അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.
യെശയ്യാ 7:23

ദൈവം നമ്മെ ഈ ലോകമാകുന്ന
തോട്ടത്തിൽ വളരെ വിശിഷ്ടമായ മുന്തിരിവള്ളിയായി
നട്ടു. അതിൽ പ്രിയതമനു
നൽകാനായി മധുരമുള്ള വീഞ്ഞുണ്ടായിരുന്നു. എന്നാൽ
ഇന്നു പലരുടേയും മുന്തിരിത്തോട്ടത്തിൽ മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നു. 80-ാം സങ്കീർത്തനത്തിൽ ആസാഫ്
യിസ്രായേലിനെ കനാനിൽ, നട്ട
മുന്തിരിവള്ളിയോടു ഉപമിച്ചിരിക്കുന്നു.എത്ര മനോഹരമായാണു ദൈവം മനുഷ്യരെ നട്ടു
വളർത്തിയിരിക്കുന്നതു എന്നു ആസാഫ് വിവരിക്കുന്നതു
ശ്രദ്ധിക്കൂ.

” മിസ്രയീമിൽനിന്നു ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു. അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
80-ാം സങ്കീ 8-11വാക്യങ്ങൾ

ഈ മനോഹര
മുന്തിരിതോട്ടത്തിനു ചുറ്റും ദൈവം ഒരു വേലികെട്ടിയിരുന്നു.
ആയിരം വെള്ളികാശിനോളം
വില ഈ മുന്തിരിതോട്ടത്തിനു
ഉണ്ടായിരുന്നു.
എന്നാൽ ഈ തോട്ടം നശിച്ചുപോയി. മുള്ളും പറക്കാരയും അതിൽ മുളച്ചു. എന്തുകൊണ്ടു? അതിന്റെ കാര്യവും ആസാഫ് പറയുന്നു.

“വഴിപോകുന്നവർ
ഒക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
80-ാം സങ്കീ 12,13 വാക്യങ്ങൾ.

മുന്തിരിതോട്ടം നാശമായതു നാം വേലി പൊളിച്ചതുകൊണ്ടാണു.
കാട്ടുപന്നികളെ കയറ്റിയതു കൊണ്ടാണു. യെശയ്യാവിൻ്റെ
പുസ്തകം 5-ാം അദ്ധ്യായത്തിലും
പ്രവാചകൻ ഇതു തന്നെയാണു
പറയുന്നതു.

“എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ”
യെശയ്യാ 5:1,2

നാമാകുന്ന മുന്തിരിത്തോട്ടത്തെ വളരെ പ്രതീക്ഷയോടെ ദൈവം നട്ടുവളർത്തി.
എന്നാൽ നാം വേണ്ടപോലെ ദൈവത്തിന് ഫലം നൽകിയില്ല. ഫലം കായ്ക്കാത്ത മുന്തിരിതോട്ടത്തെ ദൈവം എന്തു ചെയ്യും?

” ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും”
യെശയ്യാ 5:5,6

നാം നമ്മുടെ മക്കളേയോ, ബന്ധുജനങ്ങളേയോ, മറ്റുള്ളവരെയോ വെള്ളവും
വളവും നൽകി വളർത്തിക്കൊണ്ടു
വന്നിട്ടുണ്ടാകാം. വിശ്വസിച്ചു മുന്തിരിത്തോട്ടം ഏല്പിച്ചിട്ടുണ്ടാകാം.
അവരിൽ നിന്നും ഉപദ്രവങ്ങളും, മുറിവും
അപമാനവും സഹിക്കേണ്ടി വന്നു
എന്നു വരാം. സാക്ഷാൽ ദൈവപുത്രനെ തന്നെ ഈ ലോകം ക്രൂശിൽ തറച്ചു കൊന്നുവെങ്കിൽ നാം നേരിടുന്ന
ഉപദ്രവങ്ങളും, മുറിവുകളും
അപമാനങ്ങളും എത്ര നിസ്സാരം.
സാക്ഷാൽ ദൈവപുത്രൻ സകലവിധ നിന്ദകളേയും വേദനകളേയും അതിജീവിച്ചു
മരണത്തെ തോല്പിച്ചു.
യേശുവാകുന്ന ആ മുന്തിരിച്ചെടിയിൽ ശാഖകളായി നമുക്കു പറ്റിപിടിച്ചിരിക്കാം. യേശു പറയുന്നു.

” ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
യോഹന്നാൻ 15:5

ആസാഫ് പ്രാർത്ഥിച്ചപോലെ നമുക്കും പ്രാർത്ഥിക്കാം..

“സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.
80-ാം സങ്കീ 14,15 വാക്യങ്ങൾ