Mary Slesser

Birth. 2 Dec 1848

Death. 13 Jan 1915

മേരി സ്ലെസര്‍

ഇരുളടഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെട്ടുരുന്ന ആഫ്രിക്കയെ സുവിശേഷീകരിക്കുവാന്‍ സ്വന്തം സുഖസൗകര്യങ്ങള്‍ പരിത്യജിച്ച് മുന്നോട്ടിറങ്ങുവാന്‍ ചുരുക്കം ചിലര്‍ മാത്രമെ തയ്യാറായിരുന്നുള്ളു.എന്നാല്‍ മിഷനറിമാര്‍ തുലോം ചുരുക്കമായിരുന്ന ആ കാലത്ത് യേശുക്രിസ്തുവിന്‍റെ പേരുപോലും കേട്ടിടില്ലാത്ത രാജ്യങ്ങളിലെ നശിച്ചുപോകുന്ന ആത്മാക്കള്‍ക്കായുള്ള ഭാരവും എരിവും നല്കി ദൈവഭക്തയായ ഒരു യുവതിയെ കര്‍ത്താവ് എഴുന്നേല്പ്പിച്ചു. എതിര്‍പ്പുകളുടേയും പ്രതിബന്ധങ്ങളുടേയും മദ്ധ്യേ ദൈവഹിതം ചെയ്യുവാനുള്ള തന്‍റെ മാതൃകാപരമായ ഭക്തിയും ധൈര്യവും ദൈവം തന്‍റെ മേല്‍ പകര്‍ന്ന അത്ഭുതകരമായ ദൈവകൃപയുടേയും പ്രചോദനത്തിന്‍റെയും ഉത്തമ സാക്ഷ്യമാകുന്നു.ആ കാലത്ത് അപരിചിതമായ അന്ധകാര രാജ്യങ്ങളില്‍ സുവിശേഷ വെളിച്ചം വീശാന്‍ മേരി സ്ലെസര്‍ എന്ന ധീരവനിത അസാധാരണ ധൈര്യത്തോടെ മുമ്പോട്ടിറങ്ങി.പ്രതിസനിധികളെ അതിജീവിച്ച് ഒരോരുത്തരുടേയും ജീവിതത്തെകുറിച്ചുള്ള ദൈവത്തിന്‍റെ മനോഹരമായ പദ്ധതിയും ഉദ്ദേശ്യവും നിറവേറ്റാന്‍ യൗവ്വനക്കാരായ പല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവളുടെ ദീവിതം ഒരുപോലെ പ്രചോദനമായിത്തീര്‍ന്നു.

പ്രതികൂലമായ കുടുംബ സാഹചര്യങ്ങളുടെ മദ്ധ്യേ 1848-ല്‍ മേരി സ്ലെസര്‍ ഭൂജാതയായി.തന്‍റെ കുടുംബത്തെ സഹായിക്കുവാന്‍ 11-ാമത്തെ വയസ്സു മുതല്‍ അവള്‍ തോഴില്‍ ശാലകളില്‍ ജോലി ചെയ്തുതുടങ്ങി. തൊഴില്‍ ശാലയിലെ കഠിനാദ്ധ്വാനത്താല്‍ ഹോമിക്കപ്പെട്ട തന്‍റെ ജീവിതത്തില്‍ അവള്‍ക്കു ലഭിച്ചുരുന്ന ഏക ആശ്വാസം പള്ളിയില്‍ പോകുന്നതായിരുന്നു.സണ്ടേസ്കൂള്‍ ശുശ്രൂഷ ഉള്‍പ്പെടെ പല സഭാശുശ്രൂഷകളിലും ഇടപെടുവാന്‍ തുടങ്ങിയപ്പോള്‍ പള്ളിയില്‍ പോകുന്നതു അവളുടെ ജീവിതത്തിലെ ഏക സന്തോഷമായിത്തീര്‍ന്നു.ചുമതലാബോധത്തോടും ഭയഭക്തിയോടുംമുടങ്ങാതെ അവള്‍ പള്ളിയില്‍ പോകുമായിരുന്നു.

പള്ളിയിലും അതിലുപരി വേദപുസ്തകവും അവളുടെ ജീവിതത്തില്‍ വലിയ സ്വാധീനംചെലത്തുകയുണ്ടായി. വായിക്കുവാന്‍ എന്തെങ്കിലും ഉണ്ടോ എന്നു ഒരാള്‍ ചോദിച്ചതിനു വേദപുസ്തകം കാണിച്ചുകൊണ്ട് “ഇത് എടുത്തുകൊളളുക; ഇത് എന്നെ ആവേശഭരിതയാക്കിത്തീര്‍ത്തിരിക്കുന്നു” എന്നു അവള്‍ പ്രസ്താവിച്ചു.യേശുവിന്‍റെ ചരിത്രവും മനുഷ്യജാതിയോടുള്ള അവന്‍റെ സ്നേഹവും ആയിരുന്നു വേദപുസ്തകത്തില്‍ അവളെ ഏറ്റവും അധികം ആകര്‍ഷിച്ചത്.അവളുടെ ഹൃദയം ക്രസ്തുവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞുകവിഞ്ഞുരുന്നതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ അവള്‍ തിരികെ യേശുവിനെയും സ്നേഹിച്ചിരുന്നു.അവള്‍ക്കായി ഇത്ര അധികം പ്രവര്‍ത്തിച്ച യേശുവിനുവേണ്ടി പകരം ഒന്നും ചെയ്വാന്‍ കഴിയിന്നില്ലല്ലോ എന്ന ഭാരം അവളെ ഞെരുക്കിക്കൊണ്ടിരുന്നു. ദൈവത്തോടുള്ള അത്യഗാധമായ സ്നേഹം നിമിത്തം കര്‍ത്താവ് ആവശ്യപ്പെടുന്നത് എന്തും ചെയ്യാന്‍ അവള്‍ ഒരുക്കമായിരുന്നു.

സ്കോട്ട്ലണ്ടിലെ ഒരു ചേരിപ്രദേശത്തുള്ള പള്ളിയിലായിരുന്നു അവള്‍ ആരാധനയ്ക്കു പങ്കെടുത്തിരുന്നത്. പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി പള്ളിക്കാര്‍ ഒരു പദ്ധതി ആരംഭിച്ചപ്പോള്‍ അതില്‍ ഒരു അദ്ധ്യാപികയായി സന്നദ്ധസേവനം ചയ്യുവാന്‍ മേരി മുമ്പോട്ടുവന്നു.ആ കാലത്ത് വെളിപ്രസംഗങ്ങള്‍ നടത്തുന്നത് ആപത്കരമായിരുന്നെങ്കിലും മറ്റു ചിലരോട് ചേര്‍ന്ന് മേരി അതിന് ധൈര്യപ്പെട്ടു. ഇത് ഇഷ്ട്ടപ്പെടാത്ത ഒരു സംഘം ഒരു രാത്രിയോഗത്തില്‍ പങ്കെടുക്കുവാന്‍വന്നു. അതിലെ നേതാവിന്‍റെ കയ്യില്‍ അറ്റത്ത് ഈയക്കട്ട ബന്ധിച്ചിരുന്ന ഒരു വാറ് ഉണ്ടായിരുന്നു. ആ വാറ് ചുഴറ്റി ഭീഷണിപ്പെടുത്തിക്കൊണ്ട് അയാള്‍ മേരിയുടെ അടുക്കലേക്ക് ചെന്നു. ആ ഈയക്കട്ട മേരിയുടെ തലയുടെ അടുത്തുകൂടി ചീറിപ്പാഞ്ഞുവെങ്കിലും അവള്‍ അതിനെ തെല്ലും വകവെച്ചില്ല. ഇതുകണ്ട് ആകൃഷ്ടനായിത്തീര്‍ന്ന ആ നേതാവ് തന്‍റെ സംഘത്തിലെ എല്ലാ അംഗങ്ങളേയും വരുത്തി യോഗത്തില്‍ സംബന്ധിപ്പിക്കുകയും അതു മുഖാന്തരം അവരെല്ലാവരും മാനസാന്തരത്തിലേക്കു നടത്തപ്പെടുകയും ചെയ്തു. ഇതിലൂടെ കര്‍ത്താവ് മേരിയെ കൂടുതല്‍ വ്യാപകവും ആപത്കരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കുകയായിരുന്നു.

അവളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ പള്ളിയില്‍ നിന്നു മിഷനറിമാരെ വിദേശ രാജ്യങ്ങളിലേക്കു അയക്കാന്‍ തുടങ്ങിയപ്പോള്‍ മേരി അതില്‍ ആകൃഷ്ടയായിത്തീര്‍ന്നു. മിഷനറിമാര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് തങ്ങളുടെ പ്രവൃത്തികളെ വിവരിക്കുമ്പോള്‍ ആ ധീര യോദ്ധാക്കളുടെ ത്യാഗോജ്വലമായസാക്ഷ്യങ്ങള്‍ കേള്‍ക്കുവാന്‍ ധാരാളം ജനങ്ങള്‍ കൂടി വരുമായിരുന്നു. 1874-ല്‍ ഡേവിഡ് ലിവിങ്സ്ററണിന്‍റെ ചരമ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തിയാല്‍ അനേകര്‍ ആകര്‍ഷിക്കപ്പെട്ടിരുന്നതിനാല്‍ ആഫ്രിക്കയിലെ നശിച്ചുപോകുന്ന ആത്മാക്കളെ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം അനേകരിലും ആളിക്കത്തി. മേരി സ്ലെസറും അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു.അവള്‍ അതിനായി അപേക്ഷ കൊടുക്കുകയും ആഫ്രിക്കയിലെ “കേലബാര്‍” പ്രദേശത്ത് ഒരു അദ്ധ്യാപികയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

കേലബാര്‍ ജീവിക്കുവാന്‍ അത്ര നല്ല പ്രദേശമായിരുന്നില്ല. രോഗവും ദുരിതവും മരണവും നിറഞ്ഞതും മനുഷ്യവാസത്തിനു അല്പവും യോഗ്യമല്ലാത്തതുമായിരുന്നു ആ സ്ഥലം. ആഫ്രിക്കയിലെ ഏറ്റവും താണജീവിതനിലവാരം പുലര്‍ത്തുന്നവരായിരുന്നു അവിടത്തെ ദേശവാസികള്‍. അവരുടെ ജീവിതശൈലിയെക്കുറിച്ച് വിവരിക്കുവാന്‍പോലും പ്രയാസമായിരുന്നു.

അപരിഷ്കൃതര്‍,വഞ്ചകന്മാര്‍,പൈശാചികര്‍,നരഭോജികള്‍,കൊലപാതകന്മാര്‍ എന്നൊക്കെ അവരെ വിളിച്ചിരുന്നു. ڇ വെള്ളക്കാരന്‍റെ കല്ലറڈ എന്നായിരുന്നു കേലബാര്‍ അറിയപ്പെട്ടിരുന്നത്. അവിടെ എത്തുന്ന പല വിദേശികള്‍ക്കും മരണമായിരുന്നു ഫലം. അടിമവ്യവസ്ഥിതി അവിടെ നിലനിന്നിരുന്നു. ഒരു സ്ത്രീയെയൊ അടിമയെയൊ കൊല്ലുന്നത് വെറും നിസ്സാരമായി കണക്കാക്കിയിരുന്നു. ഇപ്രകാരമുള്ള പ്രതികൂലസാഹചര്യങ്ങളുടെ മദ്ധ്യേ ആയിരുന്നു മേരി സ്ലെസര്‍ കേലബാറിലേക്കു യാത്രതിരിച്ചത്. 1876-ല്‍ സെപ്റ്റംബര്‍ മാസത്തില്‍ അവിടെ കപ്പല്‍ ഇറങ്ങിയവരില്‍പെട്ട ഏക വനിതയായിരുന്നു അവര്‍. വെറും 28 വയസ്സു മാത്രമേ അന്ന് അവര്‍ക്ക് പ്രായമുണ്ടായിരുന്നുള്ളു.

മേരിക്കു മുമ്പെ അവിടെ ചെന്നെത്തിയിരുന്ന മിഷനറിമാര്‍ വിജയകരമായ പലപ്രവൃത്തികളും അവിടെ ചെയ്തിരുന്നു. ഒരു സ്കൂളും ആശുപത്രിയും അനാഥ മന്ദിരവും നൂറു കണക്കിനു ദേശവാസികള്‍ കൂടിവന്നിരുന്ന ഒരു പള്ളിയും അവര്‍ അവിടെ പണിതിരുന്നു. മേരി അവിടത്തെ ഭാഷ പഠിക്കുകയും തീരപപ്രദേശത്തെ പല സമീപ ഗ്രാമങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു .ഇവിടത്തെ ഭാഷ പഠിച്ചു കഴിഞ്ഞപ്പോള്‍ ദ്വിഭാഷി ഇല്ലാതെ ഏകയായി പലഗ്രാമങ്ങളും അവര്‍ സന്ദര്‍ശിക്കുവാന്‍തുടങ്ങി. അത് ആപല്കരമാകുന്നു എന്ന മുന്നറിയിപ്പ് നല്കപ്പെട്ടെങ്കിലും അതു വകവയ്ക്കാതെ അവര്‍ സധൈര്യം മുമ്പോട്ടു നീങ്ങി. മിഷന്‍റെ തലസ്ഥാനത്തു നിന്ന് വിദൂര സ്ഥലങ്ങളിലേക്ക് യാത്രചെയ്തപ്പോള്‍ ജനത്തിന്‍റെ വലുതായ ആവശ്യങ്ങളെക്കുറിച്ച് അവള്‍ ബോധവതിയായിത്തീര്‍ന്നു. അവള്‍ അവരെ ദൈവവചനം പഠിപ്പിക്കുകയും തങ്ങളുടെ വ്യര്‍ത്ഥ പാരമ്പര്യം വിട്ട് ജീവനുള്ള സത്യപാത പിന്‍പറ്റുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തീരപ്രദേശം വിട്ട് ഉള്‍നാടുകളിലേക്ക് യാത്രചെയ്യുവാന്‍ മേരിയുടെ ഉള്ളിലെ ആത്മഭാരം അവളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. “ദൈവമേ, ഈ ജനത്തിനു നിന്‍റെ വചനം നല്കുവാന്‍ സാധിച്ചതില്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. എന്നാല്‍ കര്‍ത്താവേ, വെളളക്കാര്‍ ആരും തന്നെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത പല ഗ്രാമങ്ങളും വിദൂര വനപ്രദേശങ്ങളില്‍ ഉണ്ട്.അവര്‍ക്കും നിന്നെ ആവശ്യമാണ്. അവരുടെ അടുക്കലേക്ക് പോകുവാന്‍ എന്നെ സഹായിക്കണമേ!” എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഉള്‍പ്രദേശങ്ങളെക്കുറിച്ച് മറ്റ് മിഷനറിമാരോട് അന്വേഷിച്ചപ്പോള്‍ഒക്കെയും “പാടില്ല, നീ കൊലചെയ്യപ്പെടും. അവരുടെ അടുക്കലേക്ക് ചെല്ലാന്‍ സാദ്ധ്യമല്ല” എന്ന എതിര്‍ അഭിപ്രായമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്നത്. എങ്കിലും കര്‍ത്താവ് നല്കിയ ആത്മഭാരം ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്നതിനാല്‍ അവള്‍ ഒരിക്കലും തന്‍റെ പ്രതീക്ഷ കൈവെടിഞ്ഞില്ല.

അതുവരെയും മിഷനറിമാര്‍ ആരും പോകുവാന്‍ ധൈര്യപ്പെടാത്ത ഉള്‍നാടുകളിലെ ഗ്രാമങ്ങളിലേക്ക് നദിയിലൂടെ യാത്രചെയ്ത് ചെന്നെത്താന്‍ 1888-ല്‍ മേരി സ്ലെസര്‍ തീരുമാനിച്ചു.അവള്‍ കൊല്ലപ്പെടും എന്ന് മറ്റുളളവര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും താന്‍ സമ്പൂര്‍ണ്ണ ദൈവഹിതത്തിന്‍റെ മദ്ധ്യേ ആകുന്നു എന്ന പൂര്‍ണ്ണസമാധാനത്തോടും സന്തോഷത്തോടും അവള്‍ മുമ്പോട്ടു യാത്രചെയ്തു. തീരപ്രദേശത്തെ ഒരു ഗ്രാമത്തലവനെ പരിചയപ്പെട്ടപ്പോള്‍ അവള്‍ക്കു പോകണമെന്നു നിര്‍ബന്ധമാണെങ്കില്‍ തന്‍റെ ഏറ്റവും നല്ല വള്ളവും തുഴയുവാന്‍ ആളുകളെയും നല്കാമെന്നു അയാള്‍ വാഗ്ദാനം നല്കി. അവര്‍ യാത്ര ആരംഭിച്ചപ്പോള്‍ വരുവാന്‍ പോകുന്ന ആപത്ത് മുന്നില്‍ കണ്ട് തദ്ദേശ വാസികളായ വളളക്കാര്‍ പോലും അവളെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ ആദ്യം ചെന്നെത്തിയ ഗ്രാമത്തിലെ തലവനെ കര്‍ത്താവ് സന്ദര്‍ശിക്കുകയും ആഗ്രാമത്തിലെ ആദ്യ വിദേശിയായി പാര്‍ക്കുവാന്‍ അയാള്‍ അവളെ അനുവദിക്കുക മാത്രമല്ല, അവിടെ ഒരു വിദ്യാലയം ആരംഭിക്കുവാനും അയാള്‍ അവള്‍ക്ക് അനുവാദം നല്കി. മേരി മുമ്പ് കണ്ടിരുന്ന എല്ലാ മനുഷ്യരെക്കാളും ആ നാട്ടുകാര്‍ കൂടുതല്‍ പ്രാകൃതന്മാരായിരുന്നു. എന്നാല്‍ ക്രൂരതയും കൊലപാതകവും മാത്രം നടത്തിയിരുന്ന ആ ജനത്തിനു അവള്‍ ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്നു കൊടുത്തു. ആ ഗോത്രവര്‍ഗ്ഗക്കാരെ സഹായിക്കുവാന്‍ കര്‍ത്താവ് അവള്‍ക്ക് കൃപ നല്കി. പലരും രക്ഷിക്കപ്പെടുകയും അവിടെ പല ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മാത്രമല്ല ആ ജനത്തിന്‍റെ ഇടയില്‍ ചില ക്രമീകരണങ്ങളും നിയമങ്ങളും അവള്‍ നടപ്പില്‍ വരുത്തുകയും തീരപ്രദേശത്തെ ഗ്രാമങ്ങളുമായി വ്യാപാരംനടത്തുന്നതിന് അവരെ സഹായിക്കുകയും ചെയ്തു.

കൂടുതല്‍ ഉള്‍നാടുകളിലേക്ക് യാത്രചെയ്യുവാന്‍ അവള്‍ വീണ്ടും ആഗ്രഹിച്ചു. പോകരുതെന്നു നാട്ടുകാര്‍ തടഞ്ഞെങ്കിലും അവള്‍ മുമ്പോട്ടുതന്നെ പോയി. “മഹതിയായ ഒരു വന്ദ്യ വനിത” എന്നും “സത്യസന്ധയായ ഒരു ന്യായാധിപതി” എന്നുമുളള സല്‍പേര് അവള്‍ അതിനകം സമ്പാദിച്ചുകഴിഞിരുന്നു. അവള്‍ യാത്ര ചെയ്ത ദേശങ്ങളിലെല്ലാം അവളുടെ ഈ സല്‍പേര്‍ അവള്‍ക്ക് മുമ്പെ എത്തിയിരുന്നു. നരഭോജികള്‍ നിറഞ്ഞ ഒരു ഗ്രാമത്തില്‍ അവള്‍ ചെന്നെത്തുകയും അവളുടെ അദ്ധ്വാനത്താല്‍ അവിടെ പലരും രക്ഷയിലേക്കു നടത്തപ്പെടുകയും ചെയ്തു.

ആഫ്രിക്കന്‍ ഉള്‍നാടുകളിലെ ആരും ആതുവരെ സന്ദര്‍ശിക്കാത്ത,രക്ഷിക്കപ്പെടാത്ത പ്രാകൃതമനുഷ്യരെ രക്ഷയിലേക്ക് നടത്തുവാന്‍ തന്നാല്‍ ആവതെല്ലാം മേരി സ്ലെസര്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരുന്നു. അവള്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വലുതായിരുന്നുവെങ്കിലും തന്നിലെ ദൈവ കൃപ അതിലും വലുതായിരുന്നു. 1915 ജനുവരിയില്‍ ദൈവം അവളെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് ചേര്‍ക്കും വരെ കര്‍ത്താവിനു വേണ്ടി തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കുവാനുള്ള അതിയായ ആഗ്രഹത്തോടും തീക്ഷ്ണതയോടും കൂടെ വിശ്വസ്തയായി മേരി ആഫ്രിക്കന്‍ നാടുകളില്‍ കഠിനാദ്ധ്വാനം ചെയ്തു. മേരി സ്ലെസറിനെപ്പോലെ നമ്മുടെ ജീവിതവും കര്‍തൃസേവയില്‍ ബലിയര്‍പ്പിക്കുവാന്‍ ദൈവസ്നേഹത്താല്‍ നാം ഏവരും പ്രേരിപ്പിക്കപ്പെടുമാറാകട്ടെ.