PREACH GOSPEL & SALVATION FOR THE LOST

Tag: WORD OF GOD

വിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാം

കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്
കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾ
സഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെ
ജനത്തോട് ഇങ്ങനെ പറഞ്ഞു.

“ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ”1 കൊരിന്ത്യർ
16:13 ,14

ഇന്ന് സകലർക്കും വിശ്വാസം ഉണ്ട്. എന്നാൽ അവസരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അളവ് കൂടുകയും, കുറയുകയും ചെയ്യും. വിഷമങ്ങളും വേദനകളും ജീവിതത്തെ
ഉലക്കുമ്പോൾ എല്ലാവരും
വിശ്വാസം വർദ്ധിപ്പിച്ച് കാര്യസാദ്ധ്യത്തിനായി ദൈവത്തെ സമീപിക്കും.
ദൈവമേ എനിക്കെന്തിന്
ഈ കഷ്ടങ്ങൾ തന്നു എന്ന് പരാതി പെടും. എന്നാൽ കർത്താവ് അനുഗ്രഹങ്ങൾ ഓരോന്നായി വർഷിക്കുമ്പോൾ കർത്താവേ! എനിക്കെന്തിന് ഇവയൊക്കെ തന്നു എന്നു ചോദിക്കയോ ലഭിച്ച അനുഗ്രഹങ്ങൾക്കു
നന്ദിയും സ്തുതിയും കരേറ്റുകയോ ചെയ്യാത്തവരാണ് അനേകരും. ഏതു പ്രതിസന്ധികളിലും
വിശ്വാസം കാത്തു സൂക്ഷിക്കണം. ഇയ്യോബിനെ പോലെ അവനെന്നെ കൊന്നാലും ഞാൻ അവനുവേണ്ടി തന്നെ
കാത്തിരിക്കുമെന്ന് ചങ്കൂറ്റത്തോടെ പറയുന്നവനാണ് വിശ്വാസി.

ആദിമസഭയിലെ യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഈ വിശ്വാസം കാത്തുസൂക്ഷിച്ചവരാണ്.
യേശുവിന് വേണ്ടി പിന്നീട് അനേകം പേർ രക്തസാക്ഷികളായി. സെബസ്ത്യായിൽ രക്തസാക്ഷികളായ
നാല്പതു പട്ടാളക്കാരെകുറിച്ചു അനേകം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഹദേന്മാർ എന്നറിയപ്പെടുന്ന അവരുടെ ചരിത്രം ആരേയും ആത്മീയമായി ഉത്തേജിപ്പിക്കുന്നതാണ്.
സെബസ്ത്യ മദ്ധ്യ ടർക്കിയിലെ ഒരു പട്ടണമാണ്. കിസിൽ നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

AD 320 നോടടുത്ത കാലയളവിലാണ് സെബസ്ത്യയിൽ പടയാളികളായ നാല്പതു പേർ രക്തസാക്ഷികളായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അർമേനിയയിൽ പാളയമടിച്ച സൈനികരായിരുന്നു
ഇവർ.അവരുടെ സൈന്യാധിപൻ നീചനായ ലിക്കിയാനോസ്സും, ഗവർണർ നിഷ്ഠുരനായ അഗ്രിക്കോലോവോസും ആയിരുന്നു. ചക്രവർത്തി ലിസിനിയുസിന്റെ ആജ്ഞ പ്രകാരം എല്ലാ പടയാളികളും ദേവന്മാർക്ക് ബലി കഴിക്കണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു. എന്നാൽ നാല്പത് പടയാളികൾ ഈ ഉത്തരവനുസരിച്ചില്ല. അതിനാൽ നാല്പതു പേരെ ചമ്മട്ടി കൊണ്ടടിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച് തടവിലാക്കി.അവർ ദൃഢമാനസരെന്ന് കണ്ടപ്പോൾ അവരെ നഗ്നരാക്കി സെബസ്ത്യയിലെ അസഹനീയമായ തണുപ്പുള്ള തടാകത്തിൽ രാത്രി മുഴുവനും നിർത്തി. വിശ്വാസം ത്യജിച്ച് തടാകത്തിൽ നിന്നും കരയിലേക്ക് കയറിയാൽ അവർക്ക് രക്ഷപ്പെടാം എന്ന് സൈന്യാധിപൻ പറഞ്ഞു. കൊടും തണുപ്പിനാൽ നാല്പത് പേരും മരണത്തോട് മല്ലടിച്ചു. തണുത്തുറഞ്ഞ വെള്ളത്തിൽ കിടന്നു. മറ്റു പട്ടാളക്കാർ കരയിൽ തീകായുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരിക്കെ. നാല്പത് പേരിൽ ഒരാൾ തണുപ്പ് സഹിക്കാൻ പറ്റാതെ വിശ്വാസം ത്യജിച്ച് തിരികെ കരയിൽ കയറുകയാണ്. അപ്പോൾ കരയിൽ ഇരുന്നിരുന്ന പട്ടാളക്കാരിൽ ഒരുവൻ മനോഹരമായ ഒരു ദർശനം കാണുന്നു. സ്വർഗ്ഗത്തിൽ നിന്നും നാല്പത് കിരീടങ്ങൾ ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച്ച. അതുകണ്ട് ആ പട്ടാളക്കാരൻ സകലവും ഉപേക്ഷിച്ച് കർത്താവിനെ ഏറ്റുപറഞ്ഞും കൊണ്ട് ഓടി തടാകത്തിൽ ചാടി ശേഷിച്ച 39 പേരോടൊപ്പം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന നാല്പാതാമത്തെ കിരീടത്തിന് അവകാശിയായി.
“മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയാത്തവനെ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറകയില്ല” എന്ന തിരുവചനം അവരെ ശക്തരാക്കി.

ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും വിശ്വാസത്തിൽ ജ്വലിച്ച്
നിൽക്കണം. കാരണം നമുക്കൊരു കിരീടധാരണം ഉണ്ട്. ഈ ലോകത്തിൽ എന്ത് പ്രതിസന്ധികളും വന്നു കൊള്ളട്ടെ. ഏതു മാരകരോഗവും വന്നുകൊള്ളട്ടെ.
ഇയ്യോബിനെ പോലെ
ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.

” എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും”
ഇയ്യോബ് 19:25-27

വിശ്വാസം കാത്ത് സൂക്ഷിക്കാം.
അവസാനത്തോളം
സഹിച്ച് നിൽക്കുന്നവനാണ്
രക്ഷ പ്രാപിക്കുക.ദൈവം തരുന്ന ജീവകിരീടം നഷ്ടപ്പെടുത്താതെ അവസാനം ശ്വാസം വരെ
വിശ്വാസത്തിൽ ഉറച്ചു നിൽക്കാം.

” ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ
തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക”
വെളിപ്പാടു 3:11

വിശ്വാസികൾ വാഞ്ചിക്കേണ്ട ആറു കാര്യങ്ങൾ

1) തിരുനിവാസത്തിനായ്
വാഞ്ചിപ്പിൻ.

കോരഹ് പുത്രന്മാർ ഇങ്ങനെ പാടി.

“സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം.എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”
84-ാം സങ്കീ 1,2 വാക്യങ്ങൾ

കോരഹ് പുത്രന്മാരെ പോലെ നാം എന്നും ദൈവസാന്നിധ്യത്തിൽ
വസിക്കുവാൻ വാഞ്ചിക്കണം. ആയതിനു ഹ്യദയം ദൈവത്തിനായി തുറന്നു കൊടുക്കണം.

2) വചനമാകുന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ.

“ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന
മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ”
1 പത്രൊസ് 2:2,3

മായം ച്ചേർക്കുന്ന പാൽ ഭക്ഷിക്കരുത്. എന്താണ്
മായമില്ലാത്ത പാൽ?
പാൽ ദൈവവചനമാണ്.
വചനം ദൈവമാണ്.

” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1

വചനമാകുന്ന ദൈവം നമ്മിൽ വസിക്കണം എങ്കിൽ മായമില്ലാത്തവരായി
നാം മാറണം. ഒരു ഗ്ളാസ്
കമഴ്ത്തുമ്പോൾ അതിലുള്ളത് എന്താണോ
അതാണ് പുറത്തുവരിക.
ഹ്യദയത്തിൽ വചനം സംഗ്രഹിച്ചാൽ മാത്രമേ
അത് മറ്റുള്ളവർക്ക് നൽകുവാൻ സാദ്ധ്യമാകു.

3) മറ്റുള്ളവരുടെ രക്ഷക്കായി വാഞ്ചിപ്പിൻ.

“സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു”
റോമർ 10:1

പാപത്തിൽ
വീണുപോയവരെ യേശുവിന്റെ രക്ഷാകരമായ പദ്ധതിയെ
കുറിച്ച് അറിയിക്കുന്നതിന്
പൗലൊസ് അപ്പൊസ്തലനെ പോലെ
വാഞ്ചയുള്ളവരായി നാം മാറണം. ഈ ലോകത്തിൽ ദുരിതമനുഭവിക്കുന്നവരെ
കാണാതെ പോകരുത്. ശമരിയക്കാരനെ പോലെ
നല്ല മനസിനുടമകളായി
നാം മാറണം. കഷ്ടതയിലുള്ളവരെ
സഹായിക്കുവാനുള്ള
വാഞ്ച നമ്മിൽ വേണം.

4) ക്രിസ്തുവിനോടു കൂടെ കഷ്ടം സഹിക്കുവാൻ വാഞ്ചയുണ്ടാകണം.

” അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനൻ ആയിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു”
2 കൊരിന്ത്യർ 12:10

ക്രിസ്തുവിനു വേണ്ടി നിലകൊള്ളുമ്പോൾ
ബുദ്ധിമുട്ടുകളും, കയ്യേറ്റവും, ഉപദ്രങ്ങളും
ഞെരുക്കങ്ങളും ഉണ്ടാകാം. എല്ലാം ഛേദ്ദമെന്നെണ്ണി ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികളാകാനുള്ള വാഞ്ച നമ്മിൽ ഉണ്ടാകണം.

5) ലോകമോഹങ്ങൾ വിട്ട് ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ വാഞ്ചിപ്പിൻ.

” വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ”
ഫിലിപ്പിയർ 1:23

ലോകമോഹങ്ങളിൽ വീണു പോകുന്നവരാണ്
അധികവും. ജഡികമോഹങ്ങളെ വെടിഞ്ഞ് ക്രിസ്തുവിനോടു കൂടെ ച്ചേരുവാൻ പൗലൊസ് അപ്പൊസ്തലനെ പോലെ
നാം വാഞ്ചിക്കണം.

6) നിത്യഭവനത്തിനായി വാഞ്ചിപ്പിൻ.

“കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു”
2 കൊരിന്ത്യർ 5:1-3

ദൈവവും മനുഷ്യനും ഒരു കൂടാരത്തിൽ വസിക്കുന്നത് എത്ര സുന്ദരമാണ്. അവൻ നമ്മുടെ കണ്ണീരൊക്കെ
തുടച്ചു കളയുന്ന കൂടാരം.
ആ കൂടാരത്തിൽ നാം
കടക്കുന്നത് നഗ്നരായിട്ടല്ല,
സ്വർഗ്ഗീയ ഉടുപ്പ് ധരിച്ചുകൊണ്ടാണ്. ആദാമിനും ഹവ്വായ്ക്കും
ദൈവം തേജസിൻ്റെ വസ്ത്രം കൊടുത്തിരുന്നു.
അത് കാണ്മാൻ അവരുടെ ഉൾകണ്ണ് പ്രകാശിച്ചില്ല. എന്നാൽ പാപം നിമിത്തം അവർ ആ തേജസ്സിൻ്റെ വസ്ത്രം നഷ്ടപ്പെടുത്തിയപ്പോൾ
അവർ നഗ്നരാണെന്ന് അവർ മനസിലാക്കി.
യേശു തൻ്റെ പ്രാണൻ കൊടുത്ത് നൽകിയ പ്രകാശവസ്ത്രം നഷ്ടപ്പെടുത്തരുത്. യേശു നമുക്കൊരു നിത്യമായ പാർപ്പിടം ഒരുക്കിയിട്ടുണ്ട്. ശരീരമാകുന്ന കൂടാരം അഴിഞുപോകും. എന്നാൽ കൈപണിയല്ലാത്ത ഒരു ശാശ്വതഭവനം ദൈവം ദാനമായി നൽകുവാൻ പോകുന്നു. ആ ഭവനത്തിലേക്ക് സ്വർഗ്ഗീയ വസ്ത്രം ധരിച്ച് പ്രവേശിക്കുവാൻ വാഞ്ചിക്കാം.
ആയതിന് സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം