” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”
2കൊരിന്ത്യർ 3:2,3
പൗലോസ് അപ്പോസ്തലൻ പറയുകയാണു സകല മനുഷ്യരും
അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങളാകുന്നു. പത്രം എല്ലാവരും
വായിക്കുന്ന പോലെ നിങ്ങൾ മറ്റുള്ളവർക്കും അറിയാനും വായിക്കാനും ഉതകുന്ന ക്രിസ്തുവിൻ പത്രമായി മാറണം.
നിങ്ങളുടെ ജീവിതം കണ്ടാൽ ക്രിസ്തു ആരാണെന്നു വെളിപ്പെടണം.
ഒരു ഭവനത്തിലെ മാതാപിതാക്കളുടെ വിശ്വാസമാണു മക്കൾക്കു ലഭിക്കുക. വലിയ വിശ്വാസത്തിന്റെ പാരമ്പര്യത്തിൽ
വളർന്ന യുവാവായ തിമൊഥെയൊസിനെ
കുറിച്ചു പൗലോസിനു വലിയ പ്രതീക്ഷ
ഉണ്ടായിരുന്നു.അമ്മയുടെ
വിശ്വാസം മക്കൾക്കു നിശ്ചയമായും ലഭിക്കും.
അവരുടെ ജീവിതമാത്യകയാണു
പലപ്പോഴും മക്കൾക്കു ലഭിക്കുന്ന ആത്മീയദൂതു. അതിനാൽ പൗലോസ് ഇങ്ങനെ എഴുതി.
” ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.”
2തിമൊഥെയൊസ് 1:5
നാലു വേദശാസ്ത്ര
പണ്ഡിതന്മാർ
ഒരിക്കൽ ബൈബിൾ വേർഷനെകുറിച്ചു സംസാരിച്ച് കൊണ്ടിരുന്നു.അപ്പോൾ
ഒരുവൻ പറഞ്ഞു.
“എനിക്കു എപ്പോഴും കിങ്ങ് ജെയിംസ് വേർഷൻ ആണു ഇഷ്ടം.
കാരണം അതിന്റെ സുശക്തമായ
ഭാഷ അതിനെ ഉൽക്യഷ്ടമാക്കുന്നു” അപ്പോൾ
മറ്റൊരുവൻ പറഞ്ഞു. “എനിക്കു
ന്യൂ ഇംഗ്ളീഷ് വേർഷനാണു
താല്പര്യം. കാരണം അതു സൂക്ഷ്മമായ
പാഠതർജ്ജിമയും
ആധുനിക ഭാഷയും ഒത്തിണങ്ങിയതാണു”. മൂന്നാമൻ
പറഞ്ഞു “ഗുഡ് ന്യൂസ് ബൈബിളാണു എനിക്കു പ്രിയം.
അതു ആധുനിക ലളിതഭാഷയാണു.” ഇതെല്ലാം കേട്ടു നിന്ന നാലാമൻ പറഞ്ഞു.
“എനിക്കു ഏറ്റവും ഇഷ്ടം എന്റെ
അമ്മയുടെ പരിഭാഷയാണു.” ഇതു കേട്ട മറ്റുള്ളവർ ചോദിച്ചു.എന്ത് നിന്റെ അമ്മ വേദപുസ്തകം പരിഭാഷ ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. “എന്റെ അമ്മ ജീവിതത്തിൽ ഒന്നും എഴുതിയിട്ടില്ല. പക്ഷേ എന്റെ അമ്മ വേദപുസ്തകം എപ്പോഴും
നല്ലതുപോലെ വായിച്ചു അതിനനുസരിച്ചു ജീവിച്ച് ഒരു ക്രിസ്തുവിൻ പത്രമായി മാറി.
ആ പത്രമാണു ഏറ്റവും നല്ല പരിഭാഷ”
ബില്ലിഗ്രഹാം എന്ന
സുപ്രസിദ്ധ സുവിശേഷകൻ
പറഞ്ഞു “Often you are the gospel people read” (നിങ്ങൾ
എന്ന സുവിശേഷമാണു പലപ്പോഴും ആളുകൾ വായിക്കുന്നതു)
വിശ്വാസം പ്രവ്യത്തിയിൽ കൂടി വെളിപ്പെടണം.
” സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
യാക്കോബ് 2:14
അങ്ങനെ വിശ്വാസവും പ്രവൃത്തികൾ
ഇല്ലാത്തതായാൽ സ്വതവെ
നിർജ്ജീവമാകുന്നു.
യാക്കോബ് 2:17
“എന്റെ ജീവിതമാണു എന്റെ സന്ദേശം” എന്നു മഹാത്മാഗാന്ധിയെ പോലെ ധൈര്യമായി പറയുവാൻ നമുക്കു കഴിയണം.
ഒരു ദിവസം വൈകീട്ടു സോക്രട്ടീസിന്റെ ചില ശിഷ്യന്മാർ
വന്നു “ഗുരോ നിന്റെ ശിഷ്യന്മാരായിരുന്ന ചിലർ ഇപ്പോൾ നിനക്കെതിരായി ദൂഷണം പറയുന്നു. നീ അവരെ
തീർച്ചയായും ശിക്ഷിക്കണം” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ശരി നമുക്കെന്തെങ്കിലും ചെയ്യാം”. ശിഷ്യർക്കു സന്തോഷായി. തങ്ങളുടെഗുരു അവർക്കെതിരെ
എന്തു നടപടിയെടുക്കും എന്നറിയുവാൻ അവർ ഗുരുവിനെ സമീപിച്ചു. ശാന്തനായ ഗുരു ഇങ്ങനെ മറുപടി പറഞ്ഞു.
“അവർ എന്നെപ്പറ്റി എന്തു ദൂഷണം പറഞ്ഞാലും ആരും
വിശ്വസിക്കാതിരിപ്പാൻ തക്കവണ്ണം ഞാൻ മേലിൽ കുറെക്കൂടി നന്നായി ജീവിക്കും”
ഇതാണു മഹത്തായ ജീവിതം..
“വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.”
തീത്തോസ് 2:7
യേശു എല്ലാവർക്കും പിന്തുടരാനായി ഒരു വലിയ മാത്യക വച്ചേച്ചുപോയി.
“അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21-23
ഒരു തുറന്ന പത്രമായി നാട്ടപ്പെട്ടിരിക്കുന്നു കാൽവരിയിലെ കുരിശു. ആർക്കും അറിയാനും
വായിച്ചു പഠിക്കാനുമായി യേശു ഒരു മാത്യക വെച്ചേച്ചുപോയി. ആ ക്രിസ്തുവിൻ പത്രമായി നമുക്കു മാറാം.