സത്യവേദപുസ്തകത്തിൽ
ജീവപുസ്തകത്തെ കുറിച്ച് അനേകം പരാമർശങ്ങൾ കാണാം.
വെളിപ്പാട് പുസ്തകത്തിലാണ്
ജീവപുസ്തകത്തെ പറ്റി കൂടുതലായി പ്രതിപാദ്യം
ഉള്ളത്. അവ
വെളിപ്പാട് 3:5,13:8,17:8,
20:12-15,21:27 എന്നീ
ഭാഗങ്ങളിലാണ്.

ആത്മീയ ജീവൻ പ്രാപിക്കുന്നവരുടെ പേരുകൾ എഴുതുന്ന പുസ്തകമാണ് ജീവപുസ്തകം.
പാപം മൂലം നാം ദൈവവുമായി
വിദൂരത്തിലായിരുന്നു.
എന്നാൽ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച് കർത്താവിന്റെ തിരുരക്തത്താൽ കഴുകി
ശുദ്ധീകരണം
പ്രാപിച്ചവർക്കാണ് ജീവപുസ്തകത്തിൽ പേരെഴുതി കിട്ടുവാൻ യോഗ്യതയുള്ളത്. അശുദ്ധിയുള്ളവരുടെ
പേരുകൾ ജീവപുസ്തകത്തിൽ കാണുകയില്ല.

” കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർ
അല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല”
വെളിപ്പാടു 21:27

ജീവപുസ്തകത്തിൽ പേരെഴുതുന്നത് ദൈവമാണ്. ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്
സ്വർഗ്ഗത്തിൽ ആണ്.

” എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ
അത്രേ സന്തോഷിപ്പിൻ”
ലൂക്കോസ് 10:20

പാപം ചെയ്യുന്നവരുടെ പേരുകൾ ദൈവം ജീവപുസ്തകത്തിൽ നിന്നും മായ്ച്ചു കളയുന്നു.

“എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും”
പുറപ്പാട് 32:32,33

“ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ”
69-ാം സങ്കീ 28-ാം വാക്യം

ലോകാധിപതിയായ സാത്താനോട് പോരാടി
പാപത്തിൽ വീഴാതെ കർത്താവ് തരുന്ന രക്ഷ
സ്വന്തമാക്കി ജയിക്കുന്നവൻ്റെ പേർ ജീവപുസ്തകത്തിൽ
എഴുതപ്പെടുന്നു.

“അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായ്ച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും”
വെളിപ്പാടു 3:5

പാപം മൂലം ദൈവത്തിൽ നിന്നും ദൂരസ്ഥരായവർക്ക്
മരണം വരെയോ, കർത്താവിന്റെ വരവ് വരെയോ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വരുവാൻ സമയമുണ്ട്.
ഈസ്ക്കര്യോത്ത യൂദാ
മഹാപാപം ചെയ്ത് യേശുവിനെ ഒറ്റി കൊടുത്തു. എന്നാൽ അവൻ മടങ്ങി വന്നില്ല. മടങ്ങി വന്നിരുന്നു എങ്കിൽ, ക്രൂശിലെ കള്ളനെ യേശു സ്വീകരിച്ച പോലെ, യൂദായേയും സ്വീകരിക്കുമായിരുന്നു.
അവൻ മടങ്ങി വരാതിരുന്നപ്പോൾ
ജീവപുസ്തകത്തിൽ
നിന്നും അവൻ്റെ പേർ മായിക്കപ്പെട്ടു.
“സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു”
അപ്പൊ.പ്രവ 1:20

അന്ത്യന്യായവിധിയിൽ
എന്ത് സംഭവിക്കുമെന്ന്
തിരുവചനം സ്പഷ്ടമായി
പ്രതിപാദിക്കുന്നു.
ജീവപുസ്തകത്തിൽ
പേരെഴുതപ്പെട്ടില്ലെങ്കിൽ
എന്ത് സംഭവിക്കും?

“മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”
വെളിപ്പാടു 20:12-15,

ഇതാണ് സുപ്രസാദകാലം ഇതാണ് രക്ഷാസമയം.
ഇന്നലെകളെ ഓർത്ത് ഭാരപ്പെടേണ്ട. ഇന്ന് മടങ്ങി വന്നാൽ ദൈവം ജീവപുസ്തകത്തിൽ നമ്മുടെ പേർ എഴുതും.
അവർക്ക് സ്വർഗ്ഗത്തിലെ
ജീവവ്യക്ഷത്തിൽ അധികാരം ഉണ്ടാകും. തേജസിൻ്റെ വസ്ത്രം അണിയാം.

“ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ”
വെളിപ്പാടു 22:14