PREACH GOSPEL & SALVATION FOR THE LOST

Tag: God

ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു.

” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാടു 21:4,5

നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻ
ആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്
യേശു. ക്രിസ്തീയജീവിതം
സുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും എന്നും നമുക്ക് ദു:ഖം ഉണ്ടാകയില്ല.

“അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു”
30-ാം സങ്കീ 5-ാം വാക്യം

ദു:ഖത്തിൻ്റേയും, നിരാശയുടേയും, കടബാദ്ധ്യതകളുടേയും
രോഗത്തിൻ്റേയും ആകുലതകളുടേയും
സന്ധ്യകൾ ജീവിതത്തിൽ ഉണ്ടാകാം. ശരിയായി പ്രാർത്ഥിക്കുവാൻ പോലും കഴിയാതെ മനസ് തകർന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നുവരാം. കഷ്ടതകളുടെ രാത്രിയിൽ
കണ്ണീർ കാണുന്നതിനോ
സഹായത്തിനോ ആരും കടന്നുവരണമെന്നില്ല. എന്നാൽ നിന്റെ കണ്ണുനീർ
കാണുന്ന ഒരു ദൈവം ഉണ്ട്. വേദനയുടെ രാത്രിയാമങ്ങൾ കഴിഞ്ഞാൽ ഒരു പ്രഭാതസൂര്യൻ്റെ ഉദയമുണ്ട്. ആ പ്രഭാതസൂര്യൻ്റെ കിരണങ്ങൾ നിന്നെ ആനന്ദഘോഷങ്ങളിൽ
വഴി നടത്തും. യേശു ആണ് ആ ഉദയസൂര്യൻ.

ലേവ്യപുസ്തകം ആറാം അദ്ധ്യായത്തിൽ ഹോമയാഗത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

“ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണംലേവ്യപുസ്തകം 6:9,12

ഹോമയാഗത്തിനായി ഉപയോഗിക്കുന്നത് കാള,
കോലാട്,കുറുപ്രാവ് ,
പ്രാവിൻകുഞ്ഞ് എന്നിവയെ ആണ്.
ഇവ തീയ്യിൽ രാത്രി മുഴുവനും കത്തിയെരിയണം. അപ്പോൾ അവ സൗരഭ്യയാഗമായി സ്വർഗ്ഗം സ്വീകരിക്കുന്നു.

ജീവിതത്തിൽ പൊന്നും വെള്ളിയും തീയ്യിൽ ഉരുക്കി ശോധന ചെയ്യുന്നു.
അതുപോലെയുള്ള ശോധനകൾ
ഉണ്ടാകാം. തട്ടാൻ്റെ കരസ്പർശനം
ഏൽക്കാതെ, തട്ടാൻ തീയ്യിലിട്ട് ചുട്ടും അടിച്ചും രൂപാന്തരപ്പെടുത്താതെ,
ഒരു പൊന്നും മനോഹരമായ ആഭരണമായ് മാറുകയില്ല. കുശവൻ്റെ പാദസ്പർശനവും, കരസ്പർശനവും
ഏൽക്കാത്ത ഒരു മണ്ണും മനോഹരമായ
മാനപാത്രമായി മാറുകയില്ല. തോട്ടക്കാരൻ തൻ്റെ മൂർച്ചയുള്ള ആയുധത്താൽ ചെത്തി വെടിപ്പാക്കാത്ത ഒരു വ്യക്ഷവും ഫലം നൽകില്ല.
സൗരഭ്യമേറിയ മനോഹരമായ പുഷ്പങ്ങൾ വിടരണമെങ്കിൽ ച്ചെടിക്ക് ഒരു ചെത്തി വെടിപ്പാക്കൽ
ആവശ്യമാണ്.

കഷ്ടതകളുടെ രാത്രികൾ
ജീവിതത്തിലെ ചെത്തിവെടിപ്പാക്കലുകൾ മാത്രമാണ്. അവ
ആനന്ദഘോഷത്തിൻ്റെ
പ്രഭാതം നൽകും.

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു, ഒരു നിബന്ധനയും വച്ചു. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം അത്‌ . ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം . ജ്ഞാനിയായ ബീർബൽ എഴുതി

“ഈ സമയവും കടന്നു പോവും”

ദുഃഖ സമയത്ത് കരുത്തേകുന്ന വാചകമാണിത്.

യേശുവിന്റെ ശിഷ്യന്മാർ അനേകം പീഢനങ്ങൾ സഹിക്കേണ്ടതായി വന്നു.
ഹെരോദാരാജാവിൻ്റെ കാലത്ത് യാക്കോബിൻ്റെ തല അറുത്തു. പിറ്റേദിവസം
പത്രൊസിൻ്റെ തല അറുക്കുവാനായി പത്രൊസിനെ കാരാഗ്യഹത്തിൽ അടച്ചു.
ചങ്ങലയാൽ ബന്ധിതനാക്കി. രണ്ടു പടയാളികളുടെ നടുവിൽ കിടന്നിട്ടും, പിറ്റേ ദിവസം
തൻ്റെ തല വെട്ടുമെന്ന്
ബോദ്ധ്യം ഉണ്ടായിട്ടും പത്രൊസ് പടയാളികളുടെ
മദ്ധ്യത്തിൽ സുഖമായി ഉറങ്ങി. കാരണം സന്തോഷത്തിൻ്റെ ഒരു പുലരി തന്നെ കാത്ത് നിൽക്കുന്നു എന്ന് പത്രൊസ് വിശ്വസിച്ചു. വിശ്വസിച്ചപോലെ
സ്വർഗ്ഗത്തിലെദൂതൻ
പത്രൊസിനെ രക്ഷിച്ചു.

സന്ധ്യ എത്ര കഠിനമാകട്ടെ. ഒരു പുലരി വരുന്നു.

“ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും”
യിരേമ്യാവു 31:13

” യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ട്
ഇരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും”
യെശയ്യാ 30:19

നമ്മുടെ ഉള്ളങ്ങളെ ഉള്ളതുപോലെ അറിയുന്നവൻ ദൈവം മാത്രം. ആ സർവ്വശക്തനിൽ വിശ്വസിക്കാം. നിത്യമായി
കണ്ണീരെല്ലാം മാറുന്ന ഒരു ദിനം വരും. നാം ദൈവവുമായി വസിക്കുന്ന ഒരു ദിനം. ഈ ലോകത്തിലെ ദു:ഖങ്ങളെല്ലാം മാറും.

“ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു”
യിരേമ്യാവു 30:17

അനർത്ഥം വ്യസനകാരണമാകാതെ സൂക്ഷിക്കുന്ന ദൈവം

വ്യസനപുത്രനായ യബ്ബേസിൻ്റെ പ്രാർത്ഥനകളിൽ ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയായിരുന്നു
അനർത്ഥം വ്യസനകാരണമാകാതെ
കാക്കേണം എന്നത്. ഈ ലോകത്തിൽ അപകടങ്ങളും പ്രതിസന്ധികളും ഉണ്ട്. ഒരു ദൈവപൈതൽ തീർച്ചയായും ദൈവസഹായത്തിനായി
ആഗ്രഹിക്കയും, അപേക്ഷിക്കയും വേണം.
ദൈവകരങ്ങൾക്ക് മാത്രമേ നമുക്ക് ശക്തി നൽകുവാൻ കഴികയുള്ളു.

ദൈവകരങ്ങളാണ് നമ്മുടെ കാൽ കല്ലിൽ തട്ടാതെ കാക്കുന്നത്. ആ കരങ്ങൾ താങ്ങുന്ന കരങ്ങളാണ്.

” പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു”
ആവർത്തനം 33:27

കുറേ നാൾ താങ്ങിനിറുത്തുമ്പോൾ
മനുഷ്യന്റെ കരങ്ങൾ തളർന്നുപോകാം. എന്നാൽ യേശുവിന്റെ കരങ്ങൾ ശാശ്വതങ്ങളാണ്. അവ മാറി പോകുന്നില്ല. വിശ്വസ്തനായ ദൈവം അന്ത്യം വരെ തൻ്റെ ശാശ്വതഭുജങ്ങളിൽ നിന്നെ താങ്ങി നിറുത്തും.

” ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും”
യെശയ്യാ 42:1

ദൈവം നമ്മെ തൻ്റെ ഉള്ളം കരത്തിൽ
വരച്ചിട്ടിരിക്കുന്നു.നാം കരയുമ്പോൾ നമ്മെ താങ്ങിയെടുത്ത് തൻ്റെ മാർവ്വോട് ച്ചേർക്കുന്നു.
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
തൻ്റെ ചിറകിൻ കീഴിൽ സൂക്ഷിക്കുന്നു. അതിനാൽ നമ്മെ
ദൈവകരങ്ങളിൽ നിന്നും പറിച്ചെടുക്കുവാൻ
ഒരു ദുഷ്ടശക്തിക്കും കഴികയില്ല.

ദൈവകരങ്ങൾ നമ്മെ താങ്ങുകയും, പോഷിപ്പിക്കയും ചെയ്യുന്നു. ദൈവവചനങ്ങൾ
ഉൾക്കൊള്ളുവാൻ നാം ദാഹിക്കുമ്പോൾ
ഭൗതീകജീവിതത്തിലെ
ആഹാരത്തെ നാം മറക്കും. അപ്പത്തിനുള്ള വിശപ്പോ, വെള്ളത്തിനുള്ള ദാഹമോ മറന്ന് യേശുവിന്റെ
വചനം കേട്ട് ഇരുന്ന അയ്യായിരം പുരുഷന്മാരെ
വിശപ്പോടെ
അയക്കുവാൻ
യേശുനാഥന്
മനസ്സില്ലായിരുന്നു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരങ്ങളെ
പോഷിപ്പിച്ചു.

ദൈവത്തിന്റെ ഒരു കരസ്പർശനത്തിനായ്
നാം ദാഹിക്കേണ്ടതാണ്.
അപ്പോൾ നമ്മുടെ ബലഹീനതകൾ മാറും.
യേശുവിനെ തൊട്ടവരും
യേശു തൊട്ടവരും സൗഖ്യമായി. ബാലനായ
യിരെമ്യാവിനെ ദൈവം തൊട്ടു.

“പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു”
യിരേമ്യാവു 1:9

യഹോവ അവൻ്റെ നാവിനെ തൊട്ടതിനാൽ
യഹൂദാ ജനതയുടെ നടുവിൽ ഒരു ഇടിമുഴക്കം
പോലെ അനവധി വർഷങ്ങൾ സകലപ്രതികൂലങ്ങളേയും
അതിജീവിച്ച് മുന്നേറിയ പ്രവാചകനായി യിരെമ്യാവ് മാറി. വചനം നാവിൽ തരുന്നത് ദൈവക്യപയാണ്.ദൈവം നമ്മുടെ നാവുകളെ തൊട്ടാൽ ആത്മാവിന്റെ
വചനങ്ങൾ നാവിൽ നിന്നും പുറപ്പെടും. അവരിൽ നിന്നും അനാവശ്യമായ വാക്കുകൾ പുറപ്പെടില്ല.
അവർ അധരങ്ങളെ അടക്കും.

” വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
സദൃശ്യവാക്യങ്ങൾ
10:19-21

ദൈവകരങ്ങൾ അനുകൂലമായാൽ
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
ദൈവം നമ്മെ സൂക്ഷിക്കും.
ദുരിതങ്ങളും ദു:ഖങ്ങളും
കീഴ്പ്പെടുത്തുമ്പോൾ
പതറരുത്. സകല ദുരിതങ്ങൾക്കും വിരാമമിടുവാൻ യേശു കടന്നുവരും. ജീവിതത്തിൽ ധാരാളമായി
പ്രാർത്ഥിച്ചിട്ടും മറുപടിയില്ല എന്ന് കരുതി ദു:ഖിക്കരുത്.
ശിഷ്യന്മാരുടെ പടക് കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് ആടിയുലഞ്ഞപ്പോൾ അവർ പ്രാർത്ഥിച്ചു. ഒന്നാം യാമത്തിലും,
രണ്ടാം യാമത്തിലും,
മൂന്നാം യാമത്തിലും
യേശു കടന്നു വന്നില്ല. എന്നാൽ നാലാം യാമം കഴിയുന്നതിനു മുൻപേ യേശു കടന്നുവന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്. നാം ദൈവത്തിന്റെ തക്കസമയത്തിനുവേണ്ടി
കാത്തിരിക്കണം. യേശു നിശ്ചയമായും ജീവിതത്തിലെ അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
നമ്മെ കാത്തുകൊള്ളും.
ദൈവകരങ്ങൾ ചെങ്കടലിലും, യോർദ്ദാനിലും വഴി തുറക്കും. ജീവിതത്തിൽ മുങ്ങി പോകുന്ന സന്ദർഭങ്ങളിൽ ആ കരം പത്രൊസിനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തപോലെ
നമ്മെയും കോരിയെടുക്കും.
അതിനാൽ ഒന്നും ഭയപ്പെടേണ്ടതില്ല.

” എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും”
57-ാം സങ്കീ 3-ാം വാക്യം

താഴെ പറയുന്ന വചനത്താൽ നമുക്ക് ആത്മീക ശക്തി പ്രാപിക്കാം.

“ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
ഇരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”
91-ാം സങ്കീ 10-12 വാക്യങ്ങൾ

സർവ്വജ്ഞാനിയുംസർവ്വവ്യാപിയുംസർവ്വശക്തനുമായ ദൈവം

1) ദൈവം സർവജ്ഞാനിയാണ്.

ദൈവം സകലവും അറിയുന്നവൻ.

” നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു”
യോഹന്നാൻ 16:30

യേശുവിന് സകലവും അറിയുവാനുള്ള ജ്ഞാനം ഉണ്ടെന്ന് ശിഷ്യന്മാർ സമ്മതിക്കുന്നു.
യേശുവിന് മനുഷ്യരുടെ ഉള്ളിലെ വിചാരങ്ങൾ അറിയാം. കഫർന്നഹൂമിലെ ഒരു വീട്ടിൽ വച്ച് പക്ഷവാതക്കാരനെ അവൻ്റെ പാപം ക്ഷമിച്ച് സൗഖ്യപ്പെടുത്തിയപ്പോൾ
ശാസ്ത്രിമാർ അവനെ കുറിച്ച് ഇങ്ങനെ ദൂഷണം ചിന്തിച്ചു.

“ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
മർക്കൊസ് 2:6-8

യേശു അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന്നാണ് അവിടന്ന്.
ഉൾപൂവുകളേയും ഹ്യദയങ്ങളേയും അറിയുന്നവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു” കൊലൊസ്സ്യർ 2:3

2) സർവ്വവ്യാപിയായ ദൈവം.

മനുഷ്യർക്കാർക്കും ഒരേ സമയം ഒന്നിലധികം സ്ഥാനത്ത്
ആയിരിക്കുവാൻ സാദ്ധ്യമല്ല. ഒരേ സമയം എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സർവ്വവ്യാപിത്വം. സർവ്വ വ്യാപിയായ വ്യക്തി ദൈവം മാത്രമാണ്. പിശാച് പോലും ഊടാടി സഞ്ചരിച്ചാണ് എത്തുന്നത്. ചുറ്റിതിരിഞ്ഞ് സഞ്ചരിച്ചെങ്കിൽ മാത്രമേ അവന് പലയിടത്തും എത്തുവാൻ കഴിയുകയുള്ളു. ഒരേസമയത്ത് പ്രപഞ്ചത്തിൽ എല്ലായിടത്തും ആയിരിക്കുവാൻ കഴിയുന്നവനാണ് ദൈവം.
ഒന്നോ രണ്ടോ പേർ യേശുവിൻ്റെ നാമത്തിൽ കൂടിവന്നാൽ അവരുടെ മദ്ധ്യത്തിൽ യേശുവുണ്ട്.

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്ത്
ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”മത്തായി 18:20

എല്ലാവരിലും യേശു വസിക്കുന്നു. ഈ ഭൂഖണ്ഡത്തിലെ സകല വിശ്വാസികളുടേയും ഉള്ളിൽ യേശു വസിക്കുന്നു.

” അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ”
കൊലൊസ്സ്യർ 1:27

യേശു നമ്മോടു കൂടെ വസിക്കുന്ന ഇമ്മാനുവേൽ ആണ്.
അവൻ ലോകാവസാനത്തോളം
നമ്മോടു കൂടെയുണ്ട്.
സകലസമയത്തും, സകലയിടത്തും നമ്മോടുകൂടെ ആയിരിക്കുവാൻ സാധിക്കുന്നത് ദൈവം സർവ്വവ്യാപി ആയതുകൊണ്ടാണ്.

3) സർവ്വശക്തനായ ദൈവം.

സകലത്തിനുമുള്ള കഴിവാണ് സർവ്വശക്തി.
സകലത്തിലുമുള്ള അധികാരം യേശുവിന് മാത്രമേ ഉള്ളു.യേശുവിന്
മനുഷ്യനുമേലും, പ്രക്യതിയുടെമേലും,
ജീവനുമേലും, മരണത്തിനുമേലും
ജീവജാലങ്ങളുടെമേലും
പിശാചിനുമേലും, രോഗങ്ങളുടെമേലും
അധികാരം ഉണ്ട്.

വെളിപ്പാട് പുസ്തകം യേശുവിന്റെ സർവ്വശക്തിക്ക് ഊന്നൽ
നൽകിയിരിക്കുന്നു. ദൈവത്തിന് അസാദ്ധ്യമായത് ഒന്നും തന്നെയില്ല.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഉല്പത്തി 18:14

” അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല”
യിരേമ്യാവു 32:17

നമ്മുടെ ദൈവം സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തൻ. തൻ്റെ സർവ്വശക്തിയാൽ മരണത്തെ തോല്പിച്ച്
ഉയിർത്തവൻ. ഉലകത്തിലെ ഉന്നതന്മാർ
പലരും
മൺമറഞ്ഞപ്പോൾ യേശുക്രിസ്തു മരണത്തെ തോല്പിച്ച് ഉയിർത്തെഴുന്നേറ്റു ഇന്നും നമ്മോടൊപ്പം വസിക്കുന്നു. ഈ ദൈവത്തിൻ്റെ ചിറകിൻ കീഴെ എന്നും മറയാം…