ പോഷിപ്പിച്ച് പുതുക്കം പ്രാപിക്കയും ചെയ്ത വ്യക്തിയാണ്.
സകലവിധത്തിലും കഷ്ടതകൾ പൗലൊസിനെ വിഷമിപ്പിച്ചു.
സ്വജനത്താൽ ഉപദ്രവങ്ങൾ ഉണ്ടായി.
പട്ടണത്തിലും,കാട്ടിലും,
കടലിലും വലിയ ആപത്തുകൾ ഉണ്ടായി.അദ്ധ്വാനം, ഉറക്കിളപ്പ്, പട്ടിണി,ശീതം
നഗ്നത,തടവ്,കപ്പൽച്ചേതം
അടി,കല്ലേറ് എന്നിവ സഹിച്ചു. പുറമേയുള്ള മനുഷ്യൻ ക്ഷീണിച്ച് പോയെങ്കിലും
അകമേയുള്ള മനുഷ്യനെ
നാൾക്ക് നാൾ പൗലൊസ് പുതുക്കികൊണ്ടിരുന്നു.
അതിനാൽ പൗലൊസ് പറഞ്ഞു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. കാരണം ഉള്ളിൽ വസിക്കുന്നത് അത്യുന്നതശക്തിയാണ്.
ബലഹീനതകളിൽ പ്രശംസിക്കുവാൻ ശക്തി പകരുന്നതാണ് ഈ അത്യുന്നതശക്തി. പൗലൊസ് പറഞ്ഞു ,ഈ ശക്തി ഞങ്ങളുടെ പുറമേയുള്ള ശരീരങ്ങളിലല്ല വസിക്കുന്നത്. ഞങ്ങളാകുന്ന മൺകൂടാരങ്ങളുടെ ഉള്ളിലാണ്.

“എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു”
2 കൊരിന്ത്യർ 4:7

അതുകൊണ്ട് എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചാലും ഞെരുങ്ങിയിരിക്കുവാൻ പൗലൊസിന് കഴിഞ്ഞില്ല. എന്തെല്ലാം ബുദ്ധിമുട്ടിൽ കൂടി കടന്നുപോയപ്പോഴും നിരാശപ്പെട്ടില്ല. ആരൊക്കെ ഉപദ്രവിച്ചിട്ടും
വീഴ്ത്തിയിട്ടും നശിച്ചുപോയില്ല. കാരണം നമ്മുടെ ശരീരമാകുന്ന മൺകൂടാരത്തിനുള്ളിൽ
ആണ് ഈ
അത്യുന്നതശക്തിയുടെ
വ്യാപാരം.

നാം വെറും മൺകൂടാരങ്ങൾ ആണ്. ജീവിതത്തിൽ തീയ്യിലും വെള്ളത്തിലും ഉള്ള ശോധനകൾ ഉണ്ട്. തീ അമിതമായേറ്റാൽ ഈ മൺകുടം തകരും. അധികനാൾ വെള്ളത്തിൽ മുങ്ങികിടന്നാൽ മൺകുടം അലിഞ്ഞില്ലാതാകും.
ഇന്ന് വളരെ ചെറിയ പ്രശ്നങ്ങളുടെ മുൻപിൽ
മനുഷ്യർ വാടി വീഴുന്നു.
പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിയാതെ അവർ ആത്മഹത്യയെ
കുറിച്ച് ചിന്തിക്കുന്നു. അവർ സമൂഹത്തിൽ നിന്നും ഉൾവലിയുന്നു. എന്നാൽ ഈ അത്യുന്നതശക്തി
നമ്മിൽ വസിച്ചാൽ നാം ശക്തി പ്രാപിക്കും. അപ്പോൾ വേദനകളും സഹനങ്ങളും നമ്മെ ഒതുക്കി ഇരുത്തുകയില്ല.
“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും മതിയായവനാണെന്ന് “
ഈ ശക്തിയുള്ളവർ ഉറപ്പിച്ച് പറയും.
അവർ പ്രശ്നങ്ങളിൽ നിന്നും കണ്ണ് മാറ്റി പ്രശ്നപരിഹാരകനായ
യേശുവിലേക്ക്
നോക്കും.

പൗലൊസിന് കഷ്ടങ്ങളിൽ അധൈര്യപ്പെടാതിരിപ്പാൻ
ശക്തി നൽകിയത് ഈ അത്യുന്നതശക്തിയാണ്.ശരീരത്തിൽ നോവിപ്പിക്കുന്ന വലിയ ശൂലമുണ്ടെങ്കിലും ആ ബലഹീനതയിൽ പ്രശംസിക്കുവാൻ പൗലൊസിന് കഴിഞ്ഞു.

എന്തു കൊണ്ട് വേദനകൾ? എന്തുകൊണ്ട് കഷ്ടപ്പാടുകൾ? പൗലൊസ് പറയുന്നു വെളിപ്പാടുകളുടെ ആധിക്യം നിമിത്തം നിഗളിച്ച്
പോകാതിരിപ്പാൻ, ദൈവം ശൂലം തന്നിരിക്കുന്നു എന്ന്. അത് നീങ്ങിപോകുവാൻ മൂന്നു വട്ടം അപേക്ഷിച്ചിട്ടും നീങ്ങിയില്ല. എന്നിട്ടും ബലഹീനതകളിൽ പൗലൊസ് പ്രശംസിച്ചു. ക്രിസ്തുവിന്റെ അത്യുന്നതശക്തി പകരപ്പെടുവാനാണ് ജീവിതത്തിലെ കഷ്ടപ്പാടുകളും ബലഹീനതകളും. ഈ ശക്തി എവിടെയൊക്കെ
വ്യാപരിച്ചുവോ അവിടെയെല്ലാം ദൈവത്തിൻ്റെ മഹത്വം ദർശിച്ചിട്ടും ഉണ്ട്.
ഈ അത്യുന്നതശക്തി
യേശുവിന്റെ അമ്മ മറിയത്തിൽ വ്യാപരിച്ചു.
സ്വർഗ്ഗത്തിലെ ദൂതൻ പറഞ്ഞു.

” പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും”
ലൂക്കോസ് 1:35

ഈ അത്യുന്നതശക്തി നമ്മിൽ വ്യാപരിച്ചാൽ നമ്മിൽ യേശു വസിക്കും.
ഈ ശക്തി വ്യാപരിപ്പാൻ
ഹ്യദയങ്ങളെ ഒരുക്കണം.
യേശുവിന് വന്നു പിറപ്പാൻ യോഗ്യമായ ഇടമായി നാം മാറണം.
യേശു പറഞ്ഞു.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു”ലൂക്കോസ് 24:49

ഈ അത്യുന്നതശക്തി നമ്മിൽ നിറഞ്ഞിരിക്കുന്നു. ഈ ശക്തിയെ അനുദിനം നാം പുതുക്കണം.
മൺകുടാരത്തിൽ ഈ അത്യന്നതശക്തി വന്ന് നിറഞ്ഞാൽ ഒരു കഷ്ടവും സാരമില്ല. അങ്ങനെയുള്ളവർ പുറത്തെ മനുഷ്യനെ പോഷിപ്പിക്കാതെ എന്നും അകത്തെ മനുഷ്യനെ പരിപോഷിപ്പിച്ച് ജീവിക്കും.
അങ്ങനെയുള്ളവർ ഏത് പ്രതിസന്ധികളിലും പൗലൊസ് അപ്പൊസ്തലനെപോലെ
ധൈര്യത്തോടെ ഇങ്ങനെ
പറയും.

” കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു”
2 കൊരിന്ത്യർ 5:1