വേദപുസ്തകം പ്രതീക്ഷയുടെ
പുസ്തകമാണു. കാത്തിരിപ്പിന്റെ
പുസ്തകമാണു.
നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.
നാം എത്രനാൾ കാത്തിരിക്കേണം.

1) നമ്മുടെ കർത്താവു വരുവോളം.

കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെ
നേരെ പല കുറ്റാരോപണങ്ങളും
ഉണ്ടായി. എന്നാൽ പൗലൊസിനു
ഒരു പ്രതീക്ഷ
ഉണ്ടായിരുന്നു.
എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി.

“ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും. 1കൊരിന്ത്യർ 4:5

2) ഉയരത്തിൽ നിന്നും ശക്തി ലഭിക്കുവോളം.

” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
ലൂക്കോസ് 24:49

ഉയരത്തിൽ നിന്നും ശക്തി ലഭിച്ച
ശിഷ്യർ യരുശലേമിൽ മാത്രം ഒതുങ്ങി നിന്നില്ല. അവർ യഹൂദയിൽ എല്ലായിടത്തും
പുറജാതികളുടെ ഇടമായ ശമര്യയിലും ഭൂമിയുടെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷികളായി.നമ്മെ നാമായിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും, പരിമിതികളിൽ നിന്നും, വിടുവിച്ചു
വിശാലമായ ലോകത്തിലേക്കു
നയിച്ച് യേശുവിന്റെ സാക്ഷിയായി ദൈവം ഉയർത്തും. ആയതിനു ഉയരത്തിൽ നിന്നും
ശക്തി ലഭിക്കുവോളം കാത്തിരിക്കേണം.

3) ഉയരത്തിൽ നിന്നും ആത്മാവിനെ പകരുവോളം
കാത്തിരിക്കേണം.

” ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.”
യശയ്യാവു 32:15

ഇപ്പോൾ ജീവിതം ഒരു മരുഭൂമിയായിരിക്കാം. ഭവനങ്ങളിൽ മുള്ളും പറക്കാരയും മുളെച്ചു നിൽക്കുന്നുണ്ടാകാം..
അവ നമ്മെ കുത്തി നോവിക്കുന്നുണ്ടാകാം. എന്നാൽ പഴിപറയാതെ
ക്ഷമയോടെ, വിശുദ്ധിയോടെ കാത്തിരുന്നാൽ ഉയരത്തിൽ
നിന്നും ദൈവം ആത്മാവിനെ
പകർന്നു ശക്തി തരും. അപ്പോൾ മുള്ളും പറക്കാരയും ആത്മാവിന്റെ തീയ്യിൽ വെന്തെരിയും. അവിടം
സന്തോഷം നൽകുന്ന
പൂങ്കാവനമാകും.

4) ക്യപലഭിക്കുവോളം കാത്തിരിക്കേണം.

വേഴാമ്പൽ വെള്ളത്തിനായി കാത്തിരിക്കുന്നതുപോലെ ഉയരത്തിൽ നിന്നും ക്യപയുടെ
നീർച്ചാലുകൾ ഒഴുകി വരുന്നതുവരെ കാത്തിരിക്കുക.നിന്ദകളും
പരിഹാസങ്ങളും, കുത്തുവാക്കുകളും, അവഗണനയും , പരിഹാസവും
നേരിടുമ്പോൾ അവയെല്ലാം സഹിച്ച്,
ലോകത്തെ ജയിച്ചവനായ ക്രിസ്തുവിലേക്കു
ക്യപ ലഭിക്കുവോളം നോക്കി കൊണ്ടിരിക്കുക.

” ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു.
123-ാം സങ്കീ 2-ാം വാക്യം.

പ്രാർത്ഥനയിൽ ക്ഷീണിച്ചുപോകരുതു.
കർത്താവു
വരുവോളം, ഉയരത്തിൽ നിന്നും ശക്തി
ലഭിക്കുവോളം , ക്യപലഭിക്കുവോളം കാത്തിരിക്കേണം. ക്യപയും ശക്തിയും ലഭിക്കുവാൻ വചനമാകുന്ന വാൾ കരങ്ങളിലേന്താം. നിരാശയുടെ
കരിതിരികൾ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റാം..
ഭവനങ്ങളിലെ വേദന നൽകുന്ന മുള്ളുകളേയും
പറക്കാരയേയും തീജ്വാലയാകുന്ന വചനത്താൽ
ഭസ്മീകരിക്കാം.
പരിശുദ്ധാത്മാകുന്ന എണ്ണയാൽ
നാമാകുന്ന വിളക്കിനെ
പ്രശോഭിതമാക്കി തണ്ടിന്മേൽ
വച്ച വിളക്കായി
മറ്റുളളവർക്കു പ്രകാശം പകർന്നു
മുന്നോട്ടു പോകാം.. യേശു
വരുവോളം ദീർഘക്ഷമയോടെ
പ്രത്യാശയോടെ കാത്തിരിക്കാം.
നമ്മുടെ പ്രാണപ്രിയൻ വരും…

“അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
മത്തായി 24:12,13