യഹോവ യിരെമ്യാവ് പ്രവാചകനിലൂടെ യിസ്രായേലിനെ കുറിച്ച്
ഇങ്ങനെ പറയുന്നു.
” നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും. നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും”
യിരേമ്യാവു 51:20,21
നീ എൻ്റെ വെണ്മഴു എന്ന് യഹോവ പറയുമ്പോൾ
മഴുവിന് ഉടമസ്ഥൻ ഉണ്ട് എന്നതാണ്. ഉടമസ്ഥനില്ലാത്ത ഒരു ആയുധമാണെങ്കിൽ
കാലക്രമേണ അത് ഉപയോഗശൂന്യമാകും.
നമുക്ക് ഒരു ഉടമസ്ഥനുണ്ട്. ആ ഉടമസ്ഥൻ നമ്മെ തൻ്റെ ജീവരക്തം വിലയായി നൽകി വാങ്ങിയതാണ്. അതിനാൽ നമുക്ക് ഒരു ഉടയവനുണ്ട്. പൗലൊസ് മരണകരമായ സാഹചര്യത്തിലൂടെ കടന്നുപോയപ്പോൾ
ഇങ്ങനെ പറഞ്ഞു.
“എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു” അപ്പൊ.പ്രവ27:23,24
ആടിയുലഞ്ഞ കപ്പൽ ഏതുനിമിഷവും തകർക്കപ്പെടാവുന്ന അവസ്ഥ. കപ്പലിന്റെ ഉടമസ്ഥന് ഒന്നും ചെയ്യുവാൻ സാധിച്ചില്ല.
എന്നാൽ പൗലൊസിൻ്റെ ഉടമസ്ഥനായ ദൈവം പൗലൊസിനേയും, കൂടെയുള്ളവരേയും അവരുടെ
ജീവനും മുതലിനും യാതൊരു ആപത്തും കൂടാതെ വീണ്ടെടുത്തു.
പൗലൊസിനെ എഴുന്നേല്പിച്ച് നിറുത്തിയ ദൈവം നമ്മേയും എഴുന്നേല്പിച്ച് നിറുത്തും.
യഹോവ പറയുന്നു നീ എൻ്റെ കരത്തിലെ വെണ്മഴു ആണെന്ന്.മഴു ഉപയോഗിച്ചില്ലെങ്കിൽ അതിന്റെ മൂർച്ച നഷ്ടമാകും. എന്നാൽ ഒരു ഉടയവനുണ്ടെങ്കിൽ
മഴു ഉപയോഗിക്കപ്പടും.
ഒരു കാലത്ത് ദൈവകരത്താൽ ശക്തമായി ഉപയോഗിക്കപ്പെട്ട പലരും
ഇരുന്ന് തുരുമ്പിക്കുന്നു.
ദൈവത്താൽ ഉപയോഗിക്കപ്പെടേണ്ട
വ്യക്തികൾ പരസ്യമോ,
രഹസ്യമോ ആയ പാപങ്ങൾക്ക് വശംവദരായാൽ അവരുടെ മൂർച്ച നഷ്ടപ്പെട്ട് ഉപയോഗശൂന്യരാകും.
നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ടവർ കരിക്കട്ട പോലെയാകും.
ആദാമിന്റെ തേജസ് നഷ്ടപ്പെടുവാൻ ഇടവരുത്തിയത് അനുസരണക്കേട് എന്ന പാപത്താൽ ആയിരുന്നല്ലോ.
യേശുവിന്റെ മൂർച്ചയേറിയ ആയുധമായി നാം മാറണം. ആയതിന് നാമാകുന്ന ആയുധത്തെ ദൈവകരങ്ങളിൽ സമർപ്പിക്കണം. യഹോവ പറയുന്നു നീ എൻ്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു.
ഈ ലോകത്തിൽ നമുക്ക് സാത്താന്യശക്തിയോട്
പോരാട്ടങ്ങളുണ്ട്. അവനോട് ശക്തമായി പോരാടുവാൻ നമ്മെ ദൈവകരങ്ങളിൽ സമർപ്പിക്കണം. കാരണം ഉടയവനിലൂടെ മാത്രമേ
ആയുധം ബലമുള്ളതും
മൂർച്ചയുള്ളതുമായി തീരുകയുള്ളു. ഈ ആയുധത്തെ പലതരത്തിലും ഉടയവൻ
ഉപയോഗിക്കും. ചിലരെ
സുവിശേഷപ്രസംഗകർ
ആക്കാം. ചിലരെ ദൈവീകശുശ്രൂഷകർ
ആക്കാം. ചിലരെ സമർത്ഥനായ ഒരു ലേഖകൻ്റെ എഴുത്തുകോലാക്കി മാറ്റാം. അനേകം ഗ്രന്ഥങ്ങൾ എഴുതുവാനും
ഗാനങ്ങൾ രചിക്കുവാനും
ഉപകരിക്കാം. ഉപകരണമായ നാം ദൈവത്തിന്റെ കരങ്ങളിൽ താണിരുന്നാൽ മാത്രം മതി. എനിക്ക് ഒന്നിനും കഴിവില്ല, ഒരു വിശ്വാസിയായി ഒതുങ്ങി
കഴിഞ്ഞു കൊള്ളാം എന്ന് ചിന്തിച്ച് പിന്തിരിഞ്ഞ് പോകുന്നവർ ധാരാളം പേർ ഉണ്ട്. ആമ തൻ്റെ പുറന്തോടിനുള്ളിലേക്ക്
തല വലിച്ച് ഒളിച്ചിരിക്കുന്നിടത്തോളം
അതിന് മുന്നോട്ടു പോകാനാവില്ല. സാത്താൻ നമ്മെ
പുറന്തോടിനുള്ളിൽ
ഒതുക്കി നിർത്തുവാൻ നാം അനുവദിക്കരുത്.
അവൻ്റെ തന്ത്രങ്ങളെ അറിഞ്ഞ് ദൈവത്തിന്റെ
സർവ്വായുധം ധരിച്ച് ധീരമായി ഈ ശക്തികളെ
നാം തോല്പിക്കണം. കർത്താവിന്റെ കരങ്ങളിലെ മൂർച്ചയേറിയ വെൺമഴുവായി നാം മാറണം. നാം അങ്ങനെ
ഒതുങ്ങികൂടേണ്ടവരല്ല.
യഹോവ യിരെമ്യാവിനെ
വിളിച്ചപ്പോൾ യിരെമ്യാവ്
ബാലനെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുവാൻ ശ്രമിച്ചു. അപ്പോൾ യഹോവ ഇങ്ങനെ അരുളിച്ചെയ്തു.
“ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 1:7,8
ദൈവമാണ് നമ്മെ ഉപയോഗിക്കുന്നത്.
കേവലം ഉണങ്ങിയ വടി,
കഴുത,കാക്ക,പുഴു, വെട്ടുകിളി, മത്സ്യം,പ്രക്യതി
എന്നിവയെ എല്ലാം ദൈവം തൻ്റെ വ്യത്യസ്ത പദ്ധതിക്കായി ഉപയോഗിച്ചു. എങ്കിൽ സ്വന്തം രൂപത്തിലും, സ്വന്തം ഛായയിലും സ്യഷ്ടിച്ച നമ്മെ സ്വന്തം ചങ്കിലെ ശുദ്ധ രക്തത്താൽ വിലകൊടുത്ത് വാങ്ങിയ നമ്മെ, ദൈവം എത്ര അധികമായി ഉപയോഗിക്കും. എന്നെ കൊണ്ട് ഇത് സാദ്ധ്യമോ
എന്ന് ചിന്തിക്കാം. തീർച്ചയായും സ്വയമായി സാദ്ധ്യമല്ല. എന്നാൽ അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവനാൽ
സകലവും സാദ്ധ്യം.
” അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു”
റോമർ 9:16
ആയതിനാൽ പരിശുദ്ധാത്മാവിൻ്റെ
കരത്തിൽ ഇണങ്ങിയ ആയുധങ്ങളായി ഉപയോഗിക്കപ്പെടുവാൻ
നമ്മെ തന്നെ സമർപ്പിക്കാം.
Leave a Reply