വിശ്വാസത്താൽ തീയുടെ ബലം കെടുത്തി തീച്ചൂളയിൽ നിന്നും
പുറത്തുവന്ന യഹൂദ യവനക്കാരായിരുന്നു ശദ്രക്ക്,മേശക്ക്,
അബേദ്നെഗൊ.
( ഹനന്യാവ്, മീശായേൽ, അസര്യാവ്) എന്നിവർ എന്ന് ദാനിയേലിന്റെ
പുസ്തകം പ്രതിപാദിക്കുന്നു.

വിശ്വാസജീവിതത്തിനു പരീക്ഷകളും പരിശോധനകളും
ഉണ്ടു. ബാബിലോണിലായിരുന്ന
വിശ്വാസികൾക്കു പ്രധാനമായി
മൂന്നു വിധ പരീക്ഷകളാണു ഉണ്ടായിരുന്നതു.

1)ഭക്ഷണത്തോടു ബന്ധപ്പെട്ടതു.

2) പേരിനോടു ബന്ധപ്പെട്ടതു

3) ആരാധനയോടു ബന്ധപ്പെട്ടതു.

യേശുക്രിസ്തുവിന്
ഉണ്ടായ പരീക്ഷകളും ഈ മൂന്നു വിഷയത്തോടു ബന്ധപ്പെട്ടവയായിരുന്നു. എല്ലാകാലത്തുമുള്ള വിശ്വാസികളുടെ പരിശോധനയും
ഈ വിഷയങ്ങളുമായി ബന്ധിച്ചു നിൽക്കുന്നു.

വിശ്വാസത്തിന്റെ
പരിശോധനയെ വിശ്വാസത്താൽ
മാത്രമേ അതിജീവിക്കുവാൻ കഴിയൂ. ആരാധനയോടു ബന്ധപ്പെട്ട കഠിന പരിശോധനയിലൂടെ
ആണു ശദ്രക്ക്, മേശക്ക്, അബേദ്നെഗൊ കടന്നുപോയതു.
അറുപതു മുഴം നീളവും ആറുമുഴം വണ്ണവും ഉള്ള കാഴ്ച്ചക്കു
അതിമനോഹരമായ സ്വർണ്ണബിംബം രാജാവു നിർത്തി. ആരും
കണ്ടാൽ വീണുപോകും.
അതിന്റെ സൗന്ദര്യവും, വലുപ്പവും ആരേയും വീഴ്ത്തും. എന്നാൽ
അതിനു ജീവനില്ല. വെറും പ്രതിമ. ഇന്നും അധർമ്മത്തിന്റെ മൂർത്തി
ജീവിതപന്ഥാവിൽ മനോഹരമായ പലതും ഒരുക്കി വച്ചു നമ്മെ മാടി വിളിച്ചു എന്നു
വരാം. വീണു പോകരുതേ..

ആ കുഞ്ഞുങ്ങൾ ചിന്തിച്ചു. രാജാവിന്റെ ബിംബത്തെ ആരാധിച്ചാൽ എരിതീയിൽ നിന്നും താൽകാലികമോചനം
ലഭിക്കും.എന്നാൽ നിത്യനരകത്തിലെ നിത്യാഗ്നിയിൽ
നിന്നും മോചനം
ലഭിക്കയില്ല.
ബിംബത്തെ നമസ്ക്കരിക്കാതെ
ഇരുന്നാൽ അല്പസമയത്തേക്കു തീച്ചൂളയിൽ ആകുമെങ്കിലും നിത്യാഗ്നി ഒഴിഞ്ഞു പോകും.
ആ ദേശത്തെ അനേകർ ഈ പരീക്ഷയിൽ തോറ്റു ജീവനില്ലാത്ത പ്രതിമയെ വണങ്ങി.മൂന്നുപേർ ദൈവത്തിൽ ഉറച്ചു നിന്നു. ദൈവത്തിനു കൊടുക്കേണ്ട മഹത്വം വിഗ്രഹങ്ങൾക്കൊ മനുഷ്യർക്കൊ കൊടുക്കുന്നതു
പാപമാണെന്നു അവർ വിശ്വസിച്ചു. അതുകൊണ്ടു ധൈര്യപൂർവ്വം അവർ പറഞ്ഞു.

“നെബുഖദ്നേസ്സരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽ നിന്നു
രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ബിംബത്തെ നമസ്ക്കരിക്കയില്ല
എന്നു അറിഞ്ഞാലും”
ദാനിയേൽ 3: 16-18

ദൈവത്തിൽ അവർ വിശ്വസിച്ചു.
അഗ്നിജ്വാലയിലൂടെ നീ കടന്നാൽ ജ്വാല നിന്നെ ദഹിപ്പിക്കയില്ല എന്ന വചനം അവർ
പൂർണ്ണമായി
വിശ്വസിച്ചു. രാജാവു ചൂളയൂടെ ചൂടു കൂട്ടി. സത്യാരാധനക്കാർക്കു
കഷ്ടതയുടെ തീച്ചൂള ദൈവം എല്ലാകാലത്തും വച്ചിട്ടുണ്ടു.

“ഇതാ ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു. വെള്ളിയെപോലെ അല്ല താനും. ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന
കഴിച്ചതു” യെശയ്യ 48:10

ചൂളയുടെ ചൂടു രാജാവു കൂട്ടിയപ്പോൾ അവരിലെ വിശ്വാസത്തിന്റെ വ്യാപാരശക്തിയും വർദ്ധിച്ചു. കഷ്തയാകുന്ന തീച്ചൂളയുടെ ചൂടു പതിന്മടങ്ങു വർദ്ധിക്കുമ്പോൾ നാം നിരാശപ്പെടരുതു. അവർ ഉറച്ചുനിന്നു.ഫലമോ..
തീച്ചൂളയിൽ ഇട്ടപ്പോൾ അവരെ ബന്ധിച്ച ബന്ധനങ്ങൾ ഇല്ലാതായി.
എന്നാൽ അവരുടെ വസ്ത്രം കത്തിയില്ല..
മാത്രമല്ല..അവരെ
ശുശ്രൂഷിക്കാനായി സ്വർഗ്ഗം തുറന്നു ഒരാൾ ഇറങ്ങിവന്നു. നമ്മുടെ
തീച്ചൂളയുടെ നടുവിൽ ഇറങ്ങിവരുന്ന ഒരു ദൈവമുണ്ടു.

സ്തേഫാനോസിനെ കല്ലെറിയുമ്പോൾ സ്വർഗ്ഗം തുറന്നു അവനെ സ്വീകരിപ്പാൻ തയ്യാറായി
കർത്താവു നിൽക്കുന്ന കാഴ്ച്ച അവൻ കണ്ടു. വിശ്വാസത്തിന്റെ
പരിശോധന പെട്ടെന്നു മാറി എന്നു വരികയില്ല. അല്പസമയം
തീച്ചൂളയിൽ കിടക്കാൻ ദൈവം അനുവദിക്കും. അതു ലോകത്തിനു ഒരു മഹത്വം കാണിച്ചു കൊടുക്കുവാനാണു.
രാജാവു ദൈവമഹത്വം തീച്ചൂളയിൽ ഇറങ്ങുന്നതു കണ്ടു.രാജാവു പറഞ്ഞു.
ഈ വിധത്തിൽ വിടുവിക്കുവാൻ
കഴിയുന്ന മറ്റൊരു ദൈവമില്ല.
പിന്നീടു ശദ്രക്കിനും, മേശക്കിനും
അബേദ്നനെഗോനും രാജ്യത്തു
സ്ഥാനമാനങ്ങൾ നൽകി
രാജാവ് ആദരിച്ചു.

തീച്ചൂള കണ്ടു ഭയപ്പെടേണ്ട. തീയുടെ ബലം കെടുത്താനായി
ഇറങ്ങിവരുന്ന ദൈവമുണ്ടു.
വിശ്വാസത്താൽ മാത്രമേ തീയുടെ ബലം കെടുത്താൻ പറ്റുകയുള്ളു.
എന്നു ഓർത്തുകൊൾക.
മറ്റു മാർഗങ്ങളിലേക്കു തിരിഞ്ഞവരാരും മടങ്ങിവന്നിട്ടില്ല.
അവർ നശിച്ചുപോയി എന്നും ഓർത്തു കൊൾക. ജീവനുള്ള
സത്യദൈവത്തെ മാത്രം ആരാധിക്കാം.
വിശ്വസിക്കാം.
അങ്ങനെ തീയുടെ ബലം കെടുത്താം…

“നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു”
യെശയ്യാ 43:2,5