യേശുവിന്റെ കൂടെ മൂന്നരവർഷം നടന്ന ശിഷ്യന്മാർ യേശുവിനോട്
പറയുകയാണ് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്ന്. ഒരു പക്ഷേ യേശുവിന്റെ നിരന്തരമായ
പ്രാർത്ഥനാജീവിതവും ആത്മീകയുണർവുകളും
അവരെ ആകർഷിച്ചിരിക്കാം. പ്രാർത്ഥിച്ചാൽ എന്ത് ലഭിക്കും എന്ന് അവർക്ക് നേരിട്ട് അറിയാം.
പ്രാർത്ഥന
അനുദിന ജീവിതത്തിൻ്റെ അഭിവാജ്യഘടകമാണ്. അത് മനുഷ്യഹൃദയങ്ങളെ സ്വർഗ്ഗത്തിലുള്ള ദൈവവുമായി യോജിപ്പിക്കുന്നു. പ്രാർത്ഥന
ആത്മീയമാകയാൽ അത് അദൃശ്യ മണ്ഡലങ്ങളിൽ കടന്നുചെല്ലുകയും നാം ശക്തി പ്രാപിച്ച്, നാം ജീവിക്കുന്ന ദൃശ്യമണ്ഡലത്തിൽ നമുക്ക് ശക്തി പകരുകയും ചെയ്യുന്നു.
” കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:18
ദൈവം ഒരുപാട് കാര്യങ്ങൾ നമുക്കായി ഒരുക്കി വച്ചിട്ടുണ്ട്. അവയെ നമ്മുടെ ബാഹ്യമായ കണ്ണുകൾ കൊണ്ട് കാണുന്നതിനോ
മനസുകൊണ്ട് ഗ്രഹിക്കുന്നതിനോ കഴികയില്ല.
“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”
1 കൊരിന്ത്യർ 2:9
ദൈവവുമായുള്ള സംസർഗ്ഗം വഴിയാണ് നാം ഇവയൊക്കെ പ്രാപിക്കുന്നത്. ദൈവഹിതമായ പ്രാർത്ഥനകൾക്ക്
എപ്പോഴും മറുപടി ഉണ്ട്.
“നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല”
യാക്കോബ് 4:2,3
പ്രാർത്ഥനാജീവിതം കുറയുമ്പോൾ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകും. എല്ലാ മനുഷ്യരിലും ഒരു മ്യഗം ഉറങ്ങി കിടപ്പുണ്ട്.
ദൈവവുമായി
സംസർഗ്ഗം ഇല്ലാതെ ജീവിച്ചാൽ ഈ മ്യഗം പുറത്തുവരും. അവൻ അലറും. ശണ്ഠയും കലഹവും ഉണ്ടാക്കും. പ്രാർത്ഥനാ ജീവിതം കുറയുന്നവൻ്റെ ഓരോ ദിനചര്യയും വ്യത്യസ്തമായിരിക്കും.
എന്നാൽ
പ്രാർത്ഥനാജീവിതം വാക്കുകളെ മാറ്റും. മുറിവുകളെ കെട്ടും. ദു:ഖങ്ങളെ അകറ്റും.
ദൈവത്തിൻ്റെ ആത്മാവിനാൽ അങ്ങനെയുള്ളവർ പ്രശോഭിക്കും. ആത്മാവിന്റെ ഒൻപത് ഫലങ്ങൾ അവരിൽ നാം ദർശിക്കും. അവർ ദൈവീകസ്വഭാവത്തിന്
ഉടമകളായി മാറും. ഏതു പ്രതിസന്ധികളിലും അവരുടെ മുഖം തേജസ്സുള്ളതായിരിക്കും.
മോശെ സീനായ് മലയിൽ ദൈവീകമായ സംസർഗ്ഗത്തിൽ നാല്പത് നാൾ കഴിഞ്ഞു. സ്വന്തം ത്വക്ക് ദൈവീകതേജസിനാൽ
പ്രകാശിച്ചതായി നാം വായിക്കുന്നു. പ്രാർത്ഥനയില്ലെങ്കിൽ
ജീവിതം ഇരുണ്ട് പോകും. അവർ വിവേകശൂന്യരാകും.
“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി”
റോമർ 1:21
താഴ്മയുള്ളവർക്കെ
ദൈവസന്നിധിയിലും താണിരിക്കുവാൻ കഴിയു. യേശു ദൈവമായിരുന്നിട്ടും പിതാവിനോട് എപ്പോഴും പ്രാർത്ഥിച്ചു.അതിനാൽ ആത്മീക ശക്തി പ്രാപിച്ചു. യഹൂദായിലെ
സിംഹമായിരുന്നിട്ടും പീഢാസഹനവേളകളിൽ
അറുക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ
മിണ്ടാതിരിപ്പാൻ യേശുവിന് കഴിഞ്ഞതു ഈ
പ്രാർത്ഥനാജീവിതമാണ്.
പ്രാർത്ഥിച്ചാൽ തീരാവുന്നതാണ് ജീവിതത്തിലെ പ്രശ്നങ്ങൾ. ദൈവസന്നിധിയിൽ
ഒന്ന് കരഞ്ഞാൽ ആശ്വാസം ലഭിക്കുന്നതാണ് സകല പ്രശ്നങ്ങളും. പ്രശ്നങ്ങൾ
ദൈവം അനുവദിച്ചതാണെങ്കിൽ
തുടരുക തന്നെ ചെയ്യാം. എന്നാൽ പ്രശ്നങ്ങൾ മാറുന്നതിനപ്പുറം നമ്മെ മാറ്റുവാൻ പ്രാർത്ഥനകൾക്ക് കഴിയും. ജീവിതത്തിൽ
പ്രാർത്ഥനാജീവിതം കുറഞ്ഞുപോയ കാലഘട്ടങ്ങളിൽ അനർത്ഥങ്ങൾ പലതും സംഭവിക്കാം. കുറേ പ്രസംഗങ്ങൾ കേട്ടതു കൊണ്ട് മാത്രം കാര്യമില്ല.
ദൈവവുമായി സംസർഗ്ഗത്തിൽ വസിപ്പാൻ നാം സമയം കണ്ടെത്തേണ്ടതാണ്. ദാവീദ് പ്രാർത്ഥനാസമയം
ഉറങ്ങിപ്പോയി. ചെറിയ അലസത, വ്യഭിചാരം, കൊലപാതകം എന്ന പാപങ്ങളിലേക്ക് നയിച്ചു.
ഭവനങ്ങൾ സ്തുതിയും
സ്തോത്രവും നന്ദികളും
കൊണ്ട് നിറയണം. വേദവായനകൾ നിർബന്ധമാകണം. അപ്പോൾ സാത്താന്യശക്തികൾ
അശക്തരാകും. അവ നമ്മെ വിട്ട് പോകും. ജീവിതത്തിൽ ഏതു സമയത്തും നാം പ്രാർത്ഥിക്കണം. ഒരു വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും, ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും, നമ്മുടെ ഹ്യദയത്തെ ദൈവത്തിലേക്ക് ഉയർത്തുവാനും ‘ദൈവമേ പാപിയായ എന്നോട് കരുണതോന്നേണമേ’ എന്ന് ലളിതമായി പ്രാർത്ഥിക്കാനും നമുക്ക് കഴിയും. ഒരു അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ
അന്തരാത്മാവിൽ നിന്നും ദൈവത്തോട് നന്ദി പറയുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുന്നു. ഇതുപോലെ ജീവിതത്തിൽ ഓരോ അവസരത്തിലും
ദൈവസാന്നിധ്യം അറിയുവാനും അനുഭവിക്കുവാനും നമുക്ക് കഴിയണം. അപ്പോൾ നാം പാപം ചെയ്യുകയില്ല. വീണുപോകയും ഇല്ല.
പ്രാർത്ഥന നമ്മുടെ ജീവശ്വാസം ആകണം.
പ്രാർത്ഥന ജല്പനമല്ല.
അത് ദീർഘമാകണം എന്നും ഇല്ല. വേദപുസ്തകത്തിൽ
ദൈവത്തോട് പ്രാർത്ഥിച്ച
ഭക്തന്മാരുടെ പ്രാർത്ഥനകൾ നമുക്ക് എക്കാലത്തും മാത്യകയാണ്. മോശെ ഇങ്ങനെ പ്രാർത്ഥിച്ചു.
“ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാൻ
തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ”
പുറപ്പാട് 33:13
ഏലീയാവ് ഇങ്ങനെ പ്രാർത്ഥിച്ചു.
” പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു”
1 രാജാക്കന്മാർ 17:21
യബേസ് പ്രാർത്ഥിച്ചു.
” നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി”
1 ദിനവൃത്താന്തം 4:10
യോഹന്നാൻ പ്രാർത്ഥിച്ചു.
” പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു”
3 യോഹന്നാൻ 1:2
യേശു പ്രാർത്ഥിച്ചു.
“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.
ലൂക്കൊസ് 23:34
യേശു ഒരിക്കൽ പറഞ്ഞു.
പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകില്ല എന്ന്.
ഏതു ബലഹീനതകളിലും
പ്രാർത്ഥന നമുക്ക് തുണയാകും. അത് ജീവൻ നൽകും. ജീവനില്ലാത്തതിന് ജീവൻ നൽകുവാൻ പ്രാർത്ഥന വഴിയേ സാദ്ധ്യമാകു.
പത്രൊസിൻ്റെ പ്രാർത്ഥന
തബീഥാ എന്ന പെൺകുട്ടിക്ക് ജീവൻ നൽകി.
പ്രാർത്ഥനയുടെ ഫലമായി
സെഖര്യാവ്, എലിസബത്ത് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പത്രൊസിനുവേണ്ടി സഭ ഉണർന്നിരുന്ന് പ്രാർത്ഥിച്ചപ്പോൾ ചങ്ങലകളുടെ ബന്ധനങ്ങളഴിഞ്ഞു.
ഏതു കാര്യത്തിനും മടുപ്പില്ലാതെ പ്രാർത്ഥിപ്പിൻ. ഏതു പ്രതിസന്ധികളിലും അപ്പാ! എന്ന് വിളിച്ച്
ധൈര്യത്തോടെ കടന്നു ചെല്ലുവാൻ നമുക്ക് ഒരു സുരക്ഷിതസ്ഥാനം ഉണ്ട്.
അതിനാൽ പ്രാർത്ഥനയോടെ ദൈവസാന്നിധ്യത്തിൽ
വസിക്കാം.
” അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക”
എബ്രായർ 4:16
Leave a Reply