PREACH GOSPEL & SALVATION FOR THE LOST

Month: May 2025 (Page 2 of 2)

മൂന്നു അത്ഭുതങ്ങൾ

1) “അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.”
സംഖ്യ 17:8

കോരഹ്,ദാഥാൻ,
അബീരാം എന്നിവർ സംഘം ചേർന്നു
250 പുരുഷന്മാരേയും കൂട്ടി മോശക്കും അഹരോനും എതിരെ പിറുപിറുത്തു. ദൈവം
തിരഞ്ഞെടുത്ത അവരുടെ വിശുദ്ധിയെ ചോദ്യം ചെയ്തു.
അവരും വിശുദ്ധരാണെന്നും
ധൂപംകാട്ടുവാൻ അർഹരാണെന്നും വാദിച്ചു. യഹോവയുടെ കോപം അവരിൽ
വീണു. ഭൂമി വായ് പിളർന്നു അവരേയും അവരുടെ
സമ്പത്തിനേയും വിഴുങ്ങി.
യഹോവയിൽ നിന്നും തീ ഇറങ്ങി ധൂപം കാട്ടിയ 250 പേരേയും ദഹിപ്പിച്ചു.
യഹോവ കല്പിച്ചതുപോലെ മോശെ ഗോത്രപിതാക്കന്മാർ ഓരോരുത്തരോടും ഓരോ വടി
കൊണ്ടുവരുവാൻ പറഞ്ഞു. ആ
വടികൾ മോശെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
പിറ്റേനാൾ മോശെ നോക്കിയപ്പോൾ അഹരോന്റെ വടി പൂത്തു ബദാം ഫലം കായിച്ചിരിക്കുന്നതു കണ്ടു. മോശെ ആ വടി യിസ്രായേൽ മക്കളുടെ അടുക്കൽ കൊണ്ടുവന്നു ദൈവത്തിന്റെ
തിരഞ്ഞെടുപ്പിനെ കാണിച്ചു. നമ്മുടെ ദൈവം അത്ഭുതമന്ത്രി.
ഒരു രാത്രികൊണ്ടു ശൂന്യമായ വടിയെ കിളിർപ്പിച്ചു ഫലം പുറപ്പെടുവിക്കുന്നവൻ.ബദാം പൂക്കുന്നതും ഫലം കായ്ക്കുന്നതും വർഷങ്ങൾ കഴിഞ്ഞിട്ടാണു.
ഇനിയെന്നു ഈ ദുരിതങ്ങളിൽ
നിന്നെല്ലാം കരകയറും എന്നു ചിന്തിച്ചു നിരാശപ്പെട്ട്
ഇരിക്കുമ്പോൾ ഓർക്കുക, നമ്മുടെ
ദൈവത്തിനു
ഒരു നിമിഷം മതി സാഹചര്യങ്ങളെ മാറ്റി
മറയ്ക്കുവാൻ.

2)യഹോവയാൽ കഴിയാത്ത കാര്യം
ഉണ്ടോ? ഉല്പത്തി 18:14

ഈ അത്ഭുതം നടക്കുന്നതു അബ്രാഹാം, സാറാ ദമ്പതിമാരിലാണു. പ്രായം ചെന്ന
അവർക്കു ഒരു കുഞ്ഞുണ്ടാകുക
ലോകത്തിന്റെ കണ്ണിൽ അസാദ്ധ്യം. എന്നാൽ ദൈവ പുരുഷന്മാർ സാറായോടു നിങ്ങൾക്കു ഒരു കുഞ്ഞുണ്ടാകുമെന്നു പറഞ്ഞപ്പോൾ അതു വിശ്വസിക്കുവാൻ അസാദ്ധ്യമായതിനാൽ സാറാ ചിരിച്ചു. അപ്പോൾ ദൈവപുരുഷന്മാർ പറഞ്ഞു.

“യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” സമയം കഴിഞ്ഞു പോയിട്ടും നടക്കുന്ന അത്ഭുതം.
ജീവിതത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ സാഹചര്യം
അനുകൂലമല്ല, സമയം കടന്നുപോയി എന്നു ചിന്തിക്കുന്നവർ ഈ വചനം ഹ്യ ദയത്തിൽ എഴുതിവയ്ക്കണം.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?

3) “ദൈവത്തിനു ഒരു കാര്യവും
അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു” ലൂക്കോസ് 1:37

കന്യക പരിശുദ്ധാത്മാവിനാൽ
ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കുക. അത്യത്ഭുതമാണു.
സാറായുടെ കാര്യത്തിൽ സമയം കഴിഞ്ഞു നടക്കുന്ന അത്ഭുതം. എന്നാൽ ഇവിടെ
സമയമാകാതെ, വിവാഹം കഴിയാതെ നടക്കുന്ന അത്ഭുതം.
സ്വഭാവികമായും മറിയ സംശയിച്ചു.അതിനാൽ ചോദിച്ചു.

“ഞാൻ
പുരുഷനെ അറിയായ്കയാൽ
ഇതു എങ്ങനെ സംഭവിക്കും?

ആ സമയം ദൂതൻ പറഞ്ഞു.

“ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ”

വർഷങ്ങൾകൊണ്ടു അദ്ധ്വാനിച്ചു
ഫലം അണിയിക്കേണ്ട കൊമ്പിനെ ഒറ്റ രാത്രികൊണ്ടു
പൂത്തു ഫലമണിയിച്ച ദൈവം, സമയം കഴിഞ്ഞുപോയി ഇനി
ആശക്കുവഴിയില്ലെന്നു കരുതിയ സാറാക്കു മകനെ നൽകി അനുഗ്രഹിച്ചദൈവം,
സമയമായില്ല എന്നു കരുതിയിരുന്ന മറിയാമിനു
ലോകരക്ഷകനെ നൽകി അനുഗ്രഹിച്ച ദൈവം നമ്മുടെ ഏതു വിഷയത്തിലും ഇടപെട്ടു
അത്ഭുതം നടത്തിതരുവാൻ പ്രാപ്തനാണു.
വിശ്വസിക്കാം.
മരുഭൂമിയിലും നമ്മുടെ കൊമ്പു പൂക്കും. ബദാം ഫലം കായ്ക്കും. കാരണം ദൈവത്താൽ അസാദ്ധ്യമായതൊന്നും
തന്നെ ഇല്ല.

ദൈവത്തിൻ്റെ പ്രിയൻ

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 1,2 വാക്യങ്ങൾ

ശലോമോന്റെ ഒരു ആരോഹണഗീതം എന്ന ശീർഷകം 127-ാം സങ്കീർത്തനത്തിൽ ഉള്ളതിനാൽ ഈ സങ്കീർത്തനം ശലോമോൻ എഴുതിയതാണ് എന്ന് പറയപ്പെടുന്നു. ദൈവത്തെ കൂടാതെയുള്ള ഏത് ഉദ്യമവും പരാജയത്തിൽ
കലാശിക്കും എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെ
മർമ്മം. ദൈവത്തെ കൂടാതെ നാം ഏതൊരു സംരംഭത്തിൽ ഏർപ്പെട്ടാലും അതൊന്നും വിജയം കാണുകയില്ല. ദൈവത്തിന് പ്രിയനായവർക്ക് ദൈവം അനുഗ്രഹങ്ങൾ ഉറക്കത്തിൽ കൊടുക്കുന്നു. മാത്രമല്ല ദൈവം അവരെ ഉറങ്ങാതേയും, മയങ്ങാതേയും കാക്കുന്നു. ആരാണ് ദൈവത്തിന് പ്രിയരായവർ?

ഹെരോദാവിന്റെ കാലത്തു ജീവിച്ചിരുന്ന സെഖര്യാവും എലീശബെത്തും ദൈവത്തിന് പ്രിയർ ആയിരുന്നു. അവർ എങ്ങനെ ഉള്ളവർ ആയിരുന്നു എന്ന് വചനം സാക്ഷിക്കുന്നു.

“ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”
ലൂക്കൊസ് 1:6

അവർ നീതിയുള്ളവരും
ദൈവകല്പനകൾ പാലിച്ചും ജീവിച്ചു.അവർ ദൈവത്തിന്റെ പ്രിയരായി.
അപ്പോൾ ദൈവം മച്ചിയായ ഏലീശബത്തിന് യോഹന്നാൻ എന്ന മകനെ നൽകി അനുഗ്രഹിച്ചു.

ഹാനോക്കും, ഏലീയാവും
ദൈവത്തിന്റെ കൂടെ നടന്ന് ദൈവത്തിന് പ്രിയരായവരാണ്.
അതിനാൽ ദൈവം അവരെ സ്വർഗ്ഗത്തിലേക്ക്
എടുത്തു.

ദൈവത്തിന്
പ്രിയനാണ് എങ്കിൽ അസാദ്ധ്യങ്ങളെ ദൈവം സാധിപ്പിക്കും. ലാസർ ദൈവത്തിന്
പ്രിയനായിരുന്നു.
ലാസർ മരിച്ചപ്പോൾ ലാസറിൻ്റെ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു ഇങ്ങനെ പറഞ്ഞു.

” ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു”
യോഹന്നാൻ 11:3

ലാസർ യേശുവിന് പ്രിയനായിരുന്നു.മരിച്ച് നാലു ദിവസം കഴിഞ്ഞാണ് യേശു എത്തിയത്.നാറ്റം വച്ച
ലാസറിൻ്റെ മ്യതശരീരത്തെ യേശു
“ലാസറേ പുറത്തുവരിക”
എന്ന ശക്തമായ വാക്കിനാൽ പുറത്തു കൊണ്ടുവന്നു.

ലാസറിനെ കുറിച്ച് സഹോദരിമാർ സാക്ഷ്യം പറഞ്ഞു. ലാസർ ദൈവത്തിന്
പ്രിയനായവൻ എന്ന്. എന്നാൽ പിതാവായ ദൈവം തൻ്റെ പ്രിയരായവരെ കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
ദാവീദിനെ കുറിച്ച് യഹോവ പറഞ്ഞു. “ദാവീദ് എൻ്റെ ഹ്യദയപ്രകാരമുള്ള
മനുഷ്യൻ” എന്ന്. മോശെയെ കുറിച്ച് ഞാൻ അവനെ മുഖാമുഖം അറിഞ്ഞു എന്ന് പറഞ്ഞു.ഇയ്യോബിനെ കുറിച്ച് യഹോവ സാത്താനോട്
ഇങ്ങനെ പറഞ്ഞു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകന്ന് ജീവിക്കുന്നവൻ
ആകുന്നു എന്ന്.

യേശുവിൻ്റെ സ്നാനസമയത്തും
മറുരൂപസമയത്തും സ്വർഗ്ഗം വിളിച്ചു പറഞ്ഞു
“ഇവനെൻ്റെ പ്രിയപുത്രൻ”

നാം ദൈവത്തിന്റെ പ്രിയരോ? ദൈവത്തിൻ്റെ
പ്രിയരാകണമെങ്കിൽ നീതിയുള്ളവരും
ദൈവകല്പനകൾ പാലിക്കുന്നവരും ആകണം.ദൈവമുഖം അന്വേഷിക്കുന്നവർ ആകണം. ദൈവത്തിൻ്റെ ഹ്യദയത്തോട് ച്ചേർന്ന് നിൽക്കുന്നവരും ദൈവത്തോടു കൂടെ നടക്കുന്നവരും ആകണം. നിഷ്കളങ്കരും, നേരുള്ളവരും
ദൈവഭക്തരും ആകണം.

ഇങ്ങനെയുള്ളവരുടെ
പ്രവർത്തികൾ ഫലമണിയും. ദൈവത്തെ കൂടാതെ നമുക്ക് ഒന്നും സാദ്ധ്യമല്ല. ദൈവം കൂടെയുണ്ടെങ്കിൽ സകലവും സാദ്ധ്യമാണ്. ദൈവത്തെ കൂടാതെയുള്ള ഏത് കഠിനപ്രയത്നങ്ങളും
വ്യർത്ഥമാണ്. തൻ്റെ പ്രിയനോ ദൈവം സകലതും
ഉറക്കത്തിൽ കൊടുക്കുന്നു. ദൈവത്തിന് പ്രിയരായവർ കഷ്ടങ്ങളെ സാരമാക്കുകയില്ല. കാരണം അവരുടെ കൂടെയിരിക്കുന്നവൻ സർവ്വശക്തൻ. അവൻ സകലത്തിലും അവരെ വഴി നടത്തും. അതിനാൽ
ദൈവത്തിന് പ്രിയരായവർ എപ്പോഴും ഇങ്ങനെ പറയും.

” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” റോമർ 8:28

“മരുഭൂമി അനുഭവം നാം ദൈവാലയമായി മാറുവാൻ”

Good morning

ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതു
നാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായി
പണിയപ്പെടുന്നതിനും ആണു.

“അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22

നാം ദൈവത്തിന്റെ ആലയമായി
പണിയപ്പെട്ടിരിക്കുന്നു.

” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ
ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1കൊരിന്ത്യർ 3:16

ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവം
മരുഭൂമി അനുഭവങ്ങൾ നൽകും.
ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ ദൈവീക
ഗ്യഹമായി മാറുവാൻ തന്നെ.

“മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും
മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗ്യഹമായി
യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള
ആത്മീകയാഗം കഴിപ്പാന്തക്ക
വിശുദ്ധപുരോഹിത
വർഗ്ഗമായി
പണിയപ്പെടുന്നു”
1പത്രോസ് 2:4,5

യേശു എന്ന മൂലകല്ലിട്ടു പണിത മന്ദിരങ്ങളാണു നാം. ആ മന്ദിരം
പൊടി പിടിച്ചാണോ കിടക്കുന്നതു?
എങ്കിൽ പൊടി തൂത്തുവാരി വ്യത്തിയാക്കണം. കാരണം ദൈവം ഈ ആലയത്തെകുറിച്ചു
എരിവുള്ളവനാണു. ഹിസ്ക്കിയാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം ഉണ്ടായി. നാം നമ്മുടെ ശരീരമാകുന്ന ആലയത്തെ
ശുദ്ധീകരിക്കണം. യോശിയ്യാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം നടത്തി.അപ്പോൾ അവർ കണ്ടെത്തിയതു
ന്യായപ്രമാണപുസ്തകം.

“ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു ഹിൽക്കിയാവു
പുസ്തകം ശാഫാന്റെ കൈയ്യിൽ
കൊടുത്തു.”
2 ദിനവ്യത്താന്തം 34:15.

ശാഫാൻ ആ പുസ്തകം രാജസന്നിധിയിൽ വായിച്ചു. രാജാവു അതു വായിച്ചു കേട്ടപ്പോൾ അനുതപിച്ചു. തന്റെ വസ്ത്രം കീറി.യഹോവ അവരിൽ നിന്നും അനർത്ഥങ്ങളെ നീക്കി.

നാമാകുന്ന മന്ദിരം വ്യത്തിയാക്കണം. വചനത്തിന്റെ
കുറവുണ്ടോ എന്നു നോക്കണം.
വേദപുസ്തകം പൊടിതട്ടിയെടുക്കണം. ദൈവവചനം ജീവിതത്തിന്റെ
ഭാഗമാക്കണം. വചനത്താൽ ഹ്യദയങ്ങൾ കീറിമുറിയണം.

സെരുബാബേലിന്റെ കാലത്തു
ദേവാലയം പൊടിതട്ടുകയല്ല
ചെയ്തതു. പുനർ നിർമ്മാണമുണ്ടായി. നമ്മുടെ
ആത്മീയ ജീവിതം തകർന്നനിലയിൽ
ആണെങ്കിൽ
അതിനെ പുനർനിർമ്മിക്കണം.
മാനുഷികബലത്താലല്ല , സൈന്യത്താലുമല്ല, ദൈവീക ശക്തിയാൽ പണിയപ്പെടണം.
അങ്ങനെ പണിയപ്പെടുവാൻ
ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം അനുവദിക്കും. യേശുവിന്റെ
കാലത്തും
ദേവാലയശുദ്ധീകരണം നടന്നു. അതു ചൂലുകൊണ്ടായിരുന്നില്ല. ചാട്ടവാറു
കൊണ്ടായിരുന്നു.
നാമാകുന്ന ദേവാലയത്തെ
ശുദ്ധീകരിക്കുവാൻ ദൈവം മരുഭൂവാസം നൽകും. ശുദ്ധീകരിച്ചില്ലെങ്കിൽ അവസാനനാളിൽ നാം കണക്കു
ബോധിപ്പിക്കേണ്ടിവരും.

ദൈവം നമുക്കു വേണ്ടി ഒരു ആലയം പണിതു
കൊണ്ടിരിക്കുന്നു. ആ ആലയത്തിൽ ദൈവം നമ്മോടു കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു.

” ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം.അവൻ
അവരോടുകൂടെ വസിക്കും.
അവർ അവന്റെ ജനമായിരിക്കും.
ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.
അവൻ അവരുടെ
കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3-4

വിശുദ്ധിയുള്ളവർ മാത്രമേ ആ
കൂടാരത്തിലേക്കു കടക്കുകയുള്ളു..ആ കൂടാരത്തിലേക്കു നമ്മെ വിശുദ്ധിയുള്ളവരായി കടത്തുന്നതിനു മാത്രമാണു
ജീവിതത്തിലെ ഈ മരുഭൂമി അനുഭവങ്ങൾ. നാമാകുന്ന
മന്ദിരത്തെ ഈ മരുഭൂവാസത്തിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു ദൈവത്തിന്റെ
നിത്യഭവനത്തിനായി പ്രത്യാശയോടെ ഒരുങ്ങിയിരിക്കാം.

Newer posts »