1. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു.

യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)

2. യേശു രാത്രിയിലാണ് ജനിച്ചത്.

ബൈബിളില്‍ അങ്ങനെ പറയുന്നില്ല. ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)

3. വിദ്വാന്മാര്‍ യേശുവിന്‍റെ ജനനദിവസം സന്ദര്‍ശിച്ചു.

ഇല്ല: യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.

4. വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു.

വേദപുസ്തകത്തില്‍ അങ്ങനെ ഇല്ല. വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്ന മാഗികള്‍. (Herodotus 1.10, 132)

5. യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്.

ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല.

6. വെറോനിക്ക മുഖം തുടയ്ക്കുന്നത്.

യേശുവിന്‍റെ ചിത്രങ്ങള്‍വച്ച് പലരും ആരാധിക്കാറുണ്ട്. അത് യേശുവിന്‍റേതാണെന്ന് പറയുവാന്‍ കാരണം യേശു ക്രൂശു ചുമന്നുകൊണ്ട് പോകുമ്പോള്‍ വെറോനിക്കാ എന്ന സ്ത്രീ മുഖം തുടച്ചെന്നും അതില്‍ യേശുവിന്‍റെ രൂപം തെളിഞ്ഞുവെന്നും കത്തോലിക്കര്‍ പഠിപ്പിക്കുന്നു. ഇതു ബൈബിളില്‍ ഇല്ല എന്ന സത്യം നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ബൈബിളില്‍ ഉണ്ടെങ്കില്‍ ദയവായി ആ വാക്യം എന്നെ അറിയിക്കുക.

7. “പത്രോസേ, നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും.”

ഇതിനാല്‍ ആണ് പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത് എന്ന് പറയുന്നത്. ഇങ്ങനെയൊരു വാക്യം ബൈബിളില്‍ ഇല്ല. വായിക്കുക – മത്തായി 16:18 – ‘ഞാന്‍ നിന്നോട് പറയുന്നു. നീ പത്രോസാണ്. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ പണിയും.’ (പി.ഒ.സി. ബൈബിള്‍ പേജ് 19-1997). പാറ എന്താണെന്ന് ഞാന്‍ നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ.

8. ക്രൂശില്‍നിന്നും ഇറക്കിയ യേശുവിന്‍റെ ശരീരം മാതാവിന്‍റെ മടിയില്‍ കിടത്തുന്നത്.

ഇത്തരത്തിലൊരു സംഭവം പുതിയ നിയമത്തിലൊരിടത്തും കാണുന്നില്ല. അടക്കുമ്പോള്‍ ശിഷ്യര്‍പോലും അടുത്തില്ല എന്ന് വേണം കരുതുവാന്‍. യോഹ 19:38 മുതല്‍ വായിക്കുക. അരിമത്യയിലെ ജോസഫും നിക്കോദേമോസും ചേര്‍ന്നാണ് യേശുവിനെ അടക്കിയത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന ശിഷ്യന്മാര്‍ അവിടെ വന്നില്ല. ലൂക്കോ: 23:50-56; മര്‍ക്കോസ് 15:42-47; മത്തായി 27:57-61 വാക്യങ്ങള്‍ വായിക്കുക.

9. അവനവന്‍റെ വിശ്വാസം അവനെ രക്ഷിക്കും.

ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല. “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.