പാപങ്ങൾ വെടിഞ്ഞ് ദൈവത്തെ ഹ്യദയത്തിൽ
പ്രതിഷ്ഠിക്കയും, ദൈവത്തെ മാത്രം ആരാധിച്ച് ജീവിക്കുന്നതുമാണ് വിശുദ്ധി. പാപം ചെയ്യാതിരിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് പാപം ചെയ്യുവാൻ അവസരം നൽകാതിരിക്കുക എന്നതാണ് വിശുദ്ധിയുടെ
ലക്ഷണം. അരുതാത്തത് ചെയ്യുമ്പോൾ മാത്രമല്ല ചെയ്യേണ്ടത് ചെയ്യാതിരിക്കുമ്പോഴും
കുറ്റബോധവും പശ്ചാത്താപവും തോന്നുന്നവനാണ് വിശുദ്ധൻ.

ദൈവമായ യഹോവ പരിശുദ്ധൻ എന്ന് തിരുവചനത്തിൽ അനേകം പ്രാവശ്യം പറഞ്ഞിരിക്കുന്നു. യഹോവ പരിശുദ്ധൻ,
പരിശുദ്ധൻ,പരിശുദ്ധൻ
എന്ന് സാറാഫുകളും ആഘോഷിക്കുന്നു. യേശുവിനെ മാത്യകയാക്കുന്നതാണ്
വിശുദ്ധി. വിശുദ്ധിയും, വിശ്വാസവും ഒന്നിച്ചു ച്ചേരുമ്പോൾ ആത്മധൈര്യം ലഭിക്കും.
ജീവിത വിശുദ്ധി നിലനിർത്തുവാൻ എന്ത് ചെയ്യണം.

1) ദൈവവചനം ഗൗരവമായി എടുക്കണം.

വിശുദ്ധിയുള്ള ജീവിതം നയിക്കുന്നതിന് ദൈവവചനം അംഗീകരിക്കണം. പലരും
ജീവിതത്തിലെ തിരക്കിനിടയിൽ ദൈവവചനത്തെ അവഗണിക്കുന്നു.
സ്വർഗ്ഗരാജ്യത്തിൽ വലിയവനാകണമെങ്കിൽ
ചെറിയ കല്പനകളിൽ ഒന്നുപോലും അഴിക്കാതിരിക്കേണം.

” ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും”
മത്തായി 5:19

വചനത്തെ ഹ്യദയത്തിൽ
സംഗ്രഹിക്കുമ്പോൾ
പാപം നീങ്ങി പോകും.

2) മറ്റുള്ളവരോട് താരതമ്യം ചെയ്യാതിരിക്കുക.

ഇന്ന് ജീവിതത്തിലെ സകല നിരാശകൾക്കും
ദു:ഖങ്ങൾക്കും ഒരു അടിസ്ഥാനകാരണം നാം
നമ്മെ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതാണ്. നാം നമ്മുടെ
ജീവിതത്തെ യേശുവിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തണം.
അപ്പോൾ നമ്മുടെ കുറവുകളെ നമുക്ക് കണ്ടെത്തുവാനും ജയകരമായ വിശുദ്ധ ജീവിതം നയിക്കുവാനും കഴിയും.

3) ബലഹീന വശങ്ങളിൽ
കോട്ടകൾ പണിയുക.

ഓരോ വ്യക്തികളിലും ബലഹീനതകൾ ഉണ്ട്. ഇത് ഓരോരുത്തരിലും
വ്യത്യസ്തമാണ്.
സാത്താൻ അധികമായി
ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ബലഹീനവശങ്ങൾ
ആണ്. ആയതിനാൽ നമ്മുടെ ബലഹീനവശങ്ങളിൽ
സാത്താന് നുഴഞ്ഞു
കയറുവാൻ സാദ്ധ്യമല്ലാത്ത കോട്ടകൾ
നാം പണിയേണം. കിണറുകൾക്കും,
ആഴമുള്ള കുഴികൾക്കും
ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നപോലെ
നാം വീണു പോകുവാൻ
സാദ്ധ്യതയുള്ള ഇടങ്ങളിൽ നാം മുൻകരുതൽ എടുക്കുകയും, വിശ്വാസത്താലും
വചനത്താലും വിശുദ്ധിയുടെ
ആത്മീയ കോട്ടകൾ
പണിതുയർത്തണം. ജീവിതത്തിൽ
ചെയ്യുന്ന ചെറിയ തെറ്റുകളിൽപോലും അനുതാപം ഉണ്ടാകേണം.

4) സാഹചര്യങ്ങളെ അതിജീവിക്കുക.

ജീവിതത്തിൽ തെറ്റുകൾ
ചെയ്യുവാൻ അനേകം സാഹചര്യങ്ങൾ ഉണ്ടാകാം. അവയിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ആണ് വിശുദ്ധി. പ്രകാശിച്ചുകൊണ്ട്
ഇരിക്കേണ്ട വിളക്ക് കെട്ടു പോകരുത്. ഏലി എന്ന പുരോഹിതൻ്റെ മക്കൾ
പാപത്തിൽ പതിച്ചപ്പോഴും,ശമുവേൽ വിശുദ്ധിയോടെ ജീവിച്ചു.
ദൈവശബ്ദം ശ്രവിച്ചു.
പ്രവാചകനായി. പുരോഹിതനായി. ന്യായാധിപനുമായി.
ജീവിതകാലം മുഴുവൻ
നേരോടെ ജീവിച്ചു. സാഹചര്യങ്ങൾക്ക് വഴിപ്പെടാതെ വിശുദ്ധനായി ജീവിച്ചാൽ
നിശ്ചയമായും ദൈവം നമ്മെ ഉയർത്തും.

5) ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു”
1യോഹന്നാൻ 2:15-17

കപ്പലിൻ്റെ അടിയിലും വശങ്ങളിലുമുള്ള വെള്ളമല്ല അതിനെ മുക്കി
കളയുന്നത്. അതിനുള്ളിലേക്ക് പ്രവേശിക്കുന്ന വെള്ളമാണ്. അതിനാൽ
പാപത്തെ മാടി വിളിച്ച് ശരീരത്തിൽ കൂട് കൂട്ടി വളർത്തുവാൻ ശ്രമിക്കരുത്.
ജീവിതത്തിൽ അവസാന ശ്വാസം വരെ വിശുദ്ധിയോടെ ജീവിക്കാം. കാരണം നമ്മുടെ ദൈവം അതിവിശുദ്ധൻ.
ദൈവം
ആഗ്രഹിക്കുന്നതോ നമ്മുടെ വിശുദ്ധീകരണം.

” ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ”1 തെസ്സ 4:3