ഭവനങ്ങളിലെ പരാജയങ്ങൾക്ക് മുഖ്യകാരണം ദൈവം ഭവനം പണിയാൻ അനുവദിക്കാത്തതാണ്.
ശലോമോൻ എഴുതിയ ഒരേ ഒരു സങ്കീർത്തനമാണ് 127-ാം സങ്കീർത്തനം. ജീവിതത്തിൽ ശലോമോന് ധാരാളം പരാജയങ്ങൾ നേരിടേണ്ടി
വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു”
127-ാം സങ്കീ 1-ാം വാക്യം

കുടുംബങ്ങളിൽ അടിക്കടി പരാജയങ്ങൾ കടന്നുവരുമ്പോൾ ആയതിന് എന്തെങ്കിലും കാരണങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിൽ ആഭ്യന്തരകലഹം പൊട്ടി പുറപ്പെട്ടപ്പോൾ 87 വയസുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ പറഞ്ഞു.
സകലവും നിയന്ത്രിക്കുന്നത് സർവ്വേശ്വരനായ ദൈവമാണ്. ആ ദൈവം അറിയാതെ ആകാശത്ത് പറക്കുന്ന ഒരു കുരികിൽ
പോലും താഴെ വീഴുകയില്ല. ദൈവവുമായി ആലോചന ചെയ്യാതെ ഒരു കാര്യവും സാദ്ധ്യമല്ല.
അമേരിക്കൻ ജനത ഓരോ കാര്യങ്ങളും പ്രാർത്ഥനയിൽ സമർപ്പിച്ചു. അവർ
ഇറക്കിയ നാണയങ്ങളിൽ
അവർ എഴുതി വച്ചു.
“In God We Trust”

നമ്മുടെ കുടുംബങ്ങളിൽ
ദൈവത്തോട് ആലോചന
ചോദിക്കാറുണ്ടോ? നമ്മുടെ കുടുംബത്തിന്റെ
ശില്പി ദൈവമാണോ?
അഞ്ചുദിവസം പ്രക്യതിയിലെ സകലവും സ്യഷ്ടിച്ച്, സകലതും നല്ലതെന്ന് കണ്ട, ശില്പിയായ ദൈവം നമ്മെ
വളരെ മനോഹരമായി സ്യഷ്ടിച്ചു. ആദാമിന് ഇണയായി ഹവ്വായെ നൽകി കുടുംബം കൂടുതൽ മനോഹരമാക്കി. തോട്ടത്തിന് ചുറ്റും ദൈവീകതേജസാകുന്ന
വേലികെട്ടി. തോട്ടം സൂക്ഷിക്കണമെന്ന ദൈവീകകല്പനയെ അവർ
അനുസരിച്ചില്ല. ഫലമോ
അവർ പുറം തള്ളപ്പെട്ടു.

ജീവിതത്തിൽ ദൈവാലോചനയെ
നിഷിദ്ധമാക്കിയാൽ
ആ കുടുംബം തകരും.
ദൈവം ഓരോരുത്തരേയും സ്യഷ്ടിച്ചിരിക്കുന്നത്
ഓരോ വലിയ പദ്ധതി ഉദ്ദേശിച്ചാണ്. മോശെയെ സ്യഷ്ടിച്ചപ്പോൾ ദൈവം ഒരു ഞാങ്ങണപെട്ടകം
മോശെയുടെ രക്ഷക്കായി
ഒരുക്കിയിരുന്നു.

ദൈവം ശൗലിനെ സ്യഷ്ടിച്ചത് വളരെ കോമളനായിട്ടാണ്.
രാജാവായി അഭിഷേകം ചെയ്യുമ്പോഴും ദൈവത്തിന് ശൗലിനെ
കുറിച്ച് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ
ദൈവീകപദ്ധതിയിൽ നിന്നും ശൗൽ അകന്നു പോയി. ഏലി പുരോഹിതന്റെ ജീവിതവും മറിച്ചല്ല.
ആരൊക്കെ ദൈവകല്പനകളെ ധിക്കരിച്ച് സ്വയത്തിൽ
ആശ്രയിച്ചിട്ടുണ്ടോ അവരുടെ
കുടുംബങ്ങളെല്ലാം തകർന്നുപോയിട്ടുണ്ട്.
ആരൊക്കെ ദൈവക്യപയിൽ വസിച്ചിട്ടുണ്ടോ അവരുടെ കുടുംബങ്ങൾ മഹത്വം കൈവരിച്ചിട്ടും ഉണ്ട്.

നോഹക്കും കുടുംബത്തിനും
ദൈവത്തിന്റെ വലിയ ക്യപ ലഭിച്ചു.അവർ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി യഹോവ പറഞ്ഞപോലെ പെട്ടകം പണിതു. അത് സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചല്ല പണിതത്. ദൈവം പറഞ്ഞ അളവിൽ
ദൈവം പറഞ്ഞ മരം കൊണ്ടാണ്.

കുടുംബം നമുക്കിഷ്ടം പോലെ പണിയേണ്ട ഒന്നല്ല. കുടുംബം എന്ന പെട്ടകം പണിയേണ്ടത് ദൈവവുമായുള്ള ആലോചനയാലാണ്. ആ പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കണം.
വചനവും, വിശ്വാസവും, പ്രാർത്ഥനയും,
സ്നേഹവും ആ പെട്ടകത്തിൻ്റെ തൂണുകളാകണം. നോഹ
പെട്ടകം തീർത്തത് യഹോവ പറഞ്ഞപോലെ.
നോഹ കുടുംബമായി പ്രാർത്ഥിക്കുന്നവനും
ദൈവത്തെ ആരാധിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് നോഹയുടെ ഭാര്യയും കുഞ്ഞുങ്ങളും നോഹയുടെ ദൈവത്തിൽ വിശ്വസിച്ചു. മഴയില്ലാതെ
ഇരുന്ന ആ കാലഘട്ടത്തിൽ ജലപ്രളയത്താൽ ഭൂമി നശിക്കുമെന്ന് നോഹക്ക് ദൈവത്തിന്റെ അരുളപ്പാട്
ലഭിച്ചപ്പോൾ കുടുംബം മുഴുവനും അത് വിശ്വസിച്ചു. പരസ്പരം
സ്നേഹത്തോടെ അവർ
പ്രവർത്തിച്ചു.

ഇന്ന് കുടുംബബന്ധങ്ങൾ
ശിഥിലമാകുന്ന ഒരു കാലഘട്ടം. മക്കളെ വചനമെന്ന പാൽ കൊടുത്ത് വളർത്തുവാൻ
മാതാപിതാക്കൾ ശ്രമിക്കുന്നില്ല. അവരെ ദൈവീകവിശ്വാസത്താൽ
വളർത്തി കൊണ്ടുവരുന്നില്ല. ലോകത്തിലെ ഭൗതീകമായതെല്ലാം
മക്കൾക്ക് നൽകുന്നുണ്ട്.
ആത്മീയമായി അവർ വളരുന്നില്ല. തങ്ങളുടെ
കുഞ്ഞുങ്ങൾ വളരെ നല്ലവരാണെന്നും അവർ യാതൊരു ആപത്തിലും പെടുകയില്ല എന്നാണ്
പല മാതാപിതാക്കളും ചിന്തിക്കുന്നത്. അവരുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ രഹസ്യമായ പലതും ഉണ്ടായിരിക്കാം. ഇന്ന് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾ
വീണുപോകുന്ന ചതികുഴികളെ കുറിച്ചറിയുന്നത് വളരെ
വൈകിയാണ്. കുഞ്ഞുങ്ങൾ പല
കൂട്ട് കെട്ടുകൾ വഴി ലോകമോഹങ്ങളിൽ
വീണു പോകുന്നു. കുഞ്ഞുങ്ങളെ ശരിയായി
ശിക്ഷണം നൽകി വളർത്തണം. ദൈവീകമക്കളുമായുള്ള
ബന്ധത്തിൽ വളർത്തണം. വചനമെന്ന
വിത്ത് പാകണം. അങ്ങനെയുള്ള മക്കൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുവാൻ
കഴിയും.

ഇയ്യോബ് തൻ്റെ കുഞ്ഞുങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കുന്നവൻ ആയിരുന്നു.

“എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു”
ഇയ്യോബ് 1:5

കുടുംബം എന്ന പെട്ടകത്തിൻ്റെ ശില്പി ദൈവമായിരിക്കട്ടെ.
ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ
സാദ്ധ്യമല്ല. ദൈവമാണ്
കുടുംബം പണിയേണ്ടത്.
നല്ല തലമുറകളെ വാർത്തെടുക്കുവാൻ പരിശ്രമിക്കാം. ജീവിതത്തിലെ സകല നേട്ടങ്ങൾക്കും ഉപരി കുടുംബത്തെ പ്രാർത്ഥന,
വിശ്വാസം, വചനം, സ്നേഹം എന്നീ തൂണുകളാൽ ബലപ്പെടുത്താം.