ഇന്ന് ചുറ്റും നോക്കിയാൽ
ലക്ഷ്യബോധമില്ലാതെ നീങ്ങുന്ന ഒരു ജനസമൂഹത്തെ നമുക്ക് കാണുവാൻ കഴിയും. അദ്ധ്വാനിച്ച് ജീവിക്കുവാൻ മനസില്ലാത്ത ഒരു സമൂഹം.ഏതെല്ലാം വിധത്തിൽ അല്ലെങ്കിൽ ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി ജീവിതം ഉല്ലാസപൂരിതമാക്കാമോ ആ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. യാതൊരു അടക്കും, ചിട്ടയും ക്രമവും ഇല്ലാതെ അവർ മുന്നോട്ടുപോകുന്നു.
ക്രമരഹിതമായ
ലോകത്തെ ക്രമീക്യതമാക്കുവാൻ ദൈവം മനുഷ്യർക്ക് പുരോഹിതന്മാരേയും
ന്യായാധിപന്മാരേയും,
രാജാക്കന്മാരേയും,
പ്രവാചകന്മാരേയും നൽകി. വചനം നൽകി.
സംസാരിക്കുന്ന വചനവും
എഴുതപ്പെട്ട വചനവും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യരെ പാപത്തിൽ നിന്നും വേർപ്പെടുത്തി ക്രമത്തിലേക്ക് കൊണ്ടുവരുവാൻ ജഡം ധരിച്ച വചനം വേണ്ടി വന്നു. ദൈവത്തിന് മാറ്റമില്ല. അവൻ ഇന്നും എന്നും അനന്യനാണ്. വചനം മാറുന്നില്ല. എന്നാൽ വചനത്തിന് നമ്മെ മാറ്റുവാൻ കഴിയും.
യിസ്രായേൽ ജനം മോശെയുടെ നേത്യത്വത്തിൽ മരുഭൂമി യാത്ര ചെയ്തു. മോശെ
ലക്ഷ്യബോധത്തോടെ യാത്ര ചെയ്തു. വലിയ
ജനതയെ നയിക്കുവാൻ
പലകാരണത്താലും പ്രയാസം നേരിട്ടപ്പോഴും
മോശെ ദൈവമുഖം അന്വേഷിച്ചു. ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിച്ച്
പോകുവാനോ, ദ്യഷ്ടി
മാറ്റുവാനോ മോശെ തയ്യാറായില്ല. ഒരു സന്ദർഭത്തിൽ മോശെ
ഇങ്ങനെ പറഞ്ഞു.
“തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15
മോശെയുടെ കാലശേഷം
യിസ്രായേൽ ജനത്തെ മോശയോടൊപ്പം
ഉണ്ടായിരുന്ന
യോശുവാ നയിക്കുന്നു.
അവൻ ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരുന്നു. യോശുവായും ലക്ഷ്യബോധമുള്ളവൻ
ആയിരുന്നു.
വാഗ്ദത്തഭൂമിയായ കനാനിനെ ദൈവം സ്വന്തമായി നൽകും എന്ന്
യോശുവാ വിശ്വസിച്ചു.
യോർദ്ദാൻ നദി കരകവിഞ്ഞ് മുന്നിൽ തടസ്സമായി നിന്നപ്പോഴും
യോശുവാ ലക്ഷ്യസ്ഥാനം
മറന്നില്ല. യഹോവയിൽ നിന്നും വ്യതിചലിച്ചില്ല.
യോശുവാ ജനത്തിന് ഇങ്ങനെ നിർദ്ദേശം കൊടുത്തു.
“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം”
യോശുവ 3:3
യഹോവയുടെ നിയമപെട്ടകവും,
അത് ചുമക്കുന്ന പുരോഹിതന്മാരേയും
കാണുമ്പോൾ നിങ്ങൾ ഇരിക്കുന്ന സ്ഥലം വിടുവാൻ യോശുവാ കല്പിക്കുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിക്കണം എങ്കിൽ നാം
വിലയേറിയതായി കാണുന്ന പലതിനേയും വിടണം. അരുതാത്ത ബന്ധങ്ങൾ വിടണം. അരുതാത്ത മോഹങ്ങൾ വിടണം. ഇതുവരെ ഉണ്ടായ ചീത്ത ശീലങ്ങൾ മാറ്റണം. ദൈവസന്നിധിയിലേക്ക് കടന്നുവരണം. ദിശയറിയാതെ വലയുമ്പോൾ ദൈവവചനം കാലിന് ദീപവും പാതയ്ക്ക് പ്രകാശവും ആകേണം.
നിയമപെട്ടകത്തിൽ കർത്താവിന്റെ കല്പലകകൾ
സൂക്ഷിക്കുന്നു. അഭിഷേകം
ചെയ്യപ്പെട്ടവരാണ്
പുരോഹിതന്മാർ.
പ്രതികൂലമായ യോർദ്ദാൻ
നദി കടക്കണമെങ്കിൽ,
നിങ്ങൾ നിയമപെട്ടകവും
പുരോഹിതന്മാരെയും കാണുമ്പോൾ, നിങ്ങളുടെ
സ്ഥലം വിട്ട്, അതിനെ അനുഗമിക്കേണം എന്ന്
യോശുവാ ജനത്തോട് പറയുന്നു.
പ്രതികൂലങ്ങളിൽ ദൈവവചനം മുറുകെ പിടിക്കണം. ദൈവത്തിന്റെ വ്യവസ്ഥകൾ പാലിച്ചാലെ
പ്രതികൂലങ്ങളെ തരണം ചെയ്ത്
വാഗ്ദത്തനാടായ
സ്വർഗ്ഗീയ കനാനിൽ
എത്തുകയുള്ളു.
ആദാം, ഹവ്വാ എന്നിവർക്ക് ദൈവവുമായി നല്ല ബന്ധമുണ്ടായിരുന്നു.
എന്നാൽ അവർ അവരുടെ ദ്യഷ്ടി
ലക്ഷ്യസ്ഥാനത്ത് നിന്നും
വ്യതിചലിപ്പിച്ച് കാണ്മാൻ
മനോഹരമായ പഴത്തിലേക്ക് നോക്കി.
പാപം അവരെ അവരുടെ ദൈവസാന്നിധ്യത്തെ നഷ്ടപ്പെടുത്തി. പത്രൊസ്
യേശുവിനെ നോക്കി കടലിന്മേൽ നടന്നു. ഒരു നിമിഷം ലക്ഷ്യസ്ഥാനത്തു
നിന്നും കണ്ണുകളെ തിരിച്ച്
കടലിലെ ഓളങ്ങളേയും തിരമാലകളേയും നോക്കി. അപ്പോൾ പത്രൊസ് മുങ്ങുമാറായി. ദാവീദ്, ശിംശോൻ എന്നിവരും
ലക്ഷ്യബോധത്തെ നഷ്ടപ്പെടുത്തി ജഡികമോഹങ്ങളിൽ വീണവരാണ്.
ആർത്തിരമ്പുന്ന ചെങ്കടലും കരകവിഞൊഴുകുന്ന
യോർദ്ദാനും മുന്നിൽ
ഉണ്ടാകട്ടെ. ഭയപ്പെടരുത്.
വിട്ടുകളയേണ്ടവയെ
ഉപേക്ഷിച്ച് ദൈവമുഖം
ദർശിച്ച് യോർദ്ദാൻ കടക്കണം. യിസ്രായേൽ
മക്കൾ യോശുവാ പറഞ്ഞപോലെ ചെയ്തു.
“പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു”
യോശുവ 3:14
നിയമപെട്ടകത്തെ പിൻതുടർന്ന ജനം യോർദ്ദാൻ കടന്ന് വാഗ്ദത്തഭൂമിയായ
കനാൻ സ്വന്തമാക്കി.
നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകണം. യേശു വാഗ്ദത്തം ചെയ്ത സ്വർഗ്ഗീയകനാനാണ്
നമ്മുടെ ലക്ഷ്യം. അതു
സ്വന്തമാക്കണം എങ്കിൽ
ചില വ്യവസ്ഥകൾ ഉണ്ട്.
നാം ആയിരിക്കുന്ന പാപകരമായ ഇടങ്ങളെ വിടണം. കോപം വിടണം. അസൂയ വിടണം. പാപം വിടണം.
ലോകമോഹങ്ങളിലേക്ക്
കണ്ണിടറി പോകാതെ അത്യുന്നതന്റെ ചിറകിൻ കീഴിൽ പറയണം. ഇയ്യോബ് വളരെയേറെ
പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടും, ലക്ഷ്യസ്ഥാനത്തു നിന്നും
വ്യതിചലിച്ചു പോകാതെ
ഇങ്ങനെ പറഞ്ഞു.
“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു”
ഇയ്യോബ് 42:5
ജീവിതത്തിലെ പ്രയാസങ്ങളിൽ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ. അവയെല്ലാം ദൈവത്തെ
മുഖാമുഖം കണ്ട് ദൈവത്തെ രുചിച്ചറിഞ്ഞ്
സ്വർഗ്ഗീയനാട് സ്വന്തമാക്കുവാൻ ദൈവം നൽകുന്ന സമ്മാനങ്ങൾ മാത്രം.