Good morning

ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനം
നോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായ
ദാവീദ് പ്രതിസന്ധികളിൽ
ദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു.

” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”
18-ാം സങ്കീ 33-ാം വാക്യം.

അനേകം പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഹബക്കൂക്
ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിച്ചപ്പോഴും ദൈവത്തെ സ്തുതിച്ച്
ഇപ്രകാരം പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:17-19

പ്രയാസങ്ങളിൽ,
വേദനകളിൽ,
തീവ്രദു:ഖങ്ങളിൽ ദൈവത്തെ പാടി സ്തുതിക്കുന്നവർക്ക്
മാത്രമേ ബലമുള്ളവരായി മാറുവാൻ കഴിയൂ.
ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക.

പ്രഭാതത്തിൽ വളരെ മനോഹരമായി കിളികൾ ദൈവത്തെ പാടി സ്തുതിക്കുന്നു. കാറ്റിനാലോ, കൊടുങ്കാറ്റിനാലോ ആടുന്ന കൊമ്പാണെങ്കിലും അവ പാട്ടുപാടി കൊണ്ടിരിക്കുന്നു. അവയുടെ കാലുകൾ ബലം ധരിച്ച് കൊമ്പിൽ മുറുകെ പിടിക്കുന്നു. കൊമ്പ് ഒടിഞ്ഞു പോയാലും കിളിക്ക് ഭയമില്ല. കാരണം ദൈവം അവർക്ക് നൽകിയ ചിറകിന്റെ ബലം അവർക്കറിയാം. നാം ജീവിതത്തിൽ എന്തും സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ ബലം നാം അറിയണം.

” നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു;
സെഫന്യാവു 3:17

അതിനാൽ ജീവിതത്തിലെ കൂരിരുൾ താഴ്വരകളെ ഭയപ്പെടേണ്ടതില്ല.

” യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
2 ശമൂവേൽ 22:29,30

ദൈവം തരുന്നത് അത്യുന്നതശക്തിയാണ്. പേടമാനിൻ്റെ കാലുകളുടെ ബലമാണ്. ഏതു ശത്രുവിനേയും തകർക്കുവാൻ ഉള്ള ബലമാണ്.
തബീഥാ എന്ന പേരിനർത്ഥം പേടമാൻ എന്നാണ്. ദൈവം പത്രൊസ് മുഖേന തബീഥയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ
പട്ടണത്തിൽ വളരെ പ്രസിദ്ധയായി. തളരാതെ
ശക്തിയോടെ പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.

ജീവിതത്തിൽ പണത്തിനും, വിദ്യാഭ്യാസത്തിനും നമ്മുടെ ബുദ്ധിക്കും നൽകുവാൻ കഴിയാത്തത് ദൈവം നൽകും.അതിനാൽ ദൈവത്തിൽ ആശ്രയിക്കാം.

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ
3:5,6

സകല ചിന്താകുലങ്ങളും
ദൈവത്തിൽ സമർപ്പിക്കാം. കാരണം അവൻ നമുക്കുവേണ്ടി കരുതുന്നവൻ.

” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും”
1 തെസ്സലൊനീക്യർ 5:24