PREACH GOSPEL & SALVATION FOR THE LOST

Tag: CHRISTIAN LIFE

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

ജീവപുസ്തകം

സത്യവേദപുസ്തകത്തിൽ
ജീവപുസ്തകത്തെ കുറിച്ച് അനേകം പരാമർശങ്ങൾ കാണാം.
വെളിപ്പാട് പുസ്തകത്തിലാണ്
ജീവപുസ്തകത്തെ പറ്റി കൂടുതലായി പ്രതിപാദ്യം
ഉള്ളത്. അവ
വെളിപ്പാട് 3:5,13:8,17:8,
20:12-15,21:27 എന്നീ
ഭാഗങ്ങളിലാണ്.

ആത്മീയ ജീവൻ പ്രാപിക്കുന്നവരുടെ പേരുകൾ എഴുതുന്ന പുസ്തകമാണ് ജീവപുസ്തകം.
പാപം മൂലം നാം ദൈവവുമായി
വിദൂരത്തിലായിരുന്നു.
എന്നാൽ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച് കർത്താവിന്റെ തിരുരക്തത്താൽ കഴുകി
ശുദ്ധീകരണം
പ്രാപിച്ചവർക്കാണ് ജീവപുസ്തകത്തിൽ പേരെഴുതി കിട്ടുവാൻ യോഗ്യതയുള്ളത്. അശുദ്ധിയുള്ളവരുടെ
പേരുകൾ ജീവപുസ്തകത്തിൽ കാണുകയില്ല.

” കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർ
അല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല”
വെളിപ്പാടു 21:27

ജീവപുസ്തകത്തിൽ പേരെഴുതുന്നത് ദൈവമാണ്. ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്
സ്വർഗ്ഗത്തിൽ ആണ്.

” എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ
അത്രേ സന്തോഷിപ്പിൻ”
ലൂക്കോസ് 10:20

പാപം ചെയ്യുന്നവരുടെ പേരുകൾ ദൈവം ജീവപുസ്തകത്തിൽ നിന്നും മായ്ച്ചു കളയുന്നു.

“എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും”
പുറപ്പാട് 32:32,33

“ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ”
69-ാം സങ്കീ 28-ാം വാക്യം

ലോകാധിപതിയായ സാത്താനോട് പോരാടി
പാപത്തിൽ വീഴാതെ കർത്താവ് തരുന്ന രക്ഷ
സ്വന്തമാക്കി ജയിക്കുന്നവൻ്റെ പേർ ജീവപുസ്തകത്തിൽ
എഴുതപ്പെടുന്നു.

“അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായ്ച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും”
വെളിപ്പാടു 3:5

പാപം മൂലം ദൈവത്തിൽ നിന്നും ദൂരസ്ഥരായവർക്ക്
മരണം വരെയോ, കർത്താവിന്റെ വരവ് വരെയോ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വരുവാൻ സമയമുണ്ട്.
ഈസ്ക്കര്യോത്ത യൂദാ
മഹാപാപം ചെയ്ത് യേശുവിനെ ഒറ്റി കൊടുത്തു. എന്നാൽ അവൻ മടങ്ങി വന്നില്ല. മടങ്ങി വന്നിരുന്നു എങ്കിൽ, ക്രൂശിലെ കള്ളനെ യേശു സ്വീകരിച്ച പോലെ, യൂദായേയും സ്വീകരിക്കുമായിരുന്നു.
അവൻ മടങ്ങി വരാതിരുന്നപ്പോൾ
ജീവപുസ്തകത്തിൽ
നിന്നും അവൻ്റെ പേർ മായിക്കപ്പെട്ടു.
“സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു”
അപ്പൊ.പ്രവ 1:20

അന്ത്യന്യായവിധിയിൽ
എന്ത് സംഭവിക്കുമെന്ന്
തിരുവചനം സ്പഷ്ടമായി
പ്രതിപാദിക്കുന്നു.
ജീവപുസ്തകത്തിൽ
പേരെഴുതപ്പെട്ടില്ലെങ്കിൽ
എന്ത് സംഭവിക്കും?

“മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”
വെളിപ്പാടു 20:12-15,

ഇതാണ് സുപ്രസാദകാലം ഇതാണ് രക്ഷാസമയം.
ഇന്നലെകളെ ഓർത്ത് ഭാരപ്പെടേണ്ട. ഇന്ന് മടങ്ങി വന്നാൽ ദൈവം ജീവപുസ്തകത്തിൽ നമ്മുടെ പേർ എഴുതും.
അവർക്ക് സ്വർഗ്ഗത്തിലെ
ജീവവ്യക്ഷത്തിൽ അധികാരം ഉണ്ടാകും. തേജസിൻ്റെ വസ്ത്രം അണിയാം.

“ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ”
വെളിപ്പാടു 22:14