പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ
ലേഖനം കാരാഗ്യഹത്തിൽ ഇരുന്നു കൊണ്ടു എഴുതിയ ലേഖനമാണെന്നു എല്ലാവർക്കും അറിയാം.
ഈ ലേഖനം ഒരുപാടു
കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടു.
1) എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.
പരുപരുത്ത സാഹചര്യങ്ങൾ
നോക്കി നെടുവീർപ്പെടാതെ സാദ്ധ്യതകളെ കണ്ടു സ്തോത്ര
യാഗമർപ്പിക്കുന്നവരായി ദൈവ പൈതൽ മാറണം. കൈയ്യിലും കാലുകളിലും ചങ്ങലയാൽ ആമത്തിൽ പൂട്ടിയിട്ടപ്പോഴും പൗലോസ് അപ്പോസ്തോലനിൽ
നിന്നും മുഴങ്ങിയതു സ്തോത്രഗീതങ്ങൾ മാത്രം.അതുകൊണ്ടു പൗലോസ് ഇപ്രകാരം പറഞ്ഞു.
“ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.”
ഫിലിപ്പിയർ 1:6
2) ക്രിസ്തുവിനുവേണ്ടി ജീവിക്കുക.
നാം ആർക്കുവേണ്ടി ജീവിക്കണമെന്നു ഈ ലേഖനം പഠിപ്പിക്കുന്നു. പലരും പറയാറുണ്ടു ഞാൻ എന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുന്നു, എന്റെ മക്കൾക്കു
വേണ്ടി ജീവിക്കുന്നു എന്നെല്ലാം.
എന്നാൽ പൗലോസ് അപ്പോസ്തലൻ പറയുന്നു.
“എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
ഫിലിപ്പിയർ 1:21
ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീർക്കരുതു. ക്രിസ്തീയജീവിതം എന്നതു ഇരുന്നു തുരുമ്പിച്ചു പോകുന്നതല്ല മറിച്ചു എരിഞ്ഞു തീരുന്നതാണു. നമുക്കു ഒരായുസ്സേ ഉള്ളു.
അതു ക്രിസ്തുവിനെ സാക്ഷിക്കുന്നതായി
മാറണം.മരണത്തെ കണ്ടു ഭയപ്പെടുന്നവനല്ല വിശ്വാസിയെന്നും
എന്നാൽ മരണത്തിനപ്പുറം ഒരു
ജീവിതമുണ്ടെന്നും പഠിപ്പിക്കുന്ന
ലേഖനമാണു ഫിലിപ്പ്യ ലേഖനം.
3) സമാധാനം നൽകുന്ന ലേഖനം.
ഭിന്നതയുള്ളിടത്തു സമാധാനം
ഉണ്ടാകയില്ല. കാരാഗ്യഹത്തിൽ
ഇരുന്നു കൊണ്ടു രണ്ടു സ്ത്രീകളായ യുവൊദ്യയുടേയും
സൂന്തുകയുടേയും ഭിന്നതയെ കുറിച്ചു പൗലോസ് ഓർമ്മിക്കയും
അവരോടു സമാധാനമായിരിപ്പാൻ ഉദ്ബോധിപ്പിക്കയും ച്ചെയ്യുന്നു.
“കർത്താവിൽ
ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
ഫിലിപ്പിയർ 4:2
ഭിന്നതയുള്ളിടത്തു സ്നേഹമില്ല
സ്നേഹമില്ലാത്തിടത്തു സമാധാനമില്ല. പാപം ഹ്യദയത്തിൽ കടന്നുവരുമ്പോൾ ദൈവവും മനുഷ്യനും തമ്മിൽ അകൽച്ച
ഉണ്ടാകുന്നു. ലംഘനം
ക്ഷമിച്ചും പാപം മറെച്ചും കിട്ടണം.അവനാണു ഭാഗ്യവാൻ. അനുതപിച്ചു പാപമോചനം നേടിയ ദാവിദു ഇപ്രകാരം പറയുന്നു.
“ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
32-ാം സങ്കീർത്തനം 3-5 വാക്യങ്ങൾ
മനുഷ്യനും മനുഷ്യനും തമ്മിലും
മനുഷ്യനും ദൈവവും തമ്മിലുള്ള
ഭിന്നതകൾ നീക്കിയാൽ കടന്നുവരുന്നതാണു സന്തോഷവും, സൌമ്യതയും,
സമാധാനവും എന്നു ഈ ലേഖനം പഠിപ്പിക്കുന്നു. ബുദ്ധികൊണ്ടു
നേടിയെടുക്കാവുന്ന ഒന്നല്ല സമാധാനം. ദൈവീകസമാധാനം
എന്നതു നിത്യമാണു. അതു നമ്മുടെ ഹ്യദയങ്ങളേയും നിനവുകളേയും കാത്തു പരിപാലിക്കുന്നതാണു. അതുകൊണ്ടു ഒരു ദൈവപൈതൽ
എപ്പോഴും സന്തോഷത്തോടെ
ഇരുന്നു ഈ സമാധാനം അനുഭവിപ്പാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും സന്തോഷിക്കുവാൻ പൗലൊസ് ആഹ്വാനം ചെയ്യുന്നു.
“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
ഫിലിപ്പിയർ 4:4-7
4) സകല ബുദ്ധിമുട്ടുകളും തീർക്കുന്ന ദൈവം.
ജീവിതത്തിൽ നമുക്കു ബുദ്ധിമുട്ടുകൾ ഉണ്ടു.രോഗമുണ്ടു. കഷ്ടപ്പാടുകൾ ഉണ്ടു. ആരോടും പറയാൻ പറ്റാത്ത വേദനകൾ ഉണ്ടു. എന്നാൽ ഈ ലേഖനം നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. സകല കുറവുകളും തീർക്കുന്ന ഒരു ദൈവമുണ്ട്. നമ്മുടെ ഉള്ളങ്ങളെ അറിയുന്ന ഒരു ദൈവമുണ്ട്. ഏതു കൂരിരുൾ താഴ്വരയിലും വഴി തുറക്കുന്ന ഒരു ദൈവമുണ്ട്. ഒരു വലിയ പ്രത്യാശ നൽകികൊണ്ട് ഈ ലേഖനം അവസാനിക്കുന്നു.
“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ഫിലിപ്പിയർ 4:19,20.
Leave a Reply