” ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.”
1പത്രോസ് 1:13
ദൈവീകക്യപ വരും എന്ന പൂർണ്ണപ്രത്യാശ നേടണമെങ്കിൽ
മനസ്സു ദൈവത്തിൽ ഉറപ്പിച്ചു വയ്ക്കണം.
അതിനു അഗാധമായ ദൈവവിശ്വാസം വേണം. മനസ്സിന്റെ ഉറപ്പു ഒരുവനെ ശുഭമുഖത്തു
എത്തിക്കുന്ന വിശ്വാസകപ്പലിൻ്റെ
ചുക്കാൻ ആകുന്നു. മനസ്സിൽ വിശ്വാസം ഉണ്ടായാൽ ജീവിതത്തിൽ സകലകാര്യത്തിനും ഉറപ്പുണ്ടാകും. വിശ്വാസകപ്പലിനു
നേരെ ഓളങ്ങളും, തിരമാലയും ഉണ്ടാകും. കൊടുങ്കാറ്റും, ഈശാനമൂലൻ കാറ്റുകളും അടിക്കും. എന്നാൽ കപ്പലിൽ
വിള്ളൽ ഉണ്ടായാൽ കപ്പലിൽ വെള്ളം കയറി മുങ്ങിപോകും.
ജീവിതത്തിൽ പലരും നമ്മെ നോക്കി പലതും പ്രവചിച്ചു എന്നു
വന്നേക്കാം. ഇനി യാതൊരു രക്ഷയുമില്ല എന്നു പറഞ്ഞു
എന്നുവരാം. അപ്പോൾ
മനസ്സിടിയരുതു. ആദ്യവിശ്വാസം
തള്ളികളയരുതു.
ദൈവത്തെ സംശയിക്കരുതു. കാറ്റത്തു അലയുന്ന കടൽതിര കണക്കെ
മനസ്സു ആടിയുലയരുതു. മനസ്സിനെ ക്രിസ്തു എന്ന പാറയിൽ കെട്ടിയിടണം.
പത്രോസ് ലേഖനം എഴുതുമ്പോൾ
മനസ്സിനെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ ആവശ്യപ്പെടുന്നു.
കാരണം പത്രോസ് തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നാണു അതു പറയുന്നതു. യേശുവിന്റെ
കൂടെ വസിക്കുന്ന സമയം തൻ്റെ മനസ്സു പലപ്പോഴും പതറിപോയി.
യേശു താൻ യരുശലേമിൽ വച്ചു
കഷ്ടമനുഭവിച്ചു ക്രൂശുമരണം
ഏറ്റുവാങ്ങും എന്നു പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിനെ അതിൽ ഉറപ്പിക്കാൻ
പത്രോസിനു കഴിഞ്ഞില്ല. പത്രോസ് യേശുവിനോടു അതു നിനക്കു സംഭവിക്കരുതേ എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞ മറുപടി ഇപ്രകാരമാണു.
“സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു”
ഈ വാക്യത്തിൻ്റെ ഇംഗ്ളീഷ് പരിഭാഷ കൂടുതൽ മനോഹരമാണു.
“But he turned and said to Peter “Get behind me, Satan! You are
a hindrance to me.For you are not setting your mind on the things of God, but on things of man”
Mathew 16:23
എത്ര നല്ല മറുപടി. ക്രൂശില്ലാതെ
ക്രിസ്തീയ ജീവിതം ഇല്ല. ക്രൂശിനെ വിട്ടു ലോകമോഹങ്ങളിൽ മനസ്സിനെ ഉറപ്പിക്കാൻ ശ്രമിക്കരുതു. അതിനാൽ യേശു പത്രോസിനോടും ശിഷ്യന്മാരോടും
വീണ്ടും വ്യക്തമായി ഇപ്രകാരം പറഞ്ഞു.
“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി 16:24
ഈ സത്യം ശരിയായി മനസ്സിലാക്കിയ പത്രോസ് തൻ്റെ ലേഖനങ്ങളിൽ കഷ്ടങ്ങൾ ദൈവത്തിൻ്റെ നിത്യ തേജസ്സ് അറിയുവാൻ നമ്മെ പ്രാപ്തരാക്കും എന്ന് പ്രബോധിപ്പിച്ചു.
” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും”
1 പത്രൊസ് 5:10
യേശുവിന്റെ പ്രത്യക്ഷതവരും
വരെ മനസ്സിനെ ഉറപ്പിച്ചു ശക്തീകരിക്കുവാൻ പത്രൊസ് ആഹ്വാനം ചെയ്തു.
ദൈവത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളിൽ മനസ്സിനെ കെട്ടിയിടരുതു.ആളുകൾ പറയുന്ന വാക്കുകളിൽ മനസ്സിടിയരുതു. ഒരിക്കൽ അഗബൊസ് എന്ന പ്രവാചകൻ,
പൗലോസിൻ്റെ മരണത്തെകുറിച്ചു പ്രവചിച്ചു പറഞ്ഞു. അതിനു പൗലോസിന്റെ
മറുപടി ഇപ്രകാരമായിരുന്നു.
“നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊ.പ്രവ്യത്തികൾ 21:13
പൗലോസ് മനസ്സിനെ ഉറപ്പിച്ചതു
ദൈവത്തിലാണു. ദാവിദിൻ്റെ മുമ്പിൽ ഭയാനകമായ സാഹചര്യങ്ങൾ വന്നുപെട്ടു. കുന്തങ്ങളും അസ്ത്രങ്ങളും വാളും ഏന്തി ശൗൽ ദാവിദിനെ
കൊല്ലുവാൻ വന്നു. എന്നാൽ ദാവിദു തൻ്റെ മനസ്സിനെ ദൈവത്തിലേക്കു ഉയർത്തി സന്തോഷത്തോടെ പാടി.
“എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.”
57-ാം സങ്കീർത്തനം 7-ാം വാക്യം
ജീവിതഭാരവേളകളിൽ ഈ സംഗീതം നമ്മുടെ മനസ്സുകളിൽ
ഉറച്ചു നിൽക്കട്ടെ…അതു ദൈവക്യപയോടെ, കർത്താവിന്റെ പ്രത്യക്ഷതവരെ
മനസ്സിനെ ഉറപ്പിക്കുവാൻ നമുക്കു പ്രത്യാശ നൽകട്ടെ…
Leave a Reply