ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാദ്ധ്യമല്ലാത്ത ഒന്നാണ് ഉപ്പ്. വേദപുസ്തകത്തിൽ
വളരെ പ്രാധാന്യമുള്ളതും ആഴമുള്ളതുമായ പദമാണ് ഉപ്പ്. ഉപ്പിന്
വളരെയേറെ സവിശേഷതകൾ ഉണ്ട്.

1) ഉപ്പ് ദൈവവുമായുള്ള
ഉടമ്പടിക്ക് ഉപയോഗിച്ചിരുന്നു.

” യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു”
സംഖ്യാപുസ്തകം 18:19

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

“Whatever is set aside from the holy offerings the Israelites present to the Lord I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the Lord for both you and your offspring.”
Numbers 18:19

ദൈവവുമായി ഉപ്പിന്റെ ഉടമ്പടി നാം കാണുന്നു.

” യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13:5

അന്നത്തെ കാലത്ത് ഉപ്പ് വളരെ വിലകൂടിയ വസ്തുവായിരുന്നു. ഉപ്പിനുവേണ്ടി യുദ്ധം പോലും നടന്നിരുന്നു. ശമ്പളമായും ഉപ്പ് നൽകിയിരുന്നുവത്രെ.

2) ഉപ്പ് രുചി വരുത്തുന്നു.

ഒരു കറി പാചകം ചെയ്യുമ്പോൾ അതിന് പാകത്തിന് ഉപ്പില്ലെങ്കിൽ
ആ കറിക്ക് രുചിയുണ്ടാകയില്ല. നാമാകുന്ന ഉപ്പ് നാം ആയിരിക്കുന്ന കുടുംബത്തിലും, സമൂഹത്തിലും ദേശത്തിനും രുചി വരുത്തുന്നതാകണം.

3) ഉപ്പ് ശുദ്ധി വരുത്തുന്നു.

” നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം”
ലേവ്യപുസ്തകം 2:13

യാഗത്തിനുള്ള ഭോജനയാഗങ്ങളിൽ
ഉപ്പ് ഉണ്ടായിരിക്കണം
എന്ന് യഹോവ കല്പിച്ചു.

ഒരിക്കൽ എലീശാ യരീഹോവിൽ പാർക്കുമ്പോൾ പട്ടണക്കാർ വന്ന് ദേശം മനോഹരവും വെള്ളം ചീത്തയും ആണെന്ന് പറഞ്ഞു. അപ്പോൾ എലീശാ അവരോട് പറഞ്ഞു.

“ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു”
2 രാജാ 2:20-22

നാമാകുന്ന
ദൈവമന്ദിരങ്ങൾ ദൈവത്തിന്റെ യാഗമായി
മാറേണം. ഉപ്പ് ശുദ്ധീകരണം നടത്തുന്നപോലെ നമ്മിലും ഒരു ശുദ്ധീകരണം നടക്കണം.
യഹോവ പറയുന്നു ഭോജനയാഗങ്ങളിൽ
ഉപ്പുണ്ടാകണം. ശുദ്ധീകരണം ഇല്ലാതെ
ദൈവത്തെ കാണുവാൻ
ആർക്കും കഴികയില്ല. ഉപ്പ്
സകല മാലിന്യങ്ങളേയും കീടങ്ങളെയും നീക്കികളയുന്നു.നാം ഉപ്പായി മാറുമ്പോൾ നമ്മിൽ പാപശുദ്ധീകരണം
ഉണ്ടാകുന്നു. നാം മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായി
മാറുന്നു.

4) ഭക്ഷ്യവസ്തുക്കൾ
കേടുകൂടാതെ സംരക്ഷിക്കുന്നു.

ഉപ്പ് ധാരാളം
ഭക്ഷണവസ്തുക്കളെ
കേടുവരാതെ സംരക്ഷിക്കും. നാമാകുന്ന ഉപ്പ് നമ്മുടെ കുടുംബത്തേയും, സമൂഹത്തേയും നാശങ്ങളിൽ നിന്ന് വിടുവിച്ച്
സംരക്ഷിക്കേണം.

5) രോഗശമനത്തിന്
ഉപ്പ് ഫലപ്രദമാണ്.

രോഗപ്രതിരോധത്തിന്
ഉപ്പ് ഉപയോഗിക്കുന്നു. അനേകം ഔഷധങ്ങളിലും, ഔഷധകൂട്ടിലും, ഉപ്പ് ഉപയോഗിക്കുന്നു. ശാരീരികമായും, മാനസികമായും അവശതകൾ അനുഭവിക്കുന്ന അനേകം
പേരുണ്ട്. നാമാകുന്ന ഉപ്പ്
അവർക്ക് ആശ്വാസമാകുവാൻ
ദൈവം ആഗ്രഹിക്കുന്നു.

6) ഉപ്പ് ന്യായവിധിയെ കുറിക്കുന്നു.

സൊദൊം, ഗോമോര നിവാസികളിൽ പാപത്തിൽ പതിച്ചപ്പോൾ,
ആ പട്ടണം അഗ്നിക്കിരയാക്കാനും,
നീതിമാനായി ജീവിച്ച ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുവാനും ,യഹോവ തീരുമാനിച്ചു. പിൻതിരിഞ്ഞു നോക്കാതെ ഓടി പോകുവാനുള്ള കല്പനയെ ധിക്കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതായി നാം വായിക്കുന്നു. ആ പട്ടണങ്ങളെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയ കർത്താവ് ലോത്തിന്റെ ഭാര്യയെ ന്യായവിധിയെ
ഓർമ്മിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാത്യകയായി എന്നും നിലനിർത്തിയിരിക്കുന്നു.
ഉപ്പ് ദൈവകല്പനകളെ അനുസരിക്കണമെന്നും
അല്ലാത്തപക്ഷം വരുന്ന ന്യായവിധിയേയും
ഓർമ്മപ്പെടുത്തുന്നു.

7)ഉപ്പ് ഒന്നിനോട് ച്ചേരുമ്പോൾ അലിഞ്ഞ് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാകുന്നു.

യോഹന്നാൻ സ്നാപകൻ
യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു.

” അവൻ വളരേണം, ഞാനോ കുറയേണം”
യോഹന്നാൻ 3:30

പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”
ഫിലിപ്പിയർ 1:21

യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഉപ്പായി ജീവിച്ചവരാണ്. അവർ അവരുടെ ജീവനെ വിലയേറിയതായി എണ്ണാതെ അലിഞ്ഞലിഞ്ഞ് ലോകത്തിന് നന്മയേകിയവരാണ്.
നാമും ദൈവത്തിന് വേണ്ടി യാഗമായി അർപ്പിക്കപ്പെടണ്ണം.

8) ഉപ്പ് സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

സമുദ്രത്തിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് ഉപ്പ്.
ഈ ലോകമാകുന്ന സമുദ്രത്തിൽ നിന്നും ദൈവം നമ്മെ വേർതിരിച്ചെടുത്ത്
നിറുത്തിയിരിക്കുന്നു.
അതിൻ്റെ പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നീ വിശേഷപ്പെട്ട
മറ്റുള്ളവർക്ക് രുചി വരുത്തുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന ശുദ്ധിയുള്ള
ഉപ്പാകണം. അത് മറ്റുള്ളവർക്ക് വളമാകണം. ഉപ്പ് കാരമില്ലാതെ പോകരുത്.
യേശു പറയുന്നു.

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
മത്തായി 5:13

അതിനാൽ ദൈവത്തിന്റെ സന്നിധിയിൽ ഒരു ഉപ്പിനോടു കൂടിയ ഭോജനയാഗമാകാം.
മറ്റുള്ളവർക്ക് നന്മയേകുന്ന ഉപ്പാകുവാൻ സർവ്വേശ്വരൻ ക്യപ ചൊരിയട്ടെ…