PREACH GOSPEL & SALVATION FOR THE LOST

Month: January 2025

നിന്ദകളെ കടാക്ഷിക്കുന്നദൈവം

ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം.

1) ആത്മീയത നിമിത്തം നിന്ദിക്കപെടാം.

ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്
നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്
ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്.

” യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു” 2 ശമൂവേൽ 6:16

ദാവീദ് മീഖളിനോടു ഇങ്ങനെ പറഞ്ഞു.

” യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും” 2ശമുവേൽ 6:21

ആത്മീയമായി ദാവീദിനെ നിന്ദിച്ച മീഖളിന് ദൈവം ഒരു കുഞ്ഞിനെ നൽകിയില്ല. ആത്മീയമായി മുന്നേറുമ്പോൾ നാം നിന്ദിക്കപ്പെടാം. എന്നാൽ
ആ നിന്ദകളെ കടാക്ഷിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.

2) മനുഷ്യപുത്രൻ നിമിത്തം
നിന്ദിക്കപെടാം.

“മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ”
ലൂക്കോസ് 6:22,23

യേശുക്രിസ്തുവിനു
വേണ്ടി നാം നിലകൊള്ളുമ്പോൾ നിന്ദിക്കപ്പെടാം. പെന്തെകൊസ്തുനാളിൽ
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ദൈവമക്കൾ പുതുവീഞ്ഞ് കുറിച്ചിരിക്കുന്നു എന്ന നിന്ദയുടെ വാക്കുകൾ കേൾക്കേണ്ടിവന്നു. ഈ ലോകത്തിൽ സത്യദൈവത്തെ ആരാധിച്ച് ഭക്തിയോടെ ജീവിക്കുമ്പോൾ പരിഹസിക്കപ്പെടാം. എന്നാൽ എവിടെയൊക്കെ നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയൊക്കെ മാനിച്ച് നിന്നെ ഉയർത്തുന്ന ഒരു ദൈവമുണ്ട്.

3) ബലഹീനതകൾ നിമിത്തം നിന്ദിക്കപ്പെടാം.

ഹാഗാർ ഗർഭിണിയായപ്പോൾ
സാറാ നിന്ദിക്കപ്പെട്ടു.
യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞു. ദൈവം അവൾക്ക് ഒരു മകനെ നൽകുകയും ചെയ്തു.
പെനീന ഗർഭിണിയായപ്പോൾ
അവൾ കുത്തുവാക്കുകൾ
കൊണ്ട് ഹന്നായെ നിന്ദിച്ചു.എന്നാൽ അവളുടെ നിന്ദയെ ദൈവം കടാക്ഷിച്ച് ശമുവേൽ പ്രവാചകനെ നൽകി.

4) കഷ്ടതകളിൽ നിന്ദിക്കപ്പെടാം.

ദൈവമക്കൾക്ക് കഷ്ടങ്ങൾ ഉണ്ടാകും. ഈ ലോകത്തിൽ കഷ്ടങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകയില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിന് ധാരാളം കഷ്ടങ്ങളിൽ കൂടി പോകേണ്ടിവന്നു.ആ കഷ്ടങ്ങളെല്ലാം ഇയ്യോബ് സഹിച്ചു. ഇയ്യോബിന്റെ ഭാര്യയുടെ
നിന്ദാവാക്കുകളേയും ആത്മധൈര്യത്തോടെ
അദ്ദേഹം നേരിട്ടു. അവനെന്നെ കൊന്നാലും ഞാൻ അവനെ തന്നെ സേവിക്കും എന്ന് ദ്യഢധൈര്യത്തോടെ ഇയ്യോബ് പറഞ്ഞു. ഫലമോ. നിന്ദിച്ചവരുടെ
മുന്നിൽ ദൈവം ഇയ്യോബിനെ മാനിച്ചു മുൻപുള്ളവയെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ച് നൽകി.

ജീവിതത്തിലെ നിന്ദകളും
പരിഹാസങ്ങളും, പീഢകളും സാരമില്ല.
കാരണം നിന്ദകളെ കടാക്ഷിച്ച്
അത്ഭുതമാക്കുന്ന ദൈവം നമ്മോടുകൂടെ…

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തും

നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,
കവിഞ്ഞൊഴുക്കിൻ്റേയും
ദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെ
പരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്ന
സമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.
അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെ
വെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,
വിശ്വസ്ഥത, മേഘങ്ങളോളം, എന്ന് തുടങ്ങി ദൈവത്തിന്റെ വിശാലതയെ സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. എന്നാൽ ഒരു വഴി മാത്രം ഇടുക്കമുള്ളതാണ്. അത് ജീവങ്കലേക്കുള്ള വാതിലും വഴിയുമാണ്.
എന്നാൽ ആ വഴിയിലൂടെ
വിജയകരമായി കടന്നുപോയാൽ ദൈവം
നമ്മെ വിശാലതയിൽ എത്തിക്കും.

ദൈവത്തോട് പറ്റി നിന്നാൽ മാത്രമേ ഇടുക്കത്തിൻ്റെ വഴിയിലൂടെ വിജയകരമായി യാത്ര പൂർത്തീകരിക്കുവാൻ
സാദ്ധ്യമാകുകയുള്ളു.
കാലേബ് ദൈവത്തോട്
പൂർണ്ണഹ്യദയത്തോടെ
പറ്റിച്ചേർന്ന്
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. യിസ്രായേൽ മക്കൾ ദൈവവഴിയിലൂടെ
നടന്നിട്ടും അവർ ദൈവത്തോട് പറ്റിയിരുന്നില്ല. അതിനാൽ
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചില്ല.

മോവാബ്യസ്ത്രീയായ രൂത്ത്, സ്വജനത്തേയും
പാരമ്പര്യത്തേയും,
സ്വന്തദേശത്തേയും
വീടിനേയും ഉപേക്ഷിച്ച്
ജീവനുള്ള ദൈവത്തോട്
പറ്റി നിന്നു. യേശുവിന്റെ
വംശാവലിയിലൂടെ കടന്നുകൂടുവാൻ തക്കവണ്ണം ദൈവം അവളുടെ വഴിയെ വിശാലമാക്കി.

ദൈവത്തോട് പറ്റി നിന്നാൽ ഏഴു വാഗ്ദത്തങ്ങൾ ദൈവം നൽകുന്നതായി 91-ാം സങ്കീർത്തനം 14 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ പറയുന്നു.

“അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും”

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിടുവിക്കുന്നു.
ഉയർത്തുന്നു. ഉത്തരമരുളുന്നു.
കൂടെയിരിക്കുന്നു.
മഹത്വപ്പെടുത്തുന്നു.
ത്യപ്തി വരുത്തുന്നു.
രക്ഷയെ കാണിച്ചുകൊടുക്കുന്നു.

വഴി ഇടുക്കമുള്ളത്
ആണെങ്കിലുംൽ ദൈവത്തോട് പറ്റി നിന്ന്
പരിശുദ്ധാത്മാവിനാൽ
ശക്തി പ്രാപിച്ച് മേൽക്കുമേൽ ബലം പ്രാപിച്ച് സ്വർഗ്ഗസീയോനെ
ലക്ഷ്യം വച്ച്
ഓടേണ്ടതാണ്.
സാധാരണയായി
ഓട്ടമത്സരത്തിൽ ഒന്നാമതായി ഓടിയെത്തുന്നവനാണ്
സമ്മാനം. എന്നാൽ ഞെരുക്കത്തിൻ്റെ വഴിയിൽ കൂടി ഓടി ഓട്ടം
തികക്കുന്ന ഏവർക്കും
സമ്മാനമുണ്ട്.അതിനാൽ
തളർന്നുപോകാതെ
പുതുശക്തി ധരിച്ച് ഓടണം. നാം കുതിരകളോടു കൂടെ മത്സരിച്ച്
ഓടണമെന്നാണ് വചനം പറയുന്നത്.

“കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും?
യിരേമ്യാവു 12:5

ഏലിയാവിന് നാല്പത് കിലോമീറ്ററോളം ആഹാബിൻ്റെ രഥത്തിനും
കുതിരകൾക്കും മുൻപേ
ഓടുവാൻ കഴിഞ്ഞത് ദൈവത്തോട് പറ്റിനിന്ന്
പുതുശക്തി
പ്രാപിച്ചതിനാലാണ്.

നാം ഞ്ഞെരുക്കത്തിൻ്റെ
വഴിയിലൂടെയാണ്
സഞ്ചരിക്കുന്നതെങ്കിലും
ദൈവം നമുക്ക് വിശാലത വരുത്തും.

” ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി”
4-ാം സങ്കീ 1-ാം വാക്യം

ദൈവം നമുക്ക് വിശാലത നൽകുന്നതുപോലെ
നമ്മുടെ ഹ്യദയങ്ങളെ നമുക്ക് വിശാലമാക്കാം.
സുവിശേഷത്തിൽ ഇടുങ്ങിയിരിക്കുന്നവർ
ആകരുത്. നാം ഇരിക്കുന്ന ഭവനത്തിൽ
നമ്മുടെ സഭയിൽ നമ്മുടെ
ദേശത്തിൽ , നാം ഇടപെടുന്നവരിൽ എല്ലാം
സുവിശേഷത്തിൻ്റെ വക്താക്കളാകാം. ദൈവീകമായ സ്തുതികളിൽ വിശാലത വരുത്താം. കരുണയിലും
സ്നേഹത്തിലും ഇടുങ്ങിയിരിക്കുന്നവർ
ആകാതെ സ്നേഹത്തിന്റെ വീതിയും നീളവും,ഉയരവും ആഴിയും ഗ്രഹിച്ച് അവയിൽ വിശാലഹ്യദയമുള്ളവർ
ആകാം.

ഇത് പ്രതിസന്ധികളുടെ കാലഘട്ടം. ദുഷ്ടതയും
അധർമ്മവും പെരുകുന്ന
കാലഘട്ടം.
എല്ലാവരുടേയും സ്നേഹം തണുത്തു പോകുന്ന കാലഘട്ടം.
യുദ്ധങ്ങളുടേയും മഹാമാരികളുടെയും
പ്രക്യതിദുരന്തങ്ങളുടേയും
സകലവിധ വിപത്തുകളുടേയും കാലഘട്ടം. ഇവയെല്ലാം
നമ്മുടെ ആത്മമണവാളൻ്റെ വരവ്
സമീപമായി എന്ന് വിളിച്ചോതുന്നു. വഴി ഞെരുക്കമുള്ളതാണ്.
ദൈവത്തോട് പറ്റിച്ചേർന്നിരിക്കാം.
വീണു പോകാതെ നമ്മെ
തന്നെ സൂക്ഷിച്ച് അക്കരെ നാട്ടിൽ എത്തുവാൻ സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം.

ഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കും

നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.
പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം നമ്മെ സൃഷ്ടിച്ചതും രക്ഷിച്ചതുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ രണ്ട് അത്ഭുതങ്ങൾ.

ഇവ കഴിഞ്ഞാൽ തിരുവെഴുത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവം ചെങ്കടലിൽ വഴിതുറന്നതാണ്. ഈ അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തിൽ അനേകം പരാമർശങ്ങൾ ഉണ്ട്. യാത്ര പുറപ്പെടുമ്പോൾ 20 വയസിനു മുകളിലുള്ള പുരുഷന്മാർ ആറ് ലക്ഷം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ സ്ത്രീകളും കുട്ടികളുമായി ഏകദേശം
പതിനഞ്ചു ലക്ഷം പേർ ഉണ്ടെന്ന് ന്യായമായി ഊഹിക്കാവുന്നതാണ്.
നാനൂറ് വർഷങ്ങൾക്കുശേഷം
കനാൻ നാട് സ്വന്തമായി
തരും എന്ന് പറഞ്ഞവൻ
വാഗ്ദത്തങ്ങൾ നിവ്യത്തിക്കുന്നതിൽ
വിശ്വസ്തനായ ദൈവമാണ്. ദൈവം നമ്മോട് എന്തെങ്കിലും
വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ
അത് നിവർത്തിക്കും.

യിസ്രായേൽ ജനം യുദ്ധം കണ്ട് ഭയപ്പടാതിരിപ്പാൻ
ദൈവം അവരെ ആദ്യം മരുഭൂമിയിലൂടെ നയിച്ചു.
പ്രതിസന്ധികളിലൂടെ അവർ ശക്തരായി.നാം
ശക്തരാകുന്നതിനു മുൻപ്, ദൈവം യുദ്ധം അനുവദിക്കില്ല. ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ളാസിലെ ചോദ്യപേപ്പർ
തരികയില്ല.എന്നാൽ ആത്മീയ ജീവിതത്തിൽ
യുദ്ധം ഇല്ല എന്ന് ചിന്തിക്കരുത്. ഒരു പ്രതിസന്ധിയിലേക്ക്
നീ നയിക്കപ്പെട്ടാൽ തീർച്ചയായും ഒരു അത്ഭുതം ദൈവം നിനക്കായി കരുതി വച്ചിരിക്കും. ചെറിയ പ്രതിസന്ധിയാണെങ്കിൽ
ചെറിയ അത്ഭുതം. വലിയ പ്രതിസന്ധിയാണെങ്കിൽ
വലിയ അത്ഭുതം.

അബ്രാഹാമിന്റെ ഏകജാതനായ പൊന്നോമന മകനെ
യാഗം കഴിക്കണമെന്ന
ദൈവകല്പന അബ്രാഹാമിന് സഹിക്കാവുന്നതിലും
അപ്പുറമുള്ള പ്രതിസന്ധിയാണ്. മൂന്ന് ദിവസം ഉള്ളിൽ വലിയ നൊമ്പരവുമായി അബ്രാഹാം കഴിച്ചുകൂട്ടി.
എന്നാൽ ദൈവഹിതത്തിന് വിധേയപ്പെട്ടപ്പോൾ ദൈവം ഇസഹാക്കിനു പകരം ഒരു ആട്ടിൻ കുട്ടിയെ കരുതി വച്ചു.

ദൈവം
നയിക്കുന്നിടത്തേക്ക്
പോയാൽ അത്ഭുതങ്ങൾ കാണാം. ചില സ്ഥലങ്ങളിലേക്ക് പോകാതെ യേശുവിൻ്റെ ആത്മാവ് പൗലോസിനെ തടഞ്ഞു എന്ന് അപ്പൊ.പ്രവർത്തികൾ 16-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എന്നാൽ മക്കദൊന്യയിലേക്കും
ഫിലിപ്പിയിലേക്കും ദൈവം പൗലോസിനെ അയച്ചു. ദൈവത്താൽ അയക്കപ്പെട്ട സ്ഥലങ്ങളിൽ പൗലോസിന് പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടായി. എന്നാൽ അവയുടെ നടുവിൽ ദൈവം വാതിൽ തുറന്നു. അനേകർ കർത്താവിൽ വിശ്വസിച്ചു പ്രാദേശിക സഭകൾ സ്ഥാപിക്കപ്പെട്ടു.

ദൈവത്തിന്റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു.
അവിടെ സാത്താന്റെ പരീക്ഷകൾ ഉണ്ടായി. എന്നാൽ വമ്പിച്ച വിജയം
പിശാചിന്റെ മേൽ ഉണ്ടായി. ദൈവം നയിക്കുന്നിടത്ത് പ്രതിസന്ധികൾ നേരിട്ടാലും വലിയ വിജയം തമ്പുരാൻ തരും.

ചിലപ്പോൾ ജീവിതത്തിന്റെ സകലവശങ്ങളും അടഞ്ഞു എന്ന് നമുക്ക് തോന്നാം. ആരും സഹായമില്ലാത്ത അവസ്ഥ സംജാതമാകാം.
എന്നാൽ ക്ഷീണിച്ചു പോകാതെ
നമുക്കൊരു സഹായകൻ
ഉയരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുക. യിസ്രായേൽ ജനം ചെങ്കടലിൽ എത്തിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
മുൻപിൽ ചെങ്കടൽ. പിൻപിൽ ഫറവോൻ സൈന്യങ്ങളും,രഥങ്ങളും
കുതിരകളും. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ.
എങ്ങോട്ടു പോകും? എന്നാൽ മുകൾഭാഗം അടക്കപ്പെട്ടില്ല. ഇന്നും എല്ലാ വാതിലുകളും അടയുമ്പോൾ മുകൾഭാഗം ദൈവം അടക്കുന്നില്ല. അവിടെ ആർക്കും കടന്നു വരാം.

പത്രൊസിനെ കാരാഗ്യഹത്തിൽ ആക്കിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
കരങ്ങളിലെ ചങ്ങല പടയാളികളുടെ കരത്തിനോട് ചേർത്ത് ബന്ധിച്ചു. കിടപ്പ് നാലുവശവും കൊട്ടിയടച്ച
സെല്ലിനുള്ളിൽ. അതിന് ശക്തമായ വാതിൽ. ജയിലിന് ചുറ്റും ഇരുമ്പ് വാതിൽ. എന്നാൽ മുകൾ ഭാഗം കൊട്ടിയടക്കാൻ അവർക്ക് കഴിഞ്ഞില്ല.
സഭ മുഴുവനും ഉയരത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഫലമോ. സ്വർഗ്ഗത്തിൽ നിന്നും ദൂതനെ അയച്ചു ചങ്ങലകൾ അഴിച്ച് പത്രൊസിനെ പട്ടണവാതിലിനു പുറത്ത് കൊണ്ടു നിറുത്തി.

നാം എപ്പോഴെല്ലാം ഉയരത്തിലേക്ക് കണ്ണുകൾ ഉയർത്തിയിട്ടുണ്ടോ
അപ്പോഴെല്ലാം വഴിതുറക്കാനായി സഹായകനായി യേശു
കടന്നു വന്നിട്ടുണ്ട്.

ഉറങ്ങാതെ, മയങ്ങാതെ
നമ്മെ പരിപാലിക്കുന്ന
ഈ ദൈവത്തിലേക്ക് കണ്ണുകളെ ഉയർത്താം.
അതാണ് രക്ഷയുടെ വഴി.
സൗഖ്യത്തിൻ്റെ വഴി. സകലവിധ അത്ഭുതങ്ങളുടേയും വഴി.
ജീവിതത്തിലെ
ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ അവൻ നിനക്ക് തണൽ നൽകുന്നു.

“യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
121-ാം സങ്കീ 5-7

എന്തുകൊണ്ട് ദൈവത്തെ നാം ആരാധിക്കണം?

കേവലം ഭൗതീക സുഖങ്ങൾ
നേടിയെടുക്കുവാൻ മാത്രമാണോ
നാം ദൈവത്തെ ആരാധിക്കുന്നതു?

ഒരിക്കൽ ഒരു journalist ഒരു ദേവാലയത്തിന്റെ മുന്നിൽ വന്നു.
ദേവാലയത്തിൽ നിന്നും ആദ്യം പുറത്തുവന്നതു രണ്ടു യുവമിഥുനങ്ങൾ ആയിരുന്നു. Journalist അവരോടു ചോദിച്ചു.
നിങ്ങൾ എന്തിനാണു ദേവാലയത്തിൽ വന്നു ദൈവത്തെ ആരാധിക്കുന്നതു?
അവർ മറുപടി പറഞ്ഞു. ഞങ്ങൾക്കു കുഞ്ഞുങ്ങളില്ല.
ഒരു തലമുറയെ ലഭിക്കാനാണു
ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നതു.

പിന്നെ ദേവാലയത്തിൽ നിന്നും രണ്ടു
ചെറുപ്പക്കാർ പുറത്തേക്കു വന്നു.
അവരോടും journalist ചോദിച്ചു.
എന്തുകൊണ്ടാണു നിങ്ങൾ
ദൈവത്തെ ആരാധിക്കുന്നതു?
അവർ ഇപ്രകാരം മറുപടി പറഞ്ഞു. തലമുറകളായി ഞങ്ങളുടെ പൂർവ്വികർ പള്ളിയിൽ പോകുന്നു. ആ പാരമ്പര്യം ഞങ്ങളും അനുവർത്തിക്കുന്നു.

പിന്നെ രണ്ടു
കുട്ടികൾ വന്നു. അവരോടും
Journalist ചോദ്യം ആവർത്തിച്ചു.
അവർ പറഞ്ഞു നന്നായി പരീക്ഷ എഴുതുവാനും വിജയം വരിക്കാനുമാണു ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നതു.

പിന്നീടു ഒരു pilot വന്നു. Journalist ചോദ്യം ആവർത്തിച്ചു.
അദ്ദേഹം പറഞ്ഞു. ഞാൻ ഭൂമിയുടെ താഴെകൂടെയല്ല വിമാനം പറപ്പിക്കുന്നതു. മുകളിൽ കൂടിയാണു. ആപത്തൊന്നും വരാതിരിക്കാനാണു ഞാൻ ദൈവത്തെ
ആരാധിക്കുന്നതു. ഇതുപോലെ പുറത്തുവന്ന പലരോടും Journalist ചോദ്യം ആവർത്തിച്ചു. മേൽപറഞ്ഞ
പോലെ വ്യത്യസ്തമായ
മറുപടികൾ ലഭിക്കയും ചെയ്തു.
ദേവാലയത്തിൽ നിന്നും അവസാനമായി ഒരു പാവപ്പെട്ട
വിധവ പുറത്തുവന്നു. Journalist
അതേ ചോദ്യം ആ വിധവയോടും ആവർത്തിച്ചു.
അതിനു വിധവ ഇപ്രകാരം മറുപടി പറഞ്ഞു. “എനിക്കു ഈ ദേവാലയത്തിൽ ഇരിക്കുന്നതാണു സന്തോഷം.
എനിക്കാരുമില്ല. ഭർത്താവും കുട്ടികളും മരിച്ചുപോയി. എന്നാൽ “നിനക്കു ഞാനുണ്ടു”
എന്നു പറയുന്ന എന്റെ പ്രാണനാഥന്റെ സ്വരം ഞാൻ കേൾക്കുന്നു. എന്നെ ശാപത്തിൽ
നിന്നും വീണ്ടെടുത്ത ഒരു രക്ഷകൻ, ഒരു വീണ്ടെടുപ്പുക്കാരൻ എനിക്കു ഉണ്ടു. എനിക്കുവേണ്ടി സ്വർഗ്ഗം ഒരുക്കി വച്ച് എന്നെ കാത്തിരിക്കുന്ന ഒരു ആത്മമണവാളൻ എനിക്കുണ്ടു. അവനെ ആരാധിക്കുവാനാണു
ഞാൻ എന്നും ഈ ദേവാലയത്തിലേക്കു വരുന്നതു”

എത്ര അർത്ഥവത്തായ മറുപടി. ഇന്ന് പലരുടേയും ആരാധന തലമുറകളെ ലഭിക്കുന്നതിനും സ്വന്തം
കാര്യസിദ്ധികൾക്കും
മാത്രമായി മാറാറുണ്ടു. യഥാർത്ഥമായി ദൈവം ആരാണെന്നറിഞ്ഞ്
വേണം നാം ദൈവത്തെ ആരാധിക്കുവാൻ. ഈ യേശു ആരാണെന്നു ശമര്യ സ്ത്രീ മനസ്സിലാക്കി. അവൾ സത്യത്തിലും
ആത്മാവിലും
ദൈവത്തെ ആരാധിച്ചു. മാത്രമല്ല താൻ മനസ്സിലാക്കിയ ദൈവത്തെ മറ്റുള്ളവരോടു അറിയിച്ചു കൊടുത്തു. അനേകം
ശമര്യർ വീണ്ടെടുപ്പുക്കാരനായ യേശുവിനെ അറിയുവാനിടയായി.

എന്തുകൊണ്ടു നാം ദൈവത്തെ
ആരാധിക്കുന്നു?

വെളിപ്പാടു പുസ്തകം അഞ്ചാം
അദ്ധ്യായം 9-ാം വാക്യത്തിൽ ഇപ്രകാരം പറയുന്നു.

“പുസ്തകം വാങ്ങുവാനും അതിന്റെ മുദ്രപൊട്ടിപ്പാനും
നീ യോഗ്യൻ. നീ അറുക്കപ്പെട്ട
നിന്റെ രക്തം കൊണ്ടു സർവ്വ ഗോത്രത്തിലും, ഭാഷയിലും ,വംശത്തിലും, ജാതിയിലും,
നിന്നുള്ളവരെ ദൈവത്തിനായി
വിലക്കുവാങ്ങി.”

അതേ ,നമ്മെ വലിയവില കൊടുത്ത് മരണത്തിൽ നിന്നും വീണ്ടെടുത്ത
വീണ്ടെടുപ്പുക്കാരൻ നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ വസിക്കുന്നതു കൊണ്ടാണു
നാം ദൈവത്തെ ആരാധിക്കുന്നതു.

ഭൗതീകാവശ്യങ്ങൾ നേടിയെടുക്കാൻ മാത്രമായി
ആരാധന മാറരുതു.നാം ദൈവത്തെ ആരാധിക്കുന്നതു
ദൈവം നമ്മെ സ്യഷ്ടിച്ചതുകൊണ്ടു മാത്രമല്ല,
നിലനിർത്തിയതുകൊണ്ടു മാത്രമല്ല , ഇതിനെക്കാൾ
ഉപരിയായി നമ്മെ വീണ്ടെടുത്ത
Redeemer ആയതുകൊണ്ടാണു.
നമ്മെ ,തന്റെ രക്തം മറുവിലയായി നൽകി വിലക്കു വാങ്ങി ദൈവമക്കളാക്കി, സ്വർഗ്ഗത്തിനു അവകാശികളാക്കി
മാറ്റിയതുകൊണ്ടാണു. ഈ സത്യം മനസ്സിലാക്കി ദൈവത്തെ
ആരാധിക്കുമ്പോൾ പിതാവിനു
അവകാശപ്പെട്ട സകലതും
മക്കൾക്കു ദൈവം തരുന്നു.ആത്മാവിൻ്റെ ഒൻപത് ഗുണങ്ങളാൽ അവർ നിറയുന്നു.

നമ്മുടെ ദൈവം ആരാണെന്നറിഞ്ഞു അവനെആരാധിക്കുക.

നമ്മുടെ ദൈവം OMNIPOTENT – സർവ്വശക്തൻ
നമ്മുടെ ദൈവം
OMNISCIENT- സർവ്വജ്ഞാനി.
നമ്മുടെ ദൈവം
OMNIPRESENT- സർവ്വവ്യാപി.

ഈ ദൈവത്തെ നമുക്കു ആത്മാവിലും
സത്യത്തിലും
ആരാധിക്കാം.

എന്തുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം?

നാം സ്തുതിയും സ്തോത്രവും ദൈവത്തോട് അർപ്പിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാകരുത്.
ഹാലി ബർട്ടൺ ഇങ്ങനെ എഴുതി.

” ഞാൻ നിരാശാനിമഗ്നൻ
ആകുമ്പോൾ പ്രസന്നതയുടെ പ്രകാശത്തിലേക്ക് വരാൻ കഴിയുന്നത് കൃതജ്ഞത അർപ്പിക്കുന്നതിൽ കൂടിയാണ്”

പലപ്പോഴും പരാതികളും
ആവശ്യങ്ങളും മാത്രമുള്ളതായി തീരുന്നു
നമ്മുടെ പ്രാർത്ഥനകൾ.
നന്ദിയും സ്തുതിയും ഇല്ലാതെ അർപ്പിക്കുന്ന പ്രാർത്ഥനകൾ നിഷ്ഫലമാണ്. നാം ദൈവത്തെ സ്തുതിക്കുന്നവരാകണം
എന്ന് ദൈവം ആഗ്രഹിക്കുന്നു. പരാതികൾമാത്രം ഇറക്കിവെച്ച് ഭൗതീകാനുഗ്രഹങ്ങൾ
നേടിയെടുക്കുന്നതല്ല പ്രാർത്ഥന. ദൈവം നമുക്ക് നൽകിയ ചെറിയ ക്യപകൾ പോലും ഓർത്ത്
ദൈവത്തെ സ്തുതിക്കുന്നതാണ്
ശരിയായ പ്രാർത്ഥന.

കോറി ടെൻബൂം ഇങ്ങനെ
എഴുതി. ” I grumbled that I had no shoes until I saw someone with no feet”
പാദമില്ലാത്ത ആളിനെ കാണുന്നതിനു
മുമ്പുവരെയും എനിക്ക്
ഷൂസ് ഇല്ലല്ലോ എന്ന് ഞാൻ പരാതിപ്പെട്ടിരുന്നു.

നമുക്ക് നൽകിയ ചെറുതും വലുതുമായ സകല നന്മകൾക്കുമായി
നാം ദൈവത്തിന് ക്യതജ്ഞർ ആയിരിക്കേണം.
ദൈവം ചെയ്ത സകല ഉപകാരങ്ങളെ കുറിച്ചും
നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ദാവീദ് എഴുതിയതാണ് 103-ാം സങ്കീർത്തനം. ദാവീദ് തൻ്റെ മനസ്സിനോട്, തൻ്റെ അന്തരംഗത്തോട്
ദൈവത്തെ സ്തുതിക്കുവാൻ ആവശ്യപ്പെടുന്നു.

” എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു”
103-ാം സങ്കീ 2-ാം വാക്യം

പിന്നീടുള്ള വാക്യങ്ങളിൽ
ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്ത
അഞ്ചു ഉപകാരങ്ങളെ
ഓർത്ത് ദൈവത്തെ സ്തുതിക്കണം എന്ന് ദാവീദ് തൻ്റെ മനസ്സിനോട്
പറയുന്നു. അവ ഏവയെന്ന് നോക്കാം.

1) ദൈവം തന്ന രക്ഷ.

ദൈവം നമുക്കായി വലിയ രക്ഷ തന്നു എന്നതാണ് ദൈവം ചെയ്ത ആദ്യത്തേതും വലിയതുമായ ഉപകാരം.
ദൈവം നമ്മുടെ അക്യത്യം
ക്ഷമിച്ച് പാപമോചനം തന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉപകാരം അവൻ നമ്മുടെ സകല മ്ളേഛതകളും,
ദുഷ്ടതകളും സ്വയം ഏറ്റെടുത്ത്
പാപയാഗമായി. നമുക്ക് ലഭിക്കേണ്ട ശിക്ഷ യേശു ശരീരത്തിൽ വഹിച്ചു പാപമോചനം നേടിത്തന്നു. ഈ രക്ഷയെ
സൗജന്യദാനമായി നൽകിയതിനാൽ നാം ദൈവത്തെ സ്തുതിക്കണം.

2) നിന്റെ സകല രോഗത്തേയും സൗഖ്യമാക്കി.

ദൈവം നമുക്ക് ചെയ്ത
രണ്ടാമത്തെ ഉപകാരം
ദൈവം മിസ്രയീമ്യർക്ക്
വരുത്തിയ വ്യാധികൾ
ഒന്നും ദൈവം വരുത്തിയില്ല എന്നതാണ്.
നിന്നെ ഇന്നുവരെയും ആരോഗ്യത്തിൽ പരിപാലിച്ച ഉപകാരത്തെ ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം. രോഗം വരാതെ സൂക്ഷിച്ചത്
ദൈവത്തിന്റെ വലിയ ക്യപ. വന്ന രോഗങ്ങളെ
മാറ്റി തന്നത് ദൈവത്തിന്റെ മഹാ സ്നേഹം. ഈ ക്യപകളെ
ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം.

3) ജീവനെ നാശത്തിൽ നിന്നും വീണ്ടെടുക്കുന്നു.

നാം ഇന്ന് ജീവനോടിരിക്കുന്നത്
അവൻ ചെയ്ത വലിയ ഉപകാരമാണ്. ഇന്ന് ലോകത്തിൽ അനേകർ
അനർത്ഥങ്ങൾ മൂലവും
അപകടങ്ങൾ മൂലവും
പ്രക്യതി ദുരന്തങ്ങൾ മൂലവും, മാരകരോഗങ്ങൾ മൂലവും
മരണപ്പെടുന്നു. എന്നാൽ
ദൈവം തൻ്റെ ചിറകിൽ കീഴിൽ നമ്മെ സൂക്ഷിച്ച്
ജീവനോടെ നിറുത്തിയിരിക്കുന്നത്
ദൈവം ചെയ്ത ഉപകാരമല്ലേ..ഈ ഉപകാരത്തെ ഓർത്ത് ദൈവത്തെ സ്തുതിക്കണം.
ദൈവശുശ്രൂഷ ചെയ്യേണം.

4) അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

ജീവിതത്തിൽ ദൈവം ദയയോടെ ചെയ്യുന്ന സകല നന്മകളേയും ഓർത്ത് നാം ദൈവത്തെ
സ്തുതിക്കണം.നമ്മുടെ
ആത്മീകവളർച്ചക്കും
ഭൗതീകവളർച്ചക്കും
ആവശ്യമായ സകലതും ദൈവം തരുന്നു. താമസിക്കുവാൻ ഭവനം
ഭക്ഷിക്കുവാൻ ആഹാരം,
കുടിക്കുവാൻ വെള്ളം,
ശ്വസിക്കുവാൻ വായു
സഞ്ചരിക്കുവാൻ വാഹനം, നല്ല പ്രക്യതി,
നല്ല ജോലി ഇങ്ങനെ എണ്ണിയാൽ തീരാത്ത എത്രയെത്ര വൻക്യപകൾ.
ദൈവം നമുക്ക് തൻ്റെ ദയയാലും കരുണയാലും
ഇവയൊക്കെ നൽകി അണിയിച്ചൊരുക്കി നമ്മെ
നിറുത്തിയിരിക്കയല്ലേ?
ഈ വലിയ ഉപകാരത്തെ
ഓർത്ത് നാം ദൈവത്തെ
സ്തുതിക്കണം.

5)നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.

കഴുകൻ ചിറക് കൊഴിഞ്ഞ് തളരുമ്പോഴും
ദൈവം അവക്ക് പുതിയ ചിറകുകൾ നൽകും. അവ ഉയരത്തിലേക്ക് കുതിക്കും. അതുപോലെ
രോഗമോ, വാർദ്ധക്യമോ നിന്നെ തളർത്താതെ ദൈവം നിനക്ക് ആരോഗ്യം തന്ന് നിന്നെ കാക്കുന്നു. നീ വാർദ്ധക്യത്തിലും പന പോലെ തളിർക്കുന്നു.
ദൈവത്തെ സ്തുതിച്ചും
നന്ദി കരേറ്റിയും ജീവിക്കുമ്പോൾ നീ പുതുശക്തി ധരിക്കുന്നു.

” അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.
ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും.എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും”
യശയ്യാവ് 40:29-31

ജീവിതത്തിൽ പിറുപിറുക്കാതെ സംത്യപ്തിയോടെ ദൈവം ചെയ്ത സകല ഉപകാരങ്ങൾക്കും നന്ദി പറഞ്ഞ് ജീവിക്കാം. ആത്മീയ ജീവിതത്തിൽ
പുതുശക്തി പ്രാപിച്ച് ഉയരത്തിലേക്ക് പറന്നുയരാം.

മതിലുകൾ

സത്യവേദപുസ്തകത്തിൽ
മതിലുകളെ കുറിച്ച് അനേകം പരാമർശങ്ങളുണ്ട്. ഈ ഭൂമിയിൽ മനുഷ്യർ പണിയുന്ന മതിലുകൾ ഉണ്ട്. അതിർത്തി നിശ്ചയിക്കുന്നതിനും, ദുഷ്ടജന്തുക്കളിൽ നിന്നും
ദുഷ്ടമനുഷ്യരിൽ നിന്നും
ഒരു പരിധി വരെ രക്ഷ നേടുന്നതിന് ഈ മതിലുകൾ സഹായമാണ്.
അവയെല്ലാം താൽക്കാലികം മാത്രമാണ്. വേദപുസ്തകത്തിൽ
ആത്മീയപ്രാധാന്യമുള്ള
മതിലുകളെ പറ്റി പ്രതിപാദിക്കുന്നു.

1) തീമതിൽ

” എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു”
സെഖർയ്യാവു 2:5

ഈ ലോകം മുഴുവനും സാത്താൻ്റെ അധീനതയിൽ കിടക്കുന്നു. അവൻ ഭൂമിയിൽ ആരെ വീഴ്ത്തേണ്ടു എന്ന് നോക്കി ഊടാടി സഞ്ചരിക്കുന്നു. ദൈവം നമുക്ക് ചുറ്റും തീമതിൽ തീർത്ത് സകല പാപത്തിൽ നിന്നും, അക്യത്യത്തിൽ നിന്നും
തിന്മകളുടെ ആക്രമണങ്ങളിൽ നിന്നും നമ്മെ കാത്ത് പരിപാലിക്കുന്നു.

2) രക്ഷാമതിൽ

ആദാം, ഹവ്വാ ദമ്പതികൾ
പാപത്തിൽ വീണപ്പോൾ
അവർ തിരിച്ച് ഏദെൻതോട്ടത്തിൽ കയറി ജീവവ്യക്ഷത്തിൻ്റെ ഫലം തിന്മാതിരിപ്പാൻ ദൈവം ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ തിരിഞ്ഞു
കൊണ്ടിരിക്കുന്ന വാളിൻ്റെ ജ്വാലയുമായി നിറുത്തി എന്ന് ഉല്പത്തി പുസ്തകം 3ൽ 24-ാം വാക്യത്തിൽ നാം വായിക്കുന്നു. എന്നാൽ പിതാവായ ദൈവത്തിന് മനുഷ്യരോട് കരുണ തോന്നി സ്വന്തം പുത്രനെ ഭൂമിക്ക് നൽകി ഏദെനിൽ വച്ച് നഷ്ടപ്പെടുത്തിയ ജീവൻ്റെ വ്യക്ഷത്തിനുള്ള യോഗ്യത നൽകി ഒരു രക്ഷാമതിൽ
തീർത്തു.

“അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു”
യെശയ്യാ 26:1

യേശു നൽകിയ ഈ രക്ഷ ഒരു ശിരസ്ത്രം പോലെ ഒരു ഉറച്ച മതിൽ പോലെ നമ്മെ കാത്ത് സൂക്ഷിക്കുന്നു.

3) പ്രാർത്ഥനാമതിൽ

” ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും”
യേഹേസ്കേൽ 22:30

ദൈവം പ്രാർത്ഥനാവീരന്മാരെ
തിരയുന്നു. മോശെ ജനത്തിനുവേണ്ടി ഇടിവിൽ നിന്ന് പ്രാർത്ഥിക്കയും യഹോവ ഉത്തരം അരുളുകയും ചെയ്തു. സോദൊം ഗോമൊര എന്നീ പട്ടണങ്ങൾ നശിപ്പിക്കുവാൻ പോകുന്നെന്ന് യഹോവയുടെ അരുളപ്പാട് ഉണ്ടായപ്പോൾ
അബ്രാഹാം ഒരു പ്രാർത്ഥനാമതിൽ പണിതു. അതിന്റെ ഫലമായി ലോത്തിനേയും
കുടുംബത്തേയും യഹോവ രക്ഷിക്കുന്നു.
നാം മറ്റുള്ളവർക്കായി പ്രാർത്ഥനാമതിൽ തീർക്കണം. നാം നമ്മുടെ
ദേശത്തിനും, രാജ്യത്തിനും, സഭകൾക്കും വേണ്ടി പ്രാർത്ഥിക്കണം.

4) ആത്മസംയമനമതിൽ

ജീവിതത്തിൽ നാം ഇന്ദ്രീയജയത്തിൻ്റേയും
ആത്മ നിയന്ത്രണത്തിൻ്റേയും
മതിലുകൾ പണിയണം. അല്ലെങ്കിൽ ദൈവം നമുക്കനുകൂലമായി പണിത മതിലുകൾ തകർന്നുപോകും.

” ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു”
സദൃശ്യവാക്യങ്ങൾ 25:28

സകലതും ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണെങ്കിൽ ഒരു ശക്തിക്കും ദൈവം പണിത മതിലുകളെ തകർക്കുവാൻ കഴികയില്ല. അവർ ജീവിതത്തിൽ പ്രതിസന്ധികളായി നിൽക്കുന്ന മതിലുകളെ ചാടി കടക്കും. അവർ ദാവീദിനെ പോലെ ഇങ്ങനെ പറയും.

” നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും”
18-ാം സങ്കീ 29-ാം വാക്യം.

യെരീഹൊ മതിലിൽ വീണത്, സ്തുതിയുടേയും
ആരാധനയുടേയും കാഹളം മുഴങ്ങിയപ്പോഴാണ്. ആരാധനയാലും ,
സ്തുതികളാലും, വചനത്താലും, പ്രാർത്ഥനയാലും നമുക്കെതിരെ നിൽക്കുന്ന മതിലുകളെ തകർക്കാം. നീതിമാനായ ജോസഫ് മതിലിനു മീതെ
പന്തലിച്ച് വളർന്നു.

“യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു” ഉല്പത്തി 49:22

5) നിത്യമായ, മനോഹരമതിൽ

സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്ന യെരൂശലേമെന്ന
വിശുദ്ധനഗരത്തിനു ചുറ്റും മനോഹരമായ മതിൽ.

“അതിനു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
വെളിപ്പാട്21:12,13

ദൈവം നമുക്കുവേണ്ടി പണിത തീമതിലിനുള്ളിൽ
വിശ്വാസത്താലും, പ്രാർത്ഥനയാലും ആരാധാനയാലും വസിച്ച്,
സാത്താൻ നമുക്കെതിരെ
കൊണ്ടുവരുന്ന മതിലുകളെ തകർത്ത് ഇന്ദ്രീയജയവും, ആത്മനിയന്ത്രണവും
പാലിച്ച് ജീവിച്ചാൽ, സാത്താൻ കൊണ്ടുവരുന്ന മതിലുകളിൽ പടർന്നു കയറി ഫലപ്രദമായ വ്യക്ഷം പോലെ പരിശോഭിക്കുവാൻ
നമുക്ക് കഴിയും. അങ്ങനെയുള്ളവർക്ക്
ലഭിക്കും യെരുശലേം എന്ന വിശുദ്ധ നഗരവും, അതിൻ്റെ ചുറ്റുമുള്ള മനോഹരമായ മതിലും. എത്ര ജീവിച്ചാലും
കൊതി തീരാത്ത ആ മനോഹരമായ വിശുദ്ധനഗരത്തിനും മതിലിനുമായി വിശുദ്ധിയോടെ
കാത്തിരിക്കാം.

യഹോവ പർവ്വതങ്ങളുടെയും താഴ്വരകളുടെയും ദൈവം

ദൈവസാന്നിധ്യമിറങ്ങിയ പർവ്വതങ്ങളെ കുറിച്ചു നമുക്കു ചിന്തിക്കാം.

1.അരാരത്ത് പർവ്വതം

ഈ പർവ്വതം എല്ലാം പുതുക്കുന്ന പർവ്വതമാണു.
മഴയെപറ്റി കേട്ടുകേൾവി പോലും ഇല്ലാതിരുന്ന അക്കാലത്തു നീതിമാനായ നോഹ ദൈവം തന്നോടു കല്പിച്ചതൊക്കെയും
ചെയ്തു. നോഹയുടെ കാലത്തു ജല പ്രളയത്താൽ ഭൂമി നശിച്ചു. ദൈവം നോഹയേയും നോഹയുടെ കുടുംബത്തെയും ഓർത്തു. ദൈവം ഉറവുകളെ അടച്ചു. പുതിയ ആകാശവും പുതിയ ഭൂമിയും നൽകി. അരാരത്തു പർവ്വതം എല്ലാം പുതുതാക്കുന്ന പർവ്വതമാണു.
ഒരുവൻ ക്രിസ്തുവിലായാൽ
അവൻ പുതിയ സ്യഷ്ടിയാകുന്നു.
ഈ ക്യപായുഗത്തിൽ രക്ഷയുടെ പെട്ടകത്തിൽ എത്രയും വേഗം കയറുക. ദൈവം എന്നാണു
ഈ വാതിൽ അടക്കുക എന്നു ആർക്കും അറിയുകയില്ല.

2) മോറിയ മല

ഈ മല പരീക്ഷണത്തിന്റെയും, വിശ്വാസത്തിന്റെയും മലയാണു.
ഈ മല നമ്മെ പഠിപ്പിക്കുന്നതു
“യഹോവയിരെ”.യഹോവ നമ്മെ കരുതുന്നു
എന്നാണു.
അബ്രാഹാം ദൈവത്തിന്റെ വാക്കനുസരിച്ചു തന്റെ ഏകജാതനായ ഇസഹാക്കിനെ
ബലി കഴിക്കാൻ കൊണ്ടുപോയപ്പോൾ, ഹോമയാഗത്തിനുള്ള ആടെവിടെ എന്ന ചോദ്യത്തിനു,
ദൈവം കുഞ്ഞാടിനെ കാണിച്ചു
കൊടുത്ത കരുതലിന്റെ മലയാണിത്.
അബ്രാഹാമിനെ
വിശ്വാസത്താൽ സ്ഥിരപ്പെടുത്തി രക്ഷയെ ചൂണ്ടികാണിച്ച മല.
ഹോമയാഗത്തിനുള്ള ആടെവിടെ? എന്ന ചോദ്യത്തിനു
യോഹന്നാൻ സ്നാപകൻ ഉത്തരം നൽകി.
“ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” യോഹന്നാൻ 1:29
മോറിയമല മനുഷ്യകുലത്തിന്റെ
കരുതലിന്റെ മല.

3) “ഹോരേബ് പർവ്വതം അതായതു സീനായ് മല.

ഹോരേബ് പർവതം ദൈവത്തിന്റെ പർവ്വതമാണു. ഈ പർവ്വതത്തിലേക്കു ആടുകളെ മേയ്ക്കാൻ പോയ മോശക്കു, ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു വലിയൊരു ദൗത്യം നൽകി. മോശ പാറയെ അടിച്ചു വെള്ളം നൽകിയതു സീനായ് മരുഭൂമിയിൽ ആണു. ദൈവം എഴുതിയ പത്തു കല്പനകൾ മോശക്കു നൽകിയതും ഈ പർവ്വതത്തിലാണു. വചനം കേട്ടു ദൈവ സാന്നിധ്യത്തിൽ ഇരുന്നപ്പോൾ മോശയുടെ ത്വക്കു പ്രകാശിച്ചതു ഈ പർവ്വതത്തിൽ ആണു .വചനം കേൾക്കുവാൻ കയറി വരികയെന്നു ദൈവം ഇന്നും നമ്മോടു പറയുന്നു. “എന്റെ വചനം തീ പോലെയും,പാറയെ തകർക്കുന്ന ചുറ്റിക പോലെയും, അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു”
യിരെമ്യാവ് 23 :29

4) കർമ്മേൽ പർവ്വതം.

ദൈവം തീകൊണ്ടു ഉത്തരമരുളിയ പർവ്വതം. ഏലിയാവ്, ബാലിന്റെ പ്രവാചകന്മാരേയും മറ്റും കൂട്ടി വരുത്തി യഹോവക്കു ബലി കഴിക്കുവാനും ആരുടെ ദൈവം ആണോ ഇറങ്ങിവന്നു ബലിയെ സ്വീകരിക്കുന്നതു, ആ ദൈവം സത്യദൈവം എന്നു പറഞ്ഞു. ദൈവത്തിന്റെ തീ ഇറങ്ങി ഏലിയാവിന്റെ വിറകും മണ്ണും ഹോമയാഗവും ദഹിപ്പിച്ചു. യഹോവ തന്നെ ദൈവം എന്നു തെളിയിച്ച മലയാണു മോറിയാ മല. നമ്മുടെ ജീവിതത്തിലും തീയ്യിലൂടെ കടന്നുപോകുന്ന അനുഭവങ്ങൾ കടന്നുവരുമ്പോൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ദൈവം നിശ്ചയമായും ഇറങ്ങിവന്നു നമുക്കു ഉത്തരമരുളും.

5) മറുരൂപമല

ഈ മല പ്രാർത്ഥനയുടെ,
തേജസ്ക്കരുണത്തിന്റെ ,ദൈവസാക്ഷ്യത്തിന്റെ മലയാണു. യേശു പത്രോസ്,യാക്കോബ് ,യോഹന്നാൻ എന്നിവരോടൊപ്പം പ്രാർത്ഥിക്കാൻ പോയതും, ഏലിയാവും മോശയും പ്രത്യക്ഷപ്പെട്ട് സ്വർഗീയ സംഭാഷണത്തിൽ ഏർപ്പെടുന്നതും, യേശുവിന്റെ വസ്ത്രം ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തവിധം നിർമ്മലമായതും , യേശു സൂര്യനെപ്പോലെ പ്രകാശിച്ചതും, സ്വർഗ്ഗം യേശുവിനെ നോക്കി
“ഇവനെന്റെ പ്രിയപുത്രൻ” എന്നു സാക്ഷിച്ചതും ഈ മലയിൽ വച്ചാണ്. നമ്മെ നോക്കി സ്വർഗ്ഗം പറയുമോ നാം ദൈവമക്കളാണെന്നു. ദൈവമക്കളായി തീരുവാൻ ഒരു വഴി മാത്രം മാത്രം.

“അവനെ കൈകൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” യോഹന്നാൻ. 1:12

6) കാൽവരിമല അഥവാ ഗോഗുൽത്താമല .

തലയോടിടം എന്നർത്ഥം.
ഇതു നമ്മുടെ രക്ഷക്കായി യേശു യാഗമായ മല. കളളന്മാരുടെ മദ്ധ്യത്തിൽ രക്ഷകൻ മൂന്നാണിയിൽ ആറുമണിക്കൂർ തൂങ്ങികിടന്ന മല.
ഏഴു മൊഴികൾ ഉരുവിട്ട മല. എല്ലാം നിവ്യത്തിയായി എന്നു പറഞ്ഞു യേശു ജീവനെ വെടിഞ്ഞ മല.
നമ്മുടെ ജീവിതത്തിലും പിതാവിനെ നോക്കി നമ്മുടെ ദൗത്യം പൂർത്തീകരിച്ചുവെന്നു
നമുക്കു പറയാനാകുമോ..?
പാപപരിഹാരത്തിനായി കാൽവരി ക്രൂശിലേക്കു നോക്കാം…

7) ഒലിവുമല

മഹത്വത്തിന്റെ, അനുഗ്രഹത്തിന്റെ മല.
“ഗലീല പുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതു പോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു . അപ്പൊ.പ്രവ്യ 1 :11

ഈ മല പ്രതീക്ഷയുടെ മല. ജീവിതത്തിൽ പർവ്വതം പോലെ
വഴിമുട്ടി നിൽക്കുന്ന ജീവിതപ്രശ്നങ്ങൾ ഉണ്ടോ? നല്ലവനായ ദൈവം ഉത്തരം അരുളും. കാരണം യഹോവ
പർവ്വതങ്ങളുടേയും താഴ്വരകളുടേയും ദൈവമാകുന്നു.
നമുക്കൊരു പ്രതീക്ഷയുണ്ടു.
നമ്മുടെ പ്രാണനാഥൻ വരും. നമ്മെ മാറോടണക്കും
വിശുദ്ധിയെ തികച്ചു ആ നല്ല ദിവസത്തിനായി ഒരുങ്ങിയിരിക്കാം…

ജീവിപ്പിക്കുന്ന ദൈവം

ഹബക്കൂക് ഇങ്ങനെ പ്രാർത്ഥിച്ചു.

“യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ”
ഹബക്കൂക്‍ 3:2

ഹബക്കൂക്‍ ഒന്നാമത്തെ അദ്ധ്യായത്തിൽ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലുള്ള അനീതിയെ കുറിച്ച് പ്രവാചകൻ പറഞ്ഞു. രണ്ടാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ ദൈവത്തിൻ്റെ മറുപടിക്കായി കാത്തിരിക്കുന്ന പ്രവാചകനെ നാം കാണുന്നു. ദൈവം അവന് മറുപടി കൊടുക്കുകയും ചെയ്യുന്നു.നമ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒരു നിർജീവാവസ്ഥ ഉണ്ടാകാറുണ്ട്. നാം നിർജീവരാകാൻ പാടില്ല.
നമ്മെ ദൈവം ജീവിപ്പിക്കുന്നു. ഏതെല്ലാം വിധത്തിലാണ് ദൈവം നമ്മെ ജീവിപ്പിക്കുന്നത്.

1) പരിശുദ്ധാത്മാവിനാൽ

“ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു”
യോഹന്നാൻ 6:63

“യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും”
റോമർ 8:11

ഉണങ്ങി വരണ്ട നിർജീവമായ ആത്മീയ അവസ്ഥകളെ ജീവിപ്പിക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്പർശനം കൂടിയേ തീരൂ. യെഹെസ്കേൽ 37-ാം അദ്ധ്യായത്തിൽ ഉണങ്ങി വരണ്ട അസ്ഥികൂടങ്ങൾ നിറഞ്ഞ താഴ്വരയിൽ കൂടെ, പ്രവാചകനെ ദൈവം ചുറ്റി നടക്കുമാറാക്കി. അസ്ഥികൂടങ്ങളോട് ദൈവ കല്പനപ്രകാരം പ്രവചിച്ചപ്പോൾ ആ അസ്ഥികൂടങ്ങൾ ത്വക്ക് പൊതിഞ്ഞ് നിർജീവങ്ങളായ മനുഷ്യരൂപങ്ങളായി മാറി എന്നാൽ അവയ്ക്ക് ജീവൻ പ്രാപിച്ചത് നാലു ഭാഗത്തുനിന്നും പ്രവാചകന്റെ കൽപ്പന പ്രകാരം കാറ്റ് അഥവാ പരിശുദ്ധാത്മാവ് വീശിയപ്പോഴാണ്. ദൈവാത്മാവിന്റെ സ്പർശനം ഉണ്ടായാൽ ഉണങ്ങിയ ജീവിതങ്ങൾ
വേരൂന്നും,തളിരണിയും
പൂക്കും,ഫലം കായ്ക്കും.

2) ദൈവവചനത്താൽ

ആത്മാവും വചനവും കൂടിയാൽ അത്ഭുതങ്ങൾ
കാണാം. തിരുവചനം നമ്മെ ജീവിപ്പിക്കും. അത് അസ്ഥികളിലും മജ്ജകളിലും തുളച്ചു കയറും. പരിണാമം വരുത്തും. ഉണങ്ങിയ അസ്ഥികൾ വചനം കേൾക്കണം. വചനം
ജീവിപ്പിക്കും.

“എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ”
119-ാം സങ്കീ 25-ാം വാക്യം

അവിടുത്തെ ദയ മാറ്റമില്ലാത്തതാണ്. പുതിയതാണ്. നിരന്തരമായതാണ്. ആകാശത്തോളം ഉയർന്ന് നിൽക്കുന്നതാകുന്നു. അസ്ഥികൂടങ്ങൾ ജീവൻ പ്രാപിച്ചത് പരിശുദ്ധാത്മാവ് ആകുന്ന കാറ്റടിച്ചപ്പോഴാണെങ്കിലും മനുഷ്യരൂപം വന്നത് അവയോട് പ്രവാചകന്‍ ദൈവവചനം പ്രവചിച്ചപ്പോഴാണ് ദൈവവചനത്താൽ നമ്മുടെ രൂപം മാറും .ഭാവം മാറും.
ജ്ഞാനം കൊണ്ട് നിറയും.

3) ദൈവനാമത്താൽ

” യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ”
143-ാം സങ്കീ 11-ാം വാക്യം

” അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും”
ഫിലിപ്പിയർ 2:10,11

ആ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ഉണ്ട്.
ദൈവസാന്നിധ്യത്തിൽ
തുടിക്കുന്നത് ജീവനാണ്.

ആണ്ടുകളുടെ മദ്ധ്യത്തിൽ എന്നെ ജീവിപ്പിക്കേണമേ എന്ന്
ഹബക്കൂക് പ്രാർത്ഥിച്ചപ്പോൾ ദൈവം മറുപടി കൊടുത്തു. അവൻ ദൈവത്തിന്റെ മഹിമ വർണ്ണിക്കുവാൻ ആരംഭിച്ചു. ദൈവത്തെ സ്തുതിച്ചപ്പോൾ അവൻ്റെ മനോഭാവം മാറി.അവൻ്റെ
കാഴ്ച്ചപാട് മാറി അവൻ ഇങ്ങനെ പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക് 3:17-19

പരിശുദ്ധാത്മാവിനാലും
ദൈവവചനത്താലും, ദൈവനാമത്താലും ശക്തി പ്രാപിച്ച് കർത്താവിനെ ബലമാക്കി
പേടമാൻ കാൽ പോലെ
ബലം ധരിച്ച്
ഉന്നതികളിൽ വസിക്കാം