PREACH GOSPEL & SALVATION FOR THE LOST

Tag: HOLY SPIRIT (Page 1 of 8)

ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു”ഉല്പത്തി 7:1

നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു അതുകൊണ്ട് നോഹക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചു. ഭൂമി ദൈവത്തിൻ്റെ മുമ്പാകെ വഷളായപ്പോൾ ഭൂമിയെയും, ഭൂമിയിലുള്ള സകലത്തെയും ജലപ്രളയം മൂലം നശിപ്പിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ നീതിമാനും നിഷ്കളങ്കനും ആയിരുന്നു. ആകയാൽ നോഹക്കും, കുടുംബത്തിനും പെട്ടകത്തിൽ കയറുവാൻ ദൈവകൃപ ലഭിച്ചു.ഭൂമിയിലുള്ള സകല ജനങ്ങളും വഷളായി മ്ലേച്ഛമായ പാപത്തിലേക്ക് പതിച്ചപ്പോൾ നോഹ ദൈവത്തോട് കൂടെ നടന്നു.

ദൈവാനുഗ്രഹം ലഭിച്ച ദൈവമക്കൾക്ക് ഒരു പ്രത്യേക ജീവിതശൈലിയുണ്ട് അവർ ജീവിത സാഹചര്യങ്ങളിൽ, പാപങ്ങളിൽ ഒഴുകിപ്പോകാതെ, നീതിമാന്മാരായി, വ്യത്യസ്ത സ്വഭാവത്തോടെ ജീവിക്കും. യേശുവിൻ്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ യോഹന്നാൻ ഇപ്രകാരം പറയുന്നു.

“അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു”
1 യോഹന്നാൻ 2:6

യേശു നടന്ന പോലെ എന്ന് പറയുമ്പോൾ യേശുവിൻ്റെ താഴ്മ പോലെ, യേശു സ്നേഹിച്ച പോലെ, യേശു ത്യാഗം അനുഭവിച്ച പോലെ, യേശു ക്ഷമിച്ചപോലെ, യേശു സ്നേഹത്തിൽ തോൽപ്പിച്ച പോലെ നാം നടക്കേണ്ടതാകുന്നു.
ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആണ് നമ്മെ സൃഷ്ടിച്ചത് .ഇന്ന് ദൈവത്തിൻ്റെ സാദൃശ്യവും സ്വരൂപവും നമ്മിൽ ഉണ്ടോ? പിതാവ് നമ്മെ നോക്കി “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് പറയുമോ? മോശെ സീനായ് മലയിൽ, ദൈവവുമായി സംസർഗം ചെയ്തപ്പോൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചതായി നാം
വായിക്കുന്നു. മറ്റുള്ളവർക്ക് നമ്മിൽ ദൈവീകഭാവം ദർശിക്കുവാൻ സാധിക്കുമോ? നാം ദൈവത്തിൻ്റെ പ്രകാശം നഷ്ടപ്പെടുത്തിയോ?ദൈവത്തെ പിതാവേ! എന്ന് വിളിക്കുവാനുള്ള യോഗ്യത നാം നേടിയെടുക്കണം എങ്കിൽ ദൈവത്തിൻ്റെ മക്കളായി മാറണം. എങ്ങനെയാണ് ദൈവമക്കളായി മാറുന്നത്?

” അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
യോഹന്നാൻ 1:12

അവനെ കൈകൊള്ളണം
എങ്കിൽ ഹ്യദയം ശുദ്ധിയുള്ളതാകണം.
അതിനാൽ അനുതാപത്തോടെ ഉള്ളിലെ പാപങ്ങളെ
ദൈവതിരുമുമ്പിൽ
ഏറ്റു പറഞ്ഞ്
ദൈവമക്കളായി തീരാം.
അങ്ങനെയുള്ളവർക്ക്
അന്ത്യസമയത്ത്, നോഹക്ക് ദൈവ്യപ ലഭിച്ച പോലെ, കരുണ ലഭിക്കും. അങ്ങനെയുള്ളവരെ
ദൈവം നിത്യരക്ഷയുടെ
പെട്ടകത്തിൽ കയറ്റും. ഇതാണ് സുപ്രസാദകാലം.
ഇതാണ് രക്ഷാസമയം.
ഈ നിത്യരക്ഷ പ്രാപിപ്പാൻ ദൈവം നമ്മെ യോഗ്യരാക്കട്ടെ.

ദൈവം അനുകൂലമെങ്കിൽ നമുക്കു പ്രതികൂലം ആർ? റോമർ 8:31

ഈ വാക്യം ജീവിതത്തിൽ
പ്രതികൂലങ്ങൾ ഉണ്ടാകില്ല എന്നല്ല,
പ്രതികൂല സാഹചര്യങ്ങളിൽ ദൈവം കൂടെ നിന്ന് അന്തിമവിജയം നേടി
തരുമെന്നാണ് പറയുന്നത്.
ദൈവത്തിൻ്റെ കരം കൂടെയുണ്ടു എന്നു വിശ്വസിക്കുന്നവർ ജീവിതത്തിൽ വന്നു ഭവിക്കുന്ന
സകലത്തിലും ദൈവത്തിന്റെ കരം ഉണ്ടെന്നു വിശ്വസിക്കും.
നാം അനുഭവിക്കുവാൻ പോകുന്ന നിത്യതേജസ്സിനെ
ഓർത്താൽ ഈ ലോകദുരിതങ്ങൾ ഒന്നും സാരമില്ല എന്നു അവർ വിശ്വസിക്കും.
അവർ ധൈര്യമായി പറയും “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകില്ല കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന്.

ഏതു പ്രതികൂല
സാഹചര്യങ്ങളിലും
നമ്മുടെ കരം പിടിക്കുന്നവനാണു
ദൈവമെന്ന വിശ്വാസം പ്രതിസന്ധികളിൽ വഴുതി വീഴാതിരിക്കാൻ നമ്മെ സഹായിക്കും. ജോസഫിന് സഹോദരന്മാർ പ്രതികൂലമായി നിന്നു.
ദാവീദിന് ശൗലും, സ്വന്തം മകനും പ്രതികൂലമായി നിന്നു. എന്നാൽ ദൈവം അവർക്ക് അനുകൂലമായി നിന്നു.
ദൈവം അനുകൂലമായി നിന്നാൽ ഒരു അഗ്നിജ്വാലക്കും അവരെ കത്തിച്ചുകളയുവാനോ ഒരു വെള്ളത്തിനും അവരെ മുക്കികളയുവാനോ, ഒരു സിംഹത്തിനും അവരെ വിഴുങ്ങുവാനോ, ഒരു കഴുമരത്തിനും അവരെ തൂക്കിലേറ്റുവാനോ സാദ്ധ്യമല്ല.
അവർ തഴെച്ചു വളരുന്ന ഒലിവുവ്യക്ഷം പോലെയിരിക്കും.

നോഹയുടെ
വെള്ളപൊക്കകാലത്തു നാല്പതു രാവും നാല്പതു പകലും മഴ പെയ്തു. പിന്നീടു വെള്ളം താഴ്ന്നുവോ എന്നറിയുവാൻ പുറത്തുവിട്ട പ്രാവു കൊത്തി കൊണ്ടുവന്നതു പച്ചയായ ഒരു ഒലിവിലയാണു. സകല മനുഷ്യരും മ്യഗങ്ങളും, മരങ്ങളും കടപുഴകിവീണപ്പോഴും ഒലിവുവ്യക്ഷം വീഴാതെ നിന്നു. അടിക്കടി സഹനങ്ങൾ വരുമ്പോഴും, ആഴമായ വെള്ളത്തിൽ മുങ്ങികിടന്നപ്പോഴും , സകല തായ് വേരുകളും ചീഞ്ഞു പോയപ്പോഴും നിന്നെ നശിക്കാതെ തളിർത്തു നിർത്തിയതു ദൈവം കരങ്ങൾ പിടിച്ചതുകൊണ്ടു മാത്രമാണു .
മറ്റുള്ളവർ തകർക്കാൻ നോക്കിയപ്പോഴും, ഒറ്റപ്പെടുത്താൻ നോക്കിയപ്പോഴും
അപവാദങ്ങൾ പറഞ്ഞു
പരത്തിയപ്പോഴും, വേദനിപ്പിച്ചപ്പോഴും, രോഗങ്ങളാൽ വലഞ്ഞപ്പോഴും വീണുപോകാതെ തളിർത്തു നിൽക്കുന്ന ഒലിവുവ്യക്ഷമായി
നമ്മെ നിർത്തിയതു ദൈവം അനുകൂലം
ആയതുകൊണ്ട് മാത്രമാണ്.

വെള്ളത്തിൽ മുങ്ങിപോകാതെ
അഗ്നിതൊടാതെ ദൈവം കണ്ണിന്റെ ക്യഷ്ണമണിപോലെ നമ്മെ നടത്തുന്നു. എല്ലാം പ്രതികൂലമാകുമ്പോഴും അനുകൂലമായി നിൽക്കുന്ന ദൈവകരം കാണാതെ പോകരുതു.ഈ സാന്നിധ്യം അനുഭവിച്ചറിഞ്ഞ മോശെ ഇങ്ങനെ പറഞ്ഞു.

” തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ”
പുറപ്പാട് 33:15

നമുക്കു സകലത്തിനും പരിമിതികളുണ്ടാകാം. എന്നാൽ
പരിമിതികൾ ഇല്ലാത്ത ദൈവം നമുക്കു അനുകൂലമായ് കൂടെ ഉണ്ടു. സംഗീതപ്രമാണിയായ
ആസാഫ് കരം പിടിച്ചവന്റെ മഹത്വം തിരിച്ചറിഞ്ഞു ഇപ്രകാരം പറഞ്ഞു.

“എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
73-ാം സങ്കീ 23-24

ഈ ലോകത്തിൽ എന്തെല്ലാം പ്രതികൂലങ്ങളും വന്നുകൊള്ളട്ടെ.
അവക്കൊന്നും നമ്മെ
ദൈവസ്നേഹത്തിൽ നിന്നും
പിന്തിരിപ്പാൻ സാദ്ധ്യമല്ല. ആരോഗ്യം ഉണ്ടായാലും ഇല്ലെങ്കിലും, ജോലി ഉണ്ടായാലും
ഇല്ലെങ്കിലും, സന്തോഷത്തിലും
സന്താപത്തിലും ഏതു സാഹചര്യത്തിലും ഞാൻ എൻ്റെ ദൈവത്തെ സ്തുതിക്കും എന്നു
തീരുമാനിക്കണം. പൗലൊസ് അപ്പൊസ്തലൻ ചോദിക്കുന്നു.

‘ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
റോമർ 8:35

ദൈവം നമുക്കു അനുകൂലമെങ്കിൽ ഒരു പ്രതികൂലവും നിന്നെ ബാധിക്കില്ല.
അതിനാൽ ഉറപ്പിച്ചു പറയാം.

“ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:39

തകർന്ന മതിലുകളെ പണിയുന്ന ദൈവം

ജീവിതത്തിൽ ദൈവം ചുറ്റും കെട്ടിയിരിക്കുന്ന വേലി മനുഷ്യൻ
തന്നെ തകർത്തുവെന്നുവരാം. ശത്രുവിന്റെ ഭീകരാക്രമണം വേലിയെ തകർക്കാം. യഹൂദയിൽ തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും വെന്തും തകർന്നും കിടക്കുന്നതു കണ്ടപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി. രാജസന്നിധിയിൽ ചെന്നു രാജാവിനോടു തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള നാട്ടിലേക്കു തകർന്ന മതിലുകൾ പണിയുന്നതിനായി തന്നെ വിട്ടയക്കുന്നതിനായി
അനുവാദം ചോദിച്ചു. രാജാവു അതിനനുവദിച്ചു. നെഹെമ്യാവു
യരുശലേമിൽ എത്തി. യെരുശലേമിന്റെ മതിലുകൾ തകർന്നുകിടക്കുന്നതും വാതിലുകൾ തീ വച്ചു ചുട്ടിരിക്കുന്നതും കണ്ടു. നെഹെമ്യാവു ദൈവത്തിൽ വിശ്വസിച്ചു പറഞ്ഞു. നമ്മൾ മതിലുകൾ പണിയുക. സ്വർഗ്ഗത്തിലെ ദൈവം നമുക്കു കാര്യം സാധിപ്പിച്ചു തരും. വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരത്തിൽ നിന്നും കല്ലു ജീവിപ്പിക്കുവാൻ നെഹെമ്യാവിനു കഴിഞ്ഞതു നാലു കാരണങ്ങൾ കൊണ്ടാണു.

1) Faith of God ദൈവവിശ്വാസം

നെഹെമ്യാവു ജനത്തോടു വിളിച്ചു പറഞ്ഞു.

“നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു”
നെഹെമ്യാവു 4:20

ജീവിതത്തിൽ പ്രതീക്ഷകളുടെ മതിൽ തകർന്നുപോയാലും അതു പണിയുന്ന ദൈവമുണ്ടെന്നും ആ ദൈവം സകലപ്രതിസന്ധികളിലും നമുക്കുവേണ്ടി യുദ്ധം ചെയ്യുമെന്നും നെഹെമ്യാവു ജനങ്ങളെ ആഹ്വാനം ചെയ്തു. ഇന്നു നമ്മുടെ വിശ്വാസവും ആശ്രയവും എവിടെയാണു. ചിലരുടെ ദൈവം മക്കളാണു. ചിലരുടെ ദൈവം ജീവിതപങ്കാളിയാണു. ചിലരുടെ ദൈവം സമ്പത്തും, പ്രശസ്തിയും
മറ്റുമാണു. ഇവയൊന്നിനും നമ്മെ
രക്ഷിപ്പാൻ കഴിയുകയില്ല. രക്ഷിക്കുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശു അല്ലാതെ ഒരു നാമവുമില്ല.
മറ്റൊരുത്തനിലും രക്ഷയില്ല. ഈ ദൈവത്തിൽ വിശ്വസിച്ചാൽ തകർന്നമതിലുകൾ പണിയപ്പെടും.അസാദ്ധ്യങ്ങൾ
സാദ്ധ്യമായിടും.

2) Fear of God. ദൈവഭയം

നെഹെമ്യാവു ജനത്തോടു ദൈവത്തെ ഭയപ്പെട്ടു ജീവിക്കണമെന്നു ഉപദേശിക്കുന്നു.

” നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
നെഹെമ്യാവു 5:9

ദൈവഭയത്തിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്നതു അവരുടെ അഹങ്കാരമാണു.
എന്തുകണ്ടിട്ടാണു മനുഷ്യൻ അഹങ്കരിക്കുന്നതെന്നറിയില്ല.
മാവു പൂത്തുനിൽക്കുമ്പോൾ മാവിനു അഹങ്കാരമുണ്ടാകാം.
എന്നാൽ എല്ലാ മാമ്പൂവിൽ നിന്നും മാങ്ങ ഉണ്ടാകണമെന്നില്ല.

” അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.”
സദൃശ്യവാക്യങ്ങൾ 15:25

” ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
50-ാംസങ്കീർത്തനം 22-ാം വാക്യം

“ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ”
1 കൊരിന്ത്യർ 10:12

3) Sanctification. വിശുദ്ധീകരണം.

അന്യായമായി ഒന്നും സമ്പാദിക്കരുതെന്നും സഹോദരന്മാരോടു പലിശ വാങ്ങി അവരെ ബുദ്ധിമുട്ടിക്കരുതെന്നും നെഹെമ്യാവു പറഞ്ഞു. നാം നമ്മുടെ ബാഹ്യമായ ജീവിതത്തിലും രഹസ്യമായ ജീവിതത്തിലും നൂറുo ശതമാനം വിശുദ്ധി പാലിക്കണം. നമുക്കു അർഹതയില്ലാത്ത ഒരു മൊട്ടുസൂചി പോലും നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകരുതു. സക്കായിയുടെ വീട്ടിൽ യേശുവന്നപ്പോൾ പാപബോധം ജനിച്ച സക്കായി വിളിച്ചുപറഞ്ഞു.അന്യായമായി
സമ്പാദിച്ചതൊക്കെയും ഞാൻ തിരികെ കൊടുക്കും.

“ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.”
യിരെമ്യാവു 17:11

അന്യായമായി കൈവശം വന്നതു
എന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചു കൊടുക്കണം.ആരും അറിയാത്ത രഹസ്യപാപങ്ങളുണ്ടെങ്കിൽ അവയെയും ഉപേക്ഷിക്കണം.
അതാണു ശുദ്ധീകരണം.

” ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ”
1 തെസ്സലൊനീക്യർ 4:3

4) Worship God. ദൈവത്തെ ആരാധിക്കുക.

നെഹെമ്യാവിൻ്റെ ഉപദേശങ്ങൾ ജനം കേട്ടു.

“സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു”
നെഹെമ്യാവു 5:13

നാം എപ്പോൾ ആണു ആരാധാനാലയങ്ങളിൽ പോകുന്നതു. നമ്മുടെ കുഞ്ഞുങ്ങൾക്കു ഒരു Entrance examination ഉണ്ടെങ്കിൽ exam തുടങ്ങുന്നതിനു പതിനഞ്ചു മിനിട്ടു മുൻപെങ്കിലും നാം കുഞ്ഞുങ്ങളെ കൊണ്ടു അവിടെയെത്തുകയില്ലേ? നാമും നമ്മുടെ ഭവനവും ദൈവത്തിനു ഇട്ടിരിക്കുന്ന വിലയെന്താണു. യൂദാ യേശുവിനു ഒരു വിലയിട്ടു.
ജീവിതത്തിൽ യേശുവിനെ വിലയിടിച്ചു കാണിക്കരുതേ..
ദാവീദു സദാ സമയവും ദൈവത്തെ പാടി സ്തുതിച്ചു.
നാം ദൈവത്തിനു അർഹമായ വിലയിട്ടാൽ മാത്രമേ ദൈവം നമുക്കും വിലയിടുകയുള്ളു.
ജീവിതത്തിൽ ദൈവത്തെ ആരാധിക്കുവാൻ ഉപേക്ഷകാണിക്കരുതേ..

ജീവിതത്തിൽ എപ്പോഴും ദൈവവിശ്വാസത്തോടെയും
ദൈവഭയത്തോടും, വിശുദ്ധിയോടും നിലകൊണ്ടും
ദൈവത്തെ ആരാധിച്ചും ജയത്തോടെ മുന്നോട്ടു പോകാം.

നിങ്ങളുടെ പാപങ്ങളെ ശോധനചെയ്യുവിൻ

പൗലൊസ് അപ്പൊസ്തലനെ ജനം ശോധന ചെയ്തു. അവർ തെളിവുകൾ അന്വേഷിച്ചു. അപ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു.

“നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ”
2 കൊരിന്ത്യർ 13:5

പൗലൊസ് അപ്പൊസ്തലൻ പറയുകയാണു എന്നെ ശോധന ചെയ്യുന്നതിനുപകരം നിങ്ങൾ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ. ശോധന ചെയ്യാതിരുന്നാൽ ഒരുത്തൻ്റെ attitude മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. ഒരു വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റു പാസ്സാകണം.എങ്കിലേ ലൈസൻസു കിട്ടുകയുള്ളു. ഒരു
വ്യക്തിയുടെ അവസ്ഥ പരിശോധനയിലൂടെ മാത്രമേ അറിയുവാൻ കഴികയുള്ളു. പലർക്കും ഒരു ഡോക്ടറെ കണ്ടു
ശാരീരികമായ പരിശോധനകൾ
ഇഷ്ടമല്ല. തക്ക
സമയങ്ങളിലുള്ള
പരിശോധന നടത്താതിരുന്നാൽ
രോഗി മരിച്ചുപോകും. ശാരീരികമായ പരിശോധനകളെക്കാൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണു
ആത്മീയമായ പരിശോധന. ആ പരിശോധന നടത്തി പരിഹാരം
നേടിയില്ലെങ്കിൽ മരണം കഴിഞ്ഞാൽ നിത്യനരകത്തിലേക്കു പതിക്കും.അവിടെ നിത്യമായ ദണ്ഡനം
നേരിടേണ്ടിവരും. അതിനാൽ
വേദപുസ്തകത്തിലെ ഭക്തന്മാർ
വിളിച്ചു പറഞ്ഞു ദൈവമേ! ഞങ്ങളുടെ അന്തരംഗങ്ങളെ ശോധന ചെയ്യണമെന്നു..
ദാവീദു പറയുന്നു.

” നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
17-ാം സങ്കീ 3-ാം വാക്യം

” ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
139-ാം സങ്കീ 23,24 വാക്യങ്ങൾ

നാം നമ്മെ തന്നെ ശോധന ചെയ്തു നമ്മുടെ ആത്മീയ നിലവാരം എവിടെ നിൽക്കുന്നു
എന്നറിയുക. നമ്മുടെ നടപ്പു ശോധന ച്ചെയ്യണം.

“നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.”
വിലാപങ്ങൾ 3:40

നാം നമ്മുടെ ഓരോ പ്രവർത്തികളും ശോധന ചെയ്യണം.

“ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ.
ഗലാത്യർ 6:4

നാം നമ്മുടെ തെറ്റുകളേയും മറഞ്ഞിരിക്കുന്ന രഹസ്യപാപങ്ങളേയും സ്വമേധപാപങ്ങളേയും ശോധന ചെയ്യണം. പാപമാണെന്നു അറിയാതെ ചെയ്യുന്ന അനേകം തെറ്റുകൾ ജീവിതത്തിൽ കടന്നുകൂടാം. നാം രഹസ്യമായി
ചെയ്യുന്ന മറച്ചുവച്ചിരിക്കുന്ന രഹസ്യപാപങ്ങളെ
അനുതാപത്തോടെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കണം.
മനപൂർവ്വമായി ചെയ്യുന്ന പാപങ്ങളിൽ നിന്നും മോചനം നേടണം.

പാപത്തെകുറിച്ചു
ബോധം വരുത്തുന്നതു പരിശുദ്ധാത്മാവാണു. ഓലമേഞ്ഞ വീടിന്റെ മുകളിലൂടെ
സൂര്യകിരണങ്ങൾ പതിഞ്ഞാൽ
ഓലയിലിടയിലുള്ള സുഷിരത്തിലൂടെ ഒരു cylinder light തെളിയും. ആ ലൈറ്റിൽ ആ ഭവനത്തിൽ. എത്ര പൊടിയുണ്ടെന്നറിയും. ദൈവീകമായ പ്രകാശം കടന്നുവരുമ്പോൾ നമ്മിലെ മാലിന്യം ആ പ്രകാശത്തിൽ
തെളിയും. ആ മാലിന്യം വെടിപ്പാക്കുവാൻ ഒറ്റ വഴിയേ ഉള്ളു. കല്ലായ ഹ്യദയങ്ങളെ മാറ്റി
മാംസളമായ ഹ്യദയം സ്ഥാപിക്കുക.അതു കർത്താവിനു മാത്രമേ കഴിയു.

” ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
യെഹെസ്കേൽ 36:26

തന്നത്താൻ ശോധന ചെയ്തു പാപങ്ങളെ ഏറ്റു പറവിൻ.

“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1യോഹ 1:8,9

കാറ്റിനെ ശാന്തമാക്കുന്നവൻ

“അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി”
മർക്കൊസ് 4:39

ജീവിതത്തിൽ പ്രതിസന്ധികളാകുന്ന
കാറ്റുകളും,
കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം. തളർന്നുപോകരുത്.

ഒരു ദൈവപൈതൽ പാപത്തിൽ പതിക്കുമ്പോൾ സാത്താൻ അവരെ അവകാശം പറയുന്നു.
അവർക്ക് അനേകം ദുരിതങ്ങൾ വരുന്നു.
പാപം ചെയ്യാതെ നീതിമാനായി ഒരു വ്യക്തി ജീവിക്കുമ്പോൾ സാത്താന് അവനോട് അസൂയ തോന്നുന്നു.
ഈ ഭൂമിയിൽ മറ്റുള്ളവർ
വലുതാകുന്നതിൽ അസൂയ തോന്നുന്നുണ്ടെങ്കിൽ
അത് സാത്താന്യ ഭാവമാണ്. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. ഭൂമിയിൽ ഊടാടി സഞ്ചരിച്ച സാത്താന് ഇയ്യോബിനെ കണ്ടപ്പോൾ അസൂയ ഉണ്ടായി. അവനെ തകർക്കുവാൻ പദ്ധതി ആലോചിച്ചു.
എന്നാൽ ദൈവഭക്തരെ
തൊടണമെങ്കിൽ ദൈവം അനുവദിക്കണം. ദൈവം അനുവദിക്കാതെ സാത്താന്
ദൈവഭക്തനെ തൊടുവാൻ സാദ്ധ്യമല്ല.
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ
നാം ഒരു ആത്മ പരിശോധനക്ക് വിധേയമാകണം.
എന്നിൽ ദൈവഹിതത്തിന് എതിരായ എന്തെങ്കിലും
ഉണ്ടോ എന്ന്. ഉണ്ടെങ്കിൽ
അവ തിരുത്തണം. യോനാ ദൈവകല്പന ധിക്കരിച്ച് കപ്പലിൽ കയറിയപ്പോൾ കടലിൽ വലിയ കൊടുങ്കാറ്റുണ്ടായി. ദൈവത്തിൽ നിന്നും അകലുമ്പോൾ കൊടുങ്കാറ്റുണ്ടാകും.
മാനസാന്തരം കൊടുങ്കാറ്റിനെ ശാന്തമാക്കും.

ഇയ്യോബ് നീതിമാനായി ജീവിച്ചിട്ടും
ജീവിതത്തിൽ വിവിധ തരത്തിലുള്ള കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചു. ദൈവം അതിന് അനുവദിച്ചു.
ആദ്യം അടിച്ച കൊടുങ്കാറ്റ് ദുരിതങ്ങളുടെ ആയിരുന്നു.ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്ന ഇയ്യോബിന് സകലതും നഷ്ട്ടപെട്ടു. ഇയ്യോബിൻ്റെ ജീവിതത്തിൽ പിന്നീട് അടിച്ച കൊടുങ്കാറ്റ് രോഗത്തിൻ്റെ കൊടുങ്കാറ്റായിരുന്നു.
ധനാഢ്യനായിരുന്ന
ഇയ്യോബ് ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരിക്കുന്ന അവസ്ഥ.ഭാര്യപോലും അവനെ ത്യജിക്കുന്ന അവസ്ഥ. എന്നാൽ
ഇതിൽ ഒന്നിലും ഇയ്യോബ് അധരം കൊണ്ട് പോലും പാപം ചെയ്തില്ല എന്ന് നാം വായിക്കുന്നു.

പാപങ്ങളുടെ പരിണിതഫലമായി
ജീവിതത്തിൽ കൊടുങ്കാറ്റുണ്ടാകാം. എന്നാൽ നാം തേജസ്കരിക്ക
പ്പെടുവാനും കൊടുങ്കാറ്റുകൾ വരാം. അതിനാൽ ഇയ്യോബ് ഇങ്ങനെ പറഞ്ഞു.

” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27

ഈസേബെലിൻ്റെ ഭീഷണിയെ ഭയന്ന് മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച ഏലീയാവിനെ ദൂതൻ നിനക്ക് ദൂരയാത്ര ചെയ്യുവാനുണ്ടല്ലൊ എന്ന് പറഞ്ഞ് തട്ടിയുണർത്തി ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടത്തി.
അവിടെ ഏലീയാവ് ദൈവത്തിൻ്റെ അരുളപ്പാടിനായി
നിന്നു. ആദ്യം ശക്തിയുള്ള ഒരു കൊടുങ്കാറ്റ് പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.

“ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു”
1 രാജാ 19:13

ജീവിതത്തിൻ്റെ കൊടുങ്കാറ്റുകളിൽ നാം ഏകരല്ല. ആ കൊടുങ്കാറ്റുകളിൽ നാം
ഒരു മ്യദുലസ്വരം കേൾക്കും.”ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്” എന്ന്.

കൊടുങ്കാറ്റിനെ നോക്കി അവിശ്വാസം പറയരുത്.
കൊടുങ്കാറ്റിനെ നോക്കിയാൽ നാം ഭീരുക്കളാകും. പത്രൊസ് വെള്ളത്തിൽ കൂടി നടന്നപ്പോൾ ചീറി വരുന്ന തിരമാലകളേയും കാറ്റിനേയും കണ്ട് ഭയന്നു. അപ്പോൾ മുങ്ങുവാൻ തുടങ്ങി. എന്നാൽ ദൈവീകകരത്തിലേക്ക്
നോക്കിയപ്പോൾ അത് അവന് രക്ഷ നൽകി.
ജീവിതമാകുന്ന പടകിൽ തിരമാലകളും, കാറ്റുകളും
കൊടുങ്കാറ്റുകളും ആഞ്ഞടിച്ചു കൊള്ളട്ടെ.
പടവിൽ ആരാണുള്ളത്
എന്നതാണ് പ്രസക്തം.
യേശുവുള്ള പടക് ആണോ? ഒന്നും ഭയപ്പെടാനില്ല.

പൗലൊസ് യാത്ര ചെയ്ത കപ്പൽ
ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ച് തകരാറായപ്പോൾ വിശ്വാസത്തോടെ പൗലൊസ് പറഞ്ഞു.

” എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു”
അപ്പൊ.പ്രവ 27:22-24

എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും, പ്രാർത്ഥനയാലും
ദൈവവചനത്താലും
സ്തുതിയാലും സ്തോത്രത്താലും
ബലപ്പെടുക. കാരണം കൊടുങ്കാറ്റിനെ ശാസിച്ചമർത്തുവാൻ
അധികാരമുള്ളവൻ എന്നും നമ്മോടു കൂടെ..ഈ ഭൂവിലെ കഷ്ടങ്ങളെല്ലാം നൊടിനേരത്തേക്ക് മാത്രം.

” നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കി
ക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
2 കൊരിന്ത്യർ 4:17,18

കാരാഗ്യഹങ്ങൾ പോലെയുള്ള ഭവനങ്ങളെ ദൈവഭവനമാക്കുക

ഇന്നു ഒട്ടുമിക്ക വീടുകളും ഇന്നു കാരാഗൃഹം പോലെയാണു. കാരാഗ്യഹത്തിൻ്റെ പ്രത്യേകത എന്താണു? തടവുപുള്ളികൾ ഓരോരുത്തരും വ്യത്യസ്തമായ
മുറിവുകളിൽ ബന്ധനസ്ഥരായി
കഴിയുന്നു. അവർ പരസ്പരം കാണുന്നില്ല. സംസാരിക്കുന്നില്ല. സ്നേഹം പങ്കിടുന്നില്ല.ഇന്നത്തെ വീടുകളുടെ സ്ഥിതിയും അതു തന്നെ. മാതാപിതാക്കന്മാർ തങ്ങളുടെ ലോകത്തിൽ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ digital ലോകത്തിന്റെ മാസ്മരികശക്തിയിലും ഭൗതീകസുഖങ്ങളിലും മുഴുകി
മറ്റൊരു ലോകത്തിലും സഞ്ചരിക്കുന്നു. പരസ്പരം മുഖാമുഖം കാണുന്നതിനോ സ്നേഹം പങ്കുവയ്ക്കുന്നതിനോ ആർക്കും സമയമില്ല. ഓരോരുത്തരും കാരാഗ്യഹത്തിലാണു.

” പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.”
യിരെമ്യാവു 37:15

യോനാഥാൻ്റെ ഭവനത്തെ കാരാഗ്യഹമാക്കി എന്നു നാം
വായിക്കുന്നു. ഇന്നു നാം നമ്മുടെ ഭവനങ്ങൾ കാരാഗ്യഹമാക്കിയിട്ടുണ്ടോ?
ഒരു ഭവനം കാരാഗ്യഹമായാൽ
ഭവനത്തിലുള്ളവരെല്ലാം ബന്ധനത്തിലായിരിക്കും.
ഭവനം പലവിധത്തിലും കാരാഗ്യഹമായി അനുഭവപ്പെടാം.
ഭവനത്തിലുള്ള ഒരു വ്യക്തി മറ്റൊരു വ്യക്തിയോടു നിന്ദയോടും, പരിഹാസത്തോടും
അവഹേളനത്തോടും പെരുമാറിയാൽ ഭവനം കാരാഗ്യഹമാകും. ഭവനം കാരാഗ്യഹമായാൽ ഭവനത്തിലേക്കു
കടന്നുവരുവാൻ താല്പര്യം കുറയും. ഭർത്താവിനും ഭാര്യക്കും
കുഞ്ഞുങ്ങൾക്കും ഭവനം കാരാഗ്യഹമാകരുതു. ബന്ധങ്ങളിൽ വേർപ്പാടു സംഭവിക്കുമ്പോൾ ഭവനങ്ങൾ
കാരാഗ്യഹമാകും. എല്ലാവരും വീട്ടിൽ ഉണ്ടു. എന്നാൽ പലരുമായി ബന്ധമില്ല. ഭാര്യയും ഭർത്താവും മുകളിൽ താമസിക്കുന്നു. അവരുടെ മാതാവും പിതാവും താഴെ താമസിക്കുന്നു.
അവരുടെ സുഖ വിവരങ്ങൾ തിരക്കുന്നതിനോ, സംസാരിക്കുന്നതിനോ ആർക്കും സമയമില്ല. ആ ഭവനങ്ങൾ കാരാഗ്യഹങ്ങൾ തന്നെ. സഹോദരിസഹോദരന്മാരോടു
സ്നേഹമില്ലാതെ പ്രവർത്തിക്കുമ്പോൾ ഓർക്കുക
ഭവനം സാത്താൻ്റെ നിയന്ത്രണത്തിലാണു. ഭവനത്തെ
സാത്താൻ കാരാഗ്യഹമാക്കി മാറ്റിയിരിക്കയാണു. മറ്റുള്ളവരോടു ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത അവസ്ഥയിലാണെങ്കിൽ ആ ഭവനവും സാത്താൻ്റെ അധീനതയിലുള്ള കാരാഗ്യഹങ്ങൾ തന്നെ.
മദ്യപാനത്തിനു അടിമകളായാലും
ഭവനം കാരാഗ്യഹം തന്നെ.
ഏതെല്ലാം ബന്ധനങ്ങളാലാണു ഭവനം കാരാഗ്യഹമായിരിക്കുന്നതു?
യോനാഥാൻ്റെ വീടു കാരാഗ്യഹമാക്കി. അവിടെ കിടന്നു യിരെമ്യാവു ഇങ്ങനെ പ്രാർത്ഥിച്ചു.

” ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.”
യിരെമ്യാവു 37:20

യിരെമ്യാവിനെ പോലെ കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ആഗ്രഹമുണ്ടോ? ജോസഫ് ചെയ്യാത്ത കുറ്റത്തിനു കാരാഗ്യഹത്തിലായി. ജോസഫ്
ജയിലിൽ കിടന്ന പാനപാത്രവാഹകനോടു ഇപ്രകാരം പറഞ്ഞു.

“എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
ഉല്പത്തി 40:14

എന്നാൽ രണ്ടു വർഷം ജോസഫിനു പിന്നെയും അവിടെ
കിടക്കേണ്ടി വന്നു. എന്നാൽ ഈ കാരാഗ്യഹത്തിൽ നിന്നും തൻ്റെ ദൈവം തന്നെ വിടുവിക്കുമെന്ന
ദർശനം ജോസഫിനുണ്ടായിരുന്നു.
വീണ്ടും ഉല്പത്തി 41-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.
“ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
ഉല്പത്തി 41:14

ദൈവം കാരാഗ്യഹത്തിൽ നിന്നും വിടുവിച്ചാൽ നമ്മുടെ ഛായ മാറും . രാജകീയമായ അങ്കി ലഭിക്കും. കാരാഗ്യഹത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ ദൈവം ഒരു സമയം ഒരുക്കിയിട്ടുണ്ടു.

ഇന്നു ഏതെങ്കിലും പാപങ്ങളാൽ സാത്താൻ ബന്ധിച്ചിട്ടിട്ടുണ്ടോ?
ഏതെങ്കിലും പ്രതിസന്ധികളാൽ
ബന്ധനാവസ്ഥയിലാണോ? കാരാഗ്യഹങ്ങളെ സ്തുതിഗീതങ്ങൾ ഉയരുന്ന ഉല്ലാസഭവനങ്ങളായി നാം മാറ്റണം. കാരാഗ്യഹത്തിൽ അടക്കപ്പെട്ട പത്രൊസും പൗലൊസും സ്തുതിഗീതങ്ങളാൽ കാരാഗ്യഹത്തെ പൂമെത്തയാക്കി.
ആയതിനാൽ കാരാഗ്യഹവാതിലുകളെ ദൈവം അവർക്കുവേണ്ടി തുറന്നുകൊടുത്തു.

പുത്രനായ യേശുവിൽ കൂടിയാണു കാരാഗ്യഹവാതിലുകൾ തുറക്കപ്പെടുക.
യേശുക്രിസ്തു മുഖാന്തരമാണു
സ്വാതന്ത്ര്യം വരുന്നതു.

” പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും”
യോഹന്നാൻ 8:36

ബേർ-ശെബ

ബേർ-ശെബ എന്ന വാക്കിനർത്ഥം പ്രതിജ്ഞതയുടെ കിണർ, അഥവാ സത്യത്തിൻ്റെ കിണർ,ഏഴാം കിണർ എന്നൊക്കെയാണ്. അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്ത സ്ഥലമാണത്. അബ്രാഹാം കിണർ കുഴിച്ചു. അതിനു സാക്ഷിയായി
അബ്രാഹാം ഏഴ് പെണ്ണാടുകളെ അബീമലേക്കിന് നൽകി. അവർ ഇരുവരും ആ സ്ഥലത്ത് സത്യം ചെയ്തു.ഉടമ്പടി ചെയ്തു. സ്ഥലത്തിന് “ബേർ-ശെബ” എന്ന് പേരായി.അവിടെ അബ്രാഹാം ആരാധന കഴിച്ചു.

അബ്രാഹാം മോറിയാമലയിൽ നടത്തിയ യാഗത്തിനുശേഷം
മടങ്ങിവന്നു അബ്രാഹാമും യിസഹാക്കും ബേർ-ശേബ മരുഭൂമിയിൽ വസിച്ചു.

1)ബേർ-ശേബ അനുഗ്രഹങ്ങളുടെ
സ്ഥലം.

കരുണയുടേയും ക്യപയുടേയും സ്ഥലമാണ് ബേർ-ശേബ. ഒരു തുരുത്തി വെള്ളവുമായി കുഞ്ഞിനേയും കൈയ്യിലേന്തി
വലഞ്ഞു, വെള്ളം തീർന്നുപോയപ്പോൾ ഹാഗാറിൻ്റേയും കുഞ്ഞിൻ്റേയും
കരച്ചിൽ കണ്ടു, കരളലിഞ്ഞ ദൈവം, വറ്റാത്ത നീരുറവയെ തുറന്നു കൊടുത്ത സ്ഥലമാണ് ബേർ-ശെബ.
മനുഷ്യർ അളന്നു
കൊടുക്കുമ്പോൾ താൻ
അളവില്ലാതെ കൊടുക്കുന്നവൻ
ആണെന്നു
തെളിയിച്ച സ്ഥലം ബേർ-ശെബ.
നാം എവിടെയാണു
വസിക്കേണ്ടതു? കർത്താവിന്റെ നീരുറവ ഉള്ളിടത്തു നാം വസിക്കണം.

2) ബേർ-ശെബ സ്വർഗ്ഗീയ ദർശനം അനുഭവിക്കുന്ന സ്ഥലം.

” അവിടെനിന്നു അവൻ ബേർ-ശേബെക്കു പോയി.
അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 26:23,24 വാക്യങ്ങൾ

ഇസഹാക്കിനെ ദൈവം അനുഗ്രഹിച്ച് ക്യപകൾ ചൊരിഞ്ഞ സ്ഥലമാണ് ബേർ-ശേബ

പ്രതിസന്ധികളിൽ ഉയരത്തിലേക്കു നോക്കിയാൽ
ദൈവീകദർശനം കാണാം.
ഉസ്സീയാവു മരിച്ചപ്പോൾ യെശയ്യാവു തൻ്റെ കണ്ണുകളെ
ഉയരത്തിലേക്ക്
ഉയർത്തി. അപ്പോൾ സ്വർഗ്ഗീയ ദർശനം കണ്ടു. ഭൗതീകമായ സ്ഥാനമാനങ്ങളിലോ, പുകഴ്ച്ചകളിലോ ആശ്രയിച്ചു
ജീവിച്ചാൽ സ്വർഗ്ഗീയ ദർശനം
അനുഭവിക്കാൻ സാദ്ധ്യമല്ല.
ഈ വസ്തുത യെശയ്യാവിനു ബോദ്ധ്യപ്പെട്ടു. ഉയരത്തിലേക്കു
നോക്കിയപ്പോൾ ഉയർന്നും
പൊങ്ങിയുമുള്ള സിംഹാസനത്തിൽ കർത്താവു ഇരിക്കുന്നതു ദർശിക്കുവാൻ യെശയ്യാവിനു കഴിഞ്ഞു.
കർത്താവിൻ്റെ മുഖം
ദർശിച്ചപ്പോൾ താൻ ശുദ്ധിയില്ലാത്ത മനുഷ്യനാണെന്നു
യെശയ്യാവിനു കുറ്റബോധം ഉണ്ടായി. യേശു ജീവിതത്തിലേക്കു കടന്നു വന്നാൽ നമ്മിൽ പാപബോധം ഉണ്ടാകും.നമ്മുടെ വീഴ്ച്ചകളും താഴ്ച്ചകളും നാം ഗ്രഹിക്കും.
യേശുവാകുന്ന സാക്ഷാൽ അപ്പം
യേശുവാകുന്ന തീക്കട്ടയാകുന്ന
വചനം ഹ്യദയത്തിൽ വ്യാപരിക്കും. അപ്പോൾ ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കുവേണ്ടി പോകും എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം നാം കേൾക്കും. സ്വർഗ്ഗീയ ദർശനം കിട്ടുമ്പോൾ നാം പറയും
അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു.
സ്വർഗ്ഗീയദർശനം ഉണ്ടായാൽ പാപബോധം വരും.
ദൈവത്തിൻ്റെ വചനശുശ്രൂഷ ചെയ്യും.
ബേർ-ശെബ വിശ്വാസത്തിൻ്റേയും
ഉടമ്പടിയുടേയും,
മാർഗ്ഗ
നിർദ്ദേശത്തിൻ്റേയും
സ്വർഗ്ഗീയ ദർശനത്തിൻ്റേയും ഇടം.

3) ബേർ-ശെബ സുവാർത്ത
കേൾക്കുന്ന സ്ഥലം.

ഉല്പത്തി 22-ാം അദ്ധ്യായം 20 -ാം വാക്യത്തിൽ അബ്രാഹാം ബേർ-ശെബയിൽ വച്ചു തൻ്റെ മകൻ്റെ മണവാട്ടിയാകാൻ പോകുന്ന റിബെക്കയുടെ ജനനത്തെ കുറിച്ചു കേൾക്കുന്നു.
യേശുവിൽ വസിക്കുന്നവർക്കു
ഒരു സുവാർത്തയുണ്ടു. നമ്മുടെ
കർത്താവു വീണ്ടും വരും. ആ സുവാർത്ത ദർശിക്കുവാനുള്ള
സമയം വളരെ അടുത്തു കഴിഞ്ഞു.നമ്മുടെ ആത്മമണവാളൻ വന്നു മണവാട്ടികളായ നമ്മെ ച്ചേർക്കും. സ്വർഗ്ഗീയ ദർശനമുള്ളിടത്തു നീരുറവയുണ്ടു. ക്യപയുണ്ടു. ശുദ്ധീകരണം ഉണ്ടു. വചനം ഉണ്ടു. അവരെ ദൈവം കൊയ്ത്തിനായി അയക്കും.
അവർ ഞാൻ പോകാം എന്നു പറഞ്ഞു ആത്മാക്കളെ കൊയ്തെടുക്കും. അങ്ങനെയുള്ളവരെ നോക്കി
കർത്താവിന്റെ മഹത്വദിനത്തിൽ
കർത്താവു പറയും.

“ഇതാ നീതിയുടെ കിരീടം നിനക്കായി വച്ചിരിക്കുന്നു”

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുവിൻ

” ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്താനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു
എബ്രായർ 4:9,10

എന്താണ് ശബത്താനുഭവം? എന്താണ് സ്വസ്ഥതയുടെ അനുഭവം? ആറുദിവസം വേല ചെയ്യുവാനും ഏഴാം ദിവസം വേലയിൽ നിന്നും ഒഴിഞ്ഞ് ശാബത് നാളിനെ ശുദ്ധീകരിക്കുവാനും സ്വസ്ഥതയോടെ ഇരിക്കുന്നതിനും യഹോവ കല്പിച്ചു.

യഹോവയും ഇങ്ങനെ
സ്വസ്ഥതയിലേക്ക് പ്രവേശിച്ചതായി നാം കാണുന്നു.

” ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിൽ ഉള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു”
പുറപ്പാട് 20:11

” അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ
കൊല്ലപ്പെടുവാൻ
ഇരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി”
വെളിപ്പാടു 6:11

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക്
പ്രവേശിക്കുന്നത് എങ്ങനെ എന്ന് ഉല്പത്തി പുസ്തകം നമ്മെ പഠിപ്പിക്കുന്നു.

1) പരിവർത്തനത്തിൻ്റെ
ആത്മാവു ഉണ്ടാകേണം

” ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചു
കൊണ്ടിരുന്നു”
ഉല്പത്തി 1:2

പരിവർത്തനം ഉണ്ടാകണമെങ്കിൽ
ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കണം. യേശുവിൻ്റെ ക്രൂശു മരണസമയത്ത് അനുതപിച്ച കള്ളനും,
യേശുവിൻ്റെ ഒറ്റ നോട്ടത്താൽ ഹ്യദയം നൊന്ത് അനുതപിച്ച പത്രൊസും, അനുതപിച്ച് പാപമോചനം നേടിയ ദാവീദും ഈ
സ്വസ്ഥതയീലേക്ക് പ്രവേശിച്ചവരാണ്.
പരിവർത്തനം അഥവാ മാനസാന്തരം നമ്മെ സ്വസ്ഥതയിലേക്ക് നയിക്കും.

2) വേർപ്പെട്ട ജീവിതം.

” ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു
ഉല്പത്തി 1:6

ഈ ലോകത്തിന് അനുരൂപപ്പെടാതെ നാം ഒരു വേറിട്ട ജീവിതം നയിക്കണം. സങ്കീർത്തനക്കാരൻ പറയുന്ന പോലെ
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കരുത്. പാപികളുടെ വഴിയിൽ നിൽക്കരുത്. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത്.
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കയും അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കയും ചെയ്യണം. അങ്ങനെ ലോകത്തിൻ്റെ ഒഴുക്കിനനുസരിച്ച്
പോകാത്തവൻ ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുന്നു.

3) ഫലം കായ്ക്കുന്ന അവസ്ഥയിലേക്ക്
എത്തണം.

ഫലം കായ്ക്കണം
എങ്കിൽ ആഴത്തിൽ വേരൂന്നണം.വിശ്വാസം
എന്ന ആഴമേറിയ വേരിനാൽ നാം
വളരണം.വ്യക്ഷം മുകളിലേക്ക് പടരണം.
പ്രത്യാശയാണ് നമ്മെ മുകളിലേക്ക് വളർത്തുന്നത്. വ്യക്ഷത്തിന് ശിഖിരങ്ങൾ വേണം. നമ്മിൽ സ്നേഹമാകുന്ന
ശിഖിരങ്ങൾ ഉണ്ടാകണം. അങ്ങനെ ഉള്ള വ്യക്ഷങ്ങൾ ഫലം കായ്ക്കും. സ്വസ്ഥതയുടെ അനുഭവത്തിലേക്ക്
പ്രവേശിക്കും.

4) വെളിച്ചത്തിൻ്റെ അനുഭവം.

” വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു”
ഉല്പത്തി 1:3,4

വെളിച്ചമുള്ളവന് മാത്രമേ ദൈവത്തിൻ്റെ
സ്വസ്ഥത അനുഭവിക്കുവാൻ കഴിയുകയുള്ളു. നമ്മുടെ വെളിച്ചം യേശുവാകുന്നു.

5) കൂട്ടായ്മയുടെ അനുഭവം.

” വെള്ളത്തിൽ ജലജന്തുക്കളേയും പറവകളേയും ദൈവം കൂട്ടമായ് ജനിപ്പിച്ചു.

“ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു”
ഉല്പത്തി 1:21

” അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു”
അപ്പൊ.പ്രവ 2:42

ദൈവവും മനുഷ്യനും, മനുഷ്യനും, മനുഷ്യനും
തമ്മിൽ ഒരു കൂട്ടായ്മ വേണം.

6) നേരുള്ളവനാകണം.

ദൈവം തന്റെ സ്വരൂപത്തിലും സാദ്യശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു,
അവരെ ദൈവം നേരുള്ളവരായി സ്യഷ്ടിച്ചു. എന്നാൽ പാപം ചെയ്ത് അവർ തങ്ങളെ വഷളാക്കി.

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കണമെങ്കിൽ
പാപങ്ങൾ ഏറ്റ് പറഞ്ഞ്
ശുദ്ധീകരണം പ്രാപിക്കണം.

ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുവാൻ
ഉത്സാഹിക്കാം. ആയതിന് പരിവർത്തനം ഉള്ളവരായി, വേർപ്പെട്ട ജീവിതം ഉള്ളവരായി,
ഫലം
കായ്ക്കുന്നവരായി, വെളിച്ചമുള്ളവരായി,
കൂട്ടായ്മയുള്ളവരായി
നേരോടെ വസിക്കാം.
അങ്ങനെയുള്ളവർക്ക്
ലഭിക്കുന്നു നിത്യമായ സ്വസ്ഥത.

” ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല”
വെളിപ്പാടു 21:3-5

ഇരുട്ടിന്റെ സാക്ഷികളാകാതെവെളിച്ചത്തിന്റെ സാക്ഷികളാകുവിൻ

യോഹന്നാൻ്റെ സുവിശേഷം ആരംഭിക്കുന്നതു ദൈവം ആരാണെന്നു വെളിപ്പെടുത്തിയിട്ടാണു.

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ പിടിച്ചടക്കിയില്ല.
യോഹന്നാൻ 1:1-5

ദൈവത്തിലുള്ള ജീവൻ മനുഷ്യരുടെ വെളിച്ചമാണെന്നു
ഇവിടെ പ്രസ്താവിക്കുന്നു.
യോഹന്നാൻ
സ്നാപകനെ കുറിച്ചു യോഹന്നാൻ അപ്പൊസ്തലൻ പറയുന്നതു ഇങ്ങനെയാണു.

“ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
യോഹന്നാൻ 1:6-8

യേശു ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായിരുന്നു.
യോഹന്നാൻ സ്നാപകനോ ആ
വെളിച്ചത്തെ കുറിച്ചു സാക്ഷ്യം
പറയുന്നവനും.കർത്താവിനു
വേണ്ടി വഴി ഒരുക്കുവാൻ വന്നവൻ. നാം വെളിച്ചത്തിന്റെ
സാക്ഷികളാണോ അതോ ഇരുട്ടിന്റെ സാക്ഷികളോ?

ജീവിതത്തിൽ പലവിധത്തിൽ ഇരുട്ടു വരാം. മിസ്രയീമിൽ ന്യായവിധിയുടെ ഭാഗമായി ഇരുട്ടു
എന്ന ബാധ വന്നു. ജീവിതത്തിൽ
ശത്രുകൊണ്ടുവരുന്ന ഇരുട്ടുകൾ
ജീവിതത്തിന്റെ വാതിലുകളെ അടക്കും.എന്നാൽ പ്രകാശം
വാതിലുകളെ തുറക്കും. പത്രൊസ് കാരാഗ്യഹത്തിൽ കിടക്കുമ്പോൾ വെളിച്ചം പ്രകാശിച്ചു. വാതിലുകൾ തുറക്കപ്പെട്ടു. പാപങ്ങൾ പെരുകുന്നതു ഇരുട്ടിൽ വസിക്കുമ്പോഴാണു. ഇരുട്ടത്തു
ചെയ്യുന്ന മറഞ്ഞ പാപങ്ങളെ
ദൈവം വെളിച്ചത്തു കൊണ്ടുവരും.

“അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
1കൊരിന്ത്യർ 4:5

യേശുവാണു ലോകത്തിന്റെ വെളിച്ചമെങ്കിൽ സാത്താനാകുന്ന ശത്രുവാണു ലോകത്തിന്റെ ഇരുട്ടു. അവനാണു മനുഷ്യരെ
ഇരുട്ടിൽ താഴ്ത്തി മരണത്തിലേക്കു നയിക്കുന്നതു.

” ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
143-ാം സങ്കീ 3-ാം വാക്യം

നാം ഇരുട്ടിനുള്ളവരല്ല. വെളിച്ചത്തിനുള്ളവരാണു.
യേശു പറഞ്ഞു.

” ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”
യോഹന്നാൻ 9:5

യേശു വീണ്ടും പറയുന്നു.

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”
യോഹന്നാൻ 8:12

ഞാൻ ലോകത്തിന്റെ വെളിച്ചമാണെന്നു പറഞ്ഞിട്ടു
യേശു പറയുകയാണു.

“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
മത്തായി 5:14

യേശുവിൻ്റെ വചനങ്ങൾ കേട്ടു അവ പ്രമാണിച്ചു ജീവൻ്റെ വെളിച്ചമുള്ളവരായി മാറാം
അങ്ങനെ യോഹന്നാൻ സ്നാപകനെപോലെ വെളിച്ചത്തിന്റെ സാക്ഷികളാകാം..

പെസഹാ” ….”Passover

യഹൂദ മതത്തിലെ ഒരു പ്രധാനപ്പെട്ട പെരുന്നാൾ ആണ് പെസഹാ പെരുന്നാൾ.പെസഹാ എന്ന വാക്കിനർത്ഥം “കടന്നുപോകൽ”
എന്നാണു.

മിസ്രയീം രാജാവിൻ്റെ ക്ഷണം അനുസരിച്ച്
ഇസ്രായേൽ കുടുംബം മിസ്രയീമിലേക്ക് യാത്രയാവുകയും അവിടെ താമസിക്കുകയും ചെയ്യുന്നു . പിന്നീട് ജോസഫിനെ അറിയാത്ത ഒരുവൻ അവിടെ രാജാവായി.
അവരുടെ സംഖ്യ വർധിച്ചപ്പോൾ അവർ വലിയ ശക്തിയായി തീരുമെന്ന് രാജാവ് ഭയപ്പെട്ടു. അവരെ അടിമവേല ചെയ്യിക്കുന്നു. 430 വർഷമുള്ള
ദുരിതപൂർണ്ണമായ ജീവിതം. അവരുടെ കണ്ണീർ യഹോവ കണ്ടു. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനതയെ
യഹോവ മോചിപ്പിച്ചതിന്റെ ഓർമ്മ പുതുക്കലാണു യഹൂദന്മാരുടെ ഇടയിലെ പെസഹാ. ഈജിപ്തിൽ നിന്നും യിസ്രായേൽ മക്കളെ വിടുവിക്കുന്നതിനു യഹോവ പത്ത് ബാധകൾ അയച്ചു. അതിൽ അവസാനത്തെ ബാധയായിരുന്നു സംഹാരദൂതന്റെ കടന്നുവരവും
കടിഞ്ഞൂൽ സംഹാരവും.
യഹോവ മോശവഴി അവരോടു ഇപ്രകാരം അരുളിചെയ്തു.

“അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.
യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.
ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.
പുറപ്പാടു 12:21-24

ഒരു കാര്യവും കൂടി യഹോവ അവരോടു പറഞ്ഞു.

“ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.
പുറപ്പാടു 12:26,27

ഈ പെസഹാ നമ്മുടെ യേശുവും ആചരിച്ചതായി നാല് സുവിശേഷകരും
രേഖപ്പെടുത്തുന്നു.
യിസ്രായേൽ ജനത്തിന്റെ കടന്നുപോക്കു രക്ഷക്കുവേണ്ടിയുള്ള കടന്നുപോക്കായിരുന്നു. എന്നാൽ
പുതിയനിയമകാലത്തെ പെസഹാ രക്ഷയിലേക്കുള്ള കടന്നുവരവാണു.

എല്ലാ രക്ഷയിലും യാഗമുണ്ടു.
യാഗമായി അർപ്പിക്കപ്പെടുന്നതു
ആട്ടിൻ കുട്ടിയാണു..

” ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല”.
എബ്രായർ 9:22
പുറപ്പാടു 29:21
ലേവ്യ 8:15
ലേവ്യ 17:11
പണ്ടു പാപശുദ്ധിക്കായി മ്യഗങ്ങളെ യാഗം കഴിച്ചു വന്നു.അബ്രാഹാം യഹോവയുടെ നിർദ്ദേശപ്രകാരം ഇസഹാക്കിനെ ബലികഴിപ്പാൻ കത്തി ഓങ്ങിയപ്പോൾ യിസഹാക്ക്
ഒരു ചോദ്യം ചോദിച്ചു.

“അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
ഉല്പത്തി 22:7

ഈ ചോദ്യത്തിന്റെ ഉത്തരം യോഹന്നാൻ സ്നാപകൻ യേശുവിനെ ചൂണ്ടികൊണ്ടു
പറഞ്ഞു
” ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
യോഹന്നാൻ 1:29

യിസ്രായേലിൻ്റെ പെസഹായും, യേശുവിൻ്റെ പെസഹായും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. യിസ്രായേലിൻ്റെ പെസഹായിൽ
യാഗവസ്തുവും ,യാഗം അർപ്പിക്കുന്ന വ്യക്തിയും
രണ്ടായിരുന്നു. എന്നാൽ യേശുവിൻ്റെ പെസഹായിൽ
യാഗവസ്തുവും, യാഗം കഴിക്കുന്ന വ്യക്തിയും ഒരാളായിരുന്നു. യേശുവിൻ്റെ തീൻമേശയാണ് യേശുവിൻ്റെ പെസഹാ.
ഈ പെസഹാ ശരീരം പകുത്തുനൽകുന്നതിൻ്റെ
ശുശ്രൂഷയായിരുന്നു. സ്വന്തം രക്തം ചിന്തുന്നതിൻ്റെ പെസഹായായിരുന്നു.
പെസഹാ സകലബലികളുടേയും
പൂർത്തീകരണമാണു. അതു പാപത്തിൽ നിന്നുമുള്ള കടന്നുപോക്കാണു..
രക്ഷയിലേക്കുള്ള കടന്നുവരവാണു..
യേശുവും ശിഷ്യന്മാരും പെസഹാ
ആഘോഷിച്ചു. യേശുഭക്ഷണത്തിനു
മുൻപ് എല്ലാവരുടേയും
പാദങ്ങൾ കഴുകിചുംബിച്ചു.അതിൽ
തന്നെ ഒറ്റി കൊടുക്കുവാൻ പോകുന്ന യൂദായും ഉണ്ടായിരുന്നു. സ്നേഹത്തിൻ്റെ
വലിയൊരു കല്പന അവർക്ക് ൽകി.

” നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം”
യോഹന്നാൻ 13:34

യേശുവിൻ്റെ പെസഹാ സ്നേഹത്തിൻ്റേയും എളിമയുടെയും, വിനയത്തിൻ്റേയും, മുറിച്ചു നൽകുന്നതിൻ്റേയും
പങ്കുവയ്ക്കലിൻ്റേയും
പെസഹാ ആയിരുന്നു. ആ പെസഹാ വഴി യേശു മഹത്തായ
ദൂതു നൽകി. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന അപ്പമാണു താനെന്നും, താൻ മാനവകുലത്തിനുവേണ്ടി നുറുക്കപ്പെടുവാൻ പോകുന്നുവെന്ന മഹനീയ സന്ദേശവും ശിഷ്യർക്കു നൽകി..

” പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു.അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
ലൂക്കോസ് 22:19,20

യേശുവാകുന്ന കുഞ്ഞാടു നമുക്കായി ബലിയായ് തീർന്നതോടെ സകല ബലികളുടേയും പൂർത്തീകരണമായി.
ക്രൂശിൽ ചൊരിഞ്ഞ കുഞ്ഞാടിന്റെ രക്തം സകല പാപങ്ങളേയും മോചിപ്പിക്കുന്നു.
ക്രിസ്തു രക്തം ചൊരിഞ്ഞതു
വഴി സകലപാപത്തിനും പരിഹാരമായി. ആ രക്തം വഴി
വലിയ വീണ്ടെടുപ്പു സാദ്ധ്യമായി.

“വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
1പത്രോസ് 1:18,19

യിസ്രായേൽ ജനത്തിനു കട്ടിളയിലെ കുഞ്ഞാടിന്റെ
രക്തം രക്ഷ നൽകിയെങ്കിൽ
നമുക്കു സാക്ഷാൽ യേശുവിന്റെ രക്തം സൗജന്യമായ രക്ഷ നൽകുന്നു.
ആ രക്തം എല്ലാവർക്കും ജാതിമതഭേദമെന്യ നൽകപ്പെട്ടിരിക്കുന്നു…പാപജീവിതത്തിനുള്ള പരിഹാരം നമ്മുടെ
സമ്പത്തോ, സ്ഥാനമാനങ്ങളോ,
നേർച്ചകാഴ്ച്ചകളോ അല്ല. കർത്താവിന്റെ രക്തമാണു..ആ രക്തം നമ്മുടെ ഹ്യദയത്തിന്റെ വാതിലിൽ പുരട്ടിയോ? കുഞ്ഞാടിന്റെ ആ രക്തത്താൽ
നാം കുളിച്ചോ? ശുദ്ധിയായ് തീർന്നുവോ? നമ്മുടെ പാപങ്ങൾ എത്ര കടുംചുവപ്പായാലും ഹിമം പോലെ വെളുപ്പിക്കാൻ കഴിവുള്ളതാണു
ആ രക്തം…പെസഹാ… യേശുവിൻ്റെ രക്ഷയിലേക്കുള്ള കടന്നുവരവിൻ്റെ ദിനം…
ആ പുണ്യദിനത്തെ ഓർത്തു നമുക്കു പാടാം.

പെസഹാ-യാൽ പെസഹാടിനെ
നീ-ക്കിയ മശിഹാ..
മോദി-പ്പിച്ചരുളുക
ക്യപ നിൻ,
പെസഹായാൽ…

« Older posts