PREACH GOSPEL & SALVATION FOR THE LOST

Tag: MALAYALAM SERMON (Page 5 of 5)

പേടമാൻ കാലുകളുടെ ബലം നൽകുന്ന ദൈവം

Good morning

ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനം
നോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായ
ദാവീദ് പ്രതിസന്ധികളിൽ
ദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു.

” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”
18-ാം സങ്കീ 33-ാം വാക്യം.

അനേകം പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഹബക്കൂക്
ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിച്ചപ്പോഴും ദൈവത്തെ സ്തുതിച്ച്
ഇപ്രകാരം പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:17-19

പ്രയാസങ്ങളിൽ,
വേദനകളിൽ,
തീവ്രദു:ഖങ്ങളിൽ ദൈവത്തെ പാടി സ്തുതിക്കുന്നവർക്ക്
മാത്രമേ ബലമുള്ളവരായി മാറുവാൻ കഴിയൂ.
ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക.

പ്രഭാതത്തിൽ വളരെ മനോഹരമായി കിളികൾ ദൈവത്തെ പാടി സ്തുതിക്കുന്നു. കാറ്റിനാലോ, കൊടുങ്കാറ്റിനാലോ ആടുന്ന കൊമ്പാണെങ്കിലും അവ പാട്ടുപാടി കൊണ്ടിരിക്കുന്നു. അവയുടെ കാലുകൾ ബലം ധരിച്ച് കൊമ്പിൽ മുറുകെ പിടിക്കുന്നു. കൊമ്പ് ഒടിഞ്ഞു പോയാലും കിളിക്ക് ഭയമില്ല. കാരണം ദൈവം അവർക്ക് നൽകിയ ചിറകിന്റെ ബലം അവർക്കറിയാം. നാം ജീവിതത്തിൽ എന്തും സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ ബലം നാം അറിയണം.

” നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു;
സെഫന്യാവു 3:17

അതിനാൽ ജീവിതത്തിലെ കൂരിരുൾ താഴ്വരകളെ ഭയപ്പെടേണ്ടതില്ല.

” യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
2 ശമൂവേൽ 22:29,30

ദൈവം തരുന്നത് അത്യുന്നതശക്തിയാണ്. പേടമാനിൻ്റെ കാലുകളുടെ ബലമാണ്. ഏതു ശത്രുവിനേയും തകർക്കുവാൻ ഉള്ള ബലമാണ്.
തബീഥാ എന്ന പേരിനർത്ഥം പേടമാൻ എന്നാണ്. ദൈവം പത്രൊസ് മുഖേന തബീഥയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ
പട്ടണത്തിൽ വളരെ പ്രസിദ്ധയായി. തളരാതെ
ശക്തിയോടെ പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.

ജീവിതത്തിൽ പണത്തിനും, വിദ്യാഭ്യാസത്തിനും നമ്മുടെ ബുദ്ധിക്കും നൽകുവാൻ കഴിയാത്തത് ദൈവം നൽകും.അതിനാൽ ദൈവത്തിൽ ആശ്രയിക്കാം.

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ
3:5,6

സകല ചിന്താകുലങ്ങളും
ദൈവത്തിൽ സമർപ്പിക്കാം. കാരണം അവൻ നമുക്കുവേണ്ടി കരുതുന്നവൻ.

” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും”
1 തെസ്സലൊനീക്യർ 5:24

ഉപ്പിന്റെ സവിശേഷതകൾ

ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാദ്ധ്യമല്ലാത്ത ഒന്നാണ് ഉപ്പ്. വേദപുസ്തകത്തിൽ
വളരെ പ്രാധാന്യമുള്ളതും ആഴമുള്ളതുമായ പദമാണ് ഉപ്പ്. ഉപ്പിന്
വളരെയേറെ സവിശേഷതകൾ ഉണ്ട്.

1) ഉപ്പ് ദൈവവുമായുള്ള
ഉടമ്പടിക്ക് ഉപയോഗിച്ചിരുന്നു.

” യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു”
സംഖ്യാപുസ്തകം 18:19

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

“Whatever is set aside from the holy offerings the Israelites present to the Lord I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the Lord for both you and your offspring.”
Numbers 18:19

ദൈവവുമായി ഉപ്പിന്റെ ഉടമ്പടി നാം കാണുന്നു.

” യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13:5

അന്നത്തെ കാലത്ത് ഉപ്പ് വളരെ വിലകൂടിയ വസ്തുവായിരുന്നു. ഉപ്പിനുവേണ്ടി യുദ്ധം പോലും നടന്നിരുന്നു. ശമ്പളമായും ഉപ്പ് നൽകിയിരുന്നുവത്രെ.

2) ഉപ്പ് രുചി വരുത്തുന്നു.

ഒരു കറി പാചകം ചെയ്യുമ്പോൾ അതിന് പാകത്തിന് ഉപ്പില്ലെങ്കിൽ
ആ കറിക്ക് രുചിയുണ്ടാകയില്ല. നാമാകുന്ന ഉപ്പ് നാം ആയിരിക്കുന്ന കുടുംബത്തിലും, സമൂഹത്തിലും ദേശത്തിനും രുചി വരുത്തുന്നതാകണം.

3) ഉപ്പ് ശുദ്ധി വരുത്തുന്നു.

” നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം”
ലേവ്യപുസ്തകം 2:13

യാഗത്തിനുള്ള ഭോജനയാഗങ്ങളിൽ
ഉപ്പ് ഉണ്ടായിരിക്കണം
എന്ന് യഹോവ കല്പിച്ചു.

ഒരിക്കൽ എലീശാ യരീഹോവിൽ പാർക്കുമ്പോൾ പട്ടണക്കാർ വന്ന് ദേശം മനോഹരവും വെള്ളം ചീത്തയും ആണെന്ന് പറഞ്ഞു. അപ്പോൾ എലീശാ അവരോട് പറഞ്ഞു.

“ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു”
2 രാജാ 2:20-22

നാമാകുന്ന
ദൈവമന്ദിരങ്ങൾ ദൈവത്തിന്റെ യാഗമായി
മാറേണം. ഉപ്പ് ശുദ്ധീകരണം നടത്തുന്നപോലെ നമ്മിലും ഒരു ശുദ്ധീകരണം നടക്കണം.
യഹോവ പറയുന്നു ഭോജനയാഗങ്ങളിൽ
ഉപ്പുണ്ടാകണം. ശുദ്ധീകരണം ഇല്ലാതെ
ദൈവത്തെ കാണുവാൻ
ആർക്കും കഴികയില്ല. ഉപ്പ്
സകല മാലിന്യങ്ങളേയും കീടങ്ങളെയും നീക്കികളയുന്നു.നാം ഉപ്പായി മാറുമ്പോൾ നമ്മിൽ പാപശുദ്ധീകരണം
ഉണ്ടാകുന്നു. നാം മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായി
മാറുന്നു.

4) ഭക്ഷ്യവസ്തുക്കൾ
കേടുകൂടാതെ സംരക്ഷിക്കുന്നു.

ഉപ്പ് ധാരാളം
ഭക്ഷണവസ്തുക്കളെ
കേടുവരാതെ സംരക്ഷിക്കും. നാമാകുന്ന ഉപ്പ് നമ്മുടെ കുടുംബത്തേയും, സമൂഹത്തേയും നാശങ്ങളിൽ നിന്ന് വിടുവിച്ച്
സംരക്ഷിക്കേണം.

5) രോഗശമനത്തിന്
ഉപ്പ് ഫലപ്രദമാണ്.

രോഗപ്രതിരോധത്തിന്
ഉപ്പ് ഉപയോഗിക്കുന്നു. അനേകം ഔഷധങ്ങളിലും, ഔഷധകൂട്ടിലും, ഉപ്പ് ഉപയോഗിക്കുന്നു. ശാരീരികമായും, മാനസികമായും അവശതകൾ അനുഭവിക്കുന്ന അനേകം
പേരുണ്ട്. നാമാകുന്ന ഉപ്പ്
അവർക്ക് ആശ്വാസമാകുവാൻ
ദൈവം ആഗ്രഹിക്കുന്നു.

6) ഉപ്പ് ന്യായവിധിയെ കുറിക്കുന്നു.

സൊദൊം, ഗോമോര നിവാസികളിൽ പാപത്തിൽ പതിച്ചപ്പോൾ,
ആ പട്ടണം അഗ്നിക്കിരയാക്കാനും,
നീതിമാനായി ജീവിച്ച ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുവാനും ,യഹോവ തീരുമാനിച്ചു. പിൻതിരിഞ്ഞു നോക്കാതെ ഓടി പോകുവാനുള്ള കല്പനയെ ധിക്കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതായി നാം വായിക്കുന്നു. ആ പട്ടണങ്ങളെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയ കർത്താവ് ലോത്തിന്റെ ഭാര്യയെ ന്യായവിധിയെ
ഓർമ്മിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാത്യകയായി എന്നും നിലനിർത്തിയിരിക്കുന്നു.
ഉപ്പ് ദൈവകല്പനകളെ അനുസരിക്കണമെന്നും
അല്ലാത്തപക്ഷം വരുന്ന ന്യായവിധിയേയും
ഓർമ്മപ്പെടുത്തുന്നു.

7)ഉപ്പ് ഒന്നിനോട് ച്ചേരുമ്പോൾ അലിഞ്ഞ് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാകുന്നു.

യോഹന്നാൻ സ്നാപകൻ
യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു.

” അവൻ വളരേണം, ഞാനോ കുറയേണം”
യോഹന്നാൻ 3:30

പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”
ഫിലിപ്പിയർ 1:21

യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഉപ്പായി ജീവിച്ചവരാണ്. അവർ അവരുടെ ജീവനെ വിലയേറിയതായി എണ്ണാതെ അലിഞ്ഞലിഞ്ഞ് ലോകത്തിന് നന്മയേകിയവരാണ്.
നാമും ദൈവത്തിന് വേണ്ടി യാഗമായി അർപ്പിക്കപ്പെടണ്ണം.

8) ഉപ്പ് സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

സമുദ്രത്തിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് ഉപ്പ്.
ഈ ലോകമാകുന്ന സമുദ്രത്തിൽ നിന്നും ദൈവം നമ്മെ വേർതിരിച്ചെടുത്ത്
നിറുത്തിയിരിക്കുന്നു.
അതിൻ്റെ പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നീ വിശേഷപ്പെട്ട
മറ്റുള്ളവർക്ക് രുചി വരുത്തുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന ശുദ്ധിയുള്ള
ഉപ്പാകണം. അത് മറ്റുള്ളവർക്ക് വളമാകണം. ഉപ്പ് കാരമില്ലാതെ പോകരുത്.
യേശു പറയുന്നു.

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
മത്തായി 5:13

അതിനാൽ ദൈവത്തിന്റെ സന്നിധിയിൽ ഒരു ഉപ്പിനോടു കൂടിയ ഭോജനയാഗമാകാം.
മറ്റുള്ളവർക്ക് നന്മയേകുന്ന ഉപ്പാകുവാൻ സർവ്വേശ്വരൻ ക്യപ ചൊരിയട്ടെ…

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

Newer posts »