Good morning

ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതു
നാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായി
പണിയപ്പെടുന്നതിനും ആണു.

“അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22

നാം ദൈവത്തിന്റെ ആലയമായി
പണിയപ്പെട്ടിരിക്കുന്നു.

” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ
ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1കൊരിന്ത്യർ 3:16

ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവം
മരുഭൂമി അനുഭവങ്ങൾ നൽകും.
ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ ദൈവീക
ഗ്യഹമായി മാറുവാൻ തന്നെ.

“മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും
മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗ്യഹമായി
യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള
ആത്മീകയാഗം കഴിപ്പാന്തക്ക
വിശുദ്ധപുരോഹിത
വർഗ്ഗമായി
പണിയപ്പെടുന്നു”
1പത്രോസ് 2:4,5

യേശു എന്ന മൂലകല്ലിട്ടു പണിത മന്ദിരങ്ങളാണു നാം. ആ മന്ദിരം
പൊടി പിടിച്ചാണോ കിടക്കുന്നതു?
എങ്കിൽ പൊടി തൂത്തുവാരി വ്യത്തിയാക്കണം. കാരണം ദൈവം ഈ ആലയത്തെകുറിച്ചു
എരിവുള്ളവനാണു. ഹിസ്ക്കിയാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം ഉണ്ടായി. നാം നമ്മുടെ ശരീരമാകുന്ന ആലയത്തെ
ശുദ്ധീകരിക്കണം. യോശിയ്യാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം നടത്തി.അപ്പോൾ അവർ കണ്ടെത്തിയതു
ന്യായപ്രമാണപുസ്തകം.

“ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു ഹിൽക്കിയാവു
പുസ്തകം ശാഫാന്റെ കൈയ്യിൽ
കൊടുത്തു.”
2 ദിനവ്യത്താന്തം 34:15.

ശാഫാൻ ആ പുസ്തകം രാജസന്നിധിയിൽ വായിച്ചു. രാജാവു അതു വായിച്ചു കേട്ടപ്പോൾ അനുതപിച്ചു. തന്റെ വസ്ത്രം കീറി.യഹോവ അവരിൽ നിന്നും അനർത്ഥങ്ങളെ നീക്കി.

നാമാകുന്ന മന്ദിരം വ്യത്തിയാക്കണം. വചനത്തിന്റെ
കുറവുണ്ടോ എന്നു നോക്കണം.
വേദപുസ്തകം പൊടിതട്ടിയെടുക്കണം. ദൈവവചനം ജീവിതത്തിന്റെ
ഭാഗമാക്കണം. വചനത്താൽ ഹ്യദയങ്ങൾ കീറിമുറിയണം.

സെരുബാബേലിന്റെ കാലത്തു
ദേവാലയം പൊടിതട്ടുകയല്ല
ചെയ്തതു. പുനർ നിർമ്മാണമുണ്ടായി. നമ്മുടെ
ആത്മീയ ജീവിതം തകർന്നനിലയിൽ
ആണെങ്കിൽ
അതിനെ പുനർനിർമ്മിക്കണം.
മാനുഷികബലത്താലല്ല , സൈന്യത്താലുമല്ല, ദൈവീക ശക്തിയാൽ പണിയപ്പെടണം.
അങ്ങനെ പണിയപ്പെടുവാൻ
ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം അനുവദിക്കും. യേശുവിന്റെ
കാലത്തും
ദേവാലയശുദ്ധീകരണം നടന്നു. അതു ചൂലുകൊണ്ടായിരുന്നില്ല. ചാട്ടവാറു
കൊണ്ടായിരുന്നു.
നാമാകുന്ന ദേവാലയത്തെ
ശുദ്ധീകരിക്കുവാൻ ദൈവം മരുഭൂവാസം നൽകും. ശുദ്ധീകരിച്ചില്ലെങ്കിൽ അവസാനനാളിൽ നാം കണക്കു
ബോധിപ്പിക്കേണ്ടിവരും.

ദൈവം നമുക്കു വേണ്ടി ഒരു ആലയം പണിതു
കൊണ്ടിരിക്കുന്നു. ആ ആലയത്തിൽ ദൈവം നമ്മോടു കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു.

” ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം.അവൻ
അവരോടുകൂടെ വസിക്കും.
അവർ അവന്റെ ജനമായിരിക്കും.
ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.
അവൻ അവരുടെ
കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3-4

വിശുദ്ധിയുള്ളവർ മാത്രമേ ആ
കൂടാരത്തിലേക്കു കടക്കുകയുള്ളു..ആ കൂടാരത്തിലേക്കു നമ്മെ വിശുദ്ധിയുള്ളവരായി കടത്തുന്നതിനു മാത്രമാണു
ജീവിതത്തിലെ ഈ മരുഭൂമി അനുഭവങ്ങൾ. നാമാകുന്ന
മന്ദിരത്തെ ഈ മരുഭൂവാസത്തിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു ദൈവത്തിന്റെ
നിത്യഭവനത്തിനായി പ്രത്യാശയോടെ ഒരുങ്ങിയിരിക്കാം.