വ്യസനപുത്രനായ യബ്ബേസിൻ്റെ പ്രാർത്ഥനകളിൽ ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയായിരുന്നു
അനർത്ഥം വ്യസനകാരണമാകാതെ
കാക്കേണം എന്നത്. ഈ ലോകത്തിൽ അപകടങ്ങളും പ്രതിസന്ധികളും ഉണ്ട്. ഒരു ദൈവപൈതൽ തീർച്ചയായും ദൈവസഹായത്തിനായി
ആഗ്രഹിക്കയും, അപേക്ഷിക്കയും വേണം.
ദൈവകരങ്ങൾക്ക് മാത്രമേ നമുക്ക് ശക്തി നൽകുവാൻ കഴികയുള്ളു.
ദൈവകരങ്ങളാണ് നമ്മുടെ കാൽ കല്ലിൽ തട്ടാതെ കാക്കുന്നത്. ആ കരങ്ങൾ താങ്ങുന്ന കരങ്ങളാണ്.
” പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു”
ആവർത്തനം 33:27
കുറേ നാൾ താങ്ങിനിറുത്തുമ്പോൾ
മനുഷ്യന്റെ കരങ്ങൾ തളർന്നുപോകാം. എന്നാൽ യേശുവിന്റെ കരങ്ങൾ ശാശ്വതങ്ങളാണ്. അവ മാറി പോകുന്നില്ല. വിശ്വസ്തനായ ദൈവം അന്ത്യം വരെ തൻ്റെ ശാശ്വതഭുജങ്ങളിൽ നിന്നെ താങ്ങി നിറുത്തും.
” ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും”
യെശയ്യാ 42:1
ദൈവം നമ്മെ തൻ്റെ ഉള്ളം കരത്തിൽ
വരച്ചിട്ടിരിക്കുന്നു.നാം കരയുമ്പോൾ നമ്മെ താങ്ങിയെടുത്ത് തൻ്റെ മാർവ്വോട് ച്ചേർക്കുന്നു.
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
തൻ്റെ ചിറകിൻ കീഴിൽ സൂക്ഷിക്കുന്നു. അതിനാൽ നമ്മെ
ദൈവകരങ്ങളിൽ നിന്നും പറിച്ചെടുക്കുവാൻ
ഒരു ദുഷ്ടശക്തിക്കും കഴികയില്ല.
ദൈവകരങ്ങൾ നമ്മെ താങ്ങുകയും, പോഷിപ്പിക്കയും ചെയ്യുന്നു. ദൈവവചനങ്ങൾ
ഉൾക്കൊള്ളുവാൻ നാം ദാഹിക്കുമ്പോൾ
ഭൗതീകജീവിതത്തിലെ
ആഹാരത്തെ നാം മറക്കും. അപ്പത്തിനുള്ള വിശപ്പോ, വെള്ളത്തിനുള്ള ദാഹമോ മറന്ന് യേശുവിന്റെ
വചനം കേട്ട് ഇരുന്ന അയ്യായിരം പുരുഷന്മാരെ
വിശപ്പോടെ
അയക്കുവാൻ
യേശുനാഥന്
മനസ്സില്ലായിരുന്നു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരങ്ങളെ
പോഷിപ്പിച്ചു.
ദൈവത്തിന്റെ ഒരു കരസ്പർശനത്തിനായ്
നാം ദാഹിക്കേണ്ടതാണ്.
അപ്പോൾ നമ്മുടെ ബലഹീനതകൾ മാറും.
യേശുവിനെ തൊട്ടവരും
യേശു തൊട്ടവരും സൗഖ്യമായി. ബാലനായ
യിരെമ്യാവിനെ ദൈവം തൊട്ടു.
“പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു”
യിരേമ്യാവു 1:9
യഹോവ അവൻ്റെ നാവിനെ തൊട്ടതിനാൽ
യഹൂദാ ജനതയുടെ നടുവിൽ ഒരു ഇടിമുഴക്കം
പോലെ അനവധി വർഷങ്ങൾ സകലപ്രതികൂലങ്ങളേയും
അതിജീവിച്ച് മുന്നേറിയ പ്രവാചകനായി യിരെമ്യാവ് മാറി. വചനം നാവിൽ തരുന്നത് ദൈവക്യപയാണ്.ദൈവം നമ്മുടെ നാവുകളെ തൊട്ടാൽ ആത്മാവിന്റെ
വചനങ്ങൾ നാവിൽ നിന്നും പുറപ്പെടും. അവരിൽ നിന്നും അനാവശ്യമായ വാക്കുകൾ പുറപ്പെടില്ല.
അവർ അധരങ്ങളെ അടക്കും.
” വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
സദൃശ്യവാക്യങ്ങൾ
10:19-21
ദൈവകരങ്ങൾ അനുകൂലമായാൽ
അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
ദൈവം നമ്മെ സൂക്ഷിക്കും.
ദുരിതങ്ങളും ദു:ഖങ്ങളും
കീഴ്പ്പെടുത്തുമ്പോൾ
പതറരുത്. സകല ദുരിതങ്ങൾക്കും വിരാമമിടുവാൻ യേശു കടന്നുവരും. ജീവിതത്തിൽ ധാരാളമായി
പ്രാർത്ഥിച്ചിട്ടും മറുപടിയില്ല എന്ന് കരുതി ദു:ഖിക്കരുത്.
ശിഷ്യന്മാരുടെ പടക് കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് ആടിയുലഞ്ഞപ്പോൾ അവർ പ്രാർത്ഥിച്ചു. ഒന്നാം യാമത്തിലും,
രണ്ടാം യാമത്തിലും,
മൂന്നാം യാമത്തിലും
യേശു കടന്നു വന്നില്ല. എന്നാൽ നാലാം യാമം കഴിയുന്നതിനു മുൻപേ യേശു കടന്നുവന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്. നാം ദൈവത്തിന്റെ തക്കസമയത്തിനുവേണ്ടി
കാത്തിരിക്കണം. യേശു നിശ്ചയമായും ജീവിതത്തിലെ അനർത്ഥങ്ങൾ വ്യസനകാരണമാകാതെ
നമ്മെ കാത്തുകൊള്ളും.
ദൈവകരങ്ങൾ ചെങ്കടലിലും, യോർദ്ദാനിലും വഴി തുറക്കും. ജീവിതത്തിൽ മുങ്ങി പോകുന്ന സന്ദർഭങ്ങളിൽ ആ കരം പത്രൊസിനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തപോലെ
നമ്മെയും കോരിയെടുക്കും.
അതിനാൽ ഒന്നും ഭയപ്പെടേണ്ടതില്ല.
” എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും”
57-ാം സങ്കീ 3-ാം വാക്യം
താഴെ പറയുന്ന വചനത്താൽ നമുക്ക് ആത്മീക ശക്തി പ്രാപിക്കാം.
“ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
ഇരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”
91-ാം സങ്കീ 10-12 വാക്യങ്ങൾ
Leave a Reply