Samuel Kaboo Morries

Birth. 1872

Death.12 May 1893

സാമുവേല്‍ മോറിസ്

“നിര്‍മ്മല വിശ്വാസത്തിന്‍റെ അപ്പൊസ്തലന്” (The Apostles of Simple Faith) ദൈവസാന്നിദ്ധ്യത്താല്‍ നിറഞ്ഞ യൗവ്വനക്കാരനായ സാമുവേല്‍ മോറിസിന് പില്ക്കാലത്ത് നല്കപ്പെട്ട പേരായിരുന്നു ഇത്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ദൈവത്തെ അടുത്തറിയാന്‍ പലര്‍ക്കും തന്‍റെ ജീവിതം ഒരു പ്രയോജനമായിത്തീര്‍ന്നു. ദൈവവുമായുള്ള ഒരു ഗാഢബന്ധത്തിനു ഉദാഹരണമായി അത് ഇന്നും നിലകൊള്ളുന്നു. താന്‍ വചനം സംസാരിക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ കുറ്റബോധത്താല്‍ ഉണര്‍ത്തപ്പെട്ട് പലരും മുട്ടിന്‍മേല്‍ നിന്ന് അനുതാപത്തോടെ നിലവിളിക്കുമായിരുന്നു. പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഈ ആഫ്രിക്കക്കാരനായ രാജകുമാരന്‍ അമേരിക്കയിലേയ്ക്ക് പോയി എങ്കിലും യഥാര്‍ത്ഥ ആത്മനിറവിന്‍ ജീവിതം എന്തെന്നു പഠിക്കുവാന്‍ അമേരിക്കക്കാര്‍ക്ക് ഈ വിദ്യാര്‍ത്ഥി ഒടുവില്‍ ഒരു മാതൃകയായിത്തീര്‍ന്നു.

മാതാപിതാക്കളാല്‍ കാബു (Kaboo) എന്നു നാമകരണം ചെയ്യപ്പെട്ട സാമുവേല്‍ മോറിസ് 1872-ല്‍ ആഫ്രിക്കയില്‍ ഐവറികോസ്റ്റില്‍ (Ivory Coast) ഭൂജാതനായി. അക്കാലത്ത് ഗോത്രയുദ്ധങ്ങള്‍ സാധാരണയായിരുന്നതിനാല്‍ ഒരു ഗോത്രത്തലവന്‍റെ മൂത്ത പുത്രനായിരുന്ന സാമുവേലിന് തന്‍റെ ജീവിതം അപകടം നിറഞ്ഞതായിരുന്നു. എന്തുകൊണ്ടെന്നാല്‍ യുദ്ധത്തില്‍ തോല്‍വി സംഭവിച്ചാല്‍ ആ ഗോത്രത്തലവന്‍റെ മൂത്ത പുത്രനെ ശത്രുക്കള്‍ക്ക് ഏല്പ്പിച്ചു കൊടുക്കണം എന്നതായിരുന്നു ആ നാട്ടിലെ വ്യവസ്ഥ. അതിന്‍ പ്രകാരം പല പ്രാവശ്യം തന്‍റെ പിതാവ് മോചനദ്രവ്യം കൊടുത്തു വിടുവിക്കുന്നതു വരെ സാമുവേല്‍ ശത്രു ഗോത്രത്തലവന്‍മാരുടെ കൈയില്‍ ഏല്പ്പിക്കപ്പെട്ടിട്ടുണ്ട്.

സാമുവേല്‍ മോറിസിന് 15 വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ ഒരു കിരാത ഗോത്രത്തലവന്‍റെ കയ്യില്‍ ഏല്പ്പിക്കപ്പെട്ടു. തന്‍റെ പിതാവ് മകനെ വിടുവിക്കുവാന്‍ തന്നാല്‍ ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഈ ശത്രുത്തലവനെ തൃപ്തിപ്പെടുത്തുവാന്‍ യാതൊന്നുകൊണ്ടും സാദ്ധ്യമായില്ല. സാമുവേല്‍ ദിവസേന ക്രൂരമായി പിഢിപ്പിക്കപ്പെടുകയും തന്മൂലം പലപ്പോഴും ബോധരഹിതനായിത്തീരുകയും ചെയ്തു. ഒടുവില്‍ ശത്രുക്കള്‍ ആ ബാലനെ അതിക്രൂരമായി പീഢിപ്പിച്ച് കൊല്ലുവാന്‍ ശ്രമിച്ചു. അതായത്, കുറ്റവാളിയെ കഴുത്തോളം മണ്ണില്‍ കുഴിച്ചുമൂടി നിര്‍ത്തിയശേഷം മാംസഭുക്കുകളായ ഭീകര കാട്ടുറുമ്പിനെ വിട്ട് തലമുഴുവന്‍ ജീവനോടെ തിന്നു തീര്‍ക്കുക എന്നതായിരുന്നു അവരുടെ മാര്‍ഗ്ഗം. അവരുടെ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് തൊട്ടുമുമ്പ് ദൈവം സാമുവേലിന്‍റെ ജീവിതത്തില്‍ നാടകീയമായി ഇടപെട്ടു. പെട്ടെന്ന് ഉജ്ജ്വലമായൊരു വെളിച്ചം സാമുവേലിനു ചുറ്റും മിന്നുകയും ڇഓടി രക്ഷപെടുകڈ എന്നൊരു ശബ്ദം ആ വെളിച്ചത്തില്‍ നിന്നു സാമുവേലിനോട് ആജ്ഞാപിക്കുകയും ചെയ്തു. ഉടനെ തന്‍റെ ശരീരത്തിന് അത്ഭുതകരമായി ബലം ലഭിക്കുകയും ജീവരക്ഷയ്ക്കായി അവന്‍ അവിടെ നിന്ന് ഓടുകയും ചെയ്തു. ഈ സ്വര്‍ഗ്ഗീയ സന്ദര്‍ശനം സാമുവേലിന്‍റെ ജീവിതത്തില്‍ തന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായിട്ടുള്ള അവിശ്വസിനീയമായ അനുഭവങ്ങളുടെ ആരംഭം ആയിരുന്നു.

വനത്തിലൂടെയുള്ള അവന്‍റെ ഓട്ടത്തിനിടയില്‍ ദൈവം അവനെ കാട്ടുമൃഗങ്ങളില്‍ നിന്നും നരഭോജികളില്‍ നിന്നും കാത്തു സൂക്ഷിച്ച് അവസാനമായി ലൈബീരിയായിലെ (Liberia) മോണ്‍റോവിയ (Monrovia) എന്ന സ്ഥലത്തുള്ള ഒരു തോട്ടത്തില്‍ കൊണ്ടെത്തിച്ചു.സാമുവേലിന് സ്വൈര്യമായി ജീവിക്കുവാനും ജോലി ചെയ്യുവാനും ആരാധനയില്‍ പങ്കെടുക്കുവാനും സൗകര്യമുള്ള ക്രിസ്ത്യാനികള്‍ കൂടിപ്പാര്‍ക്കുന്ന ഒരു സ്ഥലമായിരുന്നു ഇത്. ഒരു ദിവസം താന്‍ പൗലോസിന്‍റെ ദമാസ്ക്കസ് യാത്രാ മദ്ധ്യേ ഉണ്ടായ സംഭവത്തെക്കുറിച്ച് കേള്‍ക്കുകയും അതെ അത്ഭുതപ്രകാശമാണല്ലോ തന്നെയും ആപത്തില്‍ നിന്നു വിടുവിച്ചത് എന്നോര്‍ത്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. തന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായി സാമുവേല്‍ പലപ്പോഴും സംഭാഷണം നടത്തുകയും ചില അവസരങ്ങളില്‍ അത് രാത്രി മുഴുവനും തുടരുകയും ചെയ്തിരുന്നു. പില്ക്കാലത്ത് അത് അമേരിക്കാക്കാരായ ക്രിസ്ത്യാനികള്‍ക്ക് ഉത്തേജനം നല്കത്തക്കവണ്ണം ഇത് അതിമനോഹരമായൊരു പ്രാര്‍ത്ഥനാശീലമായി രൂപം കൊണ്ടു.

ഒരു രാത്രിയില്‍ അയാള്‍ക്ക് കര്‍ത്താവുമായി ഒരു പ്രത്യേക ഇടപെടല്‍ ഉണ്ടായി. “പെട്ടെന്ന് എന്‍റെ മുറി മുഴുവന്‍ പ്രകാശം കൊണ്ട് നിറഞ്ഞു. സൂര്യന്‍ ഉദിച്ചതായിരിക്കുമെന്ന് ആരംഭത്തില്‍ ഞാന്‍ ചിന്തിച്ചു. എന്നാല്‍ മറ്റുള്ളവരെല്ലാം ഗാഢനിദ്രയിലായിരുന്നു. മുറി മുഴുവന്‍ തേജസ്സുകൊണ്ട് നിറയുന്നതു വരെ ആ പ്രകാശം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. എന്‍റെ ഹൃദയത്തിലെ ഭാരങ്ങളെല്ലാം പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഒരു ആന്തരിക സന്തോഷത്താല്‍ ഞാന്‍ നിറയുകയും ചെയ്തു. എന്‍റെ ശരീരം ഒരു തൂവല്‍ പോലെ ഭാരരഹിതമായി അനുഭവപ്പെട്ടു. എനിക്ക് പറന്നുയരുവാന്‍ കഴിയുന്നതു പോലെയുള്ള ഒരു ശക്തിയാല്‍ ഞാന്‍ നിറയപ്പെട്ടു. സന്തോഷം നിയന്ത്രിക്കുവാന്‍ കഴിയാതെ ഞാന്‍ അത്യുച്ചത്തില്‍ ആര്‍ക്കുകയും അത് കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം ഉണരുകയും ചെയ്തു. എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടി എന്നെ രക്ഷിച്ചിരിക്കുന്നു എന്നും അതിനായി അവന്‍ എന്നോടുകൂടെയിരുന്നു പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഗ്രഹിച്ചു”.

‘കാബു’ ജലസ്നാനം ഏല്ക്കുകയും സാമുവേല്‍ മോറിസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. താന്‍ ലൈബീരിയായില്‍ രണ്ടു വര്‍ഷം കൂടെ തുടര്‍ന്നു ജോലി ചെയ്യുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തുകയും ചെയ്തു. പരിശുദ്ധാത്മാവിനാല്‍ രൂപാന്തരം പ്രാപിച്ച തന്‍റെ ജീവിതം മറ്റുള്ളവരെ സ്വാധിനിക്കുവാന്‍ തുടങ്ങി. ഐവറി കോസ്റ്റിലെ ഗോത്ര വര്‍ഗ്ഗത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു ബാലന്‍ ലൈബീരിയായില്‍ വന്ന് സാമുവേലിനോടുകൂടെ ചേരുകയുണ്ടായി. ഐവറി കോസ്റ്റില്‍ വച്ച് തനിക്കു ചുറ്റും പ്രകാശം മിന്നിയപ്പോള്‍ ഇയാളും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ഓടി രക്ഷപ്പെടുക എന്നു തനിക്കു നേരെ ഉണ്ടായ ശബ്ദം അയാളും കേട്ടു എന്നും അറിഞ്ഞ് സാമുവേല്‍ അത്ഭുതപ്പെട്ടു! സാമുവേല്‍ ആ ബാലന് ദൈവസ്നേഹം പകര്‍ന്നു കൊടുക്കുകയും തന്മൂലം അയാള്‍ രക്ഷിക്കപ്പെട്ട് സ്നാനമേല്ക്കുകയും ‘ഹെന്‍ട്രി ഓ നെയില്‍’ (Hentry O Neil) എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

ഒരു ദിവസം ഒരാള്‍ സാമുവേലിന് യോഹന്നാന്‍റെ സുവിശേഷം 14-ാം അദ്ധ്യായം വായിച്ചു കേള്‍പ്പിക്കുകയും ആ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം തന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചെയ്തു. ഈ വാഗ്ദത്തത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനായി താന്‍ കണ്ടുമുട്ടിയ എല്ലാ മിഷനറിമാരോടും ആരാഞ്ഞുവെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതെ തന്‍റെ അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. അവസാനമായി ന്യുയോര്‍ക്ക് പട്ടണത്തില്‍ താമസിച്ചു കൊണ്ടിരുന്ന ‘സ്റ്റീഫന്‍ മെരിറ്റ്’ (Stephen Merrit) എന്ന മറ്റൊരു മിഷണറിയില്‍ നിന്നാണ് താന്‍ അറിവ് നേടിയത് എന്ന് ഒരു മിഷനറി സാമുവേലിനോടു പറഞ്ഞു. ഇത് കേട്ട ഉടനെ ന്യൂയോര്‍ക്കില്‍ പോയി മെറിറ്റിനെ കണ്ട് പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണമെന്ന് സാമുവേല്‍ തീരുമാനിച്ചു.

ഉടനെ അയാള്‍ അവിടുത്തെ കപ്പല്‍ തുറമുഖത്ത് ചെന്ന് കപ്പിത്താനെ കണ്ട് “താങ്കള്‍ എന്നെ ന്യൂയോര്‍ക്കിലേയ്ക്ക് കൊണ്ടുപോകുമെന്ന് എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. താന്‍ ഒരു മാനസികരോഗിയായിരിക്കുമെന്ന് ചിന്തിച്ച് കപ്പിത്താന്‍ അയാളെ പറഞ്ഞയച്ചു. എന്നാല്‍ സാമുവേല്‍ തന്‍റെ പ്രയ്തനം ഉപേക്ഷിച്ചില്ല. അവസാന നിമിഷം ചില കപ്പല്‍ ജീവനക്കാര്‍ വരാതിരുന്നതിനാല്‍ സാമുവേലിനെക്കൂടെ കയറ്റികൊണ്ടു പോകുവാന്‍ കപ്പിത്താന്‍ സമ്മതിക്കുകയും കപ്പലില്‍ അയാളുടെ സാന്നിദ്ധ്യം വളരെ പ്രയോജനപ്പെടുകയും ചെയ്തു. കാലില്‍ മുറിവേറ്റതിനാല്‍ നടക്കുവാന്‍ കഴിയാത്ത ഒരു ചെറുപ്പക്കാരനെ സാമുവേല്‍ കാണുകയും അയാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉടനെ അയാള്‍ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു!

ദൈവവിശ്വാസം ഇല്ലാത്തവരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നവരില്‍ പലരും. അതില്‍ ഒരാള്‍ക്ക് സാമുവേലിനോട് അതിയായ വെറുപ്പു തോന്നിയിരുന്നു. ഒരിക്കല്‍ കപ്പലിനുള്ളില്‍ ഒരു വഴക്കുണ്ടായപ്പോള്‍ ദൈവസാന്നിദ്ധ്യത്തോടുകൂടെ സാമുവേല്‍ ഇടപെട്ടു. താന്‍ പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനാല്‍ പാപബോധം ഉണ്ടാകുകയും ചെയ്തു. തന്മൂലം കപ്പലിനുള്ളിലെ ജീവിതശൈലി മാറുകയും മദ്യപാനത്തിന്‍റെ സ്ഥാനത്ത് പ്രാര്‍ത്ഥനാ യോഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സാമുവേല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തെ അതിയായി വെറുത്തിരുന്ന മനുഷ്യന്‍ സൗഖ്യം പ്രാപിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ സാമുവേലിന്‍റെ വേര്‍പാടിനെ ഓര്‍ത്ത് കപ്പല്‍ ജീവനക്കാരെല്ലാം കരയുവാന്‍ തുടങ്ങി. അവര്‍ അദ്ദേഹത്തിന് നല്ല വസ്ത്രങ്ങള്‍ നല്കി. അതിനു പകരം അദ്ദേഹം അവര്‍ക്ക് പുതുജീവന്‍ നല്കി. സാമുവേല്‍ മുഖാന്തിരം കപ്പല്‍ ജീവനക്കാരില്‍ ഉണ്ടായ സ്ഥായിയായ വ്യത്യാസത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കപ്പിത്താന്‍ സാക്ഷ്യം പ്രസ്താവിക്കുകയുണ്ടായി.

ന്യൂയോര്‍ക്ക് പട്ടണത്തില്‍ തികച്ചും അപരിചിതനായിരുന്ന ഈ ബാലന്‍ തെരുവില്‍ കണ്ടവരോടെല്ലാം സ്റ്റീഫന്‍ മെരിറ്റിനെക്കുറിച്ച് അന്വേഷിക്കുവാന്‍ തുടങ്ങി. അത്ഭുതകരമായി അദ്ദേഹം ആ വ്യക്തിയുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.എന്നാല്‍ ആഫ്രിക്കക്കാരനായ ഒരു ബാലനോട് സംസാരിക്കുവാന്‍ തന്‍റെ ജോലിത്തിരക്കുമൂലം സമയം ലഭിക്കാതെ മെരിറ്റ് അദ്ദേഹത്തെ മിഷന്‍ ഓഫീസില്‍ ഇരുത്തിയിട്ട് തന്‍റെ പ്രവൃത്തിക്കായി പോയി. മെരിറ്റ് മടങ്ങി വന്നപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിപ്പിച്ചു. സാമുവേല്‍ അവിടെ ഉണ്ടയിരുന്നവരോട് ദൈവവചനം സംസാരിക്കുകയും അതു മുഖാന്തരം അവരില്‍ പതിനേഴുപേര്‍ മുട്ടിന്മല്‍ നിന്ന് ദൈവത്തോടു കരഞ്ഞുനിലവിളിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു മെരിറ്റ് കണ്ടത്.സാമുവേലിന്‍റെ മുഖത്ത് ഒരു സ്വര്‍ഗ്ഗീയതേജസ്സ് പ്രകാശിക്കുന്നതായും അയാള്‍ കണ്ടു.

അടുത്ത ദിവസം ഒരു ശവസംസ്കാര ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോയപ്പോള്‍ മെരിറ്റ് ശമുവേലിനെ തന്‍റെ കൂടെ കൊണ്ടുപോയി.യാത്രാമദ്ധ്യേ ന്യൂയോര്‍ക്ക് പട്ടണത്തിലെ എല്ലാ വിശേഷങ്ങളും മെരിറ്റ് കാണിച്ചുകൊടുത്തുവെങ്കിലും അതിലൊന്നും സാമുവേലിന് യാതൊരു താല്പര്യവും ഉണ്ടായില്ല.ആ വാഹനത്തില്‍ കയറിയപ്പോള്‍ പ്രാര്‍ത്ഥിച്ചുവോ എന്നു സാമുവേല്‍ മെരിറ്റിനോട് ചോദിച്ചതിന്,പ്രാര്‍ത്ഥിച്ചില്ലാ എന്ന് മെരിറ്റ് കുറ്റസമ്മതം നടത്തേണ്ടതായി വന്നു.ഉടനെ അവര്‍ വാഹനം നിറുത്തുകയും ശാമുവേല്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. “ദൈവമേ,പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിക്കുവാനായി സ്റ്റീഫന്‍ മെരിറ്റിനെ കാണണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.എന്നാല്‍ അദ്ദഹം എനിക്ക് തുറമുഖം,പളളികള്‍,ബാങ്കുകള്‍,മറ്റു വന്‍ മാളികകള്‍ എന്നിവ കാണിച്ചു തരുന്നതല്ലാതെ ഞാന്‍ കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് എന്നോട് യാതൊന്നും സംസാരിക്കുന്നില്ല.അതിനാല്‍ പരിശുദ്ധാത്മാവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയൊ സംസാരിക്കുകയൊ എഴുതുകയൊ പ്രസംഗിക്കുകയൊ ചെയ്യാതിരിക്കത്തക്കവണ്ണം നിന്‍റെ സാന്നിദ്ധ്യത്താല്‍ അദ്ദേഹത്തെ നിറയ്ക്കേണമേ”. ഈ പ്രാര്‍ത്ഥനാ സമയത്ത് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ മെരിറ്റ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.ആ ദിവസം മുതല്‍ മെരിറ്റിന്‍റെ ജീവിതം പോലും വ്യത്യാസപ്പെട്ടു. ശവസംസ്കാര ചടങ്ങില്‍ വച്ച് പരിശുദ്ധാത്മാവിന്‍റെ അതിശക്തിയായ പ്രവര്‍ത്തനം ഉണ്ടാകുകയും പലരും ശവപ്പെട്ടിക്കരികെ അനുതാപത്തോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കര്‍ത്താവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാമുവേല്‍ ആഗ്രഹിച്ചതിനാല്‍ ഇന്‍ഡ്യാനയിലെ (Indiana) ടെയിലര്‍ (Taylor) സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പഠിക്കുവാന്‍ മെരിറ്റ് അയാളെ സഹായിച്ചു.സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ ڇതനിക്ക് ഇഷ്ടമുളള ഏതെങ്കിലും ഒരു മുറി തിരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു.ആര്‍ക്കും വേണ്ടാത്ത ഒരു മുറി ഉണ്ടെങ്കില്‍ അത് എനിക്ക് നല്കുകڈ എന്നു സാമുവേല്‍ മറുപടിനല്കി. ആ സര്‍വ്വകലാശാലയിലെ പ്രസിഡന്‍റ് ഈ മറുപടികേട്ട് അത്ഭുതപ്പെട്ടു. സാമുവേലിന്‍റെ സൗമ്യതയും താഴ്മയും ആ സര്‍വ്വകലാശാലാ പരിസരത്തെ മുഴുവന്‍ സ്വാധീനിക്കുകയും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ദൈവസാന്നിധ്യം എല്ലായിടവും അനുഭവപ്പെടുകയും ചെയ്തു.

ആദ്യത്തെ ഞാറാഴ്ച സാമുവേല്‍ ഒരു പളളിയില്‍ ആരാധനയ്ക്കു പോയി.താന്‍ അവിടെ വൈകിയാണ് എത്തിയതെങ്കിലും അവിടത്തെ പാസ്റ്ററെ കണ്ട് സഭക്ക് നല്കുവാന്‍ തനിക്ക് ഒരു ദൂത് ഉണ്ട് എന്നു പറഞ്ഞു.സാമുവേലിന്‍റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ദൈവതേജസ്സ് മുഖാന്തരം പാസ്റ്റര്‍ക്ക് അതു നിരസിക്കുവാന്‍ കഴിഞ്ഞില്ല. തന്‍റെ ദൂത് അവസാനിച്ചപ്പോള്‍ ദൈവികസാന്നിധ്യം മുഖാന്തിരം മുഴുസഭയും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും അതില്‍ പലരും തങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് കരഞ്ഞു നിലവിളിക്കുകയും ചെയ്തു. ഇതുപോലെ പല യോഗങ്ങള്‍ നടത്തപ്പെട്ടതിനാല്‍ ഈ വാര്‍ത്ത ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ ഉണര്‍വ്വ് കാണുവാന്‍ രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്ന് അനേകര്‍ വരികയും അവരെല്ലാം ദൈവസാന്നിധ്യത്താല്‍ സ്പര്‍ശിക്കപ്പെടുകയും അവരുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുകയും ചെയ്തു.

അടുത്ത മഞ്ഞുകാലത്ത് സാമുവേല്‍ രോഗിയായിത്തീര്‍ന്നു.ഭൂമിയിലെ തന്‍റെ ശുശ്രൂഷ അവസാനിച്ചു എന്ന് കര്‍ത്താവ് തനിക്കു കാണിച്ചുകൊടുക്കുകയും താന്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.1893 മെയ് മാസം താന്‍ പ്രിയം വച്ച പിതാവിന്‍റെ സന്നിധിയിലേക്ക് തന്‍റെ ഇരുപതാമത്തെ വയസ്സില്‍ ചേര്‍ക്കപ്പെട്ടു.തന്‍റെ മരണം പലരിലും സ്വാധീനിക്കുകയും സാമുവേലിന്‍റെ ആത്മഭാരം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയില്‍ നിന്ന് പലരും മിഷനറിമാരായി ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.സാമുവേലിനോട് ബന്ധപ്പെട്ട എല്ലാവരും തന്നില്‍ നിന്ന് പ്രസരിച്ച ദൈവികസാന്നിധ്യത്താല്‍ ആകര്‍ഷിക്കപ്പെടുകയും അത് അവരെ വ്യത്യാസപ്പെടുത്തുകയും ചെയ്തിരുന്നു.പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും ആഫ്രിക്കയില്‍ മടങ്ങിപ്പോയി അത് അവിടെ പ്രചരിപ്പിക്കുവാനും ആയിരുന്നു അയാള്‍ അമേരിക്കയില്‍ പോയത്.എന്നാല്‍ അതിനു പകരം തന്‍റെ പ്രാര്‍ത്ഥനകള്‍ അമേരിക്കക്കാരെ ആത്മപൂര്‍ണ്ണ ജീവിതം പഠിപ്പിക്കുന്ന പ്രസംഗങ്ങളായി മാറ്റുകയും അമേരിക്കന്‍ മണ്ണില്‍ ഹോമിക്കപ്പെട്ട തന്‍റെ ജീവിതത്താല്‍ ആഫ്രിക്കയിലെ കൊയ്ത്തിലേക്ക് അനേകം വേലക്കാരെ അമേരിക്കയില്‍ നിന്ന് ഉളവാക്കുകയും ചെയ്തു.

ഈ പുസ്തകം നിങ്ങള്‍ക്ക് അനുഗ്രഹമായി എന്നു വിശ്വസിക്കുന്നു. ഇതു വായിച്ച പ്രിയ സ്നേഹിതാ നിങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിക്കുക. ദൈവേഷ്ടം ചെയ്യുവാന്‍ നിങ്ങളെത്തന്നേ പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ ഭരമേല്പ്പിക്കുക.

സകലവിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം.വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ മാത്രം നോക്കി ഓടീടാം.

നമ്മുടെ ജീവിത ലക്ഷ്യം യേശുവിനോടൊത്തുള്ള വാസം മാത്രമായിരിക്കട്ടെ.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.